Saturday, 31 December 2016

വിശ്വസ്തനായ ബാലാട്ടൻ

പണ്ട് പണ്ട് പണ്ട് എരഞ്ഞോളി എന്ന രാജ്യത്തു ബാലൻ എന്ന സർവ സമ്മതനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു.  (ഇപ്പോൾ അയാള് ചത്ത് പോയത് കൊണ്ടാണ് ജീവിച്ചിരുന്നു എന്ന് പറഞ്ഞത്).  ബാലാട്ടനെ ഏതൊരു കാര്യം ഏല്പിച്ചാലും , ഏൽപ്പിച്ച ആൾക്ക് പിന്നെ ആ കാര്യത്തെ കുറിച്ച് മറക്കാം.  പറഞ്ഞ സമയത്തു പറഞ്ഞ രീതിയിൽ ബാലാട്ടൻ അത് ചെയ്തു കഴിഞ്ഞിരിക്കും.  ഇനി ബാലാട്ടൻ ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങി അടുത്ത തിങ്കളാഴ്ച രാവിലെ ഏഴു  മണിക്ക് പണം വീട്ടിൽ എത്തിച്ചു തരും എന്ന് പറഞ്ഞു എന്ന് വിചാരിക്കുക .  അടുത്ത തിങ്കളാഴ്ച രാവിലെ കടം കൊടുത്ത ചാത്തു വീട്ടിലെ ചാര് കസേരയിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കെ ബാലാട്ടൻ വീടിന്റെ പടി കയറി വരുന്നത്  കണ്ട് എങ്കിൽ  അപ്പോൾ ചാത്തുവിന് തീരുമാനിക്കാം സമയം  ഏഴു മണി ആയി എന്ന്. അതായിരുന്നു ബാലാട്ടൻ.  അങ്ങനെ ഇരിക്കെ വിശ്വസ്തനായ ഈ ബാലാട്ടൻ അതിലും വിശ്വസ്തവും,  ബുദ്ധിപരവും ആയ ഒരു നീക്കം നടത്തി ചില സംഗതികൾ ഒപ്പിച്ചതിനെ കുറിച്ചാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.

1960  ജനുവരി രണ്ടാം തീയതി,  രാവിലെ എട്ടു മണിക്കും നട്ടുച്ചക്ക് പന്ത്രണ്ടു മണിക്കും ഇടയിൽ ഉള്ള നാല് മണിക്കൂർ ഇടവേളയിൽ, അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികൾ ആയ പത്തു സുഹൃത്തുക്കളെ അദ്ദേഹം കാണുകയും, അവരിൽ നിന്ന് ഓരോരുത്തരിലും നിന്നും,  ഇരുപതിനായിരം രൂപവീതം കടം  വാങ്ങിക്കുകയും ചെയ്യുന്നു.  അങ്ങനെ കിട്ടിയ  രണ്ട് ലക്ഷം രൂപയും എടുത്തു ബാലാട്ടൻ പട്ടണത്തിൽ അങ്ങേരു സാധാരണ കച്ചവടം നടത്തുന്ന ഒരു ബാങ്കിൽ എത്തി അത് അഞ്ചു  വർഷത്തെ സ്ഥിര നിക്ഷേപം ആയി ഇടുന്നു.  അതിനു ബാലാട്ടന് പതിനൊന്നു ശതമാനം വച്ച് പലിശ കിട്ടുന്നതായിരിക്കും എന്ന് ബാങ്ക് മാനേജർ അറിയിക്കുകയും ചെയ്യുന്നു.  ഇടയ്ക്കു പറയാൻ വിട്ടു പോയ ഒരു കാര്യം ഞാൻ നിങ്ങളെ ഏവരെയും ഓർമിപ്പിക്കുകയാണ്.  പണം വാങ്ങുന്ന സമയത്തു ബാലാട്ടൻ തന്റെ സുഹൃത്തുക്കൾ ഓരോരുത്തരോടും പറഞ്ഞത്,  അടുത്ത തിങ്കളാഴ്ച കൃത്യം രാവിലെ പത്തു മണിക്ക് പണം അവരുടെ വീട്ടിൽ എത്തിച്ചു കൊള്ളും  എന്നാണു.  അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയം ഉണ്ടെങ്കിൽ തങ്ങളുടെ പൈസ കിട്ടിയിരിക്കും എന്ന് അത് കൊടുത്ത ഓരോ ആൾക്കും നല്ല ബോധം ഉണ്ടായിരുന്നു.  അങ്ങനെ അടുത്ത ഞായറാഴ്ച ആയി.  അന്ന് വൈകുന്നേരം ബാലാട്ടൻ ഒരു ബാഗ് എടുത്തു വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് ഭാര്യ ജാനകി കണ്ടത്.  എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ,  ഒരു പത്തു പേരെ അത്യാവശ്യമായി കാണേണ്ടാതുണ്ട് എന്ന് പറഞ്ഞു ബാലാട്ടൻ ഒറ്റ നടപ്പു.  അന്ന് വൈകുന്നേരം നാല് മണിമുതൽ എട്ടു മണിവരെ നീണ്ടു നിൽക്കുന്ന ഇടവേളകളിൽ ബാലാട്ടൻ മുന്നേ ചെയ്തത് പോലെ, പക്ഷെ മുന്നിൽ നിന്ന് വ്യത്യസ്തമായ പത്തു പേരിൽ നിന്ന് വീണ്ടും ഇരുപതിനായിരം രൂപ കടം വാങ്ങുന്നു.  അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ബാലാട്ടൻ ഒൻപതേ പത്തിന് തന്നെ കടം വാങ്ങിയ ചന്തുവിന്റെ പൈസ കൊടുത്തപ്പോൾ ചന്തു ചോദിച്ചു, ഇതെന്താ ബാലേട്ടാ പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ നേരത്തെ എന്ന്.  അപ്പോൾ ബാലാട്ടൻ പറഞ്ഞു പത്തു മണിക്ക് മുൻപേ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്.  എല്ലാവരുടെയും പണം കൊടുപ്പാണ് ചെയ്തു തീർക്കേണ്ട കാര്യം എന്ന് മാത്രം പറഞ്ഞില്ല.  അങ്ങനെ പത്തു മണിക്ക് മുൻപേ ആദ്യം പ്രാവശ്യം വാങ്ങിയ പണം അതാത് ആളുകൾക്ക് കൊടുത്തു തീർത്തു.  ഇവിടെ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം മാന്യ വായനക്കാരെ ഓർമിപ്പിക്കുകയാണ്.  ഈ കടം തീർക്കാൻ വേണ്ടി രണ്ടാമത് വാങ്ങിച്ച ആളുകളോടും ബാലാട്ടൻ പറഞ്ഞത് അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് വാങ്ങിയ പണം തിരിച്ചു തരും എന്നാണു.  മുൻപിലത്തെ പോലെ  അന്നേരവും, ആ പത്തു പേർക്ക് അറിയാമായിരുന്നു, അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയമുണ്ടെങ്കിൽ തങ്ങളുടെ പണം തീർച്ചയായും തിരിച്ചു കിട്ടുമെന്ന്.  മുൻപെന്ന പോലെ ഈ പ്രാവശ്യവും ഒന്നാമത്തെ ആൾക്ക് ഒൻപതു മണിയോടടുത്തും അവസാനത്തെ ആൾക്ക് പത്തു മണിയോടടുത്തും തങ്ങളുടെ പണം തിരിച്ചു കിട്ടി കൊണ്ട് ഇരുന്നു.  അങ്ങനെ ഈ ചാക്രിക ചലനം തുടർന്നുവരവേ ,  മുൻപ് പണം കൊടുത്തവരൊക്കെ വീണ്ടും ഈ ചക്രത്തിൽ ഭാഗഭാക്കുകൾ ആകുകയും,  അടുത്ത അഞ്ചു വര്ഷം കാലം ബാങ്കിൽ ഇട്ട രണ്ട് ലക്ഷം രൂപ ഇങ്ങനെ ഒരു സംഭവം പുറലോകത്തു നടക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഹിൻറ് പോലും കിട്ടാതെ ബാങ്കിന്റെ നാല് ഭിത്തിക്കുള്ളിൽ ശയിച്ചു  പോരുകയും ചെയ്തു.

ബാലാട്ടന്റെ കഥ അവിടെ തീരുന്നു എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി.  ബാലാട്ടന്റെ കഥ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.  ട്രസ്റ്റ് അഥവാ വിശ്വസ്തത ഉണ്ടെങ്കിൽ ആരാന്റെ ചിലവിൽ ജീവിച്ചു പോകുന്നതിനു ഒരു പ്രയാസവുമില്ല എന്ന സമകാലിക സത്വം അല്ലെങ്കിൽ ശാസ്ത്രം ആദ്യമായി കണ്ടെത്തിയത് ബാലാട്ടൻ തന്നെ ആയിരുന്നു.  പഴഞ്ചനായ ബാലാട്ടൻ അത് കൊണ്ട് പോയി ബാങ്കിൽ ഇട്ടു എങ്കിൽ, അദ്ദേത്തിന്റെ സന്തതി പരമ്പരകൾ അത് കൊണ്ട് കച്ചവടം നടത്തി കോടീശ്വരന്മാർ ആയി. ശരിക്കും പണം ചിലവാക്കിയ പാവം ചങ്ങായിമാർ ഒരിക്കലും അറിഞ്ഞില്ല പഹയൻ തങ്ങളുടെ പണം ഇസ്കിയിട്ടാണ് കോടികൾ ഉണ്ടാക്കിയത് എന്ന്. ബാലാട്ടന്റെ കഥ ഇന്നും തുടരുന്നു.

Thursday, 22 December 2016

മൂലധനത്തെ കുറിച്ചുള്ള വെറുമൊരു സാധാരണക്കാരന്റെ ചിന്തകൾ

കുറച്ചു വിത്തും, കുറച്ചു വെള്ളവും, ഉണ്ടെങ്കിൽ ഭൂമിയിൽ കനകം വിളയിക്കാം എന്ന് പണ്ടൊരു കൃഷിക്കാരൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കുറച്ചു ഇരുമ്പും, കുറച്ചു ചെമ്പും അങ്ങനെ ഉള്ള പ്രകൃതി വിഭവങ്ങൾ പലതും ഉണ്ടെങ്കിൽ നമുക്ക് ഭൂമിയിൽ എന്തും സൃഷ്ടിക്കാം.  പക്ഷെ അതിന്റെ എല്ലാം അടിത്തറയായ മനുഷ്യാദ്ധ്വാനത്തെ കുറിച്ച് നാം ഇവിടെ ഒന്നും പറയാതിരുന്നത് അത് തീർച്ചപ്പെട്ട ഒരു കാര്യം ആയതു കൊണ്ടാണ്.  വിത്തും, വെള്ളവും, ഇരുമ്പും, തുരുമ്പും ഒക്കെ അനാദി കാലം മുതലേ ഇവിടെ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചാൽ പിന്നെ ലോകത്തിന്റെ വളർച്ച,  അതായത് സംസ്കാരം എന്നത് മനുഷ്വാദ്ധ്വാനത്തിന്റെ ഘനീഭവിച്ച രൂപമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

മൂലധനം എന്നത് വളർച്ചക്ക് ആവശ്യമാണ് എന്നത്രെ ആധുനിക സാമ്പത്തിക ശാസ്ത്രം നമ്മെ പഠിപ്പിച്ചത്.  മൂലധനം എന്നത് ഒരു പിടി നാണയത്തുട്ടുകൾ ആണെന്നും ഒരു സാധാരണക്കാരനായ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.  പക്ഷെ മൂലധനം അതല്ല എന്നും,  ആ നാണയ തുട്ടുകളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന മറ്റെന്തോ ആണ് എന്നും എനിക്ക് വ്യക്തമായി അറിയാം.  എന്താണ് ആ മറ്റൊന്ന്.

ലോകത്തു അദ്ധ്വാനം മാത്രമാണ് സൃഷ്ടി നടത്തുന്നത് എന്ന് ഞാൻ മുകളിൽ പറഞ്ഞു.  അത്തരം അദ്ധ്വാനം നില നിന്ന് പോകുന്നത് അത് പുനഃ സൃഷ്ടിക്കാൻ ആവശ്യമായ ഭക്ഷണത്തിലൂടെ ആണ്.  അദ്ധ്വാനം ആദ്യം സൃഷ്ടിക്കുന്നത് ഭക്ഷണമാണ് .  വേട്ടക്കാരന്റെ ക്ലിഷ്ടമായ അദ്ധ്വാനത്തിൽ നിന്ന് കർഷകന്റെ അനായാസമായ (?) അദ്ധ്വാനത്തിലേക്കുള്ള മാറ്റം മനുഷ്യന്റെ വളര്ച്ചയുടെ ആരംഭത്തിൽ സംഭവിച്ചതാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.  എന്ത് കൊണ്ട് അത് മനുഷ്യന്റെ വളർച്ചക്ക് നിദാനം  കുറിച്ച് എന്ന് ചോദിച്ചാൽ, കാർഷിക വൃത്തി ഭക്ഷണത്തിന്റെ അധിക സൃഷ്ടിയിൽ അവസാനിച്ചു.  നൂറു പേർക്ക് തിന്നാൻ പത്തു പേര് ഭക്ഷണ സൃഷ്ടിയിൽ ഏർപ്പെട്ടാൽ മതി എന്ന സ്ഥിതിയിൽ,  കർഷക ജോലിയിൽ നിന്ന് ഫ്രീ ആയ ആ തൊണ്ണൂറു പേരാണ് പിന്നീട് ഇവിടെ സംസ്കാരം സൃഷ്ടിച്ചത്.  ഇങ്ങനെ ഫ്രീ ആയ ആ തൊണ്ണൂറു പേരിൽ നിന്നാണ് നവീന സാമ്പത്തിക ശാസ്ത്രം ആരംഭിച്ചത്.  ആ തൊണ്ണൂറു പേരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മൂലധനത്തിന്റെ ഉദ്ദേശ്യം എന്ന്  ഞാൻ വിചാരിക്കുന്നു.

പത്തു പേര് നൂറു പേരുടെ ഭക്ഷണം സൃഷ്ടിക്കുമ്പോൾ,  അധികമായി കിട്ടിയ തൊണ്ണൂറു പേരുടെ ഭക്ഷണം സഞ്ചയിച്ചു വച്ചതായിരിക്കണം ആദ്യത്തെ മൂലധനം.  അധികാരമുള്ള ആരുടെയോ കയ്യിൽ ആ ഭക്ഷണം എത്തിപ്പെടുന്നു.  അത് ആർക്കൊക്കെ കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിക്കുന്നു.  എല്ലാവര്ക്കും ഭക്ഷണം കിട്ടിയിരുന്ന ആദ്യ നാളുകളിൽ അങ്ങനെ ഒരു തീരുമാനത്തിന്റെ ആവശ്യം ഇല്ലായിരുന്നു.  ആർക്കൊക്കെ കൊടുക്കണം എന്നുള്ള ചിന്ത തന്നെ മറ്റെന്നോ ഉദയം ചെയ്തതാവണം.

കൂലി കൊടുക്കപ്പെടാത്ത അദ്ധ്വാനം ആണ് മിച്ച മൂല്യം എന്നും, അതിന്റെ സഞ്ചിത രൂപമാണ് മൂലധനം എന്നും മാർക്സ് പറഞ്ഞു.  കൂലി എന്നതിനെ ഇതിൽ നിന്ന് ഒഴിച്ച് നിർത്തിയാൽ,  മൂല ധനം എന്നത് സഞ്ചിതമായ  അദ്ധ്വാനം ആണ് എന്ന് ഇതിൽ നിന്ന് കിട്ടും.  ശക്തനായ ഒരു നേതാവ് (നിങ്ങള്ക്ക് അതിനെ മുതലാളി എന്നോ,  കോർപൊറേറ് എന്നോ വിളിക്കാം )  നൂറു പേരിൽ പത്തു പേരെ കൃഷിക്ക് അയച്ചിട്ട്, അവരിൽ നിന്ന് അവർക്കു വേണ്ട ഭക്ഷണം കഴിച്ചു ബാക്കി കിട്ടുന്നത് കൃഷി ചെയ്യാത്ത തൊണ്ണൂറു പേർക്ക് വേണ്ടി ശേഖരിച്ചു വെക്കുന്നു.  ഈ ഭക്ഷണം കാണിച്ചിട്ടാണ്,  അദ്ദേഹം മറ്റുള്ളവരെ കൊണ്ട് വേണ്ടാത്തതോ വേണ്ടുന്നതോ ആയ മറ്റു തൊഴിലുകൾ ചെയ്യിക്കുന്നത്.  മിച്ച ഭക്ഷണം ആദ്യമേ കൈക്കലാക്കിയ ആ നേതാവ്,  തനിക്കു തോന്നിയ ജോലി ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് സ്വാഭാവികമാണ്.

വളർച്ച എന്നത് അദ്ധ്വാനം അനേകമനേകം മേഖലകളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ്.  ഓരോ  മേഖലകളിലും  അധികപ്പറ്റുകൾ ആയ തൊഴിലാളികൾ ഉണ്ടാകുന്നത് മറ്റു മേഖലലകളിലേക്കു സംക്രമിക്കുമ്പോൾ വികസനം ഉണ്ടാകുന്നു.   ആദ്യം ഭക്ഷണത്തിനുള്ള അധികപ്പറ്റുകൾ,  അടിസ്ഥാന സൗകര്യങ്ങളിലേക്കു വ്യാപിച്ചു അതി ദ്രുത ഗതിയിൽ അവിടെയും അധികപ്പറ്റുകളെ സൃഷ്ടിക്കുകയും,  അങ്ങനെ സൃഷ്ടിക്കുന്ന തൊഴിൽ അധിക പറ്റുകൾ ആഡംബര സൃഷ്ടിയിലേക്കു കടക്കുകയും ചെയ്യുന്നു.  ഇത് ഇത്രയും പൂർണമായ രീതിയിൽ,  നീതി യുക്തമായ നീതിയിൽ നടക്കണം എന്നില്ല.  ചിലപ്പോൾ നേരത്തെ പറഞ്ഞത് പോലെ, ഭക്ഷണം സ്വായത്തമാക്കിയവൻ,  അത് എല്ലാവര്ക്കും കൊടുക്കണം ഇല്ല എന്ന് തീരുമാനിച്ചാൽ ആ മേഖല ഭക്ഷണം കിട്ടാത്ത മേഖല ആയി പോകും.  ഭക്ഷിക്കുന്നവൻ തിന്നില്ലെങ്കിലും കുഴപ്പമില്ല, അതിലും ആവശ്യം കാറുകൾ ആണ് എന്ന് തീരുമാനിച്ചാൽ, ഭക്ഷണ മേഖല എല്ലാവര്ക്കും ഭക്ഷണം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ അവിടെയുള്ള തൊഴിലാളികളെ അവിടന്ന് നീക്കം ചെയ്തു കാറിന്റെ നിർമാണത്തിൽ വ്യാപാരിക്കാൻ നിര്ബന്ധിക്കപ്പെടും .  ആർക്കൊക്കെ  ഭക്ഷണം കൊടുക്കാം എന്ന് തീരുമാനിക്കേണ്ടവൻ, അവൻറെ സൗകര്യം നോക്കി തീരുമാനം എടുക്കുന്നു.  സമൂഹത്തിന്റെ സുഗമമായ ഒഴുക്ക് അവിടെ തടസ്സപ്പെടുന്നു.

Saturday, 17 December 2016

ഗ്രോ ബാഗ് കൃഷി , കൃഷിയാണോ ?

വിശ്രമ വേളയിലെ വിനോദം എന്ന നിലയിൽ അല്ലാതെ ഒരു കാർഷിക രീതി എന്ന നിലയിൽ  ഗ്രോ ബാഗ് കൃഷിക്ക് പ്രസക്തിയുണ്ടോ?

ഇല്ല എന്നാണു എന്റെ അനുഭവങ്ങൾ എന്നോട് പറയുന്നത്.  എന്റെ അനുഭവങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടേതിൽ നിന്ന് വ്യതാസപ്പെട്ടു കിടക്കുന്നുണ്ടാവാം.  ഞാൻ ഈ സംഗതി വീട്ടിൽ പ്രായോഗികമാക്കിയതാണ്.  അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, നമ്മൾ ചിലവിടുന്ന അധ്വാനത്തിന് സമാന്തരമായി നമുക്ക് കാർഷിക വിഭവങ്ങൾ കിട്ടുന്നില്ല എന്നതാണ്. തക്കാളി ഒരു ഉദാഹരണമായി എടുക്കാം.  ഇന്ന് കടയിൽ തക്കാളി കിട്ടുന്നത് അങ്ങേ അറ്റം പത്തു രൂപയ്ക്കു.  ഇന്ന് വരെ എന്റെ വീട്ടിലെ ഗ്രോ ബാഗ് കൃഷിയിലൂടെ ഇത്രയും ചീപ് ആയി എനിക്ക് തക്കാളി കിട്ടിയിട്ടില്ല.  ആകെ ഉള്ള സമാധാനം,  വിഷമയമല്ലാത്ത തക്കാളി കിട്ടി എന്നുള്ളതാണ്.  പക്ഷെ പത്തു രൂപയ്ക്കു തക്കാളി കൃഷി ചെയ്തു എന്റെ വീട്ടിൽ എത്തിച്ചു തരുന്നവന് ഒരു അഞ്ചു രൂപ കൂടുതൽ കൊടുത്താൽ അവൻ ഈ വിഷ പ്രശ്നം ചിലപ്പോൾ തീർത്തു തരും.  പണമാണ് അവന്റെ പ്രശ്നം എങ്കിൽ.  പക്ഷെ അത് മാത്രമല്ല പ്രശ്നം.  വിഭവങ്ങൾ കേട്‌ കൂടാതെ സൂക്ഷിക്കാനാവുന്ന ദൂര പരിധിക്കു അപ്പുറത്തു നിന്നാണ് ഇവിടെ വിഭവങ്ങൾ എത്തുന്നത്.  അപ്പോൾ വിഷങ്ങൾ ഉപയോഗിക്കാതെ തരമില്ല.

വിഷം എന്നത് വർത്തമാന കാലത്തിന്റെ ആവശ്യമാണ്.  കൃഷിയിടത്തിലെ കീടങ്ങളെ പായിക്കാൻ വേണ്ടി മാത്രമല്ല.  വസ്തുക്കളെ നശിപ്പിക്കുന്ന കീടങ്ങളെ ഓടിക്കുവാനും.  എത്രയോ വര്ഷങ്ങളിലെ വികലമായ കാർഷിക രീതികളിലൂടെ നാം ചെടികളുടെ സ്വയം പ്രതിരോധ ശക്തി തകർത്തു കളഞ്ഞു എന്ന് ഒരു ജപ്പാൻ കാരൻ പറഞ്ഞു.  മുൻപൊന്നും ഞാൻ അത് വിശ്വസിച്ചില്ല എങ്കിലും,  ഒരു കീടവും കടിക്കാൻ ധൈര്യ പെടാത്ത , എന്റെ പറമ്പിൽ താനേ പൊടിച്ച തവര എന്ന ഭക്ഷണ ഇല എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചു.  എന്താണ് ഈ തവരക്കു ഉള്ള പ്രത്യേകത.  ഞാൻ അതിനെ താലോലിക്കുന്നില്ല എന്നത് മാത്രമാണോ.  ഒരു തെരുവ് ബാലനെ പോലെ അത് വളർന്നു വരുന്നു എന്നുള്ളതാണോ.  എത്രയോ കാർഷിക ഗവേഷകർ ഉള്ള നമ്മുടെ നാട്ടിൽ ആർക്കെങ്കിലും ഇതിനെ കുറിച്ച് പഠിച്ചു കൂടെ.

ഒരു ജനത അവന്റെ ഭക്ഷണ ആവശ്യങ്ങൾ ഒന്നുകിൽ അവന്റെ പറമ്പത് നിന്ന് തന്നെ നിവർത്തിക്കണം.  അല്ലെങ്കിൽ അവന്റെ നാട്ടിൽ ഒരിടത്തു അതിനു വേണ്ടി മാത്രം അനേകം സ്ഥലം മാറ്റി വെക്കണം.  കുട്ടികൾക്ക് കളിക്കാൻ മൈതാനങ്ങൾ മാറ്റി വെക്കുന്നത് പോലെ.  രണ്ടും ഒരു ജനതയുടെ ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.  പക്ഷെ ഈ പറഞ്ഞ രണ്ട് കാര്യങ്ങളും നിവർത്തിക്കുന്നതിൽ ഒരു ജനത എന്ന നിലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു.  അങ്ങനെ ഉള്ള ഒരു ജനതയ്ക്ക് അതിജീവനത്തിനുള്ള സാധ്യത കുറവാണ്.

WE ARE DOOMED 

Friday, 16 December 2016

ഫ്ളഷ് ഔട്ട് കക്കൂസ്

പതിനാലു ദിവസം ഒന്നും തിന്നാതെ ജീവിച്ച ഒരു മനുഷ്യനാണ് ഞാൻ എന്ന് മുൻപൊരിക്കൽ ഈ പേജുകളിൽ ഞാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബോധി വൃക്ഷ തണലിൽ തപസ്സിരുന്ന ആ മഹാ ജ്ഞാനിയെ പോലെ എനിക്കും ചില്ല ബോധോദയങ്ങൾ ആ നേരങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ച് ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അതായത് പതിനാലു ദിവസം തിന്നില്ലെങ്കിലും മനുഷ്യൻ ചാവില്ല എന്നുള്ള അറിവിനെ കുറിച്ചു.
അതിലും മുഖ്യമായ മറ്റൊരു അറിവും എനിക്ക് ആ നാളുകളിൽ ഉണ്ടായി. അത് ഇതാണ്. ഒന്നും തിന്നില്ലെങ്കിലും മനുഷ്യൻ തൂറും എന്നുള്ള അറിവ്. ഈ അറിവിന് ഇവിടെ എന്ത് പ്രസക്തി എന്നാണ് നിങ്ങളിൽ ചിലർ ചോദിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് അറിയാം. അത് കൊണ്ട് ശ്രദ്ധിച്ചു കേട്ട് കൊള്ളുക.
ഇന്ത്യയിൽ എത്ര ആളുകൾ ഉണ്ട്. നൂറ്റി മുപ്പതു കോടിയോളം എന്ന് നിങ്ങൾ ഉത്തരം പറയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദിവസവും തിന്നില്ല എങ്കിലും, ദിവസവും തൂറുന്ന നൂറ്റി മുപ്പതു കോടിയോളം ആളുകൾ വസിക്കുന്ന ഒരിടം ആണ് നമ്മുടെ രാജ്യം. ഇപ്പോൾ നിങ്ങളുടെ നാട്ടിന്റെ ഏറ്റവും വലിയ മുദ്രാവാക്യം എന്താണ് എന്ന് ഞാൻ പറയാതെ നിങ്ങള്ക്ക് അറിയാം . 'എല്ലാവര്ക്കും കക്കൂസുകൾ' എന്ന നവീന മുദ്രാവാക്യം. പക്ഷെ ഈ മുദ്രാവാക്യത്തെ അല്പം ഒന്ന് വിശദീകരിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. 
എന്താണ് ഫ്ളഷ് ഔട്ട് കക്കൂസ്. ബാലാട്ടൻ എന്ന മഹാൻ അതിനു ഒറ്റ വാക്യത്തിൽ ഉത്തരം പറഞ്ഞിട്ടുണ്ട്. തൂറാൻ ഒരു ബക്കറ്റു വെള്ളം ആവശ്യമായ കക്കൂസ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വെള്ളം കുടിക്കുന്ന കക്കൂസ്. ഇനി നിങ്ങളിൽ കണക്കു കൂട്ടാൻ അറിയാവുന്നവർ താഴെ പറയുന്ന കണക്കു, കാൽക്കുലേറ്റർ ഉപയോഗിച്ച് കൂട്ടി നോക്കുക. ഒരാൾക്ക് തൂറാൻ പത്തു ലീറ്റർ വെള്ളം വേണമെങ്കിൽ നൂറ്റി മുപ്പതു കോടി ആളുകൾക്ക് തൂറാൻ എത്ര വെള്ളം വേണ്ടി വരും. കണ്ണ് തള്ളി പോയി എങ്കിൽ, തള്ളി പോയ കണ്ണ് , കൈകകൾ കൊണ്ട് പുറകോട്ടു തള്ളി പഴയതു പോലെ ആക്കുക
അനുബന്ധം: ഒരിക്കൽ ബാലാട്ടനും ഞാനും കൂടി ബാലാട്ടന്റെ സുഹൃത്തായ ചാത്തുവിന്റെ വീട്ടിൽ പോയി.
 പലതും പറയുന്ന കൂട്ടത്തിൽ ചാത്തു ഇങ്ങനെ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ മലബന്ധം എന്ന രോഗം കൊണ്ട് വിഷമിക്കുകയാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമേ കക്കൂസിൽ പോകാൻ പറ്റുന്നുള്ളൂ. അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ ബാലേട്ടാ.
ബാലേട്ടൻ ചിന്താധീനനായി. ചിന്തക്ക് ശേഷം ബാലാട്ടനിൽ നിന്ന് പുറത്തു വന്ന മഹത്തായ വാക്കുകൾ ഇവയാണ്.
ദുഃഖിക്കരുത് ചാത്തൂ. മലബന്ധം നിന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു അസുഖമാവാം. പക്ഷെ നീ അറിയേണ്ടത് അങ്ങനെ ഉള്ള കോടി കണക്കിന് ആളുകൾ ഇവിടെ ഉണ്ടെന്നാണ്. അതായത് ആഴചയിൽ ഒരു പ്രാവശ്യം മാത്രം തൂറുന്ന കോടി കണക്കിന് ആളുകൾ. അതായത് ആഴ്ചയിലെ ആറു ദിവസം, ദിവസം ഒന്നിന് ഇരുപതു ലിറ്റർ വെള്ളം എന്ന തോതിൽ സേവ് ചെയ്യുന്ന മഹത്തുക്കൾ. കണക്കു കൂട്ടി നോക്കിയാൽ അത് ഭീമമായ ഒരു സംഖ്യയാണ് എന്ന് കാണാം. അത്തരം സൽകർമ്മങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. നീ ഭാഗ്യവാൻ ആണ്

Sunday, 11 December 2016

മരിച്ചു കഴിഞ്ഞാൽ ആത്മാവിന്റെ യാത്ര

ദേഹി ദേഹത്തിൽ നിന്ന് വിട്ടു കഴിഞ്ഞാൽ  അതിനു എന്ത് സംഭവിക്കും എന്നതിനെ  കുറിച്ച് പലരും പഠനങ്ങൾ നടത്തിയിട്ടുണ്ട്.  പണ്ട് പുഴയിൽ മുങ്ങി മരിച്ച ആളുടെ ആത്മാവ് കുമിളകൾ ആയി ആകാശത്തേക്ക് പറന്നു പോയി എന്ന് ആരോ എഴുതിയിട്ടുണ്ട്.  പക്ഷെ ആ പ്രസ്താവനയിൽ വലിയ ശാസ്ത്രീയത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.  മറ്റൊരു ദേഹത്തെ കിട്ടുന്നത് വരെ ആത്‌മാവ്‌ ഇവിടെ തന്നെ ചുറ്റി നടക്കാനാണ് സാധ്യത.   ഒരാള് മരിച്ചു അയാളുടെ ആത്‌മാവ്‌ അയാളിൽ നിന്ന് വേർപെട്ടാൽ കുറച്ചു നേരം ആത്മാവ് ആ ശരീരത്തെ ചുറ്റി പറ്റി തന്നെ നിൽക്കും.  അതിനു ശേഷം ശ്മാശാനത്തു നിന്ന് ആളുകൾ പിരിഞ്ഞു പോകുമ്പോൾ,   ആത്‌മാവ്‌,  മരിച്ച ആളുടെ, അടുത്ത ബന്ധുക്കൾ ആരുടെയെങ്കിലും വസ്ത്രത്തിൽ തൂങ്ങി പിടിച്ചു വീട്ടിലേക്കു തിരിച്ചെത്തും.  സ്ഥിരമായ താമസിച്ച കൂട്ടിൽ തിരിച്ചെത്താൻ മനുഷ്യർക്കും മൃഗങ്ങൾക്കും ആഗ്രഹം ഉള്ളത് പോലെ ആത്മാവിനും അത്തരം ആഗ്രഹങ്ങൾ ഉണ്ടാകും.  പരേതന്റെ വസ്ത്രങ്ങളിൽ ഒട്ടി പിടിച്ചു ആത്മാവ് അവിടെ വസിക്കും.  തിന്നാൻ ഒന്നും വേണ്ടാത്തത് കൊണ്ട് ആത്മാവ് എത്ര കാലവും അവിടെ കിടക്കാനും  തയ്യാറാവുമായിരുന്നു.  പക്ഷെ ഒരു നാൾ ഏതോ ഒരാള് വന്നു പഴയ തുണി എടുക്കും എന്ന് വീട്ടിന്റെ ഉമ്മറത്ത് വച്ച് പറയുന്നത് കേട്ടപ്പോൾ തന്നെ ആത്മാവിനു മനസ്സിലാകുന്നു, തന്റെ ഈ വീട്ടിലെ ജീവിതം ഇതോടു കൂടി അവസാനിക്കുകയാണ് എന്ന്.  തന്റെ സ്വന്തം വസ്ത്രത്തിൽ അല്ലാതെ മറ്റാരുടേതിൽ കയറി കിടക്കാനാണ്.  പിന്നെ അലച്ചിലാണ്.  മറ്റൊരു ശരീരം തേടിയുള്ള അലച്ചിൽ.  മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയാൽ ആണ് ആത്‌മാവ്‌ അറിയുക,  അവിടെ മുന്നേ സ്ഥലം പിടിച്ച ആത്മാക്കൾ കുറെ ഏറെ ഉണ്ട്.  ക്യു തെറ്റിച്ചു അങ്ങോട്ട് കടന്നാൽ അടി ഉറപ്പു.  അപ്പോൾ ഇനി എന്താ ചെയ്യുക.  ജസ്റ്റ് മാരീഡ് മിഥുനങ്ങളെ അന്വേഷിച്ചു നടക്കുക തന്നെ.  അവിടെയും മുൻപ് ബുക്ക് ചെയ്തവർ വേണ്ടുവോളം.  അപ്പോഴാണ് മുൻപേ മരിച്ച ബാലാട്ടന്റെ ആത്മാവ് ചിരിച്ചു കൊണ്ട് നടന്നു വരുന്നത് ആത്മാവ് കാണുന്നത് .

എന്താ ചാത്തുവാത്മാവേ   ആകെ ഒരു ദുഃഖം പോലെ

ഓ ഒന്നുമില്ല. ഇത് വരെ ഒരു  ബോഡി തരപ്പെട്ടു  കിട്ടിയില്ല.

ആശുപത്രിയിൽ ഒക്കെ നോക്കിയോ.

ഹോ. അവിടെ ഒക്കെ ക്യു ആണ്. ഈ അടുത്ത കാലത്തൊന്നും ഒരു സ്‌കോപ്പും ഇല്ല.  ബാലാട്ടൻ എന്താണ് ചെയ്തത്.

ഓ. എന്റെ കാര്യം ഒന്നും പറയേണ്ട.  ഞാൻ പെറാൻ പോകുന്നവരെ നോക്കി നടന്നു  തളർന്നു.  ഇപ്പോൾ ഞാൻ ഒരു കല്യാണ ബ്രോക്കറുടെ വീട്ടിൽ തങ്ങുകയാണ്.  ഒന്നിനെ അവിടെ ബുക്ക് ചെയ്തു വച്ചിട്ടുണ്ട്.  പക്ഷെ മോതിരം മാറൽ ഇന്നലെ കഴിഞ്ഞതേ ഉള്ളൂ. കല്യാണം ആറ്‌ മാസം കഴിഞ്ഞു.  അത് കഴിഞ്ഞു എത്ര കാത്തിരിക്കണം എന്നുള്ളത് അവരുടെ തീരുമാനം പോലെ ഇരിക്കും.

സാരമില്ല . ഒന്നിനെ കിട്ടിയില്ലേ .  എനിക്കും അങ്ങോട്ട് വന്നാൽ വല്ല രക്ഷയും ഉണ്ടോ.

അവിടെ സാധ്യത കുറവാണ്.  ഞാൻ വേറെ ഒരു വഴി പറഞ്ഞു തരാം.  ബാങ്കളൂരിലേക്കു  വിട്ടോ.  അവിടെ ഏതെങ്കിലും വലിയ ആപ്പീസിൽ കയറി ഏതെങ്കിലും ഒന്നിനെ കയറി അങ്ങ് ബുക്ക് ചെയ്‌തോ. ഇന്നല്ലെങ്കിൽ നാളെ കല്യാണം ഉറപ്പാണ്.  അഥവാ പാളി പോയാലും അവിടെ വേറെ ചാടി പിടിക്കാൻ വേണ്ടുവോളം ഉണ്ടാകും.. അത് കൊണ്ട് ഒരു ഗുണം എന്താണ് എന്ന് വച്ചാൽ നല്ല നിലവാരം ഉള്ള ബോഡി കിട്ടും. അധികവും ഇന്റർ കാസ്റ്.  അപ്പോൾ വിത്തിനു ഗുണം കൂടും.  ഏതായാലും ഒരു പത്തു അമ്പതു കൊല്ലം നിരങ്ങാനുള്ളതല്ലേ. കുറച്ചു നിലവാരമുള്ളതിനെ തന്നെ കിട്ടുന്നതല്ലേ നല്ലതു.

ചാത്തുവാത്മാവ്‌  ,  അന്ന് രാത്രിയിലുള്ള ബാഗ്ലൂർ ബസ്സിൽ കയറി സ്ഥലം വിട്ടു.

Wednesday, 7 December 2016

സ്വർണം

വെള്ളി കരണ്ടിയുമായി ജനിച്ച എന്ന പ്രയോഗം ആദ്യമായി കേട്ട ദിവസം ഞാൻ മാഷോട് ചോദിച്ചുഎന്ത് കൊണ്ട് സ്വർണ കരണ്ടിയുമായി ജനിച്ച എന്ന പ്രയോഗം ലോകത്തു നടപ്പായില്ല എന്ന്ലോകത്തു എന്നെങ്കിലും വെള്ളി, സ്വർണത്തെ കീഴ്പ്പെടുത്തിയിരുന്നോഅപ്പോൾ മാഷ് എനിക്ക് തന്ന ഉത്തരംഒരു ചെറിയ സംശയം മാത്രമായിരുന്നുഅത് ഇങ്ങനെ ആയിരുന്നു,.  ഒരു പക്ഷെ പ്രയോഗം ഉപയോഗത്തിൽ ഇരുന്ന കാലത്തു സ്വർണം കണ്ടുപിടിച്ചിട്ടുണ്ടാകില്ല എന്ന്പക്ഷെ ചരിത്ര പുസ്തകങ്ങളിൽ രണ്ട് ലോഹങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ കണ്ടെത്തിയവ ആണെന്ന് കാണുന്നു.  

ഉപയുക്തതയുടെ  കണക്കു വച്ച് നോക്കിയാൽ വെള്ളി സ്വർണത്തേക്കാൾ എത്രയോ അധികം ഉപയോഗമുള്ള ഒരു ലോഹമാണ്.  പക്ഷെ സ്വർണം എല്ലാ കാലവും വെള്ളിയേക്കാൾ ഉന്നത നിലയിൽ തന്നെ ആയിരുന്നു. ബാർട്ടർ രീതിയിൽ നിന്ന് മനുഷ്യൻ നാണയ വ്യവസ്ഥയിലേക്കു നടന്നു കയറിയ  വേളയിൽ നടന്ന ഏറ്റവും വലിയ ഒരു വിപ്ലവം സ്വർണം, നാണയം എന്ന നിലയിൽ സ്ഥിര പ്രതിഷ്ഠ നേടി എന്നുള്ളതാണ്.  ഇന്നും സ്വർണത്തിനു ആ രാജ പദവി നഷ്ടപ്പെട്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം.  ഒരു പക്ഷെ വ്യവസായങ്ങളിൽ തീരെ ആവശ്യം കുറഞ്ഞ ഒരു ലോഹം എന്നുള്ള സ്വർണത്തിന്റെ സ്ഥാനവും അതിനു ഒരു നാണയം എന്ന രീതിയിൽ മുഖ്യ സ്ഥാനം കൊടുക്കാൻ കാരണം ആയിരിക്കാം.  പക്ഷെ അത് കൊണ്ട് മാത്രം ഒരു ലോഹം അതിന്റെ ഉന്നത മൂല്യം നില നിർത്തണം എന്നില്ല.  അങ്ങനെ എങ്കിൽ നാണയം ആയി ഉപയോഗിക്കുന്ന കടലാസിന് കൂടുതൽ മൂല്യം ഉണ്ടായിരിക്കേണ്ടതാണ്.  അപ്പോൾ അതിനു അർഥം സ്വർണം മൂല്യം കൂടുതൽ ഉള്ള വസ്തുവായി പരിണമിച്ചത് ദുരൂഹങ്ങൾ ആയ കാരണങ്ങൾ കൊണ്ട് തന്നെ ആണ്.  അത് മനുഷ്യൻ അറിയാതെ മനുഷ്യന്റെ ഒരു ശീലമായി പോയതാണ് എന്ന് പോലും വർത്തമാന ലോകത്തിനു നേരെ നോക്കുമ്പോൾ എനിക്ക് തോന്നുന്നു.  കാരണം ഇന്നെങ്കിലും ലോക രാഷ്ട്രങ്ങൾ സ്വർണത്തെ വില ഇരുത്തുന്നതു ഒരേ പോലെ അല്ല.  ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങളിൽ അത് ഇന്നും അതി മൂല്യം വഹിക്കുന്ന ഒരു ലോഹമായി തുടരുമ്പോൾ മറ്റിടങ്ങളിൽ അത് അങ്ങനെ അല്ല എന്ന് കാണാൻ വിഷമമില്ല.  ഇന്ത്യയിൽ ഇന്ന് എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാധാരണ തൊഴിലാളിയുടെ  രണ്ട് മാസത്തെ അദ്ധ്വാനം വിലക്ക് വാങ്ങാമെങ്കിൽ,  അമേരിക്കയിൽ എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാദാ തൊഴിലാളിയുടെ മൂന്നോ നാലോ ദിവസത്തെ അദ്ധ്വാനം മാത്രമേ വിലക്ക് വാങ്ങാൻ പറ്റുകയുള്ളൂ.  

നാണയങ്ങൾ അതി  ഗുപ്തമായ രീതിയിൽ ഒരു ജനതയെ ചൂഷണം ചെയ്യുന്നത് എങ്ങനെ എന്നോ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനതയെ ചൂഷണം ചെയ്യുന്നതിനുള്ള നല്ല ഒരു മാധ്യമം ആയി മാറിയത് എങ്ങനെ എന്നോ മൂന്നാം ലോക രാജ്യങ്ങൾ പഠിക്കേണ്ടി ഇരിക്കുന്നു.