Saturday, 1 December 2018

കവർച്ച ഫാക്ടർ



ഏതൊരാൾക്കും വീട്ടിൽ വച്ച് നടത്താവുന്ന ഒരു പരീക്ഷണം ആണ് ഇത്.  പരീക്ഷണത്തിന്റെ ഉദ്ദേശ്യം ഒന്നാണ് എങ്കിലും കിട്ടുന്ന ഉത്തരം പലതരത്തിൽ ഉള്ളതായിരിക്കും.  വ്യക്തികളുടെ സ്വഭാവം,  മറ്റുള്ളവരുടെ സ്വഭാവം,  കാലാവസ്ഥ,  കയ്യിലുള്ള പറമ്പിന്റെ വിസ്തൃതി  ഇത്യാദി പല കാര്യങ്ങളും പരീക്ഷണത്തെയും തദ്വാരാ കിട്ടുന്ന ഉത്തരത്തെയും വളരെ ഏറെ ബാധിക്കും.  ഇത്രയും പറഞ്ഞു കൊണ്ട് പരീക്ഷണം നടത്തേണ്ടത് എങ്ങനെ ആണ് എന്നുള്ള കാര്യം ഞാൻ വിവരിക്കുകയാണ്.

ആദ്യമായി പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുക.  കഴിയുന്നതും നടന്നു പോകുക.  പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുന്നവൻ നടന്നല്ലാതെ വിമാനത്തിലാണോ പോകുക എന്ന് നിങ്ങൾ ചോദിക്കാൻ തുടങ്ങുകയാണ് എന്ന് എനിക്കറിയാം.  പക്ഷെ പത്തു രൂപയെടുത്തു ഓട്ടോ പിടിച്ചു മാർക്കറ്റിൽ പോയി,  ഓട്ടോക്ക് പോലും പണം തികയാതെ കടം പറയുന്നവരെ നിങ്ങൾ കണ്ടിരിക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരം ഒരു അര വിഡ്ഢിത്തം ഞാൻ തുടക്കത്തിലേ പറഞ്ഞത്.  ഇനി അടുത്തതായി വിത്ത് വിൽക്കുന്ന ഒരു പീടികയിൽ പോകുക.  അവിടെ നിങ്ങള്ക്ക് പത്തു രൂപ കൊടുത്താൽ പത്തു തക്കാളി വിത്ത് കിട്ടും എന്ന് ഉറപ്പാണ്.  നേരെ അപ്പുറത്തു ഉള്ള വള പീടികയിൽ കയറി നൂറു രൂപയ്ക്കു വളവും വാങ്ങിക്കുക.  വിളവെടുത്താൽ പണം തരാം എന്ന് പറഞ്ഞാൽ ഏതു വളപ്പീടികക്കാരനും വളം  കടം തരും എന്ന് ഉറപ്പു .  ഇനി നേരെ വീട്ടിലേക്കു നടക്കുക.

വീട്ടിൽ എത്തിയാൽ മണ്ണ് നിറച്ച ഒരു ഗ്രോ ബാഗിലോ,  അല്ലെങ്കിൽ സാദാ ചട്ടിയിലോ ഈ കൊണ്ടുവന്ന വിത്തുകളെ പാകുക.  യോഗമുള്ളവ  പൊടിക്കട്ടെ എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.  എല്ലാം പൊടിക്കണം എന്ന് കരുതി രാസ വെള്ളത്തിൽ മുക്കിയാൽ,  ഉള്ളതും പോയി ഉണ്ണിയാമ്മേ എന്ന് പറഞ്ഞത് പോലെ ആകും.  ഏതാനും ദിവസങ്ങൾക്കകം വിത്തുകൾ പൊടിച്ചാൽ , ചെടികൾക്ക് നാല് ഇലകൾ വന്നാൽ അവയെ പറമ്പിൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി കുഴിച്ചിടുക.  അതിനു മുൻപേ മണ്ണിൽ വളം ചേർക്കണം എന്നുള്ള കാര്യം പ്രത്യേകം പറയാത്തത് നിങ്ങൾ തീരെ മണ്ടന്മാർ അല്ല എന്ന ബോധം ഉള്ളത് കൊണ്ടാണ്.  ഇനി ഒന്ന് രണ്ട് ദിവസം ഈ ചെടികളെ കഠിന സൂര്യ പ്രകാശത്തിൽ നിന്ന് മറച്ചു പിടിക്കണം.  നിത്യവും വൈകുന്നേരം വെള്ളം ഒഴിച്ച് കൊടുക്കുകയും വേണം.  മൂന്നാം ദിവസം മുതൽ അവയ്ക്കു നല്ല വെയിൽ കായാം.    അപ്പോൾ പ്രാഥമിക പരിപാടികൾ ഒക്കെ അവസാനിച്ചു എന്ന് പറയാം.  ഇനി അങ്ങോട്ട് നിങ്ങൾക്കു ആകെ ഉള്ള ജോലി ഈ ചെടികൾക്ക് കൃത്യമായി വെള്ളമൊഴിക്കലും,  കോഴി,  കാക്ക,  അയൽക്കാർ എന്നീ ഭീകര ജീവികളിൽ നിന്ന് ഇവയെ കാക്കലും മാത്രമാണ്.  അങ്ങനെ കുറെ ദിവസം ജീവിച്ചു കൊണ്ടിരുന്നാൽ,  നിങ്ങൾ പിടിപ്പിച്ച ചെടികളിൽ ചിലവ ചുരുങ്ങി ഇല്ലാതായത് നിങ്ങള്ക്ക് മനസ്സിലാകും.  എല്ലാം ചുരുങ്ങി പോയി എങ്കിൽ ഒരു വേവലാതിയും കൂടാതെ ഈ പണി മതിയാക്കി മറ്റു പണികളിലും  വ്യാപൃതരാവുക.  മിക്കവാറും അതിനു സാധ്യതയില്ല എന്നാണ് ഞാൻ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്.  ഒരു അഞ്ചെണ്ണം എങ്കിലും  നിങ്ങളെ കഷ്ടപ്പെടുത്താൻ അവിടെ നില നിൽക്കുക തന്നെ ചെയ്യും

നാലഞ്ചു മാസം  ആകുമ്പോൾ നിങ്ങളുടെ മനം കുളിർപ്പിച്ചു കൊണ്ട് ഈ ചെടികളിൽ പൂവിടുന്നത് കാണാം.  ഈ പൂവുകൾ ആണ് തക്കാളി എന്ന വെജിറ്റബിൾ ആയി രൂപാന്തരം പ്രാപിക്കേണ്ടത്.  പൂവാണെന്നു കരുതി തലയിൽ ചൂടി കളയരുത്.  അങ്ങനെ നിങ്ങൾ വളർത്തിയ അഞ്ചു ചെടികളും പൂവിടുകയും അവയൊക്കെയും മുഴുത്ത തക്കാളികൾ ആയി പരിവർത്തനപ്പെടുകയും ചെയ്താൽ ആ ചെടികളിൽ നിന്ന് കിട്ടുന്ന തക്കാളികൾ മുഴുവനും എത്ര തൂക്കം വരുമെന്ന് അടുത്തുള്ള ഏതെങ്കിലും പീടികയിൽ പോയി തൂക്കി നോക്കുക.  ചിലപ്പോൾ ഈ തൂക്കൽ പരിപാടി  ഒന്നിച്ചു നടത്താൻ പറ്റി എന്ന് വരില്ല.  കാരണം തക്കാളികൾ നമ്മുടെ മക്കളെ പോലെ ആണ്.  പല പല കാലങ്ങളിൽ ആണ് പ്രായപൂർത്തി ആവുക.  അത് കൊണ്ട് പല പല കാലങ്ങളിൽ ആയി ഈ തൂക്കൽ പരിപാടി വ്യാപിപ്പിക്കേണ്ടി വന്നേക്കാം.  പക്ഷെ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ തൂക്കം  നോക്കുന്ന വേളകളിൽ പീടികക്കാരന്റെ മുഖത്ത് വിരിയുന്ന പുച്ഛം കലർന്ന ഒരു ചിരിയാണ്.  അതിന്റെ അർഥം നിങ്ങള്ക്ക് ഇപ്പോൾ പിടികിട്ടാൻ ഇടയില്ലാത്ത കൊണ്ട് തൽക്കാലം അത് മൈൻഡ് ചെയ്യേണ്ട.  പിന്നീടത് മനസ്സിലായാൽ അത് കൊണ്ട് നിങ്ങള്ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും വരാനുമില്ല.

അപ്പോൾ നമ്മുടെ പരീക്ഷണം ഇവിടെ അവസാനിച്ചിരിക്കുന്നു.  ഇനിയുള്ളത് കണക്കുകൾ ആണ് .  അത് സ്വന്തം ചെയ്യാൻ അറിയില്ല എങ്കിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയെ ഏൽപ്പിച്ചാൽ മതി.  ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ളത് ഏതാനും ചില അളവുകളും തൂക്കങ്ങളും ആണ്.  തക്കാളി വിത്ത് വാങ്ങാൻ ചിലവാക്കിയ പത്തു രൂപ.  വളത്തിന്റെ വില.  വളം തീർന്നു  പോയപ്പോൾ അത് വീണ്ടും വാങ്ങാൻ ഉപയോഗിച്ച പണം.  നിങ്ങള് ടൂർ പോകുന്ന സമയത്തു, വെള്ളം നനക്കാൻ ഏല്പിച്ച പയ്യന് കൊടുത്ത ഒരു അമ്പതു രൂപ (മിക്കവാറും അത് സംഭവിക്കില്ല.  ടൂറ് പോയിട്ട് കൂട്ടുകാരുടെ കല്യാണത്തിന് പോകാൻ വരെ നിങ്ങള്ക്ക് സമയം കിട്ടി എന്ന് വരില്ല).  ഇതാണ് നിങ്ങളുടെ ആകെ ചെലവ് എന്ന് വേണമെങ്കിൽ നിങ്ങള്ക്ക് സമാധാനിക്കാം.  അതെന്താ ഇങ്ങനെ സമാധാനിക്കാം എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പിക്കുകയാണോ എന്ന് സംശയം തോന്നുകയാണ് എങ്കിൽ പറയാം.  നിങ്ങൾ ഇത്ര നാളും ഈ തക്കാളിയുടെ മൂട്ടിൽ വെള്ളം ഒഴിച്ചത് കൂലിയിൽ വരേണ്ടതാണ്.  നിങ്ങൾ തക്കാളിയുടെ മുതലാളി ആയതു കൊണ്ട് മാത്രമാണ് അത് കണക്കിൽ വരാത്തത്.  പക്ഷേ അതും കൂടെ വന്നാൽ നിങ്ങൾ ഞെട്ടി തെറിച്ചു പോകാൻ ഇടയുള്ളതു കൊണ്ട് അത് ഇവിടെ ചേർക്കേണ്ട.  ഇനി ഇപ്പോൾ ഇത്രയും പണം ചിലവാക്കിയ നിങ്ങള്ക്ക് കിട്ടിയത് എന്താണ്.  ഒരു മൂന്നു കിലോ തക്കാളി എന്ന് ഒരു ഉദാഹരണത്തിന് വേണ്ടി എടുക്കാം.  മിക്കവാറും അത് പോലും ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം പറയുന്നത്.  അപ്പോൾ ഈ ഉദാഹരണത്തിൽ നിങ്ങള്ക്ക് മൂന്ന് കിലോ തക്കാളി കിട്ടാൻ ഉദ്ദേശ്യം നൂറ്റി അമ്പതു രൂപ  ചിലവായതായി കാണാം.  അതായത് ഒരു കിലോ തക്കാളിക്ക് അമ്പതു രൂപ.  ഇനി നേരത്തെ തക്കാളിയുടെ തൂക്കം കാണാൻ  പോയ പീടികയിൽ കയറി അവിടെ ഒരു കിലോ തക്കാളിക്ക് വില എത്രയെന്നു ചോദിക്കുക.  അപ്പോൾ അത് ഏകദേശം ഇരുപതു രൂപ എന്ന് പീടികക്കാരൻ നിങ്ങളോടു പറയും.  (അങ്ങേരു നേരത്തെ നടത്തിയ പുച്ഛ ചിരിയുടെ അർഥം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു.  അതിനെ മറികടക്കാൻ ഒരു ടെക്നിക് ഉണ്ട്.  അത് നമ്മുടെ പൂർവികർ പുരാണ കാലത്തു കണ്ടെത്തിയ ഒരു മഹദ് വാക്യമാണ്.--നയിച്ച് തിന്നുന്നതിന്റെ രുചി ഒന്ന് വേറെയാണ് ---  ഈ വാക്യം മനസ്സിൽ ഉരുവിട്ട് കൊണ്ടിരിക്കുക )

ഇത്രയും കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായത്,  നിങ്ങൾ സ്വന്തം വീട്ടിൽ അമ്പതു രൂപ ചിലവാക്കി ഉണ്ടാക്കിയ തക്കാളി തൊട്ടപ്പുറത്തുള്ള പീടികയിൽ നിന്ന് നിങ്ങൾക്ക് കിട്ടിയത് വെറും ഇരുപതു രൂപയ്ക്കാണ് എന്നുള്ള ഭീകര സത്യമാണ്.  അപ്പോൾ നിങ്ങൾ കൊടുക്കാതിരുന്ന ആ മുപ്പതു രൂപ ശരിക്കും എന്താണ്.  തീർച്ചയായും അത്,  ഇന്ന് ഡൽഹിയിൽ പ്രകടനം നടത്തുന്ന,  ലക്ഷണക്കണക്കിനു കണക്കിന് കർഷകർക്ക് നിങ്ങൾ കൊടുക്കാതിരുന്ന പണം ആണ്.  അതായത് നിങ്ങൾ അവരിൽ നിന്ന് കവർച്ച നടത്തിയ ധനം.  നിങ്ങൾക്ക് എങ്ങനെ അത് സാധിച്ചു എന്നുള്ളത് ഈ ലേഖനത്തിന്റെ വിഷയം അല്ല.  പക്ഷെ നിങ്ങൾ കവർച്ചക്കാർ ആണ് എന്നുള്ള കാര്യം നിങ്ങൾ അംഗീകരിച്ചേ ഒക്കൂ

നിങ്ങൾ ഒരു കിലോ തക്കാളിയുടെ വിലയിൽ നിന്ന് ഇസ്കിയ ഈ മുപ്പതു രൂപയാണ് കവർച്ചാ ഫാക്ടർ 

No comments:

Post a Comment