Monday, 26 March 2018

അസഹനീയമായ ചില ചിന്തകൾ

ഒരിക്കൽ ട്രെയിനിൽ കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ അത്രയും നേരത്തു എന്നോട് സംസാരിച്ചത് മോണോഗാമിയുടെ  പതനത്തെ കുറിച്ചാണ്.  അദ്ദേഹം വിവാഹ മോചിതനും,  ഇപ്പോൾ അനിയന്ത്രിത ജീവിതം നയിക്കുന്നവനും ആണെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി.  ടോൾസ്റ്റോയിയുടെ ഏതോ കഥയിലെ ഒരു കഥാപാത്രത്തെ പോലെ,  ദാമ്പത്യ തകർച്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ട് കൊണ്ട് ഇരുന്നു. അതിന്റെ രത്ന ചുരുക്കം താഴെ പറയും പ്രകാരമാണ്.

ഉന്നത വർഗങ്ങളിൽ മോണോഗാമി മെല്ലെ മെല്ലെ തകരുകയാണ് .  പട്ടണത്തിൽ ഇരുന്നാൽ അതെനിക്ക് വ്യക്തമായും കാണാം.  പക്ഷെ അതിനെ കുറിച്ചല്ല ഞാൻ പറയുന്നത്.  ആ തകർച്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള തുരുത്തുകൾ ഒരു ന്യൂന പക്ഷം കണ്ടെത്തിയിരിക്കുന്നു.  പട്ടണങ്ങളിൽ ചില ഇടങ്ങളിൽ എങ്കിലും സ്ത്രീക്കും പുരുഷനും ഇടയിൽ വിചിത്രമെന്നു തോന്നുന്ന ചില ബന്ധങ്ങൾ ഉടലെടുത്തിരുന്നു.  വിവാഹ മോചനം  ഇന്ന് വളരെ ഏറെ കൂടിവരുന്നതിനു കാരണം സ്ത്രീയോ പുരുഷനോ എന്ന് ചോദിച്ചാൽ,  ഞാൻ അധികം ആലോചിക്കാതെ മറുപടി പറയും സ്ത്രീ എന്ന്.  സ്ത്രീ പക്ഷക്കാരെ അത് ചൊടിപ്പിക്കുമെങ്കിലും ഞാൻ ഇനി പറയുന്ന കാര്യം അവർക്കു മനസ്സിലാകുമെന്നു തോന്നുന്നു.  എല്ലാകാലവും പുരുഷൻ സ്ത്രീയോട് ധാർഷ്ട്യത്തോടെ തന്നെ ആണ് പെരുമാറിയത്.  അത് ഇവിടെ ഒരു രീതി ആയിരുന്നു.  പക്ഷെ അത് കൊണ്ടോന്നും മുൻ കാലങ്ങളിൽ ഇവിടെ വിവാഹ ബന്ധങ്ങൾ തകർന്നില്ല.  അത് ഒരു നല്ല കാര്യമായി എണ്ണുകയല്ല.  നടന്ന ഒരു കാര്യം പറഞ്ഞു എന്ന് മാത്രം.  ഇന്ന് അതിന്റെ തുടർച്ച തന്നെ ആണ് നാം ഇവിടെ കാണുന്നത്. പക്ഷെ ഇന്ന്  വിവാഹ മോചനങ്ങളുടെ  ശതമാനം  കൂടിയിരിക്കുന്നു.  അതിനു കാരണം ഈ അടുത്ത കാലത്തായി സ്ത്രീയിൽ ഉയർന്നു വന്ന സ്വാതന്ത്ര്യ ബോധവും,  അത് ഉത്പാദിപ്പിച്ച സാമ്പത്തിക സുരക്ഷിതത്വവും തന്നെ ആയിരുന്നു.  ഉന്നത വർഗങ്ങളിൽ ആണ് വിവാഹമോചനത്തിന്റെ ആധിക്യവും ഉള്ളത്.  അതിനിടയിൽ ഈ വ്യവസ്ഥിതി നില നിർത്താനുള്ള ശ്രമങ്ങളും  ഒരു ചെറിയ വിഭാഗത്തിൽ കാണുന്നു.

പട്ടണങ്ങളിൽ വൈഫ് സ്വാപ്പിങ് മെല്ലെ മെല്ലെ വ്യാപിക്കുന്നു എന്നൊരു പരാതി മുൻപ് ഒരാള് ഉന്നയിച്ചിട്ടുണ്ട്.  അതിനെ കുറിച്ച് എന്റെ അഭിപ്രായം ഈ പുതിയ രീതിയുടെ മുന്നണി പോരാളികൾ സ്ത്രീകൾ ആണ് എന്നത്രെ.  സ്ത്രീ സ്ത്രീ സുഹൃത് ബന്ധങ്ങളിലൂടെ അത്തരം ഒരു രീതി വ്യാപിക്കാൻ എളുപ്പമുണ്ട് എന്നാണു ഞാൻ മനസ്സിലാക്കിയത്. പുരുഷന്റെ ഇങ്ങിതമാണ്‌  താൻ നടപ്പാക്കുന്നത് എന്ന് അവൾക്കു അറിയാം.  പുരുഷന് അത് നടപ്പാക്കുന്നതിന് പ്രയാസങ്ങൾ ഏറെയുണ്ട് എന്നും അവൾക്കു അറിയാം.  സ്വയം ബലിയാടായി കൊണ്ട് തനിക്കു ഇത് മുന്നോട്ടു നടത്താൻ ആവുമെന്നും അവൾക്കു അറിയാം. ഇത്തരം കാര്യങ്ങളിൽ സ്ത്രീകളുടെ മനസ്സാണ് ആദ്യമറിയേണ്ടത് എന്നും അവൾക്കറിയാം.  അപ്പോൾ അതിനു വേണ്ട ഒരു ഭൂമിക ഒരുക്കേണ്ടത്  സ്ത്രീകളിൽ ആണെന്നും അവൾക്കറിയാം.  പുരുഷന്റെ കാര്യത്തിൽ ഇതിൽ എതിർപ്പുകൾ വരാൻ ഇടയില്ല എന്നും അവൾ അറിയുന്നു.  ഇത് വളരെ ഏറെ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയ അല്ല തന്നെ.  അങ്ങനെ ഒന്ന് നടക്കുന്നു എന്ന് ഓർമിപ്പിച്ചു എന്ന് മാത്രം.  ഇന്ന് വിരളമായി ഉന്നതങ്ങളിൽ മാത്രം നടക്കുന്നത് നാളെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറങ്ങി വരിക തന്നെ ചെയ്യും.    മോണോഗാമിയെ അതിന്റെ ആസന്ന പതനത്തിൽ നിന്ന് രക്ഷിക്കാൻ ഈ താൽക്കാലിക തുരുത്തിനു ഒരു പരിധിവരെ കഴിഞ്ഞേക്കും.  കാരണം മോണോഗാമിക്ക് ഏറ്റവും വലിയ വില്ലൻ ദാമ്പത്യ ജീവിതത്തിലെ വിരസതയാണ്.  വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ദമ്പതികൾ അത് അറിയുന്നില്ല എന്ന് മാത്രം.  മധ്യവിധു ,  അതിനു ശേഷം കുട്ടികൾ .  ആദ്യത്തെ പത്തു വര്ഷം കൊണ്ട് സൃഷ്ടി കർമം അവസാനിച്ചു.  പിന്നെ അവരെ ഒരു നിലയിൽ ആക്കാനുള്ള ശ്രമമാണ്.  പത്തിരുപതു കൊല്ലം കൊണ്ട് അതും അവസാനിച്ചു.   മധ്യവയസ്സിൽ എത്തുന്നതോടെ പിന്നെ വിരസത ദാമ്പത്യത്തിൽ നുഴഞ്ഞു കയറുകയാണ്.  പണ്ടാരോ പറഞ്ഞത് പോലെ മനസ്സിൽ ചെകുത്താൻ കൂടു കിട്ടുന്നതിന് ഈ വിരസത കാരണമായേക്കാം.  അതിനെ ചെകുത്താൻ ആയി എല്ലാവരും കണക്കാക്കണം എന്നുമില്ല

ഈ രീതിക്കു വല്ല മെച്ചവും ഉണ്ടോ എന്ന് ചോദിച്ചാൽ,  എന്റെ ബാങ്കോക്ക് കാരൻ ബന്ധു അതിനു മറുപടി പറയും.  ഭർത്താവ് വേശ്യയെ പ്രാപിക്കുന്നത് അവിടെ ഒരു അനീതി ആയി കണക്കാക്കുന്നില്ല അത്രേ.  എന്ത് കൊണ്ട് എന്ന് അന്വേഷിച്ചപ്പോൾ അവനു മനസ്സിലായത്.  ഭർത്താവിന് മറ്റൊരു കീപ് ഉണ്ടാകുന്നതിനേക്കാൾ നല്ലതു അയാള് ഇടയ്ക്കു വേശ്യയെ പ്രാപിക്കുന്നതാണ്  എന്ന് അവിടത്തെ ഒരു പതിവ്രത കണക്കാക്കുന്നു എന്ന്.  ഒരു പ്രാക്ടിക്കൽ തത്വം.  അതെ തത്വം ഇവിടെയും ബാധകമാണ്.  ഇവിടെ തങ്ങൾക്കിടയിൽ രഹസ്യാത്മകത ഇല്ല എന്ന ഒരു കാര്യം ഒരു സൗകര്യമായി കണക്കാക്കിയാൽ ,  അതിനു മറ്റുള്ള ബാധ്യതകൾ ഒന്നും തന്നെ ഇല്ല എന്ന ഒരു ഗുണവും ഉണ്ട്.  മോണോഗാമി മോണോഗാമി ആയി തുടരുകയും,  അതോടൊപ്പം ആസക്തിയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു.  എല്ലാവര്ക്കും സന്തോഷം.  ഇത് ഒരു രീതി ആയില്ല എങ്കിലേ എനിക്ക് അത്ഭുതം ഉള്ളൂ  

Wednesday, 21 March 2018

മോണോഗാമി - പെട്ടന്നുള്ള പ്രതിവിധികൾ

ഞാൻ മുൻപ് എഴുതിയ ഒരു പോസ്റ്റിന്റെ തുടർച്ചയാണ് ഇത്.  വർത്തമാന കാലത്തു മോണോഗാമി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ  ആയിരുന്നു ആ പോസ്റ്റിലെ വിഷയം.  മോണോഗാമിയുടെ തകർച്ച പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രകടമാണ് എന്നും,  ഇന്ത്യയിൽ അതിന്റെ ലാഞ്ചനകൾ കണ്ടിട്ടു നാളുകൾ ഏറെ ആയി എന്നും ഞാൻ അവിടെ എഴുതിയിരുന്നു.  അടിക്കടിയുള്ള വിവാഹ മോചനങ്ങൾ,  വ്യക്തി പരാജയങ്ങൾ എന്നതിൽ ഉപരി ഒരു വ്യവസ്ഥയുടെ തകർച്ചയുടെ സൂചനയാണ് എന്നും ഞാൻ അവിടെ എഴുതിയതായി ഓർക്കുന്നു .  എന്റെ സുഹൃത്തായ ബാലാട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു.  വിവാഹം,  വിവാഹ മോചനം,  വീണ്ടും വിവാഹം, വീണ്ടും വിവാഹ മോചനം എന്ന രീതി അതിരു കടക്കുമ്പോൾ,   വിവാഹവും വേശ്യാവൃത്തിയും തമ്മിലുള്ള അതിർവരമ്പ് നേർത്തു വരും എന്ന് .  (വിവാഹം നിയമാനുസൃതമായ വേശ്യാവൃത്തിയാണ് എന്ന് പറഞ്ഞവരും ഉണ്ട്).  വളരെ വ്യാപകമായില്ല  എങ്കിലും നമ്മുടെ സമൂഹവും അത്തരം ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.  കൂടുതൽ ആത്മാർത്ഥതയോടെ ഇത്തരം പ്രശ്നങ്ങളെ നോക്കി കാണണമെന്ന് അഭിപ്രായമുള്ളവർ ഇന്ന് വർധിച്ചു വരികയാണ്.

സ്വത്തു വ്യവസ്ഥയിൽ പിതൃത്വം സംശയ ലേശമെന്ന്യേ  തീരുമാനിക്കണം  എന്ന പുരുഷ ചിന്തയെ തുടർന്ന് ചാരിത്ര്യവും,  അതിനെ തുടർന്ന് മോണോഗാമിയെന്ന ഏക ഭാര്യാ ഭർതൃ രീതിയും ഉയർന്നു വന്നു എന്ന്  ഞാൻ ഒരിടത്തു എഴുതിയപ്പോൾ,  അതിനു ഒരാൾ എഴുതിയ വളരെ ഏറെ പ്രസക്തമായ ഒരു അഭിപ്രായം ഇതായിരുന്നു.   പുരുഷന് തന്റെ പിതൃത്വം സംശയ ലേശമെന്ന്യേ  തീരുമാനിക്കാനുള്ള കാലങ്ങൾ ഇന്ന് വളരെ തുച്ഛമാണ്.  ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ മാത്രമാണ് ഇന്ന് പുനഃസൃഷ്ടി ഉണ്ടാകുന്നത്.  അതിനു ശേഷം കുട്ടികളുടെ ഉത്പാദനം ദമ്പതികൾ നിർത്തി വെക്കുകയാണ്.  അതായത് വെറും ഒരു ആസ്വാദനം എന്ന നിലയിൽ മാത്രം അതിനു ശേഷം ലൈംഗികത തുടരുകയാണ്.  ഇവിടെ ഇനി അങ്ങോട്ട് പിതൃത്വം  തെളിയിക്കേണ്ട ആവശ്യമില്ല.  അത്തരം ഒരു പരിത സ്ഥിതി മോണോഗാമിക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം..  വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇത്.  അത്തരത്തിലുള്ള ഒരു പരിതസ്ഥിതിയിൽ മോണോഗാമിയുടെ ഭാവി എന്തായിരിക്കും എന്ന് നാം ചിന്തിക്കേണ്ടതാണ്.   ആസ്വാദനത്തിനു മാത്രമുള്ള ഒരു വേദി ആയി നില നിൽക്കുന്ന ഒരു വ്യവസ്ഥയെ ,  മനുഷ്യൻ കൂടുതൽ ആസ്വാദ്യകരമാക്കാൻ ശ്രമിക്കുമെന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു

മധ്യവയസ്കരായ രണ്ട് പേര് വിവാഹ മോചനം നടത്തുന്നു.  അവർ രണ്ട് പേരും പുനർവിവാഹിതരാകുകയും ചെയ്യന്നു.  ഒന്നാമത്തെ ആൾ മറ്റേ ആളുടെയും,  രണ്ടാമത്തെ ആൾ,  ആദ്യത്തെ ആളുടെയും  ,  വിവാഹ മോചനം ചെയ്ത ഭാര്യമാരെ ആണ് വിവാഹം കഴിക്കുന്നത് എങ്കിൽ നാമതിനെ സമൂഹ സമ്മതത്തോടു കൂടിയ വൈഫ് സ്വാപ്പിങ് എന്ന് വിളിക്കുന്നു.  ഇതിൽ നിന്ന് രജിസ്റ്റർ ആപ്പീസിനെ ഒഴിവാക്കിയാൽ പിന്നെ അത് സാദാ വൈഫ് സ്വാപ്പിങ് ആയി.  അതായത് ഇന്നത്തെ വിവാഹ രീതിയിൽ നിന്ന് , വൈഫ് സ്വാപ്പിങ് എന്ന രീതിയിലേക്ക് എളുപ്പം നടന്നെത്താൻ പറ്റുമെന്ന് ചുരുക്കം.  എന്റെ പോസ്റ്റിനു നേരെ വളരെ കൃത്യമായ ഒരു അഭിപ്രായം പറഞ്ഞ ആൾക്ക് എന്റെ ഈ മറുപടി ഇഷ്ടപ്പെടുമെന്നു ഞാൻ കരുതുന്നു.  ഇന്നത്തെ രീതിയിൽ നാം അത്ര ദൂരെ അല്ലാത്ത  ഭാവിയിൽ അത് ജീവിത രീതി ആക്കുക തന്നെ ചെയ്യും.  കാരണം ആസ്വാദനം മാത്രം ഉദ്ദേശ്യമായിട്ടുള്ള ഒരു സ്ഥാപനത്തെ നാം കൂടുതൽ ആസ്വാദ്യമാക്കാൻ ശ്രമിക്കുമെന്ന് ബാലാട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.  ദാമ്പത്യം ഒരു വശത്തു  നിന്ന് അഭിമുഖീകരിക്കുന്ന വിരസതയിൽ നിന്ന് മോചനം നേടാൻ ഭാവി മനുഷ്യൻ ഈ വഴിയിലൂടെ നടക്കുക തന്നെ ചെയ്യും.  അതിൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന്  അവനു തോന്നിയെങ്കിൽ പ്രത്യേകിച്ചും.  നാം ശ്രദ്ധിക്കാത്ത മറ്റൊരു രീതിയിൽ അത് മോണോഗാമി എന്ന സ്ഥാപനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്.   കാരണം,  മോണോഗാമിയെന്ന തകർന്നു കൊണ്ടിരിക്കുന്ന വ്യവസ്ഥയെ അതിന്റെ  തകർച്ചയിൽ നിന്ന് താൽക്കാലികമായി രക്ഷിക്കാൻ  ഈ രീതി സഹായകമാകും.  കാലാകാലങ്ങളായി സ്ഥിതി ചെയ്ത വ്യവസ്ഥിതി തകർന്നു പോകാതിരിക്കാൻ സമൂഹം വലിയ വിട്ടു വീഴ്ചകൾ ചെയ്യും.  മതങ്ങൾ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പോലും വ്യതിചലിച്ചു ജനങൾക്ക് ആസ്വാദ്യമായ രീതിയിൽ അതിന്റെ മാറ്റി എടുക്കുന്നത് നാം കാണുന്നതാണ് . എന്തിനു വേണ്ടി.  നില നിന്ന് പോകാൻ വേണ്ടി മാത്രം.


Tuesday, 20 March 2018

രണ്ട് ചിരികൾ

ദേവീ വിഗ്രഹത്തിൽ കാർക്കിച്ചു തുപ്പുന്ന വെളിച്ചപ്പാട് ഒരിക്കൽ മലയാളിയെ ഞെട്ടിച്ച ഒരു കഥാപാത്രമാണ്. ഒരു പക്ഷെ ആ കാർക്കിച്ചു തുപ്പലിനേക്കാൾ പ്രസിദ്ധമായത് അതെ വെളിച്ചപ്പാടിന്റെ ചിരിയാണ്. ജീവിതത്തിൽ താൻ താലോലിച്ച വിശ്വാസങ്ങൾ ഓരോന്നും തന്നെ മുന്നിൽ തകർന്നു വീഴുന്നത് കണ്ട് , ഖിന്നനായി, വെളിച്ചപ്പെടാൻ നടന്നു പോകുന്ന ആ മനുഷ്യൻ വഴിയിൽ കാണുന്ന തന്റെ പരിചയക്കാരോട് ചിരിക്കുന്ന ആ ലോഹ്യ ചിരി മലയാളിയെ കുറിച്ചൊന്നുമല്ല വേദനിപ്പിച്ചത്. പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നത് ആ ചിരിയെ കുറിച്ചല്ല. അതിനെ കുറിച്ച് നാം എത്രയോ പറഞ്ഞു കഴിഞ്ഞതാണ്. ഞാനായിട്ട് കൂടുതൽ ഒന്നും പറയുന്നില്ല. പക്ഷെ അതിനേക്കാൾ എത്രയോ കൂടുതൽ എന്നെ ഞെട്ടിച്ച മറ്റൊരു ചിരി മലയാള സിനിമ പ്രേക്ഷകർ അത്രയൊന്നും ശ്രദ്ധിച്ചില്ല എന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് വളരെ ഏറെ എഴുതപ്പെട്ടിട്ടില്ല എന്നും തോന്നി. അത് കൊണ്ട് ഞാനെങ്കിലും അതിനെ കുറിച്ച് വല്ലതും എഴുതിയില്ല എങ്കിൽ ആ മഹത്തായ കലാകാരനോട് ചെയ്യുന്ന അനീതി ആണ് എന്ന് തോന്നുകയാൽ വളരെ വൈകിയ ഈ വേളയിൽ ഞാൻ അതിനെ കുറിച്ച് എഴുതുകയാണ് . ഇന്ന് എന്റെ ചുറ്റും കാണുന്ന പലതും എന്നെ കൊണ്ട് അങ്ങനെ എഴുതിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി
ആരാച്ചാരുടെ ചിരി
ആരാച്ചാരുടെ പൊട്ടിച്ചിരി എന്നായിരുന്നു പറയേണ്ടത്. നിഴൽക്കൂത്തിലെ ആരാച്ചാർ ശരിക്കും പറഞ്ഞാൽ മദ്യപിച്ചു പൊട്ടിച്ചിരിക്കുക തന്നെ ആണ്. അതി മനോഹരമായ ഒരു കഥകേട്ടാണ് അദ്ദേഹം ചിരിക്കുന്നത്.നിരപരാധിയായ ഒരു മനുഷ്യനെ തൂക്കി കൊല്ലാൻ പോകുന്നതിനു മുൻപേ, ഉള്ള പുരാവൃത്തം . എങ്ങനെ ആ പാവം ഈ കെണിയിൽ അകപ്പെട്ടു എന്നുള്ള കഥ മറ്റുള്ളവർ ആരാച്ചാരോട് പറയുമ്പോൾ ആരാച്ചാർ പൊട്ടിച്ചിരിക്കുകയാണ് . മറ്റുള്ളവരും ഒപ്പം പൊട്ടിച്ചരിക്കുകയാണ്. അനീതിയെ ഒരു ആഘോഷമാക്കുകയാണ് അവർ എന്ന് നമുക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി. അടുത്തതായി ആരാച്ചാർ തളരുകയാണ്. ഇനി വയ്യ എന്ന് പറഞ്ഞു വീഴുകയാണ്. ഒരു തിരിച്ചു വരവില്ലാത്ത രീതിയിൽ .. ഇത്രയും പറഞ്ഞതിൽ നിന്ന് നിങ്ങള്ക്ക് വല്ലതും മനസ്സിലായി എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ചുറ്റും നോക്കിയാൽ ചിലപ്പോൾ നിങ്ങൾക്ക് ഞാൻ പറഞ്ഞതിന്റെ സ്വാരസ്യം പിടി കിട്ടി എന്ന് വരും. അനീതിയെ എതിർക്കാൻ ത്രാണിയില്ലാത്ത സമൂഹം. അവർക്കു ആകെ ചെയ്യാവുന്നത് എല്ലാ അനീതിയുടെയും പ്രേക്ഷകർ ആയിരിക്കുകയാണ്. അനീതിക്കെതിരെ പടപൊരുതുന്ന നിഷ്കളങ്കരായ മനുഷ്യർ ഏതെങ്കിലും തരത്തിൽ അകപ്പെടുന്നത് കാണുമ്പോൾ, ഈ ജനത പൊട്ടി ചിരിക്കുകയാണ്. അപ്പോൾ നിങ്ങൾ കരുതും അവർ അനീതിയോടു ഒപ്പമാണ് എന്ന്. അല്ല സുഹൃത്തേ അവര് അനീതിയോടു ഒപ്പമല്ല. അവർ ഇന്ന് ചിരിക്കുന്ന ചിരി ആരാച്ചാരുടെ അതെ ചിരി ആണ്. നിസ്സഹായന്റെ പൊട്ടി ചിരി. ഇനി അവൻ വീഴാൻ പോകുകയാണ്.

Friday, 16 March 2018

പ്ലാസിബോ

കോരാട്ടന്റെ ചായപ്പീടികയിൽ മണ്ടോടിയും കരാട്ടെ മാഷും മുഖത്തോടു മുഖം  നോക്കിയിരുന്നു ചായകുടിക്കവേ മാഷ് മണ്ടോടിയോടു ചോദിച്ചു

മറ്റൊന്നും തോന്നരുത്.  കരാട്ടെ പഠിക്കാൻ പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടോ.

അങ്ങനെ വല്ല കാരണവും വേണോ.

വേണമെന്നില്ല.  പക്ഷെ പൊതുവെ ആൺകുട്ടികൾ കരാട്ടെ പഠിക്കുന്നത്,  അവർ ഈ അടുത്ത കാലത്തു,  അവരുടെ വിക്രിയകൾ കൊണ്ട് ശത്രുക്കളെ സൃഷ്ടിച്ചു എന്ന് അര്ഥമാക്കുന്നു.  ഏതെല്ലാമോ മൂലകളിൽ നിന്ന് അനർത്ഥങ്ങളായ അടികൾ അവരെ തുറിച്ചു നോക്കുന്നു എന്ന് അവർ ഭയപ്പെടുന്നതായി അര്ഥമാക്കുന്നു.  സ്ത്രീകളുടെ കാര്യത്തിൽ ഇത്തരം ആക്രമണ ഭയങ്ങൾ  സ്ഥിരമായി ഉത്പാദിപ്പിക്കപ്പെടുന്നു എങ്കിലും,  അവരിൽ ചുരുക്കം ചിലരെ കരാട്ടെ പഠിക്കുന്നുള്ളൂ.  ഇനി അതല്ലാതെ മറ്റൊരു കൂട്ടം ആണുങ്ങൾ സമൂഹത്തിലെ തെറ്റുകുറ്റങ്ങൾക്കു നേരെ ആഞ്ഞടിച്ചു കളയാം എന്ന് കരുതിയും ഇതൊക്കെ പഠിച്ചു എന്ന് വരും.  അത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ.

ശരിയാണ്. പഠിക്കാൻ പോകുന്ന പെങ്ങളെ വഴി വക്കിൽ നിന്ന് കശ്മലന്മാർ  തുറിച്ചു നോക്കിയാലോ , വെറുതെ കമ്മന്റ് അടിച്ചാലോ  അവനെ ഒക്കെ തല്ലി ഒതുക്കാൻ ആഗ്രഹിച്ചു പോകാത്ത ആങ്ങളമാർ ഉണ്ടാകില്ല.  പലപ്പോഴും പ്രശ്നം,  ആ ആങ്ങളമാരുടെ ഈർക്കിൽ പോലെ ഉള്ള കൈകൾ ആയിരിക്കും. അതൊന്നു കൊഴുപ്പിച്ചെടുക്കാൻ  ആണല്ലോ നമ്മൾ ആങ്ങളമാർ ജിമ്മിൽ പോകുന്നത്.  ഇത് അതിൽ നിന്ന് ഒരു പടി കൂടെ കടന്നു എന്ന് വിചാരിച്ചാൽ മതി.  ഇവിടെ കരിങ്കല്ലിനെ പോലും കൈ കൊണ്ട് പൊടിച്ചു കളയാം എന്ന ധൈര്യം ഉണ്ടല്ലോ.

ശരിയായ ഉത്തരമാണ് പറഞ്ഞതെങ്കിലും,  അതിൽ നേരിയ ഒരു അധിക പ്രസംഗം ഇല്ലാതില്ല.  തുറിച്ചു നോക്കലോ,  കമ്മന്റ് അടികളോ വീട്ടിൽ പറയുന്ന പെങ്ങള്മാര് ചുരുക്കമാണ് എന്നത്രെ,  ഒരു കരാട്ടെ മാഷ് എന്ന നിലയിലുള്ള എന്റെ അനുഭവം.  നേരിട്ടു ദൃക്‌സാക്ഷികൾ ആകുന്ന ഇത്തരം സംഭവങ്ങൾ ആണ് ആങ്ങളമാരെ പൊതുവെ ചൊടിപ്പിക്കാറ്.  അറിവാണല്ലോ പ്രശ്‌നമാകുന്നത്.  അജ്ഞത മഹത്താണ് എന്ന് ഏതോ സ്വാമി പറഞ്ഞത് അത് കൊണ്ടായിരിക്കുമല്ലോ

അതും മറ്റൊരു ശരി.

പക്ഷെ ശ്രദ്ധിക്കുക.  തപസ്യയാണ് ഏതൊരു പഠനത്തിന്റെയും മുഖ്യ ഘടകം.  സാധന.  പിന്നെ ഹോം വർക്ക്.

ഇത്യാദി വർത്തമാനങ്ങൾക്കു ശേഷം മണ്ടോടി,  ബാലൻ ഗുരുക്കളുടെ വീട്ടിൽ വച്ച് കരാട്ടെ പടിക്കൽ ആരംഭിക്കുന്നു.  കല്ലിനെ അടിച്ചു പൊളിക്കുന്ന സ്ഥിതിയിൽ എത്തിയിട്ടുവേണം,  തന്റെ മുന്നിൽ വച്ച് ഒരു കൂസലും ഇല്ലാതെ സായം കാലങ്ങളിൽ തന്റെ പെങ്ങളെ തുറിച്ചു നോക്കുകയും,  പലപ്പോഴും അനാവശ്യ ഭാഷണങ്ങളാൽ ചികിതയാക്കുകയും ചെയ്യുന്ന ആ ചാത്തുവിന് ഇട്ടു രണ്ട് പൂശാൻ.   ഒരിക്കൽ ഇതിനെ ചോദ്യം ചെയ്തപ്പോൾ ചാത്തുവും അവന്റെ ചങ്ങായി ചാപ്പനും തനിക്കു ഇട്ടു നല്ല പൂശു പൂശിയതും,  താൻ ചളിയിൽ പുരണ്ടതും,  അത് കണ്ട് ബസ് ഷെൽറ്ററിൽ നിൽക്കുന്ന ജാനു ചിരിച്ചതും താൻ ഒരിക്കലും മറക്കില്ല.

മണ്ടോടിയുടെ പഠനം ഒരു മാസം പിന്നിട്ട ഒരു ദിവസം,  വൈകുന്നേരം പാലത്തിനടുത്തു കൂടെ നടക്കുമ്പോഴാണ് മണ്ടോടി ഒരു കാഴ്ച കണ്ടത്.  തന്റെ പെങ്ങൾ വസന്ത മന്ദം മന്ദം നടന്നുവരുന്നു.  പിന്നാലെ  ചാത്തുവും
 ചാപ്പനും ,  എന്തൊക്കെയോ ഭാഷിച്ചു കൊണ്ട് നടക്കുന്നു.  അപ്പുറത്തുള്ള ബസ് ഷെൽറ്ററിൽ ജാനു.  എല്ലാ നിമിത്തങ്ങളും ഒത്തു വന്നിരിക്കുകയാണ്.  വസന്ത ഇപ്പോൾ ,  'ഇതാ ഏട്ടാ ഇവർ എന്നെ കമ്മന്റ് അടിച്ചു ബുദ്ധിമുട്ടിക്കുന്നു '  എന്ന ഭാവത്തിൽ മണ്ടോടിയെ കടന്നു പോയി.  പിന്നിൽ ചാത്തുവും ചാപ്പനും പുച്ഛത്തോടെ മണ്ടോടിയെ നോക്കി.  പെട്ടന്നാണ് മുന്നിൽ നിൽക്കുന്ന ചാപ്പന്റെ  പുറത്തു ഒരു അടി വീണത്,  തടുക്കാൻ വന്ന ചാത്തുവിനും കിട്ടി നല്ലവണ്ണം ഒന്ന് .  പിന്നെ അടി പൂരമായിരുന്നു.  നാട്ടുകാര് അതിശയിച്ചു നിൽക്കെ ചാപ്പനും  ചാത്തുവും,  സീനിൽ നിന്ന് പറപറന്നു.  ഷെൽറ്ററിൽ നിന്ന് ജാനു പ്രേമ പുരസ്സരം മണ്ടോടിയെ നോക്കി.

അനുബന്ധം :  മുകളിൽ പറഞ്ഞ സംഭവം വായനക്കാരിൽ വളരെ അധികം കൺഫൂഷൻ സൃഷ്ടിച്ചു എന്ന് എനിക്കറിയാം.  കാരണം,  ഒരു കരാട്ടെ ക്ലാസിൽ പോയി  ഒരു മാസം കൂക്കി വിളിച്ചത് കൊണ്ട്,  രണ്ട് പേരെ അടിച്ചു പത്തിരി ആക്കാനുള്ള ശാരീരിക ശേഷി , വെറും ഒരു എല്ലിസ്‌കി ആയ മണ്ടോടി ആർജിച്ചോ എന്ന ഒരു സംശയം നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാം.  കൃത്യമായ സംശയം ആണ് ഇത് എന്ന് പറയേണ്ടല്ലോ.  സംഗതി സത്യവും ആണ്.  അങ്ങനെ ഒരു പുല്ലും കരാട്ടെയിൽ ഇല്ല.  രണ്ട് കൊല്ലം തുടർച്ചയായി കരാട്ടെ പഠിച്ചു, ബെൽറ്റ് ഇട്ടു നടന്ന കോമൻ,  ആ പീക്കിരി പാച്ചുവിൻറെ കൈ കൊണ്ട് ഒന്ന് കിട്ടിയ ഉടൻ വടി ആയതു എല്ലാവരും അറിയുന്നതാണ്.  അപ്പോൾ പ്രശ്നം കരാട്ടെയും മറ്റുമല്ല.  ആത്മ വിശ്വാസം.  അലോപ്പതിക്കാര് പറയുന്ന പ്ലാസിബോ എഫക്ട്.  അവിടെ ഒരു പഞ്ചാര ഗുളിക രോഗിക്ക് കൊടുത്താൽ രോഗിയുടെ രോഗം മാറുന്നത് ഇതേ ഒരു വിശ്വാസം കൊണ്ടാണ്.  അതായത് ശരിയായ ഒരു ഗുളികയാണ് ഉള്ളിലേക്ക് ചെന്നത് എന്ന ബോധം.  ഇവിടെ അത് പോലെ,  കല്ലിനെ പോലും പൊടിച്ചു കളയാവുന്ന എന്തോ ഒന്നാണ് താൻ ഇത്ര കാലവും കലക്കി കുടിച്ചത് എന്ന ബോധം  ഒരു കരാട്ടെ വിദ്യാർഥിയിലും ഉണ്ടാകുന്നു .  അത്തരം ഒരു ബോധം ഉണ്ടെങ്കിൽ ചാത്തുവിനെയും ബാലനെയും എന്നല്ല,  ഒപ്പമുള്ള ഒരു നൂറെണ്ണത്തിനെയും അടിച്ചു പത്തിരി ആക്കാൻ ഒരു പ്രയാസവുമില്ല.  ഈ മഹത്തായ സത്യം ഇവിടെ പറഞ്ഞു കൊണ്ട് കഥ അവസാനിപ്പിക്കുകയാണ്