Thursday, 21 April 2016

കൂലിയും വിശപ്പും

കേരളത്തിലെ തൊഴിൽ മേഖല മറ്റിടങ്ങളിലെ തൊഴിൽ മേഖലയെക്കാൾ എത്രയോ മെച്ചമാണ് എന്ന് പറയാതെ നിവൃത്തിയില്ല. എല്ലാവർക്കും നല്ല നിലവാരത്തിലുള്ള കൂലിയാണ് ഇവിടെ ലഭിക്കുന്നത്. ഒരു കൽ പണിക്കാരന് ഇവിടെ ഒരു ദിവസം ആയിരം രൂപ വരെ കൂലി ഉണ്ട്. തിന്നാൻ പോലും മര്യാദക്കു കൊടുക്കാത്ത ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഏറെ മെച്ചമാണ് എന്ന് പറയാതെ അറിയാം. അത് കൊണ്ടു തന്നെ ആണ് ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒഴുക്ക് ഇന്നും തുടരുന്നത്.

പക്ഷെ ഇതിനു മറ്റൊരു വശമുണ്ട്. കേരളക്കാരന് എന്ത് കൊണ്ടു ഇത്ര അധികം കൂലി കൊടുക്കാൻ പറ്റുന്നു എന്നുള്ള പ്രധാന പ്പെട്ട ചോദ്യം ഇവിടെ ആണ് വരുന്നത്. അതിനു മാത്രമുള്ള വിഭവങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ടോ. കൃഷിയുടെ കാര്യം പോലും നമ്മോടു പറയുന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്. അതായത് ഇവിടെ ഉള്ളവനോ, പുറത്തു നിന്ന് ഇങ്ങോട്ട് വന്നവനോ ആവശ്യമായ ഭക്ഷണം ഇവിടെ ഉലപാദിപ്പിക്കുന്നില്ല. എന്നിട്ടും നമ്മൾ എല്ലാവര്ക്കും മുഷ്ടാന്നം തിന്നാനുള്ള വക ഇവിടെ നിന്ന് കൊടുക്കുന്നു. അവിടെയാണ് നമ്മൾ തീരെ അവഗണിക്കുന്ന കര്ഷകന്റെ കഷ്ടപ്പാടുകൾ തെളിഞ്ഞു വരുന്നത്. നമ്മൾ ഈ ബംഗാളിക്കും, ഗുജറാത്തി ക്കും, കര്ണാടക ക്കാരനും ഒക്കെ തിന്നാൻ കൊടുക്കുന്നത് അവൻ അല്ലെങ്കിൽ അവന്റെ കുടുംബക്കാര് അവന്റെ നാട്ടിൽ ഉണ്ടാക്കിയ ധാന്യങ്ങൾ ഒക്കെ തന്നെയാണ്. അതായത് അവിടെ അവരെ കുറഞ്ഞ കൂലിയിൽ തളച്ചിട്ടു അത് കൊണ്ടു അവര്ക്ക് മര്യാദക്കു തിന്നാൻ പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാക്കി , ആ മിച്ച ധാന്യം ആണ് നാം ഇവിടെ ആര്ഭാടമായി കഴിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില പറഞ്ഞാൽ, അവിടെ അവര് കുറഞ്ഞ കൂലിയിൽ ജീവിക്കേണ്ടത്, നമ്മുടെ ഭക്ഷണം മുട്ടില്ലാതെ പോകേണ്ടതിനു ആവശ്യമായി വരുന്നു എന്ന് അർഥം


കൂലിയും വിശപ്പും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.  സാമ്പത്തിക ശാസ്ത്രത്തിലെ ഇത്തരം അടിസ്ഥാന ചോദ്യങ്ങള്ക്ക് വ്യക്തമായ ഉത്തരം കിട്ടാൻ നമുക്ക് ചില മുൻ വിധികൾ ആവശ്യമാണ്‌.  ഇക്കാര്യത്തിൽ ഞാൻ സ്വീകരിക്കുന്ന ആദ്യ മുൻ വിധി, മനുഷ്യന് ഭക്ഷണം മാത്രമേ ആവശ്യമുള്ളൂ എന്നതാണ്. രണ്ടാമതെത് ഈ ഭക്ഷണം ഒരു തരത്തിലും നമുക്ക് കുറെ കാലം സൂക്ഷിച്ചു വെക്കാൻ ആവില്ല എന്നുള്ളതാണ്.  അതായത് സൃഷ്ടിക്ക പ്പെട്ട ഭക്ഷണം ഉടനെ തന്നെ തിന്നു തീര്തിരിക്കണം എന്ന് അർഥം. (ബൈബിളിൽ പറഞ്ഞത് പോലെ അടുത്ത ദിവസം പുഴു അരിച്ചു പോകുന്ന അവസ്ഥ)    അടുത്തതായി ഞാൻ സങ്കല്പിക്കുന്നത് ഇവിടെ ഉള്ളവരോക്കെയും കൂലി പണി എടുക്കുന്നവർ മാത്രമാണ് എന്നത്രെ.  കാര്ഷിക ഉല്പാദകൻ (കൃഷി പണിക്കാരൻ) മാത്രമേ ഉള്ളൂ എന്ന് അർഥം.  നാം ഉദ്ദേശിക്കുന്ന കാര്യം ശരിയായ രീതിയിൽ സമർതിചതിനു ശേഷം, മറ്റു  ആവശ്യങ്ങൾ ഈ അടിസ്ഥാന ആവശ്യത്തോട് കൂട്ടി ചേർത്ത് അതിന്റെ ആഘാതങ്ങൾ പഠിക്കുകയാവും കൂടുതൽ എളുപ്പം.

മേലെ പറഞ്ഞ മുൻ വിധികളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രധാനപ്പെട്ട കാര്യം,  ഇവിടെ ഉള്ള ആകെ ഭക്ഷ്യ ഉല്പന്നങ്ങളുടെ (വിദേശി   ഇവിടെ നിന്ന് അടിച്ചെടുത്തത് കഴിച്ചു ബാക്കി )  വില എന്നത് ഇവിടെ ഉള്ള ആകെ കൂലി ആയിരിക്കും എന്നുള്ളതാണ്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ കൂലി എത്ര മാത്രം ആയാലും, അത് കൊണ്ടു കൊടുക്കാവുന്ന ഭക്ഷണങ്ങൾ ഇത് മാത്രമാണ്.  അതായത് നൂറു കൂലി പണിക്കാർ ഉണ്ടെങ്കിൽ, ഇവിടെ ഉള്ള ഭക്ഷ്യ ഉത്പന്നങ്ങൾ വെറും 80 പേര്ക്ക് മാത്രം കഴിച്ചു പോകാവുന്ന മാത്രമേ ഉള്ളൂ എങ്കിൽ ഈ 80 പേര്ക്ക് മാത്രമേ കൂലി ഉണ്ടാകാൻ പാടുള്ളൂ.  കാരണം അവര്ക്ക് തിന്നാൻ മാത്രമുള്ളതെ ഇവിടെ ഉള്ളൂ.  ബാക്കി 20 ശതമാനത്തെ കൂലി ഇല്ലാത്തവർ ആയി നില നിർത്തുക തന്നെ വേണം.  ഇനി ഒരു സൌകര്യത്തിനു വേണ്ടി എല്ലാവര്ക്കും കൂലി കൊടുത്തിരിക്കണം എന്ന് തീരുമാനിച്ചാൽ ഈ കൂലി ഇല്ലാത്ത 20 ശതമാനത്തിനു കൂലി കൊടുക്കുന്നതിനു സാമാന്തരികമായി, എല്ലാവരുടെയും ഭക്ഷണ ലഭ്യത കുറയുന്നു.  മൂന്നു നേരം ചോറ് തിന്നവൻ ഇനി രണ്ടു നേരം മാത്രമേ തിന്നൂ എന്ന് സാരം.

ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ കാര്ഷിക  വിഭവങ്ങൾ ഒരു സ്ഥിര പരിമാണത്തിൽ നില്കുന്ന ഇടത്ത്, കൂലിയിലുള്ള ഏറ്റ കുറച്ചിലുകൾ സമൂഹത്തിൽ ആകെ വരുത്തുന്ന ഒരു മാറ്റം,   തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യുന്നവന്റെ സംഖ്യയിൽ സൃഷ്ടിക്കുന്ന താല്കാലിക മാറ്റങ്ങൾ മാത്രമാണ്.  അവരുടെ സംഖ്യ ഷിഫ്റ്റ്‌ ചെയ്തു കൊണ്ടിരിക്കും എന്ന് മാത്രം.  ഒരു നിതാന്ത പരിഹാരം ഈ സമസ്യക്ക് ഇല്ല എന്ന് അർഥം.  അത്തരം ഒരു പരിഹാരം, എല്ലാവരെയും തീറ്റിക്കാൻ മാത്രം വിഭവങ്ങൾ ഇവിടെ ഉണ്ടെങ്കിലെ പറ്റൂ.

അപ്പോൾ കേരളത്തിൽ കൂലി വളരെ കൂടിയിരിക്കുന്നു എന്നതിന് അർഥം,  ഇവിടെ അത്ര അധികം കൂലി കൊടുക്കാൻ മാത്രമുള്ള ഭക്ഷണ വസ്തുക്കൾ ഉണ്ട് എന്ന് തന്നെ ആകണം.  പക്ഷെ സ്ഥിതി അതല്ല.  അപ്പോൾ നമുക്ക് അത്തരം ഒരു സ്ഥിതി ഉടലെടുത്തത്,  നാം ഈ ഭക്ഷണം മറ്റെവിടെ നിന്നോ,  ചുള് വിലക്ക് അടിച്ചു കൊണ്ടു വന്നത് കൊണ്ടാവണം.   എന്ത് കൊണ്ടാണ് നമുക്ക് അത്രയും ചെറിയ വിലക്ക് ഈ സാധനം കിട്ടുന്നത് എന്നതാണ് അടുത്ത ചോദ്യം.  അതിന്റെ ഉത്തരം വളരെ ലളിതമാണ്.  അത് ഉല്പാദിപ്പിക്കുന്ന കൃഷിക്കാരനിൽ നിന്ന് നാം അത് ബല പൂർവ്വം കവർന്നെടുക്കുകയാണ്.  അതിനു നാം ഉപയോഗിക്കുന്നത് ശാരീരിക ബലം അല്ല എന്ന് മാത്രം.  നാണയത്തിന്റെ ബലം ആണ്.  അപ്പോൾ നിങ്ങൾക്ക് യുക്തി ഗതമായ ഒരു സംശയം തോന്നിയേക്കാം.  കൃഷി ചെയ്യുന്നവൻ അവനു വേണ്ടത് കഴിച്ചു ബാക്കി മാത്രമല്ലേ നമുക്ക് തരുള്ളൂ എന്ന്.  തര്ക്കത്തിന് വേണ്ടി അത് ശരിയാണ് എന്ന് സമ്മതിക്കാം.  പക്ഷെ തർക്കങ്ങൾ പ്രായോഗിക തലങ്ങളിൽ തികഞ്ഞ പരാജയങ്ങൾ ആയിരിക്കും.  ഇവിടെ കൃഷി ചെയ്യുന്നവൻ അവൻ കൃഷിയിറക്കുന്ന ഇടത്തിന്റെ  ഉടമസ്ഥൻ ആണെങ്കില മാത്രമേ അത് സംഭവിക്കൂ. പക്ഷെ ഇവിടെ സ്ഥിതി അതല്ല.  (സാന്ദർഭികമായി മറ്റൊരു കാര്യം കൂടെ പറയാം.  ഇവിടെ കൃഷി ഭൂമി എല്ലാവര്ക്കും തുല്യമായി ഭാഗിച്ചിരുന്നു എങ്കിൽ ധാന്യ കൃഷി പൂര്ണമായും നശിച്ചു പോകുകയും,  അല്പം പോലും ശേഷിക്കുന്നവ,  അവ ഉള്പാടിപ്പിക്കുന്നവൻ അവന്റെ ആവശ്യത്തിനു വേണ്ടി മാത്രം ഉല്പാദിപ്പിക്കുന്നവയും ആവും.  അന്ന്  നാം പട്ടിണി കിടക്കേണ്ടി വരും എന്ന് ഉറപ്പു.  അത് കൊണ്ടു നമ്മൾ നടപ്പാക്കിയ ഭൂ പരിഷ്കരണം, മറ്റു സംസ്ഥാനങ്ങൾ നടപ്പിൽ വരുത്താതിരിക്കുന്നതാവും നമുക്ക് നല്ലത്

Friday, 15 April 2016

വെള്ളം

നിങ്ങളുടെ പറമ്പിലെ വെള്ളം തന്നിഷ്ട പ്രകാരം ഉപയോഗിക്കാൻ നിയമം നിങ്ങളെ അനുവദിക്കുന്നുണ്ടോ.  അറിയില്ല.  പക്ഷെ അത്  നീതിയാണോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.  ഗാര്ഹിക കാര്ഷിക ആവശ്യത്തിനു വേണ്ടി ജലം ഉപയോഗിക്കുന്നത് നമുക്ക് മനസ്സിലാക്കാം.  പക്ഷെ ഇന്ന് പട്ടണ വാസികൾ ജലത്തിന്റെ അതിര് കടന്ന ഉപഭോക്താക്കൾ ആണ് എന്ന് ഒരു പഠനത്തിൽ വ്യക്തമാകുന്നു.

ചരിത്രത്തിൽ എവിടെയും ജല ദൗർലഭ്യം എന്നത് തികച്ചും പ്രാദേശികമായ ഒരു ആപത്തു മാത്രമായിരുന്നു.  പക്ഷെ അത്യന്തം ദുരൂഹമായ ഇന്നത്തെ ലോക സാമ്പത്തിക ക്രമത്തിൽ, ഈ ജല ദാരിദ്ര്യം അന്താ രാഷ്ട്ര സീമകളെ അതി ലംഘിക്കുന്നു.  അതിനു കാരണം എന്തെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം.  ധാന്യ കയറ്റുമതി.  ജല ദൌർലഭ്യം അനുഭവിക്കുന്ന വ്യാവസായിക രാജ്യങ്ങൾ , പട്ടണങ്ങളിലെയും വ്യവസായങ്ങളിയെയും ജല ആവശ്യങ്ങൾ നികത്തുന്നത് കാര്ഷിക ഗ്രാമങ്ങളിൽ നിന്ന് ജലം കവര്ന്നു കൊണ്ടാണ്.  അത് അവരുടെ ധാന്യ ഉത്പാദനത്തെ കണക്കറ്റു ബാധിക്കുമ്പോൾ,  അവർ അതിനെ നികത്തുന്നത് വിദേശത്ത് നിന്ന് ധാന്യം ഇറക്കുമതി ചെയ്തു കൊണ്ടാണ്.  ഒരു നിശ്ചിത  അളവ് ധാന്യം എന്നത് ഒരു നിശ്ചിത അളവ് ജലത്തിന് തുല്യമാകയാൽ, ധാന്യ ഇറക്കുമതി എന്നത് ജല ഇറക്കുമതിക്ക് തുല്യമായി തീരുന്നു.  ധാന്യങ്ങൾക്കു വേണ്ടിയുള്ള യുദ്ധങ്ങൾ സമീപ ഭാവിയിൽ തന്നെ ഈ ലോകത്തെ ഗ്രസിക്കുമെന്നു ഉറപ്പാണ്.  അവയെ നമുക്ക് ജല യുദ്ധങ്ങൾ എന്ന് വിളിക്കാവുന്നതാണ്.

ഒരു തരത്തിൽ ആലോചിച്ചാൽ നാം ജല ദൌർലഭ്യത്തെ കുറിച്ച് അത്ര ഏറെ വേവലാതി പെടാൻ പാടില്ലായിരുന്നു.  കാരണം വെള്ളം എന്നത് ചാക്രിക പുനർ നിര്മ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവുന്ന ഒരു പ്രകൃതി വിഭവമാണ്.  ബാഷ്പീകരണം എന്നത് അനവരതം നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.  അപ്പോൾ ഇവിടെ അപകടം ഉണ്ടാക്കുന്നത് പുനർ നിര്മിതിക്ക് സമാന്തരമല്ല നമ്മുടെ ഉപഭോഗം എന്നുള്ള കാര്യമാണ്.  അപ്പോൾ ഉപഭോഗം ക്രമീകരിക്കുക എന്നുള്ളത് അതി പ്രാധാന്യം അര്ഹിക്കുന്ന ഒരു കാര്യമാണ്.  പുനർ നിര്മ്മാണ പ്രക്രിയ ത്വരിത ഗതിയിൽ നടക്കുന്ന ജലത്തിന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ,  താരതമ്യേന ചെറിയ തോതിൽ മാത്രം ഈ പ്രക്രിയ നടക്കുന്ന പെട്രോളിയം പോലെ ഉള്ള ഇന്ധനങ്ങളുടെ കാര്യം എത്രമാത്രം പരിതാപ കരം ആയിരിക്കും എന്ന് കൂടി നാം ഇത്തരുണത്തിൽ ചിന്തിക്കേണ്ടതാണ്.

1960 കാലഘട്ടത്തിൽ ലോകത്തുള്ള ശുദ്ധ ജലത്തിന്റെ 70 ശതമാനവും ഉപയോഗിച്ചത്  കാര്ഷിക ആവശ്യങ്ങൾക്കാണ്.  20 ശതമാനം വ്യവസായങ്ങല്ക്കും, 10 ശതമാനം ഗാര്ഹിക ആവശ്യങ്ങള്ക്കും. ഇന്ന് അതിന്റെ തോത് എത്രയാണ് എന്ന് എനിക്ക് അറിയില്ല.  അത് എന്ത് തന്നെ ആയാലും, വ്യവസായ ഗാര്ഹിക ആവശ്യങ്ങള്ക്ക് ഇന്ന് ഉപയോഗിക്കുന്ന ജലം  എത്രയോ വര്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാം.  അത് ഇനിയും കൂടി കൊണ്ടിരിക്കും എന്നും നമുക്ക് അറിയാം.  അപ്പോൾ അതിൽ നിന്ന് കിട്ടുന്ന കണക്ക് കാര്ഷിക മേഖലയിലെ ജല ലഭ്യത പരിതാപകരമാം വിധം കുറയുന്നു എന്ന് തന്നെയാണ്.  ലോകത്തുള്ള ശുദ്ധ ജല ലഭ്യത 1960 കാലത്തേതു പോലെ തുടരുന്നു എങ്കിൽ പോലും ഈ കണക്ക് അതി ഭീതിതമാണ്.  പക്ഷെ അതിനപ്പുറം, ഇന്ന് ലോക രാജ്യങ്ങളിലെ ജല നില വളരെ വേഗം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നുള്ള ഒരു പഠനം കൂടെ നമ്മുടെ മുന്നില് ഉണ്ട്.

കാര്ഷിക മേഖലയിൽ നിന്നുള്ള വരുമാനം ക്രമാതീതമായി കുറയുകയും കർഷകൻ കൂടുതൽ കൂടുതൽ ആയി ആത്മഹത്യയിൽ വിലയം പ്രാപിക്കുകയും ചെയ്യുന്ന ഇടത്ത് കൃഷി ജോലി ആകർഷണീയം ആകില്ല. ഇതും പോരാതെ ഇന്ന് മിക്ക കാര്ഷിക മേഖലകളും ഒരിക്കലും ഇല്ലാത്ത രീതിയിൽ അത്യുഷ്ണത്തെ സഹിക്കേണ്ടിയും വരുന്നു.  (ഇതിലെ മറ്റൊരു തമാശ (?) എന്തെന്നാൽ കാടുകൾ വെട്ടി തെളിച്ചു കൃഷി ഭൂമികൾ ആക്കുന്നത് തന്നെ പ്രപഞ്ച താപം കൂടാൻ കാരണമാകുന്നു എന്നുള്ളതാണ്)..  അത്യുഷ്ണവും അതോടൊപ്പം മഴയുടെ അഭാവവും ഇവിടെ എന്തൊക്കെ ആപത്തുകൾ വരുത്തി വെക്കും എന്നുള്ളത് നാം അറിയാനിരിക്കുന്നതെ ഉള്ളൂ.

അപ്പോൾ രണ്ടു തരം ആപത്തുകൾ ആണ് ഇന്ന് ലോകത്തെ തുറിച്ചു നോക്കുന്നത്. കാര്ഷിക മേഖലയിലെ ജല ദൌർലഭ്യം കാരണം നാം അനുഭവിക്കാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം . (അത് ഇന്ന് തന്നെ ഒരു യാതാര്ത്യം ആയി തീര്ന്നിരിക്കുന്നു.  ലോകത്തെ പട്ടിണികാരുടെ  എണ്ണം പ്രതി വര്ഷം കൂടി കൊണ്ടിരിക്കുക തന്നെ ആണ്.  നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല) .  സാമാന്തരികമായി വ്യവസായത്തിനൊ ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കേണ്ട ജലത്തിന് സംഭവിക്കുന്ന ദൌർലഭ്യം.   അവനും ആ പണി ഉപേക്ഷിച്ചു പട്ടണത്തിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നു.  രണ്ടു തരത്തിലുള്ള അപകടങ്ങൾ അവിടെയും നമ്മെ തുറിച്ചു നോക്കുന്നു.  ഒന്ന് കാര്ഷിക മേഖല അവഗണിക്കപ്പെടുന്നു.  പട്ടണത്തിൽ ചേക്കേറിയ അവൻ നല്ല ഒരു ജല ഉപഭോക്താവായി തീർന്നു വീണ്ടും കൃഷിയെ പ്രതിലോമ കരമായി ബാധിക്കുന്നു.

മേലെ പറഞ്ഞ ഈ ആപത്തുകളിൽ ഏതിനെ ഉപേക്ഷിക്കണം എന്നുള്ളതാവും ഇനി അങ്ങോട്ട്‌ ലോകം നേരിടുന്ന പ്രധാന ചോദ്യം.  കൃഷി ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല.  പക്ഷെ ലോകത്ത് ഒരിക്കലും എല്ലാ ആളുകളും ഭക്ഷണം കഴിച്ചു കൊണ്ടു ജീവിച്ചിട്ടില്ല.  ഭക്ഷണം കഴിക്കാത്ത വിഭാഗം എതിര്ക്കാൻ ത്രാണിയില്ലാത്ത ഒരു വിഭാഗം ആണ്.  അവൻ യാതൊരു ചോദ്യങ്ങളും ചോദിക്കാതെ പട്ടിണി കിടന്നു മരിച്ചു കൊള്ളും എന്ന് നാം നമ്മുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് അവൻ നില കൊള്ളുന്ന ആ വൃത്തം നാളെ വലുതായി വരുമെന്നും,  അതിൽ നമ്മളെ പോലെ സംസാരിക്കാൻ കഴിയുന്നവർ കടന്നു വരുമെന്നും ഉറപ്പാണ്.  അപ്പോൾ പ്രതിഷേധങ്ങൾ ഇല്ലാത്ത ഇന്നത്തെ ഈ സ്ഥിതി വിശേഷം എല്ലാ കാലവും ഇത് പോലെ തുടരണം എന്നില്ല.

Friday, 8 April 2016

പരസ്യങ്ങൾ

അക്ഷര ജ്ഞാനം ഇല്ലായ്മ ചൂഷണത്തിന് ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.  അക്ഷര ജ്ഞാനം ഇല്ലാത്തവന്റെ മുന്നില് എന്ത് കള്ളവും വിലപ്പോവും എന്നുള്ള ചിന്ത കച്ചവടക്കാരന്റെ മനസ്സില് മൊട്ടിട്ട ഒരു കാലം.  അങ്ങനെ ഉള്ള കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങളെ നാം അജ്ഞർ ആയി നില നിർത്തി.  വിപണനത്തിന് ആവശ്യമുള്ളത് എന്തോ, അത് നാട്ടു നടപ്പാക്കും എന്നുള്ളത് മുതലാളിത്തത്തിന്റെ രീതിയാണ്.  മുതലാളിത്തം വളർന്നപ്പോൾ ജനങ്ങളുടെ അക്ഷര ജ്ഞാനവും അതോടൊപ്പം വളര്ന്നു.  അപ്പോൾ പഴയ രീതിയിലുള്ള കള്ളങ്ങൾ കൊണ്ടു ജനങ്ങളെ വശീകരിക്കാൻ ആവില്ല എന്ന് നമുക്ക് ബോധ്യമായി.  അങ്ങനെ ആണ് നമ്മൾ പറഞ്ഞു മയക്കുക എന്ന  മാർഗത്തിലേക്ക് തിരിഞ്ഞത്.  ഏതു ബുദ്ധി ജീവിയേയും വാക്ക് കൊണ്ടു മയക്കാമെന്നും,  അവന്റെ മുന്നില് ആട്ടിനെ പട്ടിയാക്കി അവതരിപ്പിക്കാമെന്നും,  മനുഷ്യന് വളരെ മുൻപ് തന്നെ അറിയാമായിരുന്നു.  അതായിരുന്നു നാം പിന്നീട് പ്രാവർത്തിക മാക്കിയത്.  പക്ഷെ  ഈ അടവു ശരിയായ രീതിയിൽ നടപ്പാക്കാൻ എല്ലാവര്ക്കും അക്ഷര ജ്ഞാനം കൂടിയേ ഒക്കൂ.  അങ്ങനെ ഒരു കാലത്ത് അജ്ഞത നട്ടു വളർത്തിയവർ പിൽക്കാലത്ത്‌ അക്ഷരങ്ങൾ ആളുകളുടെ മുന്നില് ഫ്രീ ആയി എറിഞ്ഞു കൊടുക്കാൻ തുടങ്ങി.  ചൂഷണങ്ങൾ മറ്റൊരു രീതിയിൽ കുറെ കൂടെ അധികരിച്ച നിലയിൽ തുടർന്നു

സൃഷ്ടി എന്നത് ആവശ്യത്തിന്റെ തുടര്ച്ചയാണ്.  അല്ലെങ്കിൽ ഒരിക്കൽ അത് അങ്ങനെ ആയിരുന്നു.  പക്ഷെ വളര്ച്ചയുടെ ഏതോ ദശാ സന്ധിയിൽ വച്ചു സൃഷ്ടി എന്നത് മനുഷ്യന്റെ ആവശ്യത്തിൽ നിന്ന് വേര്പെട്ടു പോയി.  ആവശ്യത്തിനനുസരിച്ച് സൃഷ്ടി നടത്തിയ ഒരു കാലത്ത് നിന്ന്,  സൃഷ്ടിക്കപ്പെട്ടതിനു ആവശ്യക്കാരെ തിരഞ്ഞു നടക്കുന്ന ഒരു കാലത്തിലേക്ക് നാം എടുത്തെറിയപ്പെട്ടു.

ഒരിക്കൽ ഇവിടെ അടുത്തുള്ള എന്റെ മാമന്റെ പീടികയിൽ നിന്ന് ഞാൻ ഒരു സോപ്പ് വാങ്ങി.  അതിനോടൊപ്പം എനിക്ക് ഫ്രീ ആയി കിട്ടിയത് ഒരു ഫേസ് വാഷ്.   വര്ഷങ്ങള്ക്ക് മുന്പുള്ള അന്ന് ഈ വസ്തു എന്താണ് എന്ന് എനിക്കോ അത് എനിക്ക് ഫ്രീ ആയി തന്ന എന്റെ മാമാണോ അറിയില്ലായിരുന്നു.  അത് കൊണ്ടു അദ്ദേഹം എന്നോട് ചോദിച്ചു ഇത് എന്താണ് എന്ന്.  ഞാൻ അതിന്റെ പുറം ചട്ട വായിച്ചു അത് മുഖം കഴുകുന്നതിന്‌ ഉപയോഗിക്കുന്ന സോപ്പ് ആണ് എന്ന് പറഞ്ഞു കൊടുത്തു. അപ്പോൾ അങ്ങേരു ചോദിച്ചു  മുഖം സാധാരണ സോപ്പ് കൊണ്ടു കഴുകിയാൽ വൃത്തി ആകില്ലേ എന്ന്. വൃത്തി കേട്ട ചോദ്യം എന്ന് പറയാം.  കൂട്ടത്തിൽ അദ്ദേഹം ഇത്രയും കൂടെ ചോദിച്ചു .  മനുഷ്യർക്ക്‌ യാതൊരു ആവശ്യവും ഇല്ലാത്ത ഇങ്ങനെ ഉള്ള വസ്തുക്കൾ ഇവന്മാര് വെറുതെ കൊടുത്തു കളയുന്നത് എന്തിനാ മോനെ എന്ന്. അന്ന് ഞാൻ എന്റെ മാമനു കൊടുത്ത ഉത്തരം ഇതായിരുന്നു.  ഇതിന്റെ കാരണം നിങ്ങള്ക്ക് കുറെ കൊല്ലങ്ങൾ കഴിഞ്ഞാൽ മനസ്സിലാകും എന്ന്. മാമൻ അത് ഒര്മ്മിച്ചിരുന്നു എന്ന് തോന്നുന്നു.   പത്തു വര്ഷങ്ങള്ക്ക് ശേഷം ഒരിക്കൽ മാമൻ എന്നെ പീടികയിൽ വിളിച്ചു ഇങ്ങനെ പറഞ്ഞു.  അന്ന് നീ പറഞ്ഞതിന്റെ അർഥം ഇന്നാണ് എനിക്ക് മനസ്സിലായത്‌.  ഇന്ന് ഞാൻ ഫേസ് ലോഷൻ വിൽക്കുന്നത് നൂറു കണക്കിനാണ്.  ആദ്യം സൃഷ്ടിക്കുകയും പിന്നീട് അത് ജനങ്ങളുടെ ആവശ്യമാക്കി മാറ്റുകയും ചെയ്യുന്ന മുതലാളിത്ത രീതി നമുക്ക് ഈ ഉദാഹരണ ത്തിലൂടെ മനസ്സിലാക്കാം.

കാട്ടിലും മേട്ടിലും മേഞ്ഞു നടക്കുന്ന ഒരു കാട്ടു മനുഷ്യനെ നഗരത്തിലെ ഒരു മാളിൽ അകപ്പെടുതിയാൽ അയാള് ഞെട്ടി പോകും.  കാരണം അയാൾക്ക്‌ ആവശ്യമുള്ള ഒന്നും അവിടെ കാണില്ല.  അഥവാ അയാള് അവിടെ ഉള്ള എന്തെങ്കിലും വാങ്ങണം എന്ന് തീരുമാനിച്ചാൽ നമുക്ക് ആ വസ്തുവിനെ കുറിച്ച് അയാളെ പറഞ്ഞു പഠിപ്പിക്കേണ്ടി വരും.  അത് തന്നെ ആണ് പരസ്യങ്ങളും ചെയ്യുന്നത്.  ഒരു തരത്തിൽ നമ്മളും അയാളും തമ്മിൽ വലിയ വ്യത്യാസമില്ല.  അയാള് പലതും അറിയുന്നില്ല, നമ്മൾ പലതും അറിയുന്നു എന്ന് മാത്രം.  അയാളെ പോലെ നമ്മളും അവിടെ ഉള്ള  പലതും വെറുതെ വാങ്ങി പോകുന്നത് മാത്രമാണ്.  അവ ഇല്ലെങ്കിൽ പോലും നമ്മുടെ ജീവിതം സുഗമമായി ഒഴുകി കൊണ്ടിരിക്കും.

Saturday, 2 April 2016

ഉയര്ച്ചകളും അകൽച്ചകളും

കുന്നിന്റെ മുകളിൽ നിന്ന് താഴേക്കു നോക്കിയാൽ താഴ്വാരങ്ങൾ സുന്ദരങ്ങൾ ആണെന്ന് തോന്നും. പക്ഷെ താഴെ ഇറങ്ങി അവിടത്തെ ഓരോ ഇഞ്ച് ഭൂമിയിലൂടെയും നടക്കുമ്പോഴേ, അവിടെ ഒളിഞ്ഞു നിന്ന വേദനകളുടെ ആഴം നാം അറിയുകയുള്ളൂ. ഉയരങ്ങളും ദൂരങ്ങളും നമുക്ക് തരുന്നത് സ്വപ്ന സദൃശ്യമായ സന്തോഷമാണ്. യഥാര്ത വേദനകളെ അത് നമ്മിൽ നിന്ന് അകറ്റും. കത്തി കൊണ്ടു കുത്തി ഒരാളെ കൊല്ലുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണ്. ശരിക്കും ക്രൂരനായ ഒരാൾക്കേ അത് പറ്റുകയുള്ളൂ. പക്ഷെ ഒരു ബോംബോ, തോക്കോ ഉപയോഗിച്ച് ഒരാളെ കൊല്ലുന്നത് അത്രയും വേദന ഉണ്ടാക്കുന്ന കാര്യമല്ല. കാരണം നിങ്ങൾ ഇരയുടെ വേദനയിൽ നിന്ന് അകലെയാണ്. എത്രയോ കാലം ബോംബും തോക്കും ഉപയോഗിച്ച് ശത്രുവിനെ കൊന്നു തള്ളിയ ബാലിന്റ്റ് ഫാബിയൻ ഒരിക്കൽ ശത്രു നിരക്ക് അടുത്തു അറിയാതെ പെട്ട് പോയി. ഒളിഞ്ഞു ചാടി വന്ന ഒരു ബാലൻ ബയനറ്റുമായി തന്നെ ആക്രമിച്ചപ്പോൾ ഫാബിയന് അവനെ എങ്ങനെ എങ്കിലും കൊല്ലുക അല്ലാതെ നിവൃത്തിയില്ലായിരുന്നു. പക്ഷെ വേദനിച്ചു പിടയുന്ന ആ കുരുന്നിന്റെ മുഖം ഫാബിയനെ എല്ലാ കാലവും വേട്ടയാടി കൊണ്ടെ ഇരുന്നു. പിന്നീടൊരിക്കൽ അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് അത് ഒരു കാരണമായിരുന്നു. (ബാലിന്റ്റ് ഫാബിയൻ മീറ്റ്സ് ഗോഡ് ---- സൊൽറ്റാൻ ഫാബ്രി)
കൊലപാതകങ്ങളുടെ തത്വ ശാസ്ത്രം നമുക്ക് ഇതിൽ നിന്ന് ഒരു പരിധിവരെ മനസ്സിലാക്കാം. ടാഗോർ തന്റെ പ്രഥമ വിമാന യാത്രയെ കുറിച്ച് പറഞ്ഞ ഇടത്ത് നമുക്ക് ഇതിന്റെ ലാഞ്ചനകൾ കാണാം. വാഹനം ഭൂമിയിൽ നിന്ന് ഉയര്ന്നു പൊങ്ങുമ്പോൾ താഴെ ഉള്ള ഭൂമി ഒരു കടലാസിൽ വരച്ച ചിത്രം പോലെ ജീവൻ തുടിക്കാത്ത ഒരു വസ്തുവായി പരിണമിക്കുന്നു. ത്രിമാനമുള്ള ഭൂമി തന്റെ ഈ ത്രിമാന സ്വഭാവം കൈ വിടുന്നു. ഇനി ആ ആഴങ്ങളിലേക്ക് ഒരു പടക്കം എറിയുന്നത് നമ്മുടെ മനസ്സിനെ അത്ര ഏറെ വേദനിപ്പിക്കും എന്ന് തോന്നുന്നില്ല.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലാനാവില്ല എന്ന് പണ്ടൊരു മനശാസ്ത്രജ്ഞൻ പറഞ്ഞു. അപ്പോൾ ഭൂമിയിൽ എന്ത് കൊണ്ടു കൊലപാതകം നടക്കുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവിടെ ഒരു മനുഷ്യൻ കൊല്ലുന്നത് മറ്റൊരു മനുഷ്യനെ അല്ല എന്ന്. മനുഷ്യൻ അല്ലാത്തവനെ ആണെന്ന്. ഒരു സൌകര്യത്തിനു വേണ്ടി നമുക്ക് അവനെ മൃഗം എന്ന് വിളിക്കാം (മൃഗങ്ങളെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ല എന്ന് അറിയാം. ഒരു ഉദാഹരണം മാത്രമായി എടുത്താൽ മതി). അപ്പോൾ നിരപരാധികളായ , നിഷ്കളങ്കരായ എത്രയോ മനുഷ്യര് കൊല്ലപ്പെടുന്നുണ്ടല്ലോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതൊക്കെ ആണ്.
എനിക്ക് അതി ദുഷ്ടനായി തോന്നുന്ന ഒരാളെ എനിക്ക് യാതൊരു മനസ്സാക്ഷി കുത്തും ഇല്ലാതെ കൊല്ലാനാവും. അയാളെ മാത്രം. പക്ഷെ ഒരു പാവത്തെ എനിക്ക് കൊല്ലാനാവില്ല തന്നെ. പക്ഷെ മനുഷ്യൻ അത് ചെയ്യുന്നുണ്ട് . എങ്ങനെ. അകൽച്ചയുടെ മേൽ പറഞ്ഞ തത്വ ശാസ്ത്രം നമ്മെ സഹായിക്കുന്നത് അവിടെ ആണ്. നാം നമ്മുടെ ഇരയെ നമ്മിൽ നിന്ന് അകറ്റുന്നു. നേരെ മുന്നില് നില്ക്കുന്ന അവനെ നാഴികകൾക്ക് അകലെ ആക്കുന്നു. അല്ലെങ്കിൽ നേരെ മുന്നിൽ നില്ക്കുന്ന നിഷ്കളങ്കനായ അവനെ ഒരു തികഞ്ഞ ദുഷ്ടനായി പരിണമിക്കുന്നു. എല്ലാ തത്വ ശാസ്ത്രങ്ങളും ഒരു പരിധി വരെ ചെയ്തത് ഇത് തന്നെ ആണ്. യുദ്ധ കളത്തിൽ ബന്ധു ജനങ്ങളെ കണ്ടു വില്ലാളി വീരൻ ആയുധം താഴെ വച്ച്, ഈ പോരിനു ഞാനില്ല എന്ന് പ്രഖ്യാപിക്കുന്നു. അർജുനൻ അവിടെ ശരിക്കും ഒരു മനുഷ്യനായി തീരുകയായിരുന്നു. ബന്ധുക്കളുടെ സാന്നിധ്യം അദ്ധേഹത്തെ വളരെ ഏറെ തരളിതനാക്കി. പക്ഷെ യുദ്ധം അനിവാര്യമാക്കിയ ആളുകള് അത്തരം ഒരു ചിന്താഗതി ഇവിടെ വെരോടുന്നതിനു കൂട്ട് നില്ക്കുകയില്ല. അവരുടെ കയ്യിലുള്ള ആയുധമാണ് തത്വ ശാസ്ത്രം. വലിയ വലിയ വാക്കുകൾ. കൃഷ്ണന്റെ അത്തരം ഓരോ വാക്കുകളിലൂടെയും, തന്റെ ബന്ധുക്കൾ തന്നില് നിന്ന് അകന്നു പോകുന്നതായി അർജുനൻ അറിഞ്ഞു. ഇപ്പോൾ അവർ എന്റെ മനസ്സില് നിന്ന് വളരെ അകലെ ആണ്. ഇനി എനിക്ക് ആയുധം എടുത്തു അവരെ നേരിടാം. അവരെ സംഹരിക്കാം.
വേദനാ ജനകമായ ഇപ്പറഞ്ഞ കാര്യങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നത് ഇത്രയും കാര്യങ്ങളാണ്. ഭൌതിക ദൂരങ്ങലോ, തത്വ ശാസ്ത്ര ജന്യമായ ദൂരങ്ങലോ, മനുഷ്യനെ എന്ത് ക്രൂരതയും ചെയ്യാൻ കഴിവുള്ളവനാക്കി തീര്ക്കുന്നു. കാരണം അവൻ ചെയ്യുന്നത് അവനെ സംബന്ദി ചെടത്തോളം എങ്കിലും ഒരു സാധാരണ പ്രവർത്തിയാണ്. നിരാലംഭരായ മനുഷ്യരുടെ മേൽ ബോംബു വര്ഷം നടത്തിയ പട്ടാളക്കാരൻ വീട്ടില് വന്നു ഭാര്യയുടെ കൂടെ ഭക്ഷണം കഴിക്കുന്നു. കുട്ടികളെ കളിപ്പിക്കുന്നു. ഇരയുടെ വേദന എന്തെന്ന് അറിയാത്ത ഒരു പാവമാണ് അവൻ. അവൻ ക്രൂരൻ അല്ല തന്നെ.
പക്ഷെ അവനെ കൊണ്ടു ഇത് ചെയ്യിക്കുന്ന തത്വ ശാസ്ത്രം. അതിനെ നാം എന്ത് വിളിക്കും