പെർവെർഷൻ, ഹോമോ സെക്ഷുയാലിറ്റി , ഫെറ്റിഷിസം എന്നിവയൊക്കെ മൃഗങ്ങളിലും ഉണ്ട് എന്നാണു എനിക്ക് തോന്നുന്നത്. പക്ഷെ മൃഗങ്ങളിൽ ഇവ ഒരു മാനസിക രോഗത്തിന്റെയോ ഒരു സ്ഥിര സ്വഭാവത്തിന്റെയോ നിലയിൽ എത്തുന്നില്ല എന്നാണു ഞാൻ ധരിക്കുന്നതു. എന്റെ വീട്ടിലെ പെൺ നായയും ആൺ നായയും ഒരു പോലെ എന്റെ കാലുകളോട് ഇണ ചേരാറുണ്ട്. നായയോട് ഏറ്റവും അധികം സഹതാപം തോന്നുന്ന അവസരങ്ങൾ അവയാണ്. അവയുടെ ലൈംഗികമായ ഒത്തു ചേരൽ നിഷേധിക്കുന്ന ഇടം വരെ എത്തി നമ്മുടെ മൃഗ സ്നേഹം. മേൽ പറഞ്ഞ പെരുമാറ്റങ്ങൾ ഒക്കെയും അടിച്ചമർത്തലുകളുടെ ഫലമായി ഉണ്ടാവുന്നത് മാത്രമാണോ എന്ന് അന്വേഷിക്കേണ്ടതാണ്. വീട്ടിലെ നായകളുടെ കാര്യത്തിൽ എങ്കിലും അത് അങ്ങനെ ആണെന്ന് കരുതാം. അപ്പോൾ മനുഷ്യന്റെ കാര്യവും അത് പോലെ ആകുമോ. സമൂഹം സാഹചര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മേലെ പറഞ്ഞവയെ ദൂഷ്യങ്ങൾ ആയി കണക്കാക്കുന്നുള്ളൂ. അവയൊക്കെ സ്ഥായിയായ ദൂഷ്യങ്ങൾ ആയി സമൂഹം കണക്കിലെടുത്തിട്ടില്ല. ഫ്രോയ്ഡ് തൊട്ടു ഇങ്ങോട്ടുള്ള പലരും ലൈംഗികതയുടെ അടിച്ചമർത്തൽ മനുഷ്യ വർഗത്തെ മറ്റു രീതികളിൽ സൃഷ്ടി പരരാക്കി എന്ന് കരുതുന്നു. പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് അതിൽ തെല്ലും സത്യം ഇല്ല എന്നാണു. ലൈംഗികത അടിച്ചമർത്തപ്പെട്ടതു കുറെ ഏറെ കാലങ്ങൾക്കു ശേഷമാണ് എന്ന് ഞാൻ വിചാരിക്കുന്നു. അതിനു മുൻപുള്ള കാലത്തും മനുഷ്യൻ വളരുക തന്നെ ആണ് ചെയ്തത്. മരത്തിൽ നിന്ന് താഴെ ഇറങ്ങി തറയിൽ ഇരുകാലിൽ നടക്കാൻ തുടങ്ങിയതാണ് മനുഷ്യ പരിണാമത്തിലെ ഏറ്റവും വലിയ വിപ്ലവം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. നിലത്തു നിന്ന് കിട്ടിയ കരിങ്കൽ കഷ്ണം ഒരു പണി ആയുധമാണ് എന്ന് കണ്ട് പിടിച്ചത് മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തവും. ഈ രണ്ട് അത്ഭുതങ്ങളിലും ലൈംഗികത വലിയ സ്വാധീനം ചെലുത്തിയതായി ഞാൻ വിശ്വസിക്കുന്നില്ല. നിയന്ത്രണ രഹിതമായ ലൈംഗികത, ലൈംഗിക അരാജകത്വത്തിൽ കലാശിക്കുമോ എന്നുള്ളത് അത് പ്രാബല്യത്തിൽ വന്നാൽ മാത്രമേ മനസ്സിലാകുകയുള്ളൂ. അത് സൃഷ്ടിപരതയെ ഹനിച്ചു കളയുമോ എന്നുള്ള കാര്യവും. ഇന്ന് പക്ഷെ അതിനേക്കാൾ കൂടുതൽ നമ്മുടെ സൃഷ്ടിപരതയെ ഹനിച്ചു കളയുന്നത്, അതി രൂക്ഷമായ അടിച്ചമർത്തലുകൾ ആണ് എന്നതിന് ഒരു സംശയവും ഇല്ല. യുവാവായി കഴിഞ്ഞാൽ, പിന്നെ ഒരു പെണ്ണിന് വേണ്ടിയുള്ള ദാഹമാണ് നമ്മെ നയിക്കുന്നത്. അവിടെ തളച്ചിടപ്പെട്ടാൽ മറ്റു പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള ദാഹം തുടങ്ങുകയായി. (ആരും എന്നെ തുറിച്ചു നോക്കരുത്. ഞാൻ എന്റെ ഉള്ളിലേക്ക് നോക്കി കൊണ്ട് വളരെ സത്യസന്ധമായി എഴുതുകയാണ്. അത് എന്റെ മാത്രം കാര്യം ആണ് എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ എനിക്ക് അതിനോട് ഒരു എതിർപ്പും ഇല്ല. ) . ഇന്ന് ലൈംഗികതയ്ക്ക് നാനാവിധ വിരേചന മാര്ഗങ്ങള് ഉണ്ട്. ഓട്ടവും ചാട്ടവും കലയും ഒക്കെ അത്തരത്തിലുള്ള വിരേചന മാർഗങ്ങൾ ആണെന്ന് ബുദ്ധി ജീവികൾ പറയുന്നുണ്ട് എങ്കിലും, ഞാൻ ഉദ്ദേശിച്ചത് അത്തരം വിരേചന മാർഗങ്ങളെ അല്ല. പോൺ, എ സിനിമ മുതൽ വേശ്യാവൃത്തി വരെ എന്റെ ലിസ്റ്റിൽ വരുന്നു. ഇവക്കു ഒക്കെയും ജന സമ്മതി കൂടി വരുന്ന കാലമാണ് ഇത്. അത് നല്ലതോ ചീത്തയോ എന്നുള്ള കാര്യങ്ങൾക്കു ഇവിടെ പ്രസക്തിയില്ല. പ്രസക്തിയുളളത് ഇവക്കു യഥാർത്ഥ ലൈംഗികതയ്ക്ക് പകരം നില്ക്കാൻ ആവുമോ എന്നുള്ള കാര്യമാണ്. ഇല്ലെങ്കിൽ മനുഷ്യൻ യഥാർത്ഥ ആസ്വാദന മാര്ഗങ്ങളിലേക്കു നടന്നു എത്തുമോ. ഇന്നത്തെ ഈ വിലക്കുകൾ ഒക്കെയും അടുത്ത ഭാവിയിൽ പൊട്ടിച്ചെറിയപ്പെടുമോ. കൃത്യമായ മറുപടി ഈ ചോദ്യത്തിന് ഇല്ല. ഒരിക്കൽ മിലാൻ കുന്ദേര ഒരു ചോദ്യം ചോദിച്ചിരുന്നു. നിങ്ങളുടെ കൂടെ പ്രശസ്തയായ ഒരു അതി സുന്ദരി കുറച്ചു ദിവസം ജീവിക്കാൻ തീരുമാനിച്ചാൽ നിങ്ങൾ അവരോടൊപ്പം ഉള്ള ആ ചുരുങ്ങിയ സമയം എങ്ങനെ കഴിഞു കൂട്ടും എന്ന്. അങ്ങേരു അതിനു പറഞ്ഞ ഉത്തരം ഇങ്ങനെ ആണ്. ഞങ്ങൾ ഒന്നിച്ചു ഒരു മുറിയിൽ അടച്ചു പൂട്ടി ആ ദിവസങ്ങൾ തള്ളി നീക്കും എന്ന് നിങ്ങള്ക്ക് പറയാൻ തോന്നിയേക്കും എങ്കിലും, യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യുക മുഴു സമയവും അവരെയും കൂട്ടി നഗര പ്രദേശത്തു കറങ്ങുകയാണ്. മനുഷ്യൻ തന്റെ സഹജീവിയുടെ നഗ്‌നതയെ അതിയായി ഭയപ്പെടുകയും, ഒപ്പം അത് ഒളിഞ്ഞു നോക്കാനാഗ്രഹിക്കുകയും ചെയ്യുന്നജീവിയാണ്. അങ്ങനെ ഉള്ള ജീവി ആത്മ ബന്ധങ്ങളുടെ നേരെ ഞാൻ പറഞ്ഞത് പോലെ പ്രതികരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ല. നമ്മുടെ ചുറ്റും നോക്കിയാലും നമുക്ക് ഈ കാര്യത്തിൽ സംശയം തോന്നാം. കാരണം നാം അവിടെ, പടിപടിയായി മജ്ജയും മാംസവും ഉള്ള മനുഷ്യനെ ഒഴിവാക്കുകയാണ് . അയൽക്കാരനോട് നേരിട്ട് പോയി സംസാരിക്കുന്നതിനു പകരം, അവന്റെ ശരീരം തന്നിൽ നിന്ന് അകറ്റാൻ, ഫോൺ എന്ന ജട വസ്തു ഉപയോഗിക്കുന്നു. അത്തരത്തിൽ പാസീവ് ആയി കൊണ്ടിരിക്കുന്ന സമൂഹത്തിൽ നേരിട്ടുള്ള ലൈംഗികതയുടെ ഭാവി എന്താകും എന്ന് പറയാൻ പറ്റില്ല.
(കംപ്യൂട്ടറിനു മുന്നിൽ ഇരുന്നപ്പോൾ തോന്നിയ ചില തോന്നലുകൾ ആണ് ഇവയൊക്കെ. ഒരു തരി പോലും ശാസ്ത്രീയത ഈ പറഞ്ഞതിന് ഇല്ല എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ അത് ശരി തന്നെ ആണ്. അതിന്റെ പേരിൽ എന്നെ ആക്രമിക്കാതിരിക്കുക . ക്രയാത്മകമായി ഈ പ്രശ്നങ്ങൾക്കുള്ള മറുപടി എഴുതാൻ ശ്രമിക്കുക. എനിക്കും അക്കാര്യത്തിൽ ഒരു തരത്തിലുള്ള അറിവ് അതിൽ നിന്ന് കിട്ടട്ടെ )
(കംപ്യൂട്ടറിനു മുന്നിൽ ഇരുന്നപ്പോൾ തോന്നിയ ചില തോന്നലുകൾ ആണ് ഇവയൊക്കെ. ഒരു തരി പോലും ശാസ്ത്രീയത ഈ പറഞ്ഞതിന് ഇല്ല എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ അത് ശരി തന്നെ ആണ്. അതിന്റെ പേരിൽ എന്നെ ആക്രമിക്കാതിരിക്കുക . ക്രയാത്മകമായി ഈ പ്രശ്നങ്ങൾക്കുള്ള മറുപടി എഴുതാൻ ശ്രമിക്കുക. എനിക്കും അക്കാര്യത്തിൽ ഒരു തരത്തിലുള്ള അറിവ് അതിൽ നിന്ന് കിട്ടട്ടെ )
No comments:
Post a Comment