Wednesday, 26 December 2018

കലയും കണ്ടീഷനിങ്ങും

പണ്ട് ബംഗാളിൽ ബാലൻ എന്നുപേരായ ഒരു ചിത്രകാരൻ ഉണ്ടായിരുന്നു. ഒരിക്കൽ കൂറ (ചാത്തുവിന്റെ വിളിപ്പേര്) ബംഗാളിൽ പോയപ്പോൾ വഴിവക്കിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന ബാലനെ കാണാൻ ഇടയായി. ചാത്തു അപ്പോൾ അങ്ങേരോട് ഇങ്ങനെ പറഞ്ഞു.
അല്ല ചങ്ങായീ. ഇങ്ങളുടെ ചിത്രം മനിഷന്മാർക്കു കണ്ടാൽ മനസ്സിലാകുമോ? എനിക്ക് നിന്റെ ചിത്രം കാണുമ്പോൾ നിനക്ക് ഇട്ടു ഒന്ന് പൊട്ടിക്കണം എന്നാണ് തോന്നുന്നത്. ഇപ്പണി ഒഴിവാക്കീട്ടു വേറെ വല്ല പണിക്കും പൊയ്ക്കൂടേ .
അപ്പോൾ ബാലൻ ചിത്രകാരൻ ചൂടായിട്ടു ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ഹമുക്കേ .. നിനക്ക് ചൈനീസ് കവിത ഇഷ്ടമാണോ.?
ഇഷ്ടമാകാൻ എനിക്ക് ചൈനീസ് ഭാഷ അറിഞ്ഞിട്ടു വേണ്ടേ.
അപ്പോൾ ഭാഷ പഠിച്ചാൽ കവിത വായിക്കാം എന്ന് അർഥം. അത്രയേ ഉള്ളൂ.
ഈ സംഭാഷണം ഇവിടെ നിർത്തി നമുക്ക് ഇതിനെ കുറിച്ച് താത്വികമായി അവലോകിച്ചു നോക്കാം. ബാലൻ പറയുന്നത് ഭാഷപോലെ പഠിക്കാനുള്ള ഒന്നാണ് കലയുടെ ഭാഷ എന്നാണ്. കവിത വായിക്കാൻ ഭാഷ പഠിക്കണം എന്നാണെങ്കിൽ ചിത്രം വായിക്കാൻ, ചിത്രത്തിന്റെ ഭാഷ പഠിക്കണം എന്ന്. അപ്പോൾ കല എന്നത് പഠിച്ചു ഉണ്ടാക്കി എടുക്കേണ്ട എന്തോ ഒന്നാണ് എന്ന് അർഥം. എന്നെ കുറിച്ച് അവൻ ജന്മനാ ഒരു കവി ആയിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനേക്കാൾ വലിയ ആന മണ്ടത്തരം ഇല്ല എന്ന് അർഥം. ജനിച്ചതിനു ശേഷം ഞാൻ മലയാള ഭാഷ എന്നല്ല ഒരു ഭാഷയും പഠിക്കേണ്ട എന്ന് തീരുമാനിച്ചു മര്യാസ്ഥനായി വീട്ടിലിരുന്നാൽ കവിത പോയിട്ട് ഒരു വാക്കു പോലും ഞാൻ സൃഷ്ടിക്കില്ലായിരുന്നു എന്ന് അർഥം . കവിതയുടെ കാര്യം മാത്രമല്ല കവിതാസ്വാദനത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി ഈ ഭാഷ എന്നത് എന്താണ്. മനുഷ്യനെ ചില ചിത്രങ്ങൾ കാണിച്ചു, അല്ലെങ്കിൽ ചില ശബ്ദങ്ങൾ തുടർച്ചയായി കേൾപ്പിച്ചു കണ്ടീഷൻ ചെയ്യുന്ന പരിപാടി അല്ലെ. ഭാഷ അറിയാത്ത ഒരു കൊച്ചു കുട്ടിക്ക് "പൂച്ച" എന്ന് കടലാസിൽ എഴുതി കാണിച്ചിട്ടുണ്ട്, മോനെ ഇതാ പൂച്ച എന്ന് പറഞ്ഞാൽ കുട്ടി വിചാരിക്കും മണ്ടോടിക്ക് വട്ടാണ് എന്ന്. പൂച്ചയുടെ ചിത്രം ഇങ്ങനെ ആണോ എന്ന് അവൻ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോഴേക്കും അവന്റെ ചന്തിക്കു ചൂരൽ കൊണ്ട് അടി വീണിരിക്കും. പഠിക്കെടാ ഇതാണ് പൂച്ച. വായിക്കെടാ . പൂച്ച..... അങ്ങനെ പൂച്ചയുമായിട്ടു പുല ബന്ധം പോലും ഇല്ലാത്ത ഒരു ചിത്രം കാണിച്ചു അതിനെ പൂച്ചയാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന പരിപാടി ആണ് ഭാഷ. ശരിയായ കണ്ടീഷനിംഗ്. ഈ കണ്ടീഷനിങ്ങിന്റെ തുടർച്ച തന്നെ അല്ലെ എല്ലാ കലകളും . അപ്പോൾ അത് പഠിച്ചെഴുത്തും, പഠിച്ചു ആസ്വദിക്കലും മാത്രമാണ്. പഠിക്കാത്തവന് എഴുത്തും ഇല്ല ആസ്വാദനവും ഇല്ല

ഞാൻ കലയും കണ്ടീഷനിങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതാൻ ഒരു കാരണം ഉണ്ടായിരുന്നു. ബാലേട്ടൻ ആണ് ഈ ലോകത്തു ആൻഡ്രിയ ബോസെല്ലി എന്ന മഹാനായ ഗായകൻ ഉണ്ട് എന്നും, അങ്ങേരുടെ പാട്ടു നീ കേൾക്കണം എന്നും എന്നോട് പറഞ്ഞത്. ഞാൻ പാട്ടു കേട്ടതിനു ശേഷം ബാലാട്ടനോട് പറഞ്ഞു. ബാലേട്ടാ. ഏതാണ്ട് ഒരു പശു കരയുന്ന ശബ്ദം ആണ് അങ്ങേര്ക്ക് ഉള്ളത്. നമുക്ക് കുയിലിന്റെ ശബ്ദമേ പിടിക്കൂ എന്ന്. അപ്പോൾ ബാലാട്ടൻ പറഞ്ഞു. എടാ മണ്ടൂസ്, പാട്ടു എന്നത് പരിചയത്തിലൂടെ ആണ് ആസ്വദിക്കുന്നത്. പരിചയം കൂടുമ്പോൾ ആസ്വാദന നിലവാരം കൂടും. ഇന്നലത്തെ പശു കരച്ചിൽ നാളത്തെ കുയിൽ നാദം ആകും. അത് കൊണ്ട് നീ ഒരു കാര്യം ചെയ്യുക. ഒരു ദിവസം അഞ്ച് മിനുട്ടു അങ്ങേരുടെ ഏതെങ്കിലും പാട്ടു കേൾക്കുക. പിന്നെ നിർത്തുക. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച നീ ഈ പരിപാടി തുടർന്നാൽ നിനക്ക് തോന്നും പാട്ടിൽ എന്തോ ഒരു സൗന്ദര്യം ഉണ്ട്. എന്ന്. പണ്ട് ചാത്തുവിന്റെ കഥ നിന്നോട് പറഞ്ഞിട്ടില്ലേ. അവന്റെ ആപ്പീസിൽ കറുത്ത് കരിക്കട്ട പോലെ ഉള്ള ഒരു പെണ്ണ് വന്ന ദിവസം അവൻ എന്നോട് എന്താണ് പറഞ്ഞത്. ഹോ. എന്റെ ബാലാട്ട. എന്റെ അപ്പുറത്തു ഒരു സാധനത്തിനെ കൊണ്ട് വന്നു ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ ആപ്പീസിൽ പോകാൻ ഒരു താല്പര്യം പോലും ഇല്ലാതായി എന്ന്. പിന്നീട് എന്താണ് സംഭവിച്ചത്. അവൻ അവളെ കെട്ടി. അത് തന്നെ ആണ് ഇവിടെയും സംഭവിക്കുക. കുറെ കഴിഞ്ഞാൽ നിനക്ക് ആ പാട്ടു കേട്ടല്ലാതെ ഉറക്കം വരില്ല എന്ന നില വരും.
ഇന്നലെ ബോസെല്ലിയുടെ, കാന്റോ ഡെല്ലാ ടെറാ എന്ന പാട്ടു പത്തു തവണയാണ് കേട്ടത്. അവസാനത്തെ തവണ അത് കേട്ട് കൊണ്ടിരുന്നപ്പോൾ ഭാര്യ പറഞ്ഞു, നിങ്ങക്ക് ഈ പശു കരയുന്ന പോലെ ഉള്ള പാട്ടെ ഇഷ്ടമാകൂ. നിങ്ങൾ മോഡിയുടെ ആളാണോ എന്ന്. പറഞ്ഞിട്ട് കാര്യമില്ല, അവൾ കണ്ടീഷൻഡ് ആയിട്ടില്ല. അടുക്കള പണിക്കു ഇടയിൽ പാട്ടു കേൾക്കാൻ നേരമില്ലത്ത് കൊണ്ട് ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നു കൂടി ഇല്ല.

Tuesday, 18 December 2018

ആരും താലോലിക്കാത്ത കുഞ്ഞുങ്ങൾ

അക്ബർ ചക്രവർത്തിയെ കുറിച്ച് പണ്ട് കേട്ട ഒരു കഥയാണ്. തണുത്തുറഞ്ഞ വെള്ളത്തിൽ എത്ര നേരം കഴുത്തോളം മുങ്ങി നിൽക്കാൻ ആവുമെന്നതിനു ചക്രവർത്തി ഒരു മത്സരം നടത്തി. ദിവസങ്ങളോളം മുങ്ങി നിന്ന് ചക്രവർത്തിയെ അത്ഭുതപ്പെടുത്തിയ ആളോട് ചക്രവർത്തി ചോദിച്ചു നിനക്ക് ഇതെങ്ങനെ സാധിച്ചു എന്ന്. അപ്പോൾ അയാൾ പറഞ്ഞു, അങ്ങ് ദൂരെ ഉള്ള ഒരു മന്ദിരത്തിൽ സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന ആ നെയ് ദീപത്തിലെ ചൂട് കിട്ടിയിട്ടാണ് താൻ അങ്ങനെ കിടന്നതു എന്ന്. മത്സരത്തിൽ വഞ്ചന കാണിച്ചു എന്ന് പറഞ്ഞു ചക്രവർത്തി അവനെ തൂക്കാൻ വിധിച്ചു. അടുത്തു ദിവസം രാവിലെ എഴുന്നേറ്റ ചക്രവർത്തി കണ്ടത്, രാജ കൊട്ടാര വളപ്പിൽ, തീകത്തിച്ചു വെള്ളം ചൂടാക്കുന്ന ബീര്ബലിനെ ആണ്. പത്തടിയോളം ഉയരത്തിൽ കെട്ടി തൂക്കിയ ചട്ടിയിലെ വെള്ളം ആണ് ബീർബൽ ചൂടാക്കി കൊണ്ടിരുന്നത്. തീ, ചട്ടിയുടെ അടുത്തു പോലും എത്താതെ എങ്ങനെ വെള്ളം ചൂടാകും എന്നും, ഇത്തരം മണ്ടത്തരങ്ങൾ കാണിക്കുന്ന നിന്നെ ആണോ ഞാൻ ഉപദേശകൻ ആയി വച്ചിട്ടുള്ളത് എന്നും രാജാവ് ചോദിച്ചപ്പോൾ ബീർബൽ പറഞ്ഞു, ഇതിലും വലിയ മണ്ടത്തരം കാണിക്കുന്ന രാജാവിന് മണ്ടനായ ഉപദേശകൻ മതി എന്ന്. രാജാവിന് കാര്യം മനസ്സിലാക്കുകയും, തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടവനെ കുറ്റ മുക്തനാക്കുകയും ചെയ്തു എന്ന് കഥ.

ഇപ്പോൾ ഈ കഥ ഓർക്കാൻ കാരണം ഒരു വെള്ള പൈപ്പിന് അടുത്തു വളരുന്ന ഈ ചീര ചെടിയാണ്. വെള്ളപൈപ്പ്‌ മാത്രമല്ല ഈ ചീര ചെടിയും എന്റെ വീട്ടു മതിലിനു പുറത്തു സ്ഥിതി ചെയ്യുന്നു. രണ്ടും എത്രയോ കാലമായി ഞാൻ ശ്രദ്ധിക്കാത്തവ. പുറമ്പോക്കിൽ വളരുന്ന ഈ ചീര ചെടിക്കു ഒരിറ്റു വെള്ളം കിട്ടിയിട്ട് മാസങ്ങൾ എത്രയോ കഴിഞ്ഞു. ഇപ്പോഴും നിങ്ങൾ നോക്കുക. അതിന്റെ തലയെടുപ്പ് എന്തെന്ന്. ചിലപ്പോൾ അടുത്തുള്ള പൈപ്പിലൂടെ അനവരതം ഒഴുകുന്ന വെള്ളം അതിനു ജീവിക്കാൻ ആവേശം പകരുന്നതാവാം. പ്രപഞ്ചത്തിലെ ഓരോ അത്ഭുതങ്ങൾ. രാവിലെ ആറ്റു പുറം വയലിന് നടുവിൽ ഉള്ള റോഡിലൂടെ നടക്കാൻ ഇറങ്ങിയാൽ, അവിടെ ചീര ചെടികൾക്ക് വെള്ളം ഒഴിക്കുന്ന കർഷകരെ കാണാം. ഒരു സെന്ററിൽ വളരുന്ന ചീരക്ക് ഒരു ദിവസം എത്ര വെള്ളം വേണമെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു ഉദ്ദേശം നൂറു ലിറ്റർ എന്ന്

ചിത്രത്തിലെ ചീര ചെടിയെ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചോ എന്ന് അറിയില്ല. ശ്രദ്ധിച്ചിരുന്നു എങ്കിൽ നിങ്ങൾ മറ്റൊരു പ്രധാന കാര്യം കൂടെ അറിയുമായിരുന്നു. ആ ചീര ചെടിയിലെ ഒരു ഇലയിലും ഒരു കീടം പോലും കടിച്ചിട്ടില്ല എന്ന കാര്യം


***************

അടിയിൽ പടരുന്ന പാഴ്ച്ചെടി-
യെന്നോട് ചോദിച്ചു , നീയെന്നെ-
കുറിച്ചൊന്നും പറയാത്തതെന്തേ?

Sunday, 2 December 2018

ചാത്തുവിന്റെ ഭാര്യയെ നരിപിടിച്ചു

ചാത്തു , മെന്റൽ ഡോക്ടർ ബാലന്റെ  വീട്ടു പടിക്കൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു.  ഡോക്ടർ സ്ഥലത്തുണ്ടോ എന്ന് സംശയിച്ചു അവിടെ നിന്നപ്പോൾ,  പൂന്തോട്ടത്തിൽ ഉണ്ടായിരുന്ന പരിചാരകൻ പറഞ്ഞു,  ഡോക്ടർ അകത്തുണ്ട്. വേഗം കടന്നോളൂ എന്ന്.  അകത്തു കടന്നപ്പോൾ ഡോക്ടർ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.  ചാത്തു കടന്നു വന്നത് അറിഞ്ഞു എങ്കിലും അദ്ദേഹത്തിന്  അങ്ങനെ ഒരു ഭാവം ഇല്ലായിരുന്നു.  ഡോക്ടറോട് ഒന്നും മിണ്ടാതെ,  ചാത്തു അവിടെയുള്ള കസേരയിൽ പതിയെ ഇരുന്നു.  അഞ്ചു മിനുട്ട് നേരത്തെ വായന കഴിഞ്ഞപ്പോൾ ബാലൻ ഡോക്ടർ  പുസ്തകം മാറ്റിവച്ചു ചാത്തുവിനെ ചോദ്യ രൂപത്തിൽ നോക്കി.  എന്തിനാണ് വന്നത് എന്ന അർത്ഥത്തിൽ ആണ് ഡോക്ടർ തന്നെ നോക്കുന്നത് എന്ന് ചാത്തുവിന് മനസ്സിലായി.  അവൻ ഇങ്ങനെ പറഞ്ഞു.

താങ്കള് സ്വപ്നങ്ങൾ അപഗ്രഥിക്കും എന്ന് ഒരു ചങ്ങായി പറഞ്ഞു.  അത് കൊണ്ട് വന്നതാണ്.

സ്വപ്‌നങ്ങൾ ഒക്കെ അപഗ്രഥിക്കും.  പക്ഷെ കുറച്ചു നിലവാരമുള്ള സ്വപ്നം ആയിരിക്കണം. ബസ് സ്റ്റാൻഡിൽ വച്ച് ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് അടി കൊണ്ട് എന്ന തരത്തിലുള്ള സ്വപ്‌നങ്ങൾ ആണെങ്കിൽ  അത് സ്വപ്നമല്ല,  വെറും ഭാവി പ്രവചനം മാത്രമാണ്.  അത്തരം സ്വപ്നങ്ങളെ ഞാൻ അപഗ്രഥിക്കാറില്ല.

ഇത് അങ്ങനെ ഉള്ള സ്വപ്നം അല്ല ഡോക്ടർ.  ഒരു ഭീകര സ്വപ്നം ആണ്.

അപ്പോൾ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു എന്ന് അർഥം.  മുഴുമിപ്പിക്കാത്ത സ്വപ്നം .  പറഞ്ഞോളൂ.

മുഴുമിപ്പിക്കാത്ത സ്വപ്നം അല്ല.  ഞാൻ ഫുൾ കണ്ട്.  സ്വപ്നം ഇങ്ങനെ ആണ്.  ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ഭാര്യ വസ്ത്രം അലക്കുകയായിരുന്നു.  പെട്ടന്നാണ് ഞാൻ ഞെട്ടിക്കുന്ന ഒരു കാര്യം കാണുന്നത്.  അടുത്ത പറമ്പിന്റെ ഉയരമുള്ള മതിലിനു മുകളിൽ ഒരു നരി ഇരുന്നു കൊണ്ട് ഭാര്യയുടെ പ്രവർത്തി നോക്കി രസിക്കുന്നു.  പെട്ടന്ന് നരി താഴേക്കു ചാടി ഭാര്യയെ കടിച്ചു തിന്നുന്നു.  ഫുൾ ചോര.  തല,  കഴുത്തു, മുല, വയർ, കൈകാലുകൾ എന്നീ ഓർഡറിൽ നരി ഭാര്യയെ  മുഴുവൻ തിന്നു തീർക്കുന്നു.  കുറെ കഴിഞ്ഞു ഉണർന്നപ്പോൾ ഞാൻ ആകെ തളർന്നിരിക്കുകയായിരുന്നു.  എന്താണ് ഡോക്ടർ ഇതിന്റെ അർഥം.

മിസ്റ്റർ ചാത്തൂ. വളരെ സിംപിൾ ആയ സ്വപ്നം ആണ് ഇത് .  ഇത്തരം സ്വപ്‌നങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാത്ത ഭർത്താക്കന്മാർ വിരളമായിരിക്കും.  മനഃശാസ്ത്രജ്ഞർ ഇതിനെ വിഷ് ഫുൾഫിൽമെന്റ് എന്നാണ് പറയുക.  അതായത് ഉണർന്നിരിക്കുമ്പോൾ സാധിക്കാത്തതു സ്വപ്നത്തിൽ പൂർത്തീകരിക്കുന്ന ടെക്നിക്.  ഒരു ശത്രുവിനെ അടിക്കാൻ ധൈര്യമില്ലാത്തവൻ,  അവനെ കൊല്ലുന്നത് സ്വപ്നം കാണുന്നത് പോലെ. പക്ഷെ സാധാരണയായി ഏതു ദുഷ്ടൻ ഭർത്താവും,  ഇത്തരം സ്വപ്ങ്ങൾ മുഴുവൻ കാണാറില്ല.  അതായത് മുഴുവൻ കണ്ടിരിക്കാൻ അവർക്കു ത്രാണി ഉണ്ടാകാറില്ല.  ഞെട്ടി ഉണരും.  പക്ഷെ ചാത്തുവിന്റെ  കാര്യത്തിൽ അത് സംഭവിച്ചില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  ചാത്തു സ്വപ്നം മുഴുവൻ ആസ്വദിക്കുകയായിരുന്നു.  ഒരിക്കലും ഞെട്ടി ഉണരാൻ തോന്നിയില്ല.  അപ്പോൾ ചാത്തുവിനെ സംബന്ധിച്ചു ഇത് ഭീകര സ്വപ്നമല്ല എന്ന് അർഥം.  അപ്പോൾ എനിക്ക് ഇക്കാര്യത്തിൽ ചാത്തുവിനോട് കൂടുതൽ ഒന്നും പറയാനില്ല.  പറയാനുള്ളത് ചാത്തുവിന്റെ ഭാര്യയോടാണ്.  നാളെ അവരെയും കൂട്ടി ഇവിടെ വരിക.

അത് വേണ്ട ഡോക്ടർ.  പറയാനുള്ളത് ഞാൻ തന്നെ അവളോട് പറയാം.

എന്നാല് ചാത്തു പോയി അവളോട് പറയുക. ജീവനിൽ കൊതിയുണ്ട് എങ്കിൽ വേഗം ഡൈവോഴ്സ് ചെയ്തു വീട്ടിലേക്കു രക്ഷപ്പെടാൻ.

Saturday, 1 December 2018

കവർച്ച ഫാക്ടർ



ഏതൊരാൾക്കും വീട്ടിൽ വച്ച് നടത്താവുന്ന ഒരു പരീക്ഷണം ആണ് ഇത്.  പരീക്ഷണത്തിന്റെ ഉദ്ദേശ്യം ഒന്നാണ് എങ്കിലും കിട്ടുന്ന ഉത്തരം പലതരത്തിൽ ഉള്ളതായിരിക്കും.  വ്യക്തികളുടെ സ്വഭാവം,  മറ്റുള്ളവരുടെ സ്വഭാവം,  കാലാവസ്ഥ,  കയ്യിലുള്ള പറമ്പിന്റെ വിസ്തൃതി  ഇത്യാദി പല കാര്യങ്ങളും പരീക്ഷണത്തെയും തദ്വാരാ കിട്ടുന്ന ഉത്തരത്തെയും വളരെ ഏറെ ബാധിക്കും.  ഇത്രയും പറഞ്ഞു കൊണ്ട് പരീക്ഷണം നടത്തേണ്ടത് എങ്ങനെ ആണ് എന്നുള്ള കാര്യം ഞാൻ വിവരിക്കുകയാണ്.

ആദ്യമായി പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുക.  കഴിയുന്നതും നടന്നു പോകുക.  പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുന്നവൻ നടന്നല്ലാതെ വിമാനത്തിലാണോ പോകുക എന്ന് നിങ്ങൾ ചോദിക്കാൻ തുടങ്ങുകയാണ് എന്ന് എനിക്കറിയാം.  പക്ഷെ പത്തു രൂപയെടുത്തു ഓട്ടോ പിടിച്ചു മാർക്കറ്റിൽ പോയി,  ഓട്ടോക്ക് പോലും പണം തികയാതെ കടം പറയുന്നവരെ നിങ്ങൾ കണ്ടിരിക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരം ഒരു അര വിഡ്ഢിത്തം ഞാൻ തുടക്കത്തിലേ പറഞ്ഞത്.  ഇനി അടുത്തതായി വിത്ത് വിൽക്കുന്ന ഒരു പീടികയിൽ പോകുക.  അവിടെ നിങ്ങള്ക്ക് പത്തു രൂപ കൊടുത്താൽ പത്തു തക്കാളി വിത്ത് കിട്ടും എന്ന് ഉറപ്പാണ്.  നേരെ അപ്പുറത്തു ഉള്ള വള പീടികയിൽ കയറി നൂറു രൂപയ്ക്കു വളവും വാങ്ങിക്കുക.  വിളവെടുത്താൽ പണം തരാം എന്ന് പറഞ്ഞാൽ ഏതു വളപ്പീടികക്കാരനും വളം  കടം തരും എന്ന് ഉറപ്പു .  ഇനി നേരെ വീട്ടിലേക്കു നടക്കുക.

വീട്ടിൽ എത്തിയാൽ മണ്ണ് നിറച്ച ഒരു ഗ്രോ ബാഗിലോ,  അല്ലെങ്കിൽ സാദാ ചട്ടിയിലോ ഈ കൊണ്ടുവന്ന വിത്തുകളെ പാകുക.  യോഗമുള്ളവ  പൊടിക്കട്ടെ എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.  എല്ലാം പൊടിക്കണം എന്ന് കരുതി രാസ വെള്ളത്തിൽ മുക്കിയാൽ,  ഉള്ളതും പോയി ഉണ്ണിയാമ്മേ എന്ന് പറഞ്ഞത് പോലെ ആകും.  ഏതാനും ദിവസങ്ങൾക്കകം വിത്തുകൾ പൊടിച്ചാൽ , ചെടികൾക്ക് നാല് ഇലകൾ വന്നാൽ അവയെ പറമ്പിൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി കുഴിച്ചിടുക.  അതിനു മുൻപേ മണ്ണിൽ വളം ചേർക്കണം എന്നുള്ള കാര്യം പ്രത്യേകം പറയാത്തത് നിങ്ങൾ തീരെ മണ്ടന്മാർ അല്ല എന്ന ബോധം ഉള്ളത് കൊണ്ടാണ്.  ഇനി ഒന്ന് രണ്ട് ദിവസം ഈ ചെടികളെ കഠിന സൂര്യ പ്രകാശത്തിൽ നിന്ന് മറച്ചു പിടിക്കണം.  നിത്യവും വൈകുന്നേരം വെള്ളം ഒഴിച്ച് കൊടുക്കുകയും വേണം.  മൂന്നാം ദിവസം മുതൽ അവയ്ക്കു നല്ല വെയിൽ കായാം.    അപ്പോൾ പ്രാഥമിക പരിപാടികൾ ഒക്കെ അവസാനിച്ചു എന്ന് പറയാം.  ഇനി അങ്ങോട്ട് നിങ്ങൾക്കു ആകെ ഉള്ള ജോലി ഈ ചെടികൾക്ക് കൃത്യമായി വെള്ളമൊഴിക്കലും,  കോഴി,  കാക്ക,  അയൽക്കാർ എന്നീ ഭീകര ജീവികളിൽ നിന്ന് ഇവയെ കാക്കലും മാത്രമാണ്.  അങ്ങനെ കുറെ ദിവസം ജീവിച്ചു കൊണ്ടിരുന്നാൽ,  നിങ്ങൾ പിടിപ്പിച്ച ചെടികളിൽ ചിലവ ചുരുങ്ങി ഇല്ലാതായത് നിങ്ങള്ക്ക് മനസ്സിലാകും.  എല്ലാം ചുരുങ്ങി പോയി എങ്കിൽ ഒരു വേവലാതിയും കൂടാതെ ഈ പണി മതിയാക്കി മറ്റു പണികളിലും  വ്യാപൃതരാവുക.  മിക്കവാറും അതിനു സാധ്യതയില്ല എന്നാണ് ഞാൻ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്.  ഒരു അഞ്ചെണ്ണം എങ്കിലും  നിങ്ങളെ കഷ്ടപ്പെടുത്താൻ അവിടെ നില നിൽക്കുക തന്നെ ചെയ്യും

നാലഞ്ചു മാസം  ആകുമ്പോൾ നിങ്ങളുടെ മനം കുളിർപ്പിച്ചു കൊണ്ട് ഈ ചെടികളിൽ പൂവിടുന്നത് കാണാം.  ഈ പൂവുകൾ ആണ് തക്കാളി എന്ന വെജിറ്റബിൾ ആയി രൂപാന്തരം പ്രാപിക്കേണ്ടത്.  പൂവാണെന്നു കരുതി തലയിൽ ചൂടി കളയരുത്.  അങ്ങനെ നിങ്ങൾ വളർത്തിയ അഞ്ചു ചെടികളും പൂവിടുകയും അവയൊക്കെയും മുഴുത്ത തക്കാളികൾ ആയി പരിവർത്തനപ്പെടുകയും ചെയ്താൽ ആ ചെടികളിൽ നിന്ന് കിട്ടുന്ന തക്കാളികൾ മുഴുവനും എത്ര തൂക്കം വരുമെന്ന് അടുത്തുള്ള ഏതെങ്കിലും പീടികയിൽ പോയി തൂക്കി നോക്കുക.  ചിലപ്പോൾ ഈ തൂക്കൽ പരിപാടി  ഒന്നിച്ചു നടത്താൻ പറ്റി എന്ന് വരില്ല.  കാരണം തക്കാളികൾ നമ്മുടെ മക്കളെ പോലെ ആണ്.  പല പല കാലങ്ങളിൽ ആണ് പ്രായപൂർത്തി ആവുക.  അത് കൊണ്ട് പല പല കാലങ്ങളിൽ ആയി ഈ തൂക്കൽ പരിപാടി വ്യാപിപ്പിക്കേണ്ടി വന്നേക്കാം.  പക്ഷെ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ തൂക്കം  നോക്കുന്ന വേളകളിൽ പീടികക്കാരന്റെ മുഖത്ത് വിരിയുന്ന പുച്ഛം കലർന്ന ഒരു ചിരിയാണ്.  അതിന്റെ അർഥം നിങ്ങള്ക്ക് ഇപ്പോൾ പിടികിട്ടാൻ ഇടയില്ലാത്ത കൊണ്ട് തൽക്കാലം അത് മൈൻഡ് ചെയ്യേണ്ട.  പിന്നീടത് മനസ്സിലായാൽ അത് കൊണ്ട് നിങ്ങള്ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും വരാനുമില്ല.

അപ്പോൾ നമ്മുടെ പരീക്ഷണം ഇവിടെ അവസാനിച്ചിരിക്കുന്നു.  ഇനിയുള്ളത് കണക്കുകൾ ആണ് .  അത് സ്വന്തം ചെയ്യാൻ അറിയില്ല എങ്കിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയെ ഏൽപ്പിച്ചാൽ മതി.  ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ളത് ഏതാനും ചില അളവുകളും തൂക്കങ്ങളും ആണ്.  തക്കാളി വിത്ത് വാങ്ങാൻ ചിലവാക്കിയ പത്തു രൂപ.  വളത്തിന്റെ വില.  വളം തീർന്നു  പോയപ്പോൾ അത് വീണ്ടും വാങ്ങാൻ ഉപയോഗിച്ച പണം.  നിങ്ങള് ടൂർ പോകുന്ന സമയത്തു, വെള്ളം നനക്കാൻ ഏല്പിച്ച പയ്യന് കൊടുത്ത ഒരു അമ്പതു രൂപ (മിക്കവാറും അത് സംഭവിക്കില്ല.  ടൂറ് പോയിട്ട് കൂട്ടുകാരുടെ കല്യാണത്തിന് പോകാൻ വരെ നിങ്ങള്ക്ക് സമയം കിട്ടി എന്ന് വരില്ല).  ഇതാണ് നിങ്ങളുടെ ആകെ ചെലവ് എന്ന് വേണമെങ്കിൽ നിങ്ങള്ക്ക് സമാധാനിക്കാം.  അതെന്താ ഇങ്ങനെ സമാധാനിക്കാം എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പിക്കുകയാണോ എന്ന് സംശയം തോന്നുകയാണ് എങ്കിൽ പറയാം.  നിങ്ങൾ ഇത്ര നാളും ഈ തക്കാളിയുടെ മൂട്ടിൽ വെള്ളം ഒഴിച്ചത് കൂലിയിൽ വരേണ്ടതാണ്.  നിങ്ങൾ തക്കാളിയുടെ മുതലാളി ആയതു കൊണ്ട് മാത്രമാണ് അത് കണക്കിൽ വരാത്തത്.  പക്ഷേ അതും കൂടെ വന്നാൽ നിങ്ങൾ ഞെട്ടി തെറിച്ചു പോകാൻ ഇടയുള്ളതു കൊണ്ട് അത് ഇവിടെ ചേർക്കേണ്ട.  ഇനി ഇപ്പോൾ ഇത്രയും പണം ചിലവാക്കിയ നിങ്ങള്ക്ക് കിട്ടിയത് എന്താണ്.  ഒരു മൂന്നു കിലോ തക്കാളി എന്ന് ഒരു ഉദാഹരണത്തിന് വേണ്ടി എടുക്കാം.  മിക്കവാറും അത് പോലും ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം പറയുന്നത്.  അപ്പോൾ ഈ ഉദാഹരണത്തിൽ നിങ്ങള്ക്ക് മൂന്ന് കിലോ തക്കാളി കിട്ടാൻ ഉദ്ദേശ്യം നൂറ്റി അമ്പതു രൂപ  ചിലവായതായി കാണാം.  അതായത് ഒരു കിലോ തക്കാളിക്ക് അമ്പതു രൂപ.  ഇനി നേരത്തെ തക്കാളിയുടെ തൂക്കം കാണാൻ  പോയ പീടികയിൽ കയറി അവിടെ ഒരു കിലോ തക്കാളിക്ക് വില എത്രയെന്നു ചോദിക്കുക.  അപ്പോൾ അത് ഏകദേശം ഇരുപതു രൂപ എന്ന് പീടികക്കാരൻ നിങ്ങളോടു പറയും.  (അങ്ങേരു നേരത്തെ നടത്തിയ പുച്ഛ ചിരിയുടെ അർഥം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു.  അതിനെ മറികടക്കാൻ ഒരു ടെക്നിക് ഉണ്ട്.  അത് നമ്മുടെ പൂർവികർ പുരാണ കാലത്തു കണ്ടെത്തിയ ഒരു മഹദ് വാക്യമാണ്.--നയിച്ച് തിന്നുന്നതിന്റെ രുചി ഒന്ന് വേറെയാണ് ---  ഈ വാക്യം മനസ്സിൽ ഉരുവിട്ട് കൊണ്ടിരിക്കുക )

ഇത്രയും കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായത്,  നിങ്ങൾ സ്വന്തം വീട്ടിൽ അമ്പതു രൂപ ചിലവാക്കി ഉണ്ടാക്കിയ തക്കാളി തൊട്ടപ്പുറത്തുള്ള പീടികയിൽ നിന്ന് നിങ്ങൾക്ക് കിട്ടിയത് വെറും ഇരുപതു രൂപയ്ക്കാണ് എന്നുള്ള ഭീകര സത്യമാണ്.  അപ്പോൾ നിങ്ങൾ കൊടുക്കാതിരുന്ന ആ മുപ്പതു രൂപ ശരിക്കും എന്താണ്.  തീർച്ചയായും അത്,  ഇന്ന് ഡൽഹിയിൽ പ്രകടനം നടത്തുന്ന,  ലക്ഷണക്കണക്കിനു കണക്കിന് കർഷകർക്ക് നിങ്ങൾ കൊടുക്കാതിരുന്ന പണം ആണ്.  അതായത് നിങ്ങൾ അവരിൽ നിന്ന് കവർച്ച നടത്തിയ ധനം.  നിങ്ങൾക്ക് എങ്ങനെ അത് സാധിച്ചു എന്നുള്ളത് ഈ ലേഖനത്തിന്റെ വിഷയം അല്ല.  പക്ഷെ നിങ്ങൾ കവർച്ചക്കാർ ആണ് എന്നുള്ള കാര്യം നിങ്ങൾ അംഗീകരിച്ചേ ഒക്കൂ

നിങ്ങൾ ഒരു കിലോ തക്കാളിയുടെ വിലയിൽ നിന്ന് ഇസ്കിയ ഈ മുപ്പതു രൂപയാണ് കവർച്ചാ ഫാക്ടർ