എനിക്ക് ആകെ പത്തു സെന്റ് സ്ഥലം മാത്രമേ ഉള്ളൂ. അവിടെ ഞാൻ എനിക്കാവുന്ന തരത്തിൽ ചെടികൾ വളർത്തുന്നു. അതിൽ ചില പുഷ്പങ്ങൾ ഉണ്ട്. ചില മരുന്ന് ചെടികൾ ഉണ്ട്. ചില പച്ചക്കറികൾ ഉണ്ട്. അതിന്റെ ഒക്കെ പാശ്ചാത്തലത്തിൽ പുൽക്കൊടികളും ഉണ്ട്. പക്ഷെ എന്റെ വീടിന്റെ നേരെ അപ്പുറത്തു, പണ്ടാരോ വാങ്ങി വച്ച പത്തു സെന്റ് ഭൂമി ഉണ്ട്. അത് വാങ്ങിയ ആള് ഒരിക്കലും ഇവിടെ വന്നു നോക്കാറില്ല. ആരും അവിടെ പാഴ് ചെടികൾക്ക് വെള്ളം ഒഴിക്കാറില്ല. എന്നാൽ പോലും എന്റെ പറമ്പിലെ പച്ചപ്പിനേക്കാൾ കൂടുതൽ പച്ചപ്പ് ഉള്ളത് ആ പറമ്പിൽ ആണ്. ആരും ശ്രദ്ധിക്കാത്തതിനെ പ്രകൃതി ശ്രദ്ധിക്കുന്നു. പക്ഷെ ഈ പച്ചപ്പ് നില നിർത്താൻ ഇവക്കു വെള്ളം എവിടെ നിന്ന് കിട്ടുന്നു എന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു.
ഇത്രയും എഴുതിയതിൽ നിന്ന് ഞാൻ ഒരു പ്രകൃതി വിരോധിയല്ല എന്ന് മനസ്സിലായി കാണും. അപ്പോൾ നിങ്ങൾ പ്രകൃതി സ്നേഹികളെ ചൊടിപ്പിക്കുന്ന വർത്തമാനം പറഞ്ഞത് എന്ത് കൊണ്ട് എന്ന് നിങ്ങൾ ചോദിച്ചേക്കും. അതിന്റെ കാരണം ഞാൻ നേരത്തെ പറഞ്ഞിരുന്നു. പ്രകൃതി സ്നേഹം എന്നത് ഒന്നോ രണ്ടോ മരം നട്ടത് കൊണ്ട് മാത്രം നടപ്പിൽ വരുത്താവുന്ന ഒരു സിമ്പിൾ പ്രക്രിയ അല്ല. അത് ഒരു ജനതയുടെ ജീവിത രീതിയിലെ വിപ്ലവകരമായ പരിവർത്തനത്തിലൂടെ മാത്രം കരഗതമാവുന്ന ഒരു സ്ഥിതി വിശേഷം ആണ്. പ്രകൃതി എന്നത് നമുക്ക് ജീവിക്കാൻ ആവശ്യമാണ്. പ്രകൃതി നമ്മുടെ ഭക്ഷണമാണ്. വസ്ത്രമാണ്. പാർപ്പിടമാണ്. അങ്ങനെ എന്തും ആണ്. അതായത് പ്രകൃതിയെ തകർക്കാതെ നമുക്ക് നില നില്പില്ല. അതായത് പ്രകൃതി സ്നേഹികൾ ആയ നമ്മള് തന്നെ പ്രകൃതിയെ നശിപ്പിക്കുന്നവരും ആണ്. നമുക്ക് അങ്ങനെ ആകാനേ പറ്റൂ. അപ്പോൾ നാം പ്രകൃതിക്കു വേണ്ടി വിലപിക്കുന്നത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം മാത്രമേ ഉള്ളൂ. നമ്മുടെ സ്വാർത്ഥത കൊണ്ട്. നമ്മൾ ഈ രീതിയിൽ പ്രകൃതിയെ ഉപയോഗിച്ചാൽ പ്രകൃതി തീർന്നു പോകും എന്നുള്ള ഭയം കൊണ്ട്. നമ്മള് അടുത്ത തലമുറയ്ക്ക് വേണ്ടി പലതും സമ്പാദിച്ചു വച്ചതു, ഈ പ്രകൃതി ഇവിടെ അത് പോലെ കിടന്നില്ല എങ്കിൽ, വ്യര്ഥമായി പോകും എന്നുള്ള ഭയം കൊണ്ട് . അത്തരം ഭയം നാം പേറി നടക്കുന്നു എങ്കിൽ, അടുത്ത തലമുറയെ കുറിച്ച് നാം വേവലാതി പെടുന്നു എങ്കിൽ, തീർച്ചയായും, നമ്മുടെ പ്രകൃതി സ്നേഹം കുറെ കൂടെ യുക്തി ഗതമായിരിക്കണം. നമ്മുടെ ഉത്തരം കുറെ കൂടെ ശാസ്ത്രീയം ആയിരിക്കണം. ഒന്നോ രണ്ടോ മരം നടുന്ന ശാസ്ത്രം അത്ര വലിയ ഒരു ശാസ്ത്രമായി എനിക്ക് തോന്നിയിട്ടില്ല. മരങ്ങൾ നാം നടുക തന്നെ വേണം. പക്ഷെ അത് മാത്രം പോരാ എന്ന് അർഥം.
ഇത്തരുണത്തിൽ നാം ഏവരും നമ്മുടെ ഉപഭോഗത്തിലേക്കു നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന്റെ വ്യക്തമായ ചിത്രം കിട്ടണം എങ്കിൽ, എന്നെ പോലെ ഉള്ള ഏതെങ്കിലും വൃദ്ധനോട് , പണ്ട് കാലത്തുള്ള തങ്ങളുടെ ഉപഭോഗം ഏതു നിലയിൽ ഉള്ളതായിരുന്നു എന്ന് ചോദിച്ചു അറിയണം. അത് അറിയുമ്പോഴാണ് നിങ്ങൾ ഞെട്ടുക. എന്റെ നാട്ടിന്റെ കാര്യം പറഞ്ഞാൽ റോഡിൽ ഒരു ദിവസം ഓടുന്നത് ഒന്നോ രണ്ടോ ബസ്സുകൾ, ആകെ ഉള്ളത് ഒരു ഓട്ടോറിക്ഷ . കാറ് എന്നത് ഒരു അപൂർവ വസ്തു. കറന്റു ആകെ ഉള്ളത് ഒന്നോ രണ്ട് വീടുകളിൽ, ഫോൺ ആരും കണ്ടിട്ടില്ല. ഇനിയും കൂടുതൽ പറഞ്ഞാൽ നിങ്ങളിൽ ചിലര് ബോധം കേട്ട് പോകും. എന്നാലും ഒരു കാര്യം കൂടെ പറയാം. യുദ്ധ കാലത്തു വാർത്ത കേൾക്കാൻ എന്റെ വീട്ടിൽ, കുറെ ദൂരെ നിന്ന് പോലും ആളുകൾ വന്നിട്ടുണ്ട്. ഇത്രയും ശുഷ്കമായ ഒരു ജീവിത രീതിയിൽ നിന്ന് നാം എത്തിപ്പെട്ടത് ഇന്നത്തെ ഈ ഭയാനകമായ ജീവിത രീതിയിലേക്കാണ്. അന്ന് ഒരു ഗ്രാമത്തിൽ ആകെ ഒന്നോ രണ്ടോ വൈദ്യുത ദീപങ്ങൾ മാത്രം ഉണ്ടായപ്പോൾ, ഇന്ന് ഓരോ വീട്ടിലും വെളിച്ച പ്രളയമാണ്. ഇതൊക്കെയും നമുക്ക് തന്നത് ഈ പ്രകൃതി ആണ്. അതായത് അന്ന് വെറും ഒന്നോ രണ്ടോ ബൾബുകൾ കത്തിക്കാൻ വേണ്ട ഊർജം തന്ന അതെ പ്രകൃതിയാണ്, ഇന്ന് കോടി ക്കണക്കിന് ബൾബുകൾ കത്തിക്കാൻ വേണ്ട ഊർജവും നമുക്ക് തരുന്നത്. പക്ഷെ നമ്മുടെ ന്യൂട്ടൻ സാബ് പറഞ്ഞത് എന്താണ്. ലോകത്തു ഊർജം എല്ലാ കാലവും ഒരു പോലെ ഇരിക്കും എന്ന്. പ്രത്യാശയും, ഒപ്പം ദുഖവും പ്രദാനം ചെയ്യുന്ന ഒരു കണ്ട് പിടുത്തമായി പോയി ന്യൂട്ടന്റെതു. പ്രത്യാശ എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ, നിങ്ങള് എത്ര എടുത്തു പ്രയോഗിച്ചാലും ഊർജം തീർന്നു പോകില്ല എന്നുള്ള സമാധാനം. അപ്പോൾ ദുഖമോ. പണ്ട് എന്റെ വലിയച്ഛൻ ഉപയോഗിച്ച അത്രയും ഊർജം മാത്രമേ ഇന്ന് ജനസംഖ്യ നൂറു ഇരട്ടി ആയപ്പോഴും ഉള്ളൂ. അതായത് പെർ ഹെഡ് ഊർജം വളരെ ചുരുങ്ങി പോയി എന്ന് അർഥം. പക്ഷെ ഒരു വ്യത്യാസം തീർച്ചയായും ഉണ്ട്. അന്ന് ഇത്രയും ഊർജം ഉപയോഗിക്കാൻ സാധ്യതകൾ കാര്യമായി ഇല്ലായിരുന്നു. അത് കൊണ്ട് ഊർജം പുര നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ പോലെ മുറിയിൽ ഒതുങ്ങി കൂടി.
അപ്പോൾ സംഗതികളുടെ കിടപ്പു നിങ്ങള്ക്ക് ബോധ്യപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നു. നമ്മൾ ഓരോരുത്തരും ഭൂമിയെ വിഴുങ്ങുകയാണ് . പക്ഷെ ഇത് എളിമയുടെ ഉത്തുംഗതയിൽ നിൽക്കുന്ന ഒരു പാവം ഭാരതീയന്റെ കാര്യം. എന്നാൽ അപ്പുറത്തു വേറൊരു ലോകമുണ്ട്. വെളുത്തവന്റെ ലോകം. അവൻ എല്ലാം അപ്പാടു വിഴുങ്ങുന്നവൻ ആണ്. നിങ്ങൾ കഴിക്കുന്നതിന്റെ പത്തോ നൂറോ ഇരട്ടി അവൻ ഒറ്റയ്ക്ക് കഴിക്കും. പെട്രോൾ അവൻ ചിലവാക്കുന്നത് വെള്ളം പോലെ ആണ്. നമ്മൾ വെള്ളം ചിലവാക്കുന്നത് പോലെ എന്ന് പറയണം. കാരണം ഗൾഫ് കാരൻ വെള്ളം ചിലവാക്കുന്നത് മറ്റൊരു രീതിയിൽ ആണല്ലോ. ഇതൊക്കെ താങ്ങുന്നത് ഈ പാവം ഭൂമി. ക്ഷമയുടെ പര്യായമായി നാം ഇപ്പോഴും ചൂണ്ടി കാണിക്കുന്നത് ഈ ഭൂമിയെ ആണെന്നതിന്റെ പൊരുൾ ഇപ്പോൾ പിടി കിട്ടിയിരിക്കും.
1960 യിൽ വാൻസ് പക്കാർഡ് ഒരു ബോംബ് പൊട്ടിച്ചു. വാചക ബോംബ്. ലോകം അത്യുപഭോഗത്തിൽ ആമഗ്ന ആവുന്നതിനു മുൻപേ ആ മനുഷ്യൻ പൊട്ടിച്ച ബോംബ് ഇതായിരുന്നു. 'ഉപഭോഗത്തിന്റെ കാര്യത്തിൽ എല്ലാ ലോക രാജ്യങ്ങളും അമേരിക്കയെ പിന്തുടരുകയാണ്. ഇന്ന് ഒരു ശരാശരി അമേരിക്ക കാരന്റെ ഉപഭോഗ നിരക്ക് ലോകത്തുള്ള സകല മനുഷ്യരും പിന്തുടരുകയാണ് എങ്കിൽ നമുക്ക് ജീവിച്ചു പോകാൻ അനേകം ഭൂമികൾ വേണ്ടി വരും എന്ന്. ഇന്ന് നാം ആ ലക്ഷ്യത്തിലേക്കു ഓടി കൊണ്ടിരിക്കുകയാണ്. അവിടെ എത്താൻ ഇനി അധിക നാളുകൾ ഒന്നും വേണ്ട. ആ ഓട്ടത്തിനിടയിലും നാം പ്രകൃതിയെ ഓർത്തു വിലപിക്കുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ തമാശ. ആ തമാശ ആലോചിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ആരെ ഒക്കെയോ മക്കാറാക്കിയത്