Thursday, 30 April 2015

വിദ്യാഭ്യാസ സിനിമ

മാണി ടാകീസിൽ എ സിനിമ കണ്ടു, മണ്ടോടി പുറത്തിറങ്ങിയത് നേരെ തുരപ്പൻ കേളുവിന്റെ മുന്നിൽ.  നല്ല ആളുടെ മുന്നിലാണ് പോയി പെട്ടത്.  ഇന്ന് പൊടി പൂരം തന്നെ. അമ്മയോട് ഈ ദുഷ്ടൻ എന്തൊക്കെയാണ് പോയി പറഞ്ഞു കൊടുക്കുക എന്ന് പറയാൻ പറ്റില്ല.

വീട്ടില് എത്തി അമ്മയെ ചുറ്റി പറ്റി നടന്നു.  ആദ്യമേ ഡിഫൻസീവ് ആകുന്നതു അപകടം കുറക്കുന്നതിനു നല്ലതാണ്.  പക്ഷെ രക്ഷയില്ല.  തുരപ്പൻ അവന്റെ വീട്ടിലേക്കു പോകുന്നതിനു പകരം നേരെ ഇങ്ങോട്ടാണ്‌ വരുന്നത്.  വന്നപാടെ സംസാരം തുടങ്ങി.  ഏതു സംഭാഷണവും അമ്മയുടെ ആരോഗ്യം ചോദിച്ചു കൊണ്ടാണ് തുടങ്ങുക.  അടി വാങ്ങിച്ചു തരാനുള്ള മിനുസമുള്ള ചന്തി പരുവപ്പെടുത്തി  എടുക്കാനുള്ള ഒരു തരം തടവൽ.

എന്താ കൌസു അമ്മെ സുഖം തന്നെ അല്ലെ

ആ ഒരു വിധം സുഖം തന്നെ .

ഇപ്പോൾ സിനിമാക്കൊന്നും  പോകാറില്ലേ (മണ്ടോടി അപകടം മണത്തു)

ഓ . എന്ത് സിനിമ.  മനോരമ ആഴ്ചപതിപ്പ് വായിക്കാൻ തന്നെ ഇവിടെ നേരമില്ല

ഓ. അല്ലെങ്കിലും നിങ്ങൾക്ക് എന്തിനു സിനിമ.  സിനിമയ്ക്കു പോകേണ്ടവർ ഒക്കെ കൃത്യമായി സിനിമയ്ക്കു പോകുന്നുണ്ടല്ലോ.

കേളു എന്താ അങ്ങനെ പറഞ്ഞത്.

ഓ. ഒന്നുമില്ല. കുട്ടികള് ചങ്ങായിമാരുടെ കൂടെ സിനിമയൊക്കെ കാണുന്നുണ്ടാകും എന്ന് ഉദ്ദേശിച്ചു പറഞ്ഞതാണ്

ഓ അതൊക്കെ സാധാരണ അല്ലെ.

അതൊക്കെ സാധാരണയാണ്.  പക്ഷെ കുപ്പായമിടാത്ത പെണ്ണുങ്ങളുള്ള സിനിമ കാണുന്നതാണ് സാധാരണമല്ലാത്തത്

മണ്ടോടി (ആത്മഗതം) പെണ്ണുങ്ങൾക്ക്‌ കുപ്പായമില്ല എന്ന് പറയാൻ ഇയാള് സിനിമ കണ്ടിട്ടുണ്ടോ.

അമ്മ:  അതെന്താ കേളു അങ്ങനെ പറഞ്ഞത്.

ഒന്നുമില്ല . മോനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.  ഇന്നത്തെ മാറ്റിനി കണ്ടു കഴിഞ്ഞു നേരെ വന്നു വീണത്‌ എന്റെ മുന്നിലായതു നന്നായി. അല്ലെങ്കിൽ ഇത് ഇനിയും എത്ര കാലം തുടരും എന്ന് പടച്ചോൻ കണ്ടു.

മണ്ടോടി (ആത്മഗതം): ഇനി എന്നെ കൊണ്ടു സിനിമ കാണിക്കില്ല എന്ന് ശപഥം ചെയ്തിട്ടാണ് തുരപ്പൻ ഇങ്ങോട്ട് വന്നത് എന്ന് ഉറപ്പു

അമ്മ:  എടാ ഇങ്ങോട്ട് വന്നു എന്റെ മുന്നില് നിൽക്ക്. ഞാൻ ഈ കേട്ടത് നേരാണോ. നീ മോശം സിനിമകൾ ഒക്കെ കാണാറുണ്ട്‌ എന്ന്.

അയ്യോ അമ്മെ . മോശം സിനിമയൊന്നും അല്ല.  ഇയാള് വെറുതെ പറയുന്നതാ.  കുപ്പായമില്ല എന്ന് പറയാൻ ഇങ്ങേരു സിനിമ കണ്ടിട്ടുണ്ടോ (കേളുവിനെ നോക്കി)

കേളു: ഞാൻ സിനിമ കണ്ടിട്ടൊന്നും ഇല്ല.  പക്ഷെ പോസ്റ്റർ കണ്ടാൽ അറിയില്ലേ.

പോസ്ടറിൽ അങ്ങനെ പലതും കാണും. അതൊന്നും സിനിമയിൽ കാണണം എന്നില്ല.  പോരാത്തതിന് നല്ല ആർട്ട്‌ സിനിമ ആയിരുന്നു.

(അമ്മ അപ്പോഴേക്കും വടി എടുത്തു രണ്ടു പൊട്ടിച്ചു കഴിഞ്ഞിരുന്നു)

അമ്മ: ഇനി നീ ഇങ്ങനത്തെ ഒരു ആർട്ട്‌ സിനിമ കണ്ടു എന്ന് അറിഞ്ഞാൽ ഇതിന്റെ ബാക്കി അന്ന് മേടിക്കും.  കേളു ടൌണിൽ തന്നെ ഉള്ളത് നന്നായി.  ഇവനെ ശരിക്കും ശ്രദ്ധിക്കണം.

അപ്പോൾ ഇനി ഒരു സിനിമയും കാണേണ്ട എന്നാണോ. (മണ്ടോടി കരഞ്ഞു കൊണ്ടു ചോദിച്ചു)

കേളു: സിനിമ കാണേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.  കുട്ടികള് കാണേണ്ട എന്തൊക്കെ സിനിമകൾ ഉണ്ട്.  സിനിമ എന്നാൽ ഒരു തരം വിദ്യാഭ്യാസമാണ്.  അങ്ങനെ ഉള്ള സിനിമകളെ കാണാൻ പാടുള്ളൂ.  എ സിനിമ എന്നാൽ പതിനെട്ടു കഴിഞ്ഞവർക്ക് മാത്രമുള്ളതാണ്. ഞാൻ പോലും അത്തരം വൃത്തി കേടുകൾ കാണാറില്ല.

മണ്ടോടി യുടെ എ സിനിമാ സ്വപ്‌നങ്ങൾ അതോടെ അവസാനിച്ചു എന്ന് കരുതിയതാണ്.  പക്ഷെ ഇല്ല .  ഒരു സുപ്രഭാതത്തിൽ മാണി ടാകീസിന്റെ മുന്നിൽ പോസ്റ്റർ.  "കാൻസറും ലൈംഗിക രോഗങ്ങളും'. ചങ്ങായി പാച്ചുവിനെ പരതി ഉടൻ നടന്നു.  കണ്ടപാടെ ചോദിച്ചു.

വരുന്നോടാ.  മാണി ടാകീസിൽ ഒരു വിദ്യാഭ്യാസ സിനിമ ഉണ്ട്.

പാച്ചു : ഞാൻ കണ്ടു. അത് വെറും എ ആടാ . ഞാൻ ഒന്നും കൂടെ കാണാൻ വരുന്നു.  നീ അമ്മയോട് സമ്മതം എടുത്തോ.

ഇതാ ഇപ്പം സമ്മതം എടുത്തിട്ട് വരാം.

മണ്ടോടി വീട്ടിലേക്കു ഓടി പോയി.

അമ്മാ. മാണി ടാകീസിൽ ഒരു വിദ്യാഭ്യാസ സിനിമ വന്നിട്ടുണ്ട്. കാണാൻ പോയിക്കോട്ടെ.

വിദ്യാഭ്യാസ  സിനിമ ആണെങ്കിൽ എന്നോട് ചോദിക്കുകയോന്നും വേണ്ട. ധൈര്യമായി പോയിക്കോ.

Wednesday, 29 April 2015

ഉപകരണ സംഗീതം

എനിക്ക് സംഗീതത്തെ കുറിച്ച് ഒന്നും അറിയില്ല.  ഞാനും സംഗീതവും തമ്മിലുള്ള ബന്ധം,  ഞാൻ ഒരു നല്ല കേൾവിക്കാരൻ ആണെന്നുള്ളത്‌ മാത്രമാണ്.  അതും കേൾക്കുമ്പോൾ മാതം. സംഗീതം കേൾക്കാനായി മാത്രം,  ഈ അടുത്ത കാലത്ത് ഞാൻ ഒരു പരിപാടിക്കും പോയിട്ടില്ല. ചാനലുകളിൽ ആര് പാട്ട് പാടിയാലും ഞാൻ കേൾക്കാറില്ല.  ഒരു പരിധി വരെ എനിക്ക് വായ്പ്പാട്ട് ഇഷ്ടമല്ല എന്ന് വേണമെങ്കിൽ പറയാം.

ഈ അടുത്ത കാലത്ത് എന്നെ വളരെ അധികം ചലിപ്പിച്ചത് സിനിമകളിലെ പാശ്ചാത്തല സംഗീതങ്ങൾ ആണ്.  വർഷങ്ങൾക്കു മുൻപ് എലിനി എന്ന സംഗീതജ്ഞയുടെ 'അച്ഛന്റെ ഗീതം' ആഞ്ചലോ പൗലോസ്‌ എന്ന സിനിമാക്കാരന്റെ ലാൻഡ്‌ സ്കേപ് ഇൻ ദി മിസ്റ്റ് എന്ന സിനിമയിൽ ആദ്യമായി കേട്ടനേരം ഞാൻ വല്ലാതെ വികാര ഭരിതനായി പോയി.  ആ സംഗീത ശകലം ആ രംഗത്തോടൊപ്പം കേൾക്കാൻ വേണ്ടി ഞാൻ ഈ സിനിമ നൂറോളം പ്രാവശ്യം കണ്ടു.  അതിശയോക്തിയാനെന്നു ധരിക്കരുത്. സത്യമാണ്.  പിന്നെ എന്നെ ആകര്ഷിച്ച മറ്റൊരു സംഗീത ശകലമായിരുന്നു  ദെൽ ടോറോ എന്ന സിനിമാക്കാരന്റെ  'പാൻസ്‌ ലാബിരിന്ത്' എന്ന സിനിമയിലെ താരാട്ട്.  മുൻപ് പറഞ്ഞത് പോലെ ആ രംഗം കാണാൻ വേണ്ടി മാത്രം ഞാൻ പ്രസ്തുത സിനിമയും നൂറിൽ അധികം തവണ കണ്ടു.  അങ്ങനെ എത്ര എത്ര സംഗീത ശില്പങ്ങൾ.  അവയൊക്കെ കാണുമ്പോൾ എനിക്ക് തോന്നുക,  രംഗത്തിനു അനുയോജ്യമായ പാശ്ചാത്തല സംഗീതം സൃഷ്ടിച്ചു എന്നല്ല, മറിച്ച്,  സംഗീതത്തിനു അനുയോജ്യമായ രംഗം സൃഷ്ടിച്ചു എന്നാണു.  രംഗങ്ങൾ ഏതൊക്കെയോ സംഗീതത്തിന്റെ ദ്രിശ്യവല്ക്കരണം ആണെന്ന് തോന്നി പോകുന്ന സമയങ്ങൾ.  സത്യം പറഞ്ഞാൽ ഇന്ന് സിനിമയിൽ എന്നെ ഏറ്റവും അത്ബുധപ്പെടുതുന്ന  ഭാഗം അതിന്റെ സംഗീതം തന്നെയാണ്.  സംഗീതത്തിന്റെ ഈ കഴിവ് അപഗ്രതിക്കാൻ എനിക്ക് അറിയില്ല.  എന്ത് കൊണ്ടു ഒരു പ്രത്യേക താളത്തിലോ, രാഗത്തിലോ, നമ്മുടെ കർണ്ണങ്ങളിൽ പതിക്കുന്ന ശബ്ദങ്ങൾ നമ്മെ വല്ലാത്ത ഒരു സ്ഥിതിയിൽ ആക്കി  കളയുന്നു.  ആർക്കെങ്കിലും അത് അപഗ്രതിക്കാൻ പറ്റുമോ. മാത്രവുമല്ല എല്ലാവർക്കും ഉണ്ടാകുന്ന വികാരം എന്നിലെത് തന്നെ ആകുമോ.  'വെരോനിക്കയുടെ രണ്ടു ജന്മങ്ങൾ ' എന്ന കിസ്ലോ വിസ്കി സിനിമയിൽ,  വെറോനിക്ക ഒരു സ്റെജിൽ കയറി പാട്ട് പാടുകയാണ്.  ഗാനത്തിന്റെ ഏതോ ഒരു ദശയിൽ അത് ഒരു വായ്പ്പാട്ട് എന്ന നില വിട്ടു കേവലം ഒരു ഉപകരണ സംഗീതം പോലെ എനിക്ക് അനുഭവപ്പെടുന്നു.  സംഗീതത്തിന്റെ ഉത്തുംഗതയിൽ വെറോനിക്ക ആ വേദിയിൽ വീണു മരിക്കുന്നു.  എന്ത് കൊണ്ടു വെറോനിക്ക തന്റെ സംഗീതത്തിലൂടെ ഒരു ഉപകരണത്തെ അനുകരിക്കാൻ ശ്രമിച്ചു.  എന്ത് കൊണ്ടു ഈ ഉദ്യമത്തിൽ വെറോനിക്ക മരിച്ചു വീഴുന്നു.  ഇതിന്റെ അർഥം എന്തെന്ന് ഞാൻ ഇപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്. വായ്പ്പാട്ടിന് ഉപകരണ സംഗീതത്തോട്‌ കിടപിടിക്കാനാവില്ലേ.  മറ്റെല്ലാ ഇടങ്ങളിലും എന്ന പോലെ ഇവിടെയും യന്ത്രങ്ങൾ മനുഷ്യനെ പരാജയപ്പെടുതുന്നുവോ.

ഭാഷ സംഗീതത്തെ വികലമാക്കുന്നുണ്ടോ. കൂക്ക് വിളിയുടെ സൌന്ദര്യം ചീത്ത വിളിക്ക് ഇല്ല എന്നാണോ.


 ref ; The landscape in the mist (theoangelo poulos).  Music – Eleni  karaindrou
         The double life of Veronique (Krysztof  Kieslowski),  Music - Zbigniew Preisner
          Pans labyrinth (Guillermo del toro) -  music -  Javier Navarette


Sunday, 26 April 2015

WHAT YOU READ, WAS NOT WHAT THE WRITER HAD SEEN

When you are writing  something , you are seeing something in front of you –in the case of a journalist – and puts it in black and white,  or seeing something in your mind – in the case of a poet or a story teller – and again makes a hard copy of it in paper.  In other  words, a direct visual image is converted into a codified visual format.  At the receiving end,  a reverse process takes place, the first becoming the last, and last becoming the first. That is,  you are seeing something in a codified format in front of you, and converts it again into another direct  visual image.  The process is somewhat  similar to the functioning  of an old telephone.   First you speaks something into the mouth piece, which forces the diaphragm to vibrate, which in turn creates a situation in which a carbon packed cavity with varying density is formed which converts the incoming electric current into a vibrating electric impulse, which passes through a wire to the receiving end, where it creates again a vibration in the carbon cavity, which again vibrates another diaphragm making a similar sound.  What originated as a human voice is now converted into a machine voice, which you misunderstand   as the sound of your friend or foe.  Actually that is the case with the former also, where you presume that, what you now read in the paper was the piece that the writer had seen and presented before you.  No.  it was only similar, not the same.  Falsification of the truth occurs to a greater of lesser extend in both cases  and so,  as in the case of the telephonic sound, when repeated and repeated transformations takes place, it become simply a noise, so in the case of an image, passing through many hands becomes something meaningless.  The story of a death, becomes the story of a birth at the final stage if it was transmitted through one’s mouth.  So a writer or a reader is always in a better position, because, in the case of the former or latter, both of them view the same image, and the conversion is always first hand, whereas when your mouth intervenes, the extend of falsification becomes great, because at every step of this transformation, the image is distorted or falsified , to make it more and more illegible.  So, oral representation of an incident tend to be more false than a newspaper story. 

WHAT YOU READ, WAS NOT WHAT THE WRITER HAD SEEN 

WHAT YOU HEARD, WAS  NOT WHAT THE  VIEWER HAD VIEWED   

Saturday, 25 April 2015

വില കൂടിയ അനുഗ്രഹങ്ങൾ

1.

ഭഗവതി ക്ഷേത്രത്തിൽ ഭയങ്കര തിരക്കായിരുന്നു. അനുഗ്രഹത്തിന് വേണ്ടി ആയിരക്കണക്കിന് പേര് ക്യു നില്കുന്നു. വീട്ടു കാര് അനുഗ്രഹമൊക്കെ വാങ്ങിച്ചതിന് ശേഷം നമുക്ക് അങ്ങ് ദൂരെ എത്താനുള്ളതാണ്. എന്താണ് വഴിയെന്നു ആലോചിച്ചു നിന്നപ്പോൾ ഭഗവതിയുടെ ശിങ്കിടി ആയ ഒരാള് എന്റെ മുന്നിലൂടെ കടന്നു പോയി. ഞാൻ അയാളെ വിളിച്ചു എന്റെ പ്രയാസം അയാളുടെ ചെവിയിൽ ഓതി. 

അപ്പോൾ അയാള് പറഞ്ഞു . 'ഒരു അഞ്ഞൂറ് മണീസ് ഉണ്ടെങ്കിൽ കാര്യം ഉടൻ ശരിയാക്കാം'

ഞാൻ ഓ കെ പറഞ്ഞു.

എന്നാൽ നിങ്ങള് അങ്ങ് ദൂരെ കാണുന്ന ആ തെങ്ങിന്റെ ചോട്ടിൽ കുടുംബ സമേധം പോയി നിന്നോ. ബാക്കി ഞാൻ ശരിയാക്കാം.

ജനങ്ങൾക്ക്‌ അനുഗ്രഹങ്ങൾ കൊടുത്തു കൊണ്ടു നില്കുകയായിരുന്ന ഭഗവതിക്ക് പെട്ടന്ന് ഒരു ഭാവ മാറ്റം വന്നത് ജനങ്ങൾ ശ്രദ്ധിച്ചു. ഭഗവതി ഉറഞ്ഞു തുള്ളി കമ്പി വേലി ചാടി കടന്നു ഓടുന്നത് കണ്ടു ജനങ്ങളൊക്കെ കരുതി ലോകത്ത് എന്തൊക്കെയോ അപകടങ്ങൾ സംഭവിക്കുകയാണെന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഭഗവതി നേരെ നമ്മൾ നില്ക്കുന്ന തെങ്ങിന്നു അടുത്തേക്ക് വന്നു എല്ലാവരെയും അനുഗ്രഹിച്ചു , തുള്ളി കൊണ്ടു തിരിച്ചു പോയി. ജനങ്ങള് വിചാരിച്ചു ഭഗവതി ദിവ്യ ദ്രിഷ്ടിയിൽ പരിപാവനമായ മണ്ടോടി കുടുംബത്തിലെ മനുഷ്യര് നിരാലംബരായി നില്കുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരിക്കണം. പക്ഷെ, അഞ്ഞൂറ് മണീസിനു ഭഗവതിയേക്കാൾ ശക്തിയുണ്ടെന്ന് ഈ ലോ ക്ളാസ് മണ്ടോഡീസ് ആദ്യമായി മനസ്സിലാക്കിയത് അന്നാണ്.



2. 
തലശ്ശേരിയിൽ നിന്ന് വളരെ ദൂരെ ഉള്ള ഭഗവതി ക്ഷേത്രത്തിൽ ഒരിക്കൽ ഞാനും വീട്ടുകാരും പോയി. അവിടെ ആയിരക്കണക്കിന് പേർ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുന്നത് ഞാൻ വരിയിൽ നില്കാതെ അടുത്തു നിന്ന് കാണുകയായിരുന്നു. അപ്പോൾ ഏതോ ഒരു ദമ്പതികൾ എന്തോ അനുഗ്രഹം വാങ്ങിയിട്ട് അമ്പതു രൂപ ഭഗവതിയുടെ കയ്യിൽ കൊടുത്തു.

അപ്പോൾ ഭഗവതി പറയുകയാണ്‌ 'ഒരു അമ്പതും കൂടെ എടുക്കു' എന്ന്.

നൂറു രൂപയുടെ അനുഗ്രഹം വാങ്ങിയിട്ട് അമ്പത് രൂപ കൊടുത്തത് ചെറ്റത്തരം തന്നെയാണ്


Friday, 24 April 2015

ഒരു പിന്തിരിപ്പന്റെ ഉപദേശങ്ങൾ

സ്വയം പിന്തിരിപ്പൻ എന്ന് വിളിച്ച സ്ഥിതിക്ക് ഇനി ആരും എന്നെ കയറി പിന്തിരിപ്പൻ എന്ന് വിളിക്കുമെന്ന് പേടിക്കാനില്ല.
നമ്മുടെ ചെറുപ്പകാലത്ത് അതായത് 1960 -70 കാലഘട്ടത്തിൽ ഇവിടെ കാൻസർ രോഗികൾ ആരെങ്കിലും ഉള്ളതായി എനിക്ക് ഓർമ്മയില്ല. അഥവാ ഉണ്ടായിരുന്നാൽ തന്നെ അത് വളരെ വളരെ വിരളമായിരിക്കാനാണ് സാധ്യത. 1970 മുതൽ ഇന്ന് വരെ ഉള്ള കാലഘട്ടത്തിൽ ഈ രോഗം ഇത്രയും മാരകമായി വ്യാപിക്കാൻ ഇടയായതെന്തു എന്ന് പഠിച്ചവർ ഒക്കെയും പറഞ്ഞത് അക്കാലത്തിനു ഇടയിൽ ഇവിടെ നിലവിൽ വന്ന ജീവിത ശൈലീ മാറ്റമാണ് അതിന്റെ കാരണം എന്നത്രെ. പക്ഷെ അത് മാത്രമാണോ നമ്മുടെ ലോകത്ത് വന്ന മാറ്റം. അല്ല തന്നെ. അതിലും വലിയ ഒരു മാറ്റം ഇവിടെ ഉണ്ടായത് നമ്മള് തീരെ ശ്രദ്ധിക്കാതെ പോയി. പരിശോധനാ രീതികളിൽ വന്ന മാറ്റമാണ് ഞാൻ ഉദ്ദേശിച്ചത്. പണ്ട്‌, രോഗ ഗ്രസ്തനായി കിടക്കയിൽ കിടന്നവൻ മാത്രമേ എന്തെങ്കിലും പരിശോധനകൾക്ക് വിധേയനായിരുന്നുള്ളൂ. പക്ഷെ ഇന്ന് സംഗതി ആകെ മാറി. നല്ല ആരോഗ്യത്തോടെ റോഡിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ അടുത്ത ദിവസം ദുംഖിതനായി തലയും താഴ്ത്തി നടന്നു പോകുന്നു. വെറുതെ നടത്തിയ വാര്ഷിക പരിശോധനയിൽ അദ്ദേഹം ഏതോ മാരക രോഗത്തിന് അടിപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു . ഈ പരിശോധന ന്യായീ കരിക്കാവുന്നതാണോ എന്നതാണ് എന്റെ പിന്തിരിപ്പൻ ചോദ്യം. പിന്തിരിപ്പനായ എന്റെ ഉത്തരം ഇതാണ്. തീരെ ന്യായീകരിക്കാൻ പറ്റില്ല എന്ന് തന്നെ.
അണുവിനെ കീറി മുറിക്കുന്ന രീതിയിലുള്ള ഇന്നത്തെ പരിശോധനാ രീതി ശരിയാണോ. ഇനിയും നമ്മുടെ ശാസ്ത്രം പുരോഗമിച്ചാൽ ഇന്നത്തെ പരിശോധനാ രീതിയിൽ രോഗം കണ്ടെത്താൻ വിട്ടു പോയവനെ കൂടി രോഗിയായി മാറ്റാൻ അതിനു കഴിയില്ലേ. തീര്ച്ചയായും കഴിയും. കാരണം നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പരിശോധനാ രീതികൾ ഇനിയും പൂർണ്ണമായിട്ടില്ല എന്ന് അതിന്റെ കച്ചവടക്കാര് പറഞ്ഞു നടക്കുന്നുണ്ട്. അപ്പോൾ നമ്മളൊക്കെ ഇന്നും രോഗികൾ അല്ലാത്തത് നമ്മുടെ ഉള്ളിലെ രോഗങ്ങൾ കണ്ടു പിടിക്കാൻ കഴിവുള്ള അത്യാധുനിക സാമഗ്രികൾ ഇനിയും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ടു മാത്രമാണ്. നമ്മുടെ വലിയച്ചന്മാര്ക്ക് കാൻസർ ഇല്ലാതിരിക്കുവാനുള്ള അനേകം കാരണങ്ങളിൽ ഒന്ന് അതായിരിക്കാനും സാധ്യതയുണ്ട്. പക്ഷെ നമ്മുടെ വലിയച്ചന്മ്മാരോക്കെ വളരെ കാലം ആരോഗ്യത്തോടെ ജീവിച്ചു വൃധരായി മരിച്ചു.
നമ്മൾ ഇന്ന് ലോകത്ത് കാണുന്ന മിക്ക രോഗങ്ങളുടെയും ബീജങ്ങൾ ഏതൊരു ആരോഗ്യവാന്റെ ശരീരത്തിലും കണ്ടെത്താൻ പറ്റും എന്നും, അത് കൊണ്ടു അയാളെ രോഗിയായി കണക്കാക്കരുതെന്നും പല പ്രശസ്ത ഡോക്ടർ മാറും പറഞ്ഞു കഴിഞ്ഞു. രോഗങ്ങൾക്ക് സ്വയം ഇല്ലാതാകാനുള്ള പ്രവണത ഉണ്ട്. അതല്ലെങ്കിൽ ഏതൊരു രോഗവും അതിന്റെ പ്രാരംഭ ദശയിൽ നമ്മുടെ ശരീരത്തിനുള്ളിൽ വച്ച് തന്നെ ഇല്ലാതായി പോകുന്നു. രോഗം വന്നതോ പോയതോ നാം അറിയുന്നെ ഇല്ല. ചുരുക്കം ചില രോഗങ്ങൾ മാത്രമേ ചില മനുഷ്യരുടെ ശരീരത്തിൽ  കാല ക്രമേണ മാരകമായി തീരുന്നുള്ളൂ.  ചില രോഗങ്ങൾ മാരകമാകുന്ന സമയം കൊണ്ടു ഒരു വ്യക്തി വാർധക്യത്തിൽ എത്തിപ്പെടാനും സാധ്യതയുണ്ട്. നമ്മൾ പരിശോധനക്ക് വിധേയമാകുന്ന ഒരു വര്ഷ കാലത്തിനിടക്ക് ചില രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുകയും, അതെ പോലെ ഇല്ലാതാകുകയും ചെയ്തിരിക്കാം . പക്ഷെ നാം അത് അറിയുന്നില്ല. പക്ഷെ നാം അത് അറിയുന്നു എങ്കിൽ നാം അതിനെ ചികിത്സിക്കുന്നു. സ്വയം ഇല്ലാതായി പോകുന്ന ഒരു രോഗത്തിനെ നമ്മൾ മരുന്ന് കൊടുത്തു ആക്രമിക്കുകയാണ്. അത് ഒരു തരത്തിൽ നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിന് തുല്യമായി തീരുന്നു. പലപ്പോഴും രോഗങ്ങൾ മൂര്ചിക്കുന്നതിന്റെ ഒരു കാരണം അത് കൂടി ആവാം.
(വർത്തമാന കാലത്ത് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിൽ നിന്ന് കടമെടുത്തതാണ് മേൽ പറഞ്ഞ കാര്യങ്ങൾ. ഇതിനെ കുറിച്ച് ഭിന്നങ്ങളായ അഭിപ്രായങ്ങൾ വായനക്കാര്ക്ക് ഉണ്ടാകാം. പക്ഷെ എന്റെ വീടിനടുത്ത് പത്തു കൊല്ലം കാൻസർ ഉണ്ടെന്നു അറിയാതെ ജീവിച്ച ഒരു സ്ത്രീ ഉണ്ട്. അവർ രോഗം കണ്ടെത്തി ചികില്സിച്ചതിനു ശേഷം രണ്ടു മാസം കൊണ്ടു മരിച്ചു. ഇത്തരം അനുഭവങ്ങൾ നിങ്ങള്ക്കും ഉണ്ടാകാം. പങ്കു വെക്കുക.)

Wednesday, 22 April 2015

ജീവിതത്തിൽ തോറ്റു പോകുന്ന കുട്ടികൾ

വിദ്യാഭ്യാസം എന്നത് ഒരു പരീക്ഷയിൽ കിട്ടുന്ന കുറെ മാർക്കുകൾ മാത്രമാണെന്ന് നമ്മൾ വിശ്വസിക്കുന്നു.

നമ്മുടെ നാട്ടിൽ ഏതൊരു അപകടം ഉണ്ടാകുമ്പോഴും ആദ്യം അവിടെ ഓടി എത്തുന്നത്‌ എഴുത്തും വായനയും അറിയാത്ത ചാത്തുവാണ്.  അപകടത്തിന്റെ   ഫോട്ടോ പിടിക്കാനാണെന്നു നിങ്ങൾ ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.  ചാത്തുവിനു ഒരു മൊബൈൽ പോലും ഇല്ല.  വിദ്യാഭ്യാസം ഉള്ളവരോക്കെയും അപകടത്തിന്റെ കരയിൽ കാഴ്ചക്കാരായി നിൽക്കുമ്പോൾ  അവിടെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരിൽ ഭൂരി ഭാഗവും അശിക്ഷിതർ ആയ ഗ്രാമീണർ ആണ്.   എന്ത് കൊണ്ടു നമ്മുടെ വിദ്യാഭ്യാസം നമ്മുടെ മനുഷ്യ സ്നേഹത്തിനു വിലങ്ങു തടിയായി നിൽക്കുന്നു എന്നോ, എന്ത് കൊണ്ടു നമ്മുടെ വിദ്യാഭ്യാസം കവർച്ചക്കാരെ സൃഷ്ടിക്കുന്നു എന്നോ ചോദിക്കാൻ,  പരീക്ഷാ വിജയങ്ങളുടെ ഈ വെപ്രാളങ്ങൾക്കിടയിൽ നാം മറന്നു പോകുന്നു.

നമ്മുടെ വിദ്യാഭ്യാസം ഒരു തരത്തിൽ പൂർണ്ണ പരാജയമാണ്.  മനുഷ്യനെ പുനർ സൃഷ്ടിക്കുന്ന കാര്യത്തിൽ.  പണ്ടു എന്തോ ഒരു പാട്ടുകാരൻ പാടിയത് 'ഹിന്ദുവിനെ കണ്ടൂ , മുസൽമാനെ കണ്ടൂ, കൃസ്ത്യാനിയെ കണ്ടു... പക്ഷെ മനുഷ്യനെ മാത്രം കണ്ടില്ല എന്നാണെങ്കിൽ, ഞാൻ പാടാൻ ആഗ്രഹിക്കുന്നത് ഇങ്ങനെ ആണ്...  എഞ്ചിനീയർ റെ കണ്ടു, ഡോക്ടറെ കണ്ടു,  അധ്യാപകനെ കണ്ടു.... പക്ഷെ മനുഷ്യനെ മാത്രം കണ്ടില്ല എന്ന്.

ഏതൊരു വിദ്യാഭ്യാസവും നമ്മളെ പഠിപ്പിക്കേണ്ടത് പലതും അറിയുവാനും , അറിഞ്ഞതിൽ ജീവിക്കാനും ആണ്.  സ്നേഹം വിദ്യാഭ്യാസം ആകുന്നതു അത് പഠിക്കുമ്പോളല്ല പഠിച്ചു ജീവിക്കുംബോഴാണ്.  വിദ്യാഭ്യാസത്തിന്റെ ആവശ്യം സഞ്ചരിക്കുന്ന നിഘണ്ടു കളെ സൃഷ്ടിക്കുക അല്ല.  ജീവിതത്തിൽ പരാജിതൻ വിജയി ആകുന്നതും, വിജയി , പരാജിതനാകുന്നതും, നമ്മൾ നമ്മുടെ മുന്നില് കാണുന്നത് അത് കൊണ്ടാണ്.

ഇവിടെ ബുദ്ധിമാനായ കുട്ടി , ക്വിസ് പരിപാടിയിൽ എല്ലാ ഉത്തരവും പറയുന്നവൻ ആണ്.  അങ്ങനെ ഉള്ള ഒരു കുട്ടിയോട് ഒരിക്കൽ ഞാൻ ചോദിച്ചു 'മോനെ നിന്റെ അച്ഛന്റെ പേരെന്താണ് ' എന്ന്.  കുട്ടിക്ക് പെട്ടന്ന് ഉത്തരം പറയാൻ പറ്റിയില്ല.  അവനോടു ഞാൻ ചോദിച്ചു  പത്തു ഗണിതം പത്തു എത്രയാണ് എന്ന്.  അവൻ ഉടനെ അവന്റെ കീശയിൽ നിന്ന് ഏതോ ഒരു യന്ത്രം വലിച്ചെടുത്തു അതിൽ നോക്കി ഉത്തരം തന്നു.  ഇത് പക്ഷെ വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണെന്ന് ഞാൻ പറയുന്നില്ല.  പടി പടി ആയി മനുഷ്യന്റെ കഴിവുകൾ യന്ത്രത്തിന് അടിയറവു പറയേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  നമ്മുടെ ഓർമ്മ ശക്തി നാം കമ്പ്യൂട്ടർ ഇന് അടിയറവു പറഞ്ഞു, കണക്കു കൂട്ടാനുള്ള കഴിവ് മറ്റൊരു യന്ത്രത്തിനും.  നന്മകൾ ഒക്കെയും ദൈവ വിഗ്രഹത്തിനു അടിയറ വച്ച്, വിഗ്രഹത്തെ പൂജിക്കുന്നതിനു സമാനമായ പ്രവർത്തിയാണ് ഇത്.  ഭാവിയിലെ മനുഷ്യന് തലയുടെ ആവശ്യമില്ല എന്ന് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് സത്യമാണ് എന്ന് തോന്നുന്നു.

നമ്മൾ നമ്മുടെ വിദ്യാഭ്യാസത്തെ പുനർ ക്രമീകരിക്കേണ്ടി ഇരിക്കുന്നു.  മത്സരങ്ങളും മത്സര പരീക്ഷകളും ഇവിടെ ഒഴിവാക്കുക തന്നെ വേണം. ശരിക്കും താല്പര്യമുള്ള കുറച്ചു പേര് മാതമാണ് ഇന്ന് ലോകത്തെ നയിക്കുന്നത് എന്ന സനാതന സത്യം നാം മറന്നിരിക്കുന്നു.  ഭാഷ, സാമാന്യ ഗണിതം, എന്നിങ്ങനെ ഉള്ള അടിസ്ഥാന വിദ്യാഭ്യാസത്തിൽ കവിഞ്ഞൊന്നും തന്നെ ഒരു സാധാരണക്കാരന് ആവശ്യമില്ല.  അവൻ ഒരു ശാസ്ത്രഞ്ഞൻ ആവുന്നു എങ്കിൽ ആ വഴിക്ക് നീങ്ങുക അല്ലാതെ , എല്ലാവരും അവനെ വെറുതെ  അനുധാവനം ചെയ്യേണ്ട കാര്യമില്ല.  

കോണ്ടം മെക്കാനിക്സും , വെറും കോണ്ടവും അഥവാ മണ്ടോടിയെ കാണാനില്ല

കോണ്ടം മെകാനിക്സ്, ഊര്ജ തന്ത്രത്തിലെ ഒരു പ്രധാന കണ്ടു പിടുത്തമായിരുന്നെങ്കിൽ, വെറും കോണ്ടം ദാമ്പത്യ ശാസ്ത്രത്തിലെ ഒരു എടുത്തു ചാട്ടം തന്നെ ആയിരുന്നു.  കോണ്ടം മെകാനിക്സ് അതിന്റെ പഠിതാക്കളിൽ കാര്യമായ ആലോസരങ്ങളൊന്നും സൃഷ്ടിച്ചില്ല എങ്കിലും,   ഒരു സാദാ കോണ്ടം അതിന്റെ ഉപഭോക്താക്കളിൽ അത്യധികം മാനസിക പിരി മുറുക്കങ്ങൾ സൃഷ്ടിച്ചിരുന്നു എന്നതാണ് സത്യം.  വിപണന കേന്ദ്രങ്ങളിൽ അതിന്റെ ആവശ്യക്കാർ എന്നും രണ്ടാം തരം പൌരന്മാർ തന്നെ ആയിരുന്നു.  ഒരു നിയമാനുസൃത പ്രവൃത്തി പാത്തും പതുങ്ങിയും ചെയ്യേണ്ടി വരുന്ന  ഒരു പൌരന്റെ ഗതികേട്  നിങ്ങൾക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ.  ഒന്ന് രണ്ടു പെണ്‍ കുട്ടികൾ മരുന്ന് വാങ്ങാൻ നിന്ന ഒരു മരുന്ന് ഷാപ്പിൽ വച്ച് മണ്ടോടി വളരെ പതുക്കെ തന്നെയാണ് പറഞ്ഞത് 'ഒരു പാക്കറ്റ്  നിരോധു വേണം' എന്നത് .  പക്ഷെ ആ മരുന്നെടുത്ത്കൊടുപ്പ്കാരൻ എന്ന ദുഷ്ടൻ അത് ഉറക്കെ പ്രഖ്യാപിച്ചു കളഞ്ഞു 'ഇതാ ഇവിടെ ഒരു പാക്കറ്റ് നിരോധു കൊടുത്തേക്കു ' എന്ന്.  കേട്ട് നിന്ന പെണ്‍ കുട്ടികൾ ഒരു വൃത്തി കേട്ട ജീവിയെ നോക്കുന്നത് പോലെ മണ്ടോടി യെ നോക്കി.  'ഇവനെ കണ്ടാൽ അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.  ഇനി ഈ പണിക്കു ഞാനില്ല എന്ന് മണ്ടോടി മനസ്സില് തീരുമാനിച്ചതാണ്.

പക്ഷെ 1986 ഡിസംബർ പത്താം തീയ്യതി , തനിക്കു പതിവായി ഈ സാധനം വില്ക്കുന്ന തന്റെ സുഹൃത്തായ ബാലൻ തന്റെ പീടിക പൂട്ടിയത് കണ്ടു മണ്ടോടി ഞെട്ടി പോയി.ഒരു ദിവസം കാത്തു നിൽക്കാനുള്ള സാഹചര്യങ്ങൾ ആയിരുന്നില്ല അന്ന് ലോകത്ത് .   ഇനി എന്താ ചെയ്യുക എന്റെ മുത്തപ്പാ. മണ്ടോടി മനസ്സില് പറഞ്ഞു.   പക്ഷെ ഭക്തന്റെ എന്ത് പ്രശ്നവും ഉടൻ അറിയുന്ന മുത്തപ്പൻ മണ്ടോടി യുടെ വിളി കേട്ട്.  അതാ ബസ്‌ സ്റ്റാന്റിന്റെ അടുത്തു ആളൊഴിഞ്ഞ ഒരു പീടിക. സാധനം എടുത്തു കൊടുക്കാൻ ഒരു വൃദ്ധൻ മാത്രം. ചാടി അവിടെ കയറി ആരെങ്കിലും കയറി വരുന്നതിനു മുൻപേ മണ്ടോടി ചോദിച്ചു

'മൂഡ്‌സ് ഉണ്ടോ' .

ആ ഉണ്ട് . എത്ര എണ്ണം വേണം.

ഒരു പാക്കറ്റ്.

വൃദ്ധൻ അലമാരയിൽ തിരയാൻ തുടങ്ങി.  മൂഡ്‌സ് എന്ന് വായ കൊണ്ടു പതുക്കെ ഉരുവിടുന്നത് മണ്ടോടി ക്ക് വ്യക്തമായി കാണാം.   പുള്ളിക്ക് സംഗതി എന്താണ് എന്ന് അറിയില്ല എന്ന് തോന്നുന്നു.

'ഇവിടെ ഉണ്ടാകാതിരിക്കില്ല.  എന്താ പേര് പറഞ്ഞത് മൂഡ്‌സ് എന്ന് തന്നെയല്ലേ.'  അയാള് ഒരിക്കൽ കൂടി മണ്ടോടി യോട് ചോദിച്ചു ഉറപ്പു വരുത്തി

അതെ.

ഞാൻ ഒന്ന് കൂടി ഇവിടെ നോക്കട്ടെ.  നമ്മള് ഇവിടെ സാധനങ്ങളൊക്കെ അടക്കി വക്കുന്നത് അവയുടെ ഉപയോഗത്തിന്റെ ക്രമം അനുസരിച്ചാണ്.  പല്ല് തേക്കുന്ന സാധനങ്ങള ഒരു വശത്ത്.  ബാത്ത് റൂം കഴുകുന്ന സാധനങ്ങൾ ഒരു വശത്ത് , ഇങ്ങനെ. അപ്പൊ ചോദിക്കട്ടെ ഇങ്ങള് പറഞ്ഞ സാധനം എന്തിനുള്ളതാണ്.

കിഴവൻ തല ഉയർത്തി നോക്കിയപ്പോൾ മണ്ടോടി യെ കാണാനില്ല.

Tuesday, 21 April 2015

നമ്മുടെ വിദ്യാഭ്യാസം

നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രീതികൾ തികച്ചും പരിതാപകരമാണ് എന്ന് പറയാതെ നിവൃത്തിയില്ല. ബ്രിറ്റീഷു കാരന്റെ വിദ്യാഭ്യാസ രീതി തന്നെയാണ് നാം ഇന്നും പിന്തുടരുന്നത്.  ഈ വിദ്യാഭ്യാസം ഇവിടെ ഇട്ടേച്ചു പോയ സായിപ്പ് തന്റെ നാട്ടിൽ അത് പൂര്ണ്ണമായും ഒഴിവാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു.   പ്രാഥമിക വിദ്യാഭ്യാസത്തിൽ കുട്ടികൾ പഠിക്കേണ്ടത് പ്രധാനമായും ഭാഷ കൈ കാര്യം ചെയ്യാനാണ്.  ഇവിടെ ഉള്ള വേദനാജനകമായ പരമാർത്ഥം എന്തെന്നാൽ ഭൂരി ഭാഗം അദ്ധ്യാപകര്ക്ക് പോലും ഭാഷ ശരിയായ രീതിയിൽ കൈ കാര്യം ചെയ്യാൻ അറിയില്ല എന്നതാണ്.  ഭാഷ ശരിക്ക് കൈകാര്യം ചെയ്യാൻ അറിയാതെ നാം നടത്തുന്ന ഏതു പഠനവും അപൂർണ്ണമായിരിക്കും.  കോളേജിൽ പഠിക്കുന്ന കാലത്ത് ശാസ്ത്ര വിഷയങ്ങൾ മുഴുവൻ ആംഗലേയത്തിൽ പഠിക്കേണ്ടി വന്ന നമുക്ക് അത് ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  മലയാളം ഭാഷയിലായിരുന്നു അത് പഠിച്ചിരുന്നത് എങ്കിൽ കുറെ കൂടെ നന്നാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.  പിന്നെ എല്ലാവരും എല്ലാം പഠിച്ചു സർവ കലാ വല്ലഭരായി തീരണം എന്ന ആഗ്രഹം അങ്ങ് മാറ്റി വെക്കുന്നതാവും നല്ലത്.  അടിസ്ഥാന ഗണിതവും ശാസ്ത്രവും ഒക്കെ എല്ലാ കുട്ടികളും പഠിക്കുന്നത് മനസ്സിലാക്കാം.  പക്ഷെ അറ്റത്തിന്റെ ഘടനയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഒരു ബാങ്ക് ക്ലാർകിനു ആവശ്യമില്ല.  അവൻ അത് വെറുതെ പഠിക്കുന്നത് പൊതുമുതൽ വ്യര്തമാക്കുന്നതിനെ ഉതകുകയുള്ളൂ.  ആ സമയത്ത് രണ്ടു നോവലുകൾ വായിച്ചിരുന്നു എങ്കിൽ അവന്റെ ഭാഷയെങ്കിലും നന്നായി പോകുമായിരുന്നു.   നമ്മുടെ അധ്യാപകരിൽ ഭൂരി ഭാഗവും  കുട്ടികളെ പഠിപ്പിക്കാനുള്ള പാഠ ഭാഗങ്ങൾ ഒഴിച്ച് മറ്റൊന്നും അറിയാത്തവരാണ് എന്ന് ഞാൻ എന്റെ അനുഭവത്തിലൂടെ മനസ്സിലാക്കുന്നു.  ഒരു അദ്ധ്യാപകൻ എന്നത് വായനാ ശീലത്തിലൂടെ ലോകത്തെ കുറിച്ചുള്ള തന്റെ അറിവുകൾ വര്ധിപ്പിച്ചു കൊണ്ടെ ഇരിക്കുകയും,  ആ അറിവുകൾ വിദ്യാര്തികളിലേക്ക് പകര്ന്നു കൊണ്ടിരിക്കുകയും ചെയ്യണം.  അധാപക വിധ്യാര്തി ബന്ധം ദിനമിക് ആയിരിക്കണം.  ഞാൻ യജമാനനും വിദ്ധ്യാർത്തി അടിമയും ആണെന്നുള്ള പഴയ കാല ചിന്താഗതികൾ പാടില്ല തന്നെ.  വിദ്ധ്യാര്തിയിൽ നിന്ന് തനിക്കും പലതും പഠിക്കാനാവും എന്ന് അദ്ധ്യാപകൻ അറിയണം.  നമ്മളൊക്കെ ഭാഷ ശരിയായ രീതിയിൽ കൈ കാര്യം ചെയ്യാൻ പഠിച്ചത് സ്കൂളുകളിലോ കോളേജ് കളിലോ വച്ചല്ല എന്നുള്ളതാണ് പരമാർത്ഥം.  അതിൽ വര്ത്തമാന പത്രങ്ങൾക്കും പുസ്തകങ്ങൾക്കും വലിയ പങ്കുണ്ട്.

അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിന്റെ ആവശ്യം അനേകം പുസ്തകങ്ങളിലെ അറിവുകൾ ഒരു വിധ്യാര്തിയുടെ ഉള്ളിലേക്ക് ചെലുത്തുകയല്ല . മറിച്ചു അവന്റെ അഗാധതകളിൽ ഗുപ്തമായിട്ടുള്ള കഴിവുകൾ മുഴുവൻ പുറത്തേക്കു കൊണ്ടു വന്നു സമൂഹത്തിനു മുതൽ കൂട്ടുക എന്നുള്ളതാണ്.  പക്ഷെ ഇന്നത്തെ വിദ്യാഭ്യാസം  നടന്നു പോകുന്ന നിഘണ്ടു സൃഷ്ടിക്കുന്ന പ്രവർത്തിയാണ്.  ക്വിസ് പരിപാടികളിൽ വേഗം ഉത്തരം പറയുന്നവനാണ് ഇന്നത്തെ ബുദ്ധി ജീവി.   അവനെ കൊണ്ടു സമൂഹത്തിനു കാര്യമായ ഗുണം ഒന്നും ഇല്ലെന്നും, അവൻ ചെയ്യുന്നത് ഒരു കമ്പ്യൂട്ടർ ഇന്റെ പ്രവര്ത്തി മാത്രമാണെന്നും നാം അറിയണം.

Sunday, 19 April 2015

നമ്മുടെ വൃദ്ധ സദനങ്ങൾ

വൃദ്ധ സദനങ്ങളെ കുറച്ചാണ് നമ്മിൽ പലരും വേവലാതി പെടുന്നത്. കുറെ കൂടെ വ്യക്തമായി പറഞ്ഞാൽ വൃദ്ധ സദനങ്ങളിലേക്ക് തള്ളപ്പെടുന്ന മാതാ പിതാക്കളെ കുറിച്ച്.  സ്വന്തം വീടുകളിൽ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ ജീവിക്കുന്ന മാതാ പിതാക്കളുടെ വേദനകളെ കുറിച്ച് ഇവരാരും ചിന്തിക്കുന്നില്ല എന്ന് ഞാൻ സംശയിക്കുന്നു.  ഞാൻ ഒരു വൃദ്ധ സദനത്തിന് വളരെ അടുത്തു താമസിക്കുന്ന മനുഷ്യനാണ്.  അവിടെ ഉള്ള വൃദ്ധർക്ക് ഉറ്റവർ കൂടെ ഇല്ല എന്നുള്ള പ്രയാസം ഉണ്ട് എന്നുള്ളത് നേരാണ്.  പക്ഷെ അവര്ക്ക് മറ്റു തരത്തിലുള്ള ഭീകരതകൾ ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം .  ഇതിനേക്കാൾ പരിതാപ കരമായ ചുറ്റുപാടുകളിൽ സ്വന്തം വീട്ടില് ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയെ എനിക്ക് അറിയാം. മകനും ഭാര്യയും ജോലിക്ക് പോയാൽ ആ സ്ത്രീ തനിച്ചാകും.  നടക്കാൻ പോലും പ്രയാസമായ അവർ വളരെ കഷ്ടപ്പെട്ടാണ്‌ ദൈനം ദിന കാര്യങ്ങൾ നടത്തി പോകുന്നത്.  ഒരു പ്രാവശ്യം അവർ ബോധ രഹിതയായി വീണപ്പോൾ ആരും സംഭവം അറിഞ്ഞു കൂടി ഇല്ല.  പുറത്തേക്കു ഇറങ്ങി നടന്നേക്കും ഉള്ള ഭയം കൊണ്ടു വീട് പൂട്ടിയാണ് മക്കൾ ജോലിക്ക് പോകുന്നത്.

വീട് എന്നത് ജോലിക്ക് പോകുന്ന ഭര്ത്താവ് ഭാര്യ, പഠിക്കാൻ പോകുന്ന മക്കൾ, പിന്നെ വൃദ്ധയായ അമ്മ, അച്ഛൻ എന്ന രീതിയിൽ ചുരുങ്ങി വരുമ്പോൾ വൃദ്ധരെ പരിചരിക്കാൻ ബന്ധുക്കൾ ഇല്ലാതിരിക്കുന്നത് സ്വാഭാവികമാണ്.  അല്ലെങ്കിൽ അതിനു മാത്രമായി ഒരു ജോലിക്കാരിയെ ഏര്പ്പാട് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകണം.  അത് തന്നെയാണ് മിക്കയിടങ്ങളിലും സംഭവിക്കുന്നത്‌.  വൃദ്ധ സദനങ്ങളിലേക്ക് കൊണ്ടു പോയി തള്ളുന്നതിനു പകരം വീട് ഒരു വൃദ്ധ സാധനമാക്കി മാറ്റുക.  മക്കൾ അടുത്തുണ്ട് എന്നുള്ള ഒരു സമാധാനം മാത്രം. ഇന്നത്തെ ഈ അണു കുടുംബ ചുറ്റുപാടുകളിൽ ഇത്രയോക്കയെ നമുക്ക് പ്രതീക്ഷിക്കാൻ പറ്റൂ .

എല്ലാവരും  വീടിനു  പുറത്തു പോയി ജോലി  ചെയ്യണം  എന്ന നിര്ബന്ധം  വച്ച്  പുലര്ത്തുന്ന  ഒരു പരിതസ്ഥിതിയിൽ  വൃദ്ധർക്ക് ഇത്രയൊക്കെ  പ്രതീക്ഷിക്കാനുള്ളൂ .  ഇന്നും  നമ്മുടെ  ഗ്രാമങ്ങളിൽ  ഇത്തരം  വൃദ്ധ സദന  പ്രശ്നങ്ങൾ  ഒന്നും ഇല്ല എന്ന് നാം  ശ്രധിക്കേണം .  ഒരിക്കൽ  എന്റെ  ഒരു സുഹൃത്ത്‌  പറഞ്ഞു . അമേരികയിൽ  ഇന്ന്  കുട്ടികളെ  അമ്മമാര്  താലോലിച്ചു  വളര്തുന്നില്ല . പകരം  ആയമാരും  മറ്റും  വീട്ടില് വന്നാണ്  അക്കാര്യം  നിർവഹിക്കുന്നത് .  അമ്മ ചിലപ്പോൾ വേറൊരു  വീട്ടില്  ആയയായി  ജോലിക്ക്  പോയിരിക്കും .  ഇത് ഒരു തരത്തിൽ വൃഥാ വ്യയം തന്നെയല്ലേ.

നമ്മുടെ അമ്മയെയോ   അച്ഛനെയോ  നമ്മൾ  മാത്രമേ  സ്നേഹിക്കുകയുള്ളൂ  എന്നുള്ള ഒരു മുൻ വിധി  വച്ച് കൊണ്ടാണ്  നാം വൃദ്ധ   സദനങ്ങളെ എതിർക്കുന്നത് .  എല്ലാവരും എല്ലാവരെയും സ്നേഹിക്കും എന്നുള്ള രീതിയിൽ സമൂഹം  പരിവർത്തന പ്പെട്ടു  പോയെങ്കിൽ  നമ്മൾ വൃദ്ധ സദനങ്ങളെ ഇത്ര  ഏറെ   ഭയപ്പെടുക  ഇല്ലായിരുന്നു  എന്ന് ഞാൻ കരുതുന്നു .   റോഡിൽ തളർ വാദം പിടി പെട്ട് വീണു പിടഞ്ഞ ഒരു തെരുവ് പട്ടിയെ എന്റെ അയല്ക്കാരി കഴിഞ്ഞ ഒരു വര്ഷമായി ശുശ്രൂഷിക്കുന്നു.  ഇത്തരത്തിൽ ഇരു  കാലി മൃഗങ്ങളോട്  പോലും കരുണ  കാണിക്കുന്ന  ജനങ്ങള്  ഉള്ള സമൂഹത്തിൽ വൃദ്ധ സദനങ്ങൾ  അത്ര  ഏറെ  ഭയപ്പെടേണ്ട  സ്ഥാപനങ്ങൾ  ആണോ .  അല്ല  തന്നെ .  അപ്പോൾ  വൃദ്ധ സദനങ്ങൾ  എന്നത് വര്ത്തമാന  പരിതസ്ഥിതികളിൽ  ഉദയം  ചെയ്ത  അസഹിഷ്ണുതയുടെ  ഘനീഭവിച്ച  ഒരു ബിംബം  മാത്രമാണ് .  സമൂഹത്തില സ്നേഹം  തിരിച്ചു  വരുന്നതിലൂടെ  മാത്രമേ നമുക്ക് ഇതിനൊരു  പരിഹാരം  കണ്ടെത്താൻ  കഴിയുകയുള്ളൂ .  സ്നേഹം  സംഗീതം  പോലെ ആസ്വദിക്കുന്ന  സമൂഹത്തിൽ വൃദ്ധ സദങ്ങൾ  ഭീതി  പ്പെടുത്തുന്ന  സ്ഥാപനങ്ങൾ  ആകാൻ  ഇടയില്ല .  വൃദ്ധ സദനങ്ങളെ എതിർക്കുന്നവർ  ആരും കുട്ടികള്ക്ക്  വേണ്ടിയുള്ള  ഡേ  കെയർ  ഭാവനങ്ങളെ  എതിര്ക്കുന്നില്ല ..

Saturday, 18 April 2015

സ്ത്രീ സമത്വ വാദം

സ്ത്രീ സമത്വ വാദം ആത്യന്തികമായി ഇന്നത്തെ വ്യവസ്ഥാപിത കുടുംബ വ്യവസ്ഥയെ തകർക്കും എന്ന് ഞാൻ ആത്മാര്തമായി വിശ്വസിക്കുന്നു.  പക്ഷെ അത് ഒരു പോരായ്മയാണോ.  നമ്മുടെ ഇന്നത്തെ ഈ കുടുംബ വ്യവസ്ഥിതി എല്ലാ കാലവും നില നില്ക്കും എന്ന് ആരാണ് നമ്മളോട് പറഞ്ഞത്.  ആരും പറഞ്ഞില്ല. നമ്മൾ സ്വയം അത് തീരുമാനിച്ചതാണ്.  വർത്തമാന കാല രീതിയിലുള്ള കുടുംബ ബന്ധങ്ങൾ സ്ത്രീ സമത്വത്തിനു വിരുദ്ധമാണ് എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.  സ്ത്രീ സമത്വ വാദത്തെയോ, അല്ലെങ്കിൽ സ്ത്രീ ശാക്തീകരണത്തെയോ നമ്മുടെ സമൂഹം ചെറുത്തു തോല്പ്പിക്കാൻ ശ്രമിക്കുന്നത് ,  മാറ്റങ്ങൾക്കു നേരെ ഏതൊരു സമൂഹവും എല്ലാ കാലവും പുലര്ത്തി പോന്ന നെഗറ്റിവ് ചിന്താഗതി കൊണ്ടു മാത്രമാണ്.  .  അതിൽ നിന്ന് മനസ്സിലാകുന്നത്‌ സ്ത്രീ സമത്വ വാദത്തെ കുറിച്ചുള്ള ചിന്താഗതികൾ ലോകത്ത് എല്ലായിടത്തും ഒരു പോലെ അല്ല എന്നാണു.  പുരുഷൻ ഇന്നും സ്ത്രീയുടെ സ്വാതന്ത്ര്യത്തിൽ അമിതമായി കൈ കടത്തുകയും, അത് തന്റെ അവകാശമാണെന്ന് ധരിക്കുകയും ചെയ്യുന്നു.  സ്ത്രീ അതിനെ ശക്തമായി എതിരിടുമ്പോൾ സ്വാഭാവികമായും അത് കുടുംബ ബന്ധം എന്ന വ്യവസ്ഥിതിയുടെ തകര്ച്ചയിലേക്ക് നയിക്കുന്നു.  പക്ഷെ അത് കൊണ്ടു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങൾ അവസാനിച്ചു പോകുന്നില്ല.  അത് മറ്റു പല പല ഗ്രൂപ്പ്‌ രീതിയിൽ തുടർന്ന് കൊണ്ടെ ഇരിക്കും.  ഏത് രീതിയിലാണ് അത് പരിണമിച്ചു വരിക എന്ന് നമുക്ക് പ്രവചിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  പാശ്ചാത്യന്റെ സ്വഭാവങ്ങൾ പൌരസ്ത്യന്റെ സ്വഭാവങ്ങളെ അല്ല എന്നുള്ള നമ്മുടെ ധാരണ തെറ്റാണ്.  മറ്റെല്ലാ കാര്യത്തിലും പാശ്ചാത്യനെ അനുകരിക്കുന്ന നാം സംസ്കാരത്തിന്റെ കാര്യത്തിൽ മാത്രം അവനെ തഴഞ്ഞു കളയും എന്ന് വിശ്വസിക്കുന്നതിൽ ശാസ്ത്രീയത ഇല്ല.  അവന്റെ ഇന്നത്തെ ജീവിത രീതി നമ്മുടെ നാളത്തെ ജീവിത രീതിയാണ്.  മണിക്കൂറുകളുടെ വ്യത്യാസങ്ങൾ മാത്രമേ അവ തമ്മിൽ ഉള്ളൂ.

സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹ ബന്ധങ്ങളുടെ അനേകം സാധ്യതകളിൽ ഒന്ന് മാത്രമാണ് കുടുംബം.  കുടുംബമായി ജീവിക്കുന്ന നമുക്ക് പോലും അറിയാം നമ്മുടെ കുടുംബ വ്യവസ്ഥിതിക്കു പരിമിതികൾ ഏറെ ഉണ്ടെന്നു. നമ്മുടെ കാലഘട്ടത്തിൽ തന്നെ ഈ കുടുംബ വ്യവസ്ഥിതി ഭാകികമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്.  പരസ്പര സ്നേഹവും സഹവർതിത്വവും സ്വഭാവമായ കാലത്ത് ഇവിടെ കൂട്ട് കുടുംബം നിലനിന്നു.  മനുഷ്യനെ സ്വാര്തത കീഴടക്കിയപ്പോൾ കൂട്ട് കുടുംബങ്ങൾ തകര്ന്നു ഇന്നത്തെ രീതിയിൽ ഉള്ള ന്യൂക്ലിയസ് കുടുംബങ്ങൾ ഉത്ഭവിച്ചു.  മനുഷ്യൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എല്ലാ കാലവും ഉപയോഗിക്കില്ല.  അവൻ വീഞ്ഞ് തന്നെ മാറ്റിയേക്കും.  കുറെ കൂടെ മാനുഷികമായ ബന്ധങ്ങൾ മനുഷ്യനും മനുഷ്യനും ഇടയിൽ ഉയര്ന്നു വന്നേക്കാം.  അത്തരം മാറ്റങ്ങളുടെ ബീജങ്ങൾ യുവ തലമുറയിൽ കാണുന്നത് സ്വാഭാവികമാണ്.

സ്ത്രീ സമത്വ വാദം സമൂഹത്തിലെ മാറ്റത്തിന് വേണ്ടിയുള്ള ഒരു വിലാപമാണ്‌.  അത് വർത്തമാന കാല സമൂഹത്തെ ഇതേ രീതിയിൽ മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ള ഒരു ചെപ്പടി വിദ്യ മാത്രമാണ് എന്ന് ധരിക്കുന്നത് ശരിയല്ല.

ദൂര കാഴ്ച

ഞാൻ ഇന്ത്യയിൽ വളരെ കുറച്ചു സംസ്ഥാനങ്ങളിലൂടെ മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ.  യാത്ര ചെയ്ത കര്ണാടക, തമിൾ നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ അനുഭവം വച്ച് പറയുകയാണെങ്കിൽ അവിടങ്ങളിൽ നമ്മുടെ കേരളത്തിൽ നിന്ന് വ്യത്യസ്തമായി കണ്ടത്,  നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കൃഷി ഭൂമികളും,  കുറെ ഏറെ വ്യവസായ ശാലകളും മാത്രമാണ്.  നമ്മുടെ ഫേസ് ബൂകിലും മറ്റും പാടി പുകഴ്ത്തുന്ന രീതിയിലുള്ള റോഡുകൾ കണ്ടു എങ്കിലും അവയൊക്കെ ഒരു നിയമം എന്നതിനേക്കാൾ അത്യന്തം വിരളമായ സംഭവങ്ങൾ മാത്രമാണ് എന്നത്രെ  എനിക്ക് തോന്നിയത്.  കേരളത്തിലെ റോഡുകലെക്കാൾ പരിതാപകരമായ റോഡുകൾ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.  ഗുജറാത്തിനെ കുറിച്ചുള്ള ഫേസ് ബുക്ക്‌ വാർത്തകൾ വായിച്ചു കോൾമയിർ  കൊണ്ടു അവിടെ എത്തിയ ഒരു സുഹൃത്ത്‌ പറഞ്ഞത്,  ഫേസ് ബുക്കിൽ കാണിച്ചതൊക്കെ കണ്ടെത്താൻ കുറെ ഒക്കെ അലഞ്ഞു നടക്കേണം എന്ന് തോന്നിയത് കൊണ്ടു അതിനൊന്നും മിനക്കെട്ടില്ല എന്നാണു.  എല്ലാ സംസ്ഥാനങ്ങളിലെയും പട്ടണങ്ങൾ ബ്യുറ്റി പാർലറിൽ  കയറി ഇറങ്ങിയ സുന്ദരിയെ പോലെ തന്നെയാണ്.  പക്ഷെ ഗ്രാമങ്ങളുടെ സ്ഥിതി അത്യന്തം പരിതാപകരമാണ് എന്ന് അനുഭവസ്തർ പറയുന്നു.  കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വൃത്തി പല സ്ഥലത്തും കണി കാണാൻ കിട്ടില്ല.  തമിൾ നാട്ടിൽ ചില ഇടങ്ങളിൽ മഴയത്ത് റോഡിൽ ഇറങ്ങി നടന്നാൽ കാലു മുറിക്കേണ്ടി വരും.  വിശാഖിൽ പുതു മഴ കണ്ടു ആവേശം കൊള്ളുന്നവർ ഒക്കെയും ചളി മഴയില കുളിച്ചു കൊണ്ടു നടക്കേണ്ടി വരും.

കുന്നിന്റെ മുകളിൽ നിന്ന് താഴേക്കു നോക്കുമ്പോൾ താഴ്വാരം അതി സുന്ദരം എന്ന് തോന്നും.  പക്ഷെ താഴ്വാരത്തിലെ ഒരു ചെറ്റ കുടിലിനു മുന്നിൽ എത്തുമ്പോഴാണ് നമുക്ക് അതിനുള്ളിലെ ദീന വിലാപം കേൾക്കാൻ പറ്റുക.  നമ്മൾ ഇന്ന് ഈ ലോകത്തെ കാണുന്നത് അന്യരുടെ കണ്ണ്കളിലൂടെയാണ്‌ . നേരിട്ടുള്ള കാഴ്ച ഭീതിതമായിരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

നമ്മുടെ പൊങ്ങച്ചങ്ങൾ

ഇത്രയും കാലമായുള്ള നമ്മുടെ ജീവിതം മുഴുവൻ അന്യ മതക്കാരിൽ നിന്നുള്ള ഒരു തരം അടിച്ചു മാറ്റലുകൾ മാത്രമായിരുന്നു. നമ്മുടെ ചുറ്റിലും എവിടെ തിരിഞ്ഞാലും സായിപ്പിന്റെ സാധനങ്ങൾ. ഇതാ ഇവിടെ തന്നെ നോക്കുക. ഈ കമ്പ്യൂട്ടർ, അതിന്റെ സ്പീകർ, കുറെ സ്വിച്ചുകൾ, ഫാൻ, ബാത്ത് റൂമിലെ യുറോപിയൻ കക്കൂസ്, ടാപ്പ്‌ , ബൾബ്‌, ഇസ്തിരിപ്പെട്ടി, ടീ വീ, ഫ്രിജ്, അടുക്കളയിലെ മിക്സി, ഗ്രയിന്ടെർ, വാഷിംഗ്‌ മെഷിൻ, പുറത്തു കാറ്, ബസ്സ്, തീവണ്ടി, വിമാനം, അപ്പുറത്ത് ഒരു ബുൽ ഡോസർ , പുഴയിൽ ഒരു ബോട്ട്, മൊബൈൽ ഫോണ്‍, എ സീ, തയ്യൽ മെഷിൻ , ............. ഇനിയും എന്തൊക്കെ. എന്തിനധികം ഞാൻ ഇപ്പോൾ ഇവിടെ ഒരു വര വരക്കാൻ എടുത്ത ബാൾ പോയിന്റ്‌ പെൻ പോലും ഏതോ ഒരു അന്യ മതക്കാരൻ നമുക്ക് വേണ്ടി കണ്ടു പിടിച്ചു തന്നതാണ്. നമുക്ക് ആകെ പറയാനുള്ളത് നമ്മുടെ പുരാണങ്ങളിൽ വിമാനത്തിന്റെയും, കമ്പ്യൂട്ടർ ന്റെയും കഥകൾ ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നു. ആയിരം ഇങ്ങോട്ട് തരുമ്പോൾ ഒന്നെങ്കിലും അങ്ങോട്ട്‌ കൊടുക്കേണ്ടേ. നമ്മുടെ ആചാരങ്ങളെങ്കിലും അവര് നമ്മിൽ നിന്ന് അനുകരിച്ചോട്ടെ. ഒന്നുമില്ലെങ്കിൽ നമുക്ക് പറഞ്ഞു നടക്കുകയെങ്കിലും ചെയ്യാമല്ലോ. ഇവിടെയും അനുകരിക്കാൻ പറ്റിയ ചിലതൊക്കെ ഉണ്ടെന്നു.


Thursday, 16 April 2015

തലശേരിയും കൊലപാതകങ്ങളും

തലശേരിയിലെ കൊലപാതകങ്ങളെ കുറിച്ച് കോട്ടയക്കാരനായ ഒരു സുഹൃത്തിനോട്‌ സംസാരിച്ചപ്പോൾ അവൻ പറഞ്ഞു, കൊലപാതകങ്ങൾ ഇങ്ങു കോട്ടയത്തും വേണ്ടുവോളം ഉണ്ട്. പക്ഷെ അവ പത്രങ്ങളിലെ ആദ്യത്തെ പേജുകളിൽ വരുന്നില്ല എന്ന് മാത്രം.  സംഗതി ഒരു പരിധിവരെ സത്യമാണ് എന്ന് എനിക്കും തോന്നി.  പക്ഷെ കോട്ടയത്തുള്ള കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറം കുറവാണ്.  അപ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നതോക്കെയും നമ്മളെവരും ധരിക്കുന്നത് പോലെ രാഷ്ട്രീയ വൈരം തീർക്കാനുള്ള കൊലപാതകങ്ങൾ തന്നെയാണോ?  എനിക്ക് വളരെ സംശയമുണ്ട്‌.

പണ്ടൊരിക്കൽ എന്റെ പരിചയക്കാരനായ ഒരു കുട്ടിയെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കൊല ചെയ്തത് അവന്റെ സുഹൃത്തുക്കൾ തന്നെയാണ്.  മറ്റൊരിക്കൽ ഒരു പയ്യൻ രാഷ്ട്രീയ ആക്രമണത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞു , എതിർ രാഷ്ട്രീയക്കാരനായ അവന്റെ സുഹൃത്ത്‌ ആശുപത്രിയിൽ അവനെ കാണാൻ പോയതും കട്ടിലിൽ കിടക്കുകയായിരുന്ന വലം കാലിനു പരിക്ക് പറ്റിയ മുറിവെറ്റവൻ ഇടം കാലു കൊണ്ടു തന്റെ സുഹൃത്തിനെ തൊഴിച്ചു പുറത്താക്കിയതും ഞാൻ അത്ബുധത്തോടെ കേട്ട് നിന്ന സംഭവമാണ്.  എന്ത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്‌.  എന്ത് കൊണ്ടു യുവാക്കൾ ഇത്തരത്തിൽ വഴി തെറ്റി പോകുന്നു.

ബോംബ്‌ എടുത്തു നടക്കുന്ന കുട്ടികളെക്കാൾ എനിക്കിഷ്ടം വഴി വക്കിൽ പെമ്പിള്ളാരെ കമ്മന്റ് അടിക്കുന്ന ആണ്‍ പിള്ളാരെ ആണെന്ന് പണ്ടൊരിക്കൽ എന്റെ അമ്മ ഇവിടെ വോട്ടു പറയാൻ വന്ന ഒരു രാഷ്ട്രീയക്കാരനെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞത് ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു.  അയാൾക്കോ അയാളുടെ അനുയായികൾക്കോ ഇന്നും അമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെന്ന് തോന്നുന്നു.

പണ്ടൊരിക്കൽ വൈലോപള്ളി പാടിയത്  'വഴി തെറ്റുന്നൂ വയസ്സാവുമ്പോൾ' എന്നായിരുന്നെങ്കിൽ ഇന്ന് അത് മാറ്റി പാടേണ്ടി ഇരിക്കുന്നു.  നമ്മുടെ കുട്ടികൾ പലരും  ജനിക്കുന്നത് തന്നെ വഴി തെറ്റി കൊണ്ടാണ്.  അവരിൽ  ചിലർക്കെങ്കിലും ദിശാ ബോധം നഷ്ടപ്പെട്ടിരിക്കുന്നു.  സ്വയം യുക്തി ഗതമായി ചിന്തിച്ചു തീരുമാനങ്ങൾ എടുത്തു വലിയവരായി വളരെണ്ടതിനു പകരം അവരിൽ ചിലരെങ്കിലും, ആരുടെ ഒക്കെയോ ആജ്നാനുവര്ത്തികൾ  ആയി പരിണമിച്ചു പോകുന്നു.  വാക്കുകളുടെയോ, തത്വ ശാസ്ത്രത്തിന്റെയോ ശക്തി അപാരമാണ്. ആടിനെ പട്ടി ആക്കുന്ന വാക്കിനു, സ്നേഹിതനെ ശതുവാക്കുന്നതിനും വലിയ പ്രയാസമില്ല.  തത്വ ശാസ്ത്ര ത്തിന്റെ കെണിയിൽ പെട്ട് മൃഗ വൽക്കരിക്ക പ്പെടുന്ന ഏതൊരു സുഹൃത്തും കൊല്ലപ്പെടെണ്ടവൻ ആയി പരിണമിക്കുന്നു.  ഈ പ്രവർത്തി ചെയ്യുന്നവന് കുറ്റ ബോധം ഏതും ഇല്ല.  കാരണം തുടരെ തുടരെയായി അവന്റെ ശ്രവണ ഇന്ത്രിയങ്ങളിൽ  വന്നു വീണു കൊണ്ടിരുന്ന മന്ത്രങ്ങൾ അവന്റെ സ്വബോധം നശിപ്പിച്ചിരിക്കുന്നു.  അവൻ ഉറഞ്ഞു തുള്ളുകയാണ്.  അല്ലെങ്കിൽ ഉന്മാദാവസ്ഥയിൽ ആണ്.  അതിൽ നിന്ന് അവനെ ഉണർത്തേണ്ടവർ  വീണ്ടും അവനു കൊടുക്കുന്നത് മയക്കു മരുന്നുകൾ ആണ്.

മരിജുവാന മാത്രമല്ല മയക്കു മരുന്ന്,  സമർഥനായ മനുഷ്യന്റെ വാക്കുകളും ആണ്.

Monday, 13 April 2015

INSOMNIA

ലോകത്ത് പല പല കൂട്ടം മനുഷ്യര് ഉള്ളത് പോലെ, ഉറക്കമില്ലാത്ത മനുഷ്യരുടെ ഒരു കൂട്ടവും ഉണ്ട്.  അങ്ങനെ ഉള്ള ഒരാളെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ നിങ്ങൾ അയാളോട് പറയുന്നു. ഒന്ന് മുതൽ പത്തു വരെ എണ്ണുക, ഉറങ്ങുന്നത് വരെ പാട്ട് കേൾക്കുക , ടീ വീ കാണുക, പുസ്തകം വായിക്കുക...... എന്നിങ്ങനെ പലതും.  പക്ഷെ അതൊന്നും അവരെ സാന്ത്വനിപ്പിക്കുന്നില്ല. കാരണം തങ്ങളുടെ  പ്രശ്നം ഉറക്കമില്ലായമയാണ് എന്നും അതിനു മറു മരുന്നുകൾ ഒന്നും ഇല്ല എന്നും അവര്ക്ക് നന്നായി അറിയാം.

ജീവിതത്തിൽ ഒരിക്കൽ ഞാൻ ഇങ്ങനെ ആയിരുന്നു.  അത് ആരംഭിച്ചത് പെട്ടന്ന് ഒരു ദിവസമായിരുന്നു എന്നാണു എന്റെ ഓര്മ്മ.  ഒരു രോഗവുമായി ബന്ധപ്പെട്ട ആവലാതികൾ എന്നിൽ നിന്ന് ഉറക്കിനെ അകലെ ഉള്ള എവിടെയോക്കോ പായിച്ചു കളഞ്ഞു.  രാത്രി ഞാൻ പാട്ട് കേൾക്കും, കവിത വായിക്കും, ഒന്ന് മുതൽ നൂറു വരെ എണ്ണി ക്കൊണ്ടിരിക്കും.................പക്ഷെ ഉറക്ക് മാത്രം എന്നെ അനുഗ്രഹിച്ചില്ല.  ആ കാലത്തെ കുറിച്ച് പറയുമ്പോൾ ഇന്നും ഞാൻ ബഹുമാനത്തോടെ ഓര്ക്കുന്നത് അന്ന് എന്നെ ചികിത്സിച്ച ഒരു ഡോക്ടറെ ആണ്.  ഞാൻ എന്റെ ഉറക്കമില്ലായ്മയെ കുറിച്ച് അധെഹതോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്. 'ഉറക്കമില്ലായ്മ ഒരു രോഗമല്ല. സ്വയം അതൊരു രോഗമല്ലെങ്കിലും  ചിലപ്പോൾ അത് നിങ്ങളെ ഒരു രോഗത്തിലേക്ക് നയിച്ചേക്കാം.  ഞാൻ ഈ പ്രശ്നത്തിന് നിങ്ങള്ക്ക് ഒരു മരുന്നും തരാൻ ഉദ്ദേശിക്കുന്നില്ല.  നിങ്ങൾ ഉറങ്ങാതിരിക്കുക. ഉറങ്ങാൻ വേണ്ടി ഒന്നും ചെയ്യാതിരിക്കുക.  ഏതു  ഭീകരതയും കുറെ കഴിയുമ്പോൾ മടുക്കും.  അപ്പോൾ നിങ്ങൾ ഉറങ്ങും'.  ഇത് ഡോക്ടറോ അല്ലെങ്കിൽ ഒരു തത്വ ചിന്തകനൊ എന്ന് നിങ്ങൾ സംശയിക്കുന്നത് പോലെ ഞാനും സംശയിക്കുന്നു.  ഞാൻ ഡോക്ടർ പറഞ്ഞത് അത് പോലെ അനുസരിച്ച്.  ഞാൻ ഉറക്കിനെ മറന്നു. അങ്ങനെ ഒരു മൂന്നു മാസം.  അപ്പോൾ ഇലക്ഷൻ വന്നു. എനിക്ക് ഇലക്ഷൻ ഡ്യൂട്ടി.  അനേകം വർഷങ്ങൾക്കിടയിൽ ഒരിക്കൽ മാത്രം ബെഞ്ചിനു മുകളിൽ കിടക്കാൻ കിട്ടുന്ന അവസരം.  രാത്രി എല്ലാവരും കിടക്കുന്നത് പോലെ ഞാനും ഏതോ ഒരു ബെഞ്ചിൽ മുകളിലുള്ള ഉത്തരം നോക്കി കിടന്നു.  കുറെ കഴിഞ്ഞപ്പോൾ ആരോ എന്നെ തട്ടി വിളിച്ചു.  ദേഷ്യത്തോടെ ഞാൻ ഉണർന്നപ്പോൾ നേരം പുലർന്നിരുന്നു.  അത് ഒരു പയ്യനായിരുന്നു.  ഞാൻ അവനെ നോക്കിയപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു . 'ഇന്നലെ രാത്രി പന്ത്രണ്ടു മണിക്ക് കല്ലക്ടർ വന്നിരുന്നു.  നിങ്ങളുടെ ഉറക്ക് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു വിളിച്ചു ബുദ്ധി മുട്ടിക്കേണ്ട എന്ന്.  എന്തൊരു  ഉറക്കാണ് ഇത്.  ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ്' എന്ന്. ഞാൻ ചാടി എഴുന്നേറ്റു അവനെ കെട്ടി പിടിച്ചു. അവൻ അത്ബുധതോടെ എന്നെ നോക്കിയപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു 'മൂന്നു മാസങ്ങൾക്ക് ശേഷം ഞാൻ ഒരു പോള കണ്ണടച്ചതു ഇന്നാണ്.

അതിനു ശേഷം ഞാൻ ഉറങ്ങാതിരുന്നിട്ടില്ല

ജനസംഖ്യ

വന്ധ്യം കരണം നിർബന്ധമാക്കേണ്ട കാലം അരികെ ആണെന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ രീതിയിൽ ലോക ജനസംഖ്യ വര്ദ്ധിച്ചു കൊണ്ടിരുന്നാൽ 2050 ആകുമ്പോഴേക്കു ഇന്നുള്ളതിന്റെ 40 ശതമാനം ജന സംഖ്യ കൂടും എന്ന് കണക്കുകൾ കാണിക്കുന്നു. കൂടുതൽ കൂടുതൽ അസ്വസ്ഥനാകുന്ന മനുഷ്യൻ കൂടുതൽ കൂടുതൽ യുദ്ധങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ കൂടുതൽ ഭീകര പ്രവർത്തനങ്ങളിൽ ഏര്പ്പെടുകയും ചെയ്യും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്താൻ പ്രകൃതിക്ക് അത് മാത്രമേ വഴിയുള്ളൂ. വിവേക ശാലിയായ മനുഷ്യന് അത്തരുണത്തിൽ ചെയ്യാവുന്നത് ഒരു കാര്യം മാത്രമാണ്. സ്വയം ജനസംഖ്യ നിയന്ത്രിച്ചു പ്രകൃതിയുടെ ശാപത്തിന് പാത്രമാവാതിരിക്കുക. യുദ്ധങ്ങളും, രോഗങ്ങളും, ഭീകരാക്രമണങ്ങളും കൊണ്ടു മനുഷ്യ കുലം നശിപ്പിക്കുന്നതിലും നല്ലത് ആരെയും ജനിപ്പിക്കാതിരിക്കലാണ്.

Friday, 10 April 2015

സാർവ ലൌകിക ഭാഷ

ഒരു സാർവ ലൌകിക ഭാഷ നമുക്ക് ആവശ്യമാണ്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  ഒരു പിതാവിൽ നിന്നും ഒരു മാതാവിൽ നിന്ന് ഉയിർക്കൊണ്ടതാണ് ഈ മനുഷ്യ ലോകം എങ്കിൽ അവരുടെ മക്കൾക്ക്‌ എങ്ങനെ പല പല ഭാഷകളും ഉണ്ടായി.  ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ബൈബിളിൽ ഇല്ല.  ഉല്പത്തി പുസ്തകത്തിൽ പത്താം അധ്യായത്തിൽ പറയുന്നത് ഇങ്ങനെ ആണ്.  'ഓരോ സമൂഹവും അവരവരുടെ ഭാഷ സംസാരിച്ചു എന്ന് ( ഉത്പത്തി 10:31).  പക്ഷെ അതിനെ തുടർന്ന് വരുന്ന പതിനൊന്നാം അധ്യായത്തിൽ ബാബേൽ ഗോപുരം തകര്ന്നു വീഴുന്നതിനോട് അനുബന്ധിച്ച കാര്യങ്ങൾ ആണ് പറയുന്നത്.  അതിന്റെ ആരംഭത്തിലെ വാചകം നോക്കുക.  'ആരംഭത്തിൽ ലോകത്തെ എല്ലാ മനുഷ്യര്ക്കും ഒരു ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരേ വാക്കുകളും'.  ഈ വൈരുധ്യം എന്ത് കൊണ്ടു വന്നു.

ഭിന്ന ഭാഷകളുടെ ഉറവിട ബിന്ദു ബാബേൽ ഗോപുരമാണ് എന്ന് മിക്ക ബൈബിൾ പണ്ഡിതരും വിശ്വസിക്കുന്നു.  പക്ഷെ ബാബേൽ ഗോപുര സംഭവത്തിനു മുന്നിൽ ബൈബിളിൽ വിവരിച്ച അനേക ഭാഷകളുടെ കാര്യം അവര്ക്ക് ശരിയായ രീതിയിൽ നിർവചിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു വിശ്വ ഭാഷയ്ക്ക്‌ വേണ്ടിയുള്ള ശ്രമങ്ങൾ ലോകത്ത് പണ്ടു മുതലേ ഉണ്ടായിട്ടുണ്ട് .  വര്ത്തമാന കാലത്ത് ഒരു വിശ്വ ഭാഷയ്ക്ക്‌ വേണ്ടി ശ്രമം നടത്തുന്ന ഏതൊരു ആളും ആദ്യം ചെയ്യേണ്ടത് തങ്ങളുടെ ഭാഷ വിശ്വ ഭാഷ അല്ല  എന്ന് ഉറപ്പു വരുത്തുകയാണ് എന്ന് ഉംബെർറ്റൊ എക്കോ പറഞ്ഞിട്ടുണ്ട്.

ലോകത്ത് ആദ്യം ശബ്ദ ഭാഷയാണ് ഉടലെടുത്തത് എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.  ബൈബിളിൽ വസ്തുക്കളെ മനുഷ്യനും ദൈവവും പേര് ചൊല്ലി വിളിക്കുകയാണ്‌ ചെയ്യുന്നത്.  അതായത് ഓരോ വസ്തുവിനും അതിനു ഉള്ചെർന്നു ഒരു പേരുണ്ട് എന്നും, ആ പേരാണ് അതിനെ വിളിക്കേണ്ടത് എന്നും പറയുന്നത് പോലെ.  ഹിന്ദുവിന്റെ ഓം കാരം പ്രപഞ്ചം പോലും ശബ്ദത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു . (ആദിയിൽ വചനമുണ്ടായി എന്ന് മഹദ്വചനം ബൈബിളിനെ പേര് ചൊല്ല് വിളിയുമായി ബന്ധപ്പെട്ടു കിടക്കുന്നത് പോലെ എനിക്ക് തോന്നുന്നു.  കാരണം അതിന്റെ അടുത്ത വരി  'ആ വചനം രൂപമായി എന്ന് തന്നെയാണ്.  ശരിക്കും ബൈബിൾ മൊഴി.)

എരഞ്ഞോളിയിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന തെരുവ് നായകൾ

2015 ഏപ്രിൽ ഒന്നാം തീയതി രാവിലെ എല്ലാം പതിവ് പോലെ തന്നെ ആയിരുന്നു.  സൂര്യൻ  കിഴക്ക് ഉദിക്കുകയും മണ്ടോടി എഴുന്നേൽക്കുന്ന വെളുപ്പാൻ കാലമായ ഏഴുമണിക്ക്   അത് അദ്ധേഹത്തിന്റെ വീടിനു ഏകദേശം മുപ്പതു ഡിഗ്രി ചരിവുണ്ടാക്കി കൊണ്ടു വാനിൽ ഉയർന്നു നിൽക്കുകയും ചെയ്യുകയായിരുന്നു . ആറ് സെന്റോളം പരന്നു കിടക്കുന്ന തന്റെ തെങ്ങ് എസ്റെറ്റിലൂടെ മേൽ നോട്ടം നടത്തി കൊണ്ടു നടക്കവേ മണ്ടോടി ആലോചിച്ചു.  'ഇന്ന് ജിമ്മി (മണ്ടോടി യുടെ നായ)  തൂറിയിട്ടില്ല. പഹയനു വയറ്റിൽ എന്തെങ്കിലും രോഗമുണ്ടാകുമോ പടച്ചോനെ'.  തൂറൽ എന്നും മണ്ടോടിക്ക് ഒരു വീക്ക്‌നെസ് ആയിരുന്നു. അത് സ്വന്തമായാലും ശരി നായയുടെതായാലും ശരി.  സ്വന്തം അനുഭവത്തിൽ നിന്ന് മണ്ടോടി മനസ്സിലാക്കിയത്, വായു പോലെ ഇതും നിലച്ചു പോയാൽ മനുഷ്യൻ ശ്വാസം മുട്ടി ചത്ത്‌ പോകും എന്ന് തന്നെയാണ്.  സമയ ദൈർഘ്യ ത്തിന്റെ കാര്യത്തിലെ അല്ല ചില്ലറ വ്യത്യാസം ഉണ്ടാകൂ.  പണ്ടു എന്തെങ്കിലും സൂക്കേട്‌ വന്നു അമ്മ പപ്പു വൈദ്യരുടെ അടുത്തേക്ക് തന്നെയും കൂട്ടി ചെന്നാൽ അങ്ങേരു ആദ്യം ചോദിക്കുന്നത് ഇതാണ് 'വിശപ്പ്‌ എങ്ങനെ ഉണ്ട്.  ശോധന ഉണ്ടോ'.  രണ്ടും  പോസിടിവ് എന്ന് മറുപടി കൊടുത്താൽ പപ്പു വൈദ്യരുടെ കണ്ടു പിടുത്തം ഇങ്ങനെ. 'വിശപ്പും ശോധനയും ശരിക്കും ഉള്ളവന് എന്ത് രോഗം. മോൻ പോയി കളിച്ചോ'.

എസ്റ്റെറ്റിന്റെ അറ്റത്ത്‌ പതിവ് പോലെ നാട്ടിലെ തെരുവ് നായയായ (നായിണി--പെണ്ണാണ് )  ചിന്നു എന്നെയും കാത്തു കിടക്കുന്നു.  സാധാരണ അത് ഇരുന്നു വാലാട്ടുകയാണല്ലോ ചെയ്യാറ് എന്ന് മണ്ടോടി മനസ്സിൽ പറഞ്ഞു.  ഇപ്പോഴും കിടത്തം തന്നെ.  നായകളും ബഹുമാനിക്കാൻ മറന്നു പോകുന്നുണ്ടോ എന്ന് ഈയിടെയായി തനിക്കുണ്ടായ സംശയം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ഈ അനുഭവം.  ലോകത്ത് എന്തെക്കെയോ ചീഞ്ഞു നാറുന്നുണ്ട്.  ജീവിതത്തിൽ ഒരിക്കലും എന്റെ നേരെ നോക്കി മുരളാത്ത ചിന്നു, ഇന്നലെ അങ്ങനെ ചെയ്തത് മണ്ടോടി ഞെട്ടലോടെ ഓർത്തു. ശ്രദ്ധിക്കണം ഭ്രാന്തന്മ്മാരുടെ ലോകമാണ്. ഏതു നായും എന്തും ചെയ്തു കളയും.  ഇന്നലെ ഇത് ബാലാട്ടനോട് പറഞ്ഞപ്പോൾ ബലാട്ടൻ പറഞ്ഞത്‌ മറ്റൊന്നാണ്.  'നായ്ക്കൾക്ക് എന്ത് ഭ്രാന്തെടോ.  ഇവിടെ മനുഷ്യനല്ലേ ഭ്രാന്തു.   ഭ്രാന്തു പകരുന്ന രോഗമാണ്.  അത് പാവം മൃഗത്തിനാണ് വേഗം പിടി പെടുക'.  ബാലാട്ടാൻ പണ്ടെ അങ്ങനെ ആണ്. എല്ലാ മൃഗങ്ങളോടും വലിയ ഇഷ്ടമാണ്.  പണ്ടൊരിക്കൽ നാട്ടുകാര് ഭ്രാന്താൻ നായ എന്ന് പറഞ്ഞു തല്ലി കൊല്ലാൻ തുടങ്ങിയ ഷമ്മുവിനെ രക്ഷപ്പെടുത്തി വീട്ടില് കൊണ്ടു വന്നു വളര്ത്തിയ മനുഷ്യനാണ്. ഷമ്മു ഇന്നും അദ്ധേഹത്തിന്റെ വീട്ടില് സുഖമായി കഴിയുന്നു.  അന്ന് ബാലാട്ടൻ എന്നോട് പറഞ്ഞത് ഇതാണ്. 'എന്റെ മുന്നിലായതു കൊണ്ടു ഞാൻ കണ്ടു. ഇങ്ങനെ എത്ര എണ്ണത്തിനെ ഈ പഹയന്മാര് ഓരോ ദിവസവും തട്ടി കളയുന്നുണ്ടാകും. ഒരു കരുണയില്ലാത്ത വര്ഗമാണ് നമ്മുടേത്‌.'.

ചിന്നുവിന് ഇപ്പോഴും അനക്കമില്ല.  ഞാൻ അതിന്റെ അടുത്തു ചെന്ന്  അതിനെ വിളിച്ചു. അനക്കമില്ല.  തൊട്ടു വിളിച്ചപ്പോൾ വാലിൽ മാത്രം നേരിയ അനക്കം. എനിക്ക് മനസ്സിലായി എന്ന് പറയുന്നത് പോലെ.  പക്ഷെ തല ഉയർത്തുന്നില്ല. തല ഉയർത്താൻ ആവുന്നില്ല.  അൽപ നേരം കഴിഞ്ഞു ചിന്നു മരിച്ചു.

ചിന്നുവിന്റെ മരണം ഒരു വാർത്തയെ ആകില്ല എന്നായിരുന്നു ഞാൻ കരുതിയത്‌.  വീട്ടില് വന്നു ഞാൻ ഭാര്യയോടു സംഗതി പറഞ്ഞു.  'ഇന്നലത്തെ അതിന്റെ നടത്തം കണ്ടപ്പോൾ തന്നെ ഞാൻ അപ്പുറത്തെ മീരയോട്‌ പറഞ്ഞിരുന്നു നായക്ക് സുഖമില്ല എന്ന്. അപ്പോൾ അവള് പറഞ്ഞു രാവിലെ ചോര ശര്ധിച്ചു എന്ന്.'
അവൾ അയല്പക്കത്തുള്ള മീരയോട്‌  സംഗതി വിളിച്ചു പറഞ്ഞപ്പോൾ അൽപ നേരത്തേക്ക് പ്രകൃതിയിൽ നിശബ്ദതയായിരുന്നു.  പിന്നെ ആ നിശബ്ദത ഭഞ്ജിച്ചു കൊണ്ടു ഒരു സ്തീയുടെ ദീന വിലാപം കേട്ടു. മീര കരയുകയാണ്.  നായ മരിച്ചാലും ആളുകള് കരയും എന്ന്  ആദ്യമായി ഞാൻ അറിഞ്ഞത് അന്നാണ്.  'എല്ലാ ദിവസവും രാവിലെ ഞാൻ അവൾക്കു എന്തെങ്കിലും കൊടുത്തിട്ടേ ഞാൻ പോലും എന്തെങ്കിലും തിന്നാറുള്ളൂ.  ഇന്ന് ഭക്ഷണം കൊടുത്തപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു തല തിരിച്ചു പോയി.  അത് കണ്ടപ്പഴേ എനിക്ക് തോന്നിയിരുന്നു വയ്യാണ്ടായി എന്ന് .  ഉടനെ എന്നെ വേദനയോടെ നോക്കി എന്റെ മുന്നില് ശര്ധിച്ചു.  ഞാൻ മരിക്കാൻ പോകുകയാണെന്ന് പറയുന്നത് പോലെ. പിന്നെ അത് എന്നെ നോക്കി നടന്നു പോയി' ഇത്രയും പറഞ്ഞു മീര കരഞ്ഞു കൊണ്ടെ ഇരുന്നു.

comments

പണ്ടു മാഞ്ചിയം കൃഷിക്ക് നൂറു രൂപ മുടക്കിയ എന്റെ ഒരു ചങ്ങായി പറഞ്ഞത് പത്തു കൊല്ലം കൊണ്ടു താൻ ഒരു കോടീശ്വരൻ ആകും എന്നാണു. ഇപ്പോൾ അവൻ തെരുവിൽ തെണ്ടി നടക്കുന്നു.
നമ്മുടെ വർത്തമാനങ്ങളും പ്രതീക്ഷകളും അത്തരത്തിൽ ആയി പോകാതിരിക്കാൻ നമുക്ക് പ്രാർഥിക്കാം

***************

യുദ്ധ ഭൂമിയിൽ ജീവൻ പണയപ്പെടുത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്ന പട്ടാളക്കാരൻ നാളെ വരുന്ന പത്ര വാർത്തകളെ കുറിച്ച് ചിന്തിച്ചു മനസ്സ് ബേജാറാക്കുന്നില്ല . ബേജാറ് അത് കണ്ടു നിൽക്കുന്ന വെറും കാണികളായ നമുക്കാണ്

**************

ഇവിടെ നോക്ക് കൂലിയാണ് കൂടുതൽ. മെയ്യനങ്ങി പണി എടുക്കുന്നവർ ഇവിടെ വളരെ കുറച്ചേ ഉള്ളൂ . നമ്മളൊക്കെ കുറെ കാലം കമ്പ്യൂട്ടർ നോക്ക് കൂലി വാങ്ങി കൊണ്ടിരുന്നവർ ആണ്. ചിലരുടെ നോക്കൽ മേലോട്ടാകുന്നത് കൊണ്ടു അവരെ മേൽനോട്ടക്കാർ എന്ന് വിളിക്കുകയും, അവർക്ക് മേൽ നോക്ക് കൂലി കൊടുക്കുകയും ചെയ്യുന്നു. ഒളിഞ്ഞു നോട്ടക്കാർക്കുള്ള കൂലി അടിയാണല്ലോ. അതും ഒരു തരം നോക്ക് കൂലി തന്നെ.

***************

മാഷ്‌, മോഷ്ടിച്ചു എന്ന് ആരോപിച്ചത് കൊണ്ടാണ്, അവര് എന്നെ പുറത്താക്കിയത്.
മാഷ്‌ മോഷ്ടിച്ചു, എന്ന് ആരോപിച്ചാൽ, നിന്നെ ആണോ പുറത്താ ക്കേണ്ടത്, മാഷെ അല്ലെ.

***************
കിടന്നു വായിക്കുമ്പോൾ 
അക്ഷരങ്ങൾ
നിന്റെ കണ്ണിലേക്ക്
വീഴുന്നു 
ഇരുന്നു വായിക്കുമ്പോൾ 
കണ്ണുകൾ
അക്ഷരങ്ങളിലേക്ക്
വീഴുന്നു


***************************8


അച്ഛാ ഈ യുദ്ധം എന്നാൽ എന്താണ് ?
അതോ. അത് കുറച്ചു പേർക്ക് ആയുധം വിറ്റു കാശാക്കാൻ വേണ്ടി അയൽക്കാരെ തമ്മിലടിപ്പിക്കുന്ന പരിപാടി

****************

സ്ത്രീകള് കൈക്കുഞ്ഞുങ്ങളുമായി ബസ്സിൽ കയറുമ്പോൾ നമ്മള് പുറത്തു നോക്കി പ്രകൃതി ഭംഗി ആസ്വദിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടു കൊണ്ടു ഇരിക്കാനുള്ള മനസ്സാന്നിധ്യം നമുക്ക് ഇല്ലാതെ പോയി

*****************

an interviewer asked me 'why i grow beard'. i answered 'i am not growing it. it grows by itself.' പണി പോയി

*****************

വിശന്നു വലഞ്ഞ ചാത്തു ഉച്ച ഭക്ഷണത്തിന് വീട്ടിലേക്കു ഓടി പോകവേ ഒരു പ്രാന്തൻ നായ അവന്റെ പുറകെ ഓടി. തന്റെ കയ്യിലുള്ള ദാസ് കാപിടൽ എടുത്ത് ചാത്തു നായയെ എറിഞ്ഞു. നായ അവിടെ മരിച്ചു വീണു. ദാസ് കേപിടൽ കൊണ്ടു എറിഞ്ഞാൽ ഏതു നായയാ ചാകാത്തത്
വിശക്കുന്ന മനുഷ്യാ ഒരു പുസ്തകം കയ്യിലെടുക്കൂ അത് നല്ലൊരു ആയുധമാണ്

*****************

തൂലിക ഒരു ആയുധമാണ് എന്ന് എനിക്ക് ഒന്നാം ക്ലാസ് മുതലേ അറിയാം. ഒന്നാം ക്ലാസ്സിൽ വച്ച് ചാത്തു എന്ന ശത്രു എന്റെ കയ്യിൽ കുത്തി മുറിവേൽപ്പിച്ചത് അത് കൊണ്ടാണ്. ജാനു ടീച്ചറുടെ ചൂരൽ അതിലും വലിയ ആയുധമാണ് എന്ന് ചാത്തുവിനും അന്ന് മനസ്സിലായി.

******************

ആയിരം തവണ പുനർജനിച്ചാലും തീരാത്തത്ര ആഗ്രഹങ്ങളാ മനസ്സിലുള്ളത്. വീണ്ടും വീണ്ടും ജനിച്ചോണ്ട് നിൽക്കുകയല്ലാതെ മറ്റെന്താ ചെയ്യുക

***************

എഴുപതു വയസ്സായ പാഞ്ചു അമ്മയെ ഏതോ ഒരുത്തൻ ബസ്സിൽ വച്ച് അറിയാതെ കയറി പിടിച്ചു. അത് കണ്ടു നിന്ന ഒരു ചെറുപ്പക്കാരൻ അവന്റെ കഴുത്തിന്‌ പിടിച്ചു അടിക്കാൻ ഒങ്ങുന്നതു കണ്ടപ്പോൾ പാഞ്ചു അമ്മ ഇങ്ങനെ പറഞ്ഞു
വിട്ടേക്ക് മോനെ. ഈ വയസ്സ് കാലത്ത് ഇങ്ങനെ ആരെങ്കിലും നമ്മെ കയറി പിടിക്കുകയോക്കെ ചെയ്യുന്നുണ്ടെങ്കിൽ നമ്മള് അതില് സന്തോഷിക്കുകയല്ലേ വേണ്ടത്.

***************

ടൂർ പരിപാടിക്കിടയിൽ, നമ്മൾ താമസിക്കുന്ന ലോഡ്ജിൽ, രാവിലെ പല്ല് തേക്കാൻ നിന്നപ്പോൾ ചാത്തു മേസ്ത്രി പുറകിൽ എന്തിനോ കാത്തു നിൽക്കുന്നു.
എന്താ മേസ്ത്രി വേണ്ടത്.
ഓ. ഒന്നുമില്ല . പല്ല് തേക്കാനാ. എന്റെ കയ്യിൽ ബ്രഷ് ഇല്ല.
താഴത്തെ പീടികയിൽ നിന്ന് വാങ്ങിയാൽ പോരെ.
ഹോ അതൊന്നും വേണ്ട. നിങ്ങള് കഴിഞ്ഞാൽ ഇങ്ങു തന്നാൽ മതി.
ഛെ. മേസ്ത്രി , നിങ്ങള് എന്ത് വൃത്തി കേടാ ഈ പറയുന്നത്
എന്ത് വൃത്തി കേടു. വീട്ടില് ഞാനും ഭാര്യയും ഒരൊറ്റ ബ്രഷ് കൊണ്ടാണ് പല്ല് തേക്കുന്നത്. നല്ലവണ്ണം സോപ്പ് ഇട്ടു കഴുകിയാൽ മതി. നമ്മള് ചോറ് വിളമ്പുന്നത് അങ്ങനെ ഓരോ ആളുടെ പ്ലേറ്റ് നോക്കിയാണോ. പിന്നെ ഇതിനെന്താ ഒരു പ്രത്യേകത.
******************
മലയാള സിനിമയെ ഇത്ര വഷളാക്കിയത് ബ്രൂസ് ലീ ആണെന്ന് തോന്നുന്നു. നമ്മുടെ ചെറുപ്പ കാലത്തുള്ള സിനിമകളിൽ അന്നത്തെ നടന്മ്മാർ ഒക്കെ എതിരാളികളെ അടിക്കുകയും അവരിൽ നിന്ന് അടി കൊള്ളുകയും ചെയ്തവർ ആയിരുന്നു . എതിരാളികൾ അധികം ഉണ്ടാകുമ്പോൾ നമ്മുടെ നായകന്മാർ ചത്ത്‌ പോകുകയാണ് സാധാരണ ചെയ്യാറ്. നൂറു എതിരാളികളൊടൊന്നും ഒരിക്കലും അവർ എതിരിട്ടു ജയിച്ചിട്ടില്ല. ബ്രൂസ് ലീ യുടെ ആഗമനത്തോടെ സംഗതികൾ ആകെ മാറി. നൂറല്ല ഇനി ആയിരം ആളുകള് വന്നാലും എനിക്കൊരു ചുക്കുമില്ല എന്ന ഭാവം നമ്മുടെ നായകന്മ്മാരുടെ മുഖത്ത് വിടരാൻ തുടങ്ങി. ഈർക്കിലു പോലത്തെ നായകനും ഹെവി ബോഡി വില്ലനെ ഊതി തെറിപ്പിച്ചു കളഞ്ഞു. ഇത് കണ്ടു ജീവിതത്തിലും ഇത് കളിച്ച നമ്മുടെ മക്കളിൽ ചിലരെങ്കിലും അടിയേറ്റു ചത്ത്‌ പോയി . കലയും ജീവിതവും തമ്മിലുള്ള അന്തരം അവർ മനസ്സിലാക്കി വരുന്നതെ ഉണ്ടായിരുന്നുള്ളൂ .
പാവം ബ്രൂസ് ലീ , അദ്ധേഹത്തെ കാല പുരിക്ക് അയച്ചത് ഇങ്ങനെ ഉള്ള ഏതോ ഒരു ഈർക്കിൽ ചെക്കനായിരിക്കണം. അവനെ അദ്ദേഹത്തിന് നേരിൽ കാണാൻ പോലും പറ്റിയില്ല.
********************8
കോപ്പി റൈറ്റ് നിയമങ്ങളിൽ ആചാരങ്ങളെയും കൂടി പെടുത്തിയാൽ നമ്മുടെ മതാചാരങ്ങൾ മറ്റുള്ളവര് മോഷ്ടിക്കുന്നത് തടയാൻ പറ്റും. പക്ഷെ അതിനു ചില തിരിച്ചടികളും ഉണ്ടായേക്കും. കേക്ക് മുറി നമ്മള് വേണ്ട എന്ന് വെക്കേണ്ടി വരും. കല്യാണ മുഹൂർത്തം ക്രുസ്ത്യാനിയുടെ ദിവസവും സമയവും വച്ച് കണക്കു കൂട്ടുന്നതും കത്തിൽ അടിച്ചു വിടുന്നതും ഒഴിവാക്കാൻ വേണ്ടി, നാം മലയാള മാസങ്ങളും, കാലങ്ങളും, നാളുകളും തീര്ച്ചയായും പഠിച്ചിരിക്കണം. മന്ത്രങ്ങൾ ഉച്ചഭാഷിണിയിൽ വിളിച്ചു പറയുന്നതും, നാദസ്വരം സീ ഡീ യിലൂടെ ഒഴുകി വരുന്നതും ഒഴിവാക്കണം . തേങ്ങാ തുലാഭാരത്തിന്, തേങ്ങക്ക് പകരം തൂക്ക കട്ടി ഉപയോഗിക്കുന്ന പരിപാടി എന്തായാലും നിർത്തണം. അഥവാ അങ്ങനെ വേണം എന്ന് നിര്ബന്ധം ഉണ്ടെങ്കിൽ അന്യ മതക്കാരന്റെ കിലോ കണക്കു ഒഴിവാക്കണം. (നമ്മുടെ തൂക്കത്തിന്റെ ഏകകം ഏതെന്നു അന്വേഷിച്ചാൽ നമ്മള് തൂങ്ങി പോകും എന്നറിയാം). അമ്പലങ്ങളുടെ ചുറ്റിലും നിന്ന് സായിപ്പിന്റെ ബൾബ്‌ ഒഴിവാക്കി പകരം എണ്ണ വിളക്കുകൾ കത്തിക്കണം. ക്രുസ്ത്യാനിയുടെ ന്യൂ ഇയർ സ്റ്റാർ , വാലന്റയിൻസ്‌ ഡേ കൾ, ഞായറാഴ്ച അവധികൾ , എന്നിങ്ങനെ ഉള്ളവ ഒഴിവാക്കുന്നതിനു വലിയ പ്രയാസമില്ല. കല്യാണ തലേന്നുള്ള ബ്രാണ്ടി, വിസ്കി, ഒഴിവാക്കി, നാടൻ കള്ള്, നാട്ടു നടപ്പാക്കണം . ജനന ദിവസത്തിന് സായിപ്പിന്റെ ഹാപ്പി ബർത്ത് ഡേ എന്ന് കരയുന്നത് ഒഴിവാക്കി ശുഭ ദിനം എന്നോ മറ്റോ പറയുക. നക്ഷത്ര ദിവസം എന്ന രീതിയിൽ ജനന ദിവസങ്ങളെ ജനന നക്ഷത്രങ്ങളായി ഹിന്ദു വൽക്കരിക്കുന്നതും നല്ലത് തന്നെ.
എന്തിനു, സായിപ്പിന്റെ ആചാരമായ ഈ ഫേസ് ബുക്ക്‌ തന്നെ അങ്ങ് ഒഴിവാക്കിയാൽ പോരെ.
**********************






Wednesday, 8 April 2015

മുംബൈ നഗരത്തിൽ നിലാവത്ത് ഇറങ്ങിയ ഒരു കോഴി

രാത്രി എട്ടു മണിക്ക് സീ എസ് ടീയിൽ നിന്ന് വണ്ടി കയറിയപ്പോൾ തന്നെ ഭയങ്കര തിരക്കായിരുന്നു. 

ദൈവമേ , ഇത്രയും തിരക്ക് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലല്ലോ . ഞാൻ മനസ്സില് പറഞ്ഞു.

അടുത്തു നില്ക്കുന്ന ഒരു താടിക്കാരനോട് എന്തെങ്കിലും കത്തി വെക്കാമെന്നു കരുതി ഇങ്ങനെ പറഞ്ഞു. 'ഐസീ ബീഡി റോസ് ഹോതാ ഹായ് ' (എല്ലാ ദിവസവും ഇങ്ങനെ തിരക്കുണ്ടാകുമോ എന്നുള്ളതിന് ഞാൻ മനസ്സിലാക്കിയ ഹിന്ദി). താടിക്കാരന് സംഗതി പുടി കിട്ടിയത് പോലെ അയാള് ചിരിച്ചു. പക്ഷെ വായിൽ നിന്ന് പുറത്തു വന്ന തെറി കേട്ടപ്പോൾ നാണിച്ചു പോയി. ഇതായിരുന്നു ആ തെറി.

മലയാളി ആണ് അല്ലെ.

എങ്ങനെ മനസ്സിലായി.

ഹിന്ദി കേട്ടപ്പോൾ മനസ്സിലായി.

തെറി വിളിച്ചാലും സാരമില്ല മലയാളം അറിയുന്ന ഒരുത്തനെ കിട്ടിയല്ലോ എന്ന സമാധാനം. അപ്പോൾ അവൻ പറഞ്ഞു. ഹോ ഇതൊക്കെ എന്ത് തിരക്ക്.

തട്ടുന്നതിൽ മുംബൈ കാരനും അത്ര മോശമല്ല എന്ന് തോന്നി.

വണ്ടി ദാദറിൽ എത്തിയപ്പോൾ അവിടെ ഒരു വലിയ ആൾക്കൂട്ടം.

ഇവരൊക്കെ എങ്ങനെ ഇതിൽ കയറാനാണ്. അടുത്ത വണ്ടി നോക്കിക്കോ മക്കളെ. ഞാൻ മനസ്സില് പറഞ്ഞു.

എന്തക്കെയോ ഇളക്കി ചായ്ക്കുന്ന ശബ്ദം. അത് കഴിഞ്ഞു പ്ലാറ്റ് ഫോമിൽ നോക്കിയപ്പോൾ അവിടെ ആരും ഇല്ല. എന്റെ ദൈവമെ എല്ലാം ഇതിൽ എങ്ങനെ കയറി കൂടി. എന്റെ മൂക്ക് മാത്രമേ ഇപ്പോൾ പുറതുള്ളൂ . പേടിക്കാനില്ല അത് കൊണ്ടു ശ്വസിക്കാവുന്നത്തെ ഉള്ളൂ. എന്റെ മലയാളി സുഹൃത്ത്‌ അടുത്തു തന്നെ നില്ക്കുന്നത് കൊണ്ടു എന്തോ ഒരു സമാധാനം. അവനോടു എന്റെ ഒരു ദുഃഖം പറഞ്ഞു.

എനിക്ക് മുലുണ്ടിൽ ഇറങ്ങാനുള്ളതാണ്. ഈ തിരക്കിൽ എങ്ങനെ ഇറങ്ങാനാണ് പടച്ചോനെ.
വീണ്ടും ചങ്ങായിയുടെ ചിരി. 'ഞാനും മുലുണ്ടിലാ. എന്റെ പുറകെ നിന്നാൽ മതി.

മുലുണ്ടിൽ എത്തിയപ്പോൾ എന്തോ ഒരു തിരയോ മറ്റോ അടിക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഞാൻ പ്ലാറ്റ് ഫോമിൽ ആണ്. എങ്ങനെ ആണ് എത്തിയത് എന്ന് മാത്രം ചോദിക്കരുത്. അതിന്റെ ഉത്തരം പറഞ്ഞു തരാനുള്ള മലയാളി സുഹൃത്തിനെ കാണാനില്ല.

എല്ലാവർക്കും അവരവരുടെ തിരക്കുകൾ

ഒരൊറ്റ ദിവസം കൊണ്ടു ഞാൻ ഈ നഗരത്തെ പ്രണയിച്ചു പോയതിന്റെ കാരണം ഇതാണ്.

Saturday, 4 April 2015

ആറ്റുപുറം വയലും സബ്സിഡിയും

ആറ്റുപുറം വയൽ ഇന്നൊരു വയലല്ല.  ഒരു ഹൌസിംഗ് കോളനി ആണ്.  കൃഷി അവിടെ ഉണ്ടെന്നു പറയണമെങ്കിൽ അവിടെ ഉള്ളത് തേങ്ങാ കൃഷിയാണ്.  ആറ്റുപുറം വയലിന്റെ ഈ തകര്ച്ചയെ കുറിച്ച് പഠിക്കാൻ എവിടെ നിന്നോ വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ രാമൻ, തന്റെ മൈക്രോ സ്കോപ് കുഞ്ഞിരാമാട്ടന്റെ വീട്ടിന്റെ ഇറയത്ത്‌ വച്ചപ്പോൾ, അത് കണ്ട കുഞ്ഞിരാമാട്ടൻ ഇങ്ങനെ ചോദിച്ചു.

എന്തിനാ വന്നത്.

ആറ്റുപുറം വയലിന്റെ പതനത്തെ കുറിച്ച് പഠിക്കാൻ ഗവർമെന്റ് അയച്ചതാ.  ഇവിടെ നിന്ന് തുടങ്ങാമെന്ന് വിചാരിച്ചു.  ഒരു അഞ്ചു ദിവസം ഞാൻ ഇവിടെ ഉണ്ടാകും.

ഗവർമെന്റ് ഇതിനു നല്ല പൈസ ഒക്കെ തരുമായിരിക്കും, അല്ലെ.

ഓ, പെരുത്തും

എന്നാ ഇങ്ങള് അഞ്ച് ദിവസമൊന്നും, ഇവിടെ നിക്കണ്ട. ഒരു ദിവസം കൊണ്ടു തന്നെ ഞമ്മള് ഉള്ള കഥകളെല്ലാം പറഞ്ഞു തരാം.  ആദ്യം ഈ കുന്തം എടുത്തു (മൈക്രോ സ്കോപ് ചൂണ്ടി കാണിക്കുന്നു ) തോട്ടിൽ എറിയൂ.  അതൊന്നും ഇവിടെ വേണ്ട.

മൈക്രോ സ്കോപ് ഇല്ലാതെ എങ്ങനെയാ പഠിക്കുക.  മണ്ണൊക്കെ പരിശോധിക്കണ്ടേ.

ഇങ്ങള് എന്ത് പോട്ടത്തരാ ഈ പറയുന്നെ.  മണ്ണിന്റെ ഗുണം നോക്കാനാ ഇങ്ങള് വന്നത്. അല്ലെങ്കിൽ നേരത്തെ പറഞ്ഞ പതനം അറിയാനോ.  എന്നാല് അതിനു മണ്ണ് നോക്കേണ്ട കാര്യമില്ല .  കഥ ഞമ്മള് ഇങ്ങക്ക് പറഞ്ഞു തരാം.

എന്നാ ഇങ്ങള് പറഞ്ഞോ. ഞമ്മള് കേക്കാം.

ഒരു കാര്യം ആദ്യേ പറയാം. ഞമ്മക്ക് അരീന്റെ പഴയ വെലയൊന്നും ഓര്മ്മയില്ല.  അതോണ്ട് എല്ലാം ഇന്നത്തെ കണക്കിലെ പറയൂ.  ഇതാ ഇക്കാണുന്ന അഞ്ചേക്കർ നിലം ഞമ്മളുടെതാ.  നിലം എന്ന് പറഞ്ഞാൽ , പണ്ടത്തെ നിലം. ഇപ്പം എല്ലാം കര പറമ്പ്. നെല്ല് കൃഷി ചെയ്യാൻ ഒരു അമ്പത് പെണ്ണുങ്ങളും അഞ്ചു പത്തു ആണുങ്ങളും ഒരു പത്തു ദിവസം എങ്കിലും കൂലി പണി എടുക്കണം. അതായത് അറുനൂറു പണി.  പിന്നെ നെല്ലോക്കെ ആയാല് അയിന്റെ പകുതി പണി അത്  അരിയാക്കുന്നതു വരെ വേറെയും.  അപ്പൊ ഏകദേശം ആയിരം പണി.  കിട്ടുന്നത് അങ്ങേ  അറ്റം ഒരു ഏക്കറില് അഞ്ഞൂറ് കിലോ . ആകെ കിട്ടുന്നത്  2500 കിലോ.  ഇന്നത്തെ നെലേല് മാർകറ്റിൽ കൊടുത്താൽ അങ്ങെ അറ്റം കിട്ടുക  50000 രൂപയാ.  അതിനെത്രയാ ഞമ്മക്ക് ചെലവായത്.  കൂലി അഞ്ഞൂറ് വച്ച് കൂട്ടിയാൽ തന്നെ അത് 50000 ആയി. പിന്നെ എന്തൊക്കെ ചിലവുണ്ട്.  അപ്പൊ ചോയിക്കട്ടെ ഇങ്ങള് നിക്ക്യോ ഈ പണിക്കു.  ഇല്ലാലൊ. എന്നാ അത് പോലതന്നെ നമ്മളും.  അങ്ങനെ നമ്മുടെ നെല്ലിന്റെ പീടിക പൂട്ടി. അവിടെ തെങ്ങ് കൊണ്ടു പോയി നട്ടു.  ഇപ്പം എത്ര തെങ്ങ് ഉണ്ട്  എന്ന് നോക്കിയാ.  ചുരുങ്ങിയത് ഒരു ആയിരം തെങ്ങ് എങ്കിലും കാണും .  ഒരു മാസം രണ്ടായിരം തേങ്ങ ചുരുങ്ങിയത്.  തേങ്ങ ഒന്നിന് പതുരുപ്പികക്ക് ഒരു മുടക്കവും ഇല്ല. അപ്പൊ മാസം 20000 . കൊല്ലത്തിൽ എത്രയായി. 240000. എന്താ ചെലവ് വരിക.  വളവും തെങ്ങ് തുറക്കുന്ന കൂലിയും.  എല്ലാം കൂടെ അങ്ങേ അറ്റം പോയാല് ഒരു ലക്ഷം.  നെല്ലിനെ പോലെ അല്ലാതെ, മഴ നിലച്ചു പോയാലും ഇതിയാനങ്ങു തേങ്ങ തന്നു കൊണ്ടെ ഇരിക്കും. അപ്പൊ പിന്നെ ഈ പണിയല്ലേ നല്ലത്.

തെങ്ങിന്റെ കാര്യം അറിയാനല്ല ഞാൻ വന്നത്. നെല്ലിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് അറിയാനാ.

അതിപ്പം ഇങ്ങള് അറിയുകയോന്നും വേണ്ട.  ഞമ്മൾക്ക്‌ നെല്ലിനെ രക്ഷപ്പെടുത്തണം എന്ന് ഒരു തിരക്കും ഇല്ല.  നമ്മള് തേങ്ങ തിന്നു ജീവിച്ചോളും.

അതല്ല കുഞ്ഞിരാമാട്ടാ. നെല്ലില്ലാതെ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ പറ്റില്ലല്ലോ.  അതിനു എന്ത് ചെയ്യണം എന്ന് പഠിക്കാനാണല്ലോ നമ്മളെ ഒക്കെ പണം തന്നു ഇങ്ങോട്ട് വിട്ടിട്ടുള്ളത്.

മോനെ ,രാമാ, ഇതൊക്കെ ഞമ്മക്ക് പണ്ടെ തോന്നെണ്ടാതായിരുന്നു.  ഇപ്പൊ ഈ തെങ്ങും, ഇവിടെയുള്ള കുറെ പെരകളും ഒക്കെ പൊളിച്ചു ഇവിടെ നെല്ല് രണ്ടാമതും കൃഷി ചെയ്യാനൊക്കെ വലിയ പാടല്ലേ.  പറ്റൂല്ല എന്ന് പോയി പറഞ്ഞേക്ക്.

അങ്ങനെ പറഞ്ഞാൽ എന്റെ പൈസ പാസാകൂല്ല കുഞ്ഞിരാമാട്ടാ. എന്തെങ്കിലും എഴുതി പിടിപ്പിക്കാതെ പറ്റില്ല.  എന്തെങ്കിലും ഒരു രണ്ടു അഭിപ്രായം തട്ടി വിട്.

എടൊ. അതൊക്കെ ഇനിക്ക് തന്നെ അറിയാം.  പിന്നെ ഇനിക്ക് ഞമ്മളെ വായീന്ന് തന്നെ കേക്കണം എന്നാണ് എങ്കിൽ ഇതാ കേട്ടോളൂ. ഞമ്മക്ക് നെല്ലിനു നാല്പതു ഉറുപ്പിക കിട്ടണം.  അത്ര തന്നെ.  ഇപ്പൊ ഏക്കറിന് 1500 കിലോ നെല്ല് വരെ കിട്ടുന്നു എന്ന് പെപറിൽ വായിച്ചു അറിഞ്ഞത് കൊണ്ടു പറയുന്നതാ. 40 കിട്ടിയാൽ ഒരു വിധം ചിലവും കുറച്ചു ലാഭവും ഒക്കെ കിട്ടി ഒരു വിധം മുട്ടില്ലാതെ മുന്നോട്ടു പോകാം.  പക്ഷെ മാർക്കറ്റിൽ നാല്പതിനു വിക്കുന്നെടത് നമുക്ക് എങ്ങനെ നാല്പതു തരും.  (പണ്ടത്തെ കാര്യം ഇതിനേക്കാൾ കഷ്ടമായിരുന്നു എന്ന് ഞാൻ പ്രത്യേകം പറയാതെ അറിയാമല്ലോ. അന്ന് ട്രാക്ടർ എന്നിങ്ങളെ ഉള്ള സാമഗ്രികൾ ഒന്നും ഇല്ലാല്ലോ). നാല്പതു പോയിട്ട് മുപ്പതു തന്നെ തരില്ല.  അപ്പോൾ ഈ പണം ആര്  തരും.  ആരെങ്കിലും തന്നാലെ നമുക്ക് കഞ്ഞി കുടിച്ചു ജീവിക്കാൻ പറ്റൂ.  നാട്ടു കാറ് തരില്ല എന്ന് ഉറപ്പാണെങ്കിൽ പിന്നെ തരാൻ കഴിയുന്ന ഒരാളെ ഉള്ളൂ ഈ ദുനിയാവിൽ.  അത് ഞമ്മടെ ഗവർമെന്റ് ആണ്.  പക്ഷെ അതിനു ഇപ്പം ഇങ്ങള് പറഞ്ഞു നടക്കുന്നത് സബ്സിഡി നിർത്തും സബ്സിഡി നിർത്തും എന്നൊക്കെ അല്ലെ.  പിന്നെ ആരാ തരിക.  മോനെ രാമാ തൽകാലം ആന്ധ്രയിലെയൊ, തമിൾ നാട്ടിലേയോ, തായ് ലാണ്ടിലെയോ അരി തിന്നാൽ മതി. ആറ്റുപുറം വയലിലെ അരി കണ്ടു പനിക്കേണ്ട.  അവിടെ ആകുമ്പോൾ നിലങ്ങള് അങ്ങനെ പരന്നു കിടക്കുകയാ.  അമ്പതു രുപ്പിക ദിവസ കൂലി കൊടുത്താൽ പണി എടുക്കാൻ ആളെ കിട്ടും.  ഇങ്കിലാബും  നെല്ലും ഒന്നിച്ചു പോകില്ല എന്റെ പോന്നു ഡോക്ടർ രാമാ.

അവിടെ ഒക്കെ ഇപ്പം ഭൂ പരിഷ്കരണം വരാൻ പോകുന്നു എന്ന് കേട്ടല്ലോ. എല്ലാര്ക്കും ഇങ്ങനെ അഞ്ചു സെന്റു ഭൂമി വീതം കൊടുത്താൽ നെല്ലിന്റെ കാര്യം നടക്കുമോ കുഞ്ഞിരാമാട്ടാ .

അതിനല്ലേ ആകാശം.

ആകാശമോ.

അതെ . ഒരു എത്തും പിടിയും  കിട്ടാതിരിക്കുമ്പോൾ നമുക്ക് നോക്കാനല്ലേ ആകാശം.  അവിടേക്ക് നോക്കി കൊണ്ടിരിക്കുക.

തൊഴിലധിഷ്ടിത വിദ്യാഭ്യാസം

തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്നത് നാം പണ്ടു മുതലേ കേൾക്കുന്നതാണ്. കേൾക്കുക മാത്രമേ ചെയ്തുള്ളൂ. ഇത് വരെ കണ്ടില്ല. ഒരു സ്കൂളോ കോളേജോ തൊഴിൽ പഠിപ്പിക്കാൻ പറ്റിയ സ്ഥലമാണ് എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. എൻ ടീ ടീ എഫ് എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ ഒരു തൊഴിൽ ശാല ആയിട്ടാണ് എനിക്ക് തോന്നിയത്. അത്തരത്തിലുള്ള സാങ്കേതിക പഠനമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ അതിനു എതിരല്ല. തൊഴിലധിഷ്ടിത വിദ്യാഭ്യാസം വ്യവസായ ശാലകളുടെ സബ്സിടയറി ആയി നടത്തുന്നത് തന്നെയാണ് അഭികാമ്യം. കാരണം തൊഴിൽ രംഗത്ത് വരുന്ന ഏതൊരു നൂതന പ്രവണതയും ഉൾക്കൊള്ളാൻ അത്തരം ഒരു സ്ഥാപനത്തിന് എളുപ്പം കഴിയും. മാത്രവുമല്ല വ്യവസായങ്ങളുമായി ഇന്റർ ആക്ട്‌ ചെയ്യാൻ അവിടെ സൌകര്യവും ഉണ്ട്. അല്ലാതെ തൊഴിൽ പഠിപ്പിക്കാൻ മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം സൃഷ്ടിക്കപ്പെടുമ്പോൾ അതിനു മേൽ പറഞ്ഞ പരിമിതികൾ പലതും ഉണ്ടാകും. നമ്മൾ പ്രാഥമിക വിദ്യാഭ്യാസം എന്നത് തൊഴിലുമായി കൂട്ടി കുഴക്കാനെ പാടില്ല. കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പോലും പൌരനു ഒരു തൊഴിൽ നേടി കൊടുക്കുക എന്നതല്ല, മറിച്ചു അവനെ ഒരു ഉത്തമ പൌരനായി വളര്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്.

തൊഴിൽ രംഗത്തുള്ള ഇന്നത്തെ അവസ്ഥ എന്തെന്നാൽ മനുഷ്യ ശേഷി വലിയ ഒരു പരിധി വരെ ഒഴിവാക്ക പ്പെടുന്നു എന്നുള്ളതാണ്. ഒരു റെക്നീഷനെക്കാൾ മേലെയാണ് ഇന്ന് ഒരു മാനേജർ. സാങ്കെതികതയെക്കാൾ കൂടുതൽ ഇന്ന് ആവശ്യപ്പെടുന്നത് ഭരണ നൈപുണ്യം ആണ്. ബുദ്ധിയും കഴിവും തീരെ കുറച്ചു മാത്രം അന്ഗീകരിക്കപ്പെടുന്ന ഒരു രാജ്യത്താണല്ലോ നമ്മുടെ വാസം. ആ ഒരു സ്ഥിതി ആദ്യം മാറണം. പ്രതിഭകളെ നമ്മൾ ഇവിടെ തന്നെ നില നിർത്തണം. അതിനു വേണ്ടി എന്ത് ത്യാഗവും ചെയ്യണം.

എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ വിദ്യാഭ്യാസ രീതി ഉടച്ചു വാർക്കുക തന്നെ വേണം. ഒരു ബാങ്ക് ക്ലാർക്ക് ഊര്ജ തന്ത്രം അറിയുന്നതിൽ കുഴപ്പമില്ല. പക്ഷെ അവൻ അതിൽ സ്പെഷലിസ്റ്റ് ആകേണ്ട കാര്യമില്ല. നമ്മുടെ ഹൈ സ്കൂൾ തലത്തിൽ പുതിയ ഒരു പഠന രീതി കൊണ്ടു വന്നപ്പോൾ അതിനെ എതിർത്ത് നമ്മുടെ ബുദ്ധി ജീവികൾ ചിലര് പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ രംഗം താറുമാറായി പോകും എന്നാണു. അത് കേട്ട മലയാളക്കരയിലെ പ്രശസ്തനായ ഒരു അദ്ധ്യാപകൻ പറഞ്ഞത് ഒന്നിനും കൊള്ളാത്ത ഇന്നത്തെ വിദ്യാഭ്യാസ രീതി തകരുന്നതാണ് അതിലും നല്ലത്. തകർന്നാലെ പുതിയ ഒന്ന് ഉണ്ടാകൂ എന്ന്

ഒരു തെരുവ് പട്ടിയുടെ മരണം


ചിന്നു റോഡരികിൽ തളർന്നു വീണു മരിച്ചത് എങ്ങനെ ആണെന്ന് ആർക്കും അറിയില്ല.  ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ഉടനെ അത് ചോര ശര്ധിച്ചു. ഒരു പരിഭവവും  ഇല്ലാതെ റോഡരികിൽ പോയി കിടന്നു.  ആരാന്റെ പറമ്പിൽ  കിടന്നു മരിക്കുന്നത് ശരിയല്ല എന്ന് ഒരു നായക്ക് പോലും അറിയാം.  ആരോരും ശ്രദ്ധിക്കാതെ താനിങ്ങനെ ഇല്ലാതായി കൊണ്ടിരിക്കുന്നതിനെ അത് അങ്ങീകരിചതു പോലെ തോന്നി.  പുറം തടവി കൊണ്ടു അതിനെ വിളിച്ചപ്പോൾ അതിന്റെ വാലിനു നേരിയ ചലനം. ശ്വാസത്തിന്റെ വേഗതയും കൂടി. മരിക്കുമ്പോഴും അത്  എന്റെ സാമീപ്യം അറിയുന്നത് പോലെ തോന്നി.  മേലെ പറമ്പിൽ നിന്ന് പാമ്പ് കടിച്ചതാണു എന്ന് അടുത്തു വീട്ടുകാരി പറഞ്ഞു.  പുലർച്ചെ രണ്ടു മണിക്ക് ഉറക്ക് ഞെട്ടി ഞാൻ ഒരു ടോര്ച് എടുത്തു അതിന്റെ അടുത്തേക്ക് വന്നപ്പോഴേക്കും അത് മരിച്ചു കഴിഞ്ഞിരുന്നു.

അനാവശ്യ തൊഴിലുകൾ

എന്താണ് തൊഴിൽ. അതിനു വ്യക്തമായ നിർവചനം ആരെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല. എന്തായാലും കള്ളന്മാരെ പോലീസ് പിടിക്കുന്നത് കൊണ്ടു അവരുടെ തൊഴിൽ നഷ്ടപ്പെടുന്നു എന്ന് ഇത് വരെ ആരും വിലപിച്ചിട്ടില്ല. അത്രയും നമുക്ക് സമാധാനിക്കാം. ഇന്ന് മനുഷ്യനെ പൂർണ്ണ നന്മയിലേക്ക് നയിക്കണം എന്ന് ഭരണ കൂടം ഉറച്ചു തീരുമാനിച്ചാൽ നമുക്ക് നഷ്ടപ്പെടുന്ന തൊഴിലുകൾ അനവധിയാണ്. അവനെ മദ്യപിക്കാതവാൻ ആക്കണം, പുകവലി ഇല്ലാതാക്കണം, ചൂത് കളി ഒഴിവാക്കണം, അനാവശ്യ ഭക്ഷണം വെറുതെ ഉണ്ടാക്കി വിടുന്ന വലിയ ഭക്ഷണ കേന്ദ്രങ്ങല്ക്ക് നിയന്ത്രണം വരുത്തണം, പെട്രോൾ ഉപഭോഘം കുറക്കാൻ വാഹനങ്ങളുടെ നിര്മ്മാണം കുറച്ചാൽ അവിടെ പോകും അനേകം തൊഴിലുകൾ, തലശേരിയിൽ നിന്ന് മൈസൂരിലേക്ക് ഒരു തീവണ്ടി പാത വന്നാൽ അതിലെ ഓടുന്ന ഓരോ ബസ്സിൽ നിന്നും മൂന്നോ നാലോ പേര്ക്കും തൊഴിൽ പോകും...... ഇങ്ങനെ പലതും ചൂണ്ടി കാണിക്കാൻ പറ്റും. തലശ്ശേരി ബസ്‌ സ്ടാന്റിൽ ബസുകളുടെ പോക്ക് വരവ് കൃത്യമായി കാണിക്കുന്ന ഒരു കമ്പ്യൂട്ടർ സ്ക്രീൻ വച്ചാൽ അഞ്ചു പത്തു വിളിച്ചു പറയലുകാരുടെ പണി ഇല്ലാതാകും, എയർ പോർട്ട്‌ മുതലായ സ്ഥലങ്ങളിൽ കാണുന്ന ട്രോളി റെയിൽവേ സ്റെഷനിൽ ഉണ്ടായാൽ പൊർറ്റരു മാരുടെ തൊഴിൽ ഇല്ലാതാവും. അപ്പോൾ തൊഴിലുകൾ നഷ്ടപ്പെടാതിരിക്കണമെങ്കിൽ മനുഷ്യൻ ഇങ്ങനെ ഉള്ള പല സൌകര്യങ്ങൾ ഒഴിവാക്കണം. ഇന്ന് ലോകത്തുള്ള തൊഴിലുകളിൽ ഭൂരി ഭാഗവും അവശ്യ തൊഴിലുകൾ അല്ല എന്ന് മാത്രമല്ല പലതും അനാവശ്യ തൊഴിലുകൾ പോലും ആണ്. നേരത്തെ ഞാൻ പറഞ്ഞത് പോലെ മായം ഉണ്ടാക്കുന്നതും അത് ഇല്ലാതാക്കുന്നതും വെവ്വേറെ തൊഴിലുകൾ ആയതു പോലെ. സിഗരറ്റ് ഉണ്ടാക്കുന്നതും, കാൻസർ രോഗത്തിന് മരുന്ന് ഉണ്ടാക്കുന്നതും വേറെ വേറെ തൊഴിലുകൾ ആണ്. മരുന്ന് കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ രക്ഷിക്കാൻ വേണ്ടി ഇവിടെ കാൻസർ രോഗം ഉണ്ടായി കൊണ്ടിരിക്കണം, അത് കൊണ്ടു സിഗരറ്റ് നിരോധിക്കാൻ പാടില്ല .എന്ന് ഒരു പരിഷ്കൃത മനുഷ്യൻ പറയുമോ.  അത് കൊണ്ടു മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ വേണ്ടി ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെ , തൊഴിൽ നഷ്ടങ്ങൾ എന്ന് വിളിക്കുന്നതിനു പകരം,  'അനാവശ്യ തൊഴിൽ നഷ്ടം' എന്ന് വിളിക്കുന്നതാവും നല്ലത് 

(നാളെ ലോക രാജ്യങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി ഒരു യുധമില്ലാ കരാർ ഒപ്പിടുക ആണെങ്കിൽ (അത്തരം നടക്കാ സ്വപ്‌നങ്ങൾ വച്ച് പുലർത്തേണ്ട എന്ന് ആദ്യമേ പറയുന്നു. കാരണം ഇന്ന് ലോകം പല രീതിയിലും നിയന്ത്രിക്കുന്നത്‌ ആയുധ നിർമ്മാതാക്കൾ ആണല്ലോ )  അതിൽ മാത്രം ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകും.  അന്ന് നമ്മൾ യുദ്ധം വേണം യുദ്ധം വേണം എന്ന് മുറവിളി കൂട്ടുമോ എന്ന് എനിക്ക് അറിയില്ല.)

തൊഴിൽ ചെയ്യുക എന്നുള്ളത് മനുഷ്യന്റെ അവകാശമാണ്.  മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്ച്ചയ്ക്ക് അവൻ അർത്ഥവത്തായ തൊഴിലുകളിൽ ഏർപ്പെട്ട്ടു കൊണ്ടിരിക്കേണ്ടത് ആവശ്യമാണ്‌ എന്ന് എറിക് ഫ്രം പറഞ്ഞിട്ടുണ്ട്.  പക്ഷെ ഈ അർത്ഥവത്തായ തൊഴിൽ എന്തെന്ന് അദ്ദേഹം വ്യക്തമായി നിർവചിച്ചില്ല.  പുന സൃഷ്ടിയിലൂടെ മനുഷ്യന് ശാരീരികവും മാനസികവുമായ ഉന്നമനം വരുത്തുന്ന പ്രവർത്തികൾ ആണ് അർത്ഥവത്തായ തൊഴിലുകൾ എന്ന് നമുക്ക് ഏകദേശം പറയാവുന്നതാണ്.  ആ രീതിയിൽ ചിന്തിച്ചാൽ ഇവിടെ ഉള്ള മിക്ക തൊഴിലുകളും അർത്ഥ രഹിതമായ തൊഴിലുകൾ ആണ്.  അവയൊന്നും ചെയ്തില്ലെങ്കിലും മനുഷ്യ വര്ഗത്തിന് വലിയ അപകടങ്ങൾ ഇല്ല എന്ന് മാത്രമല്ല, അവയിൽ പലതും മനുഷ്യ വര്ഗത്തെ അപകടപ്പെടുതുന്നവ കൂടിയാണ്.  


മനുഷ്യൻ അടിസ്ഥാനപരമായി ഭക്ഷണം അന്വേഷിച്ചു നടക്കുന്ന ഒരു ജീവി തന്നെ  ആയിരുന്നു. അവൻ തന്റെ സംസ്കാരം വളർത്താൻ തുടങ്ങിയത് കൃഷി ആരംഭിച്ചതിനു ശേഷം ആയിരുന്നു.  കൃഷിയും , വേട്ടയും തമ്മിലുള്ള പ്രധാന വ്യത്യാസം , കൃഷിയിൽ മിച്ച ഭക്ഷണം വളരെ ഏറെ ഉണ്ടാക്കുന്നു എന്നുള്ളതാണ്.  ഈ മിച്ച ഭക്ഷണം തന്നെ ആയിരുന്നു ഒരു വിഭാഗം ആളുകളെ കൃഷി ജോലിയിൽ നിന്ന് പുറം തള്ളാൻ കാരണമായത്‌.  പക്ഷെ അത് ഒരിക്കലും ഒരു തൊഴിൽ നഷ്ടമായിരുന്നില്ല.  എല്ലാവർക്കും കഴിക്കാൻ ഭക്ഷണം ഉണ്ടാകുന്ന കാലത്തോളം ലോകത്ത് തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുന്നില്ല. കാരണം ഭക്ഷണം ഉറപ്പുള്ളവന് എന്ത് ജോലിയും ചെയ്യാം.  അവൻ അങ്ങനെ ചെയ്ത അത്തരം ജോലികൾ ആയിരുന്നു വളര്ച്ചയ്ക്ക് നിതാനമായി വർത്തിച്ചത്. അതിനെയാണ് നാം പിൽക്കാലത്ത്‌ സംസ്കാരം എന്ന പേരിട്ടു വിളിച്ചത്.

എറിക് ഫ്രം പറഞ്ഞത് ഒരു പരിധി വരെ ശരിയെങ്കിലും,  ഇന്ന് ലോകത്തെ വിഷമിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിൽ ഇല്ലായ്മ അല്ല എന്ന് ഞാൻ ആത്മാര്തമായി വിശ്വസിക്കുന്നു.  അതിലും വലിയ പ്രശ്നം ഇവിടെ എല്ലാവരെയും ഊട്ടാൻ മാത്രം ഭക്ഷണം ഇല്ല എന്നതാണ്.

Wednesday, 1 April 2015

ആധുനികമായ ചില ആചാരങ്ങൾ

 വർത്തമാന കാല മനുഷ്യന്റെ ആചാരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത്‌,  തലമുറ തലമുറയായി കൈ മാറ്റം ചെയ്യപ്പെട്ടു ഇന്ന് അവനിൽ എത്തിച്ചേര്ന്ന കിരാതന്റെ ആചാരങ്ങൾ ആണ്.  അതോടൊപ്പം അവൻ വർത്തമാന പരിതസ്ഥിതികളിൽ നിന്ന് പലതും ഉൾക്കൊണ്ടു രൂപം കൊടുത്ത നവീനങ്ങളായ പല ആചാരങ്ങളും ഉണ്ട് എന്നുള്ളതും  നമുക്ക് അറിയാം. അചാരങ്ങളുടെ കാര്യത്തിൽ പ്രാകൃതനും നവീനനും  തമ്മിൽ പ്രകടമായ ചില വ്യത്യാസങ്ങൾ ഉണ്ട്.  പ്രാകൃതന്റെ ആചാരങ്ങളും വിശ്വാസങ്ങളും മുഴുവനും, അവനും പ്രകൃതിയും ആയുള്ള നിരന്തരമായ  ഇടപെടലുകൾക്ക് ഒടുവിൽ അവനിൽ നിന്ന് സ്വാഭാവികമായി ഉയര്ന്നു വന്ന ചില പ്രതികരണങ്ങൾ  ആണ്. പക്ഷെ ആധുനികന് തലമുറ തലമുറയായി കിട്ടി വന്ന ആചാരങ്ങൾക്ക് അത്തരം ഒരു ഗുണം ആരോപിക്കാൻ ആവില്ല.  അവയൊക്കെ അവൻ മറ്റുള്ളവരിൽ നിന്ന് കണ്ടോ കേട്ടോ പഠിച്ചവ മാത്രമാണ്.   അവ ഉയിർക്കൊള്ളുവാൻ ഉണ്ടായ കാരണങ്ങൾ എന്ത് എന്ന് പോലും ആധുനികന് അറിയില്ല.  നമ്മൾ സൂര്യനെയോ അഗ്നിയെയോ ഇന്നും ആരാധിക്കുന്നു എങ്കിൽ അത് നമ്മുടെ കേട്ടറിവിലൂടെ ഉള്ള ആരാധന മാത്രമാണ്.  പ്രാചീന മനുഷ്യനിൽ അത്തരം ഒരു വിശ്വാസം ഉടലെടുക്കാൻ ഉണ്ടായ സാഹചര്യങ്ങൾ ഒന്നും ശാസ്ത്ര കുതുകിയായ ആധുനികനിൽ ഇല്ല.  അതായത് നമ്മിൽ ഇന്നും നില നില്ക്കുന്ന പല ആചാരങ്ങളിലോ വിശ്വാസങ്ങളിലോ നാം എത്തി ചേർന്നത്‌ കിരാതൻ താണ്ടിയ വഴികളിലൂടെ അല്ല

ഒരു സ്വകാര്യ  കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന എന്റെ ഒരു നാട്ടുകാരന് ഒരിക്കൽ ഒരു ശിക്ഷ കിട്ടി.  കമ്പനിയുടെ മുതലാളി കാർ ഇറങ്ങി വന്നപ്പോൾ ഒരു സെക്യൂരിറ്റി ആയ അയാളോട് സലൂട്ട് ചെയ്യാൻ മറന്നു പോയി.  മുതലാളിക്ക് അത് വലിയ അപമാനമായി തോന്നി.  ഈ സലൂട്ട് എന്ന ആചാരം അപമാനത്തിന്റെ പ്രതീകമായി ഉപയോഗിക്കപ്പെടുന്ന വേളകൾ വേണ്ടുവോളം ഉണ്ട്.  ചില സ്ഥലങ്ങളിൽ അത് സലൂട്ട് എന്നതിന് പകരം, ഇരുന്നു കൊണ്ടിരുന്ന കസേരയിൽ നിന്ന് എഴുന്നെല്ക്കുന്നത് മാതമാണ്.  നമ്മൾ മറ്റൊരാളോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് അത്തരത്തിൽ അനേകമനേകം ആചാരങ്ങൾ ഉണ്ട്.  അവയൊക്കെയും ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിച്ചു എടുത്തവയാണ്.  അത് ചെയ്യാതിരിക്കുന്നതിലൂടെ നമുക്ക് ഒരാളെ അപമാനിക്കാനും പറ്റുമെന്ന് ആധുനിക മനുഷ്യൻ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

യുക്തിഗതമായ ഒരു കാരണ മില്ലാതെ നമ്മൾ ചെയ്യുന്നതെന്തും ഒരു ആചാരമായി കണക്കാക്കണം.  മേലെ പറഞ്ഞ ഉദാഹരണങ്ങളിൽ കൈ ഉയർത്തി സലൂട്ട് ചെയ്യുന്നത്  കൊണ്ടോ, ഇരുന്ന കസേരയിൽ അമര്ന്നിരുന്നത് കൊണ്ടോ  ആര്ക്കും നഷ്ടങ്ങളൊന്നും വരുന്നില്ല.  അപമാനിക്കപ്പെട്ടു എന്ന ഒരു തോന്നൽ അല്ലാതെ .  രാവിലെ എഴുന്നേറ്റാൽ ഗുഡ് മോർണിംഗ്,  രാത്രി ഗുഡ് നൈറ്റ്‌ , ജന്മ ദിവസങ്ങളിൽ ഹാപ്പി ബർത്ത് ഡേ., ഇങ്ങനെ പലതും നമ്മുടെ ആചാരങ്ങളുടെ ലിസ്റ്റിൽ പെടുത്തേണ്ടവ ആണ്