Wednesday, 23 August 2017

ജൈവ രാസ തർക്കങ്ങൾ

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാനമായ ഒരു പ്രശ്നം ഭക്ഷണത്തിന്റേതു തന്നെ ആണ്.  എത്രയോ കോടികൾ ഭക്ഷണം ഇല്ലാതെ അലയുന്നു.  ഇന്ത്യയിൽ പട്ടിണിക്കാരുടെ എണ്ണം ഏകദേശം ഇരുപതു കോടിയോളം വരും എന്ന് പല ഇടങ്ങളിലും വായിച്ചിട്ടുണ്ട്.  ഇതിനു ആകെ ഉള്ള പ്രതിവിധി കൃഷി ഒരു ജീവിത രീതി ആക്കാൻ ജനതയെ നിർബന്ധിക്കുക എന്നുള്ളതാണ്.  ഇന്ന് കേരളക്കാരായ നമ്മള് വല്ലതും കഴിച്ചു ജീവിച്ചു പോകുന്നത്,  അന്യ സംസ്ഥാനങ്ങളിൽ കൃഷി ഉള്ളത് കൊണ്ട് മാത്രമാണ്.  പലപ്പോഴും അവിടെ ഉള്ളവർ പട്ടിണി കിടന്നു കൊണ്ടാണ് നമ്മെ ഊട്ടുന്നതു.  അതിന്റെ സാമ്പത്തിക ശാസ്ത്രം എന്തെന്ന് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

കേരളത്തിൽ ഉടനീളം തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ നാം ഒരു കാര്യം അറിയും.  തീവണ്ടി ചാലുകൾക്കു സമാന്തരമായി എത്രയോ പാടങ്ങൾ കൃഷി ചെയ്യപ്പെടാതെ തരിശായി കിടക്കുന്നതു.  എന്ത് കൊണ്ട് അവ അങ്ങനെ കിടക്കുന്നു എന്നതിനെ കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല.  കടയിൽ നിന്ന് പണം കൊടുത്താൽ അരി കിട്ടുമെങ്കിൽ നമ്മൾ അത്തരം വേണ്ടാത്ത ചിന്തകൾ മനസ്സിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല.  പക്ഷെ വെള്ളം സുലഭമായ നമുക്ക് കൃഷി ചെയ്യാതെ മറ്റൊരിടത്തു നിന്ന് നമുക്ക് വേണ്ട ഭക്ഷണങ്ങൾ,  ഇവിടെ അവ ഉത്പാദിപ്പിക്കാൻ വേണ്ടതിനേക്കാൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു എന്നത് ഇതിന്റെ അടിയിൽ വിളങ്ങുന്ന പരമാർത്ഥം ആണെന്ന്  നാം അറിഞ്ഞിരിക്കണം.  എങ്ങനെയോ സൃഷ്ടിക്കപ്പെട്ട ആ ചുറ്റുപാടാണ് ഇവിടെ കൃഷിയെ ഇല്ലാതാക്കിയത്.  കൃഷി ഭൂമിയെ വീടുകളോ,  ചിലവയെ,  തെങ്ങിൻ തോപ്പുകളോ ആക്കി തീർത്തത്.  ഇതിനു ഒരു പരിഹാരം ഉടനടി കണ്ടെത്തിയില്ല എങ്കിൽ നമ്മൾ ഒരു വലിയ ആപത്തിലേക്ക് എടുത്തു എറിയപ്പെടും എന്നുള്ള സത്യം നാം ഇത്തരുണത്തിൽ അറിയണം.

ഇവിടെ തർക്കം ഉണ്ടാകുന്നത് രാസ കൃഷി വേണോ ജൈവ കൃഷി വേണോ എന്നതിനെ കുറിച്ചാണ്.  ഈ തർക്കത്തിനിടയിൽ നാം മറന്നു പോകുന്നത്,  ഇന്ന് കേരളത്തിൽ ഗണ്യമായ ഒരു വിഭാഗത്തെ കൃഷി എന്ന വികാരം ഉൾക്കൊള്ളാൻ സഹായിച്ചത്,  ഈ പറഞ്ഞ ജൈവ കൃഷിയുടെ ഉപദേശകർ ആയിരുന്നു എന്ന കാര്യമാണ് .  ഒരിക്കലും കൃഷി ചെയ്യാൻ മിനക്കിടാതിരുന്ന ഞാൻ , വെറും അഞ്ചു സെന്റ്‌ ഭൂമിയുടെ മാത്രം അധിപൻ ആയിരുന്ന ഞാൻ കഴിഞ്ഞ വര്ഷം ഉത്പാദിപ്പിച്ച പച്ചക്കറികളുടെ  ഏകദേശ കണക്കു ഞാൻ ഇവിടെ ചേർക്കാം.  മൂന്നു കിലോ തക്കാളി,  രണ്ട് കിലോ വഴുതന,  രണ്ട് കിലോ പച്ച മുളക്,  ഒരു കിലോ കാന്താരി മുളക്, നാല് കിലോ വേണ്ട . ഇത്ര മാത്രം.  വളരെ തുച്ഛമായ കൃഷി.  ഇന്ന് ജൈവ കൃഷി അശാസ്ത്രീയമാണ് എന്ന് പറഞ്ഞു നടക്കുന്നവർ ആരും അറിയില്ല ഞാനോ എന്റെ അയൽക്കാരിയോ,  ജീവിതത്തിൽ ഇന്ന് വരെ ഒരു തക്കാളി പോലും കൃഷി ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന കാര്യം.  അതിനു നമ്മെ പ്രേരിപ്പിച്ചത് ഞാൻ മേലെ പറഞ്ഞ ജൈവ കൃഷി ഉപദേശകരുടെ ഇടപെടലുകൾ മാത്രമായിരുന്നു.  അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്.  രാസ കൃഷിയുടെ ഉപാസകർക്കു തങ്ങളുടെ കൃഷി പ്രാവർത്തികമാക്കാൻ ഇന്നും എത്രയോ കാലി സ്ഥലങ്ങൾ കേരളത്തിൽ ഉടനീളം ഉണ്ട്.  പോരാത്തതിന് അവരുടെ വീടുകളും ഉണ്ട്.  അവിടെ ഒക്കെയും അവർക്കു തങ്ങളുടെ സിദ്ദാന്തം പ്രായോഗികമാക്കാവുന്നതാണ്.   അങ്ങനെയും കുറെ തരിശു ഭൂമികളിൽ കൃഷി ഒരു വികാരമായി പടരട്ടെ.   അങ്ങനെയും നമുക്ക് കുറെ ഏറെ തക്കാളികളും,  വെണ്ടകളും ,  പാവക്കയും ഒക്കെ കിട്ടട്ടെ.  അങ്ങനെ കേരളത്തിലെ ഭൂരി ഭാഗം കാലി സ്ഥലങ്ങളിലും കൃഷി ഇറക്കിയതിനു ശേഷം പോരെ ,  ഈ രാസ ജൈവ തർക്കങ്ങൾ.  പിന്നെ ഒന്ന് കൂടെ, ഇന്ന് ജൈവ കൃഷി നടത്തുന്ന ഇടങ്ങളെ രാസ കൃഷി ഇടങ്ങൾ ആക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.  രാസ കൃഷി ഇടങ്ങളെ ജൈവ കൃഷി ഇടങ്ങൾ ആകാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.  അത് വിദഗ്ധരോട് ചോദിച്ചു നോക്കുക

No comments:

Post a Comment