Thursday, 30 April 2015

വിദ്യാഭ്യാസ സിനിമ

മാണി ടാകീസിൽ എ സിനിമ കണ്ടു, മണ്ടോടി പുറത്തിറങ്ങിയത് നേരെ തുരപ്പൻ കേളുവിന്റെ മുന്നിൽ.  നല്ല ആളുടെ മുന്നിലാണ് പോയി പെട്ടത്.  ഇന്ന് പൊടി പൂരം തന്നെ. അമ്മയോട് ഈ ദുഷ്ടൻ എന്തൊക്കെയാണ് പോയി പറഞ്ഞു കൊടുക്കുക എന്ന് പറയാൻ പറ്റില്ല.

വീട്ടില് എത്തി അമ്മയെ ചുറ്റി പറ്റി നടന്നു.  ആദ്യമേ ഡിഫൻസീവ് ആകുന്നതു അപകടം കുറക്കുന്നതിനു നല്ലതാണ്.  പക്ഷെ രക്ഷയില്ല.  തുരപ്പൻ അവന്റെ വീട്ടിലേക്കു പോകുന്നതിനു പകരം നേരെ ഇങ്ങോട്ടാണ്‌ വരുന്നത്.  വന്നപാടെ സംസാരം തുടങ്ങി.  ഏതു സംഭാഷണവും അമ്മയുടെ ആരോഗ്യം ചോദിച്ചു കൊണ്ടാണ് തുടങ്ങുക.  അടി വാങ്ങിച്ചു തരാനുള്ള മിനുസമുള്ള ചന്തി പരുവപ്പെടുത്തി  എടുക്കാനുള്ള ഒരു തരം തടവൽ.

എന്താ കൌസു അമ്മെ സുഖം തന്നെ അല്ലെ

ആ ഒരു വിധം സുഖം തന്നെ .

ഇപ്പോൾ സിനിമാക്കൊന്നും  പോകാറില്ലേ (മണ്ടോടി അപകടം മണത്തു)

ഓ . എന്ത് സിനിമ.  മനോരമ ആഴ്ചപതിപ്പ് വായിക്കാൻ തന്നെ ഇവിടെ നേരമില്ല

ഓ. അല്ലെങ്കിലും നിങ്ങൾക്ക് എന്തിനു സിനിമ.  സിനിമയ്ക്കു പോകേണ്ടവർ ഒക്കെ കൃത്യമായി സിനിമയ്ക്കു പോകുന്നുണ്ടല്ലോ.

കേളു എന്താ അങ്ങനെ പറഞ്ഞത്.

ഓ. ഒന്നുമില്ല. കുട്ടികള് ചങ്ങായിമാരുടെ കൂടെ സിനിമയൊക്കെ കാണുന്നുണ്ടാകും എന്ന് ഉദ്ദേശിച്ചു പറഞ്ഞതാണ്

ഓ അതൊക്കെ സാധാരണ അല്ലെ.

അതൊക്കെ സാധാരണയാണ്.  പക്ഷെ കുപ്പായമിടാത്ത പെണ്ണുങ്ങളുള്ള സിനിമ കാണുന്നതാണ് സാധാരണമല്ലാത്തത്

മണ്ടോടി (ആത്മഗതം) പെണ്ണുങ്ങൾക്ക്‌ കുപ്പായമില്ല എന്ന് പറയാൻ ഇയാള് സിനിമ കണ്ടിട്ടുണ്ടോ.

അമ്മ:  അതെന്താ കേളു അങ്ങനെ പറഞ്ഞത്.

ഒന്നുമില്ല . മോനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.  ഇന്നത്തെ മാറ്റിനി കണ്ടു കഴിഞ്ഞു നേരെ വന്നു വീണത്‌ എന്റെ മുന്നിലായതു നന്നായി. അല്ലെങ്കിൽ ഇത് ഇനിയും എത്ര കാലം തുടരും എന്ന് പടച്ചോൻ കണ്ടു.

മണ്ടോടി (ആത്മഗതം): ഇനി എന്നെ കൊണ്ടു സിനിമ കാണിക്കില്ല എന്ന് ശപഥം ചെയ്തിട്ടാണ് തുരപ്പൻ ഇങ്ങോട്ട് വന്നത് എന്ന് ഉറപ്പു

അമ്മ:  എടാ ഇങ്ങോട്ട് വന്നു എന്റെ മുന്നില് നിൽക്ക്. ഞാൻ ഈ കേട്ടത് നേരാണോ. നീ മോശം സിനിമകൾ ഒക്കെ കാണാറുണ്ട്‌ എന്ന്.

അയ്യോ അമ്മെ . മോശം സിനിമയൊന്നും അല്ല.  ഇയാള് വെറുതെ പറയുന്നതാ.  കുപ്പായമില്ല എന്ന് പറയാൻ ഇങ്ങേരു സിനിമ കണ്ടിട്ടുണ്ടോ (കേളുവിനെ നോക്കി)

കേളു: ഞാൻ സിനിമ കണ്ടിട്ടൊന്നും ഇല്ല.  പക്ഷെ പോസ്റ്റർ കണ്ടാൽ അറിയില്ലേ.

പോസ്ടറിൽ അങ്ങനെ പലതും കാണും. അതൊന്നും സിനിമയിൽ കാണണം എന്നില്ല.  പോരാത്തതിന് നല്ല ആർട്ട്‌ സിനിമ ആയിരുന്നു.

(അമ്മ അപ്പോഴേക്കും വടി എടുത്തു രണ്ടു പൊട്ടിച്ചു കഴിഞ്ഞിരുന്നു)

അമ്മ: ഇനി നീ ഇങ്ങനത്തെ ഒരു ആർട്ട്‌ സിനിമ കണ്ടു എന്ന് അറിഞ്ഞാൽ ഇതിന്റെ ബാക്കി അന്ന് മേടിക്കും.  കേളു ടൌണിൽ തന്നെ ഉള്ളത് നന്നായി.  ഇവനെ ശരിക്കും ശ്രദ്ധിക്കണം.

അപ്പോൾ ഇനി ഒരു സിനിമയും കാണേണ്ട എന്നാണോ. (മണ്ടോടി കരഞ്ഞു കൊണ്ടു ചോദിച്ചു)

കേളു: സിനിമ കാണേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.  കുട്ടികള് കാണേണ്ട എന്തൊക്കെ സിനിമകൾ ഉണ്ട്.  സിനിമ എന്നാൽ ഒരു തരം വിദ്യാഭ്യാസമാണ്.  അങ്ങനെ ഉള്ള സിനിമകളെ കാണാൻ പാടുള്ളൂ.  എ സിനിമ എന്നാൽ പതിനെട്ടു കഴിഞ്ഞവർക്ക് മാത്രമുള്ളതാണ്. ഞാൻ പോലും അത്തരം വൃത്തി കേടുകൾ കാണാറില്ല.

മണ്ടോടി യുടെ എ സിനിമാ സ്വപ്‌നങ്ങൾ അതോടെ അവസാനിച്ചു എന്ന് കരുതിയതാണ്.  പക്ഷെ ഇല്ല .  ഒരു സുപ്രഭാതത്തിൽ മാണി ടാകീസിന്റെ മുന്നിൽ പോസ്റ്റർ.  "കാൻസറും ലൈംഗിക രോഗങ്ങളും'. ചങ്ങായി പാച്ചുവിനെ പരതി ഉടൻ നടന്നു.  കണ്ടപാടെ ചോദിച്ചു.

വരുന്നോടാ.  മാണി ടാകീസിൽ ഒരു വിദ്യാഭ്യാസ സിനിമ ഉണ്ട്.

പാച്ചു : ഞാൻ കണ്ടു. അത് വെറും എ ആടാ . ഞാൻ ഒന്നും കൂടെ കാണാൻ വരുന്നു.  നീ അമ്മയോട് സമ്മതം എടുത്തോ.

ഇതാ ഇപ്പം സമ്മതം എടുത്തിട്ട് വരാം.

മണ്ടോടി വീട്ടിലേക്കു ഓടി പോയി.

അമ്മാ. മാണി ടാകീസിൽ ഒരു വിദ്യാഭ്യാസ സിനിമ വന്നിട്ടുണ്ട്. കാണാൻ പോയിക്കോട്ടെ.

വിദ്യാഭ്യാസ  സിനിമ ആണെങ്കിൽ എന്നോട് ചോദിക്കുകയോന്നും വേണ്ട. ധൈര്യമായി പോയിക്കോ.

No comments:

Post a Comment