ഒരു സാമൂഹ്യ പരീക്ഷണവും (milgram experiment) ഒരു സിനിമയും എന്ത് കൊണ്ട് ഒരേ വേദിയിൽ ചർച്ചചെയ്യപ്പെടുന്നു എന്ന് ചിലപ്പോൾ നിങ്ങൾ സംശയം ചോദിച്ചേക്കും. മുൻപ് എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നത്, ഗുപ്തമായ ചില തന്തുക്കൾ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നാണു.
ന്യുറംബർഗ് വിചാരണ വേളകളിൽ ആണ് മിൽഗ്രാം തന്റെ സാമൂഹ്യ പരീക്ഷണങ്ങൾ നടത്തിയത്. തന്റെ പരീക്ഷണങ്ങൾ ന്യുറംബർഗ് വിചാരണകളെ സ്വാധീനിക്കണം എന്ന് മിൽഗ്രാം ആഗ്രഹിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ല. എന്ത് തന്നെ ആയാലും മിൽഗ്രാം തന്റെ പരീക്ഷണങ്ങളിൽ നിന്ന് എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു. നിങ്ങൾ ചെയ്യുന്ന ക്രൂരതകളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ, അതി ശക്തമായ ഒരു അതോറിറ്റി മുകളിൽ നില കൊള്ളുന്നു എങ്കിൽ നിങ്ങൾ എന്ത് ക്രൂരതയും ചെയ്യാൻ ബാധ്യസ്ഥരാണ് . ഒരു ആജ്ഞ കിട്ടിയാൽ നിങ്ങൾ അത് സുഗമമായി നിർവഹിക്കും. അതിൽ നിങ്ങളുടെ നീതി ബോധത്തിന് തെല്ലും സ്ഥാനമില്ല എന്ന്. സന്ദര്ഭ വശാൽ ഹോളോകാസ്റ്റിലും സംഭവിച്ചത് ഇത് തന്നെ ആണ്. മുകളിൽ ഹിറ്റ്ലർ എന്ന ഭീകരൻ ആജ്ഞകൾ കൊടുത്തുകൊണ്ടേ ഇരിക്കുന്നു. താഴെ ഉള്ളവർ അനുസരിച്ചു കൊണ്ടേ ഇരിക്കുന്നു. മിൽഗ്രാമിന്റെ വാദം അനുസരിച്ചു താഴെ ഉള്ളവർ നിസ്സഹായർ ആണ്. അവരുടെ കുറ്റത്തിന്റെ ഉത്തരവാദിത്വം താങ്ങാൻ മുകളിൽ ഒരാൾ ഉള്ളത് കൊണ്ട് അവർ കുറ്റക്കാർ അല്ലാതാകുന്നു എന്ന്. പക്ഷെ ന്യുറംബർഗ് ഈ വാദങ്ങൾ അംഗീകരിച്ചില്ല എന്നതാണ് സത്യം. (ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ന്യുറംബർഗ് വിചാരണ വേളയിൽ മുകളിൽ ഇരിക്കുന്ന യഥാർത്ഥ കുറ്റവാളി ഇഹലോക വാസം വെടിഞ്ഞിരുന്നു എന്നുള്ളതായിരുന്നു. അതായത് ബാക്കി ഉള്ളത് കുറെ നിസ്സയായർ മാത്രം. )
പിൽക്കാലത്തു തന്റെ അതി പ്രശസ്തമായ ഒരു ഗ്രന്ഥത്തിൽ (anatomy of human destructiveness) എറിക് ഫ്രം മിൽഗ്രാമിന്റെ വാദങ്ങളെ ഒക്കെ ഖണ്ണിക്കുകയാണ്. അസ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒരു പരിതസ്ഥിതിയിൽ വച്ച് നടത്തപ്പെടുന്ന സാമൂഹ്യ പരീക്ഷണങ്ങൾ യഥാർത്ഥ ജീവിതത്തിന്റെ പകർപ്പുകൾ ആകണം എന്നില്ല. മിൽഗ്രാം പരീക്ഷണങ്ങളിൽ തന്നെ മനുഷ്യൻ അതോറിറ്റിയെ നിരാകരിക്കുന്നതിന്റെ തെളിവുകൾ ഉണ്ടെന്നു ഫ്രം യുക്തി യുക്തം സമര്ഥിക്കുകയാണ്. സൈദ്ധാന്തിക തലത്തിലുള്ള ഈ തർക്കങ്ങളിൽ നിന്ന് മാറി ഒരു നിമിഷം നമുക്ക് ജീവിതത്തിലേക്ക് നോക്കാം. അവിടെ എന്ത് സംഭവിക്കുന്നു എന്ന്.
ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു. സാമാന്യ നീതി ബോധം ഒക്കെ ഉള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. പക്ഷെ എന്റെ ബാങ്ക് ജീവിതത്തിൽ എന്നെങ്കിലും എനിക്ക് ഈ നീതി ബോധം ഉപയോഗിക്കാൻ പറ്റിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു ദരിദ്രയായ സ്ത്രീ എന്റെ മുന്നിൽ വായ്പക്ക് വരുന്നു. എന്റെ ഉള്ളിലുള്ള നീതി ബോധം എന്നോട് പറയുന്നത് അവർ വായ്പക്ക് അർഹയാണ് എന്നാണു. പക്ഷെ ഇവിടെ എന്റെ ഈ നീതി ബോധത്തിന് ഒരു പ്രസക്തിയും ഇല്ല. മുകളിൽ ഉള്ള ശക്തമായ അതോറിറ്റി ഞാൻ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് അനേകം നിയമങ്ങൾ ആയി എന്റെ മുന്നിൽ എഴുതി വച്ചിട്ടുണ്ട്. ഈ നിയമങ്ങൾ വച്ച് ഞാൻ ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ മുകളിൽ നിന്ന് പൊട്ടക്ഷൻ കിട്ടും. മറ്റുള്ളവയ്ക്കൊന്നും ഇല്ല താനും. ദരിദ്രയായ സ്ത്രീ നിസ്സഹായയായി തിരിച്ചു പോകുന്നു.
ഇതിന്റെ ഏറ്റവും എക്സ്ട്രീം ആയ ഉദാഹരണം ആണ് നിഴൽ കുത്ത് എന്ന സിനിമയിൽ അവതരിക്കപ്പെട്ടിട്ടുളളത്. വിശ്വ സിനിമയിൽ പോലും അതി വിരളമായി മാത്രം കണ്ട് കിട്ടുന്ന അവസാന രംഗം. കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരു നിസ്സഹായൻ . അവൻ നിരപരാധിയാണ് എന്ന് പൂർണ ബോധമുള്ള ആരാച്ചാർ അവനെ കഴുമരത്തിലേറ്റാൻ പോകുകയാണ്. മിൽഗ്രാമിന്റെ പരീക്ഷണത്തിലെ നിസ്സഹായനായ ഒരു തൊഴിലാളി. മിൽഗ്രാം പറയുന്നത് അയാൾക്ക് മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യത ഇല്ല എന്നാണു. അയാളുടെ നീതി ബോധത്തിന് ഇവിടെ പ്രസക്തി ഇല്ല എന്നാണു. ഇവിടെ നിങ്ങള്ക്ക് പറയാം മിൽഗ്രാം പറഞ്ഞത് ശരിയോ തെറ്റോ എന്ന്. നിങ്ങൾ എന്ത് പറയും എന്ന് എനിക്ക് നന്നായി അറിയാം. അത് ഞാൻ ഇവിടെ പറയുന്നില്ല. ഒരു പക്ഷെ പടക്കളത്തിൽ ഒരു പടയാളിയും ഇതേ മനോഭാവം ഉള്ളവൻ ആയിരിക്കും. കാരണം തെറ്റ് ഒരിടത്തു മാത്രമേ ഉണ്ടാകൂ. അത് കൊണ്ട് നീതിയും. അപ്പോൾ അടൂരിന്റെ സിനിമയിൽ നമ്മൾ കാണുന്നത് രണ്ട് നിസ്സഹായരെ ആണ്. ഒന്ന് കുറ്റം ചെയ്യാതെ കഴുമരത്തെ അഭിമുഖീകരിക്കുന്ന ഒരു നിസ്സഹായൻ. മറ്റേതു കുറ്റം ചെയ്യാത്തവനെ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു ആരാച്ചാർ.
പക്ഷെ ആരാച്ചാരുടെ നീതി ബോധം, സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടു പ്രതിഷേധിക്കുകയാണ്. ഒരു പക്ഷെ ഫ്രം പറഞ്ഞതും ഒരു പരിധിവരെ ശരിയാണ്എന്ന് ഈ രംഗം തെളിയിക്കുകയാവാം