Thursday, 22 December 2016

മൂലധനത്തെ കുറിച്ചുള്ള വെറുമൊരു സാധാരണക്കാരന്റെ ചിന്തകൾ

കുറച്ചു വിത്തും, കുറച്ചു വെള്ളവും, ഉണ്ടെങ്കിൽ ഭൂമിയിൽ കനകം വിളയിക്കാം എന്ന് പണ്ടൊരു കൃഷിക്കാരൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കുറച്ചു ഇരുമ്പും, കുറച്ചു ചെമ്പും അങ്ങനെ ഉള്ള പ്രകൃതി വിഭവങ്ങൾ പലതും ഉണ്ടെങ്കിൽ നമുക്ക് ഭൂമിയിൽ എന്തും സൃഷ്ടിക്കാം.  പക്ഷെ അതിന്റെ എല്ലാം അടിത്തറയായ മനുഷ്യാദ്ധ്വാനത്തെ കുറിച്ച് നാം ഇവിടെ ഒന്നും പറയാതിരുന്നത് അത് തീർച്ചപ്പെട്ട ഒരു കാര്യം ആയതു കൊണ്ടാണ്.  വിത്തും, വെള്ളവും, ഇരുമ്പും, തുരുമ്പും ഒക്കെ അനാദി കാലം മുതലേ ഇവിടെ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചാൽ പിന്നെ ലോകത്തിന്റെ വളർച്ച,  അതായത് സംസ്കാരം എന്നത് മനുഷ്വാദ്ധ്വാനത്തിന്റെ ഘനീഭവിച്ച രൂപമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

മൂലധനം എന്നത് വളർച്ചക്ക് ആവശ്യമാണ് എന്നത്രെ ആധുനിക സാമ്പത്തിക ശാസ്ത്രം നമ്മെ പഠിപ്പിച്ചത്.  മൂലധനം എന്നത് ഒരു പിടി നാണയത്തുട്ടുകൾ ആണെന്നും ഒരു സാധാരണക്കാരനായ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.  പക്ഷെ മൂലധനം അതല്ല എന്നും,  ആ നാണയ തുട്ടുകളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന മറ്റെന്തോ ആണ് എന്നും എനിക്ക് വ്യക്തമായി അറിയാം.  എന്താണ് ആ മറ്റൊന്ന്.

ലോകത്തു അദ്ധ്വാനം മാത്രമാണ് സൃഷ്ടി നടത്തുന്നത് എന്ന് ഞാൻ മുകളിൽ പറഞ്ഞു.  അത്തരം അദ്ധ്വാനം നില നിന്ന് പോകുന്നത് അത് പുനഃ സൃഷ്ടിക്കാൻ ആവശ്യമായ ഭക്ഷണത്തിലൂടെ ആണ്.  അദ്ധ്വാനം ആദ്യം സൃഷ്ടിക്കുന്നത് ഭക്ഷണമാണ് .  വേട്ടക്കാരന്റെ ക്ലിഷ്ടമായ അദ്ധ്വാനത്തിൽ നിന്ന് കർഷകന്റെ അനായാസമായ (?) അദ്ധ്വാനത്തിലേക്കുള്ള മാറ്റം മനുഷ്യന്റെ വളര്ച്ചയുടെ ആരംഭത്തിൽ സംഭവിച്ചതാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.  എന്ത് കൊണ്ട് അത് മനുഷ്യന്റെ വളർച്ചക്ക് നിദാനം  കുറിച്ച് എന്ന് ചോദിച്ചാൽ, കാർഷിക വൃത്തി ഭക്ഷണത്തിന്റെ അധിക സൃഷ്ടിയിൽ അവസാനിച്ചു.  നൂറു പേർക്ക് തിന്നാൻ പത്തു പേര് ഭക്ഷണ സൃഷ്ടിയിൽ ഏർപ്പെട്ടാൽ മതി എന്ന സ്ഥിതിയിൽ,  കർഷക ജോലിയിൽ നിന്ന് ഫ്രീ ആയ ആ തൊണ്ണൂറു പേരാണ് പിന്നീട് ഇവിടെ സംസ്കാരം സൃഷ്ടിച്ചത്.  ഇങ്ങനെ ഫ്രീ ആയ ആ തൊണ്ണൂറു പേരിൽ നിന്നാണ് നവീന സാമ്പത്തിക ശാസ്ത്രം ആരംഭിച്ചത്.  ആ തൊണ്ണൂറു പേരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മൂലധനത്തിന്റെ ഉദ്ദേശ്യം എന്ന്  ഞാൻ വിചാരിക്കുന്നു.

പത്തു പേര് നൂറു പേരുടെ ഭക്ഷണം സൃഷ്ടിക്കുമ്പോൾ,  അധികമായി കിട്ടിയ തൊണ്ണൂറു പേരുടെ ഭക്ഷണം സഞ്ചയിച്ചു വച്ചതായിരിക്കണം ആദ്യത്തെ മൂലധനം.  അധികാരമുള്ള ആരുടെയോ കയ്യിൽ ആ ഭക്ഷണം എത്തിപ്പെടുന്നു.  അത് ആർക്കൊക്കെ കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിക്കുന്നു.  എല്ലാവര്ക്കും ഭക്ഷണം കിട്ടിയിരുന്ന ആദ്യ നാളുകളിൽ അങ്ങനെ ഒരു തീരുമാനത്തിന്റെ ആവശ്യം ഇല്ലായിരുന്നു.  ആർക്കൊക്കെ കൊടുക്കണം എന്നുള്ള ചിന്ത തന്നെ മറ്റെന്നോ ഉദയം ചെയ്തതാവണം.

കൂലി കൊടുക്കപ്പെടാത്ത അദ്ധ്വാനം ആണ് മിച്ച മൂല്യം എന്നും, അതിന്റെ സഞ്ചിത രൂപമാണ് മൂലധനം എന്നും മാർക്സ് പറഞ്ഞു.  കൂലി എന്നതിനെ ഇതിൽ നിന്ന് ഒഴിച്ച് നിർത്തിയാൽ,  മൂല ധനം എന്നത് സഞ്ചിതമായ  അദ്ധ്വാനം ആണ് എന്ന് ഇതിൽ നിന്ന് കിട്ടും.  ശക്തനായ ഒരു നേതാവ് (നിങ്ങള്ക്ക് അതിനെ മുതലാളി എന്നോ,  കോർപൊറേറ് എന്നോ വിളിക്കാം )  നൂറു പേരിൽ പത്തു പേരെ കൃഷിക്ക് അയച്ചിട്ട്, അവരിൽ നിന്ന് അവർക്കു വേണ്ട ഭക്ഷണം കഴിച്ചു ബാക്കി കിട്ടുന്നത് കൃഷി ചെയ്യാത്ത തൊണ്ണൂറു പേർക്ക് വേണ്ടി ശേഖരിച്ചു വെക്കുന്നു.  ഈ ഭക്ഷണം കാണിച്ചിട്ടാണ്,  അദ്ദേഹം മറ്റുള്ളവരെ കൊണ്ട് വേണ്ടാത്തതോ വേണ്ടുന്നതോ ആയ മറ്റു തൊഴിലുകൾ ചെയ്യിക്കുന്നത്.  മിച്ച ഭക്ഷണം ആദ്യമേ കൈക്കലാക്കിയ ആ നേതാവ്,  തനിക്കു തോന്നിയ ജോലി ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് സ്വാഭാവികമാണ്.

വളർച്ച എന്നത് അദ്ധ്വാനം അനേകമനേകം മേഖലകളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ്.  ഓരോ  മേഖലകളിലും  അധികപ്പറ്റുകൾ ആയ തൊഴിലാളികൾ ഉണ്ടാകുന്നത് മറ്റു മേഖലലകളിലേക്കു സംക്രമിക്കുമ്പോൾ വികസനം ഉണ്ടാകുന്നു.   ആദ്യം ഭക്ഷണത്തിനുള്ള അധികപ്പറ്റുകൾ,  അടിസ്ഥാന സൗകര്യങ്ങളിലേക്കു വ്യാപിച്ചു അതി ദ്രുത ഗതിയിൽ അവിടെയും അധികപ്പറ്റുകളെ സൃഷ്ടിക്കുകയും,  അങ്ങനെ സൃഷ്ടിക്കുന്ന തൊഴിൽ അധിക പറ്റുകൾ ആഡംബര സൃഷ്ടിയിലേക്കു കടക്കുകയും ചെയ്യുന്നു.  ഇത് ഇത്രയും പൂർണമായ രീതിയിൽ,  നീതി യുക്തമായ നീതിയിൽ നടക്കണം എന്നില്ല.  ചിലപ്പോൾ നേരത്തെ പറഞ്ഞത് പോലെ, ഭക്ഷണം സ്വായത്തമാക്കിയവൻ,  അത് എല്ലാവര്ക്കും കൊടുക്കണം ഇല്ല എന്ന് തീരുമാനിച്ചാൽ ആ മേഖല ഭക്ഷണം കിട്ടാത്ത മേഖല ആയി പോകും.  ഭക്ഷിക്കുന്നവൻ തിന്നില്ലെങ്കിലും കുഴപ്പമില്ല, അതിലും ആവശ്യം കാറുകൾ ആണ് എന്ന് തീരുമാനിച്ചാൽ, ഭക്ഷണ മേഖല എല്ലാവര്ക്കും ഭക്ഷണം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ അവിടെയുള്ള തൊഴിലാളികളെ അവിടന്ന് നീക്കം ചെയ്തു കാറിന്റെ നിർമാണത്തിൽ വ്യാപാരിക്കാൻ നിര്ബന്ധിക്കപ്പെടും .  ആർക്കൊക്കെ  ഭക്ഷണം കൊടുക്കാം എന്ന് തീരുമാനിക്കേണ്ടവൻ, അവൻറെ സൗകര്യം നോക്കി തീരുമാനം എടുക്കുന്നു.  സമൂഹത്തിന്റെ സുഗമമായ ഒഴുക്ക് അവിടെ തടസ്സപ്പെടുന്നു.

No comments:

Post a Comment