Tuesday, 29 August 2017

മാനസിക വൈകല്യങ്ങൾ ?

ഒരിക്കൽ ബാലാട്ടൻ എന്നോട് വിചിത്രമായ ഒരു സംഭവം പറഞ്ഞു.  ബാലാട്ടൻ പങ്കെടുത്ത ഏതോ ഒരു ബിഹേവിയർ സയൻസ് ക്ലാസിലെ അദ്ധ്യാപകൻ കുട്ടികളോടായി ഇങ്ങനെ പറഞ്ഞു.  നിങൾ ഇപ്പോൾ ഈ മുറിയിൽ വച്ച്,  നിങ്ങളുടെ ജീവിതത്തിലെ രഹസ്യങ്ങളായ ചില കാര്യങ്ങൾ നമ്മുടെ മുൻപിൽ അവതരിപ്പിക്കണം.  അതായത് എല്ലാവരും മനസ്സ് തുറക്കണം.  ധീരമായി.  ഈ മുറിയിൽ നിന്ന് പുറത്തു പോകുമ്പോൾ നിങ്ങൾ ഏവരും ആ കേട്ടതൊക്കെ മറക്കുകയും ചെയ്യണം.  ആദ്യം അത്തരം ഒരു പ്രതിജ്ഞ എടുത്തതിനു ശേഷം നമുക്ക് ഓരോരുത്തർക്കും ആരംഭിക്കാം.  പ്രതിജ്ഞ കഴിഞ്ഞു പരിപാടി ആരംഭിച്ചു.  ആൺകുട്ടികളും പെൺകുട്ടികളും ആയ ഇരുപതോളം പേര് ഉണ്ടായിരുന്നു ആ പരിപാടിക്ക്.  അവിടെ താൻ കേൾക്കാൻ പോകുന്നതും താൻ പറയാൻ  പോകുന്നതും ഒക്കെ ഭൂരി ഭാഗവും കള്ളം മാത്രമായിരിക്കും എന്ന് ബാലാട്ടന് അറിയാമായിരുന്നു.  പക്ഷെ അന്ന് ബാലാട്ടനെ വേദനിപ്പിച്ചത് ഒരു കാര്യം മാത്രമായിരുന്നു.  ആ കൂട്ടത്തിൽ രണ്ട് പെൺ കുട്ടികൾ എങ്കിലും തങ്ങളുടെ ജീവിതത്തിലെ ഭീകരമായ ചില രഹസ്യങ്ങൾ അവിടെ തുറന്നു പറഞ്ഞു.  അത് തങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നതിനെ കുറിച്ച് ആലോചിക്കാതെ . പിന്നീട് അവർ അവിടെ പറഞ്ഞ കാര്യങ്ങൾ ആ കൂട്ടത്തിൽ ആരെങ്കിലും ഉപയോഗിച്ചോ എന്നുള്ള കാര്യത്തെ കുറിച്ചും ബാലാട്ടൻ അന്വേഷിക്കാൻ പോയില്ല.  അന്ന് ബാലാട്ടൻ ആ വേദിയിൽ വച്ച് തുറന്നു പറഞ്ഞ ഒരു രഹസ്യം തന്റെ വലിയച്ഛനെ   കുറിച്ചുള്ളതായിരുന്നു.  അദ്ദേഹം വളരെ ഏറെ ലെച്ചറസ് ആയ ഒരു മനുഷ്യനായിരുന്നു എന്നുള്ള സത്യം ബാലേട്ടൻ പറഞ്ഞു.  പക്ഷെ ഭൂരി ഭാഗം ആളുകൾക്കും ബാലാട്ടന്റെ ഇംഗ്ലീഷ് മനസ്സിലായില്ല.  പരിപാടി കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ബാലാട്ടനോട് ചോദിച്ചു നിങ്ങളുടെ വലിയച്ഛൻ ഏതു കോളേജിലെ  മാഷ് ആയിരുന്നു എന്ന് .  അപ്പോൾ ബാലാട്ടൻ പറഞ്ഞു അങ്ങേരു ജീവിതത്തിൽ ചില കാര്യങ്ങളിൽ മാസ്റ്റർ  ആയിരുന്നു എന്ന് .  അതിന്റെ ദ്വയാർത്ഥം പിടികിട്ടിയത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു പിന്നെ ആ കുട്ടി ഒന്നും ചോദിച്ചില്ല.

ജീവിതത്തിൽ പലപ്പോഴായി നാം കേൾക്കുന്ന വാക്കുകൾ ആണ്,  നിംഫോമാനിയാക് ,  പെർവെർട്,  ലെച്ചറസ് എന്നിവ.  സത്യം പറയാം എനിക്ക് ഈ വാക്കുകളുടെ അർഥം ഇന്നും പിടി കിട്ടിയിട്ടില്ല.  മാനസിക വൈകല്യങ്ങൾ എന്ന രീതിയിൽ ആണ് ഈ വാക്കുകളെ നമ്മൾ എടുത്തു ഉപയോഗിക്കാറ്.  പക്ഷെ കുടുംബ ജീവിതത്തിൽ യാതൊരു വികലതയും തോന്നാതെ നാം പ്രാവർത്തികമാക്കുന്ന ഒരു രീതി,  എങ്ങനെ ആണ് മറ്റൊരു ആളുടെ നേരെ ആവുമ്പോൾ മാനസിക വൈകല്യം ആവുന്നത്.  എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്.  അതിക്രമം എന്ന വാക്കു ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ എനിക്ക് മനസ്സിലാക്കാം.  പക്ഷെ ഇവിടെ അതല്ല സംഭവിക്കുന്നത്.  ഇവിടെ നാം എന്തിനെയോ ലഘൂകരിക്കുകയാണ്.  ചില അവസരങ്ങളിൽ ചില മനുഷ്യരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.  വളരെ ആത്മാർത്ഥതയോടെ ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലാകാറുണ്ട്,  നമ്മൾ അതി ശക്തമായി പ്രതിഷേധിക്കുന്ന ഇത്തരം വികാരങ്ങളോട്, നമ്മൾക്ക് അത്ര ഏറെ പ്രതിഷേധങ്ങൾ ഇല്ല എന്ന്.  നമ്മൾക്ക് പലപ്പോഴും,  അതിനോട് തീർത്താൽ തീരാത്ത ഒരു തരം ആർത്തി ഉണ്ട് എന്ന്.  പക്ഷെ അത് കരഗതമാക്കാൻ സമൂഹത്തിലെ പല വിലക്കുകളും നമ്മെ അനുവദിക്കാത്തത് കൊണ്ട്,  നാം അതിനെ പ്രതിഷേധത്തിന്റെ  യവനികക്കുള്ളിൽ മറച്ചു വെക്കുന്നു.

ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ്.  പലർക്കും ഇതിനോട് എതിർപ്പ് തോന്നുന്നുണ്ടായിരിക്കും.  അത് സ്വാഭാവികവും  ആണ്..  കാരണം എത്രയോ നാളുകളായുള്ള നമ്മുടെ ജീവിത രീതിയിൽ, നാം പല അസത്യങ്ങളും സത്യങ്ങളാണ് എന്ന് കരുതി പ്പോയിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു.  ചില ആത്യന്തിക പരിതഃസ്ഥിതികളിൽ എത്തുമ്പോൾ മാത്രമേ നമുക്ക് ബോധോദയം ഉണ്ടാകുകയുള്ളൂ.  പണ്ട് വായിച്ച ഒരു ആഖ്യായികയിലെ പട്ടാളക്കാരൻ പറഞ്ഞത് പോലെ,  യുദ്ധ ഭൂമിയിൽ എത്തിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്, ഞാൻ ഇത്രയും വൃത്തികെട്ടവൻ ആണെന്ന്.

No comments:

Post a Comment