Saturday, 14 June 2014

വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങൾ.


ഹിന്ദു മതം വിവാഹ മോചനങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ ഇന്ന് വിവാഹമോചനം ഒരു ജീവിത രീതിയായി മാറി കൊണ്ടിരിക്കുകയാണ്. വ്യക്തികളുടെ ദാമ്പത്യ ജീവിതങ്ങളിലെ പരാജയങ്ങളോ അതല്ല ദാമ്പത്യം എന്ന സ്ഥാപനം തന്നെ നേരിടുന്ന പരാജയമോ, എന്താണ് ഇതിന്റെ കാരണം എന്ന് ആലോചിക്കേണ്ടതാണ്. തുറന്നു കിടക്കുന്ന ഒരു സമൂഹത്തിൽ, ദാമ്പത്യം എന്നത് തനിക്കു ചേരാവുന്ന പതിനായിരങ്ങളിൽ നിന്ന് ഒന്നിനെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു പ്രവൃത്തിയാണ്‌. പഴയ കാലങ്ങളിൽ ഒക്കെയും ഒരാൾക്ക്‌ മാറ്റൊരു ഇണ മാത്രമേ കല്പിച്ചു വെക്ക പ്പെട്ടിട്ടുള്ളൂ എന്ന ഒരു വിശ്വാസമെങ്കിലും ഉണ്ടായിരുന്നു. ആ ഒരൊറ്റ ഇണയെ തേടിയുള്ള യാത്രയായിരുന്നു നാം ജാതക പരിശോധന എന്ന പേരെടുത്തു വിളിച്ചത്. പക്ഷെ മനുഷ്യന്റെ ജന്മ വാസനകൾക്കു വിരുദ്ധ മായിട്ടുള്ള സ്ഥാപനങ്ങളൊന്നും തന്നെ എല്ലാ കാലത്തും നില നിൽക്കില്ല എന്നാണു നരവംശ ശാസ്ത്രം നമ്മളെ പഠിപ്പിച്ചത്. ഒരൊറ്റ ഇണയോടൊത്ത് ജീവിക്കുക എന്നത് മനുഷ്യന്റെ ജന്മ വാസനയാണോ? ജന്തു ജാലങ്ങളുടെ ജീവിത രീതിയുമായി താരതമ്യപെടുത്തുമ്പോൾ അങ്ങെനെ അല്ലെന്നു വിശ്വസിക്കാനാണ് ന്യായം. ജനിച്ച വീണ മൃഗകുട്ടികളുടെ സുരക്ഷയ്ക്ക് ആണ്‍ തുണ വേണമെന്നും , മറിച്ചാണെങ്കിൽ പെണ്‍ മൃഗത്തെ അന്വേഷിച്ചു വരുന്ന പുതിയ കാമുകർ ആദ്യം നശിപ്പിക്കുന്നത് ജനിച്ചു വീണ കുഞ്ഞുങ്ങളെ ആയിരിക്കുമെന്നും, ചില പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നു. വീടുകളിൽ ജനിച്ചു വീഴുന്ന ശ്വാന, മാര്ജാര സന്തതികളെ, പുറത്തു നിന്ന് കടന്നു വരുന്ന പുരുഷ പ്രജകൾ ആക്രമിക്കുന്നത് നാം സ്ഥിരം കാണുന്നതാണല്ലോ. പക്ഷെ ഈ സുരക്ഷ ആവശ്യപ്പെടുന്ന കാലത്തിനു ശേഷം പല ആണ്‍ മൃഗങ്ങളും തങ്ങളുടെ ഇണകളെ വിട്ടു പോകുന്നതാണ് കാണുന്നത്. മനുഷ്യ കുഞ്ഞുങ്ങൾ മൃഗ കുഞ്ഞുങ്ങളെക്കാൾ അവശരാണെന്നും അവയ്ക്ക് സ്വന്തം കാലിൽ നില്കാൻ പോലും സമയം ഏറെ വേണമെന്നും നമുക്കറിയാം. അങ്ങനെ ഉള്ള പരിതസ്ഥിതിയിൽ പ്രാചീന മനുഷ്യന് തന്റെ ഇണയോടൊപ്പം കുറെ കാലം തങ്ങേണ്ടി വന്നിരിക്കാം എന്നുള്ള വാദം ഉന്നയിക്ക പ്പെട്ടിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും തെറ്റായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

പുരുഷൻ താൻ പിതാവാണ് എന്നും സൃഷ്ടിയിൽ തനിക്കു പങ്കുണ്ട് എന്നും അറിഞ്ഞത് വളരെ വൈകി ആണെന്നാണ് എന്റെ വിശ്വാസം. ഇണ ചേരൽ ഒരു സ്വാഭാവിക പ്രക്രിയയായിരുന്ന അക്കാലത്ത് അതിനു സാധ്യതകൾ ഏറെ ആയിരുന്നു. അച്ഛന്റെ പങ്കാളിത്തമില്ലാതെ ജനിച്ച കുട്ടികൾ ഉണ്ടെന്നു ഇന്നും നമ്മളിൽ പലരും വിശ്വസിക്കുന്നുണ്ടല്ലോ? സൃഷ്ടിയിൽ തനിക്കു പങ്കുണ്ട് എന്ന് പുരുഷൻ മനസ്സിലാക്കിയ കാലത്ത് പോലും തന്റെ സൃഷ്ടി ഏതെന്ന് വ്യക്തമായി അറിയാനാവാത്ത രീതിയില്ലയിരുന്നു മനുഷ്യ സമൂഹത്തിന്റെ കിടപ്പ്. അത് കൊണ്ടു തന്നെ കുട്ടികളുടെ സുരക്ഷ അന്ന് ഒരു സമൂഹത്തിന്റെ ആകപ്പാടെ ഉള്ള കര്തവ്യമായിരുന്നു. അതിനു വേണ്ടി മാത്രമായി ഒരു പുരുഷനും സ്ത്രീയോട് കൂടെ നില്ക്കേണ്ടി വന്നിരുന്നില്ല എന്ന് അർഥം. ഇന്നത്തെ രീതിയിലുള്ള വിവാഹ സമ്പ്രദായം മുൻപൊരിക്കലും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്.

കൂട്ടമായി ജീവിക്കുകയും ഭ്രാത്രുക്കളോട് ബന്ധം പുലർത്തി വരികയും ചെയ്ത അവൻ എന്നാണു കൂടപ്പിറപ്പുകളെ തന്റെ ഇണകളുടെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയത് എന്നോ, അതിന്റെ കാരണങ്ങൾ എന്ത് എന്നോ എനിക്കറിയില്ല. കൂടപ്പിറപ്പുകൾ എന്നത് ഒരു അമ്മയിൽ ജനിച്ച കുട്ടികൾ മാത്രമായിരുന്ന അക്കാലത്തു ആരംഭ ഘട്ടത്തിൽ ഒരു അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ തന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ ഒക്കെയും തന്റെ കൂടപ്പിറപ്പുകൾ ആണെന്ന് വരുന്നു. അവരെ ഒഴിവാക്കുക എന്നത് അത് കൊണ്ടു തന്നെ, തങ്ങളുടെ ബന്ധം മറ്റു ഗോത്രങ്ങളിലേക്ക് (തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റു ഗോത്രങ്ങളിലേക്ക്) വ്യാപിപ്പിക്കുന്നതിന് തുല്യമായിരുന്നു. ഗോത്രങ്ങൾ തമ്മിലായിരിക്കണം ആദ്യ കാലത്തെ വിവാഹങ്ങൾ നടന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനു പകരം ഒരു ഗോത്രം മുഴുവൻ മറ്റൊരു ഗോത്രത്തെ വിവാഹം കഴിക്കുന്ന രീതി. ഒരു ഗോത്രത്തിലെ മുഴുവൻ പുരുഷരുടെയും ഭാര്യമാർ മറ്റേ ഗോത്രത്തിലെ സ്ത്രീകളും മറിച്ചും. ഒരേ ഗോത്രതിലുള്ള സ്ത്രീ പുരുഷന്മ്മാർ സഹോദരീ സഹോദരരും. പക്ഷെ അന്നും പുരുഷന്റെ പിതൃത്വം അങ്ങീകരിക്കപ്പെട്ടിരുന്നില്ല എന്ന് വ്യക്തം, കാരണം അന്നും തന്റെ സൃഷ്ടി ഏതെന്ന് പുരുഷൻ അറിയുന്നില്ലല്ലോ.

സ്വകാര്യ സ്വത്തിന്റെ ഉത്ഭവമാണ് മനുഷ്യനെ ഏക ഭർതൃത്വതിലേക്ക് നയിച്ചത് എന്ന് എംഗൽസ് തന്ടെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു. താൻ സ്വായത്തമാക്കിയ സ്വത്തുക്കൾ തന്റെ സൃഷ്ടി ആരെന്നറിയാത്ത കാലത്തോളം തന്റെ ഏറ്റവും അടുത്ത ബന്ധു വായ തന്റെ പെങ്ങൾക്കോ അവളുടെ സന്തതികൾക്കോ മാത്രം അവകാശപ്പെട്ടതാണെന്ന ബോധം സ്വാർത്ഥനായ അവനെ വളരെ ഏറെ വേദനിപ്പിച്ചതിന്റെ ഫലമായി അവൻ തന്നെ എടുത്ത തീരുമാനങ്ങളുടെ ഫലമാവണം ഈ ഏക ഭർതൃ സമ്പ്രദായം. ഒരു സ്ത്രീയെ ഒരു പുരുഷനിൽ തളചിടുന്നതിലൂടെ മാത്രമേ തന്റെ സന്തതികളെ കുറിച്ച് തനിക്കു പൂർണ ബോധ്യമുണ്ടാവൂ എന്നുള്ള അറിവാണ് യഥാർത്ഥത്തിൽ ഏക ഭർതൃ സമ്പ്രദായത്തിന്റെ ഉല്പത്തിക്കു കാരണമായത്‌. സ്ത്രീയുടെ ജന്മ വാസനയ്ക്ക് വിരുദ്ധമായ ഒരു തീരുമാനം അങ്ങനെ അധികാരിയായ പുരുഷൻ എടുത്തു എന്ന് പറയാം.


പക്ഷെ ഏക ഭാര്യത്വതിനു ഇത് ഒരു ഉത്തരമാകുന്നില്ല . പുരുഷന് തന്റെ സന്തതികൾ ആരെന്നു ഉറപ്പിക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ സ്ഥിതിയിൽ നിന്ന്, അതായത് അനേകം കാമുകികൾ എന്ന തന്റെ ജന്മ വാസനയിൽ നിന്ന്, അതിന്നു തികച്ചും വിരുദ്ധമായ ഏക ഭാര്യത്വതിലേക്ക് അവൻ എത്തി ചേർന്നത്‌ എങ്ങനെ? മുൻപ് പറഞ്ഞ കാര്യത്തിലെന്ന പോലെ ഇതിലും ഒരു സാമ്പത്തിക കാരണം ഉണ്ടാകാതെ തരമില്ല. എന്തായിരിക്കാം ആ സാമ്പത്തിക കാരണം.
മറ്റുള്ള ജനങ്ങളുമായി പങ്കു വെക്കാൻ തയ്യാറാകാത്ത ബഹുഭാര്യത്വം സമൂഹത്തിലെ ഒരു വിഭാഗത്തെ ഇണ ഇല്ലാത്തവർ ആക്കി തീർക്കും. സ്ത്രീ പുരുഷ സംഖ്യകൾ ഏതാണ്ട് തുല്യമായി നില്കുന്ന സമൂഹത്തിൽ ഇത് വളരെ അധികം അലോസരങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. വസ്തുവകകൾ കൂടുതൽ ഉള്ളവൻ, ആ വസ്തു വകകളോടൊപ്പം തന്റെ ഇണകളുടെ എണ്ണവും കൂട്ടികൊണ്ടിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. ഇല്ലാത്തവന് പലതും ഇല്ലാതായി കൊണ്ടിരുന്നത് പോലെ ഇണയും ഇല്ലാതായി. വേശ്യാവൃത്തി അതിനു ഒരു പരിഹാരമായി നിർദേശിക്കാമെങ്കിലും അതൊരു പൂർണ്ണ പരിഹാരമാകുന്നില്ല. ഇല്ലാത്തവനെ സംബന്ധിചെടത്തോളം വേശ്യയിലെക്കും ദൂരമുണ്ട്. അവൻ അസൂയാലുവോ അസ്വസ്തനൊ ഒക്കെ ആയി എന്നതാണ് വാസ്തവം. അത്തരം ഒരു അസ്വസ്ഥത നില നില്ക്കുന്നത് ഭരിക്കുന്നവന് അപകടമായി വരും എന്ന് ചരിത്ര ഗ്രാഹ്യമുള്ള ഏതൊരു ഭരണാധികാരിയും അറിയും. ചെറിയ വിട്ടു വീഴ്ചകളിലൂടെ അത്തരം പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയാണ് അവർക്ക് മുന്പിലുള്ള ഏക വഴി. ബഹു ഭാര്യത്വം രാജാവിനും, ഏക ഭാര്യത്വം പ്രജക്കും എന്ന നില വന്നപ്പോൾ രാജാവിന് തന്റെ വാസനകൾ ത്യജിക്കാതെ തന്നെ പ്രസ്തുത പ്രശ്നത്തിന് ഉത്തരം കണ്ടെത്താനായി. സാമാന്യ ജനങ്ങൾകിടയിൽ ഉച്ച നീചത്വമേന്ന്യേ ഏക ഭാര്യത്വം നിലവിൽ വന്നത് ജനങ്ങളെ ഒരു പരിധി വരെ അടക്കി നിർത്തുന്നതിനു സൌകര്യമായി. ജനോപകാര പ്രദമെന്നു കണക്കാക്കപെടുന്ന നിയമങ്ങൾ രാജാക്കൾ മുന്പും സൃഷ്ടിച്ചതിനു തെളിവുകൾ ഉണ്ട്. അത്തരമൊരു ജനോപകാരപ്രദ നിയമത്തിന്റെ പിന്തുടര്ച്ചയായിരുന്നു ശൈശവ വിവാഹം. ബ്രഹ്മ ദേശത്തെ ഒരു രാജാവ് , വിവാഹിതരായ സ്ത്രീകളെയോ വിധവകളെയോ അന്തപുര കന്യക മാരായി സ്വീകരിക്കരുത് എന്ന ഒരു കല്പന പുറപ്പെടുവിച്ചു. രാജാവിന് അത് കൊണ്ടു കാര്യമായ ഒരു ദോഷം വരാനില്ല എന്ന് രാജാവ് വിചാരിച്ചു. പക്ഷെ അന്ത പുരത്തിന്റെ ഇരുട്ടിലേക്ക് തങ്ങളുടെ പുത്രിമാരെ അയക്കേണ്ട എന്ന് തീരുമാനിച്ച അമ്മമാർ, രാജാവിന്റെ ദൃഷ്ടി പതിയും മുൻപേ തങ്ങളുടെ പുത്രിമാരെ വിവാഹിതരാക്കാൻ തീരുമാനിച്ചു. സ്വാഭാവികമായും ഇത് ശൈശവ വിവാഹങ്ങളിൽ അവസാനിച്ചു.


വിവാഹ മോച്ചനങ്ങൾ അനിയന്ത്രിതമായി വർധിക്കുമ്പോൾ വിവാഹവും വേശ്യാവൃത്തിയും തമ്മിലുള്ള അതിർ വരമ്പ് നേർത്തു വരുമെന്ന് സ്വാഭാവികമായും നമുക്ക് സംശയിക്കാം.  അതിനിടയിലുള്ള സാമ്പത്തിക കാരണം മാറ്റിവച്ചാൽ അടിക്കടിയുള്ള മോചനവും, പുനർ വിവാഹവും (പാശ്ചാത്യർക്കിടയിലേതു പോലെ അത് അനുസ്യൂതം തുടർന്നാൽ ) വേശ്യാവൃത്തി തന്നെ ആണല്ലോ.  പക്ഷെ അതിനു നാം ഇന്ന് നിയമ പരിരക്ഷ കൊടുത്തു വരികയാണ്.  അതിൽ നിന്ന് തന്നെ നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാണ്.


പക്ഷെ അത് അത്ര ഏറെ ഭയപ്പെടേണ്ട സമസ്യയാണോ എന്ന് ചോദിച്ചാൽ , അല്ല എന്നുതന്നെയാണ് ഉത്തരം.  ഇന്നത്തെ സാമൂഹ്യ ഘടനയിൽ നമ്മൾ അതിനെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ. മനുഷ്യ വർഗം എന്നും ഇത്തരം മാറ്റങ്ങളിലൂടെ കടന്നു വന്നു എന്ന് വിശ്വസിക്കുന്നതാണ്‌  യുക്തി.  നമുക്ക് സ്ഥായിയായ  ലൈംഗിക സദാചാരങ്ങൾ ഒരിക്കലും ഉണ്ടായിരുന്നില്ല.  ഏക ഭാരാത്വതിൽ അധിഷ്ടിതമായ ഇന്നത്തെ ബന്ധങ്ങൾ തകര്ന്നു കഴിഞ്ഞാൽ കൂടുതൽ ഉദാത്തമായ പുതിയ തരം ബന്ധങ്ങൾ ഉയര്ന്നു വരിക തന്നെ ചെയ്യും .  അത് വരെയും ഭൂരിഭാഗത്തിനും അതിനെ കുറിച്ച് ചിന്തിക്കാൻ ഭയമായിരിക്കും എന്ന് മാത്രം.  ഒരു ന്യൂന പക്ഷത്തിന്റെ ജീവിതരീതി പിന്നീട് ഭൂരിപക്ഷം അനുകരിക്കുകയും, ഒടുവിൽ പഴയത് പൂര്ണ്ണമായും തകര്ന്നു പോകുകയും ചെയ്യും . എന്നും സംഭവിച്ചു കൊണ്ടിരുന്നത് ഇതൊക്കെ തന്നെയാണ്



No comments:

Post a Comment