Thursday, 31 December 2015

ആശയ വിനിമയം

ഞാൻ ഒന്ന് പറയുന്നു മറ്റൊരാൾ അത് കേൾക്കുന്നു. അയാള് അത് മനസ്സിലാക്കുന്നു.  ഇത് തന്നെ അല്ലെ ആശയ വിനിമയം.  പക്ഷെ  അത്ര സിമ്പിൾ ആയ ഒരു പ്രക്രിയ അല്ല അത് എന്ന് അതിനെ കുറിച്ച് ചിന്തിച്ചാൽ മനസ്സിലാകും.  ഞാൻ ബാലാട്ടനോട് കാക്ക എന്ന് പറയുമ്പോൾ ബാലാട്ടാൻ കാക്ക എന്ന് കേൾക്കുന്നു.  അപ്പോൾ ബാലാട്ടൻ ബാലാട്ടന്റെ മനസ്സില് ഒരു കാക്കയുടെ  ചിത്രം വരയ്ക്കുന്നു.  അത് ഞാൻ കണ്ട കാക്ക തന്നെ ആകണം എന്നില്ല.  എന്തിനു കാക്ക എന്ന പക്ഷി തന്നെ ആകണം എന്നില്ല.

അപ്പോൾ ഇവിടെ സംഭവിച്ചത് ഇനി പറയുന്ന കാര്യങ്ങൾ ആണ്. ഏകദേശം ഒരു ആദി മനുഷ്യന്റെ സ്ഥാനത്ത് ഇരുന്നു കൊണ്ടു നമുക്ക് ഇതിനെ വിശകലനം ചെയ്യാം.  ഞാൻ ഒരു കാക്കയെ കാണുന്നു.  കാക്കയെ കണ്ട കാര്യം ബാലാട്ടനോട് പറയണം.  അതിനു വേണ്ടിയിട്ടാണല്ലോ ഞാൻ കാക്ക എന്ന വാക്ക് ഉച്ചരിച്ചത്.  അപ്പോൾ ആദ്യമായി ഇവിടെ സംഭവിച്ചത് കാക്ക എന്ന ജീവിയെ കണ്ട എന്റെ നാക്ക് അതിനെ ഒരു ശബ്ദം ആക്കി പരിവർത്തന പ്പെടുത്തുന്ന പ്രവർത്തിയാണ്.  ആ ശബ്ദം ആണ് ബാലാട്ടൻ കേൾക്കുന്നത്. അല്ലാതെ ബാലാട്ടൻ കാക്കയെ കാണുന്നില്ല.  ഈ ശബ്ദത്തിനു കാക്ക എന്ന പക്ഷിയുമായി ഒരു ബന്ധവും ഇല്ല.  ശബ്ദം കേട്ട മാത്രയിൽ ബാലാട്ടന്റെ മനസ്സ് അതിനെ ഒരു ദൃശ്യമായി പരിവര്ത്തനം ചെയ്യുന്നു.  ഒരു ആദി മനുഷ്യന്റെ കാര്യത്തിൽ ഇത് ഇതേ രീതിയിൽ സംഭവിചിരിക്കില്ല. കാരണം അവനു ഭാഷ അറിയില്ല.  അല്ലെങ്കിൽ അവൻ ഇന്ന് വരെ ഭാഷ കണ്ടു പിടിച്ചില്ല.  പക്ഷെ കാക്ക എന്ന ശബ്ദത്തിനു അപ്പോഴും പ്രസക്തിയുണ്ട്. കാരണം അത് ആ പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദം തന്നെ ആണ്.  ഈ ആശയ വിനിമയത്തിന് മറ്റൊരു വഴിയും കൂടി ഉണ്ട്.  കുറെ കൂടി കൃത്യമായ വഴി.  ആദി മനുഷ്യന്റെ കാര്യത്തിൽ അവൻ ഒരു കല്ല്‌ ഉപയോഗിച്ച് പാറമേൽ ഒരു കാക്കയുടെ ചിത്രം വരച്ചു കാണിക്കലാണ് .  ആധുനിക മനുഷ്യൻ അതിനു പകരം കാക്ക എന്ന് കടലാസിൽ എഴുതുന്നു.  പക്ഷെ ആദി മനുഷ്യന്റെ ഈ ചിത്രം ലോകത്തിലെ എല്ലാ മനുഷ്യര്ക്കും മനസ്സിലാകും.   പക്ഷെ ഞാൻ എഴുതിയ കാക്ക എന്ന പദം ഇവിടെ കേരള കരയിൽ ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ.

കാക്ക എന്ന ശബ്ദവും , കാക്കയുടെ ചിത്രവും പരസ്പരം സംയോജിച്ച് സൃഷ്ടിക്കപ്പെട്ട മഹാല്ബുധമാണ് നാം ഇന്ന് അനായാസമായി ഉപയോഗിക്കുന്ന ഭാഷ.  അത് എങ്ങനെ പരിണമിച്ചു ഇന്നത്തെ നിലയിൽ എത്തി എന്നുള്ളതിനെ കുറിച്ച് പലരും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലരും ഇന്നും പഠിച്ചു കൊണ്ടിരിക്കുന്നു. അത് എന്ത് തന്നെ ആയാലും, ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പക്ഷിയുടെ ശബ്ദം അതിന്റെ പേര് തന്നെ ആയി തീര്ന്ന ഈ സംഭവം നമുക്ക് ഒരു വഴി കാട്ടിയായി ഉപയോഗിക്കാം.  ആദി മനുഷ്യൻ ഗുഹയിൽ വരച്ച കാക്കയുടെ ചിത്രത്തിന്, കാക്ക എന്ന ശബ്ദം ചെര്ക്കപ്പെട്ടതിനു സ്വാഭാവികത ഉണ്ട്.  അന്ന് ഈ ചിത്രം കാണുന്ന കാക്കയെ പരിചയമുള്ള ഒരു ആദി മനുഷ്യൻ ഈ ചിത്രം കാണുന്ന പാടെ, കാക്ക എന്ന ശബ്ദം ഉച്ചരിചിരിക്കാൻ സാധ്യത ഉണ്ട്. കാരണം ഈ ശബ്ദം അവൻ എന്നും കേൾക്കുന്ന ശബ്ദമാണ്.  ഭാഷയുടെ സൃഷ്ടിയിൽ ഈ സംഭവത്തിനു പ്രസക്തി വല്ലതും ഉണ്ടോ എന്ന് ഭാഷാ ഗവേഷകർ അന്വേഷിക്കേണ്ടതാണ്.

ആശയ വിനിമയത്തിന് ഏറ്റവും ഉചിതമായ ഉദാഹരണം നമ്മുടെ വീട്ടിലെ പഴയ കാല ടെലി ഫോണ്‍ തന്നെ ആണ്.  നാം അതിന്റെ കോളാമ്പിയിൽ നോക്കി ഒരു വാക്ക് ഉച്ചരിക്കുന്നു.  അവിടെ ഉള്ള ഒരു ഡയഫ്രം നാം ഉണ്ടാക്കിയ ശബ്ദത്തിനു സമാനമായി പ്രകമ്പനം കൊള്ളുന്നു.  ആ പ്രകമ്പനം അതിന്റെ പുറകിൽ സ്ഥാപിച്ചിട്ടുള്ള കാർബണ്‍ തരികളിൽ സമാനമായ ഒരു സാന്ദ്രതാ വ്യത്യാസം ഉണ്ടാക്കുന്നു. അതിലെ കടന്നു പോകുന്ന വൈദ്യുതിയിൽ അത് സമാനമായ ഒരു ഏറ്റ കുറച്ചിൽ ഉണ്ടാക്കുന്നു.  ഈ വൈദ്യുതി അതെ ഏറ്റ കുറച്ചിലോടെ സഞ്ചരിച്ചു,  അങ്ങേ അറ്റത് ഫോണും പിടിച്ചു നില്ക്കുന്ന മറ്റൊരുത്തന്റെ യന്ത്രത്തിൽ എത്തുകയും, അവിടെ ഉള്ള കാർബണ്‍ തരികളെ സമാനമായ രീതിയിൽ ചലിപ്പിക്കുകയും ചെയ്യുന്നു.  അവിടെ ഉള്ള ഡയഫ്രം കമ്പനം ചെയ്യുമ്പോൾ നാം സമാനമായ ഒരു ശബ്ദം കേൾക്കുന്നു.   ചുരുക്കി പറഞ്ഞാൽ സുഹൃത്തിന്റെ ശബ്ദമായി നാം ഇവിടെ കേൾക്കുന്നത് സുഹൃത്തിന്റെ ശബ്ദം അല്ല. മറിച്ച് എന്തോ കമ്പനം ചെയ്യുന്ന ശബ്ദം മാത്രമാണ്.  യന്ത്രന്തിന്റെ ശബ്ദം എന്ന് പറയാം.  യന്ത്രം അതി പ്രഗൽഭമായ രീതിയിൽ നമ്മുടെ ശബ്ദത്തെ അനുകരിച്ചു എന്ന് വേണമെങ്കിൽ പറയാം.  ഒരു ശബ്ദം ആദ്യം വൈദ്യുതിയിലെ കമ്പനമായും,  ഒടുവിൽ വീണ്ടും ശബ്ദമായും പരിവര്തനപ്പെടുതുന്ന ഈ രീതിക്ക് സമാനമായ എന്തോ ആണ് സാധാരണ ആശയ വിനിമയത്തിലും നടക്കുന്നത്.

ഭാഷ എന്ന പ്രതീകത്തോടുള്ള  മനുഷ്യന്റെ പ്രതികരണം ചിര പരിചയത്തിലൂടെ ഉള്ള പ്രതികരണം ആണ്.  ശരിയായ ഒരു കണ്ടീഷണ്ട് റിഫ്ലക്സ് എന്ന് പറയാം.  സ്ഥിരമായി മണി അടിച്ചു കൊണ്ടു ഒരു പട്ടിക്കു തീറ്റ കൊടുത്താൽ പിന്നീട് എപ്പോൾ മണി അടിച്ചാലും പട്ടിയുടെ നാവിൽ വെള്ളം ഊറി വരുമെന്ന് പാവ്ലോവ് പറഞ്ഞു.  ഭാഷയോടുള്ള മനുഷ്യന്റെ പ്രതികരണവും ഇത്തരത്തിൽ ഉള്ളത് തന്നെ ആണ്.  പട്ടിയെ കർമ നിരതയാക്കുന്നത് വെറും ശബ്ദം മാത്രമെങ്കിൽ, മനുഷ്യന്റെ കാര്യത്തിൽ ശബ്ദവും ചിത്രവും ഉണ്ട്.  ഭാഷ ഈ രണ്ടു ഗുണവും വഹിക്കുന്ന മാധ്യമം ആണല്ലോ.