Thursday, 14 December 2017

ശാരീരിക പീഡനങ്ങൾ

മനുഷ്യന്റെ ക്രൂര ചെയ്തികളെ മൃഗീയം എന്ന് വിളിക്കുന്നത് മൃഗങ്ങളെ അപമാനിക്കൽ ആണെന്ന് ഒരിക്കൽ ഒരു സാഹിത്യകാരൻ പറഞ്ഞു.  കാരണം ഒരു മൃഗത്തിനും തന്റെ ശത്രുവിനെ ആണി അടിച്ചു മുകളിൽ തൂക്കി ഇടാൻ കഴിയില്ല.  മനുഷ്യൻ ക്രൂരതകൾ കലാപരമാക്കി.  ഇത് പ്രാകൃത മനുഷ്യന്റെ ചെയ്തികൾ മാത്രമല്ല.  തികച്ചും ആധുനികൻ എന്ന് അഹങ്കരിക്കുന്ന ഇന്നത്തെ മനുഷ്യനും പീഡനങ്ങൾ കൂടുതൽ കൂടുതൽ കലാപരമാക്കുകയും,  തന്റെ ശത്രുവിനെ ഉപദ്രവിക്കുകയോ, ശത്രുവിനെ ശിക്ഷിക്കുകയോ,  അവനിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ചോർത്തുകയോ,  അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയോ,  അങ്ങനെ ഉള്ള പല കാര്യങ്ങൾ  പലതിനും വേണ്ടിയോ ഇവ  ഉപയോഗിക്കുന്നു

ഒട്ട്ക്കാർ വാവറയുടെ 'വിച്ചസ് ഹാമർ' എന്ന സിനിമ,  മധ്യ കാലഘട്ടത്തിൽ  ദുർമന്ത്രവാദിനികളെ എങ്ങനെ ഭീകര പീഡനങ്ങൾക്കു ഇടയാക്കി എന്ന് വ്യക്തമാക്കുന്നുണ്ട്.  ശരിക്കും ജന പ്രാതിനിധ്യത്തോടെ തന്നെ ആണ് ഇത്തരം പീഡന  മുറകൾ നടപ്പിൽ വരുത്തിയത് എന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും.  ആദ്യം ചില സ്ത്രീകളെ കുറിച്ചുള്ള ധാരണ  (മിക്കവാറും   അനാചാരങ്ങളോട് പ്രതിഷേധിക്കുന്നവരോ,  ലൂസ് മോറൽ  ഉള്ളവരോ ഒക്കെ ദുര്മന്ത്രവാദിനകളായി  ചാപ്പ കുത്തപ്പെടും)  സമൂഹ മധ്യത്തിൽ തകർക്കുക.   ഒരു സാധാരണ നായയെ,  ഭ്രാന്തൻ നായ ആയി  പ്രഖ്യാപിക്കുന്നതു പോലെ ഉള്ള പ്രവർത്തി.  അത്തരം ഒരു ബോധം ജനമനസ്സിൽ അടിച്ചു കയറ്റിയാൽ പിന്നെ ജനങ്ങൾ അത്തരക്കാരുടെ നേരെ നടത്തുന്ന ഏതു തരം പീഡനങ്ങളെയും അംഗീകരിക്കും .  ചിലപ്പോൾ ജനങ്ങൾ പോലും ഇത്തരത്തിലുള്ള പീഡനങ്ങളിലെ പങ്കാളികൾ ആകും.    സ്ത്രീ,  പിശാച് ബാധ ഏറ്റവർ ആണെന്ന്   പീഢകർ ആദ്യമേ തീരുമാനിക്കുന്നു.  പിശാച് ബാധ ഏറ്റവരിൽ കുടിയിരിക്കുന്ന പിശാച് ഒരു വിധം പീഡനങ്ങൾ കൊണ്ടോന്നും സത്യം പറയില്ല എന്നും അത് കൊണ്ട് അത്തരത്തിലുള്ള സ്ത്രീകളെ ഭീകര താഡനങ്ങൾക്കു വിധേയർ ആക്കണം എന്നും ആയിരുന്നു അന്നത്തെ നിയമം.  താൻ ദുര്മന്ത്രവാദിനിയാണ് എന്ന് പീഡന തളർച്ചയിൽ സമ്മതിക്കുന്നത് വരെയും പീഡനങ്ങൾ തുടരും.

ടോർച്ചർ എന്ന വാക്കിന്റെ മൂല രൂപം,  പിടിച്ചു തിരിക്കുക എന്ന് അർഥം വരുന്ന ടോർക്കുറെ എന്ന ലാറ്റിൻ പദമാണ്.  അവയങ്ങൾ പിടിച്ചു തിരിച്ചു പീഡിപ്പിക്കൽ തന്നെ ആയിരുന്നു ആദ്യകാല കൃസ്ത്യൻ പീഡന മുറകൾ.  ചില  സമയങ്ങളിൽ,  ശരീരത്തിൽ നിന്ന് ചോര ചിന്തിയുള്ള പീഡനം നിരോധിക്കപ്പെട്ടിരുന്നു.  പെരുവിരലിൽ തൂക്കി ഇടുക,  കാലിൽ തീപ്പന്തങ്ങൾ തൂക്കി ഇടുക,  തലയിൽ മുൾക്കിരീടം ചാർത്തുക, തല മുഴുവൻ ഇരുമ്പു കവചം കൊണ്ട് മൂടി വെക്കുക,  കഴുത്തിൽ ഭാരമുള്ള ഇരുമ്പു കോളർ ഘടിപ്പിക്കുക,   ചലിക്കാൻ ആകാത്തവിധം ഇടുങ്ങിയ ഇരുമ്പു വസ്തങ്ങൾ (സ്ട്രൈറ്റ് ജാക്കറ്റ്) അണിയിക്കുക എന്നിവയൊക്കെ അന്നത്തെ കലകൾ ആയിരുന്നു.   മധ്യകാല യൂറോപിയൻ കോടതികൾ ,  കുറ്റവാളികളുടെ  സമൂഹ നിലയും , കുറ്റത്തിന്റെ കാഠിന്യവും, കണക്കിലെടുത്തു കൊണ്ട് പീഡനങ്ങൾ നടത്തുന്നതിനെ അനുകൂലിച്ചിരുന്നു.  രാജ്യത്തെ ഒറ്റു കൊടുക്കുന്നവരുടെ കാര്യത്തിൽ പീഡനം ഒരു നിയമം പോലെ ആയിരുന്നു.  മത വിശ്വാസങ്ങൾക്കെതിരായ ഏതു നീക്കവും ദൈവ നിന്ദ ആകയാൽ എല്ലാകാലവും മത നിന്ദകർ ക്രൂര പീഡനങ്ങൾക്കു വിധേയരായിരുന്നു.

No comments:

Post a Comment