Wednesday, 31 August 2016

ശബ്ദവും ദൃശ്യവും

oh. he is out. the batsman had not seen the ball.

ഇതായിരുന്നു പണ്ട് കാലത്തെ നമ്മുടെ ക്രിക്കറ്റ് ആസ്വാദനം. ഫുട് ബാളിന്റെ കാര്യത്തിൽ ആണെങ്കിൽ അത്ഇങ്ങനെ ആകും.

വശത്തു കൂടെ നീട്ടി അടിച്ച പന്ത് കുഞ്ഞിരാമനിൽ നിന്ന് ചാത്തു ഏറ്റു വാങ്ങി.  രണ്ട് ഡിഫൻഡർ മാരെ വെട്ടിച്ചു ചാത്തു ഓടുകയാണ്.  ഗോളിയുടെ അഞ്ചു  വാര  അടുത്തു  വച്ച് ഉഗ്രൻ ഒരു അടി. ഗോൾ ഗോൾ ഗോൾ

നിങ്ങൾ ഇന്ന് നേരിട്ട് കാണുന്നത് ,  അന്ന് നമ്മൾ മൂന്നാമതൊരു ആളുടെ ജിഹ്വയിലൂടെ കേൾക്കുകയായിരുന്നു. ഇതിനു നിങ്ങൾ ആരും മനസ്സിലാക്കാത്ത ഒരു തരം ത്രില്ല് തന്നെ ഉണ്ടായിരുന്നു.  കാരണം നിങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ ഭാവനക്ക് ഇതിൽ ഒന്നും ചെയ്യാനില്ല.    നിങ്ങൾ നേരിട്ട് കാണുന്നതിൽ   ഇനി  നിങ്ങള്ക്ക്ഒരു മാറ്റവും   വരുത്താൻ പറ്റില്ല.  എല്ലാം ഇങ്ങനെ മാത്രമേ ആകൂ എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.  പക്ഷെ നമ്മുടെ കാര്യം അങ്ങനെ അല്ല.  നമുക്ക് എന്തിനെയും  പുനർ  നിർവചിക്കാം .  ബാറ്സ്മാൻ ബോൾ കണ്ടില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം അങ്ങേരു ബോൾ കണ്ടില്ല എന്ന് തന്നെ ആണ്.  കാറ്റിന്റെ വേഗതയിൽ ബാള് പോയി എന്ന് അർഥം.  ഈ കാണാത്ത ബാൾ അടിച്ചു മിന്നിക്കുന്ന ബാറ്റിസമാനെ നമ്മള് അന്ന് വല്ലാതെ സ്നേഹിച്ചു പോയി.  അന്ന് എന്റെ ഒരു സുഹൃത്ത്  പറഞ്ഞത്     ബോൾ ചെയ്യുനനവന്റെ  കയ്യുടെ  ആക്ഷൻ  നോക്കി മാത്രമേ ഒരാൾക്ക് ബാറ്റ്   ചെയ്യാൻ   പറ്റുള്ളൂ എന്നാണു . വര്ഷങ്ങള്ക്കു  ശേഷം ഈ കളി നേരിട്ട് ടീ വീയിൽ  കണ്ടപ്പോൾ എന്റെ കാലഘട്ടത്തിൽ കമന്ററി കേട്ടിരുന്ന പലരും  ആദ്യം കാഴ്ചയിൽ ഇങ്ങനെ പറഞ്ഞു.  'നമ്മുടെ കാലത്തൊക്കെ ബോൾ ചെയ്യുന്നത് ഇതിനേക്കാൾ  വേഗതയിൽ ആയിരുന്നു എന്ന്.  അതാണ് ഭാവനയുടെ കുഴപ്പം.  നമ്മൾ എല്ലാം മനസ്സിൽ കണ്ട് പോയി.  ഇനി അത് മായ്ക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.

ശബ്ദ ബിംബത്തിന്റെയും ദൃശ്യ ബിംബത്തിന്റെയും ചില വ്യത്യാസങ്ങൾ നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം.  ശബ്ദം ചിന്നവൽക്കരിക്കപ്പെട്ട ഒരു ബിംബമാകുമ്പോൾ, ദൃശ്യത്തിൽ ചിഹ്നങ്ങൾ കുറവാണ്.  നിങ്ങൾ അത് അതെ പോലെ തന്നെ മനസ്സിലാക്കുന്നു.  പക്ഷെ ശബ്ദത്തിന്റെ കാര്യത്തിൽ മനസ്സിനുള്ളിൽ ഒരു തരം ബിംബ പരിവർത്തനം നടക്കുന്നുണ്ട്.  പറഞ്ഞ കാര്യത്തിന്റെ ചിത്രം നിങ്ങൾ മനസ്സിൽ കാണുക തന്നെ ചെയ്യുന്നു.  അപ്പുറത്തുള്ള ചാത്തു മനസ്സിൽ കണ്ടതിൽ നിന്ന് തികച്ചും ഭിന്നമായ ഒരു ചിത്രമാണ് ഞാൻ കാണുന്നത്.  അത് കൊണ്ട് ഒരേ സംഭവത്തെ രണ്ട് പേരും രണ്ട് രീതിയിൽ മനസ്സിലാക്കുന്നു.  ദൃശ്യത്തിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നില്ല തന്നെ

Friday, 19 August 2016

മാതാവിനെ ഭോഗിച്ചവർ

ഫിയോഡർ പാവ്‌ലോവിച് കരമസോവ് എന്ന തന്ത കൊല്ലപ്പെട്ടതിന്റെ ബാക്കി പത്രമാണ് ഡെസ്റ്റോവിസ്കിയുടെ പ്രസിദ്ധ ആഖ്യായികയായ 'ബ്രതെഴ്സ് കരമസോവ്'.  മക്കളായ ദിമിത്രിയും ,  ഐവാനും കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നു.  തന്റെ വിചാരണക്കിടയിൽ മകനായ ഐവാൻ കോടതിയിൽ വച്ച് പൊട്ടിത്തെറിക്കുന്നു.  അവന്റെ ഉദീരണം ഇങ്ങനെ.

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം തന്തയെ കൊല്ലണം എന്ന് ആഗ്രഹിച്ചു പോകാത്ത ആൺ മക്കൾ ആരെങ്കിലും ഉണ്ടാകുമോ

തികച്ചും അസംബന്ധം ആയ ഒരു ചോദ്യമെന്നു അന്ന് ആഖ്യായിക വായിച്ച പലർക്കും തോന്നിയിരിക്കാം.  പക്ഷെ ഡെസ്റ്റോവിസ്‌കിക്ക്  ശേഷം ലോകത്തു ജനിച്ച സിഗ്മണ്ട് ഫ്രോയ്ഡ് എന്ന പ്രതിഭ ഇന്നും ആദരിക്കപ്പെടുന്നതു  അദ്ദേഹത്തിന്റെ അതി പ്രശസ്ത സിദ്ധാന്തം ആയ ഈഡിപ്പസ് കോമ്പ്ലെസ് ന്റെ പേരിലാണ് എന്ന് നാം ഓർക്കുക.   അവിടെയും ഫ്രോയ്ഡ് പറഞ്ഞത് ഐവാൻ പറഞ്ഞതിന്റെ മാറ്റൊലി തന്നെ ആയിരുന്നു.    ജനിച്ചു വീഴുന്ന ഓരോ ആൺ കുട്ടിയും തന്റെ അച്ഛനെ നിഗ്രഹിച്ചു അമ്മയെ ഭോഗിക്കാൻ ആഗ്രഹിക്കുന്നു എന്ന്.  പക്ഷെ തന്റെ സിദ്ധാന്തത്തിനു പ്രോചോദനം ആയതു ഡെസ്റ്റോവിസ്കിയുടെ ആഖ്യായികയാണ് എന്ന് ഫ്രോയ്ഡ് എവിടെയെങ്കിലും പറഞ്ഞതായി ഞാൻ വായിച്ചിട്ടില്ല.  പക്ഷെ, തന്നെ ഈ സിദ്ധാന്തത്തിലേക്കു നയിച്ചത് യവന പുരാണത്തിലെ ഈഡിപ്പസിന്റെ കഥയാണ് എന്നും,  മറ്റൊരു സ്വാധീനം ഷേക്സ്പിയറുടെ ഹാംലെറ്റ് ആയിരുന്നു എന്നും ഫ്രോയ്ഡ് വ്യക്തമായും പറഞ്ഞിട്ടുണ്ട്.  എന്തായിരുന്നു ഈഡിപ്പസിന്റെ കഥ.  അദ്ദേഹം ഈ ഈഡിപ്പൽ സ്വഭാവം സ്വന്തം ജീവിതത്തിൽ കാണിച്ച മനുഷ്യൻ ആയിരുന്നോ.

ലിയൂസിന്റെയും , ജെകോസ്റ്റയുടെയും മകനായി ജനിച്ച ഈഡിപ്പസ് പിതൃ ഹന്താവായി തീരും എന്ന് ഡെൽഫിയിലെ വെളിച്ചപ്പാട് പ്രവചിക്കുന്നു.   ഈ ദുരന്തം ഒഴിവാക്കാൻ കുട്ടിയെ കാട്ടിൽ കൊണ്ട് പോയി വധിച്ചു കളയാൻ , രാജാവ് ഒരു അജപാലനെ ശട്ടം കെട്ടുന്നു.  ബാല ഹത്യ എന്ന പാപത്തിൽ നിന്ന് വിമോചനം നേടാൻ ആഗ്രഹിച്ച പ്രസ്തുത മനുഷ്യൻ കുട്ടിയെ കാട്ടിൽ ഉപേക്ഷിച്ചു പോരുകയും, അടുത്ത നാട്ടിലെ അജപാലർ കുട്ടിയെ രാജ സന്നിധിയിൽ എത്തിക്കുകയും ചെയ്യുന്നു.  മക്കൾ ഇല്ലാത്ത ദുഃഖം അനുഭവിക്കുകയായിരുന്നു പോളിബസും  രാജ്ഞി മെറോപിയും,  തങ്ങൾക്കു ദൈവം തന്ന സന്തതിയാകും ഇവൻ എന്ന് തീരുമാനിച്ചു, അവനെ മകനായി വളർത്തുന്നു.   ഒരിക്കൽ ലോക സഞ്ചാരത്തിന് പുറപ്പെട്ട യുവാവായ ഈഡിപ്പസ്,  വെറുതെ ഡെൽഫിയിലെ വെളിച്ചപ്പാടിനെ കണ്ട് തന്റെ ഭാവിയെന്തെന്നു ചോദിച്ചറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ ഉത്തരം കേട്ട് ഞെട്ടി.  താൻ തന്റെ തന്തയെ കൊന്നു അമ്മയെ വെൾക്കും എന്നത്രെ ദൈവ ദൂതൻ പറഞ്ഞത്.  പിതൃ ഹത്യ എന്ന പാപത്തിൽ നിന്ന് മോചനം നേടാൻ വീട് വിടുകയേ നിവൃത്തിയുള്ളൂ എന്ന് ഈഡിപ്പസ് തീരുമാനിച്ചു.  അവൻ തന്റെ പാലായന തിനിടയിൽ,  കാട്ടിൽ വച്ച് തന്റെ വഴി മുടക്കി എന്നതിൽ കുപിതനായ അയൽ രാജ്യത്തെ രാജാവിനോട് ശണ്ഠ കൂടേണ്ടി വന്നു.  അവിടെ ഒരു ദ്വന്ദ യുദ്ധം നടക്കുകയും പോരാളിയായ ഈഡിപ്പസ് രാജാവിനെയും രാജ കിങ്കരരേയും വധിക്കുകയും ചെയ്യുന്നു.  അയൽ രാജ്യത്തു എത്തിയ ഈഡിപ്പസ് അവിടെ കാണുന്നത് നിതാന്ത ദുഃഖത്തിൽ നിമഗ്നരായ ഒരു ജനത്തെ ആണ്.  കാരണം അനേഷിച്ചപ്പോഴാണ് സ്പിന്ക്സ് എന്ന ഭീകര സത്വത്തിന്റെ കുരുട്ടു ചോദ്യത്തെ കുറിച്ച് അറിയുന്നത് .  ആരെങ്കിലും അതിന്റെ ചോദ്യത്തിന് ഉത്തരം പറയാത്ത കാലത്തോളം കുന്നിന്മേൽ വസിക്കുന്ന ഈ ഭീകര ജീവി തന്റെ ഹിംസ തുടരുക തന്നെ ചെയ്യും എന്ന് അറിഞ്ഞ ധീരനായ ഈഡിപ്പസ് കുന്നിൽ കയറി ഭീകര ജീവിയുടെ ചോദ്യത്തിന് മറുപടി പറയുകയും അങ്ങനെ അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.  തങ്ങളുടെ രക്ഷകനെ തലയിൽ ഏറ്റി രാഞ്ജിയുടെ സവിധത്തിൽ എത്തിയ  നാട്ടുകാർ അറിയുന്നത് മറ്റൊരു ദുരന്ത വാർത്തയാണ്.  രാജാവ് വനത്തിൽ കൊല്ലപ്പെട്ടു പോയി എന്ന വാർത്ത.  രക്ഷകനായ ഈഡിപ്പസ് അങ്ങനെ രാജ സിംഹാസത്തിൽ അവരോധിക്കപ്പെടുന്നു.  അന്നത്തെ സമൂഹ നീതി അനുസരിച്ചു, മരിച്ച രാജാവിന്റെ ഭാര്യ ഈഡിപ്പസിന്റെ ഭാര്യയായി തീരുകയും ചെയ്യുന്നു.  അങ്ങനെ ഡെൽഫിയിലെ വെളിച്ചപ്പാടിന്റെ വചനങ്ങൾ യാഥാർഥ്യമായി തീരുന്നു.

രാജ്യത്തു വീണ്ടും ദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ അതിന്റെ കാരണം അറിയാൻ ഒരു ദൂതനെ ഡെൽഫിയിലേക്കു പറഞ്ഞയച്ച ഈഡിപ്പസ്സിനു കിട്ടിയ മറുപടി വെറും ഒരു ചെറിയ വാചകത്തിൽ ഒതുങ്ങി.  അത് ഇതായിരുന്നു.  രാജാവിന്റെ കൊലയാളിയെ ഉടൻ കണ്ടെത്തി ശിക്ഷിക്കുക എന്ന് മാത്രം.  കൊലപാതകി ആരെന്നു വെളിച്ചപ്പാട് വ്യക്തമാക്കിയതേ ഇല്ല.  കൊലപാതകിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു എങ്കിലും, ആ സംഭവം നേരിട്ട് കണ്ട ആരും ജീവിച്ചിരിക്കുന്നില്ലായിരുന്നു.  അങ്ങനെ വന്ദ്യ വയോധികനും അന്ധനും,   എല്ലാ അറിയുന്നവനും ആയ തെറീഷ്യസിന്റെ മുന്നിൽ എല്ലാവരും എത്തുന്നു.  ഈഡിപ്പസിന്റെ ചോദ്യത്തിന് തെറീഷ്യസ് പറഞ്ഞ മറുപടി മറ്റൊരു കടം കഥ ആയിരുന്നു.  കൊലപാതകിയുടെ മക്കൾ തങ്ങളുടെ അച്ഛനെ സഹോദരൻ ആയും കണക്കാക്കുന്നവർ ആയിരിക്കും എന്ന്.  കൊലയുടെ ഉത്തര വാദി ഇന്ന് സിംഹാസനത്തിൽ ഇരിക്കുകയാണ് എന്ന ഭീകര സത്യം ഈഡിപ്പസ് അവിടെ വച്ച് അറിയുന്നു.  രാജാവ് അത് അവിശ്വസിക്കാൻ തുനിഞ്ഞപ്പോൾ  തെറീഷ്യസ് രാജാവിനോട് ഇങ്ങനെ ചോദിക്കുന്നു. തങ്ങൾക്കു താങ്കളുടെ മാതാവോ പിതാവോ ആരെന്നു അറിയാമോ എന്ന്. അന്നേരം അവിടെ എത്തിയ വൃദ്ധനായ അജപാലൻ  പണ്ട് സംഭവിച്ച ആ കഥ ഈഡിപ്പസ്സിനെ അറിയിക്കുന്നു.  അമ്മയായ ജാകോസ്റ്റ ഈ വാർത്ത അറിഞ്ഞ ഉടൻ ഒരു കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കുന്നു.  ഈഡിപ്പസ് തന്നെ പാപിയാക്കിയ ഈ ലോകത്തെ ഇനി ഞാൻ കാണില്ല എന്ന് തീരുമാനിച്ചു രണ്ട് കണ്ണുകളും കുത്തി പൊട്ടിക്കുന്നു.

ഈ കഥയിൽ എവിടെയും ഈഡിപ്പസ് മാതാവിനെ ഭോഗിച്ചു എന്ന പാപം ചെയ്തതായി നമുക്ക് തോന്നില്ല.   കാരണം മാതൃ പ്രേമം പാപമാണ് എന്ന് അറിയുന്ന ഒരു ഈഡിപ്പസിനെ തന്നെ ആണ് നാം ഇവിടെ കാണുന്നത്.  ഒരു പാപത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ , തന്റെ വിധിയെ തന്റെ പ്രവർത്തിയിലൂടെ മറി കടക്കാൻ ശ്രമിച്ച ഒരു പാവം മനുഷ്യൻ.   പക്ഷെ ആ ഓട്ടം വ്യര്ഥമായിരുന്നു എന്ന് ഒടുവിൽ ഈഡിപ്പസ് മനസ്സിലാക്കുന്നു.  അതായത് ഈഡിപ്പസിന് ഈഡിപ്പൽ സ്വഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു.

പക്ഷെ വികാര ജീവിയായ ഹാംലെറ്റിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.  തന്റെ പിതൃ ഘാതകൻ ആയ മന്ത്രിയെ കൊല ചെയ്യുന്ന കാര്യത്തിൽ  ഹാംലറ്റ്  എന്ത് കൊണ്ടോ  അമാന്തം കാണിക്കുക തന്നെ ചെയ്തു എന്നുള്ളത് സത്യമാണ്.  അവൻ എല്ലാം നാളത്തേക്ക് നീട്ടി വച്ച് കൊണ്ടേ ഇരുന്നു.  അവിടെ വേണമെങ്കിൽ നമുക്ക് ആരോപിക്കാം, തന്റെ അച്ഛനെ കൊന്നവനോട് അദ്ദേഹം സഹതാപം കാണിച്ചു എന്ന്.  പക്ഷെ അതും ഇവിടെ ഒടുവിൽ പരിപൂർണ ദുരന്തത്തിൽ അവസാനിച്ചു.

പക്ഷെ ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കുന്ന മറ്റൊരു തത്വം ഉണ്ട്. പ്രതിഭാ ശാലികൾ മുന്നേ നടക്കുന്നു എന്നുള്ള കാര്യം.

ഈ കഥക്ക് ഒരു അനുബന്ധം തീര്ച്ചയായും വേണം എന്ന് ഞാൻ കരുതുന്നു.  എന്ന് മുതലാണ് മനുഷ്യനിൽ അവന്റെ 'അമ്മ അറപ്പു ഉളവാക്കാൻ തുടങ്ങിയത്.  സൃഷ്ടിയുടെ ആരംഭത്തിൽ മറ്റേതു സ്ത്രീയെയും പോലെ തന്നിൽ കാമം ജനിപ്പിച്ച സ്ത്രീ തന്നെ ആയിരിക്കും അവന്റെ 'അമ്മ.  അഗമ്യ ഗമനം ആദി മനുഷ്യന്റെ ഒരു രീതി ആയിരുന്നില്ല എങ്കിൽ ആദത്തിൽ നിന്നും ഹവ്വയിൽ നിന്ന് ആരംഭിച്ച മനുഷ്യൻ അവിടെ അവസാനിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു.  അവൻ അവന്റെ അമ്മയെയും പെങ്ങളെയും മകളെയും ഭോഗിച്ചു കൊണ്ടേ ഇരുന്നു.  അങ്ങനെ നാം എണ്ണത്തിൽ കൂടി വന്നു കൊണ്ടേ ഇരുന്നു.  അപ്പോൾ എന്നോ ഒരിക്കൽ നാം ഒരു തീരുമാനം എടുത്തു. ഇനി അങ്ങോട്ട് കൂടപ്പിറപ്പുകളും ആയുള്ള ഈ ബന്ധം നാം തുടരില്ല എന്ന്. എന്നായിരുന്നു അത് സംഭവിച്ചത്.  എന്ത് കൊണ്ട് മനുഷ്യൻ അത്തരം ഒരു തീരുമാനം എടുത്തു.  ശാസ്ത്രത്തിനു ഈ തീരുമാനത്തിൽ ഒരു പങ്കും ഇല്ല എന്ന് നമുക്ക് അറിയാം. അപ്പോൾ എന്ത് കൊണ്ട്

അപ്പോൾ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഒരു പ്രധാന സത്യം ഇതാണ്.  സ്ത്രീയോടുള്ള നമ്മുടെ വികാരം കാമത്തിൽ കുതിർന്നതായി തുടരുമ്പോഴും നാം ഏതാനും ചില സ്ത്രീകളെ നമ്മുടെ ആസക്തിയുടെ പരിധിയിൽ നിന്ന് പുറത്താക്കുകയാണ്.  അതിൽ നമ്മുടെ അമ്മയുണ്ട് പെങ്ങളുണ്ട് , നാം ബഹുമാനിക്കുന്ന അസംഖ്യം സ്ത്രീകൾ ഉണ്ട്.  അതായത് നമുക്ക് ഒരു സ്ത്രീയോട് തോന്നുന്ന ആസക്തി നമ്മുടെ ഒരു തീരുമാനം ആണ് എന്നർത്ഥം.  ആ തീരുമാനം എത്ര മാത്രം ശക്തമാണ് എന്ന് നാം മനസ്സിലാക്കുന്നത് , അത് വിധിയുടെ കരങ്ങളാൽ ഭഞ്ജിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ തന്റെ കണ്ണ് രണ്ട് കുത്തി പൊട്ടിച്ചു പ്രായശ്ചിത്തം ചെയ്യുന്നത് കാണുമ്പോഴാണ്.  എന്ത് കൊണ്ട് മനുഷ്യന് തന്റെ മനസ്സിന്റെ അപാരമായ ഈ കഴിവ് മറ്റെല്ലാ സ്ത്രീകളുടെ നേരെയും പ്രയോഗിച്ചു കൂടാ

Saturday, 13 August 2016

സിനിമയും നാടകവും

നമ്മുടെ പല സിനിമക്കാർക്കും സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം ഇന്നും  മനസ്സിലായിട്ടില്ല എന്ന് ഞാൻ കരുതുന്നു.  നാടകം സിനിമയുടെ അപ്പനാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.  കാരണം ഈ നവീന കല ഉത്ഭവിച്ചത് തന്നെ സിനിമയുടെ  ഡോകുമെന്റ് സ്വഭാവത്തിൽ നാടകം കടന്നു വന്ന കാലത്തോട് കൂടിയാണ്.  ആദ്യകാല ചലച്ചിത്രങ്ങൾ പലതും നാടകങ്ങളുടെ നേരെ തിരിച്ചു വച്ച കാമറ യിൽ പതിഞ്ഞ ബിംബങ്ങൾ മാത്രമായിരുന്നു.   ഏതെങ്കിലും ഒരിടത്തു മാത്രം ഓപ്പറ കെട്ടിടങ്ങൾ സ്ഥാപിച്ചു അവയിലൂടെ രാജ്യത്തെമ്പാടും ഉള്ള മനുഷ്യരെ അങ്ങോട്ട് ക്ഷണിച്ചു വരുത്തുന്ന പ്രക്രിയക്ക് അറുതി വരുത്താനുള്ള ഒരു മാർഗം ആയിരുന്നു അക്കാലത്തെ നാടക സിനിമ.  ചെറിയ പെട്ടികളിലാക്കി അവ ഏതു തെരുവുകളിലും കാണിക്കാം എന്നുള്ള നില വന്നു.  നാടകം അങ്ങനെ ജനകീയ വൽക്കരിക്കപ്പെടുകയും,  അതിന്റെ അത്തരത്തിലുള്ള വളർച്ച തികച്ചും നൂതനമായ ഒരു കലയുടെ ഉത്ഭവത്തിനു നാന്ദ്യം കുറിക്കുകയും ചെയ്തു.  അത് കൊണ്ട് തന്നെ എത്രയോ കാലം സിനിമ,  നാടകം എന്ന സങ്കേതത്തിന്റെ നീരാളി പിടുത്തത്തിൽ അകപ്പെട്ടു പോയി.  അക്കാലത്തു  പാനോവിസ്‌കി പറഞ്ഞ വാക്കുകൾ ഇതാണ്.  എന്ന് സിനിമ, നാടകം എന്ന തന്റെ സൃഷ്ടാവിൽ നിന്ന് പൂർണമായും മോചിക്കപ്പെടുന്നോ അപ്പോൾ മാത്രമേ സിനിമയ്ക്കു സ്വതന്തമായ ഒരു അസ്തിത്വം രൂപപ്പെട്ടു വരികയുള്ളൂ.  സിനിമയുടെ ചരിത്രം എന്നത് തന്നെ നാടകം എന്ന തന്റെ തന്തയുടെ അനാവശ്യ ഇടപെടലുകളിൽ നിന്ന് സ്വയം രക്ഷപ്പെട്ടു പോയി കൊണ്ടിരുന്ന ചരിത്രമാണ്.  പക്ഷെ ഇന്നും ഭൂത കാലത്തിന്റെ ശാപത്തിൽ നിന്ന് നമ്മുടെ സിനിമ പൂർണമായും മുക്തി നേടിയിട്ടില്ല.  ഇന്നും നമ്മുടെ സിനിമ ഒരു പരിധിവരെ നാടകങ്ങളായി തുടരുന്നു.  നാടകത്തിലെ മെലോഡ്രാമ സിനിമയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.  ഒന്ന് മൂളേണ്ട ഇടത്തു,  നാം ഒരു വലിയ പേജ് സംഭാഷണം സഹിക്കേണ്ടി വരുന്നു.  അടക്കി പിടിച്ച തേങ്ങലുകൾക്കു പകരം,  നാം പൊട്ടിക്കരച്ചിലുകൾ സഹിക്കേണ്ടി വരുന്നു.  ഇതിന്റെ ഏറ്റവും വികൃതമായ രൂപം നാം കാണുന്നത്, സിനിമയുടെ മിനിയേച്ചർ പതിപ്പായ സീരിയലുകളിൽ ആണ്.  അവിടെ ദൃശ്യങ്ങൾ രണ്ടാം തരമാണ്.  സംഭാഷണങ്ങൾ അരങ്ങു തകർക്കുകയും ചെയ്യുന്നു.  എല്ലാം പൊലിപ്പിച്ചു കാണിക്കേണ്ടത് നാടകത്തിന്റെ ആവശ്യമാണ് എങ്കിൽ സിനിമയിൽ അതിന്റെ ആവശ്യങ്ങൾ തീരെ ഇല്ല.  കാരണം സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെയും നമ്മുടെ കണ്ണുകളുടെ നേരെ മുന്നിലാണ്.  അവന്റെ പുരികം ഇളകുന്നു പോലും നമുക്ക് വ്യക്തമായി കാണാം.  പക്ഷെ നാടകത്തിൽ അത് പറ്റാത്തത് കൊണ്ട്,  ആ വിടവ് നികത്താൻ, പൊലിപ്പിക്കലുകളും,  സംഭാഷണ ആധിക്യവും ഒക്കെ ആവശ്യമായി തീരുന്നു.  സിനിമയിലും നാം അത് അതെ പോലെ തുടരുന്നത് നീതി അല്ല.  അധികം പറയൽ അല്ല സിനിമ.  പലതും പറയാതിരിക്കലാണ്.  ശബ്ദത്തിനെ കാഴ്ച കൊണ്ട് പകരം വെക്കുന്ന ഇടത്താണ് സിനിമയുടെ വിജയം.  ദൃശ്യങ്ങൾ പരിമിതപ്പെട്ടു വരുമെന്ന് തോന്നുമ്പോൾ മാത്രമേ ശബ്ദം കടന്നു വരാവൂ.