Saturday, 17 December 2016

ഗ്രോ ബാഗ് കൃഷി , കൃഷിയാണോ ?

വിശ്രമ വേളയിലെ വിനോദം എന്ന നിലയിൽ അല്ലാതെ ഒരു കാർഷിക രീതി എന്ന നിലയിൽ  ഗ്രോ ബാഗ് കൃഷിക്ക് പ്രസക്തിയുണ്ടോ?

ഇല്ല എന്നാണു എന്റെ അനുഭവങ്ങൾ എന്നോട് പറയുന്നത്.  എന്റെ അനുഭവങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടേതിൽ നിന്ന് വ്യതാസപ്പെട്ടു കിടക്കുന്നുണ്ടാവാം.  ഞാൻ ഈ സംഗതി വീട്ടിൽ പ്രായോഗികമാക്കിയതാണ്.  അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, നമ്മൾ ചിലവിടുന്ന അധ്വാനത്തിന് സമാന്തരമായി നമുക്ക് കാർഷിക വിഭവങ്ങൾ കിട്ടുന്നില്ല എന്നതാണ്. തക്കാളി ഒരു ഉദാഹരണമായി എടുക്കാം.  ഇന്ന് കടയിൽ തക്കാളി കിട്ടുന്നത് അങ്ങേ അറ്റം പത്തു രൂപയ്ക്കു.  ഇന്ന് വരെ എന്റെ വീട്ടിലെ ഗ്രോ ബാഗ് കൃഷിയിലൂടെ ഇത്രയും ചീപ് ആയി എനിക്ക് തക്കാളി കിട്ടിയിട്ടില്ല.  ആകെ ഉള്ള സമാധാനം,  വിഷമയമല്ലാത്ത തക്കാളി കിട്ടി എന്നുള്ളതാണ്.  പക്ഷെ പത്തു രൂപയ്ക്കു തക്കാളി കൃഷി ചെയ്തു എന്റെ വീട്ടിൽ എത്തിച്ചു തരുന്നവന് ഒരു അഞ്ചു രൂപ കൂടുതൽ കൊടുത്താൽ അവൻ ഈ വിഷ പ്രശ്നം ചിലപ്പോൾ തീർത്തു തരും.  പണമാണ് അവന്റെ പ്രശ്നം എങ്കിൽ.  പക്ഷെ അത് മാത്രമല്ല പ്രശ്നം.  വിഭവങ്ങൾ കേട്‌ കൂടാതെ സൂക്ഷിക്കാനാവുന്ന ദൂര പരിധിക്കു അപ്പുറത്തു നിന്നാണ് ഇവിടെ വിഭവങ്ങൾ എത്തുന്നത്.  അപ്പോൾ വിഷങ്ങൾ ഉപയോഗിക്കാതെ തരമില്ല.

വിഷം എന്നത് വർത്തമാന കാലത്തിന്റെ ആവശ്യമാണ്.  കൃഷിയിടത്തിലെ കീടങ്ങളെ പായിക്കാൻ വേണ്ടി മാത്രമല്ല.  വസ്തുക്കളെ നശിപ്പിക്കുന്ന കീടങ്ങളെ ഓടിക്കുവാനും.  എത്രയോ വര്ഷങ്ങളിലെ വികലമായ കാർഷിക രീതികളിലൂടെ നാം ചെടികളുടെ സ്വയം പ്രതിരോധ ശക്തി തകർത്തു കളഞ്ഞു എന്ന് ഒരു ജപ്പാൻ കാരൻ പറഞ്ഞു.  മുൻപൊന്നും ഞാൻ അത് വിശ്വസിച്ചില്ല എങ്കിലും,  ഒരു കീടവും കടിക്കാൻ ധൈര്യ പെടാത്ത , എന്റെ പറമ്പിൽ താനേ പൊടിച്ച തവര എന്ന ഭക്ഷണ ഇല എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചു.  എന്താണ് ഈ തവരക്കു ഉള്ള പ്രത്യേകത.  ഞാൻ അതിനെ താലോലിക്കുന്നില്ല എന്നത് മാത്രമാണോ.  ഒരു തെരുവ് ബാലനെ പോലെ അത് വളർന്നു വരുന്നു എന്നുള്ളതാണോ.  എത്രയോ കാർഷിക ഗവേഷകർ ഉള്ള നമ്മുടെ നാട്ടിൽ ആർക്കെങ്കിലും ഇതിനെ കുറിച്ച് പഠിച്ചു കൂടെ.

ഒരു ജനത അവന്റെ ഭക്ഷണ ആവശ്യങ്ങൾ ഒന്നുകിൽ അവന്റെ പറമ്പത് നിന്ന് തന്നെ നിവർത്തിക്കണം.  അല്ലെങ്കിൽ അവന്റെ നാട്ടിൽ ഒരിടത്തു അതിനു വേണ്ടി മാത്രം അനേകം സ്ഥലം മാറ്റി വെക്കണം.  കുട്ടികൾക്ക് കളിക്കാൻ മൈതാനങ്ങൾ മാറ്റി വെക്കുന്നത് പോലെ.  രണ്ടും ഒരു ജനതയുടെ ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.  പക്ഷെ ഈ പറഞ്ഞ രണ്ട് കാര്യങ്ങളും നിവർത്തിക്കുന്നതിൽ ഒരു ജനത എന്ന നിലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു.  അങ്ങനെ ഉള്ള ഒരു ജനതയ്ക്ക് അതിജീവനത്തിനുള്ള സാധ്യത കുറവാണ്.

WE ARE DOOMED 

No comments:

Post a Comment