Saturday, 29 June 2019

വളർച്ചക്കുവേണ്ടിയുള്ള ചില ബാലോപദേശങ്ങൾ

ഒരിക്കൽ ബാലേട്ടനും അങ്ങേരുടെ ഒരു ബാങ്ക് സുഹൃത്തും ലോക കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കെ ബാങ്ക് സുഹൃത്ത് ബാങ്കിൽ അന്ന് നടന്ന ഒരു കാര്യം ബാലേട്ടനെ ഉണർത്തിച്ചു .  ബാങ്കിലെ ഏതോ ഒരു ഇടപാടുകാരൻ അതിനു മുൻപ് ഒരു ദിവസം ഭാര്യയെയും കൂട്ടിവന്നു തങ്ങൾക്കു അത്യാവശ്യമായി കാറ് കൃഷി നടത്തണം  എന്നും അത് കൊണ്ട് കഴിയുമെങ്കിൽ ഒരു കാർഷിക പണയ വായ്പ സംഘടിപ്പിച്ചു തരണം എന്നും പറഞ്ഞു .  പണമൊക്കെ വാങ്ങി അവര് സ്ഥലം വിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ബാലേട്ടന്റെ ചങ്ങായിയും ശുദ്ധമനസ്കനും ആയ ആ ബാങ്കൻ  മറ്റൊരു യാഥാർഥ്യം കേട്ട് ഞെട്ടി പോയത് .  ആ ദമ്പതികൾ അന്ന് നാല് ശതമാനം പലിശക്ക് തന്റെ ബാങ്കിൽ നിന്ന് വാങ്ങിയ പണം അന്നേരം തന്നെ അവര് കൊണ്ട് പോയി അടുത്തുള്ള ബാങ്കിൽ പത്തു ശതമാനം പലിശക്ക് സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുന്നു .  അവൻ ആകെ ഡെസ്പായി ബാങ്കിൽ എത്തിയ ആ  ദിവസം  അവിടെ കണ്ട മേലധികാരിയോട് ഈ ദുഃഖ വൃത്താന്തം പറഞ്ഞപ്പോൾ മേലധികാരി പറഞ്ഞത്രേ .  നിങ്ങൾ ഇത്തരം കാര്യങ്ങൾ കുറെ കൂടെ ബിസിനെസ്സ് മെന്റാലിറ്റിയോടെ കൈകാര്യം ചെയ്യണം .  അവര് പണം കൊണ്ട് പോകുമ്പോൾ അവരോടു പറയണം ആയിരുന്നു , മറ്റെവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അത് ഇവിടെ തന്നെ ആകാം എന്ന് .  ഒരു വെടിക്ക്  രണ്ട് പക്ഷി എന്ന് കേട്ടിട്ടുണ്ടോ . അതാണ് ഇത് . ഒരു ഭാഗത്തു കൂടെ ലോൺ കൂടുന്നു മറുഭാഗത്തു കൂടെ നിക്ഷേപം

ഇതുകേട്ട ബാലാട്ടൻ ചിന്താവിഷ്ടയായ സീതയെ പോലെ കുറേനേരം ചിന്താമഗ്‌ദനായി.  അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്ന ചില എകണോമിക്ക് ചിന്തകൾ ആണ് ബലോപദേശങ്ങൾ എന്ന നിലയിൽ ഞാൻ താഴെ എഴുതുന്നത്

നമ്മുടെ നാട്ടിൽ കവർച്ചക്കാർ ഏറെയുണ്ട് .  കക്കൂസ് മുറിച്ചു ജയിലിൽ പോകുന്നവരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് .  ഇരുന്ന ഇരുപ്പിൽ കാര്യമായി ഒരു പണിയും എടുക്കാതെ കോടിക്കണക്കിനു പണം സ്വരൂപിക്കുന്നവർ .  മുന്തിയ കവർച്ചക്കാർ എന്നോ വേണമെങ്കിൽ മുന്തിയ  മാന്യന്മാർ എന്നോ അവരെ വിളിക്കാം . രണ്ടും അർഥം ഒന്ന് തന്നെ . പക്ഷെ നമ്മളിൽ ചിലരെങ്കിലും അവരെ സമൂഹ ദ്രോഹികൾ ആയി കണക്കാക്കി അവരെ അകറ്റുന്നതിനാൽ അവർ തങ്ങളുടെ പണം ആരും കാണാതെ എവിടെയെങ്കിലും ഒളിച്ചു വെക്കുന്നു .  മുകളിൽ പറഞ്ഞ ഉദാഹരണത്തിലേതു പോലെ ഏതെങ്കിലും വിദേശ ബാങ്കിൽ കൊണ്ട് പോയി ഇടുന്നു .  ഇവിടെയാണ് നമ്മൾ നമ്മുടെ യുക്തി പ്രയോഗിക്കേണ്ടത് .  ഒരു ദിവസം സുപ്രഭാതത്തിൽ അവരെ വിളിച്ചു പറയുക .  പ്രിയപ്പെട്ട കള്ളാ ,  നീ ചെയ്യുന്നത് കവർച്ചയല്ല .  ഒരു സൽപ്രവർത്തിയാണ് .  നീ ഇങ്ങനെ നമ്മുടെ കയ്യിൽ നിന്ന് മറ്റും വഹിച്ചു കൊണ്ട് പോയ ആ കോടിക്കണക്കിനു പണം നീ ഇവിടെ ഒരു വ്യവസായത്തിൽ നിക്ഷേപിക്കൂ . എന്നിട്ടു കുറെ പേര്ക്ക് പണി കൊടുക്കൂ .  നിനക്ക് ആകെ എന്താണ് വേണ്ടത് .  ആ വ്യവസായം നിന്റേതു ആകണം . അത്രയല്ലേ ഉള്ളൂ .  ആയിക്കോട്ടെ .  അങ്ങനെ ഒരു വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് മനസ്സിൽ കണ്ട് നീ സുഖമായി കിടന്നു ഉറങ്ങിക്കോ . ഇനി നീ ഇതൊക്കെ നമ്മുടെ കയ്യിൽ നിന്ന് കട്ടെടുത്തില്ല എങ്കിൽ  എന്താണ് സംഭവിക്കുക . നീ കട്ട് കൊണ്ട് പോയ പത്തും നൂറും  രൂപകൾ നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകും.  അത് കൊണ്ട് നമ്മൾ എന്ത് ചെയ്യും .  മാഹിയിൽ പോയി ഒരു പെഗ് തട്ടും . അല്ലെങ്കിൽ ചാത്തുവിന്റെ പീടികയിൽ പോയി ബീഫും പറോട്ടയും തട്ടും .  അങ്ങനെ ചെയ്യാൻ ഇടയുള്ള കോടികളുടെ  പണം ആണ് ഇപ്പോൾ നിന്റെ കയ്യിൽ ഇരിക്കുന്നതും ഇനി നീ വ്യവസായത്തിൽ മുടക്കുന്നതും . നീ തന്നെ പറ ഇതിൽ ഏതാണ് കൂടുതൽ മാന്യമായ പ്രവർത്തി

ഇത്രയും എഴുതിയത് നിങ്ങളുടെ ഇടയിലെ മഹാ കള്ളന്മാർക്ക് അതായത് മഹാ മാന്യന്മാർക്കു ഇത് കൊണ്ട് ബോധോദയം ഉണ്ടാകും എന്ന് കരുതിയിട്ടാണ് . കവർച്ച എന്ന സ്ഥാപനം നമുക്കിരുവർക്കും  ഒരു പോറലും ഏൽക്കാതെ ഒരു മാന്യ പ്രവർത്തിയാകുന്നത് എങ്ങനെ എന്ന് നിങ്ങള്ക്ക് മനസ്സിലായില്ലേ.

ഗുഡ് നൈറ്റ് 

No comments:

Post a Comment