Saturday, 28 October 2017

കുട്ടികളും നമ്മളും

ചെറിയ കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ, വീട്ടിന്റെ പിന്നിലുള്ള അനാഥ മന്ദിരത്തിലെ സൂപ്രണ്ട് എന്റെ അമ്മയുടെ അടുത്തു വന്നു ഇങ്ങനെ പറഞ്ഞു. കൗസു അമ്മെ. നിങ്ങളുടെ മകൻ വൈകുന്നേരം വന്നാൽ, അനാഥമന്ദിരത്തിൽ വരണം എന്ന് അവനോടു പറയണം എന്ന്. 'അമ്മ കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവനു അവിടെ ഉള്ള കുട്ടികളുടെ കൂടെ കളിച്ചാൽ പോരെ. പത്തിരുപതു കുട്ടികൾ അവിടെ ഉണ്ട്. കളിക്കാനുള്ള പല വസ്തുക്കളും അവിടെ ഉണ്ട്. അവൻ അവരോടൊപ്പം കളിച്ചു അവരുടെ വേദനകൾ അറിയട്ടെ എന്ന്. അന്ന് മുതൽ കുട്ടിക്കാലം കഴിയുന്നത് വരെയും, എന്റെ സായാഹ്നങ്ങൾ ഞാൻ ചെലവിട്ടത് ആ അനാഥ മന്ദിരത്തിൽ ആയിരുന്നു. അച്ഛനെയും അമ്മയെയും വിട്ടു നിൽക്കുന്ന എത്രയോ കുട്ടികൾ അവിടെ ഉണ്ടായിരുന്നു. അച്ഛനോ അമ്മയോ ആരെന്നു അറിയാത്തവരും . ആ വേദന അറിയുന്ന ഒരാൾക്ക് തന്റെ വേദന വെറും തുച്ഛമാണ് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അവരുടെ അത്തരം വേദനകൾ അറിഞ്ഞവന് തന്റെ തുച്ഛമായ വേദനകൾ കാരണം , മരിക്കാൻ തോന്നുക പോയിട്ട് ഒന്ന് കരയാൻ പോലും തോന്നില്ല. നമ്മൾ നമ്മുടെ കുട്ടികളെ കഷ്ടപ്പാടുകൾ അറിയാതെ വളർത്താൻ ആഗ്രഹിക്കുന്നു. അത് തെറ്റാണ് എന്ന് ഞാൻ പറയില്ല. പക്ഷെ ലോകത്തു കഷ്ടപ്പാടുകൾ തെല്ലും ഇല്ല എന്നും, ഇപ്പോൾ എനിക്ക് അനുഭവിക്കേണ്ടി വന്ന ഈ തുറിച്ചു നോട്ടം, ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് എന്നും ധരിക്കുന്ന കുട്ടി, അത്ര നല്ല കുട്ടിയാണ് എന്ന് ഞാൻ കരുതുന്നില്ല. അത് കൊണ്ട് തുറിച്ചു നോട്ടത്തിൽ കവിഞ്ഞുള്ള പല വേദനകളും ഈ ലോകത്തുണ്ട്, എന്ന് നാം നമ്മുടെ കുട്ടികളെ അറിയിക്കുക തന്നെ വേണം. അവൻ സ്‌കൂളിൽ വച്ച്, ക്ലാസ് തൂത്തു വരാൻ നിര്ബന്ധിക്കപ്പെട്ടു എങ്കിൽ നാം അതിൽ കുപിതരാകരുതു. അതിനെ ബാല പീഡനം ആയി കണക്കാക്കരുത്. എത്രയോ കുട്ടികൾ അതിനേക്കാൾ ഭീകരമായ പരിതഃസ്ഥിതികളിൽ ജീവിക്കുന്നു എന്ന സത്യം അവനെ മനസ്സിലാക്കാൻ, ഇത്തരം ചെറിയ വേലകളുടെ സമയത്തു നാം ശ്രമിക്കണം. ഒരു കാറ്റടിച്ചാൽ ചിന്നി ചിതറി പോകുന്ന ഇലയായി വളരാനല്ല നാം അവനെ പഠിപ്പിക്കേണ്ടത്, ഏത് കൊടുങ്കാറ്റിലും പതറാതെ നിൽക്കുന്ന ഒരു മാമരമാകാനാണ് .

തവരച്ചെടിയും കുട്ടികളും
തലവാചകത്തിൽ കുട്ടികൾ എന്നുള്ളത് കൊണ്ട് ഞാൻ കുട്ടികളെ കുറിച്ചാണ് പറയുന്നത് എന്ന് ധരിക്കരുത്. ഞാൻ ഇവിടെ കുട്ടികളെ കുറിച്ച് ഒരു വാക്കു പോലും ഉരിയാടില്ല. അത് ഉരിയാടേണ്ടത്‌ ഇത് വായിക്കുന്ന നിങ്ങളാണ്.
എല്ലാ പുറം പോക്ക് ഭൂമികളിലും കാണുന്ന ഒരു ചെടിയാണ് തവര. ചിലയിടങ്ങളിൽ അതിനു തകര എന്ന് പറയും എന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. അത് ഞാൻ ഉദ്ദേശിക്കുന്ന ചെടിയാണോ എന്ന് അറിയില്ല. ഒരു ചിത്രം ഇവിടെ കൊടുക്കണം എന്ന് വിചാരിച്ചു, ഞാൻ ഇവിടെ പല ഇടങ്ങളിലും തെണ്ടി നടന്നു. പക്ഷെ രക്ഷയില്ല. അവയുടെ വേരറ്റു പോയിരിക്കുന്നു.
എന്റെ വീടിന്റെ മുന്നിലുള്ള പുറമ്പോക്കു ഭൂമിയിൽ ആയിരുന്നു ഞാൻ ഇവയെ ആദ്യമായി കാണാൻ തുടങ്ങിയത്. മനുഷ്യന്റെ പാദ പതനം അധികം ഏൽക്കാത്ത ഭൂമി. ചില്പ്പോൾ മാത്രം ഞാൻ തവര ഇലകൾ പറിക്കാൻ മാത്രം, ഒരു കാലിയെ പോലെ അവിടെ മേയും. ചെടി അറിയാതെ ഞാൻ അവയെ പറിച്ചെടുക്കും. അവ എന്റെ ഇഷ്ട ഭക്ഷണം ആയിരുന്നു , അന്നും ഇന്നും.
ആരും താലോലിക്കാത്ത ചെടി. ആരും വെള്ളമൊഴിക്കാത്ത ചെടി. മെയ് മാസത്തിലെ കടുത്ത വേനലിൽ അത് കാറ്റിൽ തലയാട്ടി കൊണ്ട് ആ പുറം പോക്കിൽ ജീവിച്ചു. ഇനി അഥവാ അത്യഷ്ണത്തിൽ അവ കരിഞ്ഞു പോയാലും അടുത്ത മഴയിൽ അവ നിബിഢമായി വളർന്നു കഴിഞ്ഞു. വേനലിനും നശിപ്പിക്കാൻ പറ്റാത്ത ഒരു വല്ലാത്ത അസ്തിത്വം.
ഒരിക്കൽ അമ്മയോട് ഞാൻ ചോദിച്ചു . ഈ ചെടിയെന്താണ് ഇങ്ങനെ. അതിനു വെള്ളം വേണ്ടേ . വളം വേണ്ടേ എന്നൊക്കെ. 'അമ്മ ചിരിക്കുക മാത്രം ചെയ്തു. അന്ന് അമ്മക്ക് അതിനു ഉത്തരം ഇല്ലാഞ്ഞിരുന്നത് പോലെ, ഇന്നു എനിക്കും അതിനു ഉത്തരമില്ല . പക്ഷെ അന്ന് 'അമ്മ പറഞ്ഞ മറ്റൊരു കാര്യം ഞാൻ ഇന്നും ഓർക്കുന്നു. നീ അവയുടെ ഇലകളെ നോക്കൂ. അവയിൽ ഏതെങ്കിലും ഒന്നിനെ ഏതെങ്കിലും പ്രാണി കടിച്ചിട്ടുണ്ടോ എന്ന് നോക്കി വരൂ എന്ന്. ഞാൻ ഒരു ദിവസം മിനക്കെട്ടിരുന്നു അതിലെ ഓരോ ഇലകളിലെയും പരിശോദിച്ചു. ഒന്നിലും ഒരു പോറലും ഇല്ല.
പിന്നീടൊരിക്കൽ ആരോ ആ പറമ്പു ഉഴുതു മറിച്ചു
തവരകൾ എന്നത്തേക്കുമായി അപ്രത്യക്ഷമായി.
ഞാൻ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം
എന്ത് കൊണ്ട്?

Tuesday, 3 October 2017

സ്റ്റാസ്റ്റിസ്റ്റിക്കൽ ഫാലസികൾ

യാത്രക്കിടയിൽ പരിചയപ്പെട്ട ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥി എന്നോട് മുൻപൊരിക്കൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിനു ആധാരം.  അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ അതെ പോലെ ഇവിടെ പകർത്തുകയാണ്.  അതിൽ യുക്തിയുണ്ട് എന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്.  ഇതിന്റെ തുടക്കം ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യമാണ്..  എന്റെ ചോദ്യം ഇതായിരുന്നു.  ചില വാക്സിനുകളിൽ വിജയം 97 ശതമാനം വരുമെന്ന് ഞാൻ ഒരിടത്തു വായിച്ചിട്ടുണ്ട്.  ആ കണക്കു തെറ്റാണ് എന്ന് താങ്കൾ ഇപ്പോൾ പറഞ്ഞത് ഞാൻ കേട്ട് .  എന്താണ് താങ്കളുടെ ഈ വാദത്തിനു അടിസ്ഥാനം.  അദ്ദേഹത്തിന്റെ ഉത്തരത്തിന്റെ പൂർണ രൂപമാണ് ഇവിടെ കൊടുക്കുന്നത്.

മരുന്നും വാക്സിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് എന്ന് അറിയാമോ.  മരുന്നുകൾ രോഗിക്ക് കൊടുക്കുന്നവ ആണ്. വാക്സിനുകൾ രോഗമില്ലാത്തവനും.  നൂറു പേർക്ക് ഒരു മരുന്ന് കൊടുത്തു അതിൽ മൂന്നു പേർക്ക് ആ രോഗം വന്നാൽ അതിനർത്ഥം,  മരുന്ന് 97 ശതമാനം വിജയം ആണെന്ന് തന്നെ ആണ്.  സംശയമില്ല.  പക്ഷെ ഈ നീതി വാക്സിനിൽ പ്രയോഗിക്കുന്നത് തികച്ചും യുക്തി ഹീനമാണ്.  കാരണം വാക്സിൻ എന്നത് രോഗം വരുന്നവനോ , രോഗം വരുമെന്ന് ഉറപ്പുള്ളവനോ കൊടുക്കുന്ന മരുന്നല്ല.  ഒരു മാരക പകർച്ച വ്യാധിയും,  അത് കൊടുമ്പിരിക്കൊണ്ട ഇടങ്ങളിൽ പോലും എല്ലാവര്ക്കും വന്നിട്ടില്ല.  ജനതയിൽ ഒരു വലിയ ശതമാനം ആളുകൾ ഏതു രോഗത്തിനെതിരെയും പ്രതിരോധം നേടിയവർ ആയിരുന്നു.  അതിനർത്ഥം ഇന്ന് നാം വാക്സിൻ കൊടുക്കുന്നത് എല്ലാവര്ക്കും രോഗം വരാൻ സാധ്യതയുണ്ട്  എന്നുള്ള വിശ്വാസം കൊണ്ടല്ല.  മറിച്ചു നൂറിൽ മൂന്നു പേർക്ക് മാത്രമേ രോഗം വരാനെ സാധ്യത ഉള്ളൂ എങ്കിലും എല്ലാവര്ക്കും വാക്സിൻ കൊടുത്തിരിക്കണം എന്ന് നിര്ബന്ധമാണ്.  പകർച്ച വ്യാധി തടയുന്നതിനും ആ മൂന്ന് പേരെ രക്ഷിക്കുന്നതിനും അത് ആവശ്യമാണ്.  അപ്പോൾ ഇനി നമുക്ക് ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ച് കൊണ്ട് നമ്മുടെ ഒരു ഉദാഹരണത്തിലേക്കു കടക്കാം.   അതിനുള്ള സ്പെസിമെൻ താഴെ പറയുന്നതാണ്.  ആദ്യം ഇരുനൂറു പേരുള്ള ഒരു സമൂഹത്തെ മനസ്സിൽ കാണുക.  അവർക്കു ഏതെങ്കിലും ഒരു പകർച്ച വ്യാധിക്ക് വേണ്ടി വാക്സിൻ കൊടുക്കാൻ പോകുകയാണ്.  ഈ ഉദാഹരണത്തിന് വേണ്ടിയുള്ള ഒരു പോസ്റ്റുലേറ്റു ഇതാണ്.  ജനതയിൽ മൂന്നു ശതമാനം പേർക്ക് വരാൻ ഇടയുള്ള  ഒരു രോഗത്തിനാണ് നാം വാക്സിൻ കൊടുക്കുന്നത്.  ഇത് ഒരു ഊഹം മാത്രമാണ്.  യാഥാർഥ്യം അല്ല.  ഇരുനൂറു പേരുള്ള ഈ ഗ്രൂപ്പിനെ ഞാൻ നൂറു വീതമുള്ള രണ്ട് ഭാഗം ആക്കുകയാണ്.  അടുത്തതായി ആദ്യത്തെ ഗ്രൂപ്പിലെ എല്ലാവര്ക്കും വാക്സിൻ കൊടുക്കുകയാണ്.  ഇനി അടുത്ത ഗ്രൂപ്പിന്റെ കാര്യമോ.  അവിടെ ആർക്കും ഒരു വാക്സിനും കൊടുക്കുന്നില്ല.  വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ ആർക്കും രോഗം വന്നില്ല എന്ന് അനുമാനിക്കുക.  ഇനി അടുത്ത ഗ്രൂപ്പിന്റെ കാര്യമോ.  നേരത്തെ പോസ്റുലേറ്ററിൽ പറഞ്ഞ കാര്യത്തിൽ നിന്ന് തന്നെ വ്യക്തമാണ് വാക്സിൻ കൊടുക്കാത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു കഴിഞ്ഞു എന്ന്.   ശരിയല്ലേ.  വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ ആർക്കും രോഗം വന്നില്ല .  കൊടുക്കാത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു.  ഇത് വരെ കുഴപ്പമില്ല.  എന്നാൽ ഇനി ഈ വാക്സിൻ കൊടുത്ത ഗ്രൂപ്പിൽ മൂന്നു പേർക്ക് രോഗം വന്നു എന്ന് വിചാരിക്കുക.  അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ശഠിക്കാൻ പറ്റില്ല.  കാരണം ഈ ലേഖനം തുടങ്ങിയത് 97  ശതമാനം വിജയം എന്ന സംഖ്യയിൽ നിന്നാണ് എന്ന് ഓർക്കുക.  അപ്പോൾ ഈ ഉദാഹരണത്തിൽ നമുക്ക് എന്ത് കിട്ടുന്നു.  രണ്ട് ഭാഗത്തും മൂന്നു പേർക്ക് രോഗം വന്നു എന്ന്. എന്താണ് ഇതിന്റെ അർഥം. ഇത് ഒരു എക്സ്ട്രീം ഉദാഹരണം മാത്രമാണ്.  പക്ഷെ ഇതിൽ നിന്ന് കിട്ടുന്ന ഉത്തരവും ഒരു എക്സ്ട്രീം ഉത്തരം ആണ് എന്ന് കണക്കാക്കിയാൽ മതി.  അപ്പോൾ യുക്തി പൂർവം ഇങ്ങനെ പറയാം.  പരാജയം മൂന്നു ശതമാനം മുതൽ നൂറു ശതമാനം വരെ ആകാം എന്ന്.  നൂറു ശതമാനം പേർക്കും രോഗം വരാൻ ഇടയുള്ള ഒരു സാഹചര്യത്തിൽ ആണ് നാം വാക്സിൻ കൊടുക്കുന്നത് എങ്കിൽ വിജയം 97 ശതമാനവും,   നേരെ മറിച്ചു വെറും മൂന്നു പേർക്ക് മാത്രം രോഗം വരാൻ ഇടയുള്ള സാഹചര്യത്തിൽ ആണ് വാക്സിൻ കൊടുത്തിരുന്നത് എങ്കിൽ പാരാജയം നൂറു ശതമാനവും.  പക്ഷെ ഇവിടെ പറഞ്ഞ നൂറു ശതമാനമോ മൂന്നു ശതമാനമോ തീരുമാനിക്കാൻ ഇന്ന് മാർഗങ്ങൾ ഒന്നും ഇല്ല.

സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് സർക്കസ് കളിക്കുന്ന ഒരു ബുദ്ധി ജീവിയുടെ വാദങ്ങൾ മാത്രമാണ് ഇത്. ഈ വാദത്തിലും നമുക്ക് കാണാൻ പറ്റാത്തതോ , നമുക്ക് മനസ്സിലാക്കാൻ പറ്റാത്തതോ ആയ ചതിക്കുഴികൾ വേണ്ടുവോളം ഉണ്ടാവാം.  കണക്കോ ശാസ്ത്രമോ സത്യങ്ങൾ മാത്രമേ പറയുള്ളൂ.  പക്ഷെ സ്ഥാപിത താല്പര്യങ്ങൾ തങ്ങളുടെ അസത്യ പ്രചാരണത്തിന് ഇവയെ ഉപയോഗിക്കുന്നു എന്നുള്ളതും മറ്റൊരു സത്യമാണ്

ഈ പറഞ്ഞ കാര്യങ്ങൾ എത്രമാത്രം ആധികാരികങ്ങൾ ആണ് എന്ന് എനിക്ക് അറിയില്ല.  കാരണം ഞാൻ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ച ഒരു വ്യക്തി അല്ല.  പുറമെ നിന്ന് നോക്കുമ്പോൾ ഇതിൽ പറഞ്ഞതിന് യുക്തി ഉണ്ട് എന്ന് തോന്നി. അത്ര മാത്രം.  ഇനി ഇതിലെ യുക്തി ഹീനതകൾ ചൂണ്ടി കാണിക്കേണ്ടത് വായിക്കുന്നവരുടെ കർത്തവ്യം ആണ്..


Sunday, 1 October 2017

മണ്ടോടിയുടെ കൊച്ചു കവിതകൾ


പെട്ടിയിലടച്ചത് കഴിക്കൂ
കാർഡ് ബോർഡ് പെട്ടിയി-
ലടച്ചത് മാത്രം കഴിക്കൂ
വളരെ വേഗം പെട്ടിയിലേറി
മുകളിലേക്ക് പോകാം

*********

കുയിലിന്റെ
പാട്ടു  കേൾക്കൂ
കുയിലിനെ
തേടി പോകാതെ
കുയിലിന്റെ
കഥയറിയാതെ
കുയിലിന്റെ
പാട്ടു കേൾക്കൂ

*******************

 കഴുകനും മടുക്കും 
കരളു കൊത്തിപറിക്കുന്ന 
കഴുകനും മടുക്കും 
കുറെ കുടിച്ചാൽ 
പായസവും മടുക്കും 
കുറെ കഴിച്ചാൽ 
ജീവിതവും

*****************

പ്രസവാശുപത്രിയിൽ 
പരേതാത്മാക്കളുടെ 
തിക്കും തിരക്കും 
പറ്റിയ ബോഡിയിൽ
ചാടിപ്പിടിക്കാനുള്ള 
തിക്കും തിരക്കും



*****************

മുല മുറിച്ചു മാറ്റിയപ്പോള- 
വളവളുടെ മാറിടം തുറന്നു കാട്ടി 
അത് കണ്ട നമ്മളിലിപ്പോഴില്ല കാമം
മറിച്ചുള്ളിലൊരു പിടച്ചിൽ മാത്രം

*******************

ചാത്തുയേട്ടൻ 
തിന്നാണ്ട് കുടിക്കാണ്ട് 
പണം കൂട്ടി വച്ചു
ചത്തപ്പോൾ മോൻ പാച്ചു 
അത് കൊണ്ട് പുട്ടടിച്ചു 

മക്കൾക്ക് പുട്ടടിക്കാൻ വേണ്ടി 
പണം കൂട്ടി വെക്കാതിരിക്കുക.

പാപ്പിലോൺ ബിജോയിസ്‌
ഓൾഡ് പോർട്ട് എന്നിങ്ങനെ
നൂറു കൂട്ടം സാധനങ്ങൾ
മാർക്കറ്റിൽ കിട്ടുമെന്ന്
മറന്നു പോകരുത്

പിന്നെ ഇതല്ലാതെ
മനുഷ്യരുമെത്രയോ
നിന്നെ സുഖിപ്പിക്കാൻ
കാത്തു നിൽക്കുന്നു


***************************

നുണപറച്ചിലാണ് 
കല, പിന്നെ ഞാനൊരു 
നുണപറഞ്ഞതിനെന്തിത്ര 
കോപം സഹോദരാ


************************

നന്മ 
തിന്നു 
മടുത്തു 
ഇനി
ഒരു 
പ്ലെയ്റ്റ്
തിന്മ 
വരട്ടെ


************************
ഉരച്ചു നോക്കി 
പൊന്നിന്റെ 
മാറ്ററിയൂ
വല്ലതു മുരയ്ച്ചു
നോക്കിപ്പെണ്ണിന്റെ 

മാറ്ററിയൂ

**********************

നരവന്നാൽ കരയല്ലേ 
നിന്നുടെവീട്ടിൽ കരിയില്ലേ


നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ
നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ


നരവന്നാൽ 
കരയല്ലേ നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേനിന്നുടെ വീട്ടിൽ 
കരിയില്ലേരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ


 നരവന്നാൽ 
കരയല്ലേ 
നിന്നുടെ വീട്ടിൽ 
കരിയില്ലേ

ഉരച്ചു ഉരച്ചു നോക്കി 
പൊന്നിന്റെ മാറ്ററിയൂ
വല്ലതുമുരയ്ച്ചു നോക്കി 
പെണ്ണിന്റെ മാറ്ററിയൂനോക്കി 
പൊന്നിന്റെ മാറ്ററിയൂ
വല്ലതുമുരയ്ച്ചു നോക്കി 
പെണ്ണിന്റെ മാറ്ററിയൂ