Friday, 6 June 2014

MISS SHEELAAVATHI

ബി എ ക്ളാസിൽ നല്ല നിലയിൽ മാർക്ക് വാങ്ങി ജയിക്കുകയും എന്നിട്ടും സുന്ദരിയായി തുടരുകയും ഇരുപതിയോന്നിനപ്പുറം പ്രായം പോകാതിരിക്കുകയും ചെയ്തിരുന്ന മിസ്‌ ശീലാവതി താഴെ പറയും പ്രകാരം ചിന്തയിലാണ്ടു.
'ബി എ ക്ക് ശേഷം എം എ പിന്നെ റീ സെർച്ച്‌ , മാഷെ പണി, അല്ലെങ്കിൽ ആപ്പീസ് പണി , ശമ്പളം പ്രതിമാസം മുപ്പതോളം. അതല്ലെങ്കിൽ മംഗലം കഴിച്ചു ആരാൻറെ ആട്ടും തുപ്പും കേട്ടുള്ള അര ബോറൻ ജീവിതം. ഇതൊക്കെ വേണോ. അതോ നല്ല രീതിയിൽ വേശ്യാ വൃത്തിയിലേക്ക്, അതായത് വൃത്തിയുള്ള വേശ്യയുടെ ജീവിതത്തിലേക്ക് ഒന്ന് മാറ്റി ചവിട്ടി പരീക്ഷിച്ചു നോക്കണോ . എല്ലാറ്റിലും കണിശക്കാരനായ കുട്ടൻ ഡോക്ടറെ പോലെ ഒരു ദിവസം പത്തു രോഗി, വലിയ ഫീസ് എന്ന നിലയിലാണെങ്കിൽ വലിയ മോശം വരില്ല'.
ഒരു വർഷത്തെ വരുമാനം മിസ്‌ ശീലാവതി മനസ്സില് കണക്കു കൂട്ടി നോക്കി. പത്തു ഗുണിതം അഞ്ചായിരം അമ്പതിനായിരം. പ്രതിമാസം 15 ലക്ഷം. പിമ്പിൻറെ കമ്മിഷനും ജോലി സംബന്ദമായ മറ്റു ചിലവുകളും ഒക്കെ കഴിഞ്ഞാലും മാസം ഒരു 13 ലക്ഷം ബാക്കി വരും. അപ്പുറത്തെ മറൈൻ എഞ്ചിനീയർ പറഞ്ഞത് പോലെ അഞ്ചു കൊല്ലം നല്ലോണം ഉണ്ടാക്കി പിന്നെ പണി മതിയാക്കി വീട്ടില് വെറുതെ ഇരുന്നു തിന്നാമല്ലോ. എനിക്കാണെങ്കിൽ അന്നേരം ഒരു ചെക്കനേയും കെട്ടി ഒന്ന് രണ്ടു പിള്ളാരെയും ഉണ്ടാക്കി ജീവിച്ചു പോകേണ്ട പ്രായം മാത്രമല്ലേ ആകുന്നുള്ളൂവല്ലോ . ഇത്രയുമൊക്കെ ചിന്തിച്ചതിനുശേഷം മിസ്‌ ശീലാവതി അടുക്കളയിൽ കറിക്ക് കുമ്പളങ്ങ അരിയുകയായിരുന്ന എക്സ് വേശ്യയും തന്റെ അമ്മയുമായ ശ്രീമതി ദാക്ഷായിണിയോട് ഇപ്രകാരം അരുളി.
'അമ്മാ ഞാൻ അമ്മയുടെ പണിക്കു തന്നെ പോകുകയാ.
ശ്രീമതി ദാക്ഷായിണി ഇത് കേട്ട് ഞെട്ടിയെങ്കിലും, തരിച്ചില്ല. കാരണം വാതമായതു കൊണ്ടു അവരുടെ ശരീരത്തിന് മുഴുവൻ എപ്പോഴും തരിപ്പായിരുന്നു.

അവർ തന്റെ അരുമയായ മകളോട് ഇങ്ങനെ മൊഴിഞ്ഞു.
മകളെ ശീലാവതി. ഞാൻ ഇങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്തത് (മറ്റേ പണി) നിന്നെ ചുരുങ്ങിയത് ഒരു വാദ്ധ്യാരിണി എങ്കിലും ആക്കണം എന്ന് കരുതിയാണ്. ഈ പണി വൃത്തികെട്ട പണിയല്ലേ മോളെ. മോൾക്ക്‌ അത് വേണ്ട.

ആരാൻറെ ഗുദത്തിൽ കയ്യിട്ടു നോക്കുന്ന കുട്ടൻ ഡോക്ടറുടെ പണിയാണോ അമ്മെ നല്ലത്. മണ്ടോടി കൗസുവിന്റെ കറ പിടിച്ച പല്ല് കൈ കൊണ്ടു വൃത്തിയാക്കി കൊടുക്കുന്ന ദന്തൻ പാച്ചുവിൻറെ പണിയാണോ അമ്മെ നല്ലത്. പണിയൊക്കെ നല്ലതും ചീത്തയും ആകുന്നതു അതിൽ നിന്നുള്ള വരുമാനം നോക്കിയാണ്. പിന്നെ ഈ പണി ഇഷ്ടമില്ലാത്ത പെണ്ണുങ്ങൾ ഏതാ ഉള്ളത്

മകള് പറയുന്നതിലും കാര്യമുണ്ടെന്നു ശ്രീമതി ദാക്ഷായിണി ക്ക് തോന്നി. അവർ ഇത്രയും പറഞ്ഞു.
മോള് ഏതെങ്കിലും സ്ഥലത്ത് സ്ഥിരമായി തങ്ങാതെ വിസിറ്റിംഗ് പ്രൊഫസർ മാരെ പോലെ പല പല കേന്ദ്രങ്ങളിൽ പോയി ജോലി ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്. കഴിയുന്നതും സ്വന്തം നാട് ഒഴിവാക്കി ദൂര സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതല്ലേ നല്ലത്.

സ്വന്തം അമ്മയുടെ അപാര ബുദ്ധിയിൽ മിസ്‌ ശീലാവതി അതിശയിച്ചു പോയി. സ്ഥിരമായി അടിയിൽ കിടക്കുന്നവർക്ക് കാര്യങ്ങളുടെ അടിത്തട്ടു വരെ കൃത്യമായി കാണാൻ പറ്റുമെന്ന് അമ്മ എപ്പോഴും പറയാറുള്ളത് മിസ്‌ ശീലാവതി അന്നേരം ഓർത്തു


*******************************************************************************************************************************

പാളങ്ങളോട് ഇണ ചേർന്ന് , കിതച്ചു കിതച്ചു മുന്നോട്ടു പാഞ്ഞ വണ്ടി ഒടുവിൽ സീ എസ് ടീ യിൽ രതി മൂർച്ചയുടെ ആലസ്യത്തിൽ തളർന്നു ഉറങ്ങി. തന്നിലെ പ്രളയങ്ങൾ പ്ലാറ്റ് ഫോമിലേക്ക് ഒഴിക്കികളഞ്ഞു അടുത്ത ഊഴം കാത്തു അവൾ അവിടെ തന്നെ കിടന്നു.

സീ എസ് ടീ യിടെ ആൾ തിരക്ക് കണ്ടപ്പോൾ മിസ്‌ ശീലാവതിയോടു കോരി തരിച്ചു പോയി. അടുത്ത കാലത്തായി താൻ ഇങ്ങനെയാണ്. മനസ്സിനിനങ്ങുത്‌ എന്ത് കണ്ടാലും കോരി തരിച്ചു പോകും. നാലഞ്ചു വര്ഷത്തേക്ക് വേണ്ട ഇടപാടുകാർ വേണ്ടുവോളം ഈ പ്ലാറ്റ്ഫൊമിൽ മാത്രം നിറഞ്ഞു നിൽക്കുന്നെങ്കിൽ പുറത്തിറ ങ്ങിയാലുള്ള സ്ഥിതി എന്തായിരിക്കും. അമ്മ പറഞ്ഞ പിമ്പൻ ടോടി യുടെ വീട്ടില് കഴിയുന്നതും വേഗം എത്തി ജോലി ഇന്ന് തന്നെ തുടങ്ങിയാലോ എന്ന് മിസ്‌ ശീലാവതി മനസ്സിൽ കരുതി , ഹാൻഡ്‌ ബാഗിൽ നിന്ന് അമ്മ തനിക്കു എഴുതി തന്ന മേൽവിലാസം പുറത്തെടുത്തു ഇപ്രകാരം വായിച്ചു.
എം ടോടി
കസ്റ്റമർ റിലേഷൻ ഓഫീസർ
2 ക്രോസ് 238
ഡോമ്പി വില്ലി ഈസ്റ്റ്‌

പേര് കേട്ടിട്ട് മറാട്ടി ആണെന്ന് തോന്നുന്നു. അമ്മയുടെ ഒരു പഴയകാല സുഹൃത്ത്‌ എന്നല്ലാതെ മറ്റൊന്നും അമ്മ പറഞ്ഞില്ല. ഈ തൊഴിലിൽ അങ്ങനെ ആളിന്റെ പ്രവൃത്തിയോ നാടോ വീടോ കുലമോ അന്വേഷിക്കരുതെന്നു പോരുമ്പോൾ അമ്മ ഒരു ഉപദേശവും തന്നിരുന്നതിനാൽ പിന്നെ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചോദിച്ചില്ല.

കാളിംഗ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു കൃശഗാത്രനായ ഒരു താടിക്കാരൻ പുറത്തു വന്നു. ആകപ്പാടെ ഒരു ബുദ്ധി ജീവിയുടെ ഒരു ലുക്ക്‌. ബുദ്ധിയൊന്നും ആവശ്യമില്ലാത്തെടത് എന്തിനൊരു ബുദ്ധി ജീവി എന്ന് ചിന്തിച്ചപ്പോഴേക്കും അയാളുടെ ചോദ്യം വന്നു. ' കോൻ ഹായ് ?

എം . ടോടി കോ ധോക്നെ ആയ ഹായ്?

മലയാളിയാണ് അല്ലെ.

എങ്ങനെ മനസ്സിലായി.

ഹിന്ദി കേട്ടപ്പോൾ മനസ്സിലായി. എല്ലാ ഭാഷക്കാരോടും സംസാരിച്ചു സംസാരിച്ചു ഇപ്പോൾ ഒരാള് ഏതു ഭാഷ സംസാരിച്ചാലും അയാളുടെ നാടെവിടെ വീടെവിടെ എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും. ഈ എം ടോടി ഞാൻ തന്നെയാണ്. എന്താണ് വന്നത്


ബാഗിൽ നിന്ന് അമ്മ എഴുതിയ കത്തെടുത്തു മിസ്റ്റർ ടോടി യുടെ കയ്യിൽ കൊടുത്തു മിസ്‌ ശീലാവതി ഇങ്ങനെ പറഞ്ഞു.

പേര് കേട്ടിട്ട് ഒരു മറാട്ടിയാനെന്നു കരുതി. നാടും വീടും ചോദിക്കരുതെന്ന് അമ്മ പറഞ്ഞു. എങ്കിലും ചോദിക്കുകയാ . ഏതു നാട്ടുകാരനാ.

ഞാനും നിങ്ങളുടെ നാട്ടുകാരൻ തന്നെയാ. നിങ്ങൾ എന്നെ മണ്ടോടി എന്ന് വിളിച്ചാൽ മതി. ശരിയായ പേരിൽ ഒരു കഷണം കൂടി ഉണ്ട്. അത് ഞാൻ ഈ പണിയിൽ ഉപയോഗിക്കാറില്ല.


ഉച്ച ഭക്ഷണം മണ്ടോടി അവിടെ തന്നെ തയ്യാറാക്കിയിരുന്നു. ഊണ് കഴിക്കാനിരുന്നപ്പോൾ തന്റെ മനസ്സില് ഏറെ നേരമായി നീറി പടർന്ന ഒരു സംശയം മിസ്‌ ശീലാവതി മണ്ടോടി യുടെ മുന്നിൽ അവതരിപ്പിച്ചു.

മിസ്റ്റർ മണ്ടോടി. ഞാൻ തീവണ്ടിയിൽ ഇങ്ങോട്ട് വരുന്ന വേളയിൽ പുരുഷന്മാരുടെ ഭോഗിയിൽ ആയിരുന്നു കയറിയത്. എവിടെയും പോലെ അവിടെയും നല്ല തിരക്കായിരുന്നു. പക്ഷെ ഒരു മണിക്കൂറ് നേരത്തെ യാത്രക്കിടയിൽ ആരെങ്കിലും എന്നെ നുള്ളുകയോ തടവുകയോ ചെയ്തില്ല. തലശ്ശേരിയിൽ ആയിരുന്നെങ്കിൽ ഈ ഒരു മണിക്കൂറിനിടയിൽ ചുരുങ്ങിയത് ഒരു പത്തു കൈകളെങ്കിലും എന്റെ ശരീരത്തിലൂടെ ഓടി നടന്നേനെ. ഇനി ഈ ബോംബെക്കാര് മുഴുവൻ ഭയങ്കര ഡീസന്റ് ആണെന്ന് വരുമോ. നമ്മുടെ കച്ചോടം പോളിയുമോ മിസ്റ്റർ മണ്ടോടി.

അട്ടഹാസത്തോട്‌ അടുക്കുന്ന ഒരു ചിരിയായിരുന്നു അതിനുള്ള ഉത്തരം. മണ്ടോടി തുടർന്നു:-

'അതാതു ജോലി അതാതിന്റെ നേരത്ത്. അതാണ്‌ നമ്മൾ ബോംബെകാരുടെ രീതി. യാത്ര ചെയ്യുമ്പോൾ യാത്ര. മറ്റേതിന്റെ സമയത്ത് മറ്റേതു. രണ്ടു പ്രവൃത്തികൾ തമ്മിൽ നമ്മൾ കൂട്ടി കുഴാക്കാറില്ല. അത് കൊണ്ടുള്ള ഗുണം എന്തെന്നാൽ ജോലി പരമാവധി ശ്രദ്ധയോടെ ചെയ്യാൻ പറ്റും എന്നുള്ളതാണ്. ഒരു സ്ഥലത്ത് ആവശ്യമുള്ള ജോലി, അത് ആവശ്യ മില്ലാത്ത മറ്റൊരിടത്ത് ചെയ്താൽ, ആ ജോലി ആവശ്യമുള്ളിടത്ത് പിന്നീട് ആ ജോലി ചെയ്യാൻ നമുക്ക് താല്പര്യം തോന്നാറില്ല. ബസ്സിൽ നുള്ളി നടക്കുന്നവൻ വീട്ടിൽ ആവശ്യ സമയത്ത് ഭാര്യയെ നുള്ളാൻ മറന്നു പോകുന്നത് അത് കൊണ്ടാണ്. പല ദാമ്പത്യ ബന്ധങ്ങളും തകർന്നു പോകുന്നത് അത് കൊണ്ടു കൂടിയാണ്.'

ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന മണ്ടോടി അലമാരയിൽ നിന്ന് ഒരു ഫയലും അതോടൊപ്പം ഒരു അപേക്ഷാ ഫോമും എടുത്തു ശീലാവതിക്ക് നേരെ നീട്ടി കൊണ്ടു പറഞ്ഞു. നാല് ഫോട്ടോ കൾ വേണം. രണ്ടെണ്ണം പാസ്പോർട്ട് സൈസും രണ്ടെണ്ണം ഫുൾ സൈസും. അപേക്ഷാ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു അവ രണ്ടിലും ഒപ്പിട്ടു ഫോട്ടോകൾ അതാതു സ്ഥലങ്ങളിൽ ഒട്ടിക്കുക.

ഇതെന്തിനാ രണ്ടു അപേക്ഷ. മിസ്‌ ശീലാവതി സംശയം ചോദിച്ചു 

ഒന്ന് മുലുണ്ടിലെ നമ്മുടെ സബ് ഏജന്റിനു കൊടുക്കാനാ.' മണ്ടോടി സംശയം തീർത്തു കൊടുത്തു. 

അപ്പോൾ ഫുൾ സൈസ് ഫോട്ടോയോ ?

എന്റെ കുട്ടീ മുഖം കൊണ്ടല്ലല്ലോ നമ്മൾ ജോലി ചെയ്യുന്നത് ? മണ്ടോടി ഒരു തമാശ പറഞ്ഞു ചിരിച്ചു. മിസ്‌. ശീലാവതിക്കും ചിരിക്കാതെ നിവൃത്തിയില്ല എന്ന് വന്നു. 

മണ്ടോടി യുടെ വീട്ടിൽ തന്നെയായിരുന്നു മുറി ഒരുക്കിയത്. രണ്ടാമത്തെ നിലയിൽ വിശാലമായ ഒരു മുറി. രണ്ടാൾക്ക്‌ കിടക്കാവുന്ന ഒരു വലിയ കട്ടിൽ, ഒരു വലിയ ചുമരലമാര , ഭംഗിയായി ടയിലുകൾ പാകിയ കുളിമുറി, കപ്പ്‌ ബോർഡിൽ ഒരു വലിയ ടീ വീ, വശത്ത് ഒരു ഫ്രിഡ്ജ്‌.  കൂട്ടിനു വന്ന മണ്ടോടി യോട് സംശയത്തോടെ ചോദിച്ചു. 'ഇത് തന്നെ ആകുമോ എന്റെ മുറി'
 അതെ ഇവിടെ ഉള്ള കാലത്തോളം ഇത് തന്നെ മുറി. പക്ഷെ ഈ മുറിയിൽ വച്ച് കച്ചവടം നടത്താൻ ഞാൻ ആരെയും അനുവദിക്കാറില്ല.  ഒരു വീടിന്റെ പരിപാവനത ഞാൻ ഇവിടെ കാത്തു സൂക്ഷിക്കാറുണ്ട്.  വ്യവസായശാലയായി ഉപയോഗിക്കാവുന്ന ഒരു വീട് ജനാലയിലൂടെ നോക്കിയാൽ അപ്പുറത്ത് കാണാം.  അവിടെ പക്ഷെ ആരും താമസമില്ല.  ആവശ്യമുള്ളപ്പോൾ മാത്രം തുറക്കും.

മണ്ടോടി കുറെ കാലമായോ ഇവിടെ വന്നിട്ട്.  ഓ അല്ല ഈ പണി തുടങ്ങിയിട്ട് '. മണ്ടോടി യുടെ മനോഭാവം അറിയാൻ വേണ്ടി മിസ്‌ ശീലാവതി ഒന്ന് മുട്ടി നോക്കി.

കുട്ടീ ഇരുപതാമത്തെ വയസ്സിലാണ് ഞാനീ പണി തുടങ്ങിയത്.  പ്രാരംഭ ഘട്ടത്തിൽ ഞാനൊരു ഭോഗിയായിരുന്നെക്കാം. പക്ഷെ ഞാൻ ഇന്ന് ഒരു യോഗിയെ പോലെ ആണ്. ഒരു ഭോഗിയും യോഗിയും തമ്മിലുള്ള അകലം വളരെ ചെറുതാണ്.  നിങ്ങൾക്ക് നല്ല യാത്രാ ക്ഷീണമുണ്ട്. കഴിയുന്നതും വേഗം ഉറങ്ങാൻ നോക്കുക. ബാക്കി കാര്യങ്ങൾ നമുക്ക് രാവിലെ സംസാരിക്കാം.


മണ്ടോടി യാത്രയായപ്പോൾ മിസ്‌ ശീലാവതി താൻ കൂടെ കൊണ്ടു വന്നിരുന്ന വലിയ പെട്ടി തുറന്നു അതിലെ സാധനങ്ങൾ ഓരോന്നോരോന്നായി പുറത്തെടുത്തു കട്ടിലിൽ വച്ചു. ഇങ്ങു പോരുമ്പോൾ അമ്മ കൊടുത്തയച്ച അച്ചാറും പപ്പടവും കുറച്ചപ്പുറതെക്ക് മാറ്റി വച്ചു. അവയൊക്കെയും നാളെ മണ്ടോടിക്ക് കൊടുക്കുവാനായി അമ്മ തന്നതാണ്.  പെട്ടിയിൽ നിന്ന് പുറത്തേക്കെടുത്ത തന്റെ പഴയ കാല കാമുകനായ ബാബുവിന്റെ  ഫോട്ടോ തന്റെ നല്ല കാലത്തിന്റെ ഓർമ്മ കുറിപ്പ് പോലെ എന്നെന്നും ഈ മേശക്കു മുകളിൽ തന്നെ കിടക്കട്ടെ എന്ന് അവൾ തീരുമാനിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ തന്റെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. താൻ വളർന്നു വന്ന നാടോ, തന്നെ വളർത്തിയ അമ്മയോ , ഒന്നും. പെട്ടന്ന് ഭൂമിയിൽ ജനിച്ചു വീണ ഒരു വലിയ കുട്ടിയാണ് താൻ എന്ന് മിസ്‌ ശീലാവതിക്ക് തോന്നി.

No comments:

Post a Comment