Tuesday, 4 February 2014

HISTORY

ചന്തു ഏട്ടൻ ജനിച്ചു വീണപ്പോൾ ലോകത്ത് മറ്റാരും ഉണ്ടായിരുന്നില്ല. തന്നോടൊപ്പം ജനിച്ചു വീണ കുറെ നഗ്നരായ മനുഷ്യർ മാത്രം. കൂട്ടത്തിൽ ഒരുത്തി മറ്റൊന്നിനെ പെട്ടിറ്റുന്നതു വരെയെങ്കിലും ചന്തു ഏട്ടൻ ധരിച്ചത് മനുഷ്യർ വലിയവരായി ജനിക്കുന്നു എന്ന് തന്നെ ആയിരുന്നു. പക്ഷെ കുരുന്നു പോലെ പുറത്തു വന്ന ഈ പുതിയ ജീവിയെ കണ്ടു അതെപ്പോഴെങ്കിലും തന്നെ പോലെ വളർന്നു പന്തലിക്കുമെന്നുള്ള ചിന്ത വരാൻ മാത്രം ചന്തു ഏട്ടന്റെ ഉള്ളിൽ ചിന്തകൾ ഒട്ടു മുണ്ടായിരുന്നില്ല താനും.

ഭൂമി അന്ന് വെറും ഒരേക്കർ സ്ഥലം മാത്രമായിരുന്നു. അതും ഫുൾ കാട്. തങ്ങള് പത്തിരുപതു പേരും രാവും പകലും കൈകൊണ്ടു മാന്തി വേരുകൾ അറുത്തു തിന്നുകയും മരങ്ങളിൽ ഏന്തി വലിഞ്ഞു കയറി ഏതൊക്കെയോ കായ്കൾ പറിച്ചു തിന്നുകയും ചെയ്യുന്ന തിനിടയിൽ ഒരിക്കൽ, പൊട്ടൻ ചാത്തൻ ഒരു കൂർത്ത കല്ല്‌ കൊണ്ടു ഒരു മാനിനെ എറിഞ്ഞു കൊന്നത് മുതലാണ്‌ തങ്ങളുടെ കഥ തുടങ്ങുന്നതെന്ന് ചന്തുയേട്ടന് തോന്നി. അന്ന് മാനിനെ ചുട്ടു തിന്നുന്നതിന്നിടയിൽ തങ്ങളെവരുടെയും ശ്രദ്ധ ഉടക്കി നിന്നത് പൊട്ടൻ ചാത്തന്റെ കയ്യിലെ ആ കൂർത്ത കല്ലിൽ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു ദിവസം ഏവരും കൂർത്ത കല്ലുകൾ തേടിയുള്ള യാത്രയായിരുന്നു. കുറെ എണ്ണം അങ്ങനെ കിട്ടിയപ്പോളാണ് അറിഞ്ഞത്, മാനിനെ കൊല്ലാൻ മാത്രമല്ല വേര് കിളചെടുക്കാനും അത് കൊണ്ടു പറ്റുമെന്ന കാര്യം. തിന്നാൻ വേണ്ടിയുള്ള പെടാ പാടുകൾക്കിടയിൽ കുറച്ചൊന്നു ഉറങ്ങാൻ പറ്റും എന്നുള്ള നില വന്നു. കൂട്ടത്തിലുള്ള ചാണ്ടനും ചിണ്ടനും കുറച്ചൊന്നു ഫ്രീ ആകുകയും ചെയ്തു.


ഒരിക്കൽ ചാണ്ടനും ചിണ്ടനും ചന്തു 
ഏട്ടനോട് ഇങ്ങനെ പറഞ്ഞു 'പണിയൊന്നും ഇല്ലാത്തത് കൊണ്ടു വല്ലാതെ ബോർ അടിക്കുന്നു. വല്ല പണിയും താ' .  പണിയൊന്നും ഇല്ലാതെ ഇവർക്ക് എന്ത് പണി കൊടുക്കാനാ എന്ന് മനസ്സില് ചിന്തിച്ചു നിന്ന ചന്തു ഏട്ടന്റെ മനസ്സിൽ ഇടിത്തീ പോലെ ഒരു അറിവ് ആഞ്ഞടിക്കുകയും  അത് അദ്ദേഹം ഉടനെ പറയുകയും ചെയ്യുന്നു 'മഴ നനയാതെ ഉറങ്ങാനും, ഇരിക്കാനുമൊക്കെ എന്തെങ്കിലും സൂത്രം കണ്ടു പിടിക്കു'. പക്ഷികള് കൂടുണ്ടാക്കുന്നതു കണ്ടു പഠിച്ചിരുന്ന ചാണ്ടനും ചിണ്ടനും അതൊരു പ്രശ്നമേ ആയി തോന്നിയില്ല. 'എന്നാ പിന്നെ ഇനി നിങ്ങള് വേര് പറിക്കാൻ നമ്മുടെ കൂടെ വരണ്ട. ഈ കൂട് എല്ലാവർക്കും ഉണ്ടാക്കുകയും അത് നോക്കി നടത്തുകയും ചെയ്താൽ മതി.' അന്ന് ലോകത്തെ ആദ്യത്തെ പെരുതേരി ജനിച്ചു

പിന്നെ കൈക്കോട്ടുകൾ, കലപ്പകൾ, നിലമുഴുകാൻ കാളകൾ, അങ്ങനെ അങ്ങനെ വെറുതെ ഇരുന്നാലും തിന്നാൻ മുടക്കമില്ല എന്ന നിലയിലേക്ക് ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നത് ചന്തു ഏട്ടൻ അറിഞ്ഞു. വെറും ഒരേക്കർ മാത്രമുണ്ടായിരുന്ന ഭൂമി വലുതാവാൻ തുടങ്ങുന്നതും, വയലേലകൾ എല്ലായിടത്തും നിറയുന്നതും, തിന്നാൻ വേണ്ടി ഒന്നും ചെയ്യേണ്ടാത്ത ഒരു ജന സഞ്ചയം വളർന്നു വരുന്നതും ചന്തു ഏട്ടൻ നോക്കി നിന്നു. പക്ഷെ ഒരാളും വെറുതെ നിന്നില്ല. ചിലര് വേലികെട്ടാൻ പോയി, മറ്റു ചിലര് പൊളിക്കാനും. ചിലര് സൃഷിടിച്ചു , ചിലര് നശിപ്പിച്ചു. പൊട്ടൻ ചാത്തന്റെ  കരിംകല്ല്‌ കൊണ്ടു ആളെ കൊല്ലാനും പറ്റുമെന്ന്, ചാത്തന്റെ മോൻ പൊക്കൻ തെളിയിച്ചു. കൊന്നത് സ്വന്തം അനിയൻ പക്രുവിനെ.
പിന്നെ യന്തങ്ങൾ, വിമാനങ്ങൾ, കമ്പ്യൂട്ടർ ഉകൾ ---- വെറുതെ ഇരിക്കാൻ വഴികൾ പലതും തുറന്നു വന്നു. പക്ഷെ അന്നും ചന്തു ഏട്ടൻ ഏകനായി തന്റെ വയലുകളിൽ സ്വന്താമായി വാങ്ങിച്ച ട്രാക്ടർ ഉപയോഗിച്ച് കൃഷി നടത്തുകയും, മറ്റേ തെല്ലാമോ നാടുകളിൽ തമ്പടിച്ചിരുന്ന തന്റെ സന്തതി പരമ്പരകൾക്ക് ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടെ ഇരുന്നു.


അപ്പോഴേക്കും ലോകം വളർന്നു വളർന്നു വലിയ ഒരു വട്ടമാവുകയും കാടുകൾ തളർന്നു തളർന്നു ചെറിയ ഒരു വട്ടമാവുകയും ചെയ്തിരുന്നു. സിമന്റുകൾ കൊണ്ടു പണിത പട്ടണക്കാടിന്റെ ഉയരത്തിലുള്ള ചില്ലകൾ ഒന്നിൽ നിന്ന് ചന്തു ഏട്ടൻ ഒരു ചോദ്യം കേട്ടു 'മമ്മീ , വാട്ട് ഈസ്‌ അഗ്രികൾച്ചർ ? എൽ കെ ജീയിൽ പഠിക്കുന്ന രുദ്രമോൾ തള്ള പക്ഷിയോട് ചോദിച്ചതാണ്. 'മോളെ, യു ഈറ്റ് റൈസ് . ദാറ്റ്‌ ഈസ്‌ അഗ്രികൾച്ചർ'. ആർക്കും ഒന്നും മനസ്സിലായില്ല. വൈകുന്നേരം അകാലത്ത്‌ വീട്ടിലെത്തിയ മാമനോടും അതെ ചോദ്യം. 'അങ്കിൾ വാട്ട്‌ ഈസ്‌ അഗ്രികൾച്ചർ? പട്ടണത്തിനപ്പുറത്തു എവിടെയോ ഒരിടത്തു, ആരും കാണാതെ ഒളിച്ചിരുന്നിരുന്ന ഒരു തുണ്ട് പാടത്തേക്കു മാമൻ രുദ്രമോളെ കൂട്ടി കൊണ്ടു പോയി. ഒരു തരിമ്പു ഭൂമിയിൽ തിങ്ങി വളർന്നിരുന്ന നെൽ പാടത്തിലൂടെ രുദ്രമോൾ ഒരു പറവയെ പോലെ പറന്നു നടന്നപ്പോൾ , ഓണക്കാലത്ത് വരി പറിക്കാൻ പാടങ്ങളിലൂടെ ഓടി നടന്നത് മാമൻ ഓർത്തു. അനാദിയായ തന്റെ ഈ ഒര്മ്മകളിലൂടെയാണ് ഈ കൊച്ചു കുട്ടി ഓടി നടക്കുന്നത് എന്ന് മാമനു തോന്നി. ഓടി തളർന്നു തിരിച്ചു വന്നപ്പോൾ കുഞ്ഞിന്റെ മുഖത്ത് സങ്കടമായിരുന്നു. 'അങ്കിൾ, നമുക്ക് ഇവിടെ ഒരു വീട് വാങ്ങിക്കൂടെ? അകാലത്ത്‌ ലോകം മറന്നു പോയ ലോകത്തിന്റെ ഒരു ആവശ്യത്തിനെ കുറിച്ച് അവൾ ബോധവതി ആയതു പോലെ തോന്നി. ലോകത്തിന്റെ സർവ്വ നാശം അവളെ വ്യാകുലപ്പെടുത്തുന്നത് പോലെ തോന്നി.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ചരിത്രാധ്യാപകനായ രാമൻ മാഷ്‌ പറഞ്ഞു 'civilization is created from the surplus in agriculture production'. 'മാഷെ മനസ്സിലായില്ല'. അപ്പോൾ മാഷ്‌ ഇങ്ങനെ പറഞ്ഞു 'ലോകത്ത് ആദ്യം പത്തു പേരും ഒരു തുണ്ട് ഭൂമിയും മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുക. കൈകൊണ്ടും കാലു കൊണ്ടും മാത്രം രാവന്തിയോളം പണി എടുത്തു തിന്നാനുള്ള വക ഉണ്ടാക്കേണ്ട സ്ഥിതി ആണെന്നും വിചാരിക്കുക. നിങ്ങൾ എല്ലാരും പണി എടുക്കുന്നു . തിന്നുന്നു. അങ്ങനെ ഉള്ളവർക്ക് കിട്ടുന്ന ഏതൊരു വടിയും ഒരു ആയുധമാണ്. അതവർ തങ്ങളുടെ ഭക്ഷണ സമ്പാദനത്തെ എളുപ്പമാക്കാനുള്ള മാർഘമായി ഉപയോഗിക്കുന്നു. വടി കൊണ്ടു അടിക്കാമെന്ന് ഉള്ളത് അവർ പതുക്കെ മാത്രമേ അറിയുന്നുള്ളൂ. അതിനു ഇവിടെ പ്രസക്തി ഇല്ല. വടികൾ വർദ്ധിക്കുമ്പോഴും അവ ഇരുമ്പു വടികളോ മറ്റു പണി ആയുധങ്ങളോ ഒക്കെ ആകുമ്പോഴും ഒക്കെ, ഓരോരോ ആളായി നിങ്ങൾ ഭക്ഷണ നിർമ്മാണ പ്രവൃത്തിയിൽ നിന്ന് പുറം തള്ളപ്പെടുന്നു. അങ്ങനെ പുറം തള്ളപ്പെടുന്ന നിങ്ങൾ വയൽ വരമ്പിൽ എവിടെയെങ്കിലും ഒരു ആല പണിതു അവിടെ താമസിക്കുന്നു. അവിടെയാണ് നിങ്ങൾ നിങ്ങളുടെ ഉല പണിതത്. പ്രപഞ്ചത്തിലെ ആദ്യത്തെ വ്യവസായ ശാല. അതിൽ ഇരുന്നു കൊണ്ടു ആദ്യത്തെ മെക്കാനിക്കൽ എഞ്ചിനീയർ കത്തി, കൊടുവാൾ ഇങ്ങനെ അനേകം സാമഗ്രികൾ സൃഷ്ടി ക്കുകയും പിന്നെയും മറ്റനേകം പേരെ കൃഷി ജോലിയിൽ നിന്ന് പുറം തള്ളുകയും ചെയ്തു കൊണ്ടെ ഇരുന്നു. തൊഴിലില്ലാത്ത, പക്ഷെ തിന്നാൻ വേണ്ടുവോളം ഉള്ള ആ പുറംതള്ളപ്പെട്ടവർ ആയിരുന്നു പിന്നീട് വീടുകൾ ഉണ്ടാക്കിയത്, വിമാനങ്ങൾ ഉണ്ടാക്കിയത്. കഥകൾ എഴുതിയത്,യുദ്ധങ്ങൾ ഉണ്ടാക്കിയത്  . തനിക്കു ഭക്ഷണം തരാൻ ആരോ പാടത്തു ഇറങ്ങി യിട്ടുണ്ട് എന്ന് അന്ന് അവർക്ക് ബോധമുണ്ടായിരുന്നു. പതുക്കെ പതുക്കെ ആ ബോധം അവനിൽ നിന്ന് മായാൻ തുടങ്ങി.

No comments:

Post a Comment