Monday, 25 January 2021

പക്ഷി ശാസ്ത്രം


കൂട്ടിലെ തത്തയെയും പൊക്കി ഒരാൾ റോഡിലെനടക്കുമ്പോൾ ബാലേട്ടൻ നടുമുറിയിൽ ഇരിക്കുകയായിരുന്നു. മകൾ കോലായിലും . കൈനോട്ടക്കാരാ എന്നുള്ള ഒരു വിളി കേട്ട് പക്ഷി നിന്നു. ബാലേട്ടൻ നടുങ്ങി . മകളാണ്. പക്ഷി ശാസ്ത്രജ്ഞൻ ദശരഥനെ പോലെ ചെവി കൂർപ്പിക്കുകയാണ്. അടുത്ത ശബ്ദവും ഉയർന്നത്തോടെ അയാൾ ശബ്ദത്തിന്റെ ദിശയിലേക്കു ചലിക്കാൻ തുടങ്ങി . നടന്നു നടന്നു അയാൾ കുട്ടിയുടെ മുന്നിൽ നിന്നു . വഴിയേ പോയ തന്നെ (വയ്യാവേലിയെ) ആരാണ് കാലിൽ എടുത്തിട്ടത് എന്ന ഭാവത്തിൽ അയാൾ ചുറ്റും നോക്കിയപ്പോൾ അപ്പുറത്തു ഒരു യുവതി
എന്താ .മോളുടെ ഭാവി അറിയണോ ?
കുട്ടിയുടേത് മാത്രമല്ല എന്റേതും അറിയണം. ഉള്ളിൽ മറ്റൊരാളും ഉണ്ട്
ഉള്ളിലുള്ള മറ്റെയാൾ എപ്പോൾ ചാവും എന്ന് നീ ഇപ്പോൾ അറിയേണ്ട . പക്ഷിയും ശാസ്ത്രജ്ഞനും ഉടൻ സ്ഥലം വിട്ടു കൊള്ളണം - ബാലേട്ടൻ അരിശം കൊണ്ടു. ബാലേട്ടൻ ജനിക്കുമ്പഴേ ഒരു യുക്തിവാദി ആയിരുന്നല്ലോ
അച്ഛാ. വേണ്ട. അയാള് തത്തയെ പുറത്തിറക്കുന്നത് എനിക്ക് കാണണം
കേൾക്കേണ്ട താമസം അയാൾ നിലത്തിരുന്നു കവിടിനിരത്തി കഴിഞ്ഞു . സോറി . കവിടി അല്ല . ഭാഗ്യ കാർഡുകൾ
കുടുങ്ങി എന്ന് മനസ്സിലായപ്പോൾ ബാലേട്ടൻ പൂഴിക്കടകൻ എടുത്തു
ഒരാളുടെ ഭാവി പറയാൻ എത്ര പണം വേണം?
അയ്യോ. ഞാൻ അങ്ങനെ ഇത്ര പണം വേണമെന്നൊന്നും പറയില്ല . കയ്യിൽ ഉള്ളതുതന്നാൽ മതി. കയ്യിൽ ഒന്നുമില്ല എങ്കിൽ ഞാനും വെറും കയ്യാൽ മടങ്ങും . പക്ഷെ ഉള്ളതേ പറയൂ
അങ്ങനെ ബാലേട്ടന്റെ പൂഴിക്കടകൻ അതി ദയനീയമായി പരാജയപ്പെട്ടു . ഫ്രീ കിറ്റ് കൊടുത്താൽ പിന്നെ അങ്ങോട്ട് ഒന്നും പറയരുത് . അവിടെ പക്ഷി ശാസ്ത്രജ്ഞൻ ചെറിയ സ്ത്രീയെയും വലിയ സ്ത്രീയെയും അടുത്തു വിളിക്കുകയാണ്
ഇനി കുട്ടിയുടെ പേര് ,നക്ഷത്രം എന്നിവ ചൊല്ലുക
അവയൊക്കെയും ചൊല്ലിക്കേട്ടപ്പോൾ ശാസ്‌ത്രജ്‌ഞൻ മറ്റൊരു കവിത ചൊല്ലുന്നത് കേട്ടു . ആ കവിതയിൽ കുട്ടിയുടെ പേരും അവളുടെ നക്ഷത്രവും തെളിഞ്ഞു കേട്ടതായി ബാലേട്ടന് തോന്നി. അപ്പോഴെക്കും തത്ത പുറപ്പെട്ട കഴിഞ്ഞു . നിലത്തു വീണുകിടക്കുന്ന കാർഡുകളിൽ ഒരു പീപ്പറെ പോലെ തത്ത ഒളിഞ്ഞു നോക്കി . പെട്ടന്ന് അവയിൽ ഒന്ന് പുറത്തേക്കു വലിച്ചിട്ടു തത്ത കൂട്ടിലേക്ക്‌ നടന്നു കയറി
കാർഡ് കൈകൊണ്ട് മറച്ചു രഹസ്യമായി അതിലേക്കു നോക്കിയ ശാസ്ത്രഞ്ജന്റെ മുഖത്ത് കരിമേഘം കൂടു കെട്ടി . ദുഃഖം. പക്ഷി ശാസ്ത്രജ്ഞൻ ദുഖിക്കുന്നു . ആ ദുഃഖം അവിടെ കൂടിയ മറ്റു രണ്ട് പേരിലേക്കും പടരുകയാണ്. അവർ അമ്പരപ്പോടെ അങ്ങേരെ നോക്കുകയാണ് . അപ്പോൾ അദ്ദേഹം കയ്യിൽ കിട്ടിയ കാർഡ് , പഴയ സ്ഥാനത്തുതിരിച്ചു വച്ച് കൂമ്പിയ മിഴികളുമായി അമ്മയെ നോക്കി ഇങ്ങനെ പറയുന്നു
കുട്ടിക്ക് വേറെ വല്ല പേരുകളും ഉണ്ടോ . നക്ഷത്രം പറഞ്ഞത് തെറ്റിയിട്ടില്ലല്ലോ
നക്ഷത്രം തെറ്റിയിട്ടില്ല . പക്ഷെ അവളെ നമ്മൾ വീട്ടിൽ വിളിക്കുന്നത് കിണ്ടി എന്നാണ് ( ചുറ്റും അപകടം മണത്തു . ബാലേട്ടൻ കീശയിൽ തപ്പി നോക്കി. കാര്യമായ അപകടങ്ങൾ ഒന്നുമില്ല . ആകെ ഒരു അമ്പതു രൂപയെ ഉള്ളൂ. ഇവരുടെ ഈ പോക്ക് ആയിരത്തിൽ നിൽക്കില്ല എന്ന് ബാലേട്ടൻ സംശയിച്ചു . ചിട്ടയൊപ്പിച്ചാണ് ശാസ്ത്രഞ്ജന്റെ നീക്കങ്ങൾ)
തത്തക്കു കൺഫൂഷൻ ആയതാണ് . ഒന്ന് പേര് മാറ്റി നോക്കാം
ഡാനിയെന്ന സിനിമയിലെ ഡാനിയുടെ കവിത പോലെ ആയിരുന്നു ഈ കവിതയും . മോളുടെ പേരിന്റെ സ്ഥാനത്തു കുണ്ടി കയറി വന്നു . പക്ഷെ ഭാര്യ ഉടൻ തെറ്റു കണ്ടെത്തി
ഹാലോ . നിങ്ങൾ പറഞ്ഞതല്ല മോളുടെ പേര് . കിണ്ടി എന്നാണ് (ശാസ്ത്രജ്ഞൻ പേരിന്റെ സ്ഥാനത്തു കിണ്ടി എന്ന് മാറ്റി പുതിയ കവിത ചൊല്ലുന്നു . വീണ്ടും തത്ത യാത്ര തുടരുന്നു . ഒളിഞ്ഞു നോക്കുന്നു. ഒരു കാർഡ് എടുക്കുന്നു . ദൂരെ നിന്നു രംഗം വീക്ഷിച്ച ബാലേട്ടൻ മനസ്സിൽ പറഞ്ഞു . പഹയൻ പഴ കാർഡ് തന്നെ ആണ് വീണ്ടും എടുക്കുക . ഇവനെ സൂക്ഷിക്കണം . ശാസ്ത്രജ്ന്റെ മുഖം വീണ്ടും മേഘാവൃതമാവുകയാണ് . അങ്ങേരു കാർഡ് വീണ്ടും അതെ സ്ഥാനത്തു തിരിച്ചു വെക്കാൻ തുടങ്ങിയപ്പോൾ ഒരു ഇടിമുഴക്കം . ഭാര്യയുടെ ശബ്ദം ആണ്
എനിക്ക് കാർഡ് കാണണം . എനിക്ക് എല്ലാം അറിയണം .. അങ്ങനെ മറച്ചു പിടിക്കേണ്ട
ശാസ്ത്രജ്ഞൻ കാർഡ് തിരിച്ചു പിടിച്ചപ്പോൾ അതിൽ ഒരു ഭീകര സർപ്പം . ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സർപ്പ മരണത്തെ കുറിക്കുന്നു എന്ന് നമുക്ക് കരുതാം . അതായതു കിണ്ടി എന്ന് പേരും ഭരണി നക്ഷത്രവും ഉള്ള എല്ലാ കുട്ടികളെയും സർപ്പ മരണം കാത്തിരിക്കുന്നു എന്ന് സാരം (ഇത്രയും ബാലേട്ടന്റെ ആത്മഗതം . ബാലേട്ടൻ അടുത്ത മൂവ്മെന്റിന് വേണ്ടി കാത്തിരുന്നു. കഥ ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി സിനിമ ഫുൾ കണ്ടിട്ടു പോകാം എന്ന് ബാലേട്ടനും തീരുമാനിച്ചു
അപ്പോൾ ഭാര്യയുടെ ശബ്ദം പുറത്തു വന്നു . അതിൽ സ്വല്പം ഞെട്ടൽ ഉള്ളതായി ബാലേട്ടന് തോന്നി
അപ്പോൾ ഇതിനു വല്ല പ്രതിവിധിയും ഉണ്ടാകില്ലേ . അമ്പലത്തിൽ പൂജയോ മറ്റോ
തീർച്ചയായും ഉണ്ട് . ഒരു തകിട് രാജസ്ഥാനിലെ സൂര്യക്ഷേത്രത്തിൽ ആരെങ്കിലും പോകുമ്പോൾ കൊടുത്തയക്കുകയോ പോസ്റ്റിൽ ആയി അയക്കുകയോ ചെയ്താൽ മതി . ആ തകിട് അവിടെ പീടികയിൽ കിട്ടും . ആയിരം രൂപ വിലവരുമെന്നെ ഉള്ളൂ . രണ്ട് മാസം മുൻപേ ഇതേ പ്രശ്നം ഉള്ള ആൾ തകിട് വാങ്ങാൻ എന്നെ ഏൽപ്പിച്ചിരുന്നു . ആ തകിട് നിങ്ങൾക്ക് വേണമെങ്കിൽ കാണിച്ചു തരാം
അയാൾ തന്റെ ഭാണ്ഡത്തിൽ നിന്നു സ്വർണം പൂശിയ ഒരു തകിട് പുറത്തെടുത്തു . ഒരു വർണ്ണ കടലാസു പോലെ ഉള്ള സാധനം ( അപ്പോൾ ഇതായിരുന്ന ഇവന്റെ നമ്പർ . ഇപ്പോൾ കളത്രം ഈ തകിട് തനിക്കു തന്നുകൂടെ എന്ന് ചോദിക്കും . തരില്ല എന്ന് അയാൾ പറയും . അയ്യോ തരൂ എന്ന് കേണപേക്ഷിക്കും . അയാൾ കൊടുക്കും . അവൾ അത് പോസ്റ്റൽ ആയി അമ്പലത്തിൽ അയച്ചു കൊടുക്കുകയും ചെയ്യും. ഇത്രയും മനസ്സിൽ പറഞ്ഞതിന് ശേഷം ബാലേട്ടൻ സിനിമയുടെ ബാക്കി ഭാഗം കാണാൻ സ്ക്രീനിലേക്ക് നോക്കി )
നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഈ തകിട് എനിക്ക് തന്നേക്കൂ. ഞാൻ ആയിരത്തി അഞ്ഞൂറ് തരാം . അവരുടേത് നിങ്ങൾ അടുത്ത തവണ കൊടുത്തേക്കൂ
അയ്യോ. അത് പറ്റില്ല . കഴിഞ്ഞ ആഴ്ച ഞാനവർക്ക് വാക്കു കൊടുത്തതാണ് . ഒരു മാസം കൊണ്ടു സാധനം കൊണ്ടു വരാം എന്ന് . ഇനി ഞാൻ അടുത്ത ആഴ്ച മാത്രമേ രാജസ്ഥാനിൽ പോകൂ. താമസിച്ചു പോകും
(ഇനി മുന്നോട്ടുപോയാൽ അപകടമാണ്എന്ന് ബാലേട്ടന് തോന്നി. തന്നോട് പണം ചോദിച്ചില്ല എങ്കിലും തന്റെ കീശയിൽ നിന്നു അടിച്ചെടുത്ത ധനം അവളുടെ കയ്യിലുണ്ട് . അതോണ്ട് വല്ല സാരിയോ മറ്റൊവാങ്ങി ഉടുക്കട്ടെ . ഇവനെ കൊണ്ടു തിന്നിക്കേണ്ട എന്ന് കരുതി ബാലേട്ടൻ മുറ്റത്തേക്ക് ഇറങ്ങി ഇങ്ങനെ പറഞ്ഞു
എടോ. ഇനി ഇവിടെ നിക്കേണ്ട . നിന്റെ തകിട് ഇവിടെ ആർക്കും വേണ്ട. ഓരോ നമ്പറും കൊണ്ട് ഓരോരുത്തൻ രാവിലെ ഇറങ്ങിക്കോളും . അതിനു കണക്കെ തുള്ളാൻ ഒരു അമ്മയും മോളും
എന്നാൽ എന്റെ പണം എടുക്കൂ
കയ്യിൽ ഉള്ളത് തന്നാൽ മതി എന്നല്ലേ നീ നേരത്തെ പറഞ്ഞത്
അതെ കയ്യിൽ ഉള്ളത് വല്ലതും എടുക്കൂ
എന്റെ കയ്യിൽ ആകെ അൻപതേ ഉള്ളൂ. അത് മതിയോ
അച്ഛാ എന്റെ കയ്യിൽ നൂറു രൂപയുണ്ട് . അതുഞാൻ കൊടുക്കാം (മോള് അത് പറഞ്ഞപ്പോഴാണ് ബാലേട്ടൻ ശരിക്കും ഞെട്ടിയത്. അവളും കവർച്ച തുടങ്ങിയെന്നു അർഥം . പക്ഷി ശാസ്ത്രത്തിൽ തെളിഞ്ഞ ഒരേ ഒരു കാര്യം)

1 comment:

  1. നല്ല എഴുത്ത്, ഒരു പാടിഷ്ടം.

    ReplyDelete