Saturday, 8 February 2014

A SHORT STORY ABOUT KILLING

ഒരിക്കൽ ബാബുവിന്റെ വീട്ടിലെ നായയെ ഭ്രാന്തൻ നായ കടിച്ചു. വളരെ മുൻപത്തെ കഥയാണ്. അന്ന് ഇത്തരം പ്രശ്നങ്ങൾക്കുള്ള മറുപടി വളരെ ലളിതമായിരുന്നു . നായയെ, അടിച്ചോ തൂക്കിയോ കൊല്ലുക. സ്നേഹത്തോടെ നായയെ വിളിക്കുന്നു. നായ അടുത്തു വരുന്നു. അതിന്റെ കഴുത്തിന്‌ കുരുക്കിടുന്നു. യജമാനൻ നടക്കുന്ന വഴിയെ അതും നടക്കുന്നു. തൂക്കുമരത്തിന് അടുത്തെത്തുമ്പോൾ അത് യജമാനനെ നോക്കുന്നു വലാട്ടുന്നു. പക്ഷെ അതിനും മുൻപേ അദ്ദേഹം സ്ഥലം വിടുന്നു. യജമാനന്റെ ഈ തിരിച്ചു പോക്ക് എന്തിനെന്നു ചിന്തിക്കുമ്പോഴേക്കും മരണം കഴിഞ്ഞിരിക്കും. 
മനുഷ്യരെ തൂക്കികൊല്ലുന്നതു എങ്ങനെ എന്ന് ഞാൻ ഇത് വരെ നേരിൽ കണ്ടിട്ടില്ല. കാണണം എന്ന് ആഗ്രഹിക്കുന്നുമില്ല. പക്ഷെ ഒരിക്കൽ കിസ്ലൊവിസ്കിയുടെ A SHORT FILM ABOUT KILLING എന്ന സിനിമയിൽ അത് കാണാൻ ഇടയായി. സത്യം പറയാലോ , വളരെ സുന്ദരമായ ഒരു കലാപരിപാടി ആണ് ഈ തൂക്കിക്കൊല എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌. ഞാൻ പണ്ടു ധരിച്ചത്, പ്രതിയെ ഒരു കയറിന്റെ തലക്കൽ കെട്ടി താഴെ ഇടുന്ന പരിപാടിയാണ് ഇതെന്നാണ്. എന്നാൽ അങ്ങനെ അല്ല. പ്രതി നിരപ്പായ ഒരു സ്ഥലത്തെ ഒരു ചെറിയ പലക പുറത്തു കയറി നില്ക്കുന്നു. അയാളുടെ കണ്ണ് കെട്ടുന്നു. പെട്ടന്ന് അടിയിലെ പലക അപ്രത്യക്ഷമാവുകയും, മരണമെന്തെന്ന് അറിയുന്നതിന് മുൻപേ കഥാ നായകൻ മരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഈ സംഭവം ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട് .
പക്ഷെ നായയുടെ കാര്യത്തിൽ നമ്മൾ ഇത്തരം സൌന്ദര്യ വൽക്കരണം നടത്തുന്നില്ല..
ഒരാൾ മരത്തിൽ കയറി നായയെ മുകളിലേക്ക് വലിച്ചു കൊണ്ടെ ഇരിക്കും. മരിച്ചു എന്ന് മനസ്സിലായാൽ കയറു വിടും. പക്ഷെ മേൽ പറഞ്ഞ സംഭവത്തിൽ നായ എളുപ്പം ചത്തില്ല. ചാകും എന്ന് ഉറപ്പായത് കൊണ്ടു ആരും പിന്നെ അതിനെ കെട്ടി വലിക്കാനൊന്നും നിന്നില്ല. അത് ആരെയോ കാത്തിരിക്കുകയായിരുന്നു. അതെ, തൂക്കിക്കൊലയുടെ വിവരം അറിഞ്ഞു ഞാനും ബാബുവും ചിറക്കര കണ്ടിയിൽ നിന്ന് ഓടി വരികയായിരുന്നു. ഞള്ളിൽ എത്തിയപ്പോൾ നായ അവസാന ശ്വാസം വലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ നായ തല ഉയർത്തി. വാലാട്ടി  . പിന്നെ മെല്ലെ മരണത്തിന്റെ അഗാധതയിലേക്ക്‌ എവിടെയോ ഒഴുകി മറഞ്ഞു പോയി. ബാബു അന്ന് കരഞ്ഞു എന്നാണു എന്റെ ഓർമ്മ. പക്ഷെ ഞാൻ കരഞ്ഞില്ല. കാരണം ഒരു കരച്ചലിൽ അവസാനിച്ചു പോകുന്ന വേദന അല്ല ഇതെന്ന് എനിക്ക് അറിയാമായിരുന്നു.

No comments:

Post a Comment