Monday, 19 February 2018

വസ്ത്രത്തിലൂടെ ഉള്ള വിപ്ലവം

ഫാഷൻ

നിരത്തിലൂടെ പർദ്ദ അണിഞ്ഞു നടന്നു പോയ കുട്ടിയെ നോക്കി ബാലാട്ടൻ പറഞ്ഞു. എല്ലാവരും ഒരു പോലെ ധരിക്കാൻ നിര്ബന്ധിക്കപ്പെടുന്ന വസ്ത്രത്തിൽ നമ്മൾ കാണാത്ത ചില നന്മകൾ ഉണ്ട്. ഒരു പക്ഷെ അതായിരിക്കാം നമ്മുടെ വിദ്യാലയങ്ങളിൽ യൂണിഫോം നിലവിൽ വന്നതിനു കാരണം. വസ്ത്രങ്ങളിൽ എങ്കിലും കുട്ടികൾ ഒരു പോലെ ഇരിക്കണം എന്ന ഏതോ പ്രതിഭാ ശാലിയുടെ തീരുമാനം. പർദ്ദകൾക്കു എതിരെ ഉള്ള വാചകങ്ങൾ ഇവിടെ കുന്നു കൂടുമ്പോൾ ഇവിടെ ഒരാൾ ഒരു വിയോജന കുറുപ്പ് എഴുതുന്നതിൽ പലർക്കും അതൃപ്തി തോന്നിയേക്കും. പക്ഷെ ഇതിനെ ഒരു വിയോജന കുറിപ്പ് മാത്രം ആയി കണക്കിലാക്കിയാൽ പോരാ. മറ്റു പലതും ഞാൻ പറയാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളുടെ മുഖം മൂടി ധരിച്ചുള്ള യാത്രയെ ഒരു തരത്തിലും അംഗീകരിക്കാത്ത മനുഷ്യനാണ് ഞാൻ. പക്ഷെ പർദ്ദ എന്നത് പലരും മനസ്സിലാക്കിയത് പോലെ മുഖം മൂടുന്ന വസ്ത്രം അല്ല എന്നും എനിക്ക് അറിയാം. ഇനി പറയുന്ന കാര്യങ്ങളിൽ ഞാൻ പർദ്ദയോടൊപ്പം നമ്മുടെ വീടുകളിലെ മാക്സിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു വേണ്ടി ആയിരുന്നു ഞാൻ ഇതിനു മുൻപ് മാക്സി നിർബന്ധം ആക്കുന്നതിനെ കുറിച്ച് ഒരു ലേഖനം എഴുതിയതും.
ഒരിക്കൽ ബാലാട്ടൻ പറഞ്ഞു. നമ്മൾ പലരും വിചാരിക്കുന്നത് പോലെ എല്ലാവരും ഒന്നിച്ചണിയാൻ നിര്ബന്ധിക്കപ്പെടുന്ന ഒരു പോലെ ഉള്ള ഏതു സാധാരണ വസ്ത്രവും, പ്രകോപിക്കുന്നതു എതിർ മതക്കാരെ അല്ല. നമ്മൾ ആരും കാണാതെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വിഭാഗത്തെ ആണ്. ആരാണ് അവർ. വസ്ത്ര നിർമ്മാണ കുത്തകകൾ. ഏതു സാധാരണ വസ്ത്രവും അവരുടെ കഴുത്തിനാണ് കത്തി വെക്കുന്നത്. ജനതയിൽ ഒരാൾ പോലും തങ്ങളുടെ വസ്ത്ര ധാരാളിത്തത്തിൽ നിന്ന് പുറകോട്ടു പോകുന്നത് സഹിക്കാൻ പറ്റാത്ത വിഭാഗം ആണ് അത്. ഇനി അതിന്റെ പുരാവൃത്തത്തിലേക്കു കടക്കാം.
1960 കാലഘട്ടത്തിൽ ലോകത്തെ മുൻ നിര കാറ് കച്ചവടക്കാരൻ ആയ ജനറൽ മോട്ടോർസ്, തന്റെ കമ്പനിയിൽ ഒരു പറ്റം ഫാഷൻ ടെക്നൊളജിസ്റ്റുകളെ ഇറക്കുമതി ചെയ്തപ്പോൾ മറ്റുള്ള കാറ് കച്ചവടക്കാർ ഒക്കെ അമ്പരന്നു പോയി. പൂച്ചക്കെന്തു പൊന്നു ഉരുക്കുന്നേടത്തു കാര്യം എന്ന് അവർ ഓരോരുത്തരും ചോദിച്ചു. അന്ന് ഫാഷൻ എന്നത് വസ്ത്ര രംഗത്ത് പോലും ആരംഭിച്ചു കഴിഞ്ഞതേ ഉള്ളൂ. പിന്നെ എങ്ങനെ അത് കാറ് കച്ചവടക്കാർക്ക് സഹിക്കും. പക്ഷെ ഒരു വ്യവസായി ഭാവി കാലങ്ങൾ ഭൂത കണ്ണാടിയിലൂടെ കാണുന്നവൻ ആണ്. എന്ത് കൊണ്ട് വസ്ത്ര നിർമാണ വ്യാപാര രംഗത്ത് ഫാഷൻ എന്ന മനോരോഗം ഇറക്കുമതി ചെയ്യപ്പെട്ടു എന്നുള്ളതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആണ് നാം വ്യവസായം നേരിടുന്ന ചില പ്രതിസന്ധികളിൽ എത്തി ചേരുന്നത്.

എന്താണ് ഫാഷൻ
ഒരു മനോരോഗം എന്ന നിലയിൽ ആണ് ഞാൻ മുൻപ് ഇതിനെ വിശേഷിപ്പിച്ചത്. അത് കുറച്ചു കടുത്തു പോയി എന്ന് ചിലർക്കെങ്കിലും തോന്നിയേക്കും. അവരോടു ഞാൻ ഒന്ന് കൂടെ ചോദിക്കുകയാണ് എന്താണ് ഫാഷൻ. ഞാൻ അണിഞ്ഞു കൊണ്ടിരിക്കുന്ന ഷർട്ട് ഒരു ദിവസം രാവിലെ എന്നിൽ അറപ്പു ഉണ്ടാക്കുന്നു. ഇനി അത് ധരിക്കാൻ എനിക്ക് തോന്നുന്നില്ല. സൂക്ഷമായി പരിശോദിച്ചാൽ ഈ ഷർട്ടിൽ ഒരു കുഴപ്പവും കണ്ടെത്താൻ നിങ്ങൾക്കോ എനിക്കോ സാധിച്ചു എന്ന് വരില്ല. അതിന്റെ നിറം മങ്ങിയിട്ടില്ല. കുടുക്കുകൾ പോയിട്ടില്ല. വാങ്ങിച്ചിട്ടു വെറും ഒരു വര്ഷം ആയതേ ഉള്ളൂ. എന്നിട്ടും എനിക്ക് അതിനോട് അതൃപ്തി തോന്നിയിരിക്കുന്നു. ഒരു പുരാതന കാല മനുഷ്യൻ ഇറങ്ങി വന്നു, എന്റെ ഈ പ്രവർത്തി നേരിട്ട് കണ്ടാൽ അവൻ ആദ്യം പറയുക ഞാൻ മനോരോഗി ആയി തീർന്നു എന്നാണു. ആ ദൃഷ്ടികോണിലൂടെ മാത്രം എന്റെ അഭിപ്രായത്തെ കണ്ടാൽ മതി. പക്ഷെ അത്ഭുതകരമായ ഒരു ചോദ്യം ഇവിടെ ബാക്കി കിടക്കുന്നു. എങ്ങനെ വ്യവസായ മേഖല ഇത് സാധിച്ചെടുത്തു എന്ന്. എന്ത് സാധിച്ചെടുത്തു എന്ന്. അതായത്, യാതൊരു പോറലും ഏൽക്കാതെ ഉപയോഗ യോഗ്യമായി വസിക്കുന്ന ഒരു വസ്തുവിന് നേരെ അറപ്പു തോന്നാൻ മാത്രമുള്ള ഒരു മാനസിക പ്രക്ഷാളനം എന്നിൽ ഉണ്ടാക്കി തീർക്കാൻ വ്യവസായ മേഖലക്ക് എങ്ങനെ സാധിച്ചു എന്ന്. ദൈവത്തിനു മാത്രമേ ഇതിനു ഉത്തരം തരാൻ പറ്റൂ. പക്ഷെ മറ്റൊന്നിനു വ്യക്തമായ മറുപടി ഉണ്ട്. എന്ത് കൊണ്ട് ഫാഷൻ എന്ന ചോദ്യത്തിന്. മറുപടി ഇതാണ്. വ്യവസായ മേഖല തനിക്കു ആവശ്യമുള്ളതെന്തും മനുഷ്യന്റെ സ്വഭാവമാക്കും എന്ന്.

ഫാഷൻ എന്നത് നമ്മള് വിചാരിക്കുന്നത് പോലെ ഒരു ദിവസം പൊട്ടി മുളച്ച കാര്യമല്ല. അതിൽ എത്രയോ മനഃശാസ്ത്ര വിദഗ്ധരുടെ പഠനം ഉണ്ട്. മാർക്കറ്റ് മാന്ദ്യത്തെ മറി കടക്കാൻ കണ്ടെത്തിയ ഒട്ടനവധി വിദ്യകളിൽ ഒന്ന് മാത്രമാണ് ഫാഷൻ. അതിന്റെ പിന്നിൽ കൃത്യമായ കണക്കു കൂട്ടലുകൾ ഉണ്ട്. ത്രോ എവേ കൾച്ചർ, പ്ലാൻഡ് ഒബ്‌സെലീസെന്സ് എന്നിങ്ങനെ ഉള്ള മറ്റു മാർഗങ്ങളും ഉണ്ട്. ഇവയൊക്കെ ഒന്നിച്ചു പഠിച്ചാൽ മാത്രമേ , മാർക്കറ്റു പൂരിതാവസ്ഥ മറികടക്കാൻ വേണ്ടി മുതലാളിത്തം ചെയ്തു വച്ച വേലകൾ എന്തൊക്കെ എന്ന് മനസ്സിലാകുകയുള്ളൂ. പണ്ട് ധാന്യത്തിനു വില കുറഞ്ഞപ്പോൾ അമേരിക്കക്കാരു ലോഡ് കണക്കിന് ധാന്യം കടലിൽ നശിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഭൂമികൾ തരിശിടാനും, അമിതമായി വസ്തുക്കൾ ഉപയോഗിക്കാനും പ്രഖ്യാപിച്ചതും ഇതേ അമേരിക്കക്കാരൻ തന്നെ ആണ്.

നശീകരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണ് എന്ന് പലരും എഴുതിയിട്ടുണ്ട്. മുതലാളിത്തം ഇന്നത്തെ രീതിയിൽ തുടരുന്നു എങ്കിൽ പ്രകൃതി ഇല്ലാതാകും എന്നത് തർക്കമറ്റ കാര്യമാണ്. തോണി കഥയിൽ ഞാൻ അതിന്റെ കുറിച്ച് വളരെ വ്യക്തമായി എഴുതിയിരുന്നു. ദാരിദ്ര്യത്തിന്റെ തത്വ ശാസ്ത്രം ലോകത്തു പ്രചരിപ്പിച്ച എല്ലാ പ്രതിഭകളും മനസ്സിൽ അറിഞ്ഞ ഒരു സത്യമായിരുന്നു അത്. ആ ദൃഷ്ടികോണിലൂടെ ആണ് ഞാൻ ഇന്ന് വസ്ത്രത്തിലെ സാധാരണത്വം എന്ന ഈ നവീന ചിന്താഗതിയെ നോക്കിക്കാണുന്നത്. വസ്ത്ര സാധാരണത്വം, ഫാഷന് എതിരെ ഉള്ള ഒരു നീക്കമാണ് എന്ന് ഞാൻ ഇതുവരെ എഴുതിയതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കും. അത് സമയമാകുന്നതിനു മുൻപേ കാലാഹരണപ്പെടുത്തുന്ന നവീന മുതലാളിത്ത രീതികളെ തിരസ്കരിക്കുന്നു. എനിക്ക് ഒരു വർഷത്തേക്ക് ധരിക്കാൻ ആകെ വേണ്ടത് മൂന്നോ നാലോ വസ്ത്രങ്ങൾ മാത്രമാണ് എന്നുള്ള ഉറച്ച ഒരു പ്രഖ്യാപനം ആണ് അത്. ഓർക്കുക നിങ്ങൾ എതിരിടുന്നത് വസ്ത്ര നിർമാണ രംഗത്തെ കുത്തകളോടാണ് . പക്ഷെ ഇത് വളരെ ശാന്തമായ , ക്രിയാത്മകമായ ഒരു പ്രതിഷേധം കൂടിയാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ത്യാഗമാണ് ഈ വിപ്ലവത്തിന്റെ ആപ്ത വാക്യം. ആർക്കും നിങ്ങളുടെ ഈ വിപ്ലവത്തെ അടിച്ചമർത്താൻ പറ്റില്ല. എനിക്ക് ചികിത്സ വേണ്ട എന്ന് തീരുമാനിച്ച ഒരു രോഗിയുടെ നിശ്ചയ ദാർഢ്യം പോലെ ആണ് ഇത്. ഒരു മരുന്ന് കുത്തകക്കും അവനെ എതിരിടാൻ പറ്റില്ല. പത്തു വസ്ത്രം എടുത്തണിയുന്നവൻ , ഒരു ദിവസം തനിക്കു നാല് വസ്ത്രം മതി എന്ന് പ്രഖാപിച്ചാൽ അവനോടൊപ്പം ചിരിക്കുന്ന ഒരു അമ്മയുണ്ട് . അവളാണ് പ്രകൃതി. ഇന്ന് നീ വേണ്ടെന്നു പറഞ്ഞ ആറു വസ്ത്രങ്ങൾ , എത്രയോ കോടാലികൾക്കു പണി ഇല്ലാതാക്കുന്നു. എത്രയോ മരങ്ങളുടെ വേദന അതിലെ ഇല്ലാതായി പോകുകയാണ്.
വസ്ത്രാഡംബരത്തിനെതിരെ ഉള്ള ഈ നീക്കം എന്ത് കൊണ്ട് അതിഭോഗത്തിനെതിരെ ഉള്ള പ്രതിഷേധം ആയി വളർന്നു വന്നുകൂടാ. ഇടപാടുകാരൻ ആയ ഞാൻ ഇന്ന് രാജാവാണ് എന്ന് എല്ലാവരും സമ്മതിച്ച കാര്യമാണ്. ആ രാജാവായ ഞാൻ പലതും വേണ്ട എന്ന് പറയുന്നതിലൂടെ ഇനി എല്ലാവരെയും ഞെട്ടിക്കാൻ പര്യാപ്‌തനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു പുതിയ തുടക്കം ആകട്ടെ. മനുഷ്യ വിരുദ്ധമായ പല തീരുമാനങ്ങളെയും മാറ്റാൻ പലരും ഇതിലൂടെ നിര്ബന്ധിക്കപ്പെടും എന്നാണു എന്റെ വിശ്വാസം.

Saturday, 10 February 2018

ലക്‌ഷ്യം കയ്യെത്തുന്ന ദൂരത്താവുമ്പോൾ

പുഴ നീന്തി കടക്കുന്നവന് ഒരു ലക്ഷ്യമുണ്ട്.  പുഴ നീന്തി കടക്കുക എന്ന്.   ലക്ഷ്യത്തിനു വാരകൾ അരികത്തു വച്ച് അവൻ  തളർന്നു പോയാലോ?  അവൻ തന്റെ ഉദ്യമം പാതി വഴിയിൽ നിർത്തി വച്ച് തിരിച്ചു പോകുമോ ? ഇല്ല.  കാരണം ഇവിടെ തന്റെ ലക്‌ഷ്യം പൂർത്തീകരിക്കേണ്ടത് തന്നെ സംബന്ധിച്ചേടത്തോളം ജീവൻ മരണ പ്രശ്നമാണ്.  തിരിച്ചു പോകേണ്ട ഇടം അങ്ങ് ദൂരെ ആണ്.  ലക്ഷ്യമാണ് കൂടുതൽ സുരക്ഷിതം.  അവൻ അവസാന ഊർജ്വവും  സംഭരിച്ചു  മുന്നോട്ടു  കുതിക്കുകയാണ് .

ലക്ഷ്യത്തെ കുറിച്ച് പൊതുവായുള്ള ധാരണ , നാം എന്ത് വില കൊടുത്തും ലക്‌ഷ്യം പൂർത്തീകരിക്കണം എന്നുള്ളത് തന്നെ ആണ്.  ലക്‌ഷ്യം  പൂർത്തീകരിക്കാതിരിക്കുന്നതു അപകടകരമായി തീരുന്ന മുകളിൽ പറഞ്ഞത് പോലെ ഉള്ള വേളകളിൽ പ്രത്യേകിച്ചും.  പക്ഷെ ഈ ധാരണ  എല്ലായ്‌പോഴും നീതീകരിക്കാവുന്നതാണോ.  ലക്ഷ്യത്തിനു വളരെ അടുത്തു വച്ച് കർമം  മതിയാക്കി തിരിച്ചു പോകാൻ തീരുമാനിക്കേണ്ടി വരുന്ന ഘട്ടങ്ങൾ ഉണ്ടാകുമോ.  ആവേശം മാറ്റി വച്ച്, യുക്തിക്കു പ്രാമുഖ്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകുമോ ?  താഴെ കൊടുത്ത സംഭവം വായിച്ചു ഒരു തീരുമാനത്തിൽ എത്തുക.

1996  എവറസ്റ്റ്

എവറസ്റ്റ് ആരോഹണ ചരിത്രത്തിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ഭീതിതമായ ഒരു വർഷമാണ് ഇത്.  കാരണം ഒരൊറ്റ രാത്രി പർവ്വതാരോഹകർ ആയ എട്ടു പേര് ഹിമപാതത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന വര്ഷം.  അന്ന് ആ അത്യാഘാതത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട  ജോൺ ക്രോക്കർ എന്ന പത്ര പ്രവർത്തകൻ,  തന്റെ 'ഇൻ റ്റു  തിൻ എയർ' എന്ന യാത്രാ വിവരണത്തിൽ,  ശപിക്കപ്പെട്ട ആ രാത്രിയിൽ നടന്ന കാര്യങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.  അതിൽ വിവരിച്ച ഒരു കാര്യം മാത്രമേ ഇവിടെ പ്രസ്താവ യോഗ്യമായിട്ടുള്ളൂ.

ക്രോക്കർ,   ബേസ് കാമ്പിൽ വിശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ , തലേ ദിവസം എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട ഒരു ഏകാന്ത പഥികൻ തന്റെ ഉദ്യമത്തിന് ശേഷം താഴോട്ടേക്കു മടങ്ങുകയാണ്.  പയ്യൻ അടുത്തെത്തിയപ്പോൾ ക്രോക്കർ യാത്രാ  വിശേഷങ്ങൾ പയ്യനോട് ചോദിച്ചറിയാൻ തീരുമാനിച്ചു.  അപ്പോൾ പയ്യൻ പറഞ്ഞത് ഇങ്ങനെ ആണ്.  എവറസ്റ്റ് ശിഖരത്തിനു  ഇരുനൂറടിയോളം താഴെ വച്ച്,  താൻ കയറ്റം മതിയാക്കി തിരിച്ചു പൊന്നു എന്ന്.  തികച്ചും  വിചിത്രമായ ഒരു തീരുമാനം.  ലക്ഷ്യത്തിനു വാരകൾ അടുത്തു വച്ച്,  പരാജിതനായി തിരിച്ചു പോകുന്ന മനുഷ്യൻ. പയ്യൻ താഴോട്ടേക്കു നീങ്ങിയപ്പോൾ,  കാമ്പിൽ ഉണ്ടായിരുന്ന ലോക പ്രശസ്ത പർവ്വതാരോഹകൻ ആയ  റോബ് ഹാൾ പയ്യന്റെ ഈ തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.

വാരകൾക്കു മുന്നിൽ ലക്‌ഷ്യം കിടക്കുമ്പോൾ ,  പണി മതിയാക്കി തിരിച്ചു പോകേണ്ടി വരുന്നത് ഹൃദയഭേദകം തന്നെ ആകാം.  പക്ഷെ തനിക്കു മുഴുമിപ്പിക്കാൻ ആവാത്ത ലക്ഷ്യമാണ് മുന്നിലുള്ളത് എന്ന് ബോധമുള്ള,  ബുദ്ധിമാനായ മനുഷ്യൻ എന്ത് ചെയ്യണം എന്നതാണ് ചോദ്യം.  ആവേശത്തെക്കാൾ യുക്തിക്കു പ്രാധാന്യം കൊടുക്കേണ്ട വേള.  ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞതിന് തികച്ചും വിരുദ്ധമായ ചുറ്റുപാടുകൾ.  അവിടെ ലക്‌ഷ്യം പൂർത്തീകരിക്കാതിരുന്നാൽ,  മരണം പോലും സംഭവിക്കാമായിരുന്നു എങ്കിൽ,  ഇവിടെ ലക്‌ഷ്യം പൂർത്തീകരിക്കാനുള്ള ആവേശ പൂർവമായ ശ്രമം മരണത്തിൽ കലാശിച്ചേക്കാം.  അവിടെയാണ് നാം യുക്തി പ്രയോഗിക്കേണ്ടത്.  അപ്പോൾ പയ്യന്റെ പ്രവർത്തിക്കു ന്യായീകരണം ഉണ്ടെന്നു വരുന്നു.

കഥയുടെ ആന്റി ക്ളൈമാക്സ് നടക്കുന്നത് അടുത്ത ദിവസമാണ്.  മലകയറിയ എട്ടു പേര് പ്രതികൂലമായ കാലാവസ്ഥയിൽ പെട്ട് മരിച്ചു.    പാതിവഴിയിൽ വച്ച് യാത്ര മതിയാക്കി തിരിച്ചു പോയ ഏകാന്ത പഥികനെ ന്യായീകരിച്ച റോബ് ഹാൾ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇക്കഥയിലെ ട്രാജഡി.  കാലാവസ്ഥ വഷളായി കൊണ്ടിരുന്ന പർവത ശിഖരത്തിൽ വച്ച് ഒരു നിമിഷം യുക്തിയെ ആവേശം കീഴടക്കിയോ. മരിച്ചവരോട് ചോദിക്കേണ്ട ചോദ്യമാണ്.  ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.