വിവാഹിതരായ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ വിവാഹം അതിന്റെ ആദ്യനാളുകളിൽ മാത്രമേ ഓജസ്സോടെ നില നില്ക്കുന്നുള്ളൂ എന്ന്. അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് അവർക്കാർക്കും അറയില്ല. എല്ലാവർക്കും പൊതുവായി സംഭവിക്കുന്നതായത് കൊണ്ടു അതിനു ഒരു നിയമത്തിന്റെ സ്വഭാവം ആർജിച്ചു പോകുന്നത് സ്വാഭാവികമാണ്. പരാജയങ്ങൾക്കു വിജയം എന്ന് പേരിട്ടു കൊണ്ടു എല്ലാ പരാജയങ്ങളെയും വിജയങ്ങളാക്കുന്ന രീതിയാണ് ഇവിടെ നാം പരീക്ഷിച്ചത്. അന്യോന്യം വഞ്ചിച്ചു കൊണ്ടു അതങ്ങനെ നില നിന്ന് പോകുന്നു. പൂർത്തീകരിക്കപെടാത്ത നമ്മുടെ അന്യ സ്ത്രീ പുരുഷന്മാരോടുള്ള കാമന , നാം, ഒളിദൃഷ്ടികളിലൂടെയോ, എ സിനിമ കളിലൂടെയോ, ബ്ളൂ സിനിമ കളിലൂടെയോ, താരാരാധനകളിലൂടെയോ പൂർതീകരിക്കുന്നു. എ സിനിമ കാണുന്നവൻ ഉറക്കറയിൽ ഒളിഞ്ഞു നോക്കുന്നവനെ കുറ്റം പറയുന്നതിന് തുല്യമാണ്, നമ്മുടെ ഈ പ്രേമ വിവാഹ പരാജയങ്ങൾക്കു നേരെ ഉള്ള കുറ്റം പറച്ചിൽ.
കാമം പ്രേമത്തെ വൃത്തികേടാക്കുന്നു എന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞു. പരിശുദ്ധ പ്രേമങ്ങൾ നില നില്ക്കുന്നതിനു വേശ്യാലയങ്ങൾ ആവശ്യ മാണെന്നാണ് യുകിയോ മിഷിമ തന്റെ ഒരു പുസ്ടകത്തിൽ എഴുതിയത്. നമ്മുടെ പ്രപിതാമഹന്മാർ ഭാഗ്യവാന്മ്മാർ ആയിരുന്നു. നിയന്ത്രണമൊന്നും ഇല്ലാത്ത ലൈംഗികതക്കിടയിൽ അവർ ലൈംഗികത എപ്പോഴും മറന്നു പോയിരിക്കണം. ശ്വാസോച്ച്വാസം പോലെ സ്വാഭാവികമായ എന്തോ ആയിരിക്കണം അവരെ സംബന്ധിചെടത്തോളം അത്. അവരുടെ സ്നേഹം അത് കൊണ്ടു തന്നെ എല്ലാ തരത്തിലും പരിശുദ്ധ മായിരിക്കണം.
സ്നേഹത്തെ കുറിച്ചുള്ള നമ്മുടെ വേവലാതികൾ, സ്നേഹമില്ലാത്ത ഒരു തലമുറയുടെ വേവലാതികളാണെന്നു നാം മനസ്സിലാക്കണം. നാം സ്നേഹം എന്ന് വിളിക്കുന്ന ഈ പ്രക്രിയ കാമത്തിനപ്പുറം, മറ്റു പല കാരണങ്ങൾ കൊണ്ടും വൃത്തി കേടായി പോയിരിക്കുകയാണ്. സമ്പത്തിനോടുള്ള നമ്മുടെ ആസക്തിയെ ആണ് നാം പലപ്പോഴും പ്രേമമായി തെറ്റി ധരിക്കുന്നത്. ഞാനിനി എഴുതാനിരിക്കുന്ന ഒരു നോവലിലെ അമ്മ തന്റെ മകനോട് പറഞ്ഞു 'ഞാൻ നിന്നെ അത്ര അധികം സ്നേഹിക്കുന്നത്, നിന്നിലുള്ള ഗുണങ്ങൾ കൊണ്ടാണോ, അതല്ല നിന്റെ സമ്പത്തുകൾ കൊണ്ടാണോ എന്ന് പോലും എനിക്കറിയില്ല മകനെ'. ഈ അമ്മയുടെ കണ്‍ഫൂഷൻ നമുക്ക് എല്ലാവർക്കും ഉള്ളത് തന്നെയാണ്. കിഴക്കേലെ ചാത്തു ഒരു മകൻ ജനിച്ചപ്പോൾ പറഞ്ഞത് ഇതാണ്. '25 കൊല്ലം കൊണ്ടു ഇവനെ ഒരു ഡോക്ടർ ആക്കി എടുക്കാം. അതിനു ശേഷം 10 കൊല്ലം കൊണ്ടു ചിലവാക്കിയതെല്ലാം തിരിച്ചു കിട്ടും'. അപ്പുറത്തെ സീതാദേവിയുടെ 20 വയസ്സായ മകൻ അപകടത്തിൽ മരിച്ചപ്പോൾ കേട്ട വിലാപം, 'ലക്ഷ കണക്കിന് രൂപ ഇവന് വേണ്ടി ചിലവാകിയതെല്ലാം വെറുതെ ആയല്ലോ എന്റെ ദൈവമേ. അയ്യോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല'. ഒരു കച്ചവടം പൊളിഞ്ഞാലും നാം ഇതൊക്കെ തന്നെയാ പറയുന്നത്.