Tuesday, 4 July 2017

വിഷാദ പർവ്വം

വയലിന്റെ വരമ്പിലൂടെ ബാലൻ ചാത്തുയേട്ടന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.  സായിപ്പിന്റെ നാട്ടിൽ നിന്ന് രണ്ട് വർഷത്തിന് ശേഷമുള്ള വരവ്.  ആ വരവും കാത്തു വീട്ടുകാരെ പോലെ ഇവിടെ ഒരാളും ഇരിക്കുന്നു. രണ്ട് വർഷമായി മകനെ കുറിച്ച് ഒരു വിവരവും ഇല്ലാതെ വേദനിക്കുന്ന ഒരു അച്ഛൻ ഒരു 'അമ്മ.  സന്ദേശ വാഹകനായി ഒരേ ഒരു ബാലൻ മാത്രം.  തന്റെ മകന് എന്ത് പറ്റിയെന്നു മാത്രമേ അവർക്കു അറിയേണ്ടൂ.  നാട്ടിൽ വന്നാൽ പറയാം എന്നുള്ള ഒരു ഒരു കഴിവ് മാത്രമേ താൻ  ഇത്ര നാളും പുറത്തെടുത്തിരുന്നുള്ളൂ.  ഇനി അത് പറ്റില്ല. എന്തെങ്കിലും പറഞ്ഞെ ഒക്കൂ.  വയലിലെ ആദ്യത്തെ വളവു കഴിഞ്ഞപ്പോഴേ ചാത്തുയേട്ടന്റെ  വീട് കാണാമെന്നായി.  അവിടെ അപ്പോൾ കോലായിൽ നിന്ന് ആരോ എഴുന്നേറ്റിരിക്കുന്നു.  ഇത്ര ദൂരത്തു നിന്ന് പോലും തന്നെ അറിയാൻ മാത്രം ചാത്തുയേട്ടന്റെ കാഴ്ച ഒരു നിമിഷത്തേക്ക് വളർന്നിരിക്കുന്നു.  ദുഃഖിക്കുന്ന മനസ്സ് അങ്ങനെ ആണ്.  ചിലപ്പോൾ അത് വാനോളം വളരും.അതിനോടൊപ്പം ശരീരവും.  ചിലപ്പോൾ അത് ഒന്നിലും പിടിച്ചു നിൽക്കാൻ ആവാതെ തളരും.  അതോടൊപ്പം ശരീരവും.  കോണി കടന്നപ്പോഴേക്കും ചാത്തുയേട്ടനും ഭാര്യയും മുന്നിലെത്തി കഴിഞ്ഞിരുന്നു. എന്റെ മകനെന്തു പറ്റി എന്നുള്ള ഒരു ചോദ്യം മാത്രം.  വരാന്തയുടെ ഒരു കോണിൽ ഇരുന്നു ബാലൻ രണ്ട് പേരെയും നോക്കി.  എന്നിട്ടു പതുക്കെ ഇങ്ങനെ പറഞ്ഞു.  ഒന്നും പറ്റിയില്ല.  അവൻ അവിടെ ഒരു മാതാമ്മയെ കെട്ടി സസുഖം വാഴുന്നു.  അവന് ഇന്ന് നാട്ടിൽ ഒരു അമ്മയും അച്ഛനും ഇല്ല.  പരമ സുഖം.  ഇനി നാട്ടിലേക്ക് വരാനും പോകുന്നില്ല.  അച്ഛനെ കാണാൻ പോകുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞത് ഇതാണ്.  എന്നെ കുറിച്ച് ഒന്നും പറയേണ്ട .  ഇനി എന്നെ കുറിച്ച് ഒന്നും അന്വേഷിക്കരുത് എന്ന്പറയണം .  കാരണം ഞാൻ അവരെ ഒക്കെ അത്ര ഏറെ വെറുത്തു പോയി.  അതിന്റെ കാരണം മാത്രം അവൻ പറഞ്ഞില്ല

ഇടിവെട്ടേറ്റതു പോലെ ചാത്തുയേട്ടൻ തരിച്ചു നിന്ന്.  ഭാര്യയുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോഴും ചാത്തുയേട്ടൻ കരഞ്ഞില്ല.   വായിൽ നിന്ന് ഇത്രയും വാക്കുകൾ  ഉതിർന്നു വീണു.  'ദുഷ്ടൻ.  അതിനു മാത്രം എന്ത് തെറ്റാണ് നാം അവരോടു ചെയ്തത്.  സുഖമുള്ളവര് അസുഖം ഉള്ളവരെ വെറുക്കുന്നു.  സാരമില്ല.  നമ്മള് അവനെയും മറന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞേക്ക്.  ഇനി എന്നെങ്കിലും ദാഹിച്ചു വലിഞ്ഞു ഈ പടി കയറിയാലും ഒരിറ്റു വെള്ളം അവനു ഇവിടെ നിന്ന് കിട്ടില്ല എന്ന് അവനോടു പറഞ്ഞേക്കൂ.  ചാത്തുയേട്ടൻ അത് പറഞ്ഞപ്പോൾ ദുഃഖം തളം കെട്ടിയിരുന്ന ജാനു ഏടത്തിയുടെ മുഖത്തും എവിടെ നിന്നോ രോഷം കയറി വന്നു.  അവരും ഏതൊക്കെയോ പറഞ്ഞു.

                                           *****************

ജാനുഏടത്തി മരിച്ചപ്പോഴാണ് പിന്നീട് അവിടെ പോയത്.  അപ്പോളും ചാത്തുയേട്ടൻ പറഞ്ഞു മകനെതിരെ ഉള്ള രോഷങ്ങൾ.  ഇത്രയും കാലം ആ രോഷത്തിൽ അവർ സന്തോഷത്തോടെ ജീവിതം തള്ളി നീക്കിയത് പോലെ തോന്നി .  ജീവിതത്തിനു അർത്ഥമുണ്ടാകുന്നതോ,  ഒരു പരിധിവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതോ ഒരു പിടി രോഷങ്ങൾ ആണോ.

അടുത്ത പ്രാവശ്യം നാട്ടിൽ വന്നപ്പഴാണ് അത് അറിഞ്ഞത്.  ചാത്തുയേട്ടൻ മരണ ശയ്യയിൽ ആണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു.  മരിക്കാൻ പോകുന്നവനെ കുറിച്ച് ഇനി സഹതപിച്ചിട്ടു കാര്യമില്ല എന്ന് മനസ്സിൽ കരുതി ബാലൻ ഉടനെ അവിടേക്കു ഓടി ചെന്ന്.  എത്രയോ കാലം പറയാതെ വച്ച് തന്റെ മനസ്സിൽ വിമ്മിഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആ സത്യം ഇന്ന് പറഞ്ഞെ ഒക്കൂ.  ഒരു തരത്തിൽ അത് തന്റെ മോചനം കൂടി ആകും.

വീട്ടിൽ എത്തിയപ്പോൾ ചാത്തുയേട്ടന് ബോധം ഉണ്ടായിരുന്നു.  പറയുന്നതൊക്കെ കേൾക്കാമായിരുന്നു.  ചത്തുയേട്ടൻ ബാലനെ  നോക്കി.  മകൻ എന്ന ശബ്ദം മാത്രം ആ വായിൽ നിന്ന് പുറത്തു വന്നു.  അവനെ കുറിച്ചുള്ള പരാതികൾ പറയാൻ മനസ്സ് വെമ്പുന്നതു പോലെ തോന്നി .  താൻ എന്തോ പറയാൻ തുടങ്ങുകയാണ് എന്ന് ബാലൻ മനസ്സിലാക്കി. അവന്റെ നാക്കുകളിൽ നിന്ന് വാക്കുകൾ ഇങ്ങനെ ഒഴുകാൻ തുടങ്ങി.  ഒരിക്കലും പറയരുത് എന്ന് കരുതിയതായിരുന്നു.  പക്ഷെ ആരോടും പറയാത്ത ഈ സത്യം എന്റെ മനസ്സിൽ വിങ്ങുകയാണ് . അത് കൊണ്ട് ഞാൻ പറയുകയാണ്.  താങ്കളുടെ മകൻ അന്നേ മരിച്ചു പോയിരുന്നു. ഞാൻ അത് പറയാതിരുന്നതാണ്.  കാരണം അത് നിങ്ങളെ എങ്ങനെ തകർക്കും എനിക്ക് നന്നായി അറിയാമായിരുന്നു.  അത് നിങ്ങൾ അറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്ന് എനിക്ക് തോന്നി.  അവനോടുള്ള പ്രതിഷേധത്തോടെ നിങ്ങൾ രണ്ടുപേരും ജീവിച്ചു പോകും എന്ന് ഞാൻ കരുതി. അത് കൊണ്ട് ഒരു അസത്യം പറയുന്നത് തെറ്റല്ല എന്ന് കരുതി.  ഒരു പരിധിവരെ അത് സത്യം തന്നെ അല്ലെ.  ഇന്ന് വരെ നിങ്ങൾ അവനോടുള്ള പ്രതിഷേധത്തിൽ , അവന് മരിച്ച വേദന അറിയാതെ തന്നെ അല്ലെ ജീവിച്ചത്.  ഇനി നിങ്ങൾ ഏതാനും നിമിഷങ്ങൾക്കകം മരിക്കുമ്പോഴെങ്കിലും അറിയണം ഈ സത്യം.  അത് നിങ്ങളോടു പറയുമ്പോൾ ശരിക്കും എനിക്ക്  കിട്ടുന്നത് ഒരു തരം മോചനമാണ്.  മകനോട് ഒത്തു ചേരാൻ പോകുകയാണ് എന്ന് അറിഞ്ഞു കൊണ്ട് മരിക്കുക.

ബാലാട്ടൻ പടി ഇറങ്ങി പോകുമ്പോൾ  പിന്നിൽ  ഒരു നേരിയ നിലവിളി കേട്ട്.  ചാത്തുയേട്ടന്റെ മകളുടേതാണ്.  'അയ്യോ എന്റെ അച്ഛൻ പോയല്ലോ'