ഗേറ്റിന് പുറത്തായിരുന്നു എസ്റ്റേറ്റ് . അഞ്ചേക്കറിൽ (അഞ്ചു സെന്റ് എന്ന് മലയാളം ) പരന്നു കിടക്കുന്ന വിശാലമായ ഭൂവിഭാഗത്തിൽ തെങ്ങു പ്ലാവ് കുരുമുളക് , കോവയ്ക്ക എന്നിവ കൃഷി ചെയ്യുന്നു , ഇപ്പോൾ ചെറു നാരങ്ങാ കൃഷിയിലും ഞാൻശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. കൃഷിയിൽ ആരെങ്കിലും കണ്ണ് വച്ചേക്കുമോ എന്ന ഭയം കാരണമാണ് ഗേറ്റിനു വെളിയിൽ തന്നെ ഒരു ശുഭ ചിഹ്നം പോലെ ഒരു ചെമ്പരത്തി ചെടിയും വളർത്തിയത് . ഇപ്പോൾ അതിൽ പൂക്കൾ വിടരാൻ തുടങ്ങിയിരിക്കുന്നു
2020 മെയ് മാസമാണ് ഭാര്യ പറഞ്ഞത് നമ്മൾ വളർത്തുന്ന ചെമ്പരത്തിയുടെ ചുറ്റും ഏതോ ഒരു അലവലാതി നടന്നു കളിക്കുന്നു . കോൺവന്റിന് മുന്നിലൂടെ അപ്പുറത്തെ സ്‌കൂളുകളിലെ പിള്ളാര് നടക്കുന്നത് പോലെ എന്ന്. ഭാര്യയുടെ ഈ വിറ്റടി കേട്ട് ചിരിച്ചെങ്കിലും , ആ അലവലാതിക്ക് ഒന്നുപൊട്ടിച്ചിട്ടേ ഇനി ഉറക്കമുള്ളൂ എന്ന് തീരുമാനിച്ചു നേരെ എസ്റേറ്റിലേക്കു നടന്നു . സംഗതി ഭാര്യ പറഞ്ഞതിനേക്കാൾ സീരിയസ് ആണെന്ന് അവിടെ എത്തിയപ്പോഴല്ലേ അറിഞ്ഞത് . ചുറ്റിപ്പറ്റി നടക്കലൊന്നും അല്ല . കെട്ടിപ്പിടുത്തമാണ് സംഭവം . സ്‌കൂൾ ലെവലിൽ നിന്ന് വിട്ടു കോളേജ് ലെവലിൽ എത്തി. പ്രശ്നമാണ് . ഇപ്പോൾ തീർത്തില്ലെങ്കിൽ ഇനിയിത് തീർക്കാൻ കഴയില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ബാലചന്ദ്രൻ എന്ന നമ്മുടെ ബാലേട്ടൻ മുന്നിലെത്തിയത് .
ബാലേട്ടാ ഇത് നോക്കൂ . ഏതോ ഒരു പാഴ് ചെടി നമ്മുടെ ചെമ്പരത്തി പെണ്ണിൽ പടർന്നിരിക്കുന്നു . ലോ കാസ്റ്റ് . ഒരു കത്തിയെടുക്കൂ
ബാലേട്ടൻ ചെടിക്കു അരികിലേക്ക് മാറി നിന്ന് ചുറ്റി പടർന്നിരിക്കുന്ന കാമുകീ കാമുകന്മാരെ ഒരു പോൺ സിനിമ കാണുന്ന ഗൗരവത്തോടെ വീക്ഷിച്ചു . എന്നിട്ടു ഇപ്രകാരം ഉരയ്ച്ചു
മിസ്റ്റർ മണ്ടോടി. താൻ ധരിച്ചത് പോലെ ഇത് ലോ കാസ്റ്റ് വള്ളിയല്ല . സാക്ഷാൽ കോവക്ക . തറവാട്ടിൽ പിറന്നവൻ
എന്ത് തറവാട് . പണ്ട് എന്റെ വലിയച്ഛൻ ഇത്തരം സാധനങ്ങൾ വേലിയിൽ പടർന്നാൽ അവയെ ഒക്കെ അടിച്ചൊതുക്കി തീയിട്ടു കളയും
അതൊക്കെ പണ്ട്. ഇപ്പോൾ യീൽഡ് മാത്രമേ നമ്മൾ നോക്കുന്നുള്ളു. നൂറു കായ്ക്കുന്ന വള്ളിയാണോ , അവൻ ആഢ്യൻ എന്ന സിദ്ധാന്തം പ്രാബല്യത്തിൽ വന്നതൊന്നും താൻ അറിഞ്ഞില്ലേ . അവൻ അവിടെ നിൽക്കട്ടെ . ആഴ്ചക്കു രണ്ടുദിവസം ഉണ്ടാക്കേണ്ട തോരൻ അവൻ വീട്ടിലെത്തിക്കും
പക്ഷെ ബാലേട്ടാ. ഇവൻ നമ്മുടെ ചെമ്പരത്തിയെ ഞെരിച്ചു കളയില്ലേ എന്നാണ് ഭാര്യ ചോദിക്കുന്നത്
ഞെരിക്കട്ടെടാ , ഞെരിക്കട്ടെ . അപ്പോൾ കൂടുതൽ പൂക്കൾ വിരിയും . അവനും ഉത്സാഹം കൂടും
നൂറു പൂക്കൾ വിരിയട്ടെ
നൂറു കോവക്കകൾ കായ്ക്കട്ടെ

No comments:
Post a Comment