നമ്മുടെ പല സിനിമക്കാർക്കും സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം ഇന്നും മനസ്സിലായിട്ടില്ല എന്ന് ഞാൻ കരുതുന്നു. നാടകം സിനിമയുടെ അപ്പനാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. കാരണം ഈ നവീന കല ഉത്ഭവിച്ചത് തന്നെ സിനിമയുടെ ഡോകുമെന്റ് സ്വഭാവത്തിൽ നാടകം കടന്നു വന്ന കാലത്തോട് കൂടിയാണ്. ആദ്യകാല ചലച്ചിത്രങ്ങൾ പലതും നാടകങ്ങളുടെ നേരെ തിരിച്ചു വച്ച കാമറ യിൽ പതിഞ്ഞ ബിംബങ്ങൾ മാത്രമായിരുന്നു. ഏതെങ്കിലും ഒരിടത്തു മാത്രം ഓപ്പറ കെട്ടിടങ്ങൾ സ്ഥാപിച്ചു അവയിലൂടെ രാജ്യത്തെമ്പാടും ഉള്ള മനുഷ്യരെ അങ്ങോട്ട് ക്ഷണിച്ചു വരുത്തുന്ന പ്രക്രിയക്ക് അറുതി വരുത്താനുള്ള ഒരു മാർഗം ആയിരുന്നു അക്കാലത്തെ നാടക സിനിമ. ചെറിയ പെട്ടികളിലാക്കി അവ ഏതു തെരുവുകളിലും കാണിക്കാം എന്നുള്ള നില വന്നു. നാടകം അങ്ങനെ ജനകീയ വൽക്കരിക്കപ്പെടുകയും, അതിന്റെ അത്തരത്തിലുള്ള വളർച്ച തികച്ചും നൂതനമായ ഒരു കലയുടെ ഉത്ഭവത്തിനു നാന്ദ്യം കുറിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ എത്രയോ കാലം സിനിമ, നാടകം എന്ന സങ്കേതത്തിന്റെ നീരാളി പിടുത്തത്തിൽ അകപ്പെട്ടു പോയി. അക്കാലത്തു പാനോവിസ്‌കി പറഞ്ഞ വാക്കുകൾ ഇതാണ്. എന്ന് സിനിമ, നാടകം എന്ന തന്റെ സൃഷ്ടാവിൽ നിന്ന് പൂർണമായും മോചിക്കപ്പെടുന്നോ അപ്പോൾ മാത്രമേ സിനിമയ്ക്കു സ്വതന്തമായ ഒരു അസ്തിത്വം രൂപപ്പെട്ടു വരികയുള്ളൂ. സിനിമയുടെ ചരിത്രം എന്നത് തന്നെ നാടകം എന്ന തന്റെ തന്തയുടെ അനാവശ്യ ഇടപെടലുകളിൽ നിന്ന് സ്വയം രക്ഷപ്പെട്ടു പോയി കൊണ്ടിരുന്ന ചരിത്രമാണ്. പക്ഷെ ഇന്നും ഭൂത കാലത്തിന്റെ ശാപത്തിൽ നിന്ന് നമ്മുടെ സിനിമ പൂർണമായും മുക്തി നേടിയിട്ടില്ല. ഇന്നും നമ്മുടെ സിനിമ ഒരു പരിധിവരെ നാടകങ്ങളായി തുടരുന്നു. നാടകത്തിലെ മെലോഡ്രാമ സിനിമയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഒന്ന് മൂളേണ്ട ഇടത്തു, നാം ഒരു വലിയ പേജ് സംഭാഷണം സഹിക്കേണ്ടി വരുന്നു. അടക്കി പിടിച്ച തേങ്ങലുകൾക്കു പകരം, നാം പൊട്ടിക്കരച്ചിലുകൾ സഹിക്കേണ്ടി വരുന്നു. ഇതിന്റെ ഏറ്റവും വികൃതമായ രൂപം നാം കാണുന്നത്, സിനിമയുടെ മിനിയേച്ചർ പതിപ്പായ സീരിയലുകളിൽ ആണ്. അവിടെ ദൃശ്യങ്ങൾ രണ്ടാം തരമാണ്. സംഭാഷണങ്ങൾ അരങ്ങു തകർക്കുകയും ചെയ്യുന്നു. എല്ലാം പൊലിപ്പിച്ചു കാണിക്കേണ്ടത് നാടകത്തിന്റെ ആവശ്യമാണ് എങ്കിൽ സിനിമയിൽ അതിന്റെ ആവശ്യങ്ങൾ തീരെ ഇല്ല. കാരണം സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെയും നമ്മുടെ കണ്ണുകളുടെ നേരെ മുന്നിലാണ്. അവന്റെ പുരികം ഇളകുന്നു പോലും നമുക്ക് വ്യക്തമായി കാണാം. പക്ഷെ നാടകത്തിൽ അത് പറ്റാത്തത് കൊണ്ട്, ആ വിടവ് നികത്താൻ, പൊലിപ്പിക്കലുകളും, സംഭാഷണ ആധിക്യവും ഒക്കെ ആവശ്യമായി തീരുന്നു. സിനിമയിലും നാം അത് അതെ പോലെ തുടരുന്നത് നീതി അല്ല. അധികം പറയൽ അല്ല സിനിമ. പലതും പറയാതിരിക്കലാണ്. ശബ്ദത്തിനെ കാഴ്ച കൊണ്ട് പകരം വെക്കുന്ന ഇടത്താണ് സിനിമയുടെ വിജയം. ദൃശ്യങ്ങൾ പരിമിതപ്പെട്ടു വരുമെന്ന് തോന്നുമ്പോൾ മാത്രമേ ശബ്ദം കടന്നു വരാവൂ.
No comments:
Post a Comment