ഇത് വാൾ ക്ളോക്കിന്റെ കഥയല്ല . ഘടികാരത്തിന്റെ കഥയാണ് . ഇന്നത്തെ വാൾ ക്ളോക്ക് എന്നത് നമ്മൾ സമയം നോക്കുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന ഒരു വസ്തുവാണ് . പക്ഷെ അന്നത്തെ നമ്മുടെ ഘടികാരം എന്നത് നമ്മൾ എന്നും ശ്രദ്ധിക്കേണ്ട ഒരു വസ്തു ആയിരുന്നു . ഘടികാരം എന്നതിൽ വേണമെങ്കിൽ അന്ന് നാം കയ്യിൽ അണിഞ്ഞു നടന്ന വാച്ചുകളെയും പെടുത്താം . എന്തായിരുന്നു അവയുടെ പ്രത്യേകത എന്ന് ചോദിച്ചാൽ , എപ്പോഴും നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ഇവന്മാര് രണ്ടുപേരും പണി നിർത്തിക്കളയും
ഓർമ്മ വച്ച നാൾ മുതൽ വീട്ടിലെ ചുമരിൽ ഈ വസ്തു ഉണ്ടായിരുന്നു . ഊഴം വച്ചാണ് നമ്മൾ കുട്ടികൾ അതിനെ തിരിക്കുന്ന (വൈൻഡിങ്) പരിപാടി നടത്തി കൊണ്ടിരുന്നത്. ആപ്പീസുകളിലെ വർക് അലോട്ട്മെന്റ് പോലെ . കയ്യിൽ കെട്ടുന്ന വാച്ചിന്റെ കാര്യം പക്ഷെ ഇങ്ങനെ ആയിരുന്നില്ല . വലിയവർക്കു മാത്രമേ ആ വസ്തു ഉള്ളൂ . അതും എല്ലാവരും കയ്യിൽ കെട്ടുകയല്ല ചെയ്യുക . വല്യച്ഛന്റെ വാച്ചു അങ്ങേരുടെ അരയിൽ ചുറ്റിയ തോളിന്റെ ബെൽറ്റിൽ ആയിരുന്നു സൂക്ഷിക്കുക . വലിയച്ഛൻ ലോക്കൽ ദാദ ആയിരുന്നു . ദാദാമാരുടെ വാച്ചുകൾ അങ്ങനെ ആയിരിക്കാം
വൈൻഡിങ് ഡ്യൂട്ടി കിട്ടിയ ചെറിയ കുട്ടി ( അന്ന് വീട്ടിൽ ചെറിയ കുട്ടികൾ വളരെ ഏറെ) ഒരു സ്റ്റൂൾ എടുത്തു കൊണ്ട് വന്നു വാൾ ഘടികാരത്തിനു കീഴെ വെക്കും . എന്നിട്ടു അതിൽ കയറി ഘടികാരത്തിന്റെ വാതിൽ തുറക്കും . അപ്പോൾ അതിന്റെ താഴെ പടിയിൽ സൂക്ഷിച്ച ഒരു ചെറിയ താക്കോൽ കയ്യിൽ കിട്ടും . ഘടികാരത്തിന്റെ മാറിൽ മുലക്കണ്ണ് പോലെ കാണുന്ന ഒരു ദ്വാരത്തിൽ ഇട്ടു ഈ താക്കോൽ പല തവണ തിരിക്കും . മുലക്കണ്ണ് ഞെരിക്കുമ്പോൾ ഒരു പെണ്ണ് പിടയുന്നത് പോലെ ഘടികാരം പിടയും . അവൾ ഊർജ്വസ്വലയാവും . അപ്പോൾ താഴെ ഈ കാഴ്ച കണ്ട് കൊണ്ട് നിൽക്കുന്ന വലിയച്ഛൻ പറയും . ഒരാഴ്ചത്തേക്ക് ഇത് മതി . ( താൻ ചിലപ്പോൾ ഭാര്യയോടും ഇങ്ങനെ പറയാറുണ്ട് എന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു )
ഈ പ്രവർത്തി ഇങ്ങനെ തുടരവേ ഒരു നാൾ നമ്മൾ കുട്ടികൾ കാണുന്നത് (അന്ന് നമ്മൾ കുട്ടികൾ എന്ന നിലയിൽ നിന്ന് കുറെ കൂടെ വളർന്നിരുന്നു) വലിയച്ഛനും മാമനും ഈ ചുമർ ഘടികാരത്തെ പിടിച്ചു താഴെ ഇറക്കുന്നതാണ് . അന്നേരം ഞാൻ ഓർത്തത് എന്റെ അച്ഛന്റെ ശവം എടുത്തു കൊണ്ട് മുൻപൊരിക്കൽ ഇവർ ഇതേ പോലെ വീട്ടിന്റെ പടികൾ ഇറങ്ങിയതാണ് . വീട്ടിനു ചുറ്റും മരണം മണത്തു . ഘടികാരം മരിച്ചിരിക്കുന്നു . പിന്നെ കേട്ട് . മരിച്ചതല്ല കൊന്നതാണ് എന്ന് . ഇനിയും സഹിക്കാൻ പറ്റില്ല എന്ന നില വന്നപ്പോൾ വലിയച്ഛൻ തന്നെ ആണ് ഈ കൊല തീരുമാനിച്ചത് എന്ന് . ഇപ്പോൾ അവിടെ മറ്റൊരു ഘടികാരം അതായത് ക്ളോക് ഉയർത്തപ്പെടുകയാണ് . സ്‌കൂളിലെ ജാനുവിനെ പോലെ സുന്ദരിയായ ഒരു ക്ളോക് . മുലക്കണ്ണ് പക്ഷെ കാണാനില്ല . ബ്ലൗസ് കൊണ്ട് മറച്ചതാവും എന്ന് ധരിച്ചു . അപ്പോൾ ഞാൻ അറിയാതെ എന്റെ വായിൽ നിന്ന് താഴെ പറയുന്ന വാക്കുകൾ ഉതിർന്നു വീണു . ആദ്യത്തെ ആഴ്ച ഞാൻ ആണ് ഈ ക്ളോക്കിനെ വൈൻഡ് ചെയ്യുക എന്ന് . ഉത്തരം കിട്ടുന്നതിന് പകരം അന്ന് വീടാകെ മുഴങ്ങിയത് ഒരു പൊട്ടിച്ചിരിയായിരുന്നു . ഒരു എത്തും പിടിയും കിട്ടാതെ ചുറ്റും നോക്കിയപ്പോൾ , വലിയച്ഛൻ മുതൽ 'അമ്മ വരെ നീണ്ടു നിൽക്കുന്ന ആ കണ്ണി പൊട്ടിച്ചിരിക്കുകയാണ് . ജൂനിയർസ് മുഴുവൻ അന്തം വിട്ടത് പോലെ അവരുടെ വായകളിലേക്കു നോക്കുകയാണ് . അപ്പോൾ അമ്മയുടെ വായയിൽ നിന്ന് ചില വാചകങ്ങൾ പുറത്തു വന്നു . അത്ഇങ്ങനെ ആണ് . ഇനി ഈ ക്ളോക് വൈൻഡ് ചെയ്യേണ്ട മക്കളെ . ഇത് ബാറ്ററിയിൽ പായുന്നവൻ ആണ് . കൊല്ലത്തിൽ ഒരിക്കൽ ബാറ്ററി മാറ്റിയാൽ മതി . കുട്ടികൾക്കിടയിൽ തെല്ലു നേരത്തേക്ക് അശാന്തി പരന്നു . തങ്ങൾ ഇത്രയും കാലം തങ്ങളുടേതെന്ന് ധരിച്ച തിരിപ്പു പരിപാടി ആരോ നമ്മിൽ നിന്ന് കവർന്നെടുത്തിരിക്കുന്നു . അതിന്റെ പേരാണ് എങ്കിൽ ബാറ്ററി എന്നും . അപ്പോൾ അത് സായിപ്പിന്റെ വേല തന്നെ എന്ന് നമുക്ക് മനസ്സിലായി . വെറ്റിലക്കൊടി കട്ട് കൊണ്ട് പോയത് പോലെ ആ പഹയന്മാര് നമ്മുടെ ഒരു തൊഴിലും അപഹരിച്ചിരിക്കുന്നു
ഓവർ ബറീസ് ഫോളിയിൽ സൂര്യൻ മരിക്കുന്നതു കാത്തിരുന്ന ഒരു നാളിൽ ബാലാട്ടൻ പറഞ്ഞു . എടാ മണ്ടോടി . തിരിപ്പു എന്ന തൊഴിൽ നമുക്ക് നഷ്ടപ്പെടുത്തിയത് ബാറ്ററി എന്ന കൊച്ചു പെട്ടിയാണ് . പക്ഷെ ഈ ബാറ്ററി എന്ന പെട്ടിയിലും അദ്ധ്വാനം ഉണ്ട് . ഞാനും നീയും വീട്ടിൽ നിന്ന് വൈൻഡ് ചെയ്യുന്നതിന് പകരം അതിനു സമാനമായ ഒരു പ്രവൃത്തി അകലെ ഉള്ള ഒരു കമ്പനിയിൽ ഇരുന്നു മറ്റൊരു കൂട്ടം തൊഴിലാളികൾ ചെയ്യുന്നുണ്ട് . നമ്മൾ ആകെ നോക്കേണ്ടത് നമുക്ക് സംഭവിച്ച അൻപത്തി മൂന്നു ദിവസങ്ങളിലെ തൊഴിൽ നഷ്ടം മറ്റൊരിടത്തു ഏതെങ്കിലും ഒരു കൂട്ടം തൊഴിലാളികൾക്ക് പുതിയ ഒരു അൻപത്തി മൂന്നു ദിവസ ജോലി സൃഷ്ടിച്ചു കൊടുക്കുന്നുണ്ടോ എന്നാണു. ഇല്ല എന്ന് വളരെ വ്യക്തമാണ് . ഒരു ചെറിയ ബാറ്ററി സമൂഹം ഉണ്ടാക്കാൻ ഒരു തൊഴിലാളിക്ക് തുച്ഛമായ സമയം മാത്രമേ വേണ്ടൂ . അതായത് നമുക്ക് നഷ്ടപ്പെട്ട തൊഴിൽ, നഷ്ടപ്പെട്ടത് തന്നെ ആണ് . പോയ പുത്തി ആന വലിച്ചാൽ വരില്ല എന്ന് പറഞ്ഞത് പോലെ . ഞാൻ ഇനി പറയാൻ പോകുന്ന മറ്റൊരു പരമാർത്ഥം ഇതുവരെ പറഞ്ഞതിനേക്കാൾ ഭീകരമാണ് . സ്റ്റൂളിൽ കയറി (തീട്ടത്തിൽ ചവിട്ടി എന്ന അർത്ഥത്തിൽ അല്ല) ഘടികാരം തിരിച്ച നാളിൽ ഒരിക്കലും അത് കൊണ്ട് നമ്മുടെ പരിസരങ്ങൾ വൃത്തികേടായിട്ടില്ല . നമ്മൾ കുറച്ചു വിയർത്തിരിക്കാം . പക്ഷെ നമ്മുടെ വിയർപ്പിൽ പ്രകൃതിയെ ആക്രമിക്കുന്ന ഒന്നുമില്ല എന്ന് മാത്രമല്ല അത് ചിലപ്പോൾ ചെടികൾക്ക് വളവുമാണ് . പക്ഷെ സ്റ്റൂളിൽ നിന്ന് ബാറ്ററിയിൽ എത്തുമ്പോൾ ഇവിടെ ഓരോ ക്ളോക്കും രണ്ട് ബാറ്ററികൾ പുറംതള്ളുകയാണ് . മനുഷ്യൻ സ്റ്റൂൾ പുറന്തള്ളുന്നത് പോലെ . പക്ഷെ ഈ ബാറ്ററി എന്ന ക്ളോക്കിന്റെ സ്റ്റൂൾ മണ്ണ് സ്വീകരിക്കാത്ത ഒരു വസ്തു ആണ് എന്ന് നാം അറിയണം .
അപ്പോൾ വൈൻഡ് ചെയ്യുന്ന ഘടികാരത്തിൽ നിന്ന് , കുറെ കൂടെ ഈസി ആയ മോഡേൺ ക്ളോക്കിൽ എത്തുമ്പോൾ നമുക്ക് കുറെ ഏറെ അധ്വാനം നഷ്ടപ്പെടുന്നു എന്നതോടൊപ്പം , പ്രകൃതിക്കു തീർത്താൽ തീരാത്ത അപകടങ്ങളും ഉണ്ടാകുന്നു . നമ്മളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കായിക അധ്വാനങ്ങൾ , ആ നഷ്ടത്തിന് സമാന്തരമായി ഭൂമിയിൽ റീസൈക്കിളിംഗ് സാധ്യമാല്ലത്ത പാഴ് വസ്തുക്കൾ നിയന്ത്രണ രഹിതമായി സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നു
ഇത്രയും പറഞ്ഞത് യന്ത്രങ്ങളോട് വിരോധം ഉള്ളത് കൊണ്ടല്ല . യന്ത്രങ്ങൾക്ക്‌ഇത്തരം ഒരു പരിമിതി ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ആണ് . മനുഷ്യനെ പടിപടിയായി ചാര് കസേരയുടെ സൗഖ്യത്തിലേക്കു ആകർഷിച്ചു കൊണ്ട് പോകുന്ന യന്ത്രവൽക്കരണത്തിനു ഈ ലോകത്തെ പടിപടിയായി പാഴ് വസ്തുക്കളിൽ മുക്കി കൊല്ലാനും സാധിക്കും എന്നുള്ള സത്യം പറയാനാണ്
No comments:
Post a Comment