Monday, 25 January 2021

പക്ഷി ശാസ്ത്രം


കൂട്ടിലെ തത്തയെയും പൊക്കി ഒരാൾ റോഡിലെനടക്കുമ്പോൾ ബാലേട്ടൻ നടുമുറിയിൽ ഇരിക്കുകയായിരുന്നു. മകൾ കോലായിലും . കൈനോട്ടക്കാരാ എന്നുള്ള ഒരു വിളി കേട്ട് പക്ഷി നിന്നു. ബാലേട്ടൻ നടുങ്ങി . മകളാണ്. പക്ഷി ശാസ്ത്രജ്ഞൻ ദശരഥനെ പോലെ ചെവി കൂർപ്പിക്കുകയാണ്. അടുത്ത ശബ്ദവും ഉയർന്നത്തോടെ അയാൾ ശബ്ദത്തിന്റെ ദിശയിലേക്കു ചലിക്കാൻ തുടങ്ങി . നടന്നു നടന്നു അയാൾ കുട്ടിയുടെ മുന്നിൽ നിന്നു . വഴിയേ പോയ തന്നെ (വയ്യാവേലിയെ) ആരാണ് കാലിൽ എടുത്തിട്ടത് എന്ന ഭാവത്തിൽ അയാൾ ചുറ്റും നോക്കിയപ്പോൾ അപ്പുറത്തു ഒരു യുവതി
എന്താ .മോളുടെ ഭാവി അറിയണോ ?
കുട്ടിയുടേത് മാത്രമല്ല എന്റേതും അറിയണം. ഉള്ളിൽ മറ്റൊരാളും ഉണ്ട്
ഉള്ളിലുള്ള മറ്റെയാൾ എപ്പോൾ ചാവും എന്ന് നീ ഇപ്പോൾ അറിയേണ്ട . പക്ഷിയും ശാസ്ത്രജ്ഞനും ഉടൻ സ്ഥലം വിട്ടു കൊള്ളണം - ബാലേട്ടൻ അരിശം കൊണ്ടു. ബാലേട്ടൻ ജനിക്കുമ്പഴേ ഒരു യുക്തിവാദി ആയിരുന്നല്ലോ
അച്ഛാ. വേണ്ട. അയാള് തത്തയെ പുറത്തിറക്കുന്നത് എനിക്ക് കാണണം
കേൾക്കേണ്ട താമസം അയാൾ നിലത്തിരുന്നു കവിടിനിരത്തി കഴിഞ്ഞു . സോറി . കവിടി അല്ല . ഭാഗ്യ കാർഡുകൾ
കുടുങ്ങി എന്ന് മനസ്സിലായപ്പോൾ ബാലേട്ടൻ പൂഴിക്കടകൻ എടുത്തു
ഒരാളുടെ ഭാവി പറയാൻ എത്ര പണം വേണം?
അയ്യോ. ഞാൻ അങ്ങനെ ഇത്ര പണം വേണമെന്നൊന്നും പറയില്ല . കയ്യിൽ ഉള്ളതുതന്നാൽ മതി. കയ്യിൽ ഒന്നുമില്ല എങ്കിൽ ഞാനും വെറും കയ്യാൽ മടങ്ങും . പക്ഷെ ഉള്ളതേ പറയൂ
അങ്ങനെ ബാലേട്ടന്റെ പൂഴിക്കടകൻ അതി ദയനീയമായി പരാജയപ്പെട്ടു . ഫ്രീ കിറ്റ് കൊടുത്താൽ പിന്നെ അങ്ങോട്ട് ഒന്നും പറയരുത് . അവിടെ പക്ഷി ശാസ്ത്രജ്ഞൻ ചെറിയ സ്ത്രീയെയും വലിയ സ്ത്രീയെയും അടുത്തു വിളിക്കുകയാണ്
ഇനി കുട്ടിയുടെ പേര് ,നക്ഷത്രം എന്നിവ ചൊല്ലുക
അവയൊക്കെയും ചൊല്ലിക്കേട്ടപ്പോൾ ശാസ്‌ത്രജ്‌ഞൻ മറ്റൊരു കവിത ചൊല്ലുന്നത് കേട്ടു . ആ കവിതയിൽ കുട്ടിയുടെ പേരും അവളുടെ നക്ഷത്രവും തെളിഞ്ഞു കേട്ടതായി ബാലേട്ടന് തോന്നി. അപ്പോഴെക്കും തത്ത പുറപ്പെട്ട കഴിഞ്ഞു . നിലത്തു വീണുകിടക്കുന്ന കാർഡുകളിൽ ഒരു പീപ്പറെ പോലെ തത്ത ഒളിഞ്ഞു നോക്കി . പെട്ടന്ന് അവയിൽ ഒന്ന് പുറത്തേക്കു വലിച്ചിട്ടു തത്ത കൂട്ടിലേക്ക്‌ നടന്നു കയറി
കാർഡ് കൈകൊണ്ട് മറച്ചു രഹസ്യമായി അതിലേക്കു നോക്കിയ ശാസ്ത്രഞ്ജന്റെ മുഖത്ത് കരിമേഘം കൂടു കെട്ടി . ദുഃഖം. പക്ഷി ശാസ്ത്രജ്ഞൻ ദുഖിക്കുന്നു . ആ ദുഃഖം അവിടെ കൂടിയ മറ്റു രണ്ട് പേരിലേക്കും പടരുകയാണ്. അവർ അമ്പരപ്പോടെ അങ്ങേരെ നോക്കുകയാണ് . അപ്പോൾ അദ്ദേഹം കയ്യിൽ കിട്ടിയ കാർഡ് , പഴയ സ്ഥാനത്തുതിരിച്ചു വച്ച് കൂമ്പിയ മിഴികളുമായി അമ്മയെ നോക്കി ഇങ്ങനെ പറയുന്നു
കുട്ടിക്ക് വേറെ വല്ല പേരുകളും ഉണ്ടോ . നക്ഷത്രം പറഞ്ഞത് തെറ്റിയിട്ടില്ലല്ലോ
നക്ഷത്രം തെറ്റിയിട്ടില്ല . പക്ഷെ അവളെ നമ്മൾ വീട്ടിൽ വിളിക്കുന്നത് കിണ്ടി എന്നാണ് ( ചുറ്റും അപകടം മണത്തു . ബാലേട്ടൻ കീശയിൽ തപ്പി നോക്കി. കാര്യമായ അപകടങ്ങൾ ഒന്നുമില്ല . ആകെ ഒരു അമ്പതു രൂപയെ ഉള്ളൂ. ഇവരുടെ ഈ പോക്ക് ആയിരത്തിൽ നിൽക്കില്ല എന്ന് ബാലേട്ടൻ സംശയിച്ചു . ചിട്ടയൊപ്പിച്ചാണ് ശാസ്ത്രഞ്ജന്റെ നീക്കങ്ങൾ)
തത്തക്കു കൺഫൂഷൻ ആയതാണ് . ഒന്ന് പേര് മാറ്റി നോക്കാം
ഡാനിയെന്ന സിനിമയിലെ ഡാനിയുടെ കവിത പോലെ ആയിരുന്നു ഈ കവിതയും . മോളുടെ പേരിന്റെ സ്ഥാനത്തു കുണ്ടി കയറി വന്നു . പക്ഷെ ഭാര്യ ഉടൻ തെറ്റു കണ്ടെത്തി
ഹാലോ . നിങ്ങൾ പറഞ്ഞതല്ല മോളുടെ പേര് . കിണ്ടി എന്നാണ് (ശാസ്ത്രജ്ഞൻ പേരിന്റെ സ്ഥാനത്തു കിണ്ടി എന്ന് മാറ്റി പുതിയ കവിത ചൊല്ലുന്നു . വീണ്ടും തത്ത യാത്ര തുടരുന്നു . ഒളിഞ്ഞു നോക്കുന്നു. ഒരു കാർഡ് എടുക്കുന്നു . ദൂരെ നിന്നു രംഗം വീക്ഷിച്ച ബാലേട്ടൻ മനസ്സിൽ പറഞ്ഞു . പഹയൻ പഴ കാർഡ് തന്നെ ആണ് വീണ്ടും എടുക്കുക . ഇവനെ സൂക്ഷിക്കണം . ശാസ്ത്രജ്ന്റെ മുഖം വീണ്ടും മേഘാവൃതമാവുകയാണ് . അങ്ങേരു കാർഡ് വീണ്ടും അതെ സ്ഥാനത്തു തിരിച്ചു വെക്കാൻ തുടങ്ങിയപ്പോൾ ഒരു ഇടിമുഴക്കം . ഭാര്യയുടെ ശബ്ദം ആണ്
എനിക്ക് കാർഡ് കാണണം . എനിക്ക് എല്ലാം അറിയണം .. അങ്ങനെ മറച്ചു പിടിക്കേണ്ട
ശാസ്ത്രജ്ഞൻ കാർഡ് തിരിച്ചു പിടിച്ചപ്പോൾ അതിൽ ഒരു ഭീകര സർപ്പം . ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സർപ്പ മരണത്തെ കുറിക്കുന്നു എന്ന് നമുക്ക് കരുതാം . അതായതു കിണ്ടി എന്ന് പേരും ഭരണി നക്ഷത്രവും ഉള്ള എല്ലാ കുട്ടികളെയും സർപ്പ മരണം കാത്തിരിക്കുന്നു എന്ന് സാരം (ഇത്രയും ബാലേട്ടന്റെ ആത്മഗതം . ബാലേട്ടൻ അടുത്ത മൂവ്മെന്റിന് വേണ്ടി കാത്തിരുന്നു. കഥ ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി സിനിമ ഫുൾ കണ്ടിട്ടു പോകാം എന്ന് ബാലേട്ടനും തീരുമാനിച്ചു
അപ്പോൾ ഭാര്യയുടെ ശബ്ദം പുറത്തു വന്നു . അതിൽ സ്വല്പം ഞെട്ടൽ ഉള്ളതായി ബാലേട്ടന് തോന്നി
അപ്പോൾ ഇതിനു വല്ല പ്രതിവിധിയും ഉണ്ടാകില്ലേ . അമ്പലത്തിൽ പൂജയോ മറ്റോ
തീർച്ചയായും ഉണ്ട് . ഒരു തകിട് രാജസ്ഥാനിലെ സൂര്യക്ഷേത്രത്തിൽ ആരെങ്കിലും പോകുമ്പോൾ കൊടുത്തയക്കുകയോ പോസ്റ്റിൽ ആയി അയക്കുകയോ ചെയ്താൽ മതി . ആ തകിട് അവിടെ പീടികയിൽ കിട്ടും . ആയിരം രൂപ വിലവരുമെന്നെ ഉള്ളൂ . രണ്ട് മാസം മുൻപേ ഇതേ പ്രശ്നം ഉള്ള ആൾ തകിട് വാങ്ങാൻ എന്നെ ഏൽപ്പിച്ചിരുന്നു . ആ തകിട് നിങ്ങൾക്ക് വേണമെങ്കിൽ കാണിച്ചു തരാം
അയാൾ തന്റെ ഭാണ്ഡത്തിൽ നിന്നു സ്വർണം പൂശിയ ഒരു തകിട് പുറത്തെടുത്തു . ഒരു വർണ്ണ കടലാസു പോലെ ഉള്ള സാധനം ( അപ്പോൾ ഇതായിരുന്ന ഇവന്റെ നമ്പർ . ഇപ്പോൾ കളത്രം ഈ തകിട് തനിക്കു തന്നുകൂടെ എന്ന് ചോദിക്കും . തരില്ല എന്ന് അയാൾ പറയും . അയ്യോ തരൂ എന്ന് കേണപേക്ഷിക്കും . അയാൾ കൊടുക്കും . അവൾ അത് പോസ്റ്റൽ ആയി അമ്പലത്തിൽ അയച്ചു കൊടുക്കുകയും ചെയ്യും. ഇത്രയും മനസ്സിൽ പറഞ്ഞതിന് ശേഷം ബാലേട്ടൻ സിനിമയുടെ ബാക്കി ഭാഗം കാണാൻ സ്ക്രീനിലേക്ക് നോക്കി )
നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഈ തകിട് എനിക്ക് തന്നേക്കൂ. ഞാൻ ആയിരത്തി അഞ്ഞൂറ് തരാം . അവരുടേത് നിങ്ങൾ അടുത്ത തവണ കൊടുത്തേക്കൂ
അയ്യോ. അത് പറ്റില്ല . കഴിഞ്ഞ ആഴ്ച ഞാനവർക്ക് വാക്കു കൊടുത്തതാണ് . ഒരു മാസം കൊണ്ടു സാധനം കൊണ്ടു വരാം എന്ന് . ഇനി ഞാൻ അടുത്ത ആഴ്ച മാത്രമേ രാജസ്ഥാനിൽ പോകൂ. താമസിച്ചു പോകും
(ഇനി മുന്നോട്ടുപോയാൽ അപകടമാണ്എന്ന് ബാലേട്ടന് തോന്നി. തന്നോട് പണം ചോദിച്ചില്ല എങ്കിലും തന്റെ കീശയിൽ നിന്നു അടിച്ചെടുത്ത ധനം അവളുടെ കയ്യിലുണ്ട് . അതോണ്ട് വല്ല സാരിയോ മറ്റൊവാങ്ങി ഉടുക്കട്ടെ . ഇവനെ കൊണ്ടു തിന്നിക്കേണ്ട എന്ന് കരുതി ബാലേട്ടൻ മുറ്റത്തേക്ക് ഇറങ്ങി ഇങ്ങനെ പറഞ്ഞു
എടോ. ഇനി ഇവിടെ നിക്കേണ്ട . നിന്റെ തകിട് ഇവിടെ ആർക്കും വേണ്ട. ഓരോ നമ്പറും കൊണ്ട് ഓരോരുത്തൻ രാവിലെ ഇറങ്ങിക്കോളും . അതിനു കണക്കെ തുള്ളാൻ ഒരു അമ്മയും മോളും
എന്നാൽ എന്റെ പണം എടുക്കൂ
കയ്യിൽ ഉള്ളത് തന്നാൽ മതി എന്നല്ലേ നീ നേരത്തെ പറഞ്ഞത്
അതെ കയ്യിൽ ഉള്ളത് വല്ലതും എടുക്കൂ
എന്റെ കയ്യിൽ ആകെ അൻപതേ ഉള്ളൂ. അത് മതിയോ
അച്ഛാ എന്റെ കയ്യിൽ നൂറു രൂപയുണ്ട് . അതുഞാൻ കൊടുക്കാം (മോള് അത് പറഞ്ഞപ്പോഴാണ് ബാലേട്ടൻ ശരിക്കും ഞെട്ടിയത്. അവളും കവർച്ച തുടങ്ങിയെന്നു അർഥം . പക്ഷി ശാസ്ത്രത്തിൽ തെളിഞ്ഞ ഒരേ ഒരു കാര്യം)

ചെമ്പരത്തിയും കോവക്കയും പിന്നെ ഞാനും


ഗേറ്റിന് പുറത്തായിരുന്നു എസ്റ്റേറ്റ് . അഞ്ചേക്കറിൽ (അഞ്ചു സെന്റ്‌ എന്ന് മലയാളം ) പരന്നു കിടക്കുന്ന വിശാലമായ ഭൂവിഭാഗത്തിൽ തെങ്ങു പ്ലാവ് കുരുമുളക് , കോവയ്ക്ക എന്നിവ കൃഷി ചെയ്യുന്നു , ഇപ്പോൾ ചെറു നാരങ്ങാ കൃഷിയിലും ഞാൻശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. കൃഷിയിൽ ആരെങ്കിലും കണ്ണ് വച്ചേക്കുമോ എന്ന ഭയം കാരണമാണ് ഗേറ്റിനു വെളിയിൽ തന്നെ ഒരു ശുഭ ചിഹ്നം പോലെ ഒരു ചെമ്പരത്തി ചെടിയും വളർത്തിയത് . ഇപ്പോൾ അതിൽ പൂക്കൾ വിടരാൻ തുടങ്ങിയിരിക്കുന്നു

2020 മെയ് മാസമാണ് ഭാര്യ പറഞ്ഞത് നമ്മൾ വളർത്തുന്ന ചെമ്പരത്തിയുടെ ചുറ്റും ഏതോ ഒരു അലവലാതി നടന്നു കളിക്കുന്നു . കോൺവന്റിന് മുന്നിലൂടെ അപ്പുറത്തെ സ്‌കൂളുകളിലെ പിള്ളാര് നടക്കുന്നത് പോലെ എന്ന്. ഭാര്യയുടെ ഈ വിറ്റടി കേട്ട് ചിരിച്ചെങ്കിലും , ആ അലവലാതിക്ക്‌ ഒന്നുപൊട്ടിച്ചിട്ടേ ഇനി ഉറക്കമുള്ളൂ എന്ന് തീരുമാനിച്ചു നേരെ എസ്റേറ്റിലേക്കു നടന്നു . സംഗതി ഭാര്യ പറഞ്ഞതിനേക്കാൾ സീരിയസ് ആണെന്ന് അവിടെ എത്തിയപ്പോഴല്ലേ അറിഞ്ഞത് . ചുറ്റിപ്പറ്റി നടക്കലൊന്നും അല്ല . കെട്ടിപ്പിടുത്തമാണ് സംഭവം . സ്‌കൂൾ ലെവലിൽ നിന്ന് വിട്ടു കോളേജ് ലെവലിൽ എത്തി. പ്രശ്നമാണ് . ഇപ്പോൾ തീർത്തില്ലെങ്കിൽ ഇനിയിത്‌ തീർക്കാൻ കഴയില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ബാലചന്ദ്രൻ എന്ന നമ്മുടെ ബാലേട്ടൻ മുന്നിലെത്തിയത് .
ബാലേട്ടാ ഇത് നോക്കൂ . ഏതോ ഒരു പാഴ് ചെടി നമ്മുടെ ചെമ്പരത്തി പെണ്ണിൽ പടർന്നിരിക്കുന്നു . ലോ കാസ്റ്റ് . ഒരു കത്തിയെടുക്കൂ
ബാലേട്ടൻ ചെടിക്കു അരികിലേക്ക് മാറി നിന്ന് ചുറ്റി പടർന്നിരിക്കുന്ന കാമുകീ കാമുകന്മാരെ ഒരു പോൺ സിനിമ കാണുന്ന ഗൗരവത്തോടെ വീക്ഷിച്ചു . എന്നിട്ടു ഇപ്രകാരം ഉരയ്ച്ചു
മിസ്റ്റർ മണ്ടോടി. താൻ ധരിച്ചത് പോലെ ഇത് ലോ കാസ്റ്റ് വള്ളിയല്ല . സാക്ഷാൽ കോവക്ക . തറവാട്ടിൽ പിറന്നവൻ
എന്ത് തറവാട് . പണ്ട് എന്റെ വലിയച്ഛൻ ഇത്തരം സാധനങ്ങൾ വേലിയിൽ പടർന്നാൽ അവയെ ഒക്കെ അടിച്ചൊതുക്കി തീയിട്ടു കളയും
അതൊക്കെ പണ്ട്. ഇപ്പോൾ യീൽഡ് മാത്രമേ നമ്മൾ നോക്കുന്നുള്ളു. നൂറു കായ്ക്കുന്ന വള്ളിയാണോ , അവൻ ആഢ്യൻ എന്ന സിദ്ധാന്തം പ്രാബല്യത്തിൽ വന്നതൊന്നും താൻ അറിഞ്ഞില്ലേ . അവൻ അവിടെ നിൽക്കട്ടെ . ആഴ്ചക്കു രണ്ടുദിവസം ഉണ്ടാക്കേണ്ട തോരൻ അവൻ വീട്ടിലെത്തിക്കും
പക്ഷെ ബാലേട്ടാ. ഇവൻ നമ്മുടെ ചെമ്പരത്തിയെ ഞെരിച്ചു കളയില്ലേ എന്നാണ് ഭാര്യ ചോദിക്കുന്നത്
ഞെരിക്കട്ടെടാ , ഞെരിക്കട്ടെ . അപ്പോൾ കൂടുതൽ പൂക്കൾ വിരിയും . അവനും ഉത്സാഹം കൂടും
നൂറു പൂക്കൾ വിരിയട്ടെ
നൂറു കോവക്കകൾ കായ്ക്കട്ടെ

Thursday, 21 January 2021

സ്ത്രീ ദർശനം അഥവാ പെണ്ണുകാണൽ - ഒരു ഡിറ്റക്ടീവ് ചെറുകഥ

കയറിയിരിക്കു കുട്ടികളെ . ശോഭയെ കാണാൻ വന്നതാണ് അല്ലെ ?

അതെങ്ങനെ മനസ്സിലായി ?
ഹോ. അതൊക്കെ കണ്ടാൽ അറിയില്ലേ . ബാലനും ചാത്തുവും എന്നല്ലേ പേര്
അതും അറിയാമോ . അപ്പോൾ ഇനി വന്ന കാര്യം പറയേണ്ടല്ലോ. പെണ്ണ് കണ്ടിട്ടു വേഗം പൊയ്ക്കളയാം
വേഗം പോകാനോ. ആദ്യം ചായ . എടീ ജാനൂ . നീ മൂന്നു ചായയും മറ്റു സാധനങ്ങളും എടുക്കൂ (മൂന്നു ചായ, ജിലേബി, ലടൂ, പഫ്സ് എന്നിങ്ങനെ ഉള്ള പല വിഭവങ്ങളും എത്തുന്നു. ബാലനും ചാത്തുവും വെട്ടി വിഴുങ്ങുന്നു . പ്ളേറ്റ് കാലിയാക്കുന്നു)
അപ്പോൾ ഇനി പെണ്ണിനെ കണ്ട ശേഷം നമുക്ക് പോകാമല്ലോ.
ഹോ. അത് പറയാൻ വിട്ടുപോയി . ശോഭ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ് . അവൾക്കു എല്ലാറ്റിലും നല്ല മാർക്കാണ്. അസാമാന്യ ബുദ്ധിയാണ് . അങ്ങനെ ഉള്ള ഒരു കുട്ടിയെ പെട്ടന്ന് വിവാഹം കഴിച്ചു അയക്കുന്നത് ശരിയാണോ . നിങ്ങൾ തന്നെ പറ
തീർച്ചയായും ശരിയല്ല. എന്നാൽ നമ്മൾ പോട്ടെ ?
*********************************************
എടാ ചാത്തൂ. ഇങ്ങനെ പോയാൽ ഞാൻ പെണ്ണുകെട്ടുന്ന കോളില്ല. നമ്മൾ എത്ര കൊല്ലമായി ഈ പരിപാടി തുടങ്ങിയിട്ട് എന്ന് ഓർമ്മയുണ്ടോ ?
അതൊക്കെ ഓർത്തിട്ടെന്താ. പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല. ജിലേബിയും , പഫ്‌സും കണ്ടപ്പോൾ ഞാൻ ധരിച്ചു ഇതും ഓ കെ ആണ് എന്ന്. പക്ഷെ ഇത് ഒന്നാമത്തെ തവണയും അല്ല. ഇതിനു മുൻപ് പോയ മൂന്നു ഇടത്തും സംഭവം ഇങ്ങനെ തന്നെ ആയിരുന്നു. ആദ്യത്തേതിൽ പറോട്ടയും ചാപ്സും ആണ് കിട്ടിയത്. അതിന്റെരുചി ഞാനൊരിക്കലും മറക്കില്ല.
അതെ രണ്ടാമത്തേതിൽ ചില്ലി ചിക്കനും ചപ്പാത്തിയും . പെണ്ണ് നമ്മുടെ മുന്നിലൂടെ നടന്നു കളിക്കുകയും ചെയ്തു. ആശിച്ചുപോയി ചാത്തൂ.
മൂന്നാമത്തേതിൽ ചായയും കടിയും കഴിഞ്ഞതിനു ശേഷം പെണ്ണിന്റെ അച്ഛൻ ഊണ് കഴിക്കാൻ പോലും ക്ഷണിച്ചു . അവിടെയും പെണ്ണ് ബുദ്ധി ജീവിയാണ് എന്ന പ്രഖ്യാപനത്തോടെ നാടകത്തിനു തിരശീല വീണു. എന്താണ് ഇതിന്റെ ഒക്കെ അർഥം . ചോറിനു ക്ഷണിച്ചിട്ടു ചോറില്ല എന്ന് പറഞ്ഞതുപോലെ . എന്തോ ഒരു പ്രശ്നമുണ്ട്
എന്ത് പ്രശനം . നമ്മുടെ പേര് അവർക്കു അറിയാമെങ്കിൽ നിന്റെ തൊഴിലും അവർക്കു അറിയാമായിരിക്കും . പെണ്ണിന് ഗവർമെന്റ് ഉദ്യോഗസ്ഥൻ തന്നെ വേണമായിരിക്കും
അത് ശരിയാണ്. പക്ഷെ ജിലേബിയും, പഫ്‌സും . അതാണ്എനിക്കു മനസ്സിലാകാത്തത്
അതൊരു പ്രശ്നമാണ് . അതിലെന്തോ കളിയുണ്ട്. നമുക്ക് നമ്മുടെ ഗോപാലേട്ടനോട് ചോദിക്കാം . പുള്ളി ഒളിഞ്ഞു നോക്കൽ എക്സ്പെർറ്റ് ആണ് . ഇങ്ങനെ ഉള്ള കാര്യങ്ങളുടെ ഉള്ളുകള്ളികൾ എളുപ്പം കണ്ടെത്തും
ആര് നമ്മുടെ ഷെർലോക് ഗോപാലേട്ടനോ. എന്നാൽ നമുക്ക് നേരെ അങ്ങോട്ട് വിടാം
*****************************************************************************
വരണം . വരണം കയറി ഇരിക്കണം . എവിടെയാണ് കൊലപാതകം നടന്നത്
ഇതുകൊലപാതകം അല്ല ഗോപാലേട്ട. അതിലും സീരിയസ് ആണ് . ഇങ്ങനെ പോയാൽ കൊലപാതകം നടക്കും
അപ്പോൾ ഒരു കാര്യം നേരത്തെ പറയാം . ഗോപാലേട്ടൻ എന്ന വിളി എനിക്ക് ഇഷ്ടമല്ല . മിസ്റ്റർ ഷെർലോക് എന്നോ വെറും ഷെർലോക് എന്നോ വിളിക്കാം . ഷെർലോക് ഗോപാലൻ എന്നായാലും കുഴപ്പമില്ല. അപ്പോൾ വന്ന കാര്യം , ആളുടെ പേര് ഒക്കെ പറയുക
ഞാൻ ചാത്തു . ഇവൻ എന്റെ ചങ്ങായി ബാലൻ. ഇവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു
ഗെറ്റ് ഔട്ട് . എന്ത് കരുതിയിട്ടാണ് ഇങ്ങോട്ടു കയറി വന്നത് . ഞാൻ കല്യാണ ബ്രോക്കർ അല്ല മിസ്റ്റർ ചാത്തൂ
അയ്യോ. മിസ്റ്റർ ഷെർലോക് തെറ്റിദ്ധരിച്ചാണ്. നമ്മൾ കാര്യത്തിലേക്കു എത്തുന്നതെ ഉള്ളൂ . എല്ലാം വിശദമായി പറഞ്ഞാൽ ഷെർലോക്കിന്കാര്യം മനസ്സിലാകും . ഇവൻ കഴിഞ്ഞ രണ്ട് കൊല്ലമായി പെണ്ണുനോക്കി നടക്കുകയാണ്. വയസ്സ് പത്തു നാൽപ്പതായി . ഒരു പീടികയിൽ കണക്കെഴുത്താണ് പണി
അങ്ങനെ ആണെങ്കിൽ ബ്രഹ്മചാരി പോസ്റ്റിനു അപ്ലൈ ചെയ്യുന്നതല്ലേ നല്ലതു . കല്യാണം നടക്കുമെന്ന് തോന്നുന്നില്ല
നമ്മൾ അതൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെയാണ് സ്ത്രീ ദർശനം നടത്തുന്നത്
സ്ത്രീ ദർശനമോ. അതെന്തോന്നാണ് ?
ഈ പെണ്ണ് കാണൽ എന്നതൊക്കെ ഇരുപതു വയസ്സിനു തൊട്ടടുത്തുള്ള ചെറിയ പെണ്ണുങ്ങളെ കാണുമ്പോൾ പറയാം. വയസ്സായ ഉരുപ്പടികളെ കാണുന്നതിന് സ്ത്രീ ദർശനം എന്ന് പറയുന്നതല്ലേ നല്ലതു
യു ആർ കറക്ട് . കിഴവികളെ കാണുന്നതിനെ കിഴവി ദർശനം എന്നെ വിളിക്കാവൂ . ബാക്കി പറയൂ
നമ്മൾ ഇതുവരെ ആയി മുപ്പതിൽ അധികം ദർശനങ്ങൾ കഴിഞ്ഞു. ആദ്യമൊക്കെ കാര്യങ്ങൾ പറഞ്ഞു ഒടുവിൽ ബാലന്റെ ജോലി കാര്യത്തിൽ എത്തുമ്പോൾ പെണ്ണിന്റെയും അച്ഛന്റെയും മുഖം പെട്ടന്ന് വാടിപ്പോകുന്നത് കാണാം . അപ്പോഴാണ് പെണ്ണിന്റെ അപാര ബുദ്ധി ശക്തിയെ കുറിച്ചുള്ള വാർത്ത നമ്മൾ അറിയുന്നത്. അപ്പോൾ നമ്മൾ ഇറങ്ങി നടക്കുന്നു . രാവിലെ തുടങ്ങി ഒരു വീട്ടിൽ നിന്നും പച്ചവെള്ളം പോലും കിട്ടാതെ തളർന്നു വീണുപോയ അവസരങ്ങൾ പോലും ഉണ്ട്
ഓ. അതൊക്കെ എന്റെയും അനുഭവങ്ങൾ ആണ്. സി ഐ ഡി പണിക്കു പോലും ഡിമാൻഡ് ഇല്ല മക്കളെ . അങ്ങനെ ഉള്ളവർ ഒളിച്ചോട്ടം ആണ് പ്രിഫർ ചെയ്യേണ്ടത് . എന്റെ ഒളിഞ്ഞു നോട്ട യാത്രകൾക്കു ഇടയിൽ ഞാൻ അത്തരത്തിൽ ഒന്നിനെ സംഘടിപ്പിച്ചു . സത്യം പറയാലോ. ഒളിച്ചോട്ടം കഴിഞ്ഞു ഒരു ചങ്ങായിയുടെ വീട്ടിൽ തങ്ങിയ രാത്രിയാണ് അവൾ എന്നോട് ഞെട്ടിക്കുന്ന ഒരു ചോദ്യം ചോദിച്ചത്. ചേട്ടാ ചേട്ടന്റെ പേരെന്താണ് എന്ന്
പേര് പോലും അറിയാതെ ആണോ ഒളിച്ചോടിയതു ? അപ്പോൾ പിന്നെ ജോലിയുടെ കാര്യം പറയേണ്ടല്ലോ
അതെ ചാത്തൂ . അതാണ് ഒളിച്ചോട്ടം. ശുദ്ധമായ പ്രണയം . ഒന്നും അറിയാൻ താല്പര്യമില്ലാത്ത പരിശുദ്ധ പ്രണയം. പക്ഷെ പ്രശനം അധികം നില നിൽക്കില്ല എന്നതാണ് . ഇപ്പോൾ കൂടെ ഉള്ളത് രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ ഉത്പന്നം ആണ്
പ്രവൃത്തി പരിചയം കൂടുതൽ ഉള്ളവർക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ . നമ്മുടെ വീട്ടിന്റെ അടുത്തു രണ്ട് കുട്ടികളുടെ അമ്മയായ ഒരുസ്ത്രീയാണ്‌ ഒരു പയ്യന്റെ കൂടെ ഒളിച്ചോടിയതു . പയ്യൻ ഫ്രഷർ . ഓ. പറഞ്ഞു പറഞ്ഞു വിഷയം മാറി . നമ്മുടെ ദർശന യാത്രകൾക്ക് ഇടയിൽ ഈ അടുത്ത കാലത്താണ് ചില അത്ഭുതങ്ങൾ നടന്നത് . കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ നാല് ദർശനങ്ങളിൽ . നമ്മൾ വീട്ടിൽ എത്തുമ്പോൾ നമുക്ക് വലിയ സ്വീകരണം . ചായ കാപ്പി, പലഹാരങ്ങൾ , ചിലപ്പോൾ കോഴി പോലും മുന്നിൽ എത്തും . എങ്ങനെ പോയാലും അവസാനം എത്തുന്നത് ബുദ്ധിയിലോ ജാതക പിഴയിലോ ആയിരിക്കും
അതായതു തിന്നാൻ തന്നിട്ട് ഗെറ്റ് ഔട്ട് പറയുന്ന പരിപാടി . അതായതു നിങ്ങൾക്ക് അറിയേണ്ടത് എന്തിനു തിന്നാൻ തരുന്നു എന്നാണ് അല്ലെ. കയറി വരുമ്പോൾ തന്നെ മോള് പഠിക്കുകയാണ് എന്ന് പറഞ്ഞാൽ പോരെ . നിങ്ങളുടെ പുരാവൃത്തം അവർക്കു അറിയുകയും ചെയ്യാം. ആകെ കുഴഞ്ഞ പ്രശ്നമാണല്ലോ ചാത്തൂ. ഇടക്ക് ഒന്ന് ചോദിച്ചോട്ടെ . ഞായർ ആഴ്ച ദിവസങ്ങളിൽ ഇത് ഒരുരീതിയാക്കിയാൽ പോരെ . ഒരു റിസ്കും ഇല്ല. നല്ലവണ്ണം തിന്നാൻ കിട്ടുകയും ചെയ്യും
ശവത്തിൽ കുത്തരുത് ഷെർലൊക്കെട്ടാ . കരുണ കാണിക്കണം

***************************************************************************

ഗോപാലനും പാച്ചുവും
വീട്ടിന്റെ മട്ടുപ്പാവിൽ ഒരു പെഗ്ഗും കയ്യിലേന്തി ഗോപാലൻ എന്ന ഡിറ്റക്ടീവ് ചിന്തയിലാണ്ടു . അപ്പുറത്തു അസിസ്റ്റന്റ് പാച്ചുവും കയ്യിലുള്ള ഗ്ലാസിലെ ബ്രാണ്ടി സിപ്പ് ചെയ്തു കൊണ്ട് ബോസിന്റെ അതെ രീതിയിൽ ചിന്തയിൽ ആണ്ടു
എവിടെ നിന്ന് തുടങ്ങണം എന്നൊരു ഐഡിയ യും കിട്ടുന്നില്ല പാച്ചു
ഇവിടെ എനിക്ക് ജിയോ വിനും റേഞ്ച് കിട്ടുന്നില്ല ബോസ്
നീയെന്തു മണ്ടത്തരമാടാ പാച്ചു പറയുന്നത്. ഞാൻ മൊബൈൽ റേഞ്ചിന്റെ കാര്യമല്ല പറഞ്ഞത് . ആ പിള്ളേരുടെ കേസിന്റെ കാര്യമാണ്
അത് വിടു ബോസ്. അതിൽ അന്വേഷിക്കാൻ കാര്യമായി ഒന്നുമില്ല . പിള്ളാര് അവിടെ പെണ്ണ് കാണാൻ പോകുന്നതിനു മുൻപേ ഏതെങ്കിലും ഹെവി പാർട്ടി ആ പെണ്ണിനെ കാണാൻ വന്നിരിക്കും . അവർക്കു തിന്നാൻ കൊടുത്തതിന്റെ ബാക്കി കളയേണ്ട എന്ന് കരുതി പിള്ളാർക്ക് കൊടുത്തതാവും . അല്ലാതെ അവർക്കു വട്ടാണോ. കോവിഡ് കാലം ആയതു കൊണ്ട് പണ്ടത്തെ പോലെ ബാക്കി വരുന്ന ലഡുവും ജിലേബിയും വീട്ടുകാര് തിന്നുന്ന പ്രശ്നമില്ല. എല്ലാം ഇനി വരുന്നവന്റെ തലയിൽ ചാർത്തിക്കൊടുക്കും
അത് ഒരു സാധ്യത തന്നെ ആണ് . പക്ഷെ ഇത് റിക്കറിംഗ് ഇൻസിഡന്റ് ആണ് . തുടർച്ചയായി നാലെണ്ണത്തിൽ ഒരേ രീതിയിൽ വീട്ടുകാർ പ്രതികരിക്കുന്നത് ഈ പറഞ്ഞ കാരണം കൊണ്ടാവാൻ സാധ്യത കുറവാണ്. മറ്റെന്തോ ഉണ്ട് . അപ്പോൾ നീ ഒരു കാര്യം ചെയ്യണം . കുറച്ചു ഡാറ്റ എനിക്ക് വേണ്ടി കളക്ട് ചെയ്യണം . ആദ്യമായി ചെയ്യേണ്ടത് ഇവരോട് ഇത്തരത്തിൽ പെരുമാറിയ വീട്ടുകാരെ കുറിച്ച് ആഴത്തിൽ ഒരുഅന്വേഷണം നടത്തുകയാണ് . ആ പെൺകുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നാണ് ആദ്യം അറിയേണ്ടത് . കൂടുതൽ ആയി വല്ലതും അറിയണം എന്ന് നിനക്ക് തോന്നുന്നു എങ്കിൽ നിനക്ക് സ്വതന്ത്രമായി അത് അന്വേഷിക്കുകയും ചെയ്യാം . എന്റെ മനസ്സ് പറയുന്നത് ഈ കേസ് നിന്റെ വേദിയാണ് എന്ന്. നിനക്ക് ഇതിൽ കാര്യമായി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന്. അതുകൊണ്ട് നമുക്ക് തൽക്കാലം വിട പറയാം. അടുത്ത കൂടിക്കാഴ്ചയിൽ രഹസ്യങ്ങളുടെ ഖജാന തുറക്കാനുള്ള കള്ളത്താക്കോലുമായി നീ എത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
*******************************************************************

പാച്ചു ഡാറ്റയും കളക്ട് ചെയ്തു ഗോപാലന്റെ വീട്ടിൽ എത്തിയ നേരത്തു രണ്ടാം നിലയിലെ ബാൽക്കണിയിൽ ഇരുന്നു ഡിറ്റക്ടീവ് ഗോപാലൻ റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കിയിരിക്കുകയായിരുന്നു . പാച്ചു ശബ്ദമുണ്ടാക്കാത്ത അപ്പുറത്തുപോയിരുന്നു
മിസ്റ്റർ ഗോപാലൻ . നിങ്ങൾ റോഡിൻറെ അപ്പുറത്തു ഒരു ഓട്ടോ നിർത്തിയത് കാണുന്നുണ്ടോ ? അതിന്റെ നേരെ അപ്പുറത്തു റോഡരികിൽ നിൽക്കുന്നത് ആരാണ് എന്ന് അറിയാമോ . നമ്മുടെ ദിവ്യൻ ചാത്തു
അപ്പോഴാണ് ഡിറ്റക്ടീവ് ഗോപാലന്റെ ശ്രദ്ധ റോഡിനു അപ്പുറത്തു സംഭവിക്കുന്ന ഒരു വിചിത്രമായ കാര്യത്തിലേക്കു തിരിഞ്ഞത്. നാട്ടിൽ ഈ അടുത്ത കാലത്തു വന്നതാക കൊണ്ട് നാട്ടുകാരുടെ പല വിചിത്ര സ്വഭാവങ്ങളും ഗോപാലൻ അറിയാതെ പോയിരുന്നു . നിർത്തിയിട്ട ഓട്ടോവിനു ഉള്ളിൽ നിന്ന് ആരോ ഒരാൾ ദിവ്യൻ ചാത്തുവിനെ ഓട്ടോവിൽ കയറാൻ നിർബന്ധിക്കുകയാണ്. ദിവ്യൻ കയറാൻ കൂട്ടാക്കുന്നില്ല . ഗോപാലൻ ചോദ്യ രൂപത്തിൽ പാച്ചുവിനെ നോക്കി.
ബോസിന് വല്ലതും മനസ്സിലായോ ? അത് ഈ നാട്ടുകാരുടെ ഒരു വിശ്വാസമാണ് . ദിവ്യൻ സ്വയം നടന്നു കയറുന്ന വീട്ടിൽ സമ്പത്തു വിളയാടും എന്നാണ് വിശ്വാസം . കഴിഞ്ഞ മാസം അദ്ദേഹം സ്വയം നടന്നു കയറിയ ഒരു വീട്ടിലെ പയ്യനാണ് ഒരു കോടിയുടെ ലോട്ടറി അടിച്ചത്
പക്ഷെ ഇത് സ്വയം നടന്നു കയറൽ അല്ലല്ലോ. പിടിച്ചു കൊണ്ടുപോകൽ അല്ലെ
പിടിച്ചു കൊണ്ട് പോയി അവരുടെ വീട്ടിന്റെ ഗേറ്റിനു വെളിയിൽ വിടും . അപ്പോൾ ദിവ്യൻ അറിയാതെ അവരുടെ വീട്ടിലേക്കു നടന്നു കയറും. അപ്പോഴേക്കും വിഭവങ്ങൾ അങ്ങേരുടെ മുന്നിൽ നിരന്നു കഴിഞ്ഞിരിക്കും
ഗോപാലൻ അൽപനേരം ചിന്താമഗ്നനായി . പെട്ടന്ന് അദ്ദേഹം തന്റെ ഇരിപ്പിടത്തിൽ നിന്നു ചാടി എണീറ്റ് ഉറക്കെ അട്ടഹസിച്ചു
യുറേക്ക യുറേക്ക

*****************************************************************

ഉച്ചക്ക് രണ്ടുമണിക്ക് കണിയാരുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഭാഗ്യാന്വേഷികൾ ആരും ഇല്ലായിരുന്നു. രാമൻകണിയാർ എന്നെ അകത്തേക്ക് ക്ഷണിച്ചു . ഞാൻ ചില കാര്യങ്ങൾ അറിയാനുണ്ട്എന്ന് പറഞ്ഞപ്പോൾ കണിയാർ ഒരു നിലവിളക്കിനു മുന്നിൽ വച്ച തളികയിലേക്കു കണ്ണ് പായിച്ചു . കാര്യം മനസ്സിലായ ഞാൻ ഒരു അഞ്ഞൂറ് അതിലേക്കു എറിഞ്ഞു വിളക്കിനെ വന്ദിച്ചു . കണിയാർ സന്തുഷ്ടനായി
ഇനി ചോദിച്ചോളൂ . എന്താണ് അറിയേണ്ടത് ?
നമ്മുടെ നാട്ടിൽ ചില ദിവ്യന്മാർ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അവര് ഒരു വീട്ടിൽ കാല് കുത്തിയാൽ അവിടെ ഭാഗ്യം നൃത്തം ചവിട്ടും എന്നൊക്കെ . ആ ഫീൽഡിൽ സ്പെഷലൈസ്ഡ് ദിവ്യന്മാർ ഉണ്ടോ
ചോദിച്ചതിന്റെ അർഥം മനസ്സിലായില്ല
ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ കണിയാർക്കു മനസ്സിലാകും . ഇപ്പോൾ ഡോക്ടർമാരുടെ കാര്യം എടുക്കുക . ചിലർ ജനറൽ പ്രാക്ടീഷണന്മാർ . മറ്റു ചിലർ സ്പെഷലിസ്റ്റുകൾ . കാലിനു ചിലർ കൈയ്ക്ക് ചിലർ കണ്ണിനു ചിലർ എന്ന് പറഞ്ഞത് പോലെ . അത് പോലെ ദിവ്യത്വത്തിലും സ്പെഷലിസ്റ്റുകൾ ഉണ്ടോ
ഇപ്പോൾ സംഗതി പിടികിട്ടി. തീർച്ചയായും ഉണ്ട് . ഇവിടെ കിഴക്കേല് ഒരു പൊക്കൻ ഉണ്ടായിരുന്നു . പുള്ളിക്ക് ധന ദിവ്യത്വം എന്ന സിദ്ധി ഉണ്ടായിരുന്നു . പക്ഷെ എന്ത് ചെയ്യാം മറുഭാഗത്തു മരണ രേഖയും ഉണ്ടായിരുന്നു . ആദ്യം ഞാൻ അത് ശ്രദ്ധിച്ചില്ല . പുള്ളി കയറിയ വീട്ടിൽ സമൃദ്ധിയുണ്ടാകും എന്ന് പറഞ്ഞപ്പോൾ എന്റെ ഒരു ബന്ധു അയാളെ ഒരു ദിവസം ബല പൂർവം ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി . അവന്റെ മോന് അടുത്തു തന്നെ ബാങ്കിൽ പണി കിട്ടി . പക്ഷെ എന്ത് ചെയ്യാൻ അവൻ അതിന്റെ പിറ്റേ മാസം വടിയായി . കവിടി നിരത്തിയപ്പോഴാണ് ധനത്തോടൊപ്പം മരണവും കൊണ്ടാണ് മറ്റവന്റെ യാത്ര എന്ന് അറിഞ്ഞത്. അതോടെ അവന്റെ സാധ്യത നഷ്ടപ്പെട്ടു
ഇനിമറ്റോരു കാര്യവും കൂടെ അറിഞ്ഞാൽ എനിക്ക് പോകാം . വിവാഹം പ്രമോട്ട് ചെയ്യുന്ന ദിവ്യ ജന്മങ്ങൾ ഉണ്ടോ . അതായതു ഒരു വീട്ടിൽ ഒരാൾ കയറി ചെന്നാൽ ആ വീട്ടിലെ പെൺകുട്ടികൾ നല്ല നിലയിൽ കല്യാണം കഴിഞ്ഞു പോകുന്ന രീതിയിൽ ഉള്ള സിദ്ധികൾ ഉള്ള ആരെങ്കിലും
നിങ്ങൾ അത് പറഞ്ഞപ്പോഴാണ് ഞാൻ ഒരു കൊല്ലം മുൻപ് നടന്ന ഒരു സംഭവം ഓർത്തത് . ഒരു സ്ത്രീ അവരുടെ മകൾക്കു വന്ന ഒരു പയ്യന്റെ ജാതക കുറിപ്പുമായി ഇവിടെ വന്നിരുന്നു . കുറിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി പയ്യന് വിവാഹ യോഗമില്ല എന്ന് . പക്ഷെ കുറിപ്പിൽ മറ്റൊരു സിദ്ധി മറഞ്ഞിരിക്കുന്നുണ്ടായിരുന്നു . അവൻ കയറിയ വീടുകളിലെ പെൺകുട്ടികൾ വളരെ വേഗം വളരെ നല്ല നിലയിൽ വിവാഹിതരാകും എന്ന്. അപ്പോൾ ആ സ്ത്രീ വളരെ ദുഖത്തോടെ എന്നോട് പറഞ്ഞു ഒരു ഗ്ലാസ് പച്ചവെള്ളം പോലും ആ പയ്യന് കൊടുത്തില്ല എന്ന് . അപ്പോൾ ഞാൻ സ്ത്രീയെ സമാധാനിപ്പിച്ചു. തലയിൽ എഴുതിയത് പച്ചവെള്ളം കൊണ്ട് മായ്ക്കാൻ കഴിയില്ല എന്ന് ഞാൻ അവരോടു പറഞ്ഞു

കണിയാർക്കു ആ പയ്യന്റെ പേര് ഓർത്തെടുക്കാൻ പറ്റുമോ.
സാധാരണ സംഭവം ആയിരുന്നു എങ്കിൽ ഞാൻ അത് മറന്നേനെ . പക്ഷെ ഇത് അങ്ങനെ അല്ലല്ലോ. പേര് മാത്രമല്ല ആ ജാതക കുറിപ്പും എന്റെ മനസ്സിൽ അത് പോലെ ഉണ്ട്. ബാലൻ . മണ്ടോടി ബാലൻ . അതായിരുന്നു അവന്റെ പേര്
പാച്ചു ഇത്രയും പറഞ്ഞപ്പോൾ ഒരു ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കു നോക്കി . അപ്പോൾ അപ്പുറത്തിരുന്നു കഥകൾ കേട്ട് കൊണ്ടിരുന്ന ഗോപാലൻ ഡിറ്റക്ടീവ് പറഞ്ഞു
പുറത്തേക്കൊന്നും നോക്കേണ്ട. എന്റെ മനസ്സിൽ ലഡു പൊട്ടിയതാണ് . നമ്മൾ അന്വേഷണത്തിന്റെ അവസാന ലാപ്പിൽ എത്തിയിരിക്കുന്നു . കഥയുടെ ബാക്കി ഭാഗം വേഗം പറയൂ .
ബാലൻ പെണ്ണ് കണ്ട് ഇറങ്ങിയതിന്റെ പിറ്റേന്ന് പെണ്ണിനെ കാണാൻ ഒരു ഹൈ പാർട്ടി വരുന്നു. കല്യാണം നടക്കുന്നു . ഈ രഹസ്യം പെണ്ണിന്റെയമ്മ അവരുടെ ബന്ധത്തിൽ കല്യാണ പ്രായം ആയ ഒരു പെണ്ണിന്റെ അമ്മയോട് പറയുന്നു . ആ സ്ത്രീ ഉടൻ പരിചയക്കാരൻ ആയ ബ്രോക്കർ ചന്ദ്രനോട് എരഞ്ഞോളിയിൽ ഒരു ബാലൻ പെണ്ണ് നോക്കുന്നുണ്ട് എന്നും അവനെ തന്റെ മോളെ കാണാൻ തരപ്പെടുത്തിയാൽ പയിനായിരം രൂപ തരാമെന്നും പറയുന്നു. അപ്പോൾ ചന്ദ്രൻ ബ്രോക്കർ പറയുന്നു സംഗതി ഒക്കെ തരപ്പെടുത്താം . പക്ഷെ കച്ചോടം നടന്നാൽ മാത്രമേ താൻ പണം വാങ്ങൂ എന്ന്. സന്തോഷം കൊണ്ട് തന്നാൽ വല്ലതും വാങുന്നതിൽ ഒരു തെറ്റും ഇല്ല എന്ന് ആ സ്ത്രീ ചന്ദ്രനോട് പറഞ്ഞപ്പോൾ ചന്ദ്രൻ ചോദിച്ചു വെറുതെ ഒരു കോന്തൻ പെണ്ണ് നോക്കി പോയതിൽ സന്തോഷിക്കാൻ എന്തിരിക്കുന്നു എന്ന് . അപ്പോൾ ആ സ്ത്രീ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു
ചന്ദ്രാ. പുര നിറഞ്ഞു നിൽക്കുന്ന ഒരു പെണ്ണിനെ കാണാൻ ഇടയ്ക്കു ആരെങ്കിലും വരുന്നത് ഒരു ഐശ്വര്യം ആണ് . അവൾക്കു എല്ലാ ദിവസങ്ങളും അന്വേഷണങ്ങൾ വരുന്നത് കൊണ്ട് എനിക്ക് നിൽക്ക കള്ളിയില്ല എന്ന് രണ്ടാളോട് പറയണമെങ്കിൽ ഇടയ്ക്കു ഏതെങ്കിലും ഒരുത്തൻ തിരിഞ്ഞു നോക്കേണ്ട. ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല ചന്ദ്രാ.
ശരിയാണ് ഭാർഗ്ഗവിയമ്മേ. ഇപ്പോൾ നാട്ടിൽ പരക്കെ ലപ്പും കളിയും ആണ്. അത് കൊണ്ട് എനിക്കും കച്ചോടം കുറവാണു . ലപ്പിക്കാത്ത പിള്ളേരെ കെട്ടുമ്പോഴും ശ്രദ്ധിക്കണം . ഇന്നാള് വീട്ടുകാര് ഒരു പയ്യനെ പിടിച്ചു കെട്ടിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് പെണ്ണ് വീട്ടിലേക്കു തിരിച്ചു പോയി . കാരണം ചോദിച്ചിട്ടു മിണ്ടാട്ടം ഇല്ല . അപ്പോഴാണ് എന്റെ അടുത്തു പയ്യന്റെ കുറിപ്പും കൊണ്ട് അവന്റെ 'അമ്മ വന്നത് . കണിയാരുടെ അടുത്തു കൊണ്ടുപോയി കവിടി നിർത്തിയപ്പോൾ തെളിഞ്ഞു വന്നത് ഹോമോ രേഖ
പാച്ചു പറഞ്ഞു നിർത്തി തന്റെ ബോസിന്റെ മുഖത്തേക്ക് നോക്കി. ഞാൻ ആരാ മോൻ എന്ന ഭാവത്തിൽ. പതിവിനു വിപരീതമായി ബോസിന്റെ മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നതാണ് പാച്ചു കണ്ടത്
എന്തുപറ്റി ബോസ് . ഇങ്ങനെ ദുഃഖിക്കാൻ മാത്രം ഇവിടെ എന്ത് ഉണ്ടായി
ഞാൻ ഇപ്പോൾ ആലോചിക്കുന്നത് പിള്ളേരോട് എന്ത് പറയും എന്നാണ്. ബാലൻ ഇതറിഞ്ഞാൽ ചിലപ്പോൾ ആത്മഹത്യ ചെയ്‌തേക്കും . സ്വയം ബലികൊടുത്തു മറ്റുള്ളവർക്ക് ഭാഗ്യം കൊടുക്കുന്ന പാവം ജന്മങ്ങൾ
അതൊന്നും സംഭവിക്കില്ല ബോസ് . ബാലന് ഇനി ഫുൾ ജോളി ആയിരിക്കും . റോഡിൽ നിക്കുമ്പോൾ പെട്ടന്ന് ഒരു കാറു വന്നു മുന്നിൽ ബ്രെക്ക് ചെയ്യുന്നു. അതിന്റെ വാതിലുകൾ തുറക്കുന്നു . കയറൂ ബാലാ . വീടുവരെ ഒന്ന് പോയി വരാം എന്ന് അതിനുള്ളിൽ നിന്ന് ഒരാൾ മൊഴിയുന്നു. ബാലൻ കയറുന്നു . വീട്ടിൽ പോകുന്നു . പെണ്ണ് കാണുന്നു. തിന്നുന്നു. രണ്ടായിരം ഫീസ്
അതൊക്കെ ശരിയാണ്. പക്ഷെ മറ്റേ കാര്യം നടക്കേണ്ടേ
അതിനാണോ ബോസ് ഇവിടെ വഴിയില്ലാത്തതു
എടാ മണ്ടാ . ഇവൻ എല്ലാ വേശ്യകളുടെ അടുത്തും കയറി ഇറങ്ങിയാൽ അവരുടെ ഒക്കെ വിവാഹം കഴിഞ്ഞു പോകില്ലേ. പിന്നെ ഞാനും നീയും ഒക്കെ ഉല്ലസിക്കാൻ എവിടെ പോകും