Thursday, 29 September 2016

കുറൊസാവയുടെ യോദ്ധാക്കൾ - കവർച്ചയും യുദ്ധവും

ഒരു കലാകാരനോട് നമ്മിൽ പലരും ഉള്ളു കൊണ്ട് പറയുന്നത് ഇങ്ങനെ ആണ്.  പ്രിയപ്പെട്ട കലാകാരാ, നിന്റെ സൃഷ്ടി എന്റെ മുന്നിൽ എത്തുന്നതോടു കൂടി നിനക്ക് അതിലുള്ള അവകാശം ഭാഗികമായി നഷ്ടപ്പെട്ടു പോകുന്നു.  ഇനി മുതൽ നിന്റെ സൃഷ്ടി എന്താണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്.  അതെന്തെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

എല്ലാ സിനിമകളും പല രീതിയിലും വായിക്കപ്പെടുന്നു.  1970 യിൽ ഞാൻ കണ്ട കുറൊസാവയുടെ സമുറായി എന്നെ വല്ലാതെ ഹരം കൊള്ളിച്ചത്  അതിലുള്ള സംഘര്ഷങ്ങളിലൂടെ ആയിരുന്നു. കാലങ്ങളേറെയും കഴിഞ്ഞപ്പോൾ ആ സിനിമയുടെ മട്ടും ഭാവവും എന്നുള്ളിൽ മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു.  ഒരു യുദ്ധം അതിൽ സാകൂതം വീക്ഷിച്ച  എനിക്ക്, പിന്നീട് അതിൽ യുദ്ധം കാണാൻ പറ്റാതായി.  അതിനു പകരം ഞാൻ മറ്റു പലതും കണ്ടു.  എല്ലാ പ്രതിഭകളുടെ സൃഷ്ടിയും ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.

സംഘർഷങ്ങൾ

മനുഷ്യൻ അവന്റെ സോദരനോട് തല്ലു കൂടുന്നതിന് പല പല കാരണങ്ങൾ ഉണ്ടാകാം.  പക്ഷെ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ ആക്രമിക്കുന്നതിനു അതിൽ ഒരു പ്രത്യേക കാരണത്തിന് മാത്രമാണ് മുൻ തൂക്കം.  വസ്തുക്കൾ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള തല്ലുകൾ ആദി ഗോത്രങ്ങളിൽ കുറവായിരുന്നു എന്ന് സമ്മതിക്കാമെങ്കിലും,  മറ്റൊരു ഗോത്രത്തിലെ വസ്തുക്കൾ കവർന്നെടുക്കുന്ന പരിപാടി മനുഷ്യന്റെ ഒരു പ്രാചീന സ്വഭാവം തന്നെ ആയിരുന്നു  എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.  അപ്പോൾ അതായിരിക്കണം ആദിയായ യുദ്ധം.  അതായത് ആദി യുദ്ധം എന്നത് അന്യ ഗോത്രത്തിൽ നിന്ന് വിഭവങ്ങൾ കവർന്നെടുക്കാൻ വേണ്ടി ഉള്ളതാവണം .  പക്ഷെ അത് നമ്മള് വിചാരിക്കുന്നത് പോലെ അത്ര എളുപ്പം സംഭവിച്ചിരിക്കാൻ ഇടയില്ല.  കാരണം ഇവിടെ ഒരു വിഭാഗം മാത്രം മാരക ആയുധങ്ങൾ എടുത്തു പോരാടുകയും, മറ്റൊരു വിഭാഗം കാർഷിക വൃത്തിയിൽ ഇടപെടുകയും ചെയ്തതിന്റെ കാരണം എന്തായിരിക്കാം.  എല്ല്ലാവരും നായാടികളായ അവസ്ഥയിൽ നിന്ന്, ഒരു വിഭാഗം കാർഷിക മേഖലയിലേക്ക് കടന്നപ്പോൾ മറ്റൊരു വിഭാഗം നായാടികളായി തുടർന്നിരിക്കാം.  പ്രത്യേക വിഭാഗം ആയി പരിണമിച്ച മാംസ ബൂക്കുകൾ  ആയ അവർ,  കാർഷിക വിഭാഗത്തെ അപേക്ഷിച്ചു ക്രൂരത കൂടുതലുള്ളവരും ആയിരിക്കണം.  മൃഗങ്ങളെ കൊന്നു പരിചയിച്ചവര് അങ്ങനെ ആകാൻ സാധ്യത കൂടുതൽ ആണ്.  ശക്തിയുടെ പ്രതിരൂപമായ അവര് അവരുടെ നായാട്ടു യാത്രകൾക്ക് ഇടയിൽ ഒന്ന് കൂടി അറിയുന്നു.  മൃഗങ്ങളെ എതിരിടുന്നതിലും എളുപ്പം മനുഷ്യനെ എതിരിടുന്നതാണ്. പ്രത്യേകിച്ചും ശാന്തനായ , ആയുധ ബലമില്ലാത്ത കൃഷിക്കാരനെ.  അങ്ങനെ ആകണം അവൻ ആക്രമണത്തെ മൃഗങ്ങളിൽ നിന്ന് മാറ്റി മനുഷ്യന് നേരെ ആക്കിയത്.  അതിലൂടെ അവൻ കൃഷിക്കാരന്റെ കാർഷിക വസ്തുക്കൾ ഏറെയും കവർന്നു.  കൃഷിക്കാരൻ, പട്ടിണി കിടക്കുമ്പോൾ, കൊള്ളക്കാരൻ  മൃഷ്ടാന്നം ഭക്ഷിക്കുന്ന അവസ്ഥ.  ഇവിടെയാണ്   കുറൊസാവയുടെ സിനിമയും ആരംഭിക്കുന്നത് .  കൊയ്തു കഴിയാൻ കാത്തിരിക്കുന്ന കൊള്ളക്കാർ.  അവര് വരാൻ സമയമായി എന്ന് വിചാരിക്കുന്ന ഗ്രാമ വാസികൾ.  അപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാക്കാൻ,  മറ്റൊരു ആക്രമണകാരിയെ കൂടിയേ തീരൂ.  അവരെ അന്വേഷിച്ചു കണ്ടെത്തണം.  ആ അന്വേഷണമാണ് സിനിമയുടെ തുടക്കത്തിൽ.

ഒരു കൂട്ടം മാത്രം ആക്രമണ കാരികൾ - കവർച്ചക്കാർ -- ആയതു കൊണ്ട് ലോകത്തു യുദ്ധം ഉണ്ടാവുന്നില്ല.  കവർച്ചയെ പ്രതിരോധിക്കാൻ മറ്റൊരു കൂട്ടർ വേണം.  അവരെ വിലക്കെടുക്കാം. ഒപ്പം നമ്മുടെ ഇടയിൽ നിന്ന് തന്നെ വളർത്തിയെടുക്കുകയും ചെയ്യാം.   കുറൊസാവ അത് രണ്ടും ചെയ്യുന്നു.   അങ്ങനെ യുദ്ധത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയ സ്ഥാപനങ്ങളുടെ നിർമ്മിതി നടന്നു കഴിഞ്ഞു.  കൂലി പട്ടാളക്കാരനും,  സാദാ പട്ടാളക്കാരനും.  അപ്പുറത്തു അവർക്കു നേരെ തിരിഞ്ഞു നിൽക്കുന്നത് കൊള്ളക്കാരൻ.  ഭക്ഷണ സമ്പാദനം ജീവിത രീതി ആക്കിയ മനുഷ്യർ , തങ്ങളുടെ ഭക്ഷണം സുരക്ഷിതമാക്കാൻ വേണ്ടി ഒരു പുതിയ ജാതിയെ സൃഷ്ടിച്ചു എന്ന് പറയാം.  തങ്ങളുടെ ഇത്തിക്കണികളായി അവർ ഇനി അങ്ങോട്ട് കൊണ്ട് നടക്കേണ്ട പട്ടാള ജാതി.  അപ്പോൾ ഈ ചിത്രത്തിൽ നമുക്ക് രണ്ട് ഇത്തിക്കണ്ണികളെ കിട്ടുന്നു.  ഒന്ന് പട  നയിച്ച് വരുന്ന കൊള്ളക്കാരൻ, മറ്റേതു അവനെ പ്രതിരോധിക്കുന്ന യോദ്ധാവ്.  ചരിത്രത്തിൽ എവിടെയും അവർക്കു തങ്ങളുടെ സ്ഥാനം പരസ്പരം മാറാമെന്നു നാം അനുഭവത്തിലൂടെ അറിയുന്നു.  ആക്രമണ കാരിയും, പ്രതിരോധ പ്രവർത്തകനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ ആണെന്നാണല്ലോ കുറൊസാവ സൂചിപ്പിക്കുന്നത്.

എല്ലാ കൊള്ളക്കാരെയും കൊല്ലുകയോ തുരത്തി ഓടിക്കുകയോ ചെയ്തതിനു ശേഷം സമുറായികളുടെ നേതാവ് യുദ്ധ ഭൂമിയിൽ അത്യന്തം ദുഃഖിതനായി നിന്ന് കൊണ്ട്  ഇങ്ങനെ ചിന്തിക്കുന്നു.  തങ്ങളിൽ മൂന്നു പേര് മരിച്ചു വീണു.  ഒരു യോദ്ധാവ് കൂറ് മാറി കർഷക  പക്ഷത്തേക്ക് പോകുകയും ചെയ്തു.  അതിനു ശേഷവും കൃഷിക്കാരൻ അവന്റെ വയലുകളിലേക്കു നടന്നു നീങ്ങുകയാണ്.  അവൻ അവന്റെ സൃഷ്ടി പ്രവർത്തനം തുടരുകയാണ്.  യോദ്ധാവ് പരാജയപ്പെടുകയും, കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു.

യോദ്ധാവ് പരാജയപ്പെടുകയും കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു എന്നുള്ള കുറൊസാവയുടെ പ്രസ്താവന ഒരു അധികപ്പറ്റായി നിങ്ങള്ക്ക് തോന്നിയേക്കാം.  പക്ഷെ അതിനു ഒരു പ്രവചന സ്വഭാവം കൂടി ഉണ്ട് എന്ന് നാം അറിയണം.  കൃഷിക്കാരൻ ജയിക്കുക അല്ലാതെ , നമുക്ക് മറ്റൊരു നിവൃത്തിയില്ല.  കാരണം അവനാണ് ദൈവം.  അവനില്ലാതെ ഈ ലോകം ചലിക്കില്ല. പക്ഷെ അത് കൊണ്ട് കൃഷിക്കാരൻ സന്തുഷ്ടനാണ് എന്ന് വരുന്നില്ല.

ഇനി വർത്തമാന കാലത്തേക്ക് നോക്കുക.  അസംഖ്യം കൃഷിക്കാർ ഇവിടെ വയലേലകളിൽ പണി  എടുക്കുകയാണ്.  കൊയ്തു കഴിയുന്നതോടു കൂടി അവരുടെ ഉത്പന്നങ്ങൾ കവർന്നെടുക്കാൻ ആരൊക്കെയോ എത്തുകയാണ്.  അവരുടെ കയ്യിൽ വാളുകൾ ഇല്ല.  അവൻ  കൃഷിക്കാരനെക്കാൾ സമാധാന കാംക്ഷി തന്നെ ആണ്.  പക്ഷെ കൃഷിക്കാരന്റെ വിഭവങ്ങൾ ഇന്നും കവർന്നെടുക്ക പെടുക തന്നെ ആണ്.  വാളിന് പകരം ഇന്ന് നാണയങ്ങൾ മാത്രം ആയി .  ക്രൂരരായ കൊള്ളക്കാർക്കു പകരം, ശാന്ത സ്വാഭാവികൾ ആയ പട്ടണ  മനുഷ്യർ ആയി.  കുറൊസാവയുടെ കഥ ഇന്നും അത് പോലെ തുടരുന്നു.  ഇന്നും കൃഷിക്കാരൻ ജയിച്ചേ പറ്റൂ.  അല്ലാ എങ്കിൽ നമ്മളൊക്കെയും പരാജയപ്പെടുക തന്നെ വേണ്ടി വരും


Sunday, 25 September 2016

വിവാഹ മോചനം മുതൽ വ്യഭിചാരം വരെ - തകർന്നു കൊണ്ടിരിക്കുന്ന വിവാഹ സ്ഥാപനങ്ങൾ

വേശ്യ എന്ന വാക്കിനു ശബ്ദ താരാവലിയിൽ ഇങ്ങനെ ആണ് അർഥം കണ്ടത്.  ആർക്കും സമീപിക്കാവുന്നവൾ, അല്ലെങ്കിൽ പണം മാത്രം കാംക്ഷിച്ചു  അനുരാഗം പ്രദര്ശിപ്പിക്കുന്നവൾ.  പക്ഷെ വ്യഭിചാരം എന്ന വാക്കു കുറെ കൂടെ ജനറൽ ആണ്.  സ്ത്രീക്കോ പുരുഷനോ, അന്യ പുരുഷനോടോ , അന്യ സ്ത്രീയോടോ ഉള്ള അനുചിത  ബന്ധം.  അവിടെ പണം കടന്നു വരുന്നില്ല എന്ന് ഞാൻ ധരിക്കുന്നു.  അനുചിതമായ ലൈംഗികത എന്ന ഒരു കർമ്മം ഉണ്ട് എന്ന് വിവക്ഷ.

വേശ്യാവൃത്തി ഇന്നത്തെ വിവാഹരീതിയുടെ പാർശ്വ ഉത്പന്നം ആണെന്ന് പല ബുദ്ധി ജീവികളും പറഞ്ഞിട്ടുണ്ട്.  പണം ഈ നിർവചനത്തിൽ കടന്നു വരുന്നു എങ്കിൽ അത് പൂർണമായും ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല.  അത് കൊണ്ട് ഞാൻ അത് ഇത്തരത്തിൽ മാറ്റി എഴുതാൻ ആഗ്രഹിക്കുകയാണ്.  ഇങ്ങനെ.  വ്യഭിചാരം വർത്തമാന വിവാഹ സ്ഥാപനത്തിന്റെ സ്വാഭാവികമായ പാർശ്വ ഉത്പന്നം മാത്രമാണ്.

മനുഷ്യൻ എങ്ങനെ ഇന്നത്തെ മോണോഗാമി  എന്ന വിവാഹ സമ്പ്രദായത്തിൽ എത്തി ചേർന്ന് എന്നുള്ളതിന്റെ കുറിച്ച് പല പഠനങ്ങളും ഉണ്ട്. പക്ഷെ ഞാൻ അവയെ കുറിച്ചൊന്നും വിവരിക്കാൻ വേണ്ടിയല്ല ഇത് എഴുതുന്നത്.  ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മോണോഗാമി വർത്തമാന കാല സമൂഹത്തിൽ വരുത്തി വച്ച ആഘാതത്തെ കുറിച്ചാണ്.  യഥാർത്ഥത്തിൽ മോണോഗാമി മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനു, അവൻ പ്രതീക്ഷിക്കാത്ത രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  മനുഷ്യ സംസ്കാരത്തിന്റെ വളർച്ചക്ക് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു എന്നും,  അതിലൂടെ ആണ് മനുഷ്യൻ വളർന്നു ഇന്നത്തെ നിലയിൽ എത്തിയത് എന്ന് പറയുന്നവര് തന്നെ മറ്റൊരു പ്രധാന കാര്യവും പറഞ്ഞു.  മനുഷ്യനിൽ അത് ലൈംഗിക നിരാശ ഉടലെടുക്കുന്നതിനു കാരണമായി.  ഈ രണ്ടാമത് പറഞ്ഞത് ഞാൻ പൂർണമായി അംഗീകരിക്കുമ്പോഴും,  ഇതിന്റെ ആദ്യത്തെ ഭാഗം ശരിയായിരിക്കുമോ എന്നുള്ള സംശയം ഞാൻ ചോദിച്ചു കൊണ്ട് ഇരിക്കുന്നു.  മനുഷ്യന്റെ വളർച്ചക്ക് അവന്റെ ലൈംഗികതയെ തടഞ്ഞു നിർത്തേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ.

മോണോഗാമിയുടെ ആഘാതങ്ങൾ ഇനി അങ്ങോട്ട് മനുഷ്യ കുലം അഭിമുഖീകരിക്കാൻ പോകുന്നതേ ഉള്ളൂ എന്ന് ഞാൻ കരുതുന്നു.  ആണും പെണ്ണും ഒന്നിച്ചു നടക്കുന്ന ആൾക്കൂട്ടത്തിൽ കൈകൾ രണ്ടും കൂട്ടി കെട്ടി നാം നമ്മുടെ മാന്യത കാത്തു സൂക്ഷിക്കേണ്ടി വരുന്നു.  പക്ഷെ അത് അപകടകരമായ മാന്യതയാണ്‌.  അപ്പോഴും,  കെട്ടിയിടപ്പെട്ട നമ്മുടെ കൈകൾ,  ആ കെട്ടുകൾക്കു ഉള്ളിൽ നിന്ന് ത്രസിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുന്നു.  ആ കെട്ടിന്റെ ബലത്തിൽ മാത്രമാണ് നമ്മുടെ മാന്യത നില കൊള്ളുന്നത്.   ഈ അസന്നിഗ്ധതയിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യ കുലം എന്തെങ്കിലും വഴി തേടിയെ ഒക്കൂ.  അല്ല എങ്കിൽ പീഡനങ്ങൾ ഇവിടെ ആവർത്തിച്ചു കൊണ്ട് ഇരിക്കും.

കോളിൻ വിത്സൺ പണ്ട് ചോദിച്ച അപകടകരമായ ഒരു ചോദ്യം ഇപ്പോൾ എന്റെ മനസ്സിൽ ഉയർന്നു വരുന്നു.

എല്ലാ സ്ത്രീകളാലും നിഷ്കാസനം ചെയ്യപ്പെട്ട വിരൂപനായ മനുഷ്യൻ ആരായി തീരും ?  ഉടനെ  വിത്സൺ ഉത്തരം പറഞ്ഞു കളഞ്ഞു.  അവൻ ഒരു ലൈംഗിക സീരിയൽ കൊലപാതകി ആയി തീരുമെന്ന്.  പക്ഷെ ഞാൻ വിത്സനോട് ഇത്രയും കൂടെ പറയാൻ ആഗ്രഹിക്കുന്നു.  വേശ്യാവൃത്തി നടമാടുന്ന ഒരിടത്തു ആ ഉത്തരം ചില നേരങ്ങളിൽ അധികപ്രസംഗമായി തീരുമെന്ന്.  ഇതാ ഒരു ആഖ്യായികയിലെ മറ്റൊരു ഉദാഹരണം.

ഒരു വേശ്യ മാത്രം ഉള്ള, തികച്ചും സമാധാനത്തിൽ ജീവിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു സന്യാസി ആ വേശ്യയെ മാനസാന്തരപ്പെടുത്തി സ്വാമിനി ആക്കി തീർക്കുന്നു.  പക്ഷെ ഈ നല്ല പ്രവർത്തി ഗ്രാമ വാസികളെ ഭയ വിഹ്വലരാക്കുന്നു.  കാരണം അവര് പറയുന്നത് ഇതാണ്.  ഇത്ര നാളും ലൈംഗിക ഭ്രാന്തരുടെ ദൃഷ്ടികളിൽ നിന്ന് തങ്ങളുടെ വേണ്ടപ്പെട്ട പെൺ കുട്ടികൾ രക്ഷപ്പെട്ടു പോയത് ഈ വേശ്യ അവിടെ ഉള്ളത് കൊണ്ടായിരുന്നു.  ഇനി നമ്മുടെ പെൺകുട്ടികളെ  ആരും തുണക്കും എന്നാണു അവരുടെ ചോദ്യം.  ചോദ്യം ന്യായമല്ല എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കിൽ ഉച്ചത്തിൽ പറയുക.

വേശ്യാ വൃത്തിക്കും ന്യായീകരണമോ എന്നാകും ഇപ്പോൾ നിങ്ങളുടെ ചോദ്യം.  പക്ഷെ ഇത് എന്റെ ന്യായീകരണം അല്ല.  ഒരു ആഖ്യായികാ കാരന്റേത് മാത്രമാണ്.  പ്രതിഭകൾ കാലത്തിൽ മുന്നേ ചലിക്കുന്നു എന്ന് പറഞ്ഞത് ഞാനല്ല. നിങ്ങള് തന്നെ ആണ്

മോണോഗാമിയിൽ നിന്ന് ഒരു തിരിച്ചു പോക്ക് സാധ്യമാണ് എന്നാണു പാശ്ചാത്യ രാജ്യങ്ങൾ നമുക്ക് കാണിച്ചു തരുന്നത്.   അതിന്റെ ആരംഭം എന്ന നിലയിൽ  അവര് നമുക്ക് കാണിച്ചു തന്നത്,  അടിക്കടിയുള്ള വിവാഹ മോചനങ്ങളും, പുനർ വിവാഹങ്ങളും മറ്റുമാണ്.  ഈ മറ്റും എന്നതിൽ , അവരുടെ ഇടയിൽ ഇന്ന് നിലവിലുള്ളതും, നമ്മളിൽ പലരും സംസാരിക്കാൻ ഭയപ്പെടുന്നതും ആയ പല പല ബന്ധങ്ങളും ഉണ്ട്.  നമ്മൾ അവയെ കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നു എന്നുള്ളത് കൊണ്ട് ഇനി ഒരു നാളിൽ നാം അവയെടുത്തു പയറ്റി കൂടാ എന്ന് അർത്ഥമില്ല.  പണ്ട് നമ്മള് പേടിച്ച പലതും ഇന്നു നമ്മുടെ ജീവിത രീതികൾ ആണല്ലോ.

Thursday, 22 September 2016

ചിഹ്നങ്ങളുടെ പരിമിതികൾ

കണ്ടത് മറ്റുള്ളവരോട് പറയുക എന്നുള്ളത് എക്കാലവും മനുഷ്യനെ അലട്ടിയ പ്രശ്നമായിരുന്നു.  ആംഗ്യ ഭാഷയ്ക്ക് പരിമിതികൾ ഏറെ ഉണ്ടെന്നു നമുക്ക് അറിയാം.  ശരീര ഭാഗങ്ങൾ കൊണ്ട് നാം നടത്തുന്ന വിക്രിയകൾ അനന്തമല്ല എന്ന് മാത്രമല്ല അവ വളരെ ഏറെ പരിമിതവും ആണ്.  'കോഡ് അൺനോൺ'  എന്ന ഹനാകെ ചിത്രം ആരംഭിക്കുന്നത് സ്റ്റേജിൽ ആംഗ്യ വിക്ഷേപങ്ങളിലൂടെ മറ്റൊരു പ്രവർത്തിയെ അല്ലെങ്കിൽ വികാരത്തെ ദ്യോതിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺ കുട്ടിയിലൂടെ ആണ്.  പ്രേക്ഷകരായ അനേകം ബധിര കുട്ടികൾക്ക് അവയുടെ അർഥം വ്യക്തമായി അപഗ്രഥിച്ചു എടുക്കാൻ പറ്റുന്നില്ല എന്ന് നാം സിനിമയിൽ കാണുന്നു.  കുറെ കൂടെ പരിപാകമായ ചിന്ഹ ഭാഷക്കും ഈ പരിമിതി ഇല്ലേ എന്നാണു ഹനാകെ ചോദിക്കുന്നത്.

എല്ലാ ഭാഷകളും രഹസ്യ കോഡുകൾ ആണ്. അവയുടെ രഹസ്യ സ്വഭാവത്തിന്റെ തോതനുസരിച്ചു നാം അവയെ രഹസ്യം എന്നോ പരസ്യം എന്നോ വിളിക്കുന്നു എന്ന് മാത്രം.  പട്ടാളക്കാരുടെ കോഡ് ഭാഷ ചുരുക്കം ചിലർക്ക് മാത്രം അറിയുന്നതാവുമ്പോൾ, നമ്മുടെ മലയാളം,  കോടി കണക്കിന് പേര് അറിയുന്നു.  പക്ഷെ അറിയാത്തവരുടെ സംഖ്യ അറിയുന്നവരുടേതിനും എത്രയോ മടങ്ങാണ്.  ലോകത്തുള്ള എല്ലാ ഭാഷകളുടെയും സ്ഥിതി അത് തന്നെ.

ഭാഷയുടെ പരിണാമം തികച്ചും ദുരൂഹമായ ഒരു സമസ്യയാണ്.  അതിനേക്കാൾ ദുരൂഹം,  ഒരേ മാതാവിൽ നിന്നും ഒരേ പിതാവിൽ നിന്നും ഉത്ഭവിച്ച സമൂഹങ്ങളിൽ പോലും വിഭന്ന ഭാഷകൾ നില നിൽക്കുന്നു എന്നുള്ളതാണ്.  ബാബേൽ ഗോപുരത്തിന്റെ കഥ എന്നും മനുഷ്യനെ വേട്ടയാടി കൊണ്ടേ ഇരിക്കും.   ഇനിയും മനുഷ്യൻ ആകാശങ്ങളിലെ സ്വര്ഗങ്ങളിലേക്കു കയറി ചെല്ലാൻ ഗോപുരങ്ങൾ പണിതു കൊണ്ടേ ഇരിക്കും.  അതിന്റെ ആദ്യത്തെ പടി എന്ന നിലയിൽ ഒരു ലോക ഭാഷയിലേക്കുള്ള അവന്റെ പ്രയാണം തുടർന്ന് കൊണ്ടേ ഇരിക്കും.

അപ്പോഴും , ചിന്ഹ ഭാഷ വളരെ ഏറെ പരിമിതമാണ് എന്നുള്ള സത്യം നാം അംഗീകരിക്കുക തന്നെ വേണം.  ഒരേ ആംഗ്യങ്ങൾക്കു പല അർഥങ്ങൾ ഉണ്ടാകുന്നത് പോലെ,  പറഞ്ഞു കേൾക്കുന്ന എന്തിനും പല അർഥങ്ങൾ ഉണ്ടാകാം.  എനിക്ക് അറിയുന്നത് വച്ച് മാത്രമേ  , അല്ലെങ്കിൽ ഞാൻ കണ്ടത് വച്ച് കൊണ്ട് മാത്രമേ എനിക്ക് മറ്റൊരാളുടെ ഒരു പറച്ചിലിനെ അല്ലെകിൽ ഒരു ചിന്ഹ കാഴ്ചയെ മനസ്സിലാക്കാൻ ആവുകയുള്ളൂ. (ഭാഷ ഒരു ശബ്ദ ചിഹ്നം പോലെ ഒരു ദൃശ്യ ചിഹ്നവും ആണ്) .  നിങ്ങൾ പറയുന്ന കസേര അല്ല ഞാൻ നിങ്ങൾ അത് പറയുമ്പോൾ എന്റെ മനസ്സിൽ കാണുന്ന കസേര.  അത് ഞാൻ മുൻപ് എന്നോ കണ്ടതോ , പരിചയിച്ചതോ ആയ കസേര മാത്രമാണ്.  എത്ര സൂക്ഷമായി നിങ്ങൾ അതിനെ നിർവചിച്ചാലും എനിക്ക് ഈ രീതിയിൽ മാത്രമേ അതിനെ മനസ്സിലാക്കാൻ പറ്റുള്ളൂ 

Saturday, 17 September 2016

Unknown codes -- limits to communication – frustration – turmoil and other things


At the stage, a child -    (may be hearing impaired )-  is facing the spectators, who are also children (most probably hearing impaired)  of the age group 10+.  She is making visible gestures, to imitate an attitude.  The spectators are asked to ascertain the meaning of those gestures.  We hear very different answers from different children. No one had  the right answer. but that is not the question here.  The question asked in the following sequences is somewhat like this.  Why an innocent action of even a child provokes others to do something horrible.  A naughty boy just puts a waste paper on a beggar woman.   But  the other   viewer of the same incident cannot accept this as it is.  He demands an apology for this insult towards someone, whom he had never seen before.  An altercation and a short fight follows until a policeman had to interrupt the proceedings, and taking charge of the situations,  he himself falls in an embarrassing situation, in which , even he cannot decode the incident that happened recently and surely in front of him.  (note that , even his sister,  at the proximity,  was not in a mood to decipher the incident.  Everyone was at the surface.  No one looked to the depths where the real meaning lie)

What is the limitation of a code.  Really a code is limited.  As such a language is limited to a few who knew the language.  Beyond that circle it is meaningless.  But deciphering a code is still cumbersome, even for an expert.   Here,  before thinking about a series of incidents that occurred in a row,  the decoding was done about the people involved in the incident, namely,  a well dressed white man,  a black arrogant passerby, and a beggar maid .  these are the  many factors involved here, which hinders the proper understanding of a situation.  The situation itself was the end result of an unresolved decoding problem, which originated at the apartment, where the white boy cannot decode the door lock, since someone had changed the code without his knowledge.

but Haneke's perspective about the misunderstanding,  sprouting out of code deciphering, is not a  misunderstanding to a great extend.   it is a deliberate act.  we are guided - or misguided to a great extend - due to some other factors, forcefully fed in our consciousness.  the body color, the financial situations,  our attitudes -political or social - and many other things intercept our proper understanding of a process.  language is dropped just to the standard of a meaningless babbling.

(these are just notes, that i am forced to write after watching michael haneke film 'code unknown'. the very first sequence is the only thing cited here.  i really wonder how much strain  should he have taken in the very first sequence itself,  to nail down his points.  this man a real wonder)

Friday, 16 September 2016

പുനഃസൃഷ്ടി മുതൽ ആസ്വാദനം വരെ

ഞാൻ ഇവിടെ എഴുതുന്നത് പണ്ട് ഞാൻ വായിച്ച ഏതോ ഒരു നോവലിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ ജല്പനം ആണെന്ന് തോന്നുന്നു.  അല്ലെങ്കിൽ ഏതോ അവസരത്തിൽ ബാലാട്ടൻ എന്നോട് പറഞ്ഞതാണോ എന്നും നിശ്ചയമില്ല.  ഈ പ്രസ്താവനയെ തികച്ചും പ്രകോപന പരം എന്ന് വിശേഷിക്കാൻ നിങ്ങളിൽ പലർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്  തോന്നുന്നു എങ്കിൽ എന്നോട് ക്ഷമിക്കുക.  പക്ഷെ ഇതിനെ കുറിച്ച് ഞാൻ പറയാൻ ഒരു പ്രത്യേക കാരണം ഉണ്ടെന്നു വഴിയേ നിങ്ങള്ക്ക് മനസ്സിലാകും.  അപ്പോൾ അന്ന് വായിച്ചതോ കേട്ടതോ ആയ ആ കാര്യം ഞാൻ ഇവിടെ ചേർക്കുകയാണ്.

'ഒരു മനുഷ്യന് ഏറ്റവും യോജിച്ച ജോലി വേശ്യാ വൃത്തിയാണ്.  തന്റെ ജോലി  ആസ്വദിച്ചു ചെയ്യാൻ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്ന ഇതിൽ പരം കഴിവുള്ള മറ്റൊരു ജോലി ഈ ലോകത്തു ഇല്ല.  പക്ഷെ കൂട്ടുകാരുടെ  എണ്ണവും തരവും തീരുമാനിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യം തങ്ങൾ ഉപയോഗിക്കണം എന്ന് മാത്രം'.

ആധുനിക സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളെ ഇത് അത്ര ഏറെ ചൊടിപ്പിക്കുമോ എന്ന് എനിക്ക് അറിയില്ല.  ആധുനിക ഫെമിനിസം, അതി ഗൂഢമായ രീതിയിൽ ചലിക്കുന്നത് സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പാതയിൽ കൂടെ ആണെന്ന് ഞാൻ കരുതുന്നു.  പക്ഷെ പഴയ കാല സദാചാരങ്ങളെ മുറുകി പിടിക്കുന്ന ഒരു ജനതയിലെ ഒരു എളിയ അംഗമായ എന്നെ സംബന്ധിച്ചേടത്തോളം ഇത് എന്റെ സമകാലിക ധാരണകൾക്കു കിട്ടുന്ന വലിയ ഒരു അടി  ആയിരിക്കും എന്ന് കൂടെ ഞാൻ ഇത്തരുണത്തിൽ പറയാൻ ആഗ്രഹിക്കുന്നു.

മൃഗങ്ങളുടെ ലൈംഗികതയും മനുഷ്യന്റെ ലൈംഗികതയും ആരംഭത്തിൽ ഒരു പോലെ ആയിരുന്നിരിക്കുമോ എന്ന് എനിക്ക് അറിയില്ല.  മൃഗങ്ങളിൽ  ഇത് ഒരു തോന്നൽ മാത്രമാണോ, അല്ലെങ്കിൽ അതിൽ ആസ്വാദനത്തിന്റെ ഒരു അംശം കൂടെ ഉണ്ടായിരിക്കുമോ എന്ന് ഞാൻ പഠന വിഷയം ആക്കിയിട്ടില്ല.  എന്ത് തന്നെ ആയാലും ഋതുക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന മൃഗങ്ങളുടെ ലൈംഗികതയും മനുഷ്യന്റെ ലൈംഗികതയും പല രീതിയിലും വ്യത്യാസപ്പെട്ടു കിടക്കാൻ ഇടയുണ്ട് എന്ന് വിചാരിക്കുന്നതാണ് ന്യായം. (എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞത് മനുഷ്യന്റെ ലൈംഗികതയും, മൃഗങ്ങളുടേതും ഒക്കെ ആരംഭത്തിൽ ഋതുക്കളുമായ് ബന്ധപ്പെട്ട ഒരു ചോദന മാത്രമായിരിക്കാൻ സാധ്യത ഉണ്ട് എന്നാണു.  മൃഗങ്ങളുടേതിന് പിന്നീട് കാര്യമായ പരിണാമങ്ങൾ വന്നില്ല എന്നും,  മനുഷ്യന്റേതു ഇന്നും അതി ദ്രുത ഗതിയിൽ പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതും അതിനു തെളിവായി അവൻ ചൂണ്ടി കാണിക്കുന്നു.)

പുനഃസൃഷ്ടി  പ്രഥമ  കർത്തവ്യം  ആയ മനുഷ്യന്റെ ലൈംഗികതയിലും എല്ലാകാലത്തും ആസ്വാദനം പരമ പ്രധാനമായ ഒരു ഭാഗമായി തുടർന്നിരുന്നു എന്ന് വിശ്വസിക്കുന്നതിൽ വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു.  ആ ആസ്വാദനത്തിലേക്കുള്ള ആകർഷണം ആകണം നമ്മെ സൃഷ്ടിപരരാക്കിയത്.  പുരുഷനെ സംബന്ധിച്ചു വെറും ആസ്വാദനം എന്ന ഒരു പരിധിക്കുള്ളിൽ മാത്രം നില നിന്ന ഇത്, സ്ത്രീയെ സംബന്ധിച്ചു ആസ്വാദനം എന്ന ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കടന്നു ഒരു വേദനയിലൂടെ കടന്നു പോകേണ്ട ഗതികേടിലേക്കു അവളെ എടുത്തെറിഞ്ഞു.  (ഗതികേട് എന്ന വാക്കു ഉപയോഗിക്കുന്നതിൽ പലർക്കും എതിർപ്പ് ഉണ്ടാകും എന്ന് എനിക്ക് അറിയാം.  പക്ഷെ ഇന്ന് എത്രയോ സ്ത്രീകൾ ഈ വേദന ഒഴിവാക്കാൻ തത്രപ്പെടുന്നു എന്നുള്ള കാര്യത്തിൽ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്).

പുനഃസൃഷ്ടി എന്ന പ്രഥമ കര്മ്മം,  അപ്രസക്തമാകുമ്പോൾ,   ആസ്വാദനം എന്ന ദ്വിതീയ കർമം പാരമ്യത്തിൽ എത്തും എന്നുള്ളത് ലൈംഗികതയുടെ  സ്വാഭാവികമായ ഒരു പരിണാമം ആയി ഞാൻ കണക്കാക്കുന്നു. അത് അങ്ങനെ തന്നെ ആണെന്ന് മനസ്സിലാക്കാൻ വലിയ തെളിവുകൾ ഒന്നും ആവശ്യമില്ല താനും.  പുനഃസൃഷ്ടി ഒരു മൂന്നാം കിട ജോലിയായി എന്ന് മനുഷ്യൻ കണക്കാക്കി തുടങ്ങുന്നുവോ,  അന്ന് ആസ്വാദനം, ഒരു ഒന്നാം കിട ജോലിയുടെ നിലയിലേക്ക് ഉയർന്നു വരും എന്നും ഇതേ  യുക്തിയിലൂടെ ഞാൻ മനസ്സിലാക്കുന്നു.  അതിനും  വേണ്ടുവോളം തെളിവുകൾ നമുക്ക് ചുറ്റും ഉണ്ട്.  ഒരു ഒന്നാം കിട ജോലി എന്ന നിലയിലുള്ള ലൈംഗികതയുടെ വളർച്ചക്ക് വിലങ്ങു തടിയായി നിൽക്കുന്നത് കാലാ കാലങ്ങളായി നാം കൊണ്ട് നടക്കുന്ന സദാചാര സങ്കൽപ്പങ്ങൾ ആണ്.  പക്ഷെ സമ്പത്തു,  ഭോഗ തൃഷ്ണ എന്നിവ പാരമ്യത്തിൽ വിളയാടുന്ന  ഒരു സമൂഹത്തിൽ അത്തരം സങ്കല്പങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ് എന്ന് പറയാതെ നിവൃത്തിയില്ല.  വേശ്യാ വൃത്തി ഒരു നല്ല തൊഴിലായി അംഗീകരിക്കപ്പെടാനുള്ള  സാധ്യത കൂടി കൂടി വരികയാണ് എന്ന് അർഥം.  സാധാരണ മനുഷ്യന് ചാരിത്ര്യ സങ്കല്പത്തിലുള്ള വിശ്വാസ കുറവ് ഒറ്റയടിക്ക് വന്നു ചേരണം എന്നില്ല.  അധികരിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങളോ,  കൂടെ കൂടെ ഉള്ള വിവാഹ മോചനങ്ങളോ (ഇവിടെ അത് ഒരു രീതി ആയി വളർന്നിട്ടില്ല.  പക്ഷെ വിദേശങ്ങളിൽ അത് ഒരു സാധാരണ സംഭവം പോലെ ആയി തീർന്നിരിക്കുന്നു )  അത്തരം ഒരു ചിന്ത മനുഷ്യനിൽ ഉത്ഭവിപ്പിക്കാൻ സാധ്യത ഏറെ ആണ്.  അടിക്കടിയുള്ള വിവാഹ മോചനകളുടെയും, വേശ്യാവൃത്തിയുടെയും അതിർത്തിരേഖ അതി ലോലമാണ് എന്ന് ഒരു സാധാരണ മനുഷ്യൻ മനസ്സിലാക്കി പോയെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല 

Thursday, 15 September 2016

നമ്മിലെ ക്രൂരതകൾ

പ്രതികാര  മനോഭാവം എല്ലാവരിലും കുടി കൊള്ളുന്നതായി കൊലപാതകങ്ങളെ കുറിച്ച് എഴുതിയ ഒരു പുസ്തകത്തിൽ വായിച്ചതായി ഓർക്കുന്നു.  ഈ ഒരു കാരണം കൊണ്ടായിരിക്കണം,  ലോകത്തുള്ള മഹത്തായ വിപ്ലവങ്ങൾ പലതും കൂട്ട കൊലകളിൽ അവസാനിച്ചത്.  ചില നേരങ്ങളിൽ നമ്മുടെ എതിരാളികളെ ഇല്ലായ്മ ചെയ്യണം എന്നുള്ള വിചാരം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്നതും,  നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത ചില കാരണങ്ങൾ കൊണ്ട് അവ നമ്മുടെ മനസ്സിൽ തന്നെ അടിച്ചമർത്ത പ്പെട്ടു പോകുന്നതും നാം അറിയുന്നതാണ്.  കൊല ചെയ്യണം എന്നുള്ള വിചാരം മനസ്സിൽ കൊണ്ട് നടക്കുന്നവനും (പക്ഷെ കൊല ചെയാത്തവനും) ശരിക്കും കൊലയിൽ ഏർപ്പെടുന്നവനും തമ്മിലുള്ള വ്യത്യാസം എന്താണ്.  ആദ്യം പറഞ്ഞവൻ സാഹചര്യങ്ങൾ ഒത്തു വന്നാലോ, അല്ലെങ്കിൽ, തന്റെ പ്രവർത്തികൊണ്ടു തനിക്കു ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞാലോ  ആ പ്രവർത്തിയിൽ മുഴുകാൻ സാധ്യത ഉണ്ടോ എന്ന് കൂടെ നാം ചിന്തിച്ചു നോക്കേണ്ടതാണ്.  നമ്മളൊക്കെയും ജീവിക്കുന്നത്,  നമ്മിൽ ഉണ്ടെന്നു നാം വിശ്വസിക്കുന്ന സ്വന്തം നന്മയെ കുറിച്ചുള്ള ബോധം, പരീക്ഷിക്കപ്പെടാത്ത ഒരു ലോകത്താണ് എന്ന് നാം മനസ്സിലാക്കണം. ഒരു പരീക്ഷണ വേദിയിൽ നാം എടുത്തു എറിയപ്പെടുമ്പോൾ മാത്രമേ നാം നമ്മുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് അറിയുകയുള്ളൂ .  അത് കൊണ്ടാണ് ഉത്തമ കുടുംബ ജീവിതം നയിക്കുന്ന ശാന്തനായ ഒരു മനുഷ്യൻ ഒരു ലഹള സ്ഥലത്തു സ്ത്രീ പീഡകൻ ആയി പരിണമിക്കുന്നത്.  അയാൾ ഉള്ളിൽ അങ്ങനെ ആയിരുന്നു എന്നുള്ള സത്യം അയാൾ അറിയാതെ പോയത് മാത്രമാണ്.  അത് അറിയാനുള്ള സാഹചര്യം അദ്ദേഹത്തിന് തന്റെ നിത്യ ജീവിതത്തിൽ തരപ്പെട്ടു വന്നില്ല എന്നതാണ് സത്യം.   കൈക്കൂലിക്ക് എതിരെ മുദ്രാവാക്യം വിളിച്ചു നടന്നവർ , ആപ്പീസ് തൊഴിലാളികൾ ആയപ്പോൾ, കൈക്കൂലിയിൽ മുങ്ങി കുളിച്ചു നടക്കുന്നത് നിങ്ങൾ നേരിട്ട് കാണുന്നതും ഏതാണ്ട് അത് പോലെ തന്നെ ആണ്.

ഇതൊക്കെയും നമ്മോടു ആവശ്യപ്പെടുന്നത്  ക്രൂരതയെ  കുറിച്ചുള്ള പുതിയ ഒരു നിർവചനത്തിന്റെ  ആവശ്യകതയെ കുറിച്ചാണ്. എന്താണ് ക്രൂരത . നാം ചെയ്യുന്നത് മാത്രമാണോ.  നാം ചെയ്യാതെ മനസ്സിൽ അടിച്ചമർത്തിയ ക്രൂരത  കുറ്റമാകുമോ.  അങ്ങനെ തന്നെ നാം വിചാരിക്കണം എന്നാണു ഞാൻ പറയുന്നത്.  കാരണം നമ്മുടെ ചുറ്റുമുള്ള പരിതഃസ്ഥിതികൾ ചലനാത്മകമാണ്.  ഏതു നിമിഷവും നാം ഒരു ആത്യന്തിക പരിതഃസ്ഥിതിയിലേക്കു എടുത്തു എറിയപ്പെട്ടേക്കാം.  എന്റെ സഹോദരി അല്ലാത്ത എന്റെ സഹോദരി ഏതു കവലയിലും വച്ച് എന്റെ മുന്നിൽ നിസ്സഹായയായി കരഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ടേക്കാം.  അവൾ നിസ്സഹായയാണ് എന്നും,  അവളോട് താൻ ചെയ്യുന്നത് എന്തും, ഒരു പുസ്തകത്തിലും രേഖ പെടുത്തുക ഇല്ല എന്നും, അതിനു അവൾ പോലും ഈ ലോകത്തു ബാക്കി കാണില്ല എന്നും ഉള്ള കാര്യങ്ങൾ ഞാൻ മനസ്സിലാക്കി എങ്കിൽ, എന്റെ പ്രതികരണം എന്റെ മാത്രം നിയന്ത്രണത്തിൽ ആകുന്ന ഒരു പ്രത്യേക സ്ഥിതി വിശേഷം ആയിരിക്കും അവിടെ ഉത്ഭവിക്കുക ..  ആ നേരത്തു നന്മയുടെ പര്യായമായ ഞാൻ,  ഞാൻ തന്നെ ആയി തുടരും എന്ന് നാം ഓരോരുത്തരും ആയിരം പ്രാവശ്യം നമ്മുടെ മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം.  ആ ബോധം എല്ലായിടത്തും ഒരു ശാപം പോലെ നമ്മെ പിന്തുടർന്ന് കൊണ്ട് ഇരിക്കണം.  അപ്പോൾ നാം നമ്മുടെ മനസ്സിൽ നിന്ന് നശിപ്പിക്കേണ്ടത്  ക്രൂരതയെ കുറിച്ചുള്ള അത്തരം ഒരു ചിന്തയെ പോലും ആണ്.  ഇത് നിങ്ങള്ക്ക് കഴിയില്ല എന്ന് നിങ്ങൾ വിചാരിക്കരുത്.  വെറുതെ ഒരു നിമിഷം ആ സ്ത്രീ നിന്റെ അമ്മയാണ് എന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ നിന്റെ പ്രതികരണം എന്തായിരിക്കും.  ഇപ്പോൾ ഞാൻ പറഞ്ഞതിലെ യുക്തി നിങ്ങള്ക്ക് മനസ്സിലായി കാണും.

നൃശംസത ഉച്ചാടനം ചെയ്യപ്പെടേണ്ടത് പ്രവർത്തിയിൽ നിന്ന്  മാത്രമല്ല.  നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ നിന്ന് കൂടിയാണ് 

Sunday, 11 September 2016

FB NOTES

 1. why our attitude towards our sister and our neighbor girl differs. is it the dress code of our sister that saves her

2. what is measuring? really, it is a comparison of one thing with another thing. if one day the whole world with all it's objects have shrunk  to half it's size, we may not be able to understand it.

3.ലോകത്തു ചിലപ്പോൾ ഒരു സൂര്യൻ മാത്രമേ ഉണ്ടാകുകയുള്ളൂ .  നാമിന്നു കാണുന്ന കോടാനു കോടി നക്ഷത്രങ്ങൾ ഒക്കെയും അതിന്റെ പ്രതിബിംബങ്ങൾ മാത്രമാകാം.

4.ബാലാട്ടാ മാനഭംഗത്തിന് വധ ശിക്ഷ തന്നെ നൽകണം.

കൂട്ട മാനഭംഗം ഫ്രീ ആണോ 

5. ചിലര്‍ക്ക് പട്ടിയെ ഇഷ്ടമാണ്, ചിലര്‍ക്ക് കോഴിയെയും . പക്ഷെ ഈ രണ്ടു ഇഷ്ടങ്ങളും രണ്ടു തരത്തിലുള്ളതാണ്

6.  
ആണും പെണ്ണും ഒന്നിച്ചു നടക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കൂടെ കരുതണം. അല്ലെങ്കിൽ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

മുഷിഞ്ഞ വസ്ത്രം ധരിച്ചവർ സ്വന്തം കുട്ടികളെ കൂടെ കൊണ്ടു പോകുന്നു എങ്കിൽ അത് സ്വന്തം കുട്ടിയാണ് എന്നുള്ളതിന് തെളിവുകൾ കയ്യിൽ കരുതണം. 

ആരും വഴിതെറ്റാതിരിക്കാൻ 
ആരും അപകടപ്പെടാതിരിക്കാൻ 
നാം ശ്രദ്ധിച്ചു കൊണ്ടെ ഇരിക്കണം.

7
നമ്മളൊക്കെ വീട്ടില് ഗസ്റ്റ് വന്നാൽ അയാളെ ഓടിക്കാൻ വേണ്ടി, 'ഇതാ ഇപ്പോൾ ചായ എടുക്കും' എന്ന് പറഞ്ഞു ഭീഷണി പെടുത്തും. അതിൽ വീഴാത്ത ഗസ്റ്റുകൾ കുറവാണ്.

8.
ജീവിത സൌകര്യങ്ങൾ വർധിക്കുമ്പോൾ നിങ്ങൾ ദൈവത്തെ മറന്നു പോകും. അത് അറിയുന്നത് കൊണ്ടാണ് നമ്മള് പെട്രോളിന് വില കുറക്കാത്തത്

9 .
ചിലർക്ക് ഇറച്ചി കാണുമ്പോൾ വിശപ്പാണ്. ചിലർക്ക് ദാഹവും. അതെന്താ അങ്ങനെ.

10.  മകൻ ----അച്ഛാ ഏതോ ഒരു ഗുണ്ട സിനിമയിൽ അഭിനയിച്ചത്രേ.

അച്ഛൻ ---അതിനല്ലെടാ ഗുണ്ടാ ആക്ട്‌ എന്ന് പറയുന്നത്

11. ഒരുത്തൻ ഹെൽമറ്റ് അണിഞ്ഞു വണ്ടി ഓടിക്കേണ്ടത് അവന്റെയോ അവന്റെ വീട്ടുക്കാരുടെയോ മാത്രം ആവശ്യമല്ല, നമ്മൾ നാട്ടുകാരുടെയും ആവശ്യമാണ്‌, കാരണം, അവൻ തല പൊളിഞ്ഞ് ചത്തുപോയാൽ അവന്റെ കുടുംബത്തിനു കൊടുക്കേണ്ട ഇൻഷുരൻസ് നമ്മളെ പോലെയുള്ള നാട്ടുകാരുടെ കീശയിൽ നിന്നാണ് പോകുന്നത്.

12. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് അമിത വേഗത കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത് കൊണ്ടു എന്റെ അഭിപ്രായത്തിൽ റോഡപകടങ്ങൾ കുറക്കാനുള്ള ഏറ്റവും പ്രായോഗികമായ പരിപാടി, റോഡുകൾ കുഴികളായി നില നിർത്തി വാഹനങ്ങളുടെ വേഗത കുറയ്ക്കുക എന്നുള്ളതാണ്. ഇത്രയും നാൾ നാം ചെയ്തു കൊണ്ടിരുന്നതും അത് തന്നെ ആയിരുന്നല്ലോ

13. 

Saturday, 10 September 2016

facebook notes 2

1.  എല്ലാവരും തന്നിലെ തെറ്റ് വച്ച് കൊണ്ട് മറ്റുള്ളവരിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ടേ ഇരിക്കണം. താൻ നന്നായില്ലെങ്കിലും, മറ്റുള്ളവര് നന്നാകും എന്നുള്ള ഒരു ഗുണം എങ്കിലും അതിൽ ഉണ്ട്. എല്ലാവരും അങ്ങനെ ആയാൽ ഞാനും നന്നായി പോകും . ഇനി അതിൽ നിങ്ങള്ക്ക് കുറ്റബോധം തോന്നുന്നു എങ്കിൽ, തന്നെ നോക്കി തന്നിലെ കുറ്റം ചൂണ്ടി കാണിച്ചു തന്നെ തന്നെ തെറി വിളിച്ചു കൊണ്ട്പരിപാടി ആരംഭിക്കുക

2.ഞാൻ അടങ്ങുന്ന ഒരു കൂട്ടം, നീ അടങ്ങുന്ന ഒരു കൂട്ടത്തിൽ നിന്ന് പല രീതിയിലും വ്യത്യാസപ്പെട്ടു കിടക്കും. അത് ഒരു കൂട്ടം ആകണം എന്നു തന്നെ ഇല്ല. വ്യക്തികള് പോലും അങ്ങനെ ആണ്. അത് നാം ഒരു തിന്മയായി കണക്കാക്കുന്നതിൽ വലിയ അർത്ഥമില്ല. പക്ഷെ എന്റെ കൂട്ടം നിന്നിൽ നിന്ന് എത്രയോ ഉയരത്തിൽ ആണ് എന്നുള്ള ധാർഷ്ട്യം ഉത്ഭവിക്കുമ്പോൾ അതിൽ തിന്മ കടന്നു കൂടുന്നു. ജാതികൾ അല്ല തിന്മ. ജാതികളിലെ ഉച്ച നീചത്വം ആണ്. ഒരാള് കറുത്തവൻ ആകുന്നതു തിന്മ അല്ല. പക്ഷെ നിന്റെ കറുപ്പ്, എന്റെ വെളുപ്പിനേക്കാൾ നീചമാണ് എന്നു വിചാരിക്കുന്നതാണ് തിന്മ.

3. ഞാൻ എന്റെ എതിരാളിയുടെ അഴിമതി കണ്ടെത്തി അവനെ ശിക്ഷിച്ചാൽ മാത്രം നാട് പകുതി നന്നായി. ഇനി എനിക്ക് ശേഷം വരുന്ന എന്റെ എതിരാളി എന്റെ അഴിമതി കണ്ടെത്തി എന്നെ ശിക്ഷിച്ചാൽ നാട് നൂറു ശതമാനം നന്നായി. എന്താ അത് പോരെ.

4. വധ ശിക്ഷയെ എതിർക്കുന്നവർ  എത്രയോ.  അവരെയും എതിർക്കുന്നവർ അതിലും എത്രയോ.  പക്ഷെ ഈ രണ്ടാമത് പറഞ്ഞവർ ആരും,  നാട്ടില് നടക്കുന്ന ലക്ഷക്കണിക്കിന് കൊലയ്ക്കു ഉത്തരവാദികൾ  ആയവര് ഭൂരി ഭാഗവും വധ ശിക്ഷക്ക് വിധിക്കപ്പെടുന്നില്ല എന്നുള്ള കാര്യം  അറിയുന്നില്ല എന്നു തോന്നുന്നു.  ഇവിടെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഓരോ ആളുടെയും കുടുംബ പാശ്ചാത്തലം നാം അന്വേഷിച്ചു നോക്കുക എങ്കിലും ചെയ്യേണ്ടതാണ്.

5. 

facebook notes 1

1.

പണ്ട് കണ്ട ഒരു മിമിക്രി ആണ് ഇപ്പോൾ ഓർമ്മ വരുന്നത്.  ക്ഷമക്ക്  ഒന്നാം സമ്മാനം കിട്ടിയ ഒരാളുടെ ക്ഷമ പരീക്ഷിക്കാൻ വേണ്ടി, ഒരാള് പല പല വൃത്തി കെട്ട ചോദ്യങ്ങളും ചോദിക്കുന്നു. അതിനൊക്കെ നമ്മുടെ ക്ഷമക്കാരൻ ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്നു.  അങ്ങനെ ചോദ്യങ്ങൾ കൂടി വന്നപ്പോൾ ഒരു പ്രത്യേക ഘട്ടത്തിൽ നമ്മുടെ ക്ഷമക്കാരന്റെ ക്ഷമ നഷ്ടപ്പെട്ടു അയാള് ചോദ്യ കർത്താവിനെ പൊതിരെ തെറി വിളിക്കുന്നു.

ചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കേണ്ട  വിഷയം ആണ് ഇത്. നമ്മള് പലരും  മുഖം മൂടി അണിഞ്ഞിരിക്കയാൽ,  നമ്മുടെ യഥാർത്ഥ മുഖം എന്തെന്ന് നമ്മളാരും  അറിയുന്നില്ല. കാണുന്നില്ല. നിങ്ങൾ നമ്മുടെ യഥാർത്ഥ മുഖം നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പാകത്തിലുള്ള ചോദ്യങ്ങൾ ഒന്നും നിങ്ങൾ നമ്മോടു ചോദിക്കുന്നില്ല. അത്രയും കാലം നാം നിങ്ങളുടെ മുന്നിൽ മാന്യനാണ്.   മഹാനാണ്.  അനുകരണ യോഗ്യനായ മനുഷ്യനാണ്.  പക്ഷെ എന്നെങ്കിലും ഒരിക്കൽ ചോദ്യ കർത്താവായ നിങ്ങൾ പരിധി കടക്കുന്നുവോ, നേരം എന്റെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു  വീഴുന്നു.  സ്ത്രീകളെ മുഴുവൻ 'അമ്മ എന്ന് അഭിസംബോധന ചെയ്ത ഞാൻ ലഹളക്കിടയിൽ എന്റെ സഹോദരിയെ പീഡിപ്പിക്കുന്നു.    അഴിമതിയെ നഖ ശിഖാന്തം  എതിർത്ത ഞാൻ അതിനുള്ള സാഹചര്യം വന്നപ്പോൾ അതിൽ മുങ്ങി കുളിക്കുന്നു.

പുറം മോടിയിൽ വിശ്വസിക്കാതിരിക്കുക.  നിങ്ങൾ ആരാണ് എന്ന് നിങ്ങൾ പോലും അറിയുന്നത് ചില ആത്യന്തിക പരിതഃസ്ഥിതികളിൽ നിങ്ങൾ എടുത്തു എറിയപ്പെടുമ്പോൾ മാത്രമാണ്.


2.

എന്താ ബാലാട്ടാ നിങ്ങള് വീട്ടിന്റെ മുന്നിൽ കുപ്പായം ഇടാത്ത ഒരു പെണ്ണിന്റെ ഫോട്ടോ വച്ചതു.
നഗ്നതയിൽ അഭിരമിക്കുന്നവൻ അവിടെ തന്നെ നിന്നാൽ മതി. അവൻ അകത്തോട്ടു കയറേണ്ട എന്ന് വിചാരിച്ചിട്ടാ.
എന്നാൽ രണ്ട് കുപ്പി ബ്രാണ്ടി കൂടെ അവിടെ വച്ച് കൂടായിരുന്നോ.
അതെന്തിനാ.
മദ്യത്തിൽ അഭിരമിക്കുന്നവൻ അവിടെ തന്നെ നിന്നാൽ മതി, അകത്തേക്ക് കയറേണ്ട എന്നത് കൊണ്ട്. നിങ്ങള് മദ്യപാനികളെ തീരെ വെറുക്കുന്നവൻ അല്ലെ.


3.

ഒരു പരിധിവരെ കാഴ്ചയുടെ ആഹ്ലാദം നശിപ്പിച്ചത് കാമറ ആണ്. കാമറ കണ്ട് പിടിക്കുന്നതിനു മുൻപ് മനുഷ്യൻ എല്ലാം കാണുകയായിരുന്നു. അവനു വേറെ വഴിയില്ലായിരുന്നു . അവൻ എല്ലാം കൺ കുളിർക്കെ കണ്ടു. കാമറ വന്നതോടെ അവൻ തന്റെ കണ്ണ് കൊണ്ട് കാണുന്നത് ഒരു പരിധി വരെ നിർത്തി. ത്രിമാന വസ്തുവിനെ ദ്വിമാനമായി പരിവർത്തന പ്പെടുത്തി കാണുന്നതിൽ അവൻ ആഹ്ലാദം കണ്ടെത്തി. കാഴ്ച ഇനി അങ്ങോട്ട് കാഴ്ച അല്ലാതായി തീർന്നു. ദൃശ്യങ്ങൾ അവന്റെ പുസ്തകത്തിലെ ദ്വിമാന ചിത്രങ്ങൾ എന്ന സ്വത്തുക്കൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. നമ്മൾ പ്രകൃതിയെ പിടിച്ചെടുത്തു സ്വന്തം ആക്കി . ഇംഗ്ളീഷിൽ നാം പറയുന്നതും captured photo എന്ന് തന്നെ അല്ലെ.


4

ഒരു കമ്മ്യൂണിസ്റ്റ്കാരൻ, കമ്മ്യൂണിസ്റ്റ്തത്വ ചിന്തകളിൽ നിന്ന് അകന്നു പോകുന്നതിനോട് മാത്രമേ നമുക്ക് പ്രതിഷേധമുള്ളൂ. ഒരു മത വിശ്വാസി അവന്റെ മത തത്വ ചിന്തകളിൽ നിന്ന് പണ്ടെ അകന്നു പോയി എന്നുള്ള കാര്യം ആരും പരിഗണിക്കുന്നു കൂടി ഇല്ല. മതങ്ങൾ പരാജയ പ്പെട്ടു പോയതിൽ നമ്മൾ വ്യാകുല പ്പെടുന്നില്ല എന്നും, പക്ഷെ കമ്മ്യൂണിസം പരാജയപ്പെടുന്നത് നമുക്ക് സഹിക്കാൻ കഴിയുന്നില്ല എന്നുമല്ലേ അതിന്റെ അർഥം

5

നിങ്ങള് അമ്പലങ്ങളിലെ ശയനം പ്രദർശനം കണ്ടിട്ടുണ്ടോ. കൊടുങ്ങല്ലൂർ ഭരണി കണ്ടിട്ടുണ്ടോ. തെയ്യങ്ങൾ ഉറഞ്ഞു തുള്ളുന്നത് കണ്ടിട്ടുണ്ടോ
ഇനി നിങ്ങൾ പ്രാർത്ഥനാ ചികിത്സ കണ്ട് നോക്കൂ


6

happy onam

നേരിട്ട് ചോദിച്ചാൽ ഞാൻ തരുമായിരുന്നല്ലോ
അതിനു നീ ഇത്ര മാത്രം ചെറുതാകേണ്ട കാര്യമുണ്ടായിരുന്നോ.


7

എടാ ചാത്തൂ നീ എന്താ അവിടെ കംപ്യൂട്ടറിനു മുന്നിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
ഞാൻ ഇന്നത്തേക്ക് വേണ്ട മീൻ ഡൌൺ ലോഡ് ചെയ്യുകയാ


8

ആചാരങ്ങൾ ഇല്ലാതാകുന്നില്ല. മാറുക മാത്രമേ ചെയ്യുന്നുള്ളൂ. നമ്മളുടെ ചെറുപ്പ കാലത്തു, ആൺ കുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ എത്രയോ പെൺ കുട്ടികൾക്ക് അടി കൊണ്ടിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. ഇന്ന് അങ്ങനെ ചെയ്താൽ എനിക്ക് എന്റെ മകളെ അടിക്കാൻ പറ്റുമോ. അന്ന് ആരെയെങ്കിലും ചുംബിക്കുന്നതിലും വലിയ പാപം തന്തക്കു പിറക്കാത്ത കുട്ടി ആയിരുന്നു എന്ന് അറിയാമല്ലോ. പക്ഷെ ഇന്ന് ആർട്ടിഫിഷ്യൽ ഇൻ സെമിനേഷനിലൂടെ നാം അത് ഒരു രീതി ആയി വളർത്തി എടുത്തിരിക്കുന്നു. നിങ്ങള്ക്ക് അതിനെ എതിർക്കാൻ പറ്റുമോ. ഇതൊക്കെ ആദ്യം കേൾക്കുമ്പോൾ ഉള്ള ഞെട്ടൽ കുറെ കഴിയുമ്പോൾ ഇല്ലാതാകും. കുപ്പായം ഇടാതെ നടക്കുന്നതിനെ അറപ്പോടെ നോക്കുന്ന ഒരു മനുഷ്യന് , തന്റെ ഭാര്യ, ഓപ്പറേഷൻ സമയത്തു ഡോക്ടറുടെ മുന്നിൽ നഗ്നയായി കിടക്കുന്നതിനെ എതിർക്കാൻ പറ്റുമോ. പക്ഷെ അത് കൊണ്ട് ഓപ്പറേഷൻ വേണ്ട എന്ന് വെക്കുന്നവരെയും ഇന്ന് കാണാം

9

പാഷൻ ഓഫ് ജോൺ ഓഫ് ആർക്, വിച്ചസ് ഹാമർ എന്നീ സിനിമകൾ കണ്ടപ്പോൾ തോന്നിയത്, എതിരാളികളെ ഒതുക്കാൻ, രാക്ഷസൻ എന്ന പേര് പോലെ ദുര്മന്ത്രവാദിനി എന്ന പേരും ഉപയോഗിക്കാമെന്നാണ്. ടോർച്ചർ അന്നത്തെ ഒരു രീതി ആയിരുന്നു. അടിച്ചു പറയിക്കുക എന്ന രീതി. ആദ്യം അവൾ സത്യം പറയുമ്പോൾ, പീഡനക്കാരൻ പറയുന്നത് ഇങ്ങനെ ആണ്. 'ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് അവളല്ല. അവളിൽ കുട്ടി കൊള്ളുന്ന പിശാചാണ്. അത് വിശ്വസിക്കരുത്. കൂടുതൽ താഡിച്ചു കൊണ്ട് അവളുടെ ഉള്ളിൽ കുടി കൊള്ളുന്ന പിശാചിനെ കൊണ്ട് സത്യം പറയിക്കണം എന്ന്. താഡനം ഏറ്റു തളർന്ന സ്ത്രീ ഒടുവിൽ പറയുന്നു, തന്നെ പിശാച് ബാധിച്ചു എന്നുള്ളത് സത്യം തന്നെ എന്ന്. തീയിൽ ചുട്ടു കൊല്ലുക എന്നുള്ളതായിരുന്നു അന്നത്തെ രീതി. (സിനിമയിൽ കണ്ടത്)

10

ദൈവത്തിന്റെ കഴിവുകളിൽ വിശ്വാസം ഇല്ലാത്തവൻ എന്തിനാണ് അമ്പലത്തിൽ പോകുന്നത്.
ദൈവത്തിന്റെ കഴിവുകളിൽ വിശ്വാസം ഉള്ളവൻ എന്തിനാണ് അമ്പലത്തിൽ പോകുന്നത്.