Thursday, 10 January 2019

പാട്ടുകാരനും മഠാധിപതിയും - ഒരു സാരോപദേശ കഥ

പാട്ടുകാരനോ,  പ്രശസ്തൻ,  മഠാധിപതിയോ അതിലും പ്രശസ്തൻ .  ഒരിക്കൽ വിധിയുടെ വിളയാട്ടം അവരെ ഒരിടത്തു കൂട്ടിമുട്ടിക്കുന്നു .  പാട്ടുകാരൻ മഠത്തിൽ പാട്ടുപാടാൻ വരുന്നു.  നാട്ടുകാര് മഠാധിപതിയോടു പാട്ടുകാരനെ ഒരു പൊന്നാട അണിയിക്കുന്നത് നല്ലതാണു എന്ന് ഉപദേശിക്കുന്നു.

രംഗം ഒന്ന്.

സ്റ്റേജിൽ പാട്ടു ടീം എല്ലാവരും നിലത്തു വരിവരിയായി ഇരുന്നിട്ടുണ്ട്.  അവരുടെ ഇടയിൽ പാട്ടുകാരൻ.  അദ്ദേഹത്തിൽ നിന്ന് ഉദ്ദേശ്യം ഒരു മീറ്റർ പിന്നിലായി,  ഒരു സിംഹാസനത്തിൽ മഠാധിപതി ഇരിപ്പുറപ്പിച്ചിരിക്കുന്നു.  അദ്ദേഹം കയ്യിൽ ഒരു പൊന്നാട തൂക്കി പിടിച്ചിട്ടുണ്ട്.  അയാളുടെ മുഖ ഭാവത്തിൽ നിന്നും,  തൂക്കി പിടിച്ച തുണിയുടെ പളപളപ്പിൽ നിന്നും,  ഈ വസ്തുവാണ് പൊന്നാട എന്നും,  മഠാധിപതി, ഇപ്പോൾ എഴുന്നേറ്റു പോയി, അത് കൊണ്ട് പാട്ടുകാരനെ ചുറ്റിപ്പിടിക്കും എന്നും നാം മനസ്സിൽ പറയുന്നു.  അപ്പോൾ മൈക്കിൽ ആരോ വിളിച്ചു പറയുന്നു.

പ്രിയപ്പെട്ട ഭക്തരെ,  നാട്ടുകാരെ,  സുഹൃത്തുക്കളെ (അമ്പലത്തിൽ വരുന്നവരെല്ലാം ഭക്തരാണ് എന്നുള്ള ഒരു മിഥ്യാ ധാരണ നമുക്കൊക്കെ ഉണ്ട്.  പക്ഷെ ഇപ്പോൾ ഇത് വിളിച്ചു പറയുന്ന ആൾക്ക് അങ്ങനെ ഒരു ധാരണ ഇല്ല എന്ന് വ്യക്തം. ഉണ്ടായിരുന്നു എങ്കിൽ അയാൾ ഭക്തരെ എന്ന് മാത്രമേ വിളിക്കേണ്ടതുള്ളൂ )  നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അസുലഭ അവസരം നിങ്ങള്ക്ക് കരഗതമാവുകയാണ്.  ഇപ്പോൾ നമ്മുടെ അഭിവന്ദ്യ ഗുരു,  അതിലും അഭിവന്ദ്യനായ ഗായകനെ പൊന്നാട അണിയിക്കാൻ പോവുകയാണ്.

സദസ്സ് നിശബ്ദമായി.  ഏകലവ്യന്റെ തപസ്സിൽ ഇങ്ങനെ എന്തൊക്കെയോ ഉണ്ടായി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഒരു ഇല പോലും ഇളകുന്നില്ല.  സ്റ്റേജിലും ഒരു അനക്കവും ഇല്ല.  പൊന്നാട നീങ്ങുന്നില്ല.  ഗുരു ഇളകുന്നില്ല.  അപ്പോൾ സ്റ്റേജിൽ സംഭവിച്ച ചില ആത്മഗതങ്ങൾ ഇങ്ങനെ ഒക്കെ ആണ്.  അത് എങ്ങനെ നിങ്ങൾ കേട്ടു എന്ന് ചോദിച്ചാൽ , പോയി പണി നോക്കാൻ പറയും.

ആത്മഗതം ഒന്ന് -- മഠാധിപതി ----  ഇവനാണോ പ്രശസ്ത ഗായകൻ.  പോയി പണി നോക്കാൻ പറ.  പൊന്നാട അണിയണം എങ്കിൽ ഇങ്ങോട്ടു എഴുന്നേറ്റു വരിക.  ഞാൻ അങ്ങോട്ട് പോയി അത് അണിയിക്കും  എന്ന് അവൻ മനസ്സിൽ വിചാരിച്ചാൽ മതി.

ആത്മഗതം രണ്ട് -- ഗായകൻ. ---  ഇവൻ എന്ത് ഗുരു ആണ്. നമ്മള് കുറെ പേര് ഇവിടെ നിലത്തിരിക്കുമ്പോൾ ഇയാള് രാജാവിനെ പോലെ സിംഹാസത്തിൽ ഇരിക്കുന്നു.  പുല്ലു.  ഇയാളുടെ പൊന്നാട ആർക്കു വേണം.  വേണമെങ്കിൽ ഇങ്ങോട്ടു വന്നു പൊന്നാട അണിയിക്കട്ടെ.  എനിക്ക് അങ്ങോട്ട് പോകാൻ ഒന്നും പറ്റില്ല.

അപ്പോൾ ഒരു ഇളംകാറ്റ്,  ആൽമരത്തിന്റെ ആയിരം ഇലകളെ തഴുകി കടന്നു വന്നത് ഒരു ചൂളം വിളിയാണോ എന്ന് തോന്നിച്ചു.  ഏകലവ്യ ചുറ്റുപാടുകൾ ഇപ്പോഴും തുടരുകയാണ്.  പൊന്നാട അനങ്ങുന്നില്ല.  ഗായകൻ + ഗുരു ഇളകുന്നില്ല.  മൈക്കിൽ വീണ്ടും അനൗൺസ്‌മെന്റ് വന്നു.  ഇതാ ഏതാനും നിമിഷങ്ങൾക്കകം അത് സംഭവിക്കാൻ  പോകുകയാണ്. (ഈയാളു പണ്ട് കേരള ഭാഗ്യക്കുറി വിറ്റുനടന്ന ആളോ മറ്റോ ആണോ എന്ന് അപ്പുറത്തിരുന്ന ഒരു സ്ത്രീ കുശുകുശുക്കന്നത് കേട്ടു).  പക്ഷെ പ്രഖ്യാപനങ്ങൾ കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.  അപ്പോൾ അമ്പല ഭാരവാഹികളിൽ ഒരാൾ ഗുരുവിന്റെ അടുത്തേക്ക്നടന്നു പോകുന്നത് കാണുന്നു.  ഇവിടെ താഴെ പക്കമേളക്കാരിൽ ഒരാൾ പാട്ടുകാരന്റെ അടുത്തേക്ക് ഒഴുവി വന്നു,  അവിടെ ഗുരുവിന്റെ ചെവിയിലും ഇവിടെ പാട്ടന്റെ ചെവിയിലും എന്തൊക്കെയോ മന്ത്രിക്കുന്നു.  മൈക്കിൽ ഒരിക്കൽ കൂടെ അന്നൗൻസ്മെന്റ് വരികയാണ്.  ആലിലകളിൽ തട്ടിയ കാറ്റിന്റെ ശക്തി കൂടി വരികയാണ്.  ചൂളം വിളി ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു.  അത് കാറ്റ് കൊണ്ട് വന്നതാണോ, അല്ലെങ്കിൽ നാട്ടുകാർ കൂക്കുന്നതു തന്നെ ആണോ എന്നും സംശയിക്കാം.  പക്ഷെ ഇപ്പോൾ ഏകലവ്യ പരിതസ്ഥിതി മാറുകയാണ്.  പൊന്നാട പിടിച്ച ഗുരുവിന്റെ കൈകൾ നീളുകയാണ്.  പക്ഷെ തന്റെ ചന്തി ഒരു ഇഞ്ചു പോലും സിംഹാസത്തിൽ നിന്ന് ഉയർന്നു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട് എന്ന് ഈ ദൃശ്യം കണ്ട ആർക്കും മനസ്സിലാകും.  അപ്പുറത്തു ഗായകനും ഇപ്പോൾ ഇടത്തേക്ക് അല്പം ചരിയുന്നു .  ചന്തിയുടെ കാര്യത്തിൽ സ്റ്റാറ്റസ് കോ നില നിർത്താൻ അദ്ദേഹവും തീരുമാനിച്ചിട്ടുണ്ട്.  അത്ഭുതം . ഇപ്പോൾ ഗായകന്റെ തല ഗുരുവിന്റെ നീട്ടി പിടിച്ച കൈകൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ആണ്.  പിന്നെ കണ്ടത് ഗുരു പൊന്നാട ഗായകന്റെ പുറത്തേക്കു തൊടുത്തു വിടുന്നതും,  ഗായകൻ ഭക്തി പുരസ്സരം അത് ശരീരത്തോട്  ചേർത്ത് വെക്കുന്നതും ആണ്.  അപ്പോൾ ആലിലകളിൽ അടിച്ച കാറ്റു അടങ്ങുകയും  ഒരു മാടപ്രാവ് ആലിലകളിൽ ഒന്ന് കൊക്കിൽ കടിച്ചു പിടിച്ചു വേദിക്കു വിലങ്ങനെ പറക്കുകയും ചെയ്തു 

1 comment: