Wednesday, 30 September 2015

1984 എന്ന വര്ഷവും ഇന്ത്യയിലെ കമ്പ്യൂട്ടർ വിപ്ലവവും

ഇന്ത്യയിലെ എല്ലാ വിധ കമ്പ്യൂട്ടർ വിപ്ലവങ്ങളുടെയും തുടക്കക്കാരൻ 1984 ഇൽ ഇന്ത്യ ഭരിച്ച രാജീവ് ഗാന്ധി തന്നെ ആയിരുന്നു എന്ന് അദ്ധേഹത്തിന്റെ ശത്രുക്കൾ പോലും സമ്മതിച്ചു തരും. ശരിക്കും ദാരിദ്ര്യത്തിൽ കഴിഞ്ഞ ഈ രാജ്യത്തെ മുൻ നിരയിൽ എത്തിക്കാൻ പാശ്ചാത്യന്റെ വിവര സാങ്കേതിക വിദ്യ കൊണ്ടു സാധിക്കും എന്ന് ഉള്ള മിഥ്യാ ധാരണ ഒരു ശാട്യം പോലെ മനസ്സില് കൊണ്ടു നടന്ന മനുഷ്യൻ ആയിരുന്നു അദ്ദേഹം. ഇന്ന് ഇവിടെ കമ്പ്യൂട്ടർ യന്ത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്ന മിക്കവരും 1984 ആന്റി കമ്പ്യൂട്ടർ വര്ഷമായി കൊണ്ടാടിയവർ ആണ് എന്ന് അവരെല്ലാം മറന്നു പോയിരിക്കുന്നു. കമ്പ്യൂട്ടർ നിർമ്മാണവും അവയുടെയും മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ഇറക്കുമതിയും ഉദാര വല്ക്കരിക്കപ്പെട്ടു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റു മതിക്കാരിൽ ഒരാളായി തീര്ന്നത് അന്നത്തെ ഈ ശാട്യങ്ങളുടെ ആത്യന്തിക ഗുണമായിരുന്നു എന്ന് ആര്കാണ് അറിഞ്ഞു കൂടാത്തത്. 1990 ഇൽ തന്നെ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റു മതി 30 കോടി അമേരിക്കാൻ ഡോളറിനു തുല്യമായിരുന്നു. അന്നും ഇവിടെ ഉണ്ടായിരുന്ന പല രാഷ്ടീയ തത്വ ജ്ഞാനികളും പറഞ്ഞത്. കമ്പ്യൂട്ടർ ഇവിടെ ആവശ്യം തന്നെ. പക്ഷെ അത് എല്ലാ പ്രശ്നങ്ങള്ക്കും ഉള്ള മറുമരുന്നായി തെറ്റി ധരിക്കരുത്. എല്ലാ രംഗങ്ങളിലും ഉള്ള വളര്ച്ച ഒരു സമഭാവനയോടെ മുന്നോട്ടു പോകണം. ദരിദ്രന്റെ ഭക്ഷണത്തെ അവഗണിച്ചു കൊണ്ടും അവന്റെ സാമൂഹിക വളര്ച്ചയ്ക്ക് ഊന്നൽ കൊടുക്കാതെ സാങ്കേതികത ക്ക് മാത്രം മുൻ തൂക്കം കൊടുത്തു കൊണ്ടും ഉള്ള വളര്ച്ച സമൂഹത്തിലെ അസമത്വം വര്ധിപ്പിക്കുക മാത്രമേ ഉള്ളൂ. അവര് അന്ന് പറഞ്ഞത് ഒരു സത്യം തന്നെ ആയിരുന്നു എന്ന് ഇന്നത്തെ ദരിദ്രന്റെ അവസ്ഥ കണ്ടറിയുന്ന ആര്ക്കും അറിയുന്നതാണ്. പക്ഷെ 1984 ഇൽ ബീജാവാപം ചെയ്ത ഈ വിപ്ലവം 2000 മാണ്ടോടെ സരവ ശക്തിയും സമാഹരിച്ചു മുന്നോട്ടു നീക്കുന്നതിൽ അന്നത്തെ ഭരണാധികാരികൾക്കുള്ള പങ്കു എത്ര മാത്രമാണ് എന്ന് ആ കാലഘട്ടത്തിൽ കമ്പ്യൂട്ടർ എന്നാ യന്ത്രത്തിന് വേണ്ടി എത്രയോ മാസങ്ങള ഉറക്കൊഴിഞ്ഞു ഭക്ഷണം ഒഴിവാക്കി പ്രവര്ത്തിച്ച നമുക്കൊക്കെ അറിയാം. കാരണം അന്നായിരുന്നു നമ്മുടെ ബാങ്കിംഗ് മേഖലയിൽ ഒരു വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയത്. സത്യം പറയാലോ, ശരിക്കും കമ്പ്യൂട്ടർ എന്താണ് എന്ന് അറിയാത്ത നമ്മെ പോലെ ഉള്ളവര്ക്ക് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒരു മാറ്റമായിരുന്നു അത്. നമ്മൾ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത്. കമ്പ്യൂട്ടർ ബാങ്കുകളുടെ പടിക്കു അകത്തു കയറ്റില്ല എന്ന് പ്രതിജ്ഞ എടുത്തു. പക്ഷെ നമ്മുടെ സംഘടനാ ശക്തിയുടെ ഇച്ചാ ശക്തിക്ക് മേലെ ആയിരുന്നു, അത് ഇവിടെ സ്ഥാപിക്കും എന്ന് തീരുമാനിച്ചവരുടെ ഇച്ചാ ശക്തി. അന്ന് അത് ഇവിടെ വരാതെ നാളെ നമുക്ക് നില നില്പ്പില്ല എന്നുള്ള മുദ്രാവാക്യം എല്ലാ ബാങ്കുകളുടെയും, മറ്റു വ്യവസായ സ്ഥാപനങ്ങളുടെയും അകത്തളങ്ങളിൽ മുഴങ്ങി കേട്ട്. ശക്തിയേറിയ ആ യന്ത്രത്തെ പ്രതിരോധിക്കാൻ ആവാതെ ആ കാലങ്ങളിൽ നമ്മൾ രാവിലെ ഏഴു മുതൽ രാത്രി പത്തു വരെ പണി എടുത്തു. ചെറിയ മുറു മുറുപ്പോടെ. നമ്മൾ മാത്രമല്ല നമ്മെ ആശ്രയിച്ചു ബാങ്കിൽ എത്തിയ അനേക ലക്ഷം ഇടപാടുകാരും, നമ്മുടെ അറിവില്ലായ്മയുടെ വേദന പങ്കിടേണ്ടി വന്നു. ഒരു മുറു മുറുപ്പോടെ അവരും ഇതൊക്കെ സഹിച്ചു. പക്ഷെ വർഷങ്ങൾ കൊണ്ടു ഇവിടെ മാറ്റങ്ങൾ കാണാൻ തുടങ്ങി. അകലെ ഉള്ള മക്കൾക്ക്‌ വീട്ടില് ഇരുന്നു കൊണ്ടു പണം അയക്കാനും, അർദ്ധ രാത്രി പോലും പണത്തിനു ആവശ്യം വന്നാല അത് നിവര്തിക്കാനും ഉള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടായി. അതിനിടക്ക് വാര്താവിനിമയത്തിലെ ഏറ്റവും വലിയ വിപ്ലവം ആയ മൊബൈൽ വന്നു. മഴയത് തല്ക്കാലം പൊടിച്ച തകര പോരെ ഉയര്ന്നു വന്ന പേജർ എന്ന മഹാ അല്ബുധത്തെ രായ്ക്കു രായ്മാനം നിലം പരിശാക്കി കൊണ്ടു മൊബൈൽ ഏതു സാധാരണക്കാരന്റെയും കയ്യിൽ സ്ഥാനം പിടിച്ചു.
ഇന്ന് വിവര സാങ്കേതിക വിദ്യയുടെ അനിതര സാധാരണ വളര്ച്ചയെ ഇരു കൈകളും നീട്ടി അനായാസം വാരി പുണരുന്നവർ ഒര്ക്കേണ്ട ഒരു കാര്യമുണ്ട്. അവയ്ക്ക് പിന്നിൽ നമ്മളെ പോലെ ഉള്ള അനേകം മനുഷ്യരുടെ എത്രയോ ദിവസം നഷ്ടപ്പെട്ട ഉറക്കുകൾ ഉണ്ട്, എത്രയോ ദിവസം കഴിക്കാതെ പോയ ഭക്ഷണമുണ്ട്. നമ്മുടെ മുറു മുരുപ്പുകൾ ഉണ്ട്, ഇതിന്റെ ഒക്കെ മേലെ ഒരു ദുശാട്യം പോലെ ഇത് ഇവിടെ വന്നെ ഒക്കൂ എന്ന് തീരുമാനിച്ചു ഉറച്ച ഭരണ വർഗ്ഗത്തിന്റെ അചഞ്ചലമായ ഇച്ചാ ശക്തിയുണ്ട്. ഇന്ന് അനായാസം യൗരൊപ്പിലെ തന്റെ മകന് പണം അയച്ചു കൊടുക്കുന്ന നിങ്ങൾ ഒരു നിമിഷം ഈ ഭൂത കാലത്തെ കുറിച്ച് ഓര്ക്കുക എങ്കിലും ചെയ്യണം.

Tuesday, 29 September 2015

കമ്പ്യൂട്ടർ വിശപ്പ്‌ മാറ്റുന്നത് എങ്ങനെ - ഒരു താത്വികമായ അവലോകനം - (കടപ്പാട് ബാലാട്ടൻ)



എല്ലാ വിധ വ്യാവസായിക പുരോഗതികളും നാം അങ്ങീകരിക്കണം എന്ന് തന്നെയാണ് ബാലാട്ടന്റെ കാഴ്ചപ്പാട്. എന്ത്  കൊണ്ടെന്നാൽ എല്ലാ വിധ വ്യവസായ പുരോഗതികളുടെയും അങ്ങേ അറ്റത്ത്‌ ദാരിദ്ര്യ നിർമാർജനം ഒരു വസ്തുതതയായി നില കൊള്ളുന്നുണ്ട്.  അത് എങ്ങനെ എന്ന് താഴെ പറയുന്ന ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് എന്റെ (ബാലാട്ടന്റെ ) ഉദ്ദേശ്യം.

നിങ്ങൾ മാർകറ്റിൽ പോയി ഒരു റേഡിയോവിനു വില ചോദിച്ചപോൾ അതിനു മൂവായിരം രൂപ വില ഉണ്ടെന്നു കാണുന്നു. പക്ഷെ നിങ്ങളുടെ കയ്യിൽ ആകെ ഉള്ളത് ആയിരം രൂപ മാത്രമാണ് .  അപ്പോൾ നിങ്ങള്ക്ക് ആകെ കൂടെ ചെയ്യാവുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നുകിൽ റേഡിയോ വാങ്ങാതിരിക്കുക. അല്ലെങ്കിൽ ഏതെങ്കിലും ആളോട് രണ്ടായിരം രൂപ കടം വാങ്ങിക്കുക.  നിങ്ങൾ റേഡിയോ വാങ്ങാതിരിക്കുന്നത് കടക്കാരന് ഇഷ്ടമാകില്ല എന്നത് സത്യം. പക്ഷെ ഈ കടക്കാരനും മുകളിൽ അതിന്റെ സൃഷ്ടാവായ മറ്റൊരു മനുഷ്യൻ ഉണ്ട്. അയാൾക്ക്‌ നിങ്ങളുടെ ഈ പരിപാടി തീരെ ദഹിക്കില്ല. നിങ്ങൾ കടം വാങ്ങിയെങ്കിലും റേഡിയോ വാങ്ങിച്ചേ ഒക്കൂ എന്ന് ഇങ്ങേർക്ക് നിര്ബന്ധം ആണ്. പണമില്ല എന്ന് നിങ്ങൾ ഉറക്കെ പ്രഖ്യാപിച്ചപ്പോൾ ഈ സൃഷ്ടാവ് പറയുന്നത് എന്താണ്. അതാ അവിടെ കുറച്ചു അപ്പുറത്ത് പെട്ടി പീടിക പോലെ ഒരു സ്ഥാപനം കാണാം. എന്റെ സ്വന്തക്കാരന്റെ. അവിടെ പോയി റേഡിയോ വാങ്ങാൻ വായ്പ വേണം എന്ന് പറഞ്ഞേക്ക്. ഞാൻ പറഞ്ഞയച്ചതാണ് എന്ന് പ്രത്യേകം പറയുക.എന്ന്.  നിങ്ങൾ പറഞ്ഞത് പോലെ ചെയ്യുന്നു. 2000 രൂപ ഏതൊക്കെയോ കടലാസിൽ ഒപ്പിടുവിക്കുക എന്നുള്ള കർമത്തിന് ശേഷം നിങ്ങളുടെ കയ്യിൽ എത്തുന്നു, ഒടുവിൽ അത് റേഡിയോ ആയി പരിവര്ത്തനം ചെയ്തു നിങ്ങൾ അതും കൊണ്ടു വീട്ടില് പോകുന്നു.  അപ്പോൾ ഇവിടെ സംഭവിച്ചത് എന്താണ് എന്നത് ചുരുക്കി പറഞ്ഞാൽ ഇങ്ങനെ കിട്ടും. ദരിദ്രനായ ഒരു മനുഷ്യൻ പാട്ട് കേൾക്കാൻ ആഗ്രഹിക്കുമ്പോൾ അത് നിവൃതിച്ചു കൊടുത്തത് പാട്ട് പെട്ടിയുടെ സൃഷ്ടാവായ മുതലാളി തന്നെ.  ഇല്ലായ്മ ഇവിടെ ഒരു പ്രശ്നമായില്ല.  എന്ത് കൊണ്ടെന്നാൽ പണമില്ല എന്ന പേരില് ഇങ്ങനെ സകലവനും റേഡിയോ വാങ്ങാതെ പോയി കളഞ്ഞാൽ, സൃഷ്ടാവ് എന്ന മറ്റെവന്റെ സ്ഥിതിയും പരുങ്ങലിൽ ആകും.  അപ്പോൾ പരസ്പര സഹായ സഹകരണം മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി.

നമ്മുടെ ജീവിതത്തിലും നമുക്ക് ഇത്തരം കലാപരമായ ഉദാഹരങ്ങൾ കാണാൻ പറ്റും. എന്റെ അനുഭവം തന്നെ പറയാം.   ഒരിക്കല് നമ്മള് രണ്ടു മൂന്നു പേര് പത്തു രൂപ വച്ച് റമ്മി കളിക്കുകയായിരുന്നു.  പത്തു രൂപ കയ്യിൽ ഇല്ലാത്ത കുറെ എണ്ണം കാണികൾ ആയി പുറത്തു നില്ക്കുന്നു.  അപ്പോഴാണ്‌ അല്ബുധകരമായ ഒരു സംഭവം ഉണ്ടായത് . നാട്ടിലെ മുതലാളിയായ പാച്ചു മുതലാളി അത് വഴി തന്റെ കാറിൽ വരികയും തമ്മുടെ കളി സ്ഥലത്ത് കാറ് നിർത്തുകയും ചെയ്യുന്നു.  

നിങ്ങള് മൂന്നു പിള്ളാരും എന്താടോ കളിക്കുന്നത്

ഓ കാര്യമായി ഒന്നുമില്ല.  പത്തു രൂപയുടെ റമ്മി യാ

ഞാനും കൂടെ കൂടട്ടെ.

അയ്യോ ഇതെന്തു ചോദ്യമാ. നിങ്ങള് നമ്മുടെ കൂടെ ഒക്കെ കളിക്കുമോ.

അതെന്താടാ ഞാൻ അത്രയ്ക്ക് ദുഷ്ടനാ.

ഓ അതല്ല.  സാറ് വന്നു ഇവിടെ ഇരിക്കൂ.

അങ്ങനെ പാച്ചു മുതലാളി അവിടെ ഇരിക്കെ അദ്ദേഹം കാണികളായ രണ്ടു മൂന്നു എണ്ണത്തിനെ കണ്ടു ഇങ്ങനെ ചോദിക്കുന്നു.

അപ്പോൾ ഇവർ എന്താ കളിക്കാത്തത്.

മുടക്കാൻ ഒരു ചില്ലി കാശ് ഇല്ലാത്തത് കൊണ്ടാ.

ഛെ. അത് ശരിയല്ല.  എല്ലാവരുടെയും പണം ഞാൻ വെക്കുന്നു. എല്ലാവരും വന്നു കളിക്കുക. കളിയിൽ ഇങ്ങനെ ഉള്ള വേർ തിരിവ് പാടില്ല.

അങ്ങനെ എല്ലാവരും റമ്മി കളിക്കുന്നു.  അപ്പോൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസ്സിലായല്ലോ.  മുതലാളിമാർ നമ്മള് വിചാരിക്കുന്നത് പോലെ അത്ര വൃത്തികെട്ടവർ അല്ല.  ഒരു കളി നടന്നു പോകാൻ സ്വന്തം കയ്യിൽ നിന്ന് കുറച്ചു പണം ചിലവാക്കേണ്ടി വന്നാൽ അവർ അതിനു മടി കാണിക്കില്ല എന്ന് ഇപ്പോൾ മനസ്സിലായിക്കാണും എന്ന് ധരിക്കുന്നു.   ഈ കച്ചവടം എന്നതൊക്കെ വെറും ഒരു കളിയാണ് എന്ന് ഏതു മുതലാളിയാണ് പറയാത്തത്.

അപ്പോൾ മേലെ ചോദ്യത്തിൽ ഒരു മറു ചോദ്യം ചോദിക്കാനുള്ളത് ഇതുവരെ ആരും ചോദിച്ചത് കണ്ടില്ല.  കടം തിരിച്ചടക്കെണ്ടേ എന്നുള്ള ചോദ്യം.  അതെന്തു ചോദ്യമാണ്. കടം വാങ്ങിയാൽ കഴിയുന്ന സമയം തിരിച്ചടക്കണം.  അതാണല്ലോ അതിന്റെ നീതി. കഴിയാത്തവനു കടം തിരിച്ചടക്കാനും പറ്റില്ല എന്ന മറ്റൊരു നീതിയും ഉണ്ട്. അങ്ങനെ ഉള്ളവൻ കയറു എടുത്തോ തീവണ്ടി കയറിയോ ഇല്ലാതാകുന്നതും  മറ്റൊരു  ലോക നീതി തന്നെ.  പക്ഷെ ആളുടെ ആവശ്യം നടന്നോ എന്നുള്ളത് മാത്രമാണ് ഇവിടത്തെ പ്രധാനപ്പെട്ട ചോദ്യം. അതായത് മേൽ ഉദാഹരണത്തിൽ , പാട്ട് കേട്ടോ എന്ന് .  അത് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഭാവിയിൽ എന്ത് സംഭവിച്ചാലും അതൊന്നും നമ്മുടെ സിദ്ടാന്തത്തിനു പാരയായി തീരുന്നില്ല.  മാത്രവുമല്ല ദാരിദ്രയം ഇല്ലായ്മ ചെയ്യാനുള്ള വഴി ദരിദ്രനെ ഇല്ലായ്മ ചെയ്യലാണ് എന്ന് ഏതു ഒന്നാം ക്ലാസിലെ കുട്ടിക്കും അറിയാം. ദരിദ്രനെ ഇല്ലായ്മ ചെയ്യാനുള്ള അനേകം വഴികളിൽ ഒന്ന്  മാത്രമാണ് ഈ കയറും തീവണ്ടിയും എന്നൊക്കെ ഏതു കുട്ടിക്കും അറിയാവുന്നത് തന്നെ അല്ലെ.

പക്ഷെ നാം ഈ കൊടുത്ത ഉദാഹരണം പട്ടിണിയുമായി ബന്ധപ്പെട്ടതല്ലല്ലോ എന്നുള്ള ആരോപണം നിങ്ങളുടെ ഇടയിൽ നിന്ന് ചാടി വരാൻ പോകുകയാണ് എന്ന് എന്റെ ദീര്ഘാ ദൃഷ്ടി എന്നോട് പറയുന്നു.  അത് കൊണ്ടു ഞാൻ നേരെ ഒരു പട്ടിണി ഉദാഹരനതിലേക്ക് ഡൈവ് ചെയ്യുകയാണ്.

പട്ടിണിക്കാരായ കുറെ ഗ്രാമീണരുടെ ഇടയിൽ നമ്മള് കുറെ കമ്പ്യൂട്ടർ ചിലവാക്കാൻ പോകുകയാണ്.  ഗ്രാമത്തിൽ എത്തിയപ്പോഴാണ് മനസ്സിലായത്‌ അവിടെ കറന്റ്‌ ഇല്ലാ എന്ന്.  നമ്മള് ഒരു ലോറി കമ്പ്യൂട്ടർ സാമഗ്രികളുമായി ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി തിരിച്ചു പോകാൻ പറ്റില്ല.   അപ്പോൾ മുതലാളി കമ്പിയും പോസ്റ്റും കൊണ്ടു വരാൻ ഒരു പയ്യനെ വിട്ടു.  കറന്റ്‌ ലോട്ട് ആയി കൊണ്ടു വരാൻ വേറെ പയ്യനെയും. എല്ലാം കൊണ്ടു അന്ന് തന്നെ അവിടെ കറന്റു വന്നു.  കണ്ടില്ലേ.  കമ്പ്യൂട്ടർ ചിലവാക്കാൻ മുതലാളി ആഗ്രഹിക്കുംപോഴെക്ക് തന്നെ നാട്ടുകാര്ക്ക് പ്രകാശം കിട്ടി കഴിഞ്ഞു.  ഇനി കമ്പ്യൂട്ടർ ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു രക്ഷപ്പെടാൻ ചില വിരുതന്മാർ ശ്രമിച്ചെങ്കിലും നാട്ടുകാര് നന്ദി കെട്ട അവറ്റകളെ തടഞ്ഞു.  ഇപ്പോൾ മുതലാളി ഒരു ലോറി കമ്പ്യൂട്ടർ മായി നാട്ടുകാരുടെ മുന്നില് നില്ക്കുകയാണ്.  പക്ഷെ ആരും മുന്നോട്ടു വരുന്നില്ല.  ഇതെന്താ ഒന്നിനും ഇതൊന്നും വേണ്ടേ മുതലാളി ആത്മഗതം പറഞ്ഞു. അടുത്ത തവണ ശബ്ദം ഉച്ചത്തിൽ ആയി.

എന്താടോ നിങ്ങള്ക്കൊന്നും കമ്പ്യൂട്ടർ വേണ്ടേ.

വേണം . പക്ഷെ രണ്ടു ദിവസമായി ചോറ് തിന്നിട്ടു.

അത് കേട്ടപ്പോൾ മുതലാളി ചിരിച്ചു കൊണ്ടു പറഞ്ഞു "നിങ്ങള് രണ്ടു ദിവസമല്ലേ ആയുള്ളൂ. ഞാൻ ഒരു മാസത്തിൽ അധികമായി ചോറ് തിന്നിട്ടു.  നമ്മുടെ പെണ്ണുങ്ങള് ബെർഗറിന്റെ ആളാ.  (ഭക്ഷണ പ്രശ്നം ദരിദ്രന്റെ മാത്രമല്ല ധനികന്റെയും പ്രശനമാണ് എന്നുള്ള ഒരു ഉൾകാഴ്ച ഗ്രാമീണരിൽ ഉണ്ടാക്കിയ സംഭവമായിരുന്നു അത് )

അതല്ല മുതലാളീ നമ്മള് രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്.

എന്ത്? ഹങ്കർ? പട്ടിണി. ഇവിടെയോ. എപ്പോൾ മുതൽ.  ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നത് ഞാൻ അറിഞ്ഞില്ലല്ലോ.  എന്നാൽ നമുക്ക് അത് തീരത് കളയാം.  കമ്പ്യൂട്ടർ ലോറി തല്കാലം സൈടിലേക്ക്  മാറ്റി ഇടാം.  അങ്ങനെ വൈകുന്നേരം ആകുമ്പോഴേക്കും ചോറ് വന്നു.  എല്ലാവരും തിന്നു.

ഇനി നിങ്ങള്ക്ക് കമ്പ്യൂട്ടർ വാങ്ങുന്നതിന് വേണ്ട പണം തരാൻ ഞാൻ എന്റെ കൂടെ എന്റെ മകൻ ചാത്തുവിനെ കൂടെ കൊണ്ടു വന്നിട്ടുണ്ട്.  പട്ടിണികിടന്നു കൊണ്ടു ഈ കച്ചവടം തുടരാൻ പറ്റാത്തത് കൊണ്ടു നമ്മള് കുറെ വിത്തും അറിയും ആയിട്ട് തന്നെയാണ് വന്നിട്ടുള്ളത്.  ഈ സ്ഥലം ഒക്കെ നിങ്ങള് നമ്മുടെ പേരില് എഴുതി തന്നാൽ നമ്മള് ഇവിടെ കൃഷി ഇറക്കാൻ പോകുകയാണ്.  നിങ്ങള് ലോണ്‌ പണത്തിനു പകരം  പണിയായി അടച്ചു തീർത്താൽ മതി.  ഒന്നും രണ്ടു മാസം കൊണ്ടു അവിടം സമൃദ്ധിയിൽ ധാന്യങ്ങൾ ഉണ്ടാകുകയും ഗ്രാമത്തിലെ പട്ടിണി എന്നന്നേക്കുമായി അവരെ വിട്ടു പോകുകയും ചെയ്തു.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌.  പട്ടിണിയും കമ്പ്യൂട്ടർ എന്ന യന്ത്രവും ഒന്നിച്ചു പോകില്ല എന്ന് തന്നെയാണ്.  നാട്ടുകാരുടെ ഇടയിൽ കമ്പ്യൂട്ടർ ചിലവാക്കും എന്ന് പ്രതിജ്ഞ എടുക്കുന്നവൻ, അവന്റെ പട്ടിണി കൂടെ ഇല്ലാതാക്കും എന്നുള്ള പ്രതിജ്ഞ കൂടെ ഒപ്പം എടുക്കേണ്ടി വരുന്നു.  എല്ലാ വീടുകളിലും കമ്പ്യൂട്ടർ എത്തുന്നതിനു മുൻപേ എല്ലാ വീടുകളിലും ഭക്ഷണം എത്തുക എന്നുള്ളത് ഒരു നിര്ബന്ധം ആയി തീരുന്നു.  അപ്പോൾ നമ്മൾ ഭക്ഷണത്തിന് വേണ്ടി അല്ല ശ്രമിക്കേണ്ടത്. മറിച്ച് എല്ലാ വീടുകളിലും കമ്പ്യൂട്ടർ എത്തുന്നതിനു വേണ്ടി തന്നെയാണ്. കാരണം ആ തീരുമാനം തന്നെ നമ്മുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നു.

മുതലാളിത്തം ഇരു തല മൂര്ച്ചയുള്ള വാളാണ്.  ഞാൻ വില്കുന്ന സാധനം നിങ്ങൾ വാങ്ങണം എങ്കിൽ നിങ്ങള്ക്ക് അത് വാങ്ങാൻ പറ്റണം.  നിങ്ങൾ അത് വാങ്ങിയില്ല എങ്കിൽ നിങ്ങളെക്കാൾ ആദ്യം ആത്മ ഹത്യ ചെയ്യേണ്ടി വരുന്നത് ഞാൻ ആയിരിക്കും.  അത് കൊണ്ടു എന്റെ മരണം ഒഴിവാക്കാൻ വേണ്ടിയെങ്കിലും നിങ്ങളെ തീറ്റുക എന്നുള്ളത് എന്റെ ആവശ്യമായി തീരുന്നു.

മുതലാളിത്തം നീണാൾ വാഴട്ടെ.

ബാലാട്ടൻ പറഞ്ഞു നിർത്തി. അപ്പോൾ അവസാനമായി ഞാൻ ബാലാട്ടനോട് ഒരു ചോദ്യം ചോദിച്ചു.

ബാലാട്ടാ , ഇതിനൊക്കെ കുറെ കാലം എടുക്കില്ലേ.

അതെ മകനെ. എല്ലാറ്റിനും സമയം വേണം. ഒരു കുഞ്ഞു ജനിക്കാൻ കൂടെ പത്തു മാസം സമയം വേണം. അത് പോലെ ഇതിനും സമയം വേണം.  അത് വരെ നമുക്ക് കാത്തു നിന്ന് കൂടെ.

Sunday, 27 September 2015

നാടകമേ ഉലകം (അരാംഗ നാടകം )

സ്റെജിൽ ഇടതു ഭാഗത്ത്‌ ഒരു മേശക്കു ചുറ്റും ഇരുന്നു രണ്ടു പേര് ഏതോ രഹസ്യം പറയുന്നു. വലതു ഭാഗത്ത്‌ മൈക് പിടിച്ചു സൂത്രധാരൻ. പിൻ ഭാഗത്തെ കർറ്റൻ ഒരു വലിയ ഭൂലോക മാപ്പ് . സൂത്ര ധാരൻ മൈക് പിടിച്ചു മെല്ലെ സ്റെജിന്റെ മുന്നിലേക്ക്‌ വരുന്നു.
സൂ : നാട്ടുകാരെ, സുഹൃത്തുക്കളെ. കഥാ നായകരായ രണ്ടു പേരും എന്തോ ഒരു രഹസ്യ ഭാഷണ ത്തിലാണ് . ഒരു നോവലിൽ ആയിരുന്നു ഈ രഹസ്യ ഭാഷണം എങ്കിൽ കുഴപ്പമില്ലായിരുന്നു. മറ്റാരും കേൾക്കാതെ നമുക്കത് വായിക്കുക എങ്കിലും ചെയ്യാമായിരുന്നു. എന്തിനു, പുസ്തക രൂപത്തിൽ അച്ചടിച്ച ഈ നാടകം തന്നെ ആയാലും അത് നമുക്ക് വായിക്കാമല്ലോ. പക്ഷെ ഇവിടെ, ഈ വേദിയിൽ , അത് എന്ത് എന്ന് അറിയാൻ ഒളിഞ്ഞു കേള്ക്കുകയല്ലാതെ മറ്റു നിവൃത്തിയൊന്നും ഇല്ല. ഞാൻ ഈ മൈക്ക് അവര് കാണാതെ അവരുടെ പിന്നാമ്പുറത്തേക്ക് വലിച്ചു നീട്ടുകയാണ്.
(മുട്ട് കുത്തി നടന്നു മെല്ലെ മെല്ലെ മൈക് കഥാ നായകരുടെ പിന്നിലേക്ക്‌ പിടിക്കുന്നു. ഇപ്പോൾ അവര് പറയുന്നത് ഏതാണ്ട് വ്യക്തമായി കേൾക്കാം)
കഥാപാത്രം 1 : അപ്പോൾ പറഞ്ഞത് പോലെ. നീ വളരെ ഡീസന്റ് ആണെന്ന് ഞാൻ പറയും. ഞാൻ വളരെ ഡീസന്റ് ആണെന്ന് നീയും പറയണം. ജോലിക്ക് വളരെ ഡീസന്റ് ആയ രണ്ടു പേരെ വേണം എന്ന് തന്നെയല്ലേ അവര് പറഞ്ഞത്.
കഥാപാത്രം 2. അതെ . എന്നാൽ എല്ലാം പറഞ്ഞത് പോലെ.
(അവർ എഴുന്നേല്ക്കാൻ തുടങ്ങുന്നത് കണ്ടു സൂത്രധാരൻ ഓടി രക്ഷപ്പെടുന്നു. സ്റെജിന്റെ വലതു വശത്ത് കൂടെ നീണ്ട ജുബ്ബ ധരിച്ച ഒരു തടിയനും രണ്ടു ശിങ്കിടികളും കടന്നു വരുന്നു.അവർ ഇപ്പോൾ കഥാപാത്രങ്ങൾക്ക് മുന്നിലാണ്)
തടിയൻ : എടോ ശിങ്കിടി . ഏതാ ഈ പിള്ളാര്.
ശിങ്കിടി: ജോലിക്ക് വേണ്ടി തെണ്ടി വന്നതായിരിക്കും. ചോദിച്ചു നോക്കാം.
(അവരോടു). നിങ്ങളേതാ മക്കളെ. എന്താ ഇവിടെ കാര്യം.
കഥാപാത്രം 1(മറ്റേ ആളെ ചൂണ്ടി): അത് ദാസൻ. ഡീസന്റ് ആയ മനുഷ്യൻ ആണ്.
കഥാപാത്രം 2 (മറ്റേ ആളെ ചൂണ്ടി). അത് ദിനേശാൻ. എന്നെക്കാളും ഡീസന്റ് ആണ്.
തടിയൻ: അവൻ നിന്നെകാളും ഡീസന്റ് എന്ന് പറഞ്ഞാൽ അതിനു അർഥം നീ അവനെക്കാൾ മോശം എന്ന് തന്നെ അല്ലെ.
കഥാപാത്രം 1: ഓ. അങ്ങനെ ഒന്നും അല്ല. നമ്മള് രണ്ടാളും തുല്യ ഡീസന്റ് ആണ്.
തടിയൻ: അതായത് നിങ്ങള് രണ്ടു പേരും ഒരു പോലെ മോശം എന്ന് അർഥം. എന്താ ശിങ്കിടി ഞാൻ പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോ.
ശിങ്കിടി: അത് മാതമാടിക്കലായി വളരെ വലിയ ശരി തന്നെ ആണ്. രണ്ടിന്റെയും മോന്ത കണ്ടാൽ അറിയാം രണ്ടും അലമ്പാണ് എന്ന്.
(രണ്ടിനോടും കൂടി) : അപ്പൊ രണ്ടും പോയിക്കോ. പണിയില്ല.
(കഥാപാത്രങ്ങൾ ഡെസ്പായി അവര് നടന്നു നീങ്ങുന്നത്‌ നോക്കി നില്ക്കുന്നു. പോകുന്ന പോക്കിൽ അവര് പറയുന്നത് പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്നു)
തടിയൻ: ഒരുത്തൻ ഡീസന്റ് ആണ് എന്ന് മറ്റൊനും. മട്ടൊൻ ഡീസന്റ് ആണെന്ന് ഇവനും പറയുക.. പരസ്പരം പൊക്കി പറഞ്ഞാൽ നാട്ടുകാര്ക് ഒന്നും മനസ്സിലാകില്ല എന്നാണു ഇവന്റെ ഒക്കെ വിചാരം
കർറ്റൻ

Wednesday, 23 September 2015

അറം പറ്റുക

അറം പറ്റുക എന്ന വാക്ക് ഞാൻ ആദ്യമായും കേട്ടത് വലിയച്ചനിൽ നിന്നാണ്.  കുമാരനാശാന്റെ മരണം ശരിയായ അറം പട്ടൽ ആയിരുന്നു എന്ന് അദ്ധേഹത്തിന്റെ ഏതോ കവിത ചൊല്ലി കൊണ്ടു വലിയച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്.  അപ്പോൾ അറം പറ്റുക എന്നത് ഏതോ ഒരു ദുര്ബല നിമിഷത്തിൽ വായിൽ നിന്ന് വീണു പോയ വാക്കുകൾ തനിക്കു തന്നെ ശാപമായി തീരുന്ന സ്ഥിതി വിശേഷം ആണെന്ന് സാരം.  എന്റെ ജീവിതത്തിൽ സമാനമായ ഒരു അറംപട്ടൽ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.  അതിനു കാരണമായ വാക്കുകൾ ഉച്ചരിക്കാൻ ഇരയെ പാകപ്പെടുത്തിയത് എന്റെ വായിൽ നിന്ന് ഒരു ദുര്ബല നിമിഷത്തിൽ വീണു പോയ ചില വാക്കുകൾ ആയിരുന്നു എന്നത് എന്നെ എന്നും ദുഖിപ്പിച്ചു കൊണ്ടെ ഇരിക്കുന്നു.

വർഷങ്ങൾക്കു മുൻപായിരുന്നു സംഭവം.  എന്റെ അമ്മായി അഞ്ചെട്ടു കൊല്ലം കാൻസർ രോഗം ഉണ്ട് എന്ന് അറിയാതെ , അവിചാരിതമായി തന്റെ തൊണ്ടയിൽ ഇത്ര നാളും ഒരു മുഴ പോലെ തള്ളി നിന്നത് യഥാർത്ഥത്തിൽ കാൻസർ ആയിരുന്നു എന്ന് മനസ്സിലാക്കുകയും അതിനു ചികിത്സിച്ചു വെറും രണ്ടു മാസം കൊണ്ടു മരണമടയുകയും ചെയ്യുന്നു. ഈ വേദന നമ്മളെ ഏവരെയും നടുക്കിയ വേളയിൽ ഞാൻ ഒരു പ്രതിജ്ഞ എടുത്തു. ഇനി പരിചയമുള്ള ആരെയും ഈ ചികിത്സ നടത്താൻ ഞാൻ ഉപദേശിക്കില്ല എന്ന്.  അങ്ങനെ ഇരിക്കെ എന്റെ ജോലി സ്ഥലത്ത് എനിക്ക് വളരെ ഏറെ പരിചയമുള്ള ഒരു മനുഷ്യന് കാൻസർ പിടി പെട്ടു.   ഞാൻ വളരെ നിഷ്കലങ്കൻ ആയി ഈ സംഭവം അറിഞ്ഞ ദിവസം തന്നെ അദ്ധേഹത്തിന്റെ അടുത്ത് പോയി അധെഹതോട് ഒരു ചികിത്സയും എടുക്കേണ്ട എന്നും, എന്നാൽ തന്നെ നിങ്ങള് ഒരു നൂറു കൊല്ലം ജീവിക്കും എന്നും പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു.  അപ്പോൾ അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്‌ ഇങ്ങനെ ആണ്.

മോനെ രമേശാ, നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്.  കാൻസർ പിടിച്ച ഒരു കാൻസർ രോഗി, കാൻസർ രോഗം കൊണ്ടു മരിക്കാതിരിക്കണം എങ്കിൽ ഈ ചികിത്സ അത്യാവശ്യമാണ്.

ഞാൻ ദുഖിതനായി അവിടെ നിന്ന് തിരിച്ചു പോന്നു. അദ്ദേഹം ചികിത്സ ആരംഭിക്കുകയും ചെയ്തു.  കഴിയുമ്പോഴൊക്കെ ഞാൻ അദ്ധേഹത്തെ സന്ദര്ശിച്ചു വരവേ ഉദ്ദേശം രണ്ടു വർഷമായപ്പോൾ അങ്ങേരു മരിച്ചു.  മരണം സംഭവിച്ചത് കേമോ തെരാപിയുടെ പാര്ശ്വ ഫലമായി ഉണ്ടായ കിഡ്നി ഫെയിലിയർ കൊണ്ടു.

അങ്ങനെ അദ്ദേഹത്തിന് അറം പറ്റി എന്ന് പറയാം.  കാൻസർ രോഗത്തിന് ചികിത്സിച്ചു അദ്ദേഹം കാൻസർ രോഗം കൊണ്ടു മരിക്കാതിരുന്നു. പകരം കിഡ്നി രോഗം കൊണ്ടു മരിച്ചു.

Tuesday, 22 September 2015

ഡോക്ടർ വേണോ കോഴി വേണോ

പണ്ടു പണ്ടു പണ്ടു മാരകമായ ഏതോ വാദത്തിനു ചികിത്സ പെരുംപാമ്പിൻ നെയ്യ് മാത്രമായിരുന്നു. അങ്ങനെ ഇരിക്കെ നാട്ടിലെ നമ്പൂതിരിക്ക് ഈ മാരക വാതം പിടിപെട്ടു.  ആദ്യത്തെ വൈദ്യൻ തന്നെ പെരുംപാമ്പിൽ നെയ്യ് കാലിൽ പുരട്ടിയാലെ രക്ഷപ്പെടൂ എന്ന് പറഞ്ഞു. അതിനു നമ്പൂതിരി പറഞ്ഞ മറുപടി  'ശിവ ശിവ, ചത്ത്‌ പോയാലും വേണ്ടില്ല, മാംസത്തിൽ നിന്ന് ഊറ്റിയ നെയ്യ് പുരട്ടി ചികിത്സ വേണ്ട എന്ന്.  അപ്പോൾ കേട്ട് എത്ര് വാദ രോഗത്തിനും ചികിത്സിക്കുന്ന അല്ബുധ സിദ്ധി ഉള്ള ഒരു വൈദ്യൻ അടുത്ത ഗ്രാമത്തിൽ എവിടെയോ ഉണ്ട് എന്ന്.  ഉടനെ നമ്പൂതിരി പരിവാര സമെദം അങ്ങോട്ടേക്ക് ഓടി.  അവിടെ വച്ച് ആദ്യമേ നമ്പൂതിരി പറഞ്ഞു 'പാമ്പിന്റെ നെയ്യ് ചികിത്സയോ മറ്റോ ആണെങ്കിൽ അത് വേണ്ട എന്ന്. അപ്പോൾ വൈദ്യൻ പറഞ്ഞു ഇവിടെ അങ്ങനെ ഒരു ചികിത്സയും ഇല്ല പകരം നിങ്ങള് ഈ അടുത്തു കാണുന്ന ഈ കാട്ട് ചോലയിൽ ഒരു മാസം തുടര്ച്ചയായി കുളിക്കണം എന്ന്.  അതിനു വേണമെങ്കില നിങ്ങള്ക്ക് എന്റെ കൂടെ താമസിക്കാം എന്ന്. നമ്പൂതിരി ഒരു മാസം അവിടെ താമസിക്കുകയും അസുഖം ഒക്കെ മാറി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.  നാട്ടില ഇത് വലിയ വാര്ത്തയായപ്പോൾ, നാട്ടിൽ വച്ച് അദ്ധേഹത്തെ ചികിത്സിച്ച ആദ്യത്തെ വൈദ്യന് ആകെ സംശയമായി.  കാരണം അയാളുടെ കണക്കു പ്രകാരം പ്രസ്തുത വാദത്തിനു പേരും പാമ്പിൻ നെയ്യ് അല്ലാതെ മറ്റൊരു ചികിത്സയില്ല.  അപ്പോൾ ഇതെങ്ങനെ സംഭവിച്ചു.  അടുത്ത ദിവസം തന്നെ അദ്ദേഹം നമ്പൂതിരി കുളിച്ച അരുവിയിലൂടെ അതിന്റെ ഉത്ഭവ സ്ഥാനം നോക്കി നടക്കാൻ തുടങ്ങി. നാഴികകളോളം നടന്നു അതിന്റെ ഉത്ഭവ സ്ഥാനത്തു എത്തിയപ്പോൾ അദ്ദേഹം കണ്ട കാഴ്ച ഇതായിരുന്നു.  ഒരു വലിയ പേരും പാമ്പ് ചോലയിൽ ചത്ത്‌ കിടക്കുന്നു. അതിന്റെ നെയ്‌ ജലത്തിലൂടെ ഒഴുകി ഒഴുകി പോകുന്നു.  വൈദ്യൻ ഒന്നും പറയാതെ തിരിച്ചു പോന്നു.

ഈ പഴയ കഥ ഞാൻ ഇവിടെ എഴുതിയതിനു മറ്റൊരു ഉദ്ദേശ്യം ഉണ്ട്.  എന്റെ ഒരു സുഹൃത്ത്‌ എന്ത് അസുഖം വന്നാലും, ഉടനെ ഏതെങ്കിലും ഹോടലിൽ കയറി നല്ലവണ്ണം കോഴി തട്ടും.  എന്നെയും അവൻ എത്രയോ തവണ അത് ഉപദേശിച്ചിട്ടുണ്ട്.  അവനു എപ്പോഴും അസുഖം മാറുന്നു എന്നാണു ഞാൻ മനസ്സിലാക്കിയത്.  അതിന്റെ കാരണം ഇപ്പോഴാണ് എനിക്ക് പിടികിട്ടിയയത്.  ഇറച്ചി കോഴികളിൽ ആന്റി ബയോട്ടിക്കുകൾ കുത്തി വെക്കുന്നുണ്ട് അത്രേ.  അത് കൊണ്ടു ഇനി ഡോക്ടറുടെ അടുത്തു പോകുന്ന നേരത്തിനു വല്ല ഹോടലിലും കയറി കോഴി തട്ടിയാൽ മതി 

Wednesday, 16 September 2015

പട്ടിണിയെ കുറിച്ചുള്ള ഒരു അന്വേഷണം


Exodus 16:4
Then the LORD said to Moses, "I will rain down bread from heaven for you. The people are to go out each day and gather enough for that day. In this way I will test them and see whether they will follow my instructions.

Exodus 16:5
On the sixth day they are to prepare what they bring in, and that is to be twice as much as they gather on the other days.


ഭക്ഷണവും സുഖ ഭോഗവും സമാന്തരമായ രണ്ടു രേഖകളിലൂടെ ചലിച്ചു കൊണ്ടിരിക്കുകയാണ്. എന്ന് അതിലേതെങ്കിലും ഒന്ന് മറ്റേതിനെ അതിക്രമിച്ചു കടക്കുന്നുവോ അന്ന്  സമൂൂഹത്തിൽ അസ്വസ്ഥത ഉണ്ടാകും.  പക്ഷെ ഭക്ഷണം സുഖ ഭോഗത്തെ അതി ലങ്ഘിക്കുമ്പോൾ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല.  ബൈബിളിൽ പറഞ്ഞത് പോലെ കൂടുതലായി ശേഖരിച്ചത് പുഴു കുത്തേറ്റു നശിക്കുന്നു എന്ന് മാത്രം.  പക്ഷെ സുഖ ഭോഗത്തിന്റെ കാര്യം അങ്ങനെ അല്ല.  അത് മറ്റേതിനെ അതി ലങ്ഘിക്കുമ്പോൾ സമൂഹം ആടി ഉലയും.

ഒരു സൌകര്യത്തിനു വേണ്ടി ഞാൻ ഭക്ഷണത്തെ കൃഷിയോടും  സുഖ ഭോഗത്തെ വ്യവസായതോടും ഉപമിക്കുകയാണ്‌.  അടിസ്ഥാന പരമായി മനുഷ്യന് ജീവിക്കാൻ വെറും ഭക്ഷണം മാത്രം മതി എന്നും പാർപിടം പോലെ ഉള്ള മറ്റു സൌകര്യങ്ങൾ ഒക്കെയും സുഖ ഭോഗം മാത്രമാണെന്നും ഞാൻ തീരുമാനിക്കുകയാണ്.  ഒരു സൌകര്യത്തിനു വേണ്ടി മാത്രമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. 

മനുഷ്യ പരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടം വരെയും സമാന്തര രേഖകളിലൂടെ ഉള്ള ഇവ രണ്ടിന്റെയും യാത്ര തികഞ്ഞ സമ തുലനതയോടെ തന്നെ ആയിരുന്നു.  ഭക്ഷണ നിർമാണ രംഗത്തെ അധിക പറ്റുകൾ മാത്രം സുഖ ഭോഗ നിർമാണത്തിന്റെ വ്യവസായ മേഖലയിലേക്ക് കുടിയേറുന്ന തികച്ചും നീതി യുക്തമായ ഒരു സ്ഥിതി വിശേഷം.  വയലുകളിൽ പണി എടുക്കുന്നവൻ വയൽ വരമ്പത്തെ ആലയിൽ പണിയെടുക്കുന്ന എഞ്ചിനീയർ ക്ക് വേണ്ട ഭക്ഷണം കൂടെ സൃഷ്ടിക്കുന്ന അവസ്ഥ.  എഞ്ചിനീയർ വയൽ വാസിക്കു വേണ്ടി വീടുകളും പണി കഴിപ്പിച്ചു കൊടുക്കുന്ന ശരിയായ കമ്മ്യൂണിസ്റ്റ്‌ രീതി.  പക്ഷെ വളര്ച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ ഈ സമ തുലനാവസ്ഥ നഷ്ടപ്പെട്ടു പോകുകയും വയൽ വാസിക്കു താൻ ഉണ്ടാക്കുന്ന ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ വരികയും ചെയ്യുന്നു.  

ശരിക്കും എന്തായിരിക്കാം ഇതിനു കാരണം.  എല്ലാവര്ക്കും വേണ്ട ഭക്ഷണം ഉണ്ടാക്കാമെങ്കിൽ , അത് വേണ്ട , കുറിച്ചു പേര് മാത്രം ഭക്ഷണം കഴിച്ചു ജീവിച്ചാൽ മതി എന്ന് പറയാൻ മാത്രം ക്രൂരമാണ് മനുഷ്യ സമൂഹം എന്ന് വിശ്വസിക്കുന്നതിൽ ന്യായമില്ല.  എല്ലാവര്ക്കും ഭക്ഷണം കൊടുക്കാൻ മാത്രം ഇന്നും ഈ പ്രപഞ്ചത്തിൽ വേണ്ടുവോളം ഭൂമി ഉണ്ട് എന്നും ഞാൻ കരുതുന്നു.  എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ,  ലോകത്തിന്റെ ഏതു കോണിൽ ക്ഷാമം ഉണ്ടായാലും,  അതിനെ പുല്ലു പോലെ നേരിടാൻ പര്യാപ്തമാണ് ഇന്നത്തെ ലോക മനുഷ്യന്റെ ശക്തി.  ഗ്ലോബലൈസേഷന്റെ ശക്തി നാം പ്രകടിപ്പിക്കേണ്ടത് അവിടെ ആയിരുന്നു.  പക്ഷെ നാം നമ്മുടെ ശക്തി ഉപയോഗിച്ചത് എന്ത് കൊണ്ടോ തിന്മയെ പരിപോഷിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.


അധ്വാനം വിരളമായിരുന്ന ഒരു കാലഘട്ടം മനുഷ്യ ചരിത്രത്തിൽ ഉണ്ടായിരുന്നു.  പക്ഷെ അത് ആയുധങ്ങൾ കണ്ടു പിടിക്കുന്നതിനു മുൻപേ ഉള്ള കാലം ആണ്. അതായത് ഭക്ഷണത്തിന് വേണ്ടി മാത്രം മനുഷ്യൻ രാവു പകൽ അധ്വാനിക്കേണ്ടി വന്ന കാലം.  പക്ഷെ കൃഷിയിലേക്ക് ആയുധങ്ങൾ കടന്നു വന്നതോട് കൂടി കൃഷി എളുപ്പമായി.  അതിന്റെ പാര്ശ്വോല്പന്നമായി വ്യവസായം ഉത്ഭവിച്ചു. മനുഷ്യന്റെ സുഖ ഭോഗങ്ങളുടെ തുടക്കം അവിടെയാണ്.  കാര്ഷിക ഭൂമികൾ അനന്തതയോളം പരന്നു കിടക്കുന്ന ലോകത്ത് , അല്ലെങ്കിൽ കാര്ഷിക ഭൂമികൾ ആക്കാവുന്ന കാടുകൾ അല്ലെങ്കിൽ മേടുകൾ അനന്തതയോളം പരന്നു കിടക്കുന്ന ഈ ലോകത്ത് , ആവശ്യത്തിനു ജലം കൂടെ ഉണ്ടെങ്കിൽ, പിന്നെ ഭക്ഷണം എന്നത് വെറും അധ്വാനം മാത്രമാണ്.  അപ്പോൾ സുഖ ഭോഗ വസ്തുക്കളുടെ ഉത്പാദനത്തിന് വേണ്ടി നീക്കി വെക്ക പ്പെട്ട  അധ്വാനം ഒരു പരിധി വരെ നമ്മുടെ ഭക്ഷണ ലഭ്യതയെ ബാധിച്ചിരിക്കാം. പക്ഷെ സുഖ ഭോഗം ചുരുക്കി കൊണ്ടു മനുഷ്യന് ഈ പ്രശ്നത്തെ നേരിടാവുന്നതെ ഉള്ളൂ. മനുഷ്യൻ അത് ചെയ്തിരിക്കാം.  അനിയന്ത്രമായ പ്രത്യുല്പാദന ത്തിലൂടെ നമുക്ക് ഈ പരിമിതിയെ മറികടക്കാവുന്നതാണ്.  പക്ഷെ ആദി മനുഷ്യന്റെ സന്തതി പരമ്പരകളിൽ ഒരു വലിയ ശതമാനം അല്പായുസ്സുകൾ ആയിരിക്കണം.  ജന സംഖ്യ , അതായത് അധ്വാനം,  അവര് ആഗ്രഹിച്ചത്‌ പോലെ വര്ദ്ധിച്ചു വന്നിരിക്കില്ല.  ജന സംഖ്യയിൽ ഉണ്ടായ പടി പടി യായുള്ള വളര്ച്ചയോടൊപ്പം മനുഷ്യനിൽ സുഖ ഭോഗാസക്തിയും കൂടി കൂടി വന്നിരിക്കണം.  പക്ഷെ വളര്ച്ചയുടെ ആദ്യ ഘട്ടത്തിൽ ഒരിടത്തും, ഭോഗത്തിന് വേണ്ടി ഭക്ഷണം വഴി മാറി കൊടുത്തിരിക്കാൻ ഇടയില്ല.  സുഖ ഭോഗവും, ഭക്ഷണവും സമാന്തര രേഖകളിലൂടെ ചലിച്ചു കൊണ്ടിരുന്നു.


കവർച്ചക്കാരുടെ ആഗമനത്തോടെ ആകണം ഇതിനു കാര്യമായ മാറ്റങ്ങൾ വന്നത്.  കവർച്ചക്കാർ ദൂരെ ഉള്ള ഗ്രാമ വാസികൾ ആകാം.  കുറെ കൂടി വളര്ച്ച പ്രാപിച്ചു കൂടുതൽ ഭോഗങ്ങളിൽ മുഴുകി, ഭക്ഷണത്തിന് ദൌര്ലഭ്യം നേരിട്ടവർ ആകാം.  അവർ ശക്തരും ആകുമ്പോൾ, അവർ ഭക്ഷണം അന്വേഷിച്ചു മറ്റു ഗോത്രങ്ങളിലേക്ക് കടക്കുന്നു.  അങ്ങനെ യുദ്ധങ്ങൾ ആരംഭിക്കുകയായി.  മരിച്ചു കഴിഞ്ഞു ബാക്കി വന്നവർ അടിമകൾ ആകുകയും , എല്ല് മുറിയെ പണിയെടുക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നു.  ഒരു വിഭാഗത്തിന് ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്ത മനുഷ്യനിൽ ഉത്ഭവിക്കുന്നത് ആദ്യമായും അവിടെ ആയിരിക്കണം.

1700 കാലഘട്ടത്തിലെ വ്യവസായ വിപ്ലവത്തോടെ ആണ് മനുഷ്യൻ ആദ്യമായി ഭക്ഷണത്തിന് മേലെ സുഖ ഭോഗത്തിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങിയത്.  അന്ന് തങ്ങളുടെ ഭക്ഷണ ദാതാവായ വയലെലകളെ ഒഴിവാക്കി കൊണ്ടു കൃഷീവലൻ നഗരത്തിന്റെ/വ്യവസായത്തിന്റെ സുരക്ഷിത ത്വതിലേക്ക് നടന്നു കയറി.  അന്ന് ജനങ്ങളോക്കെയും പ്രതീക്ഷിച്ചത് വ്യവസായം എന്നത് എല്ലാറ്റിന്റെയും ആധിക്യത്തിൽ അവസാനിക്കുമെന്നും, അതോടെ പട്ടിണി എന്നന്നേക്കുമായി നിര്മാർജനം ചെയ്യപ്പെടും എന്നുമാണ്.  പക്ഷെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു.  പട്ടിണി മുൻപുള്ളതിനേക്കാൾ കൂടുതലായി ദരിദ്രനെ വേട്ടയാടാൻ തുടങ്ങി.  ഒരു സാങ്കല്പിക സ്വര്ഗത്തെ കുറിച്ചുള്ള അവന്റെ ആശകൾ നശിക്കാൻ തുടങ്ങി.  കുറച്ചു പേരുടെ ചിലവിൽ കുറെ പേര് സുഖിച്ചു ജീവിക്കുന്ന ചുറ്റുപാട്,  വ്യവസായ വൃത്തങ്ങളിലും നിയമമായി തീര്ന്നു.  അങ്ങ്,  താൻ വിട്ടേച്ചു പോന്ന വയലേലകളുടെ ഭൂസ്വാമിമാർ,  എല്ലാവരെയും ഊട്ടുന്നതിനേക്കാൾ ലാഭം നഗരത്തിലെയും ഗ്രാമത്തിലെയും ധനികനെ മാത്രം ഊട്ടുന്നതാണ് എന്ന് കണ്ടു പിടിച്ചു.  കഷ്ടപ്പെടുന്നവന് , അവൻ ഇനിയും തുടർന്ന് കഷ്ടപ്പെടാവുന്ന രീതിയിൽ അവനെ ജീവിച്ചു നിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചാൽ മതി എന്ന് തീരുമാനമായി

വ്യവസായ വിപ്ലവത്തിന്റെ പരാജയം ഉത്പാദനത്തിന്റെ കാര്യത്തിൽ ആയിരുന്നില്ല.  അവ വീതം വെക്കുന്ന കാര്യത്തിൽ ആയിരുന്നു .  അതിനെ തുടര്ന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ,  ഉത്പാദന സാമഗ്രികൾ ആര് കൈവശം വെക്കണം എന്ന കാര്യത്തിൽ ലോകത്തെ പ്രധാന രണ്ടു തത്വ ശാസ്ത്രങ്ങൾ കടി പിടി കൂടി.  ആ യുദ്ധം ഇന്നും പല പല രൂപങ്ങളിലും ഭാവങ്ങളിലും തുടർന്ന് കൊണ്ടെ ഇരിക്കുന്നു.  ഉത്പാദന സാമഗ്രികൾ കൈവശം വെക്കുന്നവൻ അവയെ പൂര്ണമായും ഉപയോഗ പഥത്തിൽ എത്തിക്കുന്ന ഒരു സ്ഥിതി വിശേഷം ഒരിക്കലും ഇവിടെ ഉണ്ടായില്ല.  അത് കൊണ്ടു അനാവശ്യമായ ഉല്പാദനങ്ങൾ അനവരതം തുടരുകയും,  മാലിന്യം സൃഷ്ടിക്കുന്ന ഒരു ജീവിയായി മനുഷ്യൻ അധപതിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ മുതലാളിത വ്യവസ്ഥിതിയുടെ അനിതര സാധാരണമായ വിജയം , ശരിക്കും പറഞ്ഞാൽ ഉത്പാദന പ്രക്രിയയിലെ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു.  പക്ഷെ ഉല്പാദനം എന്നത് പിന്നീട് അങ്ങോട്ട്‌ മനുഷ്യനോടോ മനുഷ്യത്വത്തോടോ   ബന്ധമില്ലാത്ത ഒരു പ്രവര്തിയായി തരം താണു.  മനുഷ്യന് അത്യന്തം അപകടകരം ആയവ കൂടെ ഇവിടെ ഉത്പാദി ക്കപ്പെടാൻ തുടങ്ങി.

പട്ടിണി എന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകൽച്ചയാണ് കാണിക്കുന്നത്.  കാരണം പട്ടിണി മാറാൻ മനുഷ്യന്റെ മുന്നില് ഒരു വഴിയെ ഉള്ളൂ. പ്രകൃതിയുടെ മുന്നിൽ തല കുനിക്കുക. അതായത് പ്രകൃതിയെ ആശ്രയിക്കുക.  മനുഷ്യൻ എത്ര മാത്രം പ്രകൃതിയിൽ നിന്ന് അകലുന്നോ അത്രമാത്രം ഇവിടെ പട്ടിണിക്കാർ കൂടി കൊണ്ടെ ഇരിക്കും.  ഒരു രാജ്യത്തെ സാമ്പത്തിക ശാസ്ത്രമാണ് തീരുമാനിക്കുന്നത് , ആ രാജ്യത്തെ ജനങ്ങളുടെ അധ്വാനം കൂടുതലായി ചിലവാക്കേണ്ട വേദി ഏതാണ് എന്ന്.  പ്രകൃതിയോടു നേരിട്ട് ഇടപഴകി ഭക്ഷണം സൃഷ്ടിക്കലാണ് തങ്ങളുടെ പ്രാഥമിക കര്ത്തവ്യം എന്ന് അറിയുന്ന ജന വിഭാഗത്തിന് മാത്രമേ പട്ടിണിയിൽ നിന്ന് മുക്തിയുള്ളൂ.   കൃഷി നില നിർത്താൻ വേണ്ടി നാം എന്ത് വിട്ടു വീഴ്ചയും ചെയ്യണം എന്ന് സാരം.  കൃഷിക്കാരൻ ആത്മഹത്യ ചെയ്യാൻ മാത്രം ദുഃഖത്തിൽ കഴിയുന്ന ഒരിടത്ത് പട്ടിണി ഒരു ജീവിത രീതി ആകുന്നതിൽ അല്ബുധമില്ല.  കാരണം ആതമഹത്യ ചെയ്യുന്ന ഓരോ കൃഷിക്കാരനും,  പറയുന്നത്, കൃഷി ജോലി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആയിരങ്ങളെ കുറിച്ചാണ്.  അതിന്റെ അപകടം എന്തെന്ന് അവൻ അറിയാത്തത് കൊണ്ടു അവൻ അങ്ങനെ ചിന്തിക്കുന്നു എന്ന് മാത്രം.  അതിന്റെ അപകടം ശരിക്കും അറിയുന്ന നഗര ജീവി പോലും ചിന്തിക്കുന്നത് മറ്റൊരു തരത്തിൽ അല്ല എന്നുള്ളതാണ് നമ്മെ അല്ബുധപ്പെടുതെണ്ടത്.

contd

Tuesday, 15 September 2015

ഒരു പ്രതിഭയെ ഓർക്കുമ്പോൾ

ശരിക്കും ദെസ്റ്റൊവിസ്കി എന്താണ് പറയാൻ ശ്രമിച്ചത്‌. നന്മയിലേക്കുള്ള നമ്മുടെ പ്രയാണം പോലും നമ്മെ തിന്മയിലേക്ക് വഴി തെറ്റിക്കും എന്നാണു. ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് കാമു പറഞ്ഞ ഒരു കാര്യമുണ്ട്. അധികം ആരും വായിച്ചിരിക്കാത്ത വരികൾ ആയിരിക്കും അവ. വിപ്ലവത്തിന്റെ മുന്നണി പോരാളികൾ ഒക്കെയും വ്യക്തി ഗുണങ്ങളുടെ ഉടലെടുത്ത രൂപങ്ങൾ തന്നെ ആയിരുന്നു. ഒരു പരിപൂർണ സമൂഹം ആയിരുന്നു അവരുടെ ലക്‌ഷ്യം. ഗില്ലട്ടിനുകളും തൂക്കു മരങ്ങളും ഇല്ലാത്ത ഒരു പൂർണ സമൂഹം. തൂക്കുമരങ്ങളും ഗില്ലട്ടിനുകളും കടലിലേക്ക് വലിച്ചെറിയപ്പെട്ടു. പക്ഷെ നന്മ നിറഞ്ഞ ഒരു സമൂഹത്തിൽ നിന്ന് തിന്മയുടെ ഏതൊരു കണികയും പിഴുതെറിയ പ്പെടണം. അല്ലെങ്കിൽ തിന്മ വളര്ന്നു കൊണ്ടെ ഇരിക്കും. അപ്പോൾ തിന്മയെ നശിപ്പിക്കാതെ നന്മയുള്ള ഒരു സമൂഹം കെട്ടി പടുക്കാൻ പറ്റില്ല. അതായത് ഭൂമിയിൽ ബാക്കി കിടക്കുന്ന തിന്മയുള്ള മനുഷ്യരെ ഉന്മൂലനം ചെയ്യാതെ ഒരു നല്ല സമൂഹത്തിന്റെ സ്ഥാപനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അപ്പോൾ കടലിൽ എറിയപ്പെട്ട തൂക്കു മരങ്ങളും, ഗില്ലട്ടിനുകളും തിരിച്ചു കൊണ്ടു വരാതെ നിവൃത്തിയില്ല. മനുഷ്യ സ്നേഹത്തിന്റെതായ ആ വിപ്ലവം അങ്ങനെ സംശയാലുക്കളെ മുഴുവൻ കൊന്നു തീര്ക്കുന്ന വിപ്ലവം ആയി. ദാന്റോണ്‍, മാറാട്ട് എന്നിവരോക്കെയും ആദ്യം പോയെങ്കിൽ, പിന്നെ അത് റോബോ സ്പിയാർ, സൈന്റ്റ്‌ ജസ്റ്റ്‌ എന്നിവരുടെ നിരയായിരുന്നു. കൂട്ട ക്കൊലകൾ ചരിത്രത്തിൽ എവിടെയും ഉണ്ട്. ഇന്ന് നാം കാണുന്ന ഈ റഷ്യ ക്ക് വേണ്ടിയായിരുന്നു അന്ന് ലക്ഷങ്ങൾ മരിച്ചത്. ഇന്നത്തെ ചൈനയും നമുക്ക് അത്ര ഏറെ ആശ്വാസം പകരുന്നില്ല. ശരിക്കും ഇതിനൊക്കെ വേണ്ടി ഇത്ര അധികം ആളുകള് മരിക്കെണ്ടിയിരുന്നോ.

ഐവാൻ കരമാസോവിന്റെ പ്രശസ്തമായ ഈ നിലവിളിയോടെ ഞാൻ നിർത്തുകയാണ്.

കുട്ടികളുടെ നേരെ ഉള്ള ഈ നൃശംസതക്ക് ശേഷം ഒടുവിൽ ഈ ലോകത്ത് സ്വര്ഗം വരുന്നു. മരിച്ചു പോയ കുട്ടികളും അവരെ കൊന്നോടുക്കിയവും ഒക്കെയും ഇപ്പോൾ ദൈവ സന്നിധിയിൽ ഇരിക്കുകയാണ്. അവർ പരസ്പരം കൈ കൊടുക്കുന്നു. ആശ്ലേഷിക്കുന്നു. മഹത്തായ ഈ സ്വർഗ്ഗ രാജ്യത്തിന്റെ സൃഷ്ടിക്കു കുട്ടികളെ ക്രൂരമായ മരണം ആവശ്യമായിരുന്നു എന്ന് അങ്ങനെ വെളിവായിരിക്കുന്നു.

പക്ഷെ ഞാൻ ഈ സ്വര്ഗത്തെ അങ്ങീകരിക്കുന്നില്ല. അന്ന് ഈ ചെറിയ കുട്ടികൾ കടന്നു പോയ വേദന ഓർത്തു ഞാൻ ഈ സ്വര്ഗത്തെ നിരാകരിക്കുന്നു. ഞാൻ സ്വർഗത്തിലേക്കുള്ള എന്റെ പ്രവേശന ടിക്കറ്റ് മടക്കി കൊടുക്കുന്നു. (മൂല കൃതിയിൽ നിന്ന് ഇതിനു പല വ്യത്യാസങ്ങളും ഉണ്ടായേക്കാം. ഓർമ്മയിൽ നിന്ന് എടുത്തു എഴുതിയതാണ്)

വല്ലാത്ത ഒരു മനുഷ്യ സ്നേഹം ഉണ്ട് ഐവാന്റെ ഈ വരികളിൽ. പക്ഷെ അതെ ഐവാൻ കരമസോവ് തന്നെയായിരുന്നു തന്റെ അച്ഛനെ കൊല്ലാനുള്ള പ്രചോദനം എന്നും നാം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. അദ്ദേഹം കോടതിയിൽ വച്ച് ന്യായാധിപന്റെ മുഖത്തു നോക്കി ഗര്ജിച്ചത് എന്താണ് എന്ന് അറിയാമോ.

ജീവിതത്തിൽ എന്നെങ്കിലും സ്വന്തം അച്ഛനെ കൊല്ലണം എന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും ആണ്‍ മക്കൾ ഉണ്ടാകുമോ എന്ന്.

ഫ്രൊഇദ് ജനിച്ചത്‌ പോലും അദ്ധേഹത്തിന്റെ മരണ ശേഷമാണ്. (ആരും വണങ്ങുന്ന ഒരു മഹാ പ്രതിഭ തന്നെയല്ലേ ദെസ്റ്റൊ വിസ്കി)

ഈ തെരുവ് പട്ടികളുടെ ഒരു ഭാഗ്യം

2.10.2015 നു ഞായറാഴ്ച നായ പ്രേമിനിയായ ജാനു അമ്മ തന്റെ അരുമയായ പഗ്ഗിനു പാല് കൊടുക്കുകയായിരുന്ന ഒരന്തിയിൽ , കാര്യസ്ഥൻ നാണു, അതിചിന്ത വഹിച്ചു അവരുടെ അരികിൽ പോയി ഇരുപ്പായി.

ആകാശത്ത് അന്നേരം അനേകം നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. ഒരു ഇളം കാറ്റ് അവരിരുവരെയും പഗ് എന്ന പട്ടിയെയും തഴുകി കൊണ്ട് കടന്നു പോയ  ആ വേളയിൽ കാര്യസ്ഥൻ നാണു ഇപ്രകാരം ഉര ചെയ്തു

അമ്മാ, തെരുവ് പട്ടി കാര്യത്തിൽ നമുക്കൊന്ന് മാറ്റി ചവിട്ടിയാലോ.

എന്താടാ പറയുന്നത്. തെരുവ് പട്ടികളെ ചവിട്ടാനോ.

അല്ല അമ്മാ. അങ്ങനെ അല്ല.  തെരുവ് പട്ടി കാര്യത്തിൽ നമുക്ക് നമ്മുടെ നമ്പർ ഒന്ന് മാറ്റിയാലോ എന്ന് ചോദിക്കുകയായിരുന്നു.

എങ്ങനെ മാറ്റാനാണ്  നീ പറയുന്നത്.

അല്ല . ഇത് വരെ നമ്മള് അവയെ കൊല്ലരുത് കൊല്ലരുത് എന്നൊക്കെയല്ലേ പറഞ്ഞു നടന്നത്.  ഇനി അവയെ കൊല്ലണം കൊല്ലണം എന്ന് മാറ്റി പറഞ്ഞാലോ.

എന്റെ ഒടേ തമ്പുരാനെ , എന്ത് പൊട്ടത്തരമാടാ നീ ഈ പറയുന്നത്.  നായ പ്രേമിനി ജാനു പട്ടികളെ കൊല്ലാൻ പറയാനോ.  നിനക്കെന്താടാ ഭ്രാന്തു പിടിച്ചോ.

ഞാൻ പറയുന്നത് മുഴുവൻ കേൾക്കു കൊച്ചമ്മാ.  നിങ്ങള്ക്ക് എന്താ വേണ്ടത്.  നായകളെ കൊല്ലരുത്. അത്രയല്ലേ വേണ്ടു. നിങ്ങള് പറഞ്ഞത് കൊണ്ടു കൊല്ലാതിരുന്നവര്, ഇനി നിങ്ങള് കൊല്ലണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും എന്ന് നോക്കാം അമ്മാ.  ഒന്നും ചെയ്യില്ല അമ്മ. ഇതൊക്കെ നിങ്ങളുടെ വെറും പേടി മാത്രമാണ്.പണ്ടത്തെ ആമയുടെ കഥ കൊച്ചമ്മ വായിച്ചിട്ടുണ്ടോ .

ആമയും മൊയലും പന്തയം വച്ച കഥ വായിച്ചിട്ടുണ്ട്.

അതല്ല കൊച്ചമ്മാ. വേറെ ഒരു കഥയുണ്ട്. ആമയെ നരി കൊല്ലാൻ പോയ കഥ. ആമയെ കയ്യിലെടുത്തു നരി പറഞ്ഞു. എടാ വിഡ്ഢി ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്. അവസാനമായി നിനക്കെന്തെങ്കിലും പറയാനുണ്ടോ  എന്ന്.  അപ്പോൾ ആമ പറഞ്ഞത് എന്താണ് എന്ന് അറിയാമോ.

ഞാൻ കഥയെ കേട്ടിട്ടില്ല.

പറഞ്ഞത് ഇതാണ്.  എന്നെ നിങ്ങള് എങ്ങനെ കൊന്നാലും സാരമില്ല.  പക്ഷെ കടലിലെറിഞ്ഞു കൊല്ലുക മാത്രം ചെയ്യരുത് എന്ന്.

അത് കൊണ്ടെന്തുണ്ടായി.

ഒന്നും ഉണ്ടായില്ല. ദുഷ്ടൻ നരി ആമയെ കടലിൽ എറിഞ്ഞു കൊന്നു.  എന്ത് കൊല്ലാൻ.  ആമ കൂൾ ആയി രക്ഷപ്പെട്ടു.  നമ്മള് ഇവിടെ അതെ നമ്പർ തന്നെയാ ഇറക്കാൻ പോകുന്നത്.  കൊച്ചമ്മ പറയുന്നു ഇവിടെ ഒരൊറ്റ തെരുവ് നായയേയും ബാക്കി വെക്കരുത്. എല്ലാറ്റിനെയും വിഷം കൊടുത്തു കൊല്ലണം എന്ന്.

അപ്പോൾ എന്ത് സംഭവിക്കും എന്നാ നീ പറയുന്നത്.

ഇതാ നമ്മുടെ മുന്പിലുള്ള ഈ ഭാവികാല കണ്ണാടിയിലേക്ക് നോക്കുക. എന്താണ് സംഭവിക്കുന്നത്‌ എന്ന് അപ്പോൾ മനസ്സിലാകും.  അവരിരുവരും അവരുടെ മുന്നില് ഉറപ്പിച്ച ജർമൻ മെക് ഭാവി കാല കണ്ണാടിയിലേക്ക് സാകൂതം നോക്കാൻ തുടങ്ങി. ഭാവി കാല കണ്ണാടിയിലെ അന്തരീക്ഷം ഇരുണ്ടു വന്നു.  പിന്നെ മെല്ലെ മെല്ലെ അതിന്റെ എല്ലാ അതിരുകളിലൂടെയും  അതിൽ ഒരു വെളിച്ച പ്രളയം സൃഷ്ടിക്കപ്പെട്ടപ്പോൾ പാലം കവല വ്യക്തമായി കാണാൻ തുടങ്ങി.  ഒരു മൈക്ക് പിടിച്ചു ജാനു അമ്മ ഒരു ആൾ കൂട്ടത്തിനെ അഭിമുഖീകരിച്ചു നിൽക്കുകയാണ്. ആയിരക്കണക്കിന് ആളുകള് ചുറ്റും കൂടിയിരിക്കുന്നു.

പ്രിയപ്പെട്ട നാട്ടുകാരെ.  ഇന്ന് ഞാൻ നിങ്ങളുടെ മുന്നില് നില്ക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യം പറയാനാണ്.  ഞാൻ മുൻപ് ഇതേ സ്ഥലത്ത് വച്ച് നിങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾക്ക് വിരുദ്ധമായ ചില കാര്യങ്ങളാണ് പറയാൻ പോകുന്നത് എന്ന് മുന്നേ കൂട്ടി നിങ്ങളെ അറിയിക്കുകയാണ്.  നിങ്ങളുടെ കൂട്ടത്തിൽ ഹൃദയ സംബന്ധ മായ അസുഖം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൂടെ കണക്കിലെടുത്താണ് ഞാൻ അത്തരം ഒരു പ്രസ്താവന ആദ്യമേ നടത്തുന്നത്.  കഴിഞ്ഞ എത്രയോ ദിവസങ്ങായുള്ള പത്ര വാര്ത്തകളും, ജന രോദനങ്ങളും എന്നെ വളരെ ഏറെ ചിന്തിപ്പിക്കുകയും, വ്യാകുല ചിത്ത ആക്കുകയും ചെയ്തിരിക്കുന്നു.  എന്റെ ഉറക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു.  ഇതിനൊക്കെയും കാരണം ഞാൻ ചെയ്ത ചില പ്രസ്താവനകൾ മാത്രമാണ് എന്ന് ഞാൻ അറിയുകയും ആയതിനാൽ,  ആ പ്രസ്താവനകൾ മാറ്റി പറയാൻ ഞാൻ നിർബന്ധിതയാകുകയും ചെയ്തിരിക്കുന്നു.   അത് കൊണ്ടു ഞാൻ ഉച്ചൈസ്തരം  പ്രഖ്യാപിക്കുകയാണ് , ഇവിടെ ഉള്ള എല്ലാ തെരുവ് പട്ടികളെയും കൊന്നു തീര്ക്കുക. തെരുവ് പട്ടികളെ മാത്രമല്ല, കഴിയുമെങ്കിൽ എല്ലാ നാടൻ പട്ടികളെയും. നമുക്ക്, പഗ്, ജർമൻ ഷെപ്പർദ്,  പൂഡിൽ, ലാബ്രഡോർ എന്നിങ്ങനെ പേരുള്ള എത്ര എത്ര നല്ല ഇനം പട്ടികളെ ഇവിടെ വളർത്താൻ പറ്റും. വെറുതെ ഈ നാടൻ കൊടിച്ചി പട്ടികളെ വളര്ത്തി നാം നമ്മുടെ നാട് നാറ്റണോ

ജാനു അമ്മയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ഒരു മിനുട്ട് നേരം പരിപൂർണ നിശബ്ദത ആയിരുന്നു.  തെരുവ് പട്ടികളെ വേട്ടയാടാൻ കച്ച കെട്ടി ഇറങ്ങിയിരുന്ന ചാത്തു ഏട്ടൻ അത് കേട്ട് ബോധം കേട്ട് വീണു.  ആർക്കും എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ.  അങ്ങനെ ഇരിക്കെ ആൾകൂട്ടത്തിൽ നിന്ന് ബാലാട്ടാൻ മെല്ലെ മുൻ പന്തിയിലേക്ക് നടന്നു വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

എന്താ പറഞ്ഞത്.  നാടൻ നായകളെ കൊന്നു തീര്ക്കണം എന്നോ. എന്നിട്ട് നീയും നിന്റെ പഗും ഇവിടെ സുഖമായി കഴിയണം. അല്ലെ.  നടക്കില്ല മോളെ ജാനൂ. നടക്കില്ല.  നമ്മുടെ നാടനും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്.  അവയുടെ രക്ഷാധികാരികൾ ഇനി മുതൽ ഇവിടെ കൂടിയിരിക്കുന്ന ഈ ആയിരങ്ങൾ ആണ്. എന്താ മനസ്സിലായോ.  വീട്ടില് പോയി സുഖമായി കിടന്നുറങ്ങിക്കോ മോളെ ജാനു.

ബാലാട്ടന്റെ വികാര ഭരിതമായ ഈ പ്രസംഗം കേട്ട് നാട്ടുകാരെല്ലാവരും അദ്ദേഹത്തിന് ജയ് വിളിക്കുകയും ജാനു അമ്മക്ക് മൂർദാബാദ് വിളിക്കുകയും ചെയ്തു.  ജാനു അമ്മ സമാധാനത്തോടെ തന്റെ വീട്ടിലേക്കു തിരിച്ചു.  ഭാവി കാല കണ്ണാടിയിൽ വീണ്ടും ഇരുട്ട് പറന്നു.

കാര്യസ്ഥൻ നാണുവിന്റെ ഇത്തരം അപാര ബുദ്ധികൾ ഓർത്തു ജാനു അമ്മ കോരി തരിച്ചു പോയി. അവർ നാണുവിനോട് ഇങ്ങനെ പറഞ്ഞു.

അപ്പോൾ നാണു. ഒരു മൈകും , സ്റെജും ഉടനെ തന്നെ എര്പ്പാടാക്ക്.  നമുക്ക് നാളെ തന്നെ അതങ്ങ് നടത്തിക്കളയാം.

Monday, 14 September 2015

ആടിനെ പട്ടിയാക്കുന്നവർ

ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞാൽ അത്ര വൈറ്റ് കിട്ടില്ല എന്നത് കൊണ്ടാണ് മലയാളത്തിൽ പറയുന്നത്.  പണ്ടു മനുഷ്യനെ തിന്ന മനുഷ്യര് ഉണ്ടായിരുന്നു.  ഇന്ന് നമ്മള് എത്ര വിചാരിച്ചാലും അത്ര ത്തോളം വളരാൻ പറ്റില്ല.  പക്ഷെ ഇരുപതാം നൂറ്റാണ്ടിലെ ഏതോ ഒരു ഭരണാധികാരി മനുഷ്യന്റെ ടെയിസ്റ്റ് അറിഞ്ഞ മനുഷ്യനാണ്.  മനുഷ്യ മാംസത്തിനു കുറച്ചു ഉപ്പു കൂടുതലാണ് എന്നത്രെ അദ്ദേഹം ഒരിക്കൽ പറഞ്ഞത്.  ഇന്ന് നമ്മള് ഒരു മനുഷ്യനെ തിന്നാൻ തീരുമാനിച്ചാൽ അതിനു എതിര് നില്ക്കുന്നത് പ്രശസ്തമായ ഗുരു വാക്യം തന്നെയാണ്. അതോടൊപ്പം നമ്മുടെ നിയമങ്ങളും.  പക്ഷെ ഗുരു തന്റെ അപരനിൽ മൃഗങ്ങളെ കൂടി പെടുത്തിയിട്ടില്ല എന്ന് നമുക്ക് സമാധാനിക്കാം.  പെടുത്തിയിരുന്നെങ്കിൽ അവയെ കൊല്ലുന്നത് അവയ്ക്ക് ഇഷ്ടമാകുമോ എന്ന് ചോദിക്കാൻ നാം നിർബന്ധിക്കപ്പെടുമായിരുന്നു.

അപ്പോൾ ഇവിടെ ഉയര്തപ്പെടുന്നത് നമ്മുടെ ഭക്ഷണ നീതിയെ കുറിച്ചുള്ള ചില ചോദ്യങ്ങളാണ്.  നമ്മുടെ ഭക്ഷണത്തിൽ കവിഞ്ഞ (അല്ലെങ്കിൽ നമ്മുടെ ചില ആവശ്യങ്ങളിൽ കവിഞ്ഞ ) ഒരു അസ്ഥിത്വം നാം ഒരു ജീവിക്കും അനുവദിച്ചു കൊടുത്തിട്ടില്ല.  പക്ഷെ എന്നിട്ടും കോഴിയെ തിന്നുന്നവന് നായയോടും, നായയെ കൊല്ലാൻ പറയുന്നവന് പൂച്ചയോടും സ്നേഹം ഉള്ളത് നാം നമുക്ക് ചുറ്റും കാണുന്നു.  എന്ത് കൊണ്ടാണ് മനുഷ്യൻ ഇത്ര വിചിത്രമായ ഈ സ്വഭാവം കാണിക്കുന്നത്.

പണ്ടൊരു മനശാസ്ത്രജ്ഞൻ പറഞ്ഞത് മനുഷ്യന് തന്നെ പോലെ ഉള്ളതോ, തന്നെ പോലെ ഉള്ളതെന്ന് തോന്നുന്നതോ ആയ ഒരു ജീവിയേയും വധിക്കാൻ പറ്റില്ല എന്നാണു .  ഓരോ കൊലക്കു മുന്പെയും മനുഷ്യൻ തന്റെ ഇരയെ വീഴ്തുന്നുണ്ട് എന്ന്.  അത് തത്ത്വശാസ്ത്ര പരമായ ഒരു തരം വീഴ്ത്തൽ ആണെന്ന് വേണമെങ്കിൽ പറയാം.  ഇത് വെറും ഭക്ഷണം മാത്രം ആണെന്നോ, ഇത് തന്റെ അസ്തിത്വത്തിനു അപകടം ഉണ്ടാക്കുന്ന ഒരു ശത്രു മാത്രം ആണെന്നോ രീതിയിലുള്ള ഒരു വീഴ്ത്തൽ.  ഒരു പാവപ്പെട്ട മനുഷ്യനെ പോലും നമുക്ക് അത്തരത്തിൽ വീഴ്ത്താൻ ആവും എന്ന് കൊലപാതകങ്ങളുടെ ചരിത്രം പഠിച്ച നമുക്ക് അറിയാം.  അതാണ്‌ തത്വ ശാസ്ത്രത്തിന്റെ പവറ്.  നൂറു കണക്കിന് ബന്ധു ജനങ്ങള് മുന്നില് നിരന്നു നില്ക്കുന്നത് കണ്ടു ആയുധം വച്ച് പിന്തിരിഞ്ഞു പോയ ഒരു മനുഷ്യനെ എത്ര വേഗത്തിലാണ് തത്വ ശാസ്ത്രം യുദ്ധ സന്നധനാക്കിയത് എന്ന് നമ്മുടെ പുരാണങ്ങൾ തന്നെ നമ്മോടു പറയുന്നു.  തെരുവിലെ നടന്നു പോയ ശാന്തനായ ഒരു ശുനകനെ നോക്കി ഒരു വഴിയാത്രക്കാരാൻ പറയുന്നു 'അതിനു ഭ്രാന്താണ് ' എന്ന്.  ഒരു പാവം പട്ടിയുടെ വിധി അവിടെ തീരുമാനിക്ക പ്പെടുകയാണ്.

ആടിനെ പട്ടിയാക്കുന്ന കഥ ഒരു വിഡ്ഢി കഥ ആയിട്ടാണ് ചിലരെങ്കിലും ധരിച്ചത്.  പക്ഷെ തത്വ ശാസ്ത്രം എന്നും ചെയ്തു കൊണ്ടിരുന്നത് ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ്.  അത് ഒരു അന്യ ഗൃഹ വാഹനത്തിൽ കയറി മുകളിലേക്ക് പോകുന്നതിനു സമാനമായ പ്രവർത്തിയാണ്.  അകലം കൂടും തോറും നാം പരിചയിച്ച ഭൂമിയുടെ ത്രിമാന സ്വഭാവം നഷ്ടപ്പെടുകയും അത് കടലാസിൽ വരച്ച ഒരു ചിത്രം മാത്രമായി വീണു പോകുകയും ചെയ്യുന്നു.  ആകാശത്തിലൂടെ വിമാനത്തിൽ സഞ്ചരിക്കുന്ന പരമ സാധുവായ മനുഷ്യന് പോലും ഇനി ഒരു വലിയ ബോംബു എടുത്തു താഴേക്കു വര്ഷിക്കുന്നതിൽ വലിയ കുറ്റ ബോധം ഉണ്ടാകേണ്ട കാര്യമില്ല

ശാന്തമായ  ഒരു വൈകുന്നേരം ബാലാട്ടൻ പറഞ്ഞു. തോക്ക് കൊണ്ടു വെടി വച്ച് കൊല്ലുന്നവനും, കത്തി കൊണ്ടു കുത്തി കൊല്ലുന്നവനും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്.  തോക്ക് കൊണ്ടു കൊല്ലുന്നവൻ വെറും പാവമായെക്കാം.  പക്ഷെ കത്തി കൊണ്ടു കൊല്ലുന്നവൻ ക്രൂരാൻ തന്നെയാണ്.  തോക്കെടുത്ത് കൊല്ലാൻ നടക്കുന്നവന്റെ കയ്യിൽ നിങ്ങള് ഒരു കത്തി കൊടുത്തു, ഇത് കൊണ്ടു കൊല്ലാൻ പറ്റുമെങ്കിൽ കൊന്നാൽ മതി എന്ന് പറയൂ.  അവൻ ചിലപ്പോൾ 'മാനിഷാദാ' എന്ന് നിന്റെ മുഖത്ത് നോക്ക് പറഞ്ഞേക്കും. തന്റെ തോക്ക് കൊണ്ടു എത്രയോ പേരെ വെടിവച്ചു കൊന്ന ബാലിന്റ് ഫാബിയൻ , ജീവിതത്തിൽ ഒരിക്കൽ മാത്രം ഒരു പാവം എതിരാളിയെ തന്റെ ബയണറ്റ്‌ കൊണ്ടു കുത്തി കൊല്ലേണ്ട ഗതികെടിലേക്ക് വന്നു പെട്ടു. പിന്നീട് അദ്ദേഹം ആത്മ ഹത്യ ചെയ്യുന്നതിന് അത് ഒരു പ്രധാന കാരണമായിരുന്നു എന്ന് സൊൽറ്റാൻ ഫാബ്രിയുടെ ഈ സിനിമ കണ്ടിട്ടുള്ള എല്ലാവര്ക്കും അറിയാം. തത്വ ശാസ്ത്രം തോക്കിന്റെ  സ്ഥാനത്ത് നില്ക്കുകയാണ് .  തോക്ക് ഒരു യന്ത്രത്തിന്റെ കഴിവിലൂടെ നിന്റെ ഇരയെ നിന്നിൽ നിന്ന് അകത്തി, അവന്റെ വേദനയിൽ നിന്ന് നിന്നിലേക്കുള്ള അകലം കൂട്ടുന്നത്‌ പോലെ, ഇവിടെ തത്വ ശാസ്ത്രം ഭാഷ എന്ന മാരക ആയുധത്തിന്റെ   ശക്തിയിലൂടെ  നീയും  നിന്റെ ഇരയും  തമ്മിലുള്ള  അകലം കൂട്ടുകയാണ് .  ഇവിടെയും  നീ  നിന്റെ ഇരയുടെ  വേദന  അറിയാതെ  പോകുന്നു .

മനുഷ്യ ചരിത്രത്തിൽ തത്വ ശാസ്ത്രം എന്നത് എന്നും അങ്ങനെ ആയിരുന്നു.  എത്രയോ കൊലപാതകങ്ങളെ അത് മഹൽ പ്രവർത്തികൾ ആക്കി ഉയർത്തി. എത്രയോ ഭീകരതകളെ അത് സ്വാതന്ത്ര്യ സമരങ്ങൾ എന്ന പേരിട്ടു വിളിച്ചു.  അവയ്ക്കിടയിൽ കൊലപാതകങ്ങൾ എന്നും വളരെ മാന്യമായ പ്രവര്തിയായി നില നിന്ന് പോന്നു.  വീണു കിടക്കുന്നവന്റെ നിലവിളി തത്വ ശാസ്ത്ര പ്രളയത്തിൽ ആരും കേൾക്കാതെ പോയി.

ചരിത്രം അത് പോലെ തുടരുകയാണ്.

Saturday, 12 September 2015

പട്ടിണിയുടെ സാമ്പത്തിക ശാസ്ത്രം

ഒരു കെട്ടിടം എന്നത് കുറച്ചു ഭൂമിയും കുറെ പേരുടെ അധ്വാനവും മാതമാണ്.  ഈ കുറച്ചു ഭൂമി എന്നതിൽ കെട്ടിടം നില്ക്കുന്ന ഭൂമി മാത്രമല്ല വരുന്നത്.  അതിന്റെ കല്ലുകൾ ആയി രൂപം മാറിയ ഭൂമിയും അങ്ങനെ പലതും വരും.  ഇതൊന്നും നമ്മുടെ ഭക്ഷണമായി വരുന്നവ അല്ല തന്നെ.  പക്ഷെ അധ്വാനം എന്ന ഒരു ഭാഗം ഉണ്ടല്ലോ . അതാണ്‌ ഇവിടെ പാരയായി പ്രവർത്തിക്കുന്നത്..  ഭൂമിയിൽ ചിലവാക്കപ്പെടുന്ന അധ്വാനം ആണ് നമ്മുടെ ഭക്ഷണം ആയി രൂപ മാറ്റം ചെയ്യപ്പെടുന്നത്.  യന്ത്ര വൽക്കരണതോടെ കുറെ പേരെ തീറ്റുന്നതിനു കുറച്ചു പേര് കൃഷി പണി എടുത്താൽ മതി എന്ന നില വന്നു.  അപ്പോൾ കുറെ പേര് കൃഷി പണിയിൽ നിന്ന് ഒഴിവായി. അവരാണ് ഇവിടെ കെട്ടിടം പണിയാൻ എത്തുന്നത്‌. കാരണം വ്യക്തം. അവര്ക്ക് വേണ്ട ഭക്ഷണം മറ്റുള്ളവര് ഉണ്ടാക്കി വിടുന്നുണ്ട്.  പണ്ടത്തെ നമ്മുടെ ബീഡി കമ്പനിയിൽ ഒരു തൊഴിലാളി പേപർ വായിക്കുന്നത് പോലെ.  പേപർ വായിക്കുന്നവന്റെ പണി മറ്റുള്ളവര് ചെയ്തു കൊള്ളും.  ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഇല്ല.  പ്രശ്നം ഉണ്ടാകുന്നത് ഇതിൽ ഒരു വിഭാഗം, അതായത് കൃഷിയിൽ ഏർപ്പെടാത്ത ഒരു വിഭാഗം, കൂടുതൽ സൗകര്യം വേണം എന്ന് ആഗ്രഹിക്കുമ്പോൾ ആണ്.  തീര്ച്ചയായും അവൻ ശക്തനോ അധികാരിയോ ആയില്ലെങ്കിൽ അവന്റെ ഉദ്ദേശ്യം നടക്കില്ല. അപ്പോൾ അതാണ്‌ കാര്യം. അവൻ ശക്തനോ അധികാരിയോ ആണ്. അപ്പോൾ അവനു വേണ്ടി കുറച്ചു പേര് കൃഷി പണി മതിയാക്കി അമ്പലമോ എ സീ യോ ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങുന്നു.  അതിനു സാമാന്തരികമായി അവിടെ കാര്ഷിക ഉത്പാദനം കുറയുന്നു.

പക്ഷെ അധ്വാനം വേണ്ടുവോളം ഉള്ള ഒരിടത്ത് അത് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാക്കാൻ പാടില്ലാത്തതാണ്. എന്തെന്നാൽ കുറച്ചു പേര് എ സീ ഉണ്ടാക്കാൻ പോകുമ്പോൾ മറ്റുള്ള കുറച്ചു പേര് കൃഷി പണിയിലെ   ഒഴിവു നികത്തിയാൽ മതി.  പക്ഷെ അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നുള്ളതാണ് പ്രധാന പ്പെട്ട ചോദ്യം.

ഇവിടെ നമ്മള് ആരും  മുന്നില് കാണാത്ത ഒരു സംഭവം കൂടെ ഇതിന്റെ ഇടയിൽ സംഭവിച്ചിട്ടുണ്ട്.  അതിന്റെ കാരണങ്ങളിലേക്ക് നാം തല്ക്കാലം കടക്കുന്നില്ല.  കൃഷി ഭൂമി കയ്യിൽ ഉള്ളവൻ കൃഷി പണി ചെയ്യുന്നവൻ അല്ല. അവന്റെ ഭൂമിയിൽ കൃഷി ഇറക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവൻ എന്ന അതിന്റെ ഉടമാസ്ഥാൻ ആണ്.  എല്ലാവരെയും ഊട്ടുക എന്നുള്ളത് അവന്റെ ഉദ്ദേശ്യം അല്ല മറിച്ചു തന്റെ ഉത്പന്നങ്ങൾക്ക് വേണ്ടുവോളം വില കിട്ടുക എന്നുള്ളതാണ്. ഉള്ള വിഭാഗത്തിന് കൊടുത്താൽ തന്നെ തനിക്കു വേണ്ട വില കിട്ടുമെങ്കിൽ, കുറഞ്ഞ വില കൊടുക്കാൻ മാത്രം കഴിയുന്ന മറ്റേ വിഭാഗത്തിന് വേണ്ടി തന്റെ കൃഷി ഭൂമി പാട്ടത്തിനു പോലും കൊടുക്കാൻ അവൻ തയ്യാറാകില്ല.  ഭൂമി തരിശായി കിടന്നാൽ പോലും അവനു വേണ്ട പണം, കഴിവുള്ളവന് ഭക്ഷണം കൊടുത്തു കൊണ്ടു തന്നെ അവന്റെ കയ്യിൽ എത്തും.  അപ്പോൾ കഴിവില്ലാത്തവന് ഭക്ഷണം കൊടുക്കാൻ അവൻ മിനക്കിടുന്നില്ല.  അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്‌.

Tuesday, 8 September 2015

സിറിയൻ വേദനകൾ

വിക്ടോറിയ സ്റെടിനെക്കാൾ ചെറിയ പ്രദേശമായ സിറിയയുടെ ആകെ ജനസംഖ്യ വെറും രണ്ടര കോടി . തുര്കി ഇറാക്ക് ജോര്ടാൻ ഇസ്രായേൽ ലെബനോണ്‍ എന്നിവ അയൽ രാജ്യങ്ങൾ. മരുഭൂമികളും, കാര്ഷിക ഭൂമികളും ഉള്ള രാജ്യം.

1971 മുതൽ അധികാരത്തിൽ ഇരിക്കുന്ന ആസാദ് കുടുംബത്തെ സ്ഥാന ഭ്രാഷ്ട്രരാക്കാൻ കച്ച കെട്ടിയിറങ്ങി യവരും എതിരാളികളും തമ്മിലുള്ള യുദ്ധമാണ് ഇവിടെ നടക്കുന്നത്.   രൂക്ഷ മത ചിന്തകള് അല്ല ഇവിടെ ഉള്ള തെരുവ് യുദ്ധങ്ങൾക്ക് കാരണം, മറിച്ചു സാമ്പത്തിക മുരടിപ്പ് തന്നെയാണ്.  2011 ഇൽ ഭരണ കൂടത്തിനു  എതിരായി തെരുവോര  ചിത്രങ്ങൾ പ്രചരിപ്പിച്ച കുട്ടികളുടെ കൊലയോടെ ആണ് ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്.  2011 ഇൽ ഫ്രീ സിറിയൻ ആർമി രൂപീകൃതമായി.  ഭരണ കൂടത്തെ മറിച്ചിടാൻ വേണ്ടിയുള്ള സായുധ ഗ്രൂപ്പുകൾ എല്ലായിടത്തും വ്യാപകമായി.  പ്രാദേശിക ഗോത്രങ്ങളും, പുറത്താക്കപ്പെട്ട സൈനികരും, നാട്ടുകാരും ആയിരുന്നു ഇത്തരം സായുധ ഗ്രൂപുകളിലെ പോരാളികൾ.  നാട്ടിലും പുറത്തും ഉള്ള ജിഹാദികളും പിന്നീട് അവരോടൊപ്പം ചേർന്നു.  ഏതൊരു പ്രസ്ഥാനത്തിന്റെയും ഉദ്ദേശ്യങ്ങൾ വ്യഭിച്ചരിക്കപ്പെടുന്നത് സ്ഥാപിത താല്പര്യങ്ങളുടെ ഇട പെടലുകളിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  അത് തന്നെ ഇവിടെയും സംഭവിച്ചു.  ഒരു രാഷ്ടീയ വിപ്ലവമായി തുടങ്ങിയ ഈ നീക്കം പിന്നീട് അനുയായികളും എതിരാളികളും നടത്തുന്ന കൂട്ട കൊലകൾ മാത്രമായി അവസാനിച്ചു.  നിസ്സഹായരായ മനുഷ്യര് വേണ്ടുവോളം ബാലിയാടായത് മിച്ചം.  ലക്ഷങ്ങൾ ഇപ്പോൾ തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു.  15 ലക്ഷം അഭയാർഥികൾ ഇന്ന് സിറിയ വിട്ടു കഴിഞ്ഞു.  തൊട്ടടുത്ത രാജ്യമായ ലെബനോണ്‍ ഇപ്പോൾ പാലസ്തീൻ സിറിയ എന്നിവിടങ്ങളിലെ 20 ലക്ഷം അഭയാര്തികളെ കൊണ്ടു വീരപ് മുട്ടുകയാണ്.  ലെബനനിലെ ആകെ ജനസംഖ്യ വെറും 43 ലക്ഷം ആണെന്ന് ഓര്ക്കണം.

ലെബനോണിൽ നിന്ന് ഫാദർ ദാവെ എഴുതുന്നു.  ഓരോ പാലസ്തീനിയൻ കുടുംബവും ഒന്നോ രണ്ടോ സിറിയൻ കുടുംബത്തെ ദത്തെടുതിരിക്കുന്നു.  പ്രാദേശിക ആക്രമണങ്ങളും ബലാൽ സംഗങ്ങളും അരങ്ങു തകര്ക്കുന്നു.

Sunday, 6 September 2015

നമ്മുടെ മേനി പറച്ചിലുകൾ

1000 വര്ഷത്തെ പാരമ്പര്യമുള്ള ഹിന്ദു മതം എന്താണ് എന്ന് പോലും ഭൂരി ഭാഗം ഹിന്ദുക്കൾക്കും അറിയില്ല. അതിലെ വിശിഷ്ട പുരാണങ്ങൾ ഒക്കെയും എഴുതപ്പെട്ടതു ഭൂരിഭാഗം ആളുകൾക്കും അറിയാത്ത സംസ്കൃതത്തിൽ. ഓരോ പുരാണത്തിനും ആയിരം വ്യാഖ്യാനങ്ങൾ. നമ്മളൊക്കെയും നമ്മുടെ മതം ജീവിച്ചു പോകുന്നത് കേട്ട് കേൾവിയിലൂടെയാണ്. എന്റെ കാര്യത്തിൽ ഞാൻ രാമായണത്തിലെയും ഭാരതത്തിലെയും കുറെ കഥകൾ കേട്ട് എന്നതല്ലാതെ അവ രണ്ടും മുഴുവനായി വായിച്ചിട്ടില്ല.  എന്റെ ചുറ്റുമുള്ള ഒരാളും ഇത് വായിച്ചിട്ടില്ല. അവരെ സംബന്ദിച്ച് അവയൊക്കെ ടീ വീ സീരിയലുകൾ ആണ്. പുരാണങ്ങളുടെ ഏറ്റവും മോശമായ വ്യാഖ്യാനം ആണ് അവയെന്ന് മിക്കവരും പറഞ്ഞിട്ടുണ്ട്. അറിയാത്ത ഒന്നിലാണ് ഇന്ന് പലരും ജീവിക്കുന്നത്. അവിടെ പാരമ്പര്യം പറഞ്ഞത് കൊണ്ടു വലിയ കാര്യമില്ല. നമ്മുടെ ജീവിതങ്ങൾ നമ്മുടെ പുരാണങ്ങളോട് ഒത്തു പോകണം എങ്കിൽ ഏറ്റവും ചുരുങ്ങിയത് അവ എന്താണ് എന്നെങ്കിലും നാം അറിയണം. അത് പോലും ഇല്ലാതെ ഉള്ള ഈ താരതമ്യം വ്യർത്ഥമാണ്. നമ്മളെല്ലാവരും നമ്മുടെ മതം വിഭാവനം ചെയ്യുന്ന ജീവിതത്തിൽ നിന്ന് വളരെ വളരെ അകലെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. മതം എന്നത് നമുക്ക് ഒരു ആഭരണം പോലെ ആണ്. അത് കൊണ്ടാണല്ലോ ഇവിടെ കുഴപ്പങ്ങൾ ഉണ്ടാകുന്നത്. അക്കാര്യത്തിൽ കമ്മ്യൂണിസവും മതങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല. അതിഭോഗത്തെ എല്ലാ തരത്തിലും മതങ്ങള എതിർക്കുമ്പോൾ നമ്മൾ അതിൽ മുഴുകുകയാണ്. ആ കുറ്റം മാത്രമേ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും ചെയ്യുന്നുള്ളൂ. മതം കറുപ്പാണ് എന്ന് പറഞ്ഞവൻ അതിൽ മുഴുകി ജീവിക്കുന്നു. അത്ര തന്നെ. ആയിരം വര്ഷത്തെ മത പാരമ്പര്യത്തേക്കാൾ, നിത്യ ജീവിതത്തിൽ ഇന്ന് നമുക്ക് കൂട്ടിനുള്ളത് സായിപ്പ് കണ്ടുപിടിച്ച ശാസ്ത്ര തത്വങ്ങൾ ആണ്. അവ പോലും നമ്മുടേത്‌ എന്ന് പറഞ്ഞു സ്വന്തമാക്കാനാണ് നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത് . നമ്മുടെ മതത്തിനു മേലെയാണ് സായിപ്പിന്റെ കണ്ടു പിടുത്തങ്ങൾ എന്ന കുറ്റ ബോധത്തിൽ നിന്ന് ഉത്ഭവിച്ച ഒരു വികാരം മാത്രമാണ് അത്

Saturday, 5 September 2015

ശാസ്ത്രീയ ചിന്ത

ശാസ്ത്രീയം എന്ന് വിശ്വസിക്കുന്നതൊക്കെ പിൽക്കാലത്ത് അശാസ്ത്രീയമാകുന്നത് ലോകത്ത് എല്ലാ കാലവും നടക്കുന്ന പ്രതിഭാസമാണ്.  മത വിശ്വാസം പോലെ,  അപ്പോഴും കാലാഹരണപ്പെട്ട ശാസ്ത്ര വിശ്വാസങ്ങൾ ആചാരങ്ങളിലൂടെ നില നിന്ന് പോകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ അവയെ അങ്ങനെ നശിക്കാൻ വിടുകയില്ല.  ഗുളിക എന്നത് വര്ത്തമാന കാലത്തെ ഏറ്റവും വലിയ അന്ധ വിശ്വാസമാണ് എന്ന് ഞാൻ കരുതുന്നു.  ഒരു ദൈവത്തെ പോലെ നാം ഇന്ന് ഗുളിക എന്ന ഈ അസാമാന്യ വസ്തുവിനെ പുൽകുകയാണ്. ശാസ്ത്രം ഇന്ന് അതിനെ പ്രോത്സാഹിപ്പിക്കുക കൊണ്ടു , മത വിശ്വാസം പോലെ യാതൊരു വിധ യുക്തിക്കും വഴങ്ങാതെ അത് നില നിന്ന് പോകുകയാണ്.  ആധുനിക ചികിത്സയിലെ നമ്മുടെ വിശ്വാസം ഒരു അന്ധ വിശ്വാസത്തിന്റെ അടുത്തോളം എത്തി നില്ക്കുന്നത് നമുക്ക് കാൻസർ പോലെ ഉള്ള രോഗങ്ങളുടെ ചികിത്സയിൽ കാണാം.   യാതൊരു ഫല സിദ്ധിയും ഇല്ല എന്ന് നമ്മളൊക്കെയും മനസ്സിലാക്കിയ ഒരു ചികിത്സ , ആരാലും ചോദ്യം ചെയ്യപ്പെടാതെ തുടർന്ന് പോകുന്നു.  അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് ഒരു പഠനം നടത്താൻ പോലും ആരും മിനക്കിടുന്നില്ല .  മന്ത്രവാദം പോലും നമ്മുടെ ഇടയിൽ കടന്നു വരുന്നത് അത്തരം ഒരു അശാസ്ത്രീയതക്ക് ഇടയിലാണ്.  പരാജയപ്പെടും എന്ന് ഉറപ്പുള്ള ഒന്നിലേക്ക് ജനങ്ങള് വെറുതെ പോയി കഴുത്തു  വച്ച് കൊടുക്കില്ല.  മറിച്ചു വിജയിക്കും എന്ന് നമ്മെ വിശ്വസിപ്പിച്ച ശാസ്ത്രം അതി ദാരുണമായി പരാജയപ്പെടുമ്പോൾ മാത്രമേ അവൻ അന്ധ വിശ്വാസത്തിലൂടെ രക്ഷ നേടാൻ ശ്രമിക്കുകയുള്ളൂ.

ശാസ്ത്രീയ ചിന്ത എന്നത് യുക്തി ചിന്തയാണ്.  അത് പരീക്ഷണ ശാലയിൽ അല്ല തെളിയിക്കപ്പെടെണ്ടത്.  അത് ഉപയോഗിക്കുന്ന മനുഷ്യർക്ക്‌ ഇടയിലാണ്.  രോഗങ്ങളുടെ കാര്യത്തിൽ ഒരു മരുന്ന് നല്ലതോ എന്ന് തീരുമാനിക്കുന്നത് പരീക്ഷണ ശാലയിലെ പരീക്ഷണങ്ങൾ അല്ല. അതിനു നിന്ന് കൊടുക്കുന്ന രോഗിയാണ്.  അവൻ മരിക്കുമ്പോൾ മരുന്ന് പരാജയപ്പെടുന്നു.   മരണങ്ങൾ നടക്കുന്നത് മനുഷ്യന്റെ മുന്നിലാണ്.  അതിനു കാരണങ്ങൾ നിരത്തിയാൽ അവൻ അത് വിശ്വസിക്കണം എന്നില്ല.  ഇന്ന് മുറി വൈദ്യന്മാർ അരങ്ങു തകര്ക്കുന്നതിനു ഒരു കാരണം അത് തന്നെയാണ്.  ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയെ ഉള്ളൂ.  ആധുനിക വൈദ്യത്തിലെ അശാസ്ത്രീയതകൾ ഒഴിവാക്കുക. ഇന്ന് ആധുനിക വൈദ്യം എന്നത് രോഗം മാറ്റുക എന്നതിനേക്കാൾ ഒരു വലിയ സ്ഥാപനത്തിനെ നില നിർത്താൻ വേണ്ടിയുള്ള ചരട് വലികൾ മാത്രമായി അധപതിച്ചു പോയിരിക്കുന്നു.  ആരോഗ്യമുള്ള ഒരു ജനത ഇന്ന് ആധുനിക വൈദ്യത്തിന്റെ ലക്ഷ്യമേ അല്ല.  ഇന്നും ആധുനിക വൈദ്യം , കാലാഹരണപ്പെട്ട ബാക്ടീരിയ വൈറസ് സിദ്ധാന്തങ്ങളിൽ അള്ളി പിടിച്ചു നിൽക്കുകയാണ്.  ജീവിത ശൈലീ രോഗങ്ങൾ പോലും അത് അങ്ങീകരിചതു ഈ അടുത്ത കാലത്താണ്.  പ്രകൃതി ചികിത്സ എന്ന അശാസ്ത്രീയ (?) ചികിത്സ ശക്തിയുക്തം ജന മധ്യത്തിൽ കൊണ്ടു വന്ന ജീവിത ശൈലീ രോഗങ്ങളെ ഇപ്പോൾ ആധുനിക വൈദ്യം തങ്ങളുടെ കണ്ടു പിടുത്തം എന്ന പോലെ കൊണ്ടാടുന്നതും നാം കണ്ടതാണ്.    നാരു കലര്ന്ന ഭക്ഷണത്തെ കുറിച്ച് ഞാൻ ആദ്യമായി കേട്ടത് പ്രകൃതി ചികിത്സകരിൽ നിന്നാണ്.  അക്കാലത്ത് ആധുനിക വൈദ്യം അത് എന്താണ് എന്ന് അറിയുക കൂടി ഇല്ല. അന്ന് ആശുപത്രിയിലെ രോഗികല്ക്കും,  വീട്ടിലെ രോഗികള്ക്കും നമ്മുടെ ആധുനിക വൈദ്യര് ഭക്ഷണം ആയി നിർദേശിച്ചത് നമ്മുട ബെകറി കളിൽ നിന്ന് കിട്ടുന്ന റൊട്ടി ആണ്. അതിനെതിരെ പ്രചരണം നടത്തിയത് ഇവിടത്തെ പ്രകൃതി ചികിത്സകരാണ് . ഇന്ന് നമ്മുടെ ആധുനിക വൈദ്യരും മൈദാ അപകട കാരിയാണ് എന്ന് പറയാൻ പഠിച്ചു കഴിഞ്ഞു.

ഒരു രീതി കുറ്റമറ്റ താകുന്നത് , ആ രീതി അതിനു മുന്നില് നില്ക്കുന്ന മറ്റു രീതികളുമായി തുലനം ചെയ്തു , അതിൽ നിന്ന് കൊള്ളാവുന്നത് വല്ലതും ഉണ്ടെങ്കിൽ കൊള്ളുമ്പോഴാണ് . നമ്മളാണ് അവസാന വാക്ക് എന്ന ധാരണ ശാസ്ത്രീയ ചിന്തയെ പിന്നോട്ട് വലിക്കുക മാത്രമേ ചെയ്യുകയുള്ളൂ 

Friday, 4 September 2015

ചില വൃത്തി കെട്ട ചിന്തകൾ

ചാര് കസേരയിൽ കിടക്കുമ്പോൾ എനിക്ക് ചില വൃത്തി കെട്ട ചിന്തകള് ഒക്കെ വരും. ഇന്ന് അങ്ങനെ വന്ന തത്വ ചിന്ത നമ്മുടെ വ്യവസായങ്ങളെ കുറിച്ചാണ്.  ഇന്ന് മുതൽ ഞാൻ ഒരു നല്ല മനുഷ്യനാകാൻ തീരുമാനിച്ചു എന്ന് ധരിക്കുക.  അപ്പോൾ ഞാൻ ഇന്ന് ഉപയോഗിക്കുന്ന പല വസ്തുക്കളും ഒഴിവാക്കാൻ നിര്ബന്ധിതനാകും. എനിക്ക് ചായ കാപ്പി ഇവ കഴിക്കാൻ പറ്റില്ല.  അവ രണ്ടും ശരീരത്തിന് അപകടം ചെയ്യും എന്ന് വളരെ വ്യക്തമാണ്. പഞ്ചസാര കൈ കൊണ്ടു തൊടാൻ പറ്റില്ല. അത് പ്രമേഹം ഉണ്ടാക്കും എന്ന് ഏതാണ്ട് കൃത്യമായി  തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  പിന്നെ കോഴി ആട് ഇവയും അതെ കാരണം കൊണ്ടു തന്നെ എന്റെ ഭക്ഷണത്തിൽ നിന്നു ഗയ ആക്കേണ്ടി വരും.  പിന്നെ സോപ്പ് , മറ്റു ലേപനങ്ങൾ,  ആരോഗ്യ പാനീയങ്ങൾ,  നേർത്ത ദ്രാവകങ്ങൾ. എന്തിനധികം പറയുന്നു രണ്ടു നേരത്തിൽ കൂടുതലുള്ള ഭക്ഷണം പോലും ആരോഗ്യത്തെ അപകടപ്പെടുത്തും എന്ന് ചില തല്പര കക്ഷികൾ പറയുന്നു.  അപ്പോൾ ഞാൻ പറഞ്ഞു വരുന്നതിലെ ഗുട്ടൻസ് ഏകദേശം പിടി കിട്ടി കാണുമെന്നു വിശ്വസിക്കുന്നു.  അതായത് ഒരാള് നല്ല മനുഷ്യനാകാൻ തീരുമാനിച്ചാൽ ഇവിടെ ഇന്ന് കാണുന്ന മിക്ക വ്യവസായ ശാലകളും പൂട്ടേണ്ടി വരും. എന്താ സംശയമുണ്ടോ.  ഫലമോ തൊഴിലില്ലായ്മ, പട്ടിണി,  അതിന്റെ പാർശ്വോല്പന്നങ്ങൾ ആയ നിരാശ,  സമരം അക്രമം, വിപ്ലവം ഇത്യാദി അപകടങ്ങൾ.

മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിധി വിട്ടുള്ള നന്മ ഇന്നത്തെ മനുഷ്യ കുലത്തിന്റെ നില നില്പിന് ആപത്താണ്.