Wednesday, 23 January 2019

സൾഫ്യുറിക് അസിഡിനെ നേർപ്പിക്കുന്നതിനുള്ള രണ്ട് വഴികൾ


ഒരു കുപ്പിയിൽ സൾഫ്യുറിക് ആസിഡ് എടുക്കുക. മറ്റൊരു കുപ്പിയിൽ വെള്ളവും. ഇനി ഈ വെള്ളം മറ്റേ കുപ്പിയിലെ അസിഡിൽ ഒഴിക്കുക. എന്താണ് സംഭവിക്കുന്നത് . തീയും പുകയും. വെള്ളം എത്ര കാലം ഒഴിക്കുന്നോ അത്രയും കാലം ഈ തീയും പുകയും തുടരും. അതായത് വെള്ളം കടന്നു വരുന്നതിനെതിരെ ഉള്ള ആസിഡിന്റെ പ്രതിഷേധം അനന്തകാലത്തോളം തുടരുന്നു.

ഇനി മറ്റൊരു രീതിയിൽ ചെയ്യാം. വെള്ളം ഉള്ള കുപ്പിയിലേക്ക് ആസിഡ് ഒഴിക്കുന്നു. ആദ്യം തീയും പുകയും. പക്ഷെ ഇപ്പോഴാണ് അത്ഭുതം. ഇനി നിങ്ങൾ ആസിഡ് ഒഴിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. തീയും പുകയും ഇല്ല. എത്ര ആസിഡ് ഒഴിച്ചാലും വെള്ളം ഒരു പ്രതിഷേധവും കൂടാതെ അതിനെ സ്വീകരിച്ചു കൊള്ളും

മറ്റൊരു ഗ്രൂപ്പിലുള്ള ഒരുത്തൻ നമ്മുടെ ഗ്രൂപ്പിലേക്ക് കടന്നു വരുമ്പോൾ അത് സഹിക്കാത്തവർ ഉണ്ടാകും. ആ എതിർപ്പ് എല്ലാ കാലവും അതെ പോലെ നില നിർത്തുന്നവർ ഉണ്ടാകും. പുറത്തു നിന്ന് കടന്നു വരുന്നവർ തങ്ങളുടെ ഗ്രൂപ്പിന്റെ ഐഡന്റിറ്റി തകർത്തു കളയും എന്ന് വിശ്വസിക്കുന്നവർ. അത് കൊണ്ട് ഇപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നവർ. മാനസികമായി ഒരിക്കലും അടുക്കാത്തവർ. സൾഫ്യുറിക് ആസിഡ് പഴ്സണാലിറ്റീസ്.

ഇനി വെള്ളത്തിന്റെ കാര്യമോ. ഒരു തുള്ളി സൾഫ്യുറിക് ആസിഡ് കയറി വന്നപ്പോഴേക്കും വെള്ളത്തിന്റെ സ്വഭാവം മാറി. അത് നേർപ്പിച്ച സൾഫ്യുറിക് ആസിഡ് ആയി മാറി കഴിഞ്ഞു. അവസരവാദി. ചൈനക്കാരൻ അങ്ങ് അതിർത്തിയിൽ ബോംബിട്ടു എന്ന് അറിഞ്ഞപ്പോൾ ഇവിടെ ഒരുത്തൻ ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങിയത് പോലെ. ബാലേട്ടൻ പറയുന്നത്, പണ്ട് സായിപ്പു കയറി വന്നപ്പോഴും ചിലർ ഇങ്ങനെ ആയിരുന്നു എന്നാണ്.

Tuesday, 15 January 2019

രോഗങ്ങളെ കുറിച്ചുള്ള ചില നവീന ചിന്തകൾ

ഏതു പകർച്ച വ്യാധി വരുമ്പോഴും പ്രതിരോധ ശക്തി കൂടുതൽ ഉള്ള സമൂഹങ്ങൾ ആണ് അതി ജീവിക്കുക. പ്രതിരോധ ശക്തി തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന ഒരു പ്രതിഭാസം ആണ് എന്നാണ് ഞാൻ കരുതുന്നത്. പെറുവിലെ ഒരു ജനവിഭാഗം വാമ്പയർ ബാറ്റുകളുടെ ഇടയിൽ ജീവിക്കുന്നു. സ്ഥിരമെന്നോണം അവ മനുഷ്യരെ കടിക്കുന്നു. പക്ഷെ ഇന്നുവരെ ആ ജന വിഭാഗത്തിൽ ആർക്കും റാബീസ് എന്ന രോഗമേ ഉണ്ടായിട്ടില്ല എന്ന് ഒരു പഠനത്തിൽ പറഞ്ഞിരിക്കുന്നു. ഇനി അവരുടെ മക്കളും അങ്ങനെ തന്നെ ആയിരിക്കും. നേരെ മറിച്ചു ഇങ്കുബേറ്ററിൽ ജീവിച്ച പ്രതിരോധ ശക്തി കുറഞ്ഞ കുട്ടിയായിരിക്കും. പരിതഃസ്ഥിതികളോട് ഇടിച്ചു നിന്നാണ് മനുഷ്യനിൽ പ്രതിരോധ ശക്തി വളർന്നുവന്നത്.  അതിലൂടെ ഒരു തിരിച്ചു പോക്കും സാധ്യമാണ്.  എല്ലാറ്റിനെയും എതിരിടാൻ വേറെ ആർക്കെങ്കിലും കോൺട്രാക്ട് കൊടുത്താൽ ,  പിന്നീടൊരിക്കൽ ചെറിയ ഒരു അടി നേരിട്ട്  കിട്ടിയാൽ മതി നാം ചത്തു പോകാൻ.. അണുക്കൾ എന്നതിനേക്കാൾ രോഗം എന്നത് പ്രതിരോധ ശക്തിയിലെ പരാജയങ്ങളുടെ സൃഷ്ടിയാണ് . അത് ഓരോ ജനതയിലും വ്യത്യാസപ്പെട്ടു കിടക്കും എന്നാണ് മേലെ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് വ്യക്തമാവുന്നത്. അണുക്കളുടെ അപ്രമാദിത്വത്തെ കുറിച്ച് ആധുനിക വൈദ്യം പറഞ്ഞു നടന്നത് പലതും ശരിയല്ല എന്ന് കരുതുന്നവർ ഉണ്ട്. പാസ്ചറുടെ അണുസിദ്ധാന്തം പോലും നൂറു ശതമാനം ശരിയല്ല എന്നോ, ശരിയേ അല്ല എന്നോ കരുതുന്നവർ ഉണ്ട്. പ്ലാഗ് ലോകത്തു എങ്ങനെ അസ്തമിച്ചു എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ഡോക്ടർ പറഞ്ഞത്, ഒരു രോഗം ഒരു ദേശത്തു ആഞ്ഞടിച്ചു കഴിയുമ്പോഴേക്കും അതിൽ നിന്ന് രക്ഷപ്പെട്ടവർ ഒക്കെയും ആ രോഗത്തിന് എതിരെ പ്രതിരോധം നേടിയിരിക്കും. ഈ പ്രതിരോധ സ്വഭാവം അടുത്ത തലമുറയിലേക്കും പകര്ന്നുണ്ടാവും. അല്ലാതെ പ്ലേഗ് ഉണ്ടാക്കിയ അണുക്കളെ നമുക്ക് ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ല. പിന്നെ അവ എവിടെ പോയി. മതി എന്ന് വിചാരിച്ചോ. അപ്പോൾ അവ ഇവിടെ ഉളളപ്പോഴും അവയെ പ്രതിരോധിക്കാൻ നാം പഠിച്ചു. വസൂരിയുടെ കഥയും ഇത് തന്നെ ആണ്. വസൂരി അണുക്കളെ ആരും ലോകത്തു നിന്ന് ഓടിച്ചിട്ടില്ല. പക്ഷെ അവ ഇന്ന് നമ്മിൽ കയറിയാലും അവയെ എങ്ങനെ പ്രതിരോധിക്കണം എന്ന് ശരീരത്തിന് അറിയാം. അദ്ദേഹം പറഞ്ഞത് ലോകത്തു നിന്ന് ഒരു രോഗവും നാം നിർമാർജനം ചെയ്തിട്ടില്ല എന്നാണ്. ഒരു രോഗം നിർമാർജനം ചെയ്യണം എങ്കിൽ അതിന്റെ കാരണം ആണ് നിർമാർജനം ചെയ്യേണ്ടത്. വൈറസിനെ നമ്മള് വിചാരിച്ചാൽ ഈ ലോകത്തു നിന്ന് പുറത്താകാൻ പറ്റുമോ എന്നാണ് അങ്ങേരു ചോദിച്ചത്.   വാക്സിനേഷൻ എന്നത് തന്നെ രോഗ നിർമാർജനം ആണ് എന്ന് ധരിച്ചവർ എത്രയോ.  പക്ഷെ വാക്സിനേഷൻ ഒരു രോഗം നിർമാർജനം ചെയ്യാനുള്ള ഉപാധിയല്ല.  അണുക്കൾ ശരീരത്തിൽ ഉള്ളപ്പോഴും അതിനെ പ്രതിരോധിക്കാൻ ശരീരത്തിന് കെൽപ്പു നൽകുന്ന ഉപാധിയാണ്.

എല്ലാം യന്ത്രമയം

ടൂൾ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞു പ്രവർത്തി പരിചയം നേടാൻ ചെന്നൈയിലെ ഒരു കാർ ഫാക്ടറിയിൽ എത്തിയ എന്റെ ഒരു ബന്ധുവിനോട് മുതലാളി പറഞ്ഞു, നമുക്ക് ഇന്ന് സാങ്കേതിക തൊഴിലാളികളെ ആവശ്യമേ ഇല്ല. സ്കിൽ ഇന്ന് അത്രയേറെ വിലമതിക്കുന്ന ഒരു സംഗതിയല്ല. ഇവിടെ എല്ലാം യന്ത്രങ്ങൾ ചെയ്യുന്നു. അവ നോക്കി നടത്താനും അവയെ പരിരക്ഷിക്കാനുമുള്ള ഒരു കൂട്ടം എഞ്ചിനീയറിംഗ് മാനേജർ മാരെ ആണ് നമുക്ക് കൂടുതൽ വേണ്ടത് എന്ന് . യന്ത്രവൽക്കരണം ത്വരിതവൽക്കരിക്കപ്പെടുമ്പോൾ മനുഷ്യന്മാര് ചെയ്യുന്ന ജോലികൾ ഒക്കെ യന്ത്രങ്ങൾ ചെയ്യും. കൺവെയർ ബെൽറ്റിന് മുന്നിൽ നിന്ന് നട്ടു മുറുക്കിയ ചാപ്ലിൻ ഇന്നില്ല. അതിനു പോലും ഇന്ന് യന്ത്രമാണ്. അത് നേരത്തെ മനസ്സിൽ കണ്ട ആ പ്രതിഭ തന്റെ കഥാപാത്രത്തെ തന്നെ ഒരു യന്ത്രത്തെ പോലെ സൃഷ്ടിച്ചു . നാടിമിടിപ്പു നോക്കി രോഗം നിർണയിച്ച ജീവൻ മശായി ഇന്നില്ല. കോര്പറേറ്റ് ആശുപത്രികളിൽ ഇനി വരാനിരിക്കുന്നത് , രോഗി യന്ത്രത്തിൽ കയറി നിന്നാൽ അവന്റെ രോഗങ്ങൾ എന്തെന്ന് മുഴുവൻ ആ നിമിഷം വിളിച്ചു പറയുന്ന ഒരു യന്ത്രമാണ്. രോഗം നിർണയിക്കുന്ന ഡോക്ടർ എന്ന തസ്തിക മെല്ലെ മെല്ലെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മരുന്ന് നിശ്ചയിക്കുന്ന കാര്യത്തിൽ ഇപ്പോൾ അവൻ വലിയ ഒരു ആവശ്യകതയല്ല. കീറി മുറിക്കുന്ന പരിപാടി കൂടെ യന്ത്രങ്ങളെ ഏൽപ്പിച്ചാൽ പിന്നെ ഡോക്ടർ തസ്തികക്ക് പകരം ഡോക്ടർ മേനേജർ എന്ന തസ്തിക മാത്രമേ വേണ്ടൂ. ഇതൊക്കെ നോക്കി നടത്താൻ ഡോക്ടറേക്കാൾ നല്ലതു എഞ്ചിനീയർ ആയിരിക്കും. എത്രയോ കാലങ്ങൾ ആയി കാമറ കയ്യിലേന്തി നടന്ന കവി ഒരിക്കൽ പറഞ്ഞു, ഫോട്ടോഗ്രാഫി ഇന്ന് ഒരു കലയല്ലാതായി മാറി. യന്ത്രമായി നില നിന്ന മുൻകാലങ്ങളിൽ പോലും അതിൽ മനുഷ്യന്റെ കരവിരുതിനു സാധ്യതയുണ്ടായിരുന്നു. ഇന്ന് നിങ്ങൾ കാമറയുടെ പിന്നിൽ വെറുതെ നിന്ന് കൊടുത്താൽ മതി. വേണമെന്നുണ്ടെകിൽ വിരലുകൾ കൊണ്ട് ഒരു സ്വിച് അമർത്തി കൊടുത്താൽ മതി. നല്ല ഫോട്ടോ ആയി. ഈ സ്വിച് അമർത്തുന്നു പരിപാടി ഇനി എത്ര നാൾ കാണും എന്ന് പറയാൻ പറ്റില്ല. ഒരു കുട്ടിയുടെ കയ്യിൽ ഒരു കാമറ കൊടുത്തു അവനോടു തോന്നുന്നത് പോലെ ചിത്രങ്ങൾ പകർത്താൻ പറയുക. അങ്ങനെ ആയിരക്കണക്കിന് ചിത്രങ്ങൾ കിട്ടിയാൽ അവ ഓരോന്നും പരിശോദിച്ചു നോക്കുക. അവയിൽ ചിലതെങ്കിലും ലോകോത്തര ചിത്രങ്ങൾ ആയിരിക്കും. കത്തിയെടുത്തു ആളെ കുത്തി കൊന്നു നടന്ന കൊട്ടേഷൻ ബാലൻ പറഞ്ഞു. കൊല്ലുന്നതിൽ ത്രിൽ ഇല്ലാതായി. പണ്ട് കത്തി എങ്ങനെ ഒക്കെ തിരിക്കണം മറിക്കണം , തിരിച്ചടി എങ്ങനെ തടയണം എന്നൊക്കെ അറിയണം ആയിരുന്നു. മലർന്നു വെട്ടും, ഇരുന്നു വെട്ടും, ചാടി വെട്ടും, കൈകാലുകൾ കൊണ്ട് തടയലും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് തോക്കിന്റെ സ്വിച് അമർത്തിയാൽ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഒരു കുട്ടിക്ക് പോലും എളുപ്പം ചെയ്യാം

Sunday, 13 January 2019

നാരയണൻ

കോട്ടയത്തേക്കുള്ള ബസ്സ് കത്ത് നിൽക്കുമ്പോൾ ഞാൻ ഏതൊക്കെയോ ഓർക്കുകയായിരുന്നു.   ഏഴു മണിക്കുള്ള ബസ്സിൽ നാരയണൻ പോകുമ്പോൾ ഓർമ്മകളുടെ ഒരു യുഗങ്ങൾ ഇവിടെ വിട്ടേച്ചു കൊണ്ടാണ് അവൻ പോകുന്നത്.  എവിടെ നിന്നോ ഒരിക്കൽ ആരുമറിയാതെ കയറിവരികയും,  എവിടേക്കോ ഒരിക്കൽ എല്ലാവരോടും ചോദിച്ചു കൊണ്ട് തിരിച്ചു പോകുകയും ചെയ്യുന്ന നാരായണൻ.  ശരിക്കും നാരായണൻ ജനിക്കാൻ ഒരു അമ്മയും അച്ഛനും ആവശ്യമുണ്ടോ.  നമ്മെ സംബന്ധിച്ചു നാരായണന് അച്ഛനും അമ്മയും ഇല്ല.  അന്നും ഇല്ല ഇന്നും ഇല്ല.  അവർ ജീവിച്ചിരുന്നു എന്ന് പറഞ്ഞ അന്ന് ഒരിക്കലും അവർ നാരയണനെ കാണാൻ ഇവിടെ വന്നില്ല.  നാരായണൻ അവരെയും.  ജീവിച്ചിരിക്കാത്ത ഇന്ന് അവർ ഇല്ലാതായി പോയ ആ ഇടം തന്റേതാണ് എന്ന് നാരായണൻ എന്ത് കൊണ്ട് വിശ്വസിച്ചു പോയി.  ആ ഇടം തേടിയാണ് നാരായണൻ ഇപ്പോൾ പോകുന്നത്.  ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു കൊണ്ട്.  നാരായന്റെ വാക്കുകളിൽ ഒരു അറംപറ്റലിന്റെ മണം ഉണ്ടോ.  നാരയണൻ ഇനി തിരിച്ചു വരില്ലേ.

അനാഥ മന്ദിരത്തിലെ  പുസ്തകത്തിൽ നാരായന്റെ പേരിനു നേരെ ഉള്ള രക്ഷിതാവിന്റെ കോളത്തിൽ അന്നത്തെ സൂപ്രണ്ടിന്റെ പേര് മാത്രമേ ഉള്ളൂ.  പിന്നെ എന്ത് കൊണ്ട് നാരയണൻ ദൂരെ ഉള്ള ഒരു ദേശം തന്റെ ജന്മ ദേശമായി തിരഞ്ഞെടുത്തു.


Thursday, 10 January 2019

പാട്ടുകാരനും മഠാധിപതിയും - ഒരു സാരോപദേശ കഥ

പാട്ടുകാരനോ,  പ്രശസ്തൻ,  മഠാധിപതിയോ അതിലും പ്രശസ്തൻ .  ഒരിക്കൽ വിധിയുടെ വിളയാട്ടം അവരെ ഒരിടത്തു കൂട്ടിമുട്ടിക്കുന്നു .  പാട്ടുകാരൻ മഠത്തിൽ പാട്ടുപാടാൻ വരുന്നു.  നാട്ടുകാര് മഠാധിപതിയോടു പാട്ടുകാരനെ ഒരു പൊന്നാട അണിയിക്കുന്നത് നല്ലതാണു എന്ന് ഉപദേശിക്കുന്നു.

രംഗം ഒന്ന്.

സ്റ്റേജിൽ പാട്ടു ടീം എല്ലാവരും നിലത്തു വരിവരിയായി ഇരുന്നിട്ടുണ്ട്.  അവരുടെ ഇടയിൽ പാട്ടുകാരൻ.  അദ്ദേഹത്തിൽ നിന്ന് ഉദ്ദേശ്യം ഒരു മീറ്റർ പിന്നിലായി,  ഒരു സിംഹാസനത്തിൽ മഠാധിപതി ഇരിപ്പുറപ്പിച്ചിരിക്കുന്നു.  അദ്ദേഹം കയ്യിൽ ഒരു പൊന്നാട തൂക്കി പിടിച്ചിട്ടുണ്ട്.  അയാളുടെ മുഖ ഭാവത്തിൽ നിന്നും,  തൂക്കി പിടിച്ച തുണിയുടെ പളപളപ്പിൽ നിന്നും,  ഈ വസ്തുവാണ് പൊന്നാട എന്നും,  മഠാധിപതി, ഇപ്പോൾ എഴുന്നേറ്റു പോയി, അത് കൊണ്ട് പാട്ടുകാരനെ ചുറ്റിപ്പിടിക്കും എന്നും നാം മനസ്സിൽ പറയുന്നു.  അപ്പോൾ മൈക്കിൽ ആരോ വിളിച്ചു പറയുന്നു.

പ്രിയപ്പെട്ട ഭക്തരെ,  നാട്ടുകാരെ,  സുഹൃത്തുക്കളെ (അമ്പലത്തിൽ വരുന്നവരെല്ലാം ഭക്തരാണ് എന്നുള്ള ഒരു മിഥ്യാ ധാരണ നമുക്കൊക്കെ ഉണ്ട്.  പക്ഷെ ഇപ്പോൾ ഇത് വിളിച്ചു പറയുന്ന ആൾക്ക് അങ്ങനെ ഒരു ധാരണ ഇല്ല എന്ന് വ്യക്തം. ഉണ്ടായിരുന്നു എങ്കിൽ അയാൾ ഭക്തരെ എന്ന് മാത്രമേ വിളിക്കേണ്ടതുള്ളൂ )  നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അസുലഭ അവസരം നിങ്ങള്ക്ക് കരഗതമാവുകയാണ്.  ഇപ്പോൾ നമ്മുടെ അഭിവന്ദ്യ ഗുരു,  അതിലും അഭിവന്ദ്യനായ ഗായകനെ പൊന്നാട അണിയിക്കാൻ പോവുകയാണ്.

സദസ്സ് നിശബ്ദമായി.  ഏകലവ്യന്റെ തപസ്സിൽ ഇങ്ങനെ എന്തൊക്കെയോ ഉണ്ടായി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഒരു ഇല പോലും ഇളകുന്നില്ല.  സ്റ്റേജിലും ഒരു അനക്കവും ഇല്ല.  പൊന്നാട നീങ്ങുന്നില്ല.  ഗുരു ഇളകുന്നില്ല.  അപ്പോൾ സ്റ്റേജിൽ സംഭവിച്ച ചില ആത്മഗതങ്ങൾ ഇങ്ങനെ ഒക്കെ ആണ്.  അത് എങ്ങനെ നിങ്ങൾ കേട്ടു എന്ന് ചോദിച്ചാൽ , പോയി പണി നോക്കാൻ പറയും.

ആത്മഗതം ഒന്ന് -- മഠാധിപതി ----  ഇവനാണോ പ്രശസ്ത ഗായകൻ.  പോയി പണി നോക്കാൻ പറ.  പൊന്നാട അണിയണം എങ്കിൽ ഇങ്ങോട്ടു എഴുന്നേറ്റു വരിക.  ഞാൻ അങ്ങോട്ട് പോയി അത് അണിയിക്കും  എന്ന് അവൻ മനസ്സിൽ വിചാരിച്ചാൽ മതി.

ആത്മഗതം രണ്ട് -- ഗായകൻ. ---  ഇവൻ എന്ത് ഗുരു ആണ്. നമ്മള് കുറെ പേര് ഇവിടെ നിലത്തിരിക്കുമ്പോൾ ഇയാള് രാജാവിനെ പോലെ സിംഹാസത്തിൽ ഇരിക്കുന്നു.  പുല്ലു.  ഇയാളുടെ പൊന്നാട ആർക്കു വേണം.  വേണമെങ്കിൽ ഇങ്ങോട്ടു വന്നു പൊന്നാട അണിയിക്കട്ടെ.  എനിക്ക് അങ്ങോട്ട് പോകാൻ ഒന്നും പറ്റില്ല.

അപ്പോൾ ഒരു ഇളംകാറ്റ്,  ആൽമരത്തിന്റെ ആയിരം ഇലകളെ തഴുകി കടന്നു വന്നത് ഒരു ചൂളം വിളിയാണോ എന്ന് തോന്നിച്ചു.  ഏകലവ്യ ചുറ്റുപാടുകൾ ഇപ്പോഴും തുടരുകയാണ്.  പൊന്നാട അനങ്ങുന്നില്ല.  ഗായകൻ + ഗുരു ഇളകുന്നില്ല.  മൈക്കിൽ വീണ്ടും അനൗൺസ്‌മെന്റ് വന്നു.  ഇതാ ഏതാനും നിമിഷങ്ങൾക്കകം അത് സംഭവിക്കാൻ  പോകുകയാണ്. (ഈയാളു പണ്ട് കേരള ഭാഗ്യക്കുറി വിറ്റുനടന്ന ആളോ മറ്റോ ആണോ എന്ന് അപ്പുറത്തിരുന്ന ഒരു സ്ത്രീ കുശുകുശുക്കന്നത് കേട്ടു).  പക്ഷെ പ്രഖ്യാപനങ്ങൾ കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.  അപ്പോൾ അമ്പല ഭാരവാഹികളിൽ ഒരാൾ ഗുരുവിന്റെ അടുത്തേക്ക്നടന്നു പോകുന്നത് കാണുന്നു.  ഇവിടെ താഴെ പക്കമേളക്കാരിൽ ഒരാൾ പാട്ടുകാരന്റെ അടുത്തേക്ക് ഒഴുവി വന്നു,  അവിടെ ഗുരുവിന്റെ ചെവിയിലും ഇവിടെ പാട്ടന്റെ ചെവിയിലും എന്തൊക്കെയോ മന്ത്രിക്കുന്നു.  മൈക്കിൽ ഒരിക്കൽ കൂടെ അന്നൗൻസ്മെന്റ് വരികയാണ്.  ആലിലകളിൽ തട്ടിയ കാറ്റിന്റെ ശക്തി കൂടി വരികയാണ്.  ചൂളം വിളി ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു.  അത് കാറ്റ് കൊണ്ട് വന്നതാണോ, അല്ലെങ്കിൽ നാട്ടുകാർ കൂക്കുന്നതു തന്നെ ആണോ എന്നും സംശയിക്കാം.  പക്ഷെ ഇപ്പോൾ ഏകലവ്യ പരിതസ്ഥിതി മാറുകയാണ്.  പൊന്നാട പിടിച്ച ഗുരുവിന്റെ കൈകൾ നീളുകയാണ്.  പക്ഷെ തന്റെ ചന്തി ഒരു ഇഞ്ചു പോലും സിംഹാസത്തിൽ നിന്ന് ഉയർന്നു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട് എന്ന് ഈ ദൃശ്യം കണ്ട ആർക്കും മനസ്സിലാകും.  അപ്പുറത്തു ഗായകനും ഇപ്പോൾ ഇടത്തേക്ക് അല്പം ചരിയുന്നു .  ചന്തിയുടെ കാര്യത്തിൽ സ്റ്റാറ്റസ് കോ നില നിർത്താൻ അദ്ദേഹവും തീരുമാനിച്ചിട്ടുണ്ട്.  അത്ഭുതം . ഇപ്പോൾ ഗായകന്റെ തല ഗുരുവിന്റെ നീട്ടി പിടിച്ച കൈകൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ആണ്.  പിന്നെ കണ്ടത് ഗുരു പൊന്നാട ഗായകന്റെ പുറത്തേക്കു തൊടുത്തു വിടുന്നതും,  ഗായകൻ ഭക്തി പുരസ്സരം അത് ശരീരത്തോട്  ചേർത്ത് വെക്കുന്നതും ആണ്.  അപ്പോൾ ആലിലകളിൽ അടിച്ച കാറ്റു അടങ്ങുകയും  ഒരു മാടപ്രാവ് ആലിലകളിൽ ഒന്ന് കൊക്കിൽ കടിച്ചു പിടിച്ചു വേദിക്കു വിലങ്ങനെ പറക്കുകയും ചെയ്തു 

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പിനു ചോദിച്ചപ്പോൾ ,   നിരനിരയായി വച്ച പല കുപ്പികൾ ചൂണ്ടി കാണിച്ചു കൊണ്ട് പീടികക്കാരൻ ചോദിച്ചു ഏതാണ് വേണ്ടത് എന്ന്.   അപ്പോൾ ഞാൻ ചോദിച്ചു ഇവ തമ്മിൽ എന്താണ് വ്യത്യാസം എന്ന്.  വിലയിലും ഗുണത്തിലും വ്യത്യാസമുണ്ടെന്ന് മറുപടി കിട്ടി.  അയാൾ തുടർന്നു

ആദ്യത്തെ കുപ്പിയിൽ ഉള്ളതിന് വില രണ്ടായിരം.  ഗുണം മൂർദ്ധന്യം.  ഈ ഗുണം എന്താണ് എന്ന് ചോദിച്ചാൽ,  കാണുന്നത് തന്നെ മുഖ്യം. തിന്നുമ്പോൾ എല്ലാം ഏകദേശം ഒരു പോലെ ഇരിക്കും.  36 - 24 - 36 സൈസ് ഉള്ള സുന്ദരികളുടെ കാര്യം പോലെ തന്നെ. കുപ്പികൾ മാറുമ്പോൾ വിലയും ഷേപ്പും മാറും .  അണ്ടിപ്പരിപ്പ് മാങ്ങയുടെ അണ്ടി പോലെ ആയേക്കാം.   പക്ഷെ തിന്നു നോക്കൂ.   ഒരു കുഴപ്പവും കാണില്ല.  അപ്പോൾ നിങ്ങൾ ചോദിക്കും അങ്ങനെ ആണെങ്കിൽ അവസാനത്തെ കുപ്പിയിലുള്ള ഏറ്റവും വില കുറഞ്ഞത് വാങ്ങിയാൽ പോരെ എന്ന്.  മിസ്റ്റർ മണ്ടോടി നിങ്ങൾ ഒരു കാര്യം ആലോചിക്കണം.  ഇത് തിന്നുന്നതിനു മുൻപേ ആളുകളുടെ മുന്നിൽ പ്ളേറ്റുകൾ ആക്കി നിരത്തി വെക്കേണ്ടതാണ്.  തിന്നുന്നതിനു മുൻപേ ഇതിന്റെ  പ്രദർശനം നടക്കുന്നുണ്ട്.  അപ്പോൾ അത് എങ്ങനെ എങ്കിലും ആയാൽ മതിയോ .  ആകെ നോക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കീശയിൽ എത്ര പണമുണ്ട് എന്നുള്ളതാണ്.

Sunday, 6 January 2019

മരിച്ചില്ലെന്നു വിശ്വസിക്കാൻ ശ്രമിച്ച മരിച്ചവൻ

വാതിലിൽ ആരോ മുട്ടി വിളിക്കുന്നു. ചാത്തു അനങ്ങാതെ കിടന്നു. ചാത്തു ഏട്ടൻ ഉറങ്ങുകയാണോ എന്ന് ഭാര്യ ചോദിക്കുന്നു. വിഡ്ഢിത്തം. ഉറങ്ങുന്നവനോട് ചോദിച്ചാൽ മറുപടി കിട്ടുമെന്നാണോ ഇവള് വിചാരിച്ചിരുന്നത്. അതെ എന്ന് പറയാൻ ഓങ്ങിയതാണ്. പിന്നെ വേണ്ട എന്ന് വച്ച്. ഇപ്പോൾ മുട്ട് കുറച്ചു സ്‌ട്രോങ്ങ് ആയിരിക്കുന്നു. വേറെ ആരൊക്കെയോ ഉണ്ട്. ചാത്തുയേട്ടാ വാതിൽ തുറക്കൂ. അയൽ വീട്ടിലെ ബാലൻ ആണ്. ഉറങ്ങുന്ന ആളെ വിളിച്ചുണർത്താൻ അയൽക്കാരനെ കൂട്ടി കൊണ്ട് വന്നിരിക്കുകയാണോ ഇവൾ. അങ്ങനെ എന്നെ ഉണർത്താൻ നോക്കേണ്ട. ഞാൻ ഉണരില്ല. എടീ ഇങ്ങനെ വാതിലിൽ തട്ടി വിളിക്കുന്ന നേരത്തു അപ്പുറത്തു പോയി അവന്റെ ജനാല വഴി ഒരു കമ്പിട്ടു ഒരു കുത്തു കൊടുക്ക്. അവന്റെ ഹലാക്കിന്റെ ഉറക്ക് അപ്പോൾ തീരും. ഈ ശബ്ദം അമ്മയുടേതാണ്. എന്നെ കമ്പ് കൊണ്ട് കുത്തി എണീപ്പിക്കേണ്ട പരിപാടി. നടക്കില്ല അമ്മെ. അപ്പോൾ ജനാലക്കു അരികിൽ എന്തൊക്കെയോ ഒച്ച കേട്ട്. കണ്ണ് തുറന്നു നോക്കാൻ തോന്നിയില്ല. ഇപ്പോൾ തന്റെ കാലിൽ ഒരു കമ്പിന്റെ കുത്തേറ്റിരിക്കുന്നു. പക്ഷെ ഞാൻ അനങ്ങില്ല. അപ്പോൾ ജനാലക്കൽ നിന്ന് ഒരു ശബ്ദം. ജാനു അമ്മെ കമ്പ് കൊണ്ട് കുത്തിയിട്ടും, ചത്തുയേട്ടൻ അനങ്ങുന്നില്ല. അപ്പോൾ അപ്പുറത്തു ഒരു നിലവിളി. അയ്യോ എന്റെ ചാത്തുയേട്ടൻ പോയെ. ഇഡിയറ്റ്സ്. ഞാൻ എവിടെ പോകാൻ. ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല. അപ്പോൾ വാതിലിനു മുൻപിൽ മറ്റൗരു ശബ്ദം. എടാ . ബാല . ജനാലയിലൂടെ ആ കമ്പ് കൊണ്ട് വാതിൽ തുറക്കാൻ പറ്റുമോ എന്ന് നോക്ക്. ഇപ്പോൾ ജനാലക്കൽ വീണ്ടും എന്തോ നടക്കുകയാണ്. വാതിലിനു ഇട്ടു കുത്തുന്ന ശബ്ദം കേൾക്കാം. അതാ വാതിൽ തുറന്നു എന്ന് തോന്നുന്നു. ഒരു ആരവം. എല്ലാവരും എന്റെ മുന്നിൽ നിൽക്കുകയാണ്. ബാലൻ പൾസ് നോക്കുകയാണ്. അയ്യോ ജാനു അമ്മെ. പൾസ് ഇല്ല എന്ന് തോന്നുന്നു. പൊട്ടൻ ഇവന് പൾസ് നോക്കാൻ അറിയാമോ. എന്നാലും എന്നെ അങ്ങനെ ഇവര് ഉണർത്താൻ നോക്കേണ്ട. ഞാൻ ഉണരില്ല . ഒരു വണ്ടി വന്നു റോഡിൽ നിൽക്കുന്ന ശബ്ദം. ആരോ തന്നെ തൂകി എടുക്കുന്നു. ആ എന്തെങ്കിലും ചെയ്യട്ടെ. എനിക്ക് ഒന്നും കഴിയില്ല. ഇപ്പോൾ ആശുപത്രിയിൽ ആണ്. ഡോക്ടർ ആയിരിക്കും എന്റെ പൾസ് നോക്കുന്നു. അപ്പോൾ ഒരു ചോദ്യം കേട്ട്. കുറെ നേരമായോ നിങ്ങൾ വീട്ടിൽ നിന്ന് വിട്ടിട്ടു. ഒരു അര മണിക്കൂർ ആയി. അപ്പോൾ അതിനു മുൻപ് തന്നെ ആള് പോയിരുന്നു. ആള് പോയിരുന്നു എന്നോ. എന്ത് വിഡ്ഢിത്തമാണ് ഈയാൾ പറയുന്നത്. ഞാൻ ഇപ്പോൾ കണ്ണ് തുറക്കും. ഇതാ തുറക്കുന്നു. പക്ഷെ തുറന്നില്ല. ചാത്തു ശരിക്കും ചത്തുപോയിരുന്നു