ഒരു ദേശത്തിന്റെ വളർച്ചയുടെ അളവുകോൽ അവിടത്തെ റോഡുകളാണെന്നു ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. പക്ഷെ കക്കൂസുകളുടെ കാര്യം അങ്ങനെ അല്ല. മനുഷ്യന്റെ മുന്നോട്ടെക്കുള്ള പരക്കം പാച്ചിലുകൾ ക്കിടയിൽ, ഒരു സഹയാത്രികനെ പോലെ എന്നെന്നും കൂടെ ഉണ്ടായിരുന്ന ഇവയെ കുറിച്ച്, അവയുടെ നാറ്റം കാരണമാണെന്ന് തോന്നുന്നു, സാന്ദർഭികമായി പൊലുമെങ്കിലും ഒന്ന് പരാമർശിക്കാൻ ഏതെങ്കിലും ബുദ്ധി ജീവികൾ തുനിഞ്ഞതായി കാണുന്നില്ല. കലാ കാലങ്ങളായി ഈ നിത്യോപയോഗ വസ്തുവിൽ വന്നു ചേർന്ന മാറ്റങ്ങളെ കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് മാത്രമാണ് താഴെ കൊടുത്തിട്ടുള്ളത് .
1954 ഇലാണ് ഞാൻ ജനിച്ചത്. ഏതൊരു ബാലനെയും പോലെ ഞാനും പ്രാരംഭ ഘട്ടത്തിലെ തൂറൽ നിർവഹിച്ചിരുന്നത്, കിടന്ന കിടക്കയിലോ, അല്ലെങ്കിൽ ചന്തിക്കടിയിൽ അമ്മ എന്ന സ്ത്രീ വച്ച് തന്നിരുന്ന കോളാംബികളിലോ ആയിരുന്നു. നടക്കാൻ പ്രായമായപ്പോൾ ഞങ്ങൾ വളപ്പിൽതൂറി കളായി പരിണമിച്ചു. അന്ന് സ്ഥലത്തെ തെരുവ് പട്ടികൾ, ഈ പ്രക്രിയയിൽ നമ്മെ അനുധാവനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ ഇന്നും ഓർക്കുന്നു. ചില സ്ഥലങ്ങളിൽ ഈ ജോലി പട്ടികൾക്കു പകരം പന്നികൾ ആയിരുന്നത്രെ ചെയ്തിരുന്നത്. അപ്പോഴൊക്കെയും പറമ്പുകളുടെ കോണുകളിൽ വലിയവർ ഇടക്കിടെ കയറി ഇറങ്ങി കൊണ്ടിരിക്കുന്ന ഒരു ചെറിയ മുറി ഞാൻ കാണാൻ ഇടയുണ്ടായിരുന്നെങ്കിലും, അവയെ കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായത് കുറച്ചു കൂടി വളർന്നപ്പോഴാനെന്നു തോന്നുന്നു. ആദ്യമായി ഞാൻ ഈ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ ഇതിനെ കുറിച്ച് മനസ്സിലാക്കിയത് ഇപ്രകാരമാവണം. ഉദ്ദേശ്യം നാല് ചതുരസ്സ്ര മീറ്റർ വിസ്തീര്ണ്ണം ഉള്ള ഒരു കുടുസ്സ് മുറി. ഉയര്ന്നു നില്ക്കുന്ന ഒരു പ്ലാറ്റ്ഫൊം. അതിന്റെ നടുവിൽ ഉദ്ദേശ്യം 20 സെന്റി മീറ്റർ പരിധിയുള്ള ഒരു ദ്വാരം. അതിന്റെ പാര്ശ്വ ഭാഗങ്ങളിൽ കുന്തിച്ചിരിക്കാൻ പാകത്തിൽ കാലുകളുടെ ഭാഗത്ത് രണ്ടു ചെറിയ ഉയർച്ചകൾ. ദ്വാരത്തിൽ നിന്ന് അടിയിലേക്ക് നോക്കിയാൽ കാണുന്നത് , ഉദ്ദേശ്യം ഒരു മീറ്ററോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന മണ്ണിൽ തീർത്ത കഞ്ഞിക്കലം പോലെ ഉള്ള ഒരു പാത്രമാണ്. നമ്മിൽ നിന്ന് പുറത്തേക്കു വമിക്കുന്ന വൃത്തികേടുകൾ സൂക്ഷിച്ചു വെക്കാൻ വേണ്ടി ആരോ അവിടെ കൊണ്ടു വച്ചിട്ടുള്ളത് പോലെ. ഈ കഞ്ഞിക്കലം ഇരിക്കുന്ന ഭാഗത്ത് പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു കവാടം ഉണ്ട്. അതിലൂടെ ആർക്കും ഈ പാത്രം എടുത്തു മാറ്റാവുന്നതും തിരികെ വെക്കാവുന്നതും ആണ്. ഇതിന്റെ പേര് കക്കൂസ് ആണെന്ന് പിന്നീട് മനസ്സിലായി.(കുക്കൂസ് എന്ന് വിളിക്കാതിരുന്നത് നന്നായി. വലിയ വീടുകളിലെ പല കുട്ടികളുടെയും വിളിപ്പേരുകൾ മാറ്റേണ്ടി വന്നേനെ). അക്കാലത്തൊക്കെയും കാലത്ത് ഈ മുറിയിലേക്ക് കയറിയാൽ ഞാൻ താഴോട്ടെക്ക് നോക്കും. പക്ഷെ എപ്പോഴും നമ്മുടെ കഞ്ഞി ക്കലം കാലിയായി കിടക്കുന്നു. ഇതൊക്കെ എന്ത് മറിമായം എന്ന് ചിന്തിച്ചു ചിന്തിച്ചു , ഒടുക്കം ഞാൻ ഒരു തീരുമാനമെടുത്തു. നമ്മൾ ഇടുന്ന അപ്പികൾ ഒക്കെയും രാവിലെ അപ്രത്യക്ഷം ആവുന്നതിൽ എന്തോ നാം അറിയാത്ത സൂത്രമുണ്ട്. അതെന്താണെന്ന് കണ്ടു പിടിക്കുക തന്നെ . അടുത്ത ദിവസം രാവിലെ ഞാൻ നേരത്തെ ഉണർന്നു. എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയാൻ പിന്നാമ്പുറത്ത് കാത്തിരുന്നു. ഉദ്ദേശ്യം ആറു മണിയായപ്പോൾ പിന്നിലെ വേലി കൾക്കിടയിൽ ഒരു ഇളക്കം. ഞാൻ ഭീതിയോടെ, ഓടാൻ പാകത്തിൽ കാത്തു നിന്നു. ചെടികൾ വകഞ്ഞു മാറ്റി, അതാ വരുന്നു ഒരു സുന്ദരിയായ സ്ത്രീ. കയ്യിൽ വലിയ ഒരു പാത്രവും ഉണ്ട്. വന്ന പാടെ അവർ അടുത്തുള്ള ഏതോ ചെടികളിൽ നിന്നു രണ്ടോ മൂന്നോ ഇലകൾ പറിച്ചെടുക്കുകയും , കക്കൂസ് ദ്വാരത്തിലേക്ക് കയ്യിട്ടു നമ്മുടെ പരിപാവനമായ കഞ്ഞി ക്കലം വലിച്ചെടുക്കുകയും ചെയ്യുന്നത് ഞാൻ ഉൾക്കിടിലത്തോടെ നോക്കി നിന്നു. വലിച്ചെടുത്ത കലത്തിലെ വസ്‌തുക്കൾ ഒക്കെയും, താൻ കയ്യിൽ കൊണ്ടു വന്ന വലിയ പാത്രത്തിലേക്ക് മാറ്റവേ അവർ എന്നെ കണ്ടു. 'എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നത്, കുറച്ചു വേണോ' അവർ ചോദിച്ചു. ഞാൻ അറുപ്പോടെ അവരെ നോക്കി. കുറെ കഴിഞ്ഞു ഞാൻ അച്ഛനോട് ചോദിച്ചു. 'അച്ഛാ, അവര് ഇതൊക്കെ എവിടെയാ കൊണ്ടു പോകുന്നത്'. അപ്പോൾ അച്ഛൻ പറഞ്ഞു ' അങ്ങ് ടൌണിൽ ഒരു കമ്പനി ഉണ്ട്. അവർ ഇതൊക്കെ കൊണ്ടു പോയി അവിടെ വച്ച് ഇതിനെ വെല്ലമാക്കി മാറ്റും'. അന്ന് അമ്മ കാപ്പി കൊണ്ടു വന്നപ്പോൾ ഞാൻ വേണ്ടാന്നു പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ' അതൊക്കെ അച്ഛൻ വെറുതെ പറഞ്ഞതാ. അവർ അത് അങ്ങ് ദൂരെ പെട്ടിപാലത്ത് ഒരു വലിയ കുഴിയിൽ ഇട്ടു മൂടുകയാ ചെയ്യുക ' എന്ന്. സമാധാനമായി.
ഒരിക്കൽ അച്ഛൻ വാങ്ങി തന്ന പുതിയ പേനയും കയ്യിൽ പിടിച്ചോണ്ടാണ് ഞാൻ തൂറാൻ പോയത്. അസുഖമായതോ കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു നമ്മുടെ തോട്ടിച്ചി രണ്ടു ദിവസമായി വരാറില്ലായിരുന്നു. കഞ്ഞി ക്കലം നിറഞ്ഞു തുളുമ്പി നിന്ന ആ നേരത്ത് അറിയാതെ എന്റെ പേന ദ്വാരത്തിലൂടെ താഴെ പോയി. വെള്ളപ്പൊക്കത്തിൽ ആർത്തിരമ്പി വരുന്ന ജല പ്രവാഹങ്ങളിൽ മുങ്ങിമരിച്ചു കൊണ്ടിരിക്കുന്ന ബന്ധുവിനെ പുഴക്കരയിൽ നിന്നു നിസ്സഹായരായി നോക്കി നില്ക്കുന്ന ബന്ധുക്കളെ പോലെ, ഞാൻ എന്റെ പെന്നിന്റെ താഴോട്ടെക്കുള്ള യാത്ര വേദനയോടെ നോക്കി നിന്നു.
1965 ഇൽ ആണെന്ന് തോന്നുന്നു (കൊല്ലം ശരിയാണോ എന്ന് അറിയില്ല) തലശ്ശേരിയിൽ ഫ്ലഷ് ഔട്ട് വിപ്ലവം ആരംഭിച്ചത്. മുനിസിപ്പാൾട്ടിക്കാര് വീട് വീടാന്തരം കയറി ഇറങ്ങി ഈ നവീന വിപ്ലവത്തിന്റെ ബീജങ്ങൾ ഓരോ വീട്ടുകാരനിലും പാകി. തല ചുമടായി മലം പേറി നടന്നിരുന്ന പലരോടും ഉള്ള അത്യഗാധമായ സ്നേഹം ഈ പ്രവൃത്തിയുടെ പ്രോദ് ഘാടകൻ മാരായ ഒരു പിടി മനുഷ്യരിൽ ഉണ്ടായിരുന്നിരിക്കണം എന്ന് ഞാൻ കരുതുന്നു. പണം ഇല്ലാത്തവന് പണം കൊടുത്തു പോലും തങ്ങളുടെ വിപ്ലവത്തെ മുന്നോട്ടു കൊണ്ടു പോകും എന്ന വാശിയിലായിരുന്നു അതിന്റെ മുന്നണി പോരാളികൾ. അങ്ങനെ തലശ്ശേരി മെല്ലെ മെല്ലെ ഫ്ലുഷ് ഔട്ട് കക്കൂസുകളുടെ നാടായി മാറിക്കൊണ്ടിരുന്നു. അന്നൊരു ദിവസം എന്റെ ചങ്ങാതിയായ കോമരം ചന്ദ്രൻ (പില്ക്കാലത്ത് കോമരാട്ടൻ എന്ന് എന്റെ മൂന്നു വയസ്സായ മകൾ ഇദ്ദേഹത്തെ സ്നേഹ ബഹുമാനത്തോടെ വിളിച്ചതും, അതിനു എനിക്ക് ചീത്ത കിട്ടിയതും ഞാൻ ഇത്തരുണത്തിൽ ഓര്ക്കുന്നു) എന്നോട് പറഞ്ഞു. 'ചാത്തുയെട്ടന്റെ വീട്ടിലെ പുതിയ കക്കൂസ് ഞാൻ കണ്ടെടാ . എന്തൊരു വൃത്തിയാ. വെണമെങ്കിൽ കേറി കിടക്കാം'. പോയി നോക്കിയപ്പോൾ എനിക്കും തോന്നി ശരിയാണെന്ന്.
വളപ്പിൽ തൂറികൾ, മുറിയിൽ തൂറികൾ ആയി പരിണമിക്കാൻ പിന്നെ അധികം കാലമൊന്നും വേണ്ടി വന്നില്ല. തിന്ന പാടെ തൂറ്റൽ വന്നിരുന്ന മനുഷ്യരെ സംബന്ധിച്ചെടത്തോളം അതൊരു വലിയ സൗകര്യം കൂടിയായിരുന്നു. അക്കാലത്തു നമ്മുടെ ചങ്ങാതി പോക്കറിന്റെ പെങ്ങളുടെ കല്യാണത്തിന്റെ സമയത്ത് പോക്കർ എന്നോട് പറഞ്ഞു 'എടാ, വീട്ടില് അറ്റാച്ച് വേണമെന്ന് ഓന്റെ ആൾക്കാർക്ക് നിര്ബന്ധം'. വരന്റെ വീട്ടുകാരുടെയും, പുതു പത്രാസുകാരുടെയും ഇത്തരം നിർബന്ധങ്ങൾക്കു മുൻപിൽ, നാട്ടുകാരുടെ മുൻപിൽ എന്നും ഒരു ചോദ്യ ചിന്നം പോലെയും, പില്ക്കാലത്ത് ഒരു അപമാനം പോലെയും നിന്നിരുന്ന പ്രാചീന പുറം കക്കൂസുകൾക്ക്, വീടുകളുടെ അറിയപ്പെടാത്ത ഉള്ളുകളിലേക്ക്, നാണം കുണുങ്ങിയായ ഒരു തരുണിയെ പോലെ ഒതുങ്ങി പ്പോകുകയല്ലാതെ മറ്റു നിവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല.
ആധുനിക ഗൃഹങ്ങൾ ആധുനിക മനുഷ്യരെ പോലെയാണ്. പുറമേ നിന്ന് നോക്കിയാൽ ഒരു മനുഷ്യന്റെ ഉളളിൽ എന്തെന്നു മനസ്സിലാക്കാൻ ആവാത്തത് പോലെ, ആധുനിക ഗൃഹങ്ങൾക്ക് മുൻപിൽ നില്ക്കുന്ന ഒരാള്ക്കും പറയാനാവില്ല അതിന്റെ ഉളളിൽ എത്ര കക്കൂസുകൾ ഉണ്ടെന്നു.
സമീപ കാലത്ത് നമ്മുടെ വിരെചനാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് ഞാൻ ഇവിടെ വിസ്തരിക്കുന്നില്ല. വീടിന്റെ അഭിമാന സ്തംഭങ്ങൾ പോലെ നില നില്ക്കുന്ന ഇവക്കു വേണ്ടി ചിലവാകുന്ന പണം എത്രയെന്നു വീട് ഉണ്ടാക്കുന്ന ഓരോരുത്തര്ക്കും അറിയാം.
ഞാൻ ഇവിടെ പറഞ്ഞ ചരിത്രത്തിൽ, നാം ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിര്ബന്ധിക്ക പ്പെട്ട ഒരു പിടി മനുഷ്യരുടെ വേദനകൾ ഉണ്ട്. പക്ഷെ അവർ ഒരിക്കലും അത് തങ്ങളുടെ വേദനകൾ ആണെന്ന് അറിഞ്ഞിരുന്നെ ഇല്ല. പുതിയ തലമുറയിലെ കുട്ടികൾക്ക്, ഇങ്ങനെ ഒരു അത്ബുധ സംഭവം നമ്മുടെ നാട്ടിൽ മുൻപ് നടന്നിരുന്നു എന്ന് പോലും അറിയില്ല. ചരിത്ര സംഭവങ്ങളുടെ ഇടക്കിക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകളിലൂടെ മാത്രമെ ചരിത്രം ആവര്ത്തിക്കുന്നത്, ഒരു പരിധി വരെ തടയാൻ ആവൂ.
ഞങ്ങളെ വൃത്തിയോടെ പുലർത്താൻ വേണ്ടി, വൃത്തി ഹീനരായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു പിടി മനുഷ്യരുടെ ഓർമ്മകൾക്കു മുൻപിൽ ഞാൻ ഇത് സമര്പ്പിക്കുന്നു
No comments:
Post a Comment