Saturday, 8 February 2014

SHERLOCK GOPALAN AND WATSON PACHU

രാവിലെ കക്കൂസിൽ പോയി വന്നതിനു ശേഷം, ഉമ്മറത്തെ ചാര് കസേരയിൽ ഇരുന്നു ഷെർലൊക് ഗോപാലാൻ, അന്നത്തെ വർത്തമാന പത്രത്തിലെ കൊലപാതക വാർത്തകൾ വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു. വശത്തെ കുറിയ മേശമേൽ ഒരു വെത്തില ചെല്ലവും അതിന്റെ പാർശ്വ ഭാഗത്ത്‌ ശ്രീമാൻ കെ പീ നാഥൻ എഴുതിയ ഏറ്റവും പുതിയ ഡിട്ടക്റ്റീവ് നോവലും , പകുതി വായിച്ച നിലയിൽ കമഴ്ന് കിടക്കുന്നു. തൊട്ടപ്പുറത്ത് വാട്സൻ പാച്ചു ചെറിയ ആട്ടമ്മിയിൽ അടക്ക പൊടിക്കുകയായിരുന്നു.

'ലോകത്ത് കൊലാ പ്രതിഭകൾ അസ്തമിച്ചു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു'. ആരോടെന്നില്ലാതെ ഗോപാലാൻ മൊഴിഞ്ഞു.
യെസ് സാർ, പതിവ് പോലെ അപ്പുറത്ത് നിന്ന് ഒരു വിഡ്ഢി ചിരിയോടെ പാച്ചുവിന്റെ മറുപടിയും വന്നു.
'അച്ഛൻ മോളെ കൊന്നു കത്തിയും എടുത്തു പോലീസ് സ്റ്റെഷനിൽ, ചങ്ങാതി ചങ്ങാതിയെ നടു റോട്ടിൽ ഇട്ടു നാട്ടുകാരുടെ മുൻപിൽ വെട്ടി കൊന്നു കീഴടങ്ങുന്നു. ഇതെന്തു ലോകം. എല്ലാം രഹസ്യമായി ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് നഷ്ടപ്പെട്ടു വരികയാണെന്ന് തോന്നുന്നു' ഷെർലൊക് തുടർന്നു

ഇല്ല എല്ലാം തീർന്നിട്ടില്ല. ഇതാ ഒരു വാർത്ത . 'ഓവ് ചാലിൽ അജ്ഞാത ജഡം. നമുക്ക് പണി വരുന്നുണ്ട്.' 
ഇല്ല പാച്ചു . കഴിഞ്ഞ പ്രാവശ്യം ഇത്തരം ഒന്നിൽ കയറി ഇടപെട്ടിട്ടു പാർടിക്കാരുടെ വക കിട്ടിയ തല്ലും പോലീസിന്റെ വക കിട്ടിയ ഉരുട്ടും നീ മറന്നു പോയോ. ഇങ്ങോട്ട് ആരെങ്കിലും വന്നു പറയാതെ, നേരിട്ട് ചാടി വീഴുന്ന പരിപാടി അന്നേ നിർത്തി.

ഈ സമയമത്രയും, റോഡിന്റെ മറു ഭാഗത്ത്‌ നിന്ന്, കാവി മുണ്ടും കറുത്ത ഷർട്ടും ധരിച്ച ഒരു കറുത്ത മനുഷ്യൻ തങ്ങളുടെ വീട്ടിനു നേരെ ഇമവെട്ടാതെ നോക്കി നില്ക്കുന്നത് പാച്ചു  ശ്രദ്ധിച്ചിരുന്നു. വാഹനങ്ങളുടെ പോക്ക് അല്പമൊന്നു ശമിച്ചപ്പോൾ അയാൾ റോഡു കുറുകെ കടന്നു ഗോപാലന്റെ വീട്ടിനു മുന്നിൽ എത്തി നെയിം ബോർഡ്‌ വായിച്ചു ഉറപ്പു വരുത്തിയതിനു ശേഷം പതിയെ ഗേറ്റ് തുറക്കാൻ തുടങ്ങി.

'ഇതാ നമ്മുടെ കക്ഷി എത്തി.' പാച്ചു  അത് പറയുമ്പോഴേക്കും കക്ഷി ഗോപാലന്റെ മുന്നിൽ എത്തി ഇത്രയും പറഞ്ഞു 'നിങ്ങളല്ലേ ഷെർലൊക് ഗോപാലാൻ, ഇതല്ലേ പൊട്ടൻ പാച്ചു'

'പൊട്ടൻ പാച്ചു അല്ലെടോ, വാട്സൻ പാച്ചു,' പാച്ചു അയാളെ തിരുത്തി.

'കടൽ കരയിലാണ് വീട് അല്ലെ?. . മകനെ കാണാതായിട്ട് എത്ര ദിവസമായി. ' ഗോപലാൻ ഇത്രയും പറഞ്ഞത് കേട്ട് കക്ഷി അത്ബുധ സ്തബ്ദനായി നിന്ന്പോയി. പണ്ടു കണിയാൻ രാമന്റെ അടുത്തു ഇലയും എടുത്തു പോയപ്പോൾ അയാള് പറഞ്ഞ വര്ത്തമാനം കേട്ടിട്ടാണ് ഇതിനു മുൻപേ ഇത്തരത്തിൽ ഒന്ന് ഞെട്ടിയത്. 'ഭാര്യക്ക് വട്ടാണ് അല്ലെ ' എന്നായിരുന്നു അന്ന് അയാൾ ചോദിച്ചത്. തനിക്കു പോലും അത് മനസ്സിലായത്‌ അന്നായിരുന്നു 

താൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ പാച്ചു  ചോദിച്ചു കഴിഞ്ഞിരുന്നു . 'അതെങ്ങനെയാ സാർ, സാർക്ക്‌ അത് മനസ്സിലായത്‌.

'ഓ. അതിൽ എന്തിരിക്കുന്നു, കടലിന്റെ മണം അയാൾക്ക്‌ ചുറ്റും പരന്നു കൊണ്ടിരിക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. പോരാത്തതിന് ഉള്ളിൽ കടലിന്റെ ഇരമ്പലും. മക്കളെ കാണാത്തതിന്റെ വിഷമം പെണ്ണ് കെട്ടാത്തോർക്കാ എളുപ്പം മനസ്സിലാകുക. ഇനി നിങ്ങൾ വന്ന കാര്യം പറയുക.' ഷെർലൊക് ആഗതനെ നോക്കി പറഞ്ഞു.

കാവിക്കുള്ളിലെ അഞ്ജാതൻ

ആഗതൻ കഥ പറഞ്ഞു തുടങ്ങി.
എന്റെ കഥ തുടങ്ങുന്നത് മുപ്പതു വർഷങ്ങൾക്കു മുൻപാണ്. ഇരുപതാം വയസ്സിൽ കോയമ്പ ത്തൂരിലെ ഒരു ചിട്ടി കമ്പനിയിൽ, ഗുമാസ്തനായിരിക്കെ ഒരിക്കൽ വഴിനടന്നു പോകുകയായിരുന്ന എന്നെ ഒരു വഴിപോക്കൻ തമിഴൻ അത്ബുധത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി. ഒരു കണ്ണാടി മുൻപിൽ വച്ച് തന്നത് പോലെ. എന്റെ അതെ രൂപം. ഇതെങ്ങനെ സംഭവിക്കും എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കുംബോഴേക്കും ആൾ കണ്മുൻപിൽ നിന്ന് മറഞ്ഞു പോയി. പിന്നെ ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. നാട്ടിൽ വന്നു അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു .
'നിന്റെ അച്ഛന്റെ പീടികയുടെ അടുത്തു പണ്ടൊരു തമിഴത്തി താമസിച്ചിരുന്നു. കള്ളന്മാര് കൂടുതൽ ആയതു കൊണ്ടു അന്ന് അച്ഛൻ പീടികയിൽ തന്നെ ആയിരുന്നു അന്തി ഉറക്കം. ഉറങ്ങലല്ല ഉറങ്ങാതിരിക്കലായിരുന്നു നിന്റെ അച്ഛൻ കൂടുതൽ ചെയ്തിരുന്നത് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു'.

പിന്നെ അവരെവിടെ പോയി എന്ന് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞത്, അവളെ മറ്റൊരു തമിഴനെ കൊണ്ടു കെട്ടിച്ചു അവിടെ നിന്ന് അടിച്ചോടിച്ചു എന്നാണു. അതിനു മുൻ കൈ എടുത്തത്‌ അമ്മയുടെ അച്ഛൻ കോമൻ ആയിരുന്നത്രെ. എന്താണ് കാരണമെന്ന് അമ്മ ചോദിക്കുകയോ അച്ഛൻ പറയുകയോ ചെയ്തിരുന്നില്ലത്രെ

കഴിഞ്ഞ ദിവസം ഓവ് ചാലിൽ ഒരു അജ്ഞാത ജഡം കണ്ടെന്നു കേട്ട് ഓടി ചെന്ന് നോക്കിയപ്പോൾ ഞാൻ അത്ബുധ പ്പെട്ടു പോയി. കോയമ്പതൂരിൽ ഞാൻ അന്ന് കണ്ട അതെ മനുഷ്യൻ, അല്ലെങ്കിൽ അതെ പോലെ ഉള്ള വേറൊരാൾ ഓവ്ചാലിൽ മരിച്ചു കിടക്കുന്നു.അതോടൊപ്പം എന്റെ മകനെയും കാണാതായി. എങ്ങു പോയെന്നോ എന്തിനു പോയെന്നോ നിശ്ചയമില്ല. മൊബൈൽ എടുത്തത്‌ കൊണ്ടു ചാകാൻ പോയതല്ല എന്ന് ഉറപ്പാണ്.ഫേസ് ബുക്ക്‌ അക്കൌണ്ടും ഡീ ആക്ടിവേറ്റ് ചെയ്തിട്ടില്ല.
ഞാൻ തന്നെ ആണോ ഓവിൽ മരിച്ചു കിടക്കുന്നത് എന്ന് പോലും ഞാൻ സംശയിച്ചു പോയി. ഞാൻ മറ്റൊരിടത്തായിരുന്നെങ്കിൽ നാട്ടുകാരെല്ലാം കൂടെ ഇവനെ എന്റെ പറമ്പിൽ തന്നെ ദഹിപ്പിച്ചു കളയുമായിരുന്നു എന്ന് പോലും ഞാൻ സംശയിച്ചു. പക്ഷെ എനിക്ക് അറിയേണ്ടത് കൊലപാതകി ആരെന്നല്ല. കൊല ചെയ്യപ്പെട്ടവൻ ആരെന്നാണ്. മരിക്കുന്നത് വരെയും അജ്ഞാതനായി ജീവിച്ച ഇവനിൽ ഒഴുകുന്നത്‌ എന്റെ രക്തം തന്നെയോ എന്നാണു എനിക്ക് അറിയേണ്ടത്. അതിനു വേണ്ടി ഒരു ചെറിയ കുപ്പിയിൽ ഞാൻ എന്റെ രക്തം എടുത്തു സൂക്ഷിച്ചു വച്ചിട്ടും ഉണ്ട്.ഈ മരണവും എന്റെ മകന്റെ തിരോധാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?' . ഇത്രയും പറഞ്ഞു ആഗതൻ തന്റെ മുണ്ട് കയറ്റി പിടിച്ചു, ട്രൌസ റിന്റെ കീശയിൽ നിന്ന് ഒരു ചെറിയ മരുന്ന് കുപ്പി പുറത്തെടുത്തു ഷെർലൊക്കിന്റെ കയ്യിൽ കൊടുത്തു.

'പാച്ചു . നമ്മൾ ഉടൻ പുറപ്പെടുകയായി. മുൻസിപ്പാലിട്ടിക്കാരു ശവം മറവു ചെയ്യുന്നതിന് മുൻപ് പുന്നോലെത്തി ശവത്തിൽ നിന്ന് ഒരു തുള്ളി ചോര കുത്തി എടുത്തേ പറ്റൂ. നമ്മുടെ അവസാനത്തെ തൊണ്ടി പുകയായി പോകുന്നതിനു മുൻപേ നമ്മൾ അവിടെ എത്തിയെ പറ്റൂ.'

ആഗതനെ ശ്രദ്ധിക്കാതെ രണ്ടു പേരും ആക്ടിവ സ്കൂട്ടറിൽ കയറി അപ്രത്യക്ഷരായി.

പെട്ടിപാലം 

തലശ്ശേരി നഗരം അവസാനിക്കുന്നെടത്ത്‌ പെട്ടിപ്പാലം ആരംഭിക്കുകയായി. ലിമിറ്റിൽ ഉള്ള ശ്മശാനത്തിൽ തുടങ്ങി, പെട്ടിപാലം ചേരികളിലൂടെ കടന്നു അത് ചരിത്രപ്രസിധമായ പെട്ടിപ്പാലം മാലിന്യ ശേഖരത്തിൽ അവസാനിക്കുന്നു. ഈ മാലിന്യ ശേഖരങ്ങൾക്കിടയിൽ ഒരു രാത്രി മുഴുവൻ കഴിഞ്ഞാണ്, പണ്ടു കസ്റ്റംസുകാർ ഒരു കള്ളകടത്തു കാരനെ തൊണ്ടി സഹിതം പിടി കൂടിയത്. ഐതിഹാസികമായ മാലിന്യ വിരുദ്ധ സമരം നടത്തി പരാജയപ്പെട്ട ഭൂമിയാണ്‌ ഇത്. അറവു മാടുകളുടെ നിലവിളികളിൽ മുഖരിതമായ ഈ ഭൂമികളിൽ ഇന്ന് നിറഞ്ഞു നില്ക്കുന്നത് തികഞ്ഞ ശാന്തതയും, ഇടയ്ക്കിടെ ഉള്ള നാറ്റങ്ങളും മാത്രമാണ്. അങ്ങകലെ ഉള്ള വീടുകളിൽ പോലും ഈ നാറ്റം എത്തിക്കുന്നതിന്, ഇവിടത്തെ കടൽ കാറ്റ് എന്നും ഉത്സാഹം കാണിച്ചിരുന്നു.

പണ്ടു പെട്ടിപാലത്ത്, ഇന്ന് കാണുന്ന ഈ ചേരി പ്രദേശം ഉണ്ടായിരുന്നില്ല. അഗതികളും അശരണരും അന്ന് റെയിൽവേ സ്റ്റെഷൻ പരിസരത്ത് കുടിൽ കെട്ടി താമസിച്ചു വരവേ, ഒരിക്കൽ മുനിസിപാലിട്ടിക്കാരും റെയിൽവേ ക്കാരും അവരെ അവിടെ നിന്ന് ആട്ടി ഓടിക്കുകയും, വീണ്ടും അശരണരായ അവരെ, സ്ഥലത്തെ ഒരു തൊഴിലാളി നേതാവ് ഒരു ജാഥയായി നയിച്ച്‌, പെട്ടിപ്പാലത്ത് കുടിയിരുത്തുകയും ചെയ്തതായി നമ്മുടെ പുരാണങ്ങൾ പറയുന്നു.


ഷെർലൊക് ഗോപാലനും, വാട്സൻ പാച്ചുവും, ആക്ടിവാ സ്കൂട്ടറിൽ പെട്ടിപ്പാലത്ത്‌ എത്തുമ്പോൾ സമയം സന്ധ്യയായിരുന്നു. അസ്തമന സൂര്യന്റെ ചുവന്ന പ്രകാശങ്ങൾ കടല്ക്കരയിലെ മരങ്ങളെ കമ്മ്യൂണിസ്റ്റ്‌ കൊടികളെ പോലെ ചുവപ്പിച്ചു . അവയിലൂടെ മൂളി പാഞ്ഞ കാറ്റുകൾ ഒരു മുദ്രാവാക്ക്യം വിളിയുടെ ആരവം പോലെ തോന്നിച്ചു. കടൽ കരയിലെ പാറകൾക്കിടയിൽ അദൃശ്യമായി നിന്ന ശ്മശാന പടവുകളിൽ രണ്ടു പേർ കുന്തിച്ചിരിക്കുന്നുണ്ടായിരുന്നു. ശവം മറവു ചെയ്യാൻ വേണ്ട ഉരുപ്പടികൾ അവർക്ക് ചുറ്റും വിതറി കിടക്കുന്നുണ്ടായിരുന്നു.
'എന്താ വേണ്ടത്'..അവരിൽ ഒരാൾ ചോദിച്ചു
'കുറച്ചു ചോര വേണമായിരുന്നു' ഗോപാലൻ പറഞ്ഞു
'എന്റെതോ ഇവന്റെതൊ' മറ്റെയാൾ ചോദിച്ചു.
'ചത്ത്‌ പൊയവന്റെതാ' പാച്ചു പറഞ്ഞു.
'ഒരു അഞ്ഞൂറ് മണീസ് തന്നിട്ട് വേണമെങ്കിൽ ശവം തന്നെ എടുത്തോ.' ഒന്നാമത്തെ ആൾ പറഞ്ഞു.
അവരിൽ മര്യാദക്കാരനെന്നു തോന്നിച്ച ഒരുവന്റെ കയ്യിൽ 200 രൂപ ഏൽപ്പിച്ചു, ഈ സമയം കൊണ്ടു രക്തം കുറെ ഏറെ കട്ട പിടിച്ചു പോയേക്കാം എന്ന് ഗോപാലൻ സംശയിച്ചു . അവൻ തന്റെ ഉറയിൽ നിന്ന് സിറിഞ്ച് ഊരുകയും ശവത്തിന്റെ ഞരമ്പിൽ കുത്തി ഒരു ഔൻസ് രക്തം വലിച്ചെടുത്തു കയ്യിൽ കരുതിയ ചെറിയ കുപ്പിയിലേക്ക്‌ മാറ്റുകയും ചെയ്തതിനു ശേഷം, രണ്ടു പേർക്കും ഓരോ താങ്ക്സ് ഉം പറഞ്ഞു സ്ഥലം വിടുകയും ചെയ്തു. പാച്ചുവായിരുന്നു വണ്ടി ഓടിച്ചത്. പുറകിൽ ഇരുന്ന ഗോപാലൻ ഉച്ചത്തിൽ ചോദിച്ചു 'എടാ പാച്ചൂ, ഈ രണ്ടെണ്ണത്തിന്റെയും ചോര കൊണ്ടു നമ്മൾ എന്ത് പുല്ലു ചെയ്യാനാ. നാളെ മറ്റേവന് എന്തെങ്കിലും ഒരു മറുപടി കൊടുക്കേണ്ടേ?
'എന്റെ ഷെർലൂ, ഡിടക്റ്റീവ് നോവലുകൾ വായിക്കുന്നതിനിടക്ക്‌ ടീ വീ സീരിയലുകൾ കാണണമെന്ന് ഞാൻ പറയാറുള്ളത് ഇത് കൊണ്ടാണ്. അവയിൽ നിന്നൊക്കെ നമ്മൾ ഡിറ്റക്ടീവുകൾക്കു പലതും പഠിക്കാനുണ്ട്. സമയമാണ് എല്ലാറ്റിനും വേണ്ടത്. ഇട സംഭവങ്ങളിലൂടെ നമ്മൾ സമയത്തെ സൃഷ്ടിച്ചെടുക്കണം. ഒരു ആയിരം എപ്പിസോഡിൽ തീർക്കേണ്ട കഥ പോലെ നമ്മൾ ഇതിനെ വലിച്ചു നീട്ടുകയാണ്. അപ്പോൾ നാളെ ചോരയും കൊണ്ടു നമ്മൾ കോയമ്പതൂരിലെക്കു പോകുന്നതായി നാം മറ്റെവനെ അറിയിക്കുന്നു. കോയമ്പതൂരിൽ വച്ച് എന്ത് സംഭവിക്കുന്നു എന്നുള്ളത് നിനക്കോ എനിക്കോ, ഈ മറ്റെവനോ എന്തിനു സാക്ഷാൽ ദൈവം തമ്പുരാന് പോലുമോ അറിയില്ലെന്നെങ്കിലും നമുക്ക് അറിയാമല്ലോ.


കോയ മ്പ തൂര് വണ്ടി ഇറങ്ങിയപ്പോൾ വടിവേലു സ്റ്റെഷനിൽ കാത്തിരിപ്പുണ്ടായിരുന്നു. ഒന്നും മിണ്ടാതെ വടി വേലു വിന്റെ കൂടെ നടന്നു കാറിൽ കയറി ഇരുന്നു. അവിനാശി റോഡിലൂടെ കാറ് പായുമ്പൊഴും ഇവനോട് എന്ത് പറഞ്ഞു തുടങ്ങണം എന്നായിരുന്നു ഷെർലൊക് ആലോചിച്ചു കൊണ്ടിരുന്നത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. ചത്തവനും കൊന്നവനും ഒരു പോലെ അജ്ഞാതരായിരുന്ന സംഭവങ്ങൾ മുന്പെങ്ങും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. പോരാത്തതിനു ഒരു ചെക്കന്റെ തിരോധാനവും. ചെക്കൻ കഞ്ചാവടിച്ചു എവിടെയെങ്കിലും പോയി വീണതാവാം. പക്ഷെ അത്തരം ഒരു സാധ്യത നമ്മൾ ഡിറ്റക്റ്റിവ്മാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടില്ല. കാണാതായവനെ കണ്ടെത്തുന്നത് വരേയ്ക്കും അവൻ കൊല്ലപ്പെട്ടവൻ ആണ്. അവനെ കണ്ടെത്തുക എന്നത് നമ്മെ സംബധിചേടത്തോളം മരിച്ചവനെ പുനർജനിപ്പിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ്‌.

വണ്ടി വടിവേലുവിന്റെ വീട്ടു പടിക്കൽ എത്തി നിന്നു. തടിച്ചു ഗുണ്ടയെ പോലെ തോന്നിക്കുന്ന ഒരാൾ വാതിൽക്കൽ കാവൽ നില്ക്കുന്നുണ്ടായിരുന്നു. വടിവേലു അയാളോട് തമിഴിൽ എന്തോ പറഞ്ഞതും അയാള് ഓടി വന്നു നമ്മുടെ ഒക്കെ പെട്ടി എടുത്തു ഉള്ളിലേക്ക് കയറിയതും ഒന്നിച്ചു കഴിഞ്ഞു. മട്ടുപ്പാവിൽ നിരത്തി നിർത്തിയിട്ടിരുന്ന അനേകം കസേരകളിൽ ഒന്നിൽ ഞങ്ങൾ ഇരുന്നു. വടിവേലു ചോദ്യഭാവത്തിൽ ഷെർലൊക്കിനെ നോക്കി. ഇനി പറയാതിരിക്കാൻ നിവൃത്തിയില്ല എന്ന ആ ഘട്ടത്തിൽ ഷെർലൊക് താഴെ പറയും പ്രകാരം തന്റെ കഥ ചുരുക്കി പറഞ്ഞു.

മുപ്പതു വർഷങ്ങൾക്കു മുൻപ് അന്യ ദേശത്ത് എവിടെയോ ഒരു മിന്നൽ പോലെ കണ്ട തന്റെ തനി സ്വരൂപന്റെ ശവം മുപ്പതു വർഷങ്ങൾക്കു ശേഷം അതായത് ഇന്ന്, തന്റെ കാൽ കീഴിൽ കണ്ടാൽ തനിക്കു എന്ത് തോന്നും. അതാണ്‌ ഇവിടെ നമ്മുടെ കക്ഷിക്ക് സംഭവിച്ചിരിക്കുന്നത്. തൊണ്ടിയായി ഇവിടെ ഉള്ളത് ഇവർ ഓരോരുത്തരുടെയും ഒന്നോ രണ്ടോ തുള്ളി ചോരകൾ മാത്രമാണ്. പോരാത്തതിന് ഒരു ചെക്കൻ വായുവിൽ അലിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
ഇത്രയും പറഞ്ഞു ഷെർലൊക് കയ്യിലുള്ള ചെറിയ രണ്ടു കുപ്പി ചോരകൾ വടിവേലുവിന്റെ മേശപ്പുറത്തു വച്ചു. വടിവേലു അതെടുത്തു തിരിച്ചും മറിച്ചും നോക്കി ഉടനെ വീട്ടിനടുത്ത് കൂടെ ഒഴുകുന്ന പുഴയിലേക്ക് ഒരൊറ്റ ഏറു വച്ചു കൊടുത്തു. ഷെർലൊക്കും ഒപ്പം വാട്സനും ഒന്നിച്ചു സ്റ്റുന്റ് ആയി പ്പോയി.
വാട്ട്‌ വടിവേൽ, വാട്ട്‌ ഹവ് യു ഡണ്‍? വിശ്വസിക്കാനാവാതെ ഷെർലൊക് എന്തൊക്കെയോ പറഞ്ഞു പോയി.
അപ്പോൾ വളരെ കൂൾ ആയി വടിവേലു ഇത്രയും പറഞ്ഞു . 'മൊട്ടത്തലയന്മ്മാർക്ക് എന്തിനാടോ ചീർപ്?. ഈ ലോകം എന്നത് ശതകോടി തൊണ്ടികളുടെ ആക തുകയാണ്. പണ്ടു പ്രഹ്ലാദൻ ഹിരണ്യ കശുപിനു കൊടുത്ത ഉത്തരം അതെ പോലെ ഞാൻ നിന്നോടും ചൊല്ലുകയാണ്. ഈ തൂണിലും തുരുമ്പിലും ഒക്കെ തൊണ്ടികൾ മറഞ്ഞിരിക്കുന്നത് നാം അറിയേണം. രണ്ടു കുപ്പി ചോരകൾ കൊണ്ടു ഈ കോയമ്പതൂരിൽ താൻ എന്ത് പുല്ലാക്കാനാ. അത് വിട്. മറ്റെന്താണ് നിനക്ക് പറയാനുള്ളത്. കാണാതായ ചെക്കന്റെ കാര്യം നമുക്ക് മറ്റൊരു ഫയൽ ആയി ഓപ്പണ്‍ ചെയ്യാം. അതും ഇതും കൂട്ടി കുഴക്കേണ്ട

സ്കോട്ട് ലാൻഡിൽ ഒന്നിച്ചു പഠിച്ച വടിവേലുവിന്റെ ബുദ്ധിയിൽ തനിക്കു എന്നും മതിപ്പായിരുന്നു. അത് കൊണ്ടാണല്ലോ ഇത്രയും ദൂരം താണ്ടി താൻ കൊല്ലപ്പെട്ട തമിഴന്റെ ആത്മാവിനു നിത്യ ശാന്തി ആർജിക്കാനുള്ള സൽ പ്രവൃത്തിയുമായി മുന്നോട്ടു നീങ്ങിയത്. തന്റെ കക്ഷിയുടെ പേര് പോലും ചോദിക്കാൻ ആ തിരക്കിനിടയിൽ മറന്നു പോയ കാര്യം ഷെർലൊക് അപ്പോഴാണ്‌ ഓർത്തത്‌. സാരമില്ല, അവനെ തല്ക്കാലം കക്ഷി എന്ന് തന്നെ വിളിക്കാം.

'ഡിറ്റെക്റ്റിവിന്റെ പരീക്ഷണങ്ങളിൽ അമ്പതു ശതമാനം മാര്ക്ക് ഭാഗ്യത്തിനാണ്. പക്ഷെ നിന്റെ ഈ പ്രത്യേക കേസിൽ ഭാഗ്യത്തിന്റെ പങ്കു നൂറു ശതമാനം ആകുമോ എന്ന് ഞാൻ സംശയിക്കുന്നു. വെറും ശൂന്യതയാണ് നമുക്ക് ചുറ്റും ഉള്ളത്. ഒരു തുള്ളി രക്തം കൊണ്ടു ഈ ശൂന്യതയെ ശോണമയമാക്കാൻ നമുക്ക്പറ്റുമോ' വടിവേലു തുടർന്നു

'അപ്പോൾ ഞാൻ എന്ത് ചെയ്യണം' ഷെർലൊക് സങ്കടതോടെ ചോദിച്ചു.

'നടന്നു കൊണ്ടെ ഇരിക്കുക. ഏതോ ഒരു ഹിച് കൊക്ക് സിനിമയിലെ നായകനെ പോലെ തന്റെ ലക്ഷ്യത്തെ തേടി തെരുവിലൂടെ അലഞ്ഞു കൊണ്ടെ ഇരിക്കുക. എന്നെങ്കിലും ഒരിക്കൽ പെട്ടന്ന് തന്റെ കക്ഷിയെ പോലെ ഉള്ള മറ്റൊരു വ്യക്തി തന്റെ മുന്നിൽ പ്രത്യക്ഷ പ്പെടുന്നുവോ അന്ന് നിന്റെ അന്വേഷണം അവസാനിക്കുന്നു. അന്ന് നീ എന്നെ വിളിക്കുക.' ഇത്രയും പറഞ്ഞു വടിവേൽ കുളിക്കാൻ പോയി


പതിനഞ്ചു രാവുകളും പതിനഞ്ചു പകലുകളും സംഭവങ്ങളൊന്നും ഇല്ലാതെ കടന്നു പോയപ്പോൾ, വടിവേലു പറഞ്ഞ ഭാഗ്യം തന്നെ പുല്കാനിടയില്ലെന്ന് ഷെർലൊക്കിനു തോന്നി. പരാജയമെന്നതു തന്നെ സംബന്ദിചേടത്തോളം മരണമാണ്. പാറമട മേലെ നിന്ന് തന്നെ തള്ളിയിട്ട ആ ഭീകരൻ ഡോക്ടർ ക്ക് പോലും തന്നെ കൊല്ലാനായില്ല എന്ന കാര്യം പാച്ചു ഇടയ്ക്കിടെ തന്നെ ഓര്മ്മപ്പെടുത്താറു ണ്ട് . പക്ഷെ അതിനു കാരണം ആ കോനന്റെ കഴിവും നാട്ടുകാരുടെ ഭ്രാന്തും മാത്രമായിരുന്നല്ലോ. ഇപ്പൊ ഈ കഥ എഴുതി കൊണ്ടിരിക്കുന്ന കോന്തന് അതിനു മാത്രം കഴിവുണ്ടോ എന്നുള്ള കാര്യം സംശയമാണ്. എവിടെയും എത്തിയില്ലെങ്കിൽ ആ തൊന്ന്യവാസി കഥ മാറ്റി പറഞ്ഞോളും എന്ന് കരുതാം. പക്ഷെ അത് വരെ എങ്കിലും നമുക്ക് രണ്ടു പേർക്കും നടന്നെ പറ്റൂ. ചൂടിന്റെ കാര്യത്തേക്കാൾ കഷ്ടം രാത്രിയിലെ ഭക്ഷണമാണ്. എല്ലാടത്തും പുളി സാദം, തൈര് സാദം എന്നീ സാധനങ്ങൾ, ചോറ് ഒരിടത്തും ഇല്ല. രാത്രി ഐല പൊരിച്ചതും കൂട്ടി ചോറ് തിന്നാലെ തനിക്കു ഉറക്കം വരികയുള്ളൂ. മര്യാദക്കു ഉറങ്ങിയില്ലെങ്കിൽ ഡി റ്റ ക്റ്റിവ് ബുദ്ധി ഉണരില്ല എന്ന് തന്റെ അദ്ധ്യാപകൻ പഠിപ്പിച്ച കാര്യം ഷെർലൊക് അന്നേരം ഓർത്തു.

വീട്ടിന്റെ മട്ടുപ്പാവിൽ വച്ച് ഷെർലൊക് തന്റെ കദന കഥ വടിവേലുവിന്റെ മുൻപിൽ വിവരിച്ചപ്പോൾ അവൻ ചിരിക്കുക മാത്രം ചെയ്തു.
എടൊ പൊട്ടൻ ഡിറ്റക്റ്റീവെ, പണ്ടു കാട്ടിലൊരു വീരനെ പിടിക്കാൻ പോയപ്പോൾ പത്തു ദിവസമാ ഞാൻ ചോർ ഇല്ലാതെ കഴിഞ്ഞത്. ചോറില്ലാതിരുന്നാൽ ഉറക്കം കുറയുമായിരിക്കാം, പക്ഷെ ധൈര്യം കൂടും എന്നാണു ഞാൻ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്. നിനക്ക് ബുദ്ധിയെ ഉള്ളൂ, ധൈര്യം തീരെ ഇല്ല. കുറച്ചു നാൾ തൈര് സാദം കഴിക്കുമ്പോൾ അത് ശരിയായി കൊള്ളും---- വടിവേലു ഇത്രയും പറഞ്ഞു കോട്ടും ഇട്ടു കാറിലേക്ക് കയറി എങ്ങൊട്ടെക്കൊ പോയി മറഞ്ഞു.

എടൊ ഗോപാലാ, ആ സീ ഐ ഡീ സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ, നമുക്ക് ഒന്ന് രണ്ടു ദിവസം,അടിച്ചു പൊളിച്ചു നടന്നാൽ എന്താ. കള്ളനെ പിടിക്കാൻ ഇനിയും സമയമുണ്ടല്ലോ.
പാച്ചുവിൻറെ ഉപദേശം ശരിയാണെന്ന് ഷെർലൊക്കിനും തോന്നി.
'സ്വർഗത്തിലോ, നമ്മൾ സ്വർഗത്തിലോ' എന്ന പാട്ടും പാടി അങ്ങനെ രണ്ടു ദിവസം ജോളി ആയി കഴിഞ്ഞപ്പോഴേക്കും മൈലാപ്പൂരിൽ ഏതോ കള്ളനെ പിടിക്കാൻ പോയ വടിവേലു കള്ളനെ കിട്ടാതെ തിരിച്ചു വന്നു.

'ഈ ആഴ്ചത്തെ വാര ഫലം മോശമാണ്. സീ ഐ ഡീ മാർക്കും പോലീസുകാർക്കും മാനഹാനി ദ്രവ്യ നഷ്ടം വയറ്റിൽ അസുഖങ്ങൾ ഇവ ഉണ്ടാകാം എന്ന് ഏതോ ഒരു വാരികയിൽ വായിച്ചു. ഇന്നലെ രാത്രി ഫുൾ ടൈം കക്കൂസിൽ തന്നെ ആയിരുന്നു' വന്ന ഉടനെ ഇത്രയും പറഞ്ഞു വടിവേലു വീണ്ടും കക്കൂസിന്റെ ഭാഗത്തേക്ക് ഓടിപ്പോയി.

Like ·  · Promote · 

No comments:

Post a Comment