Thursday, 20 August 2015

പട്ടിണി എന്ന സനാതന സത്യം

നമ്മുടെ ജന സംഖ്യയിൽ മുപ്പതു കോടിയിൽ അധികം ജനങ്ങൾ ശരിയായ രീതിയിൽ ഭക്ഷണം കിട്ടാതെ ജീവിക്കുന്നു എന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.  അതിന്റെ അർഥം അവര്ക്ക് കൂലി കിട്ടാൻ വേണ്ട തൊഴിലുകൾ ഇല്ല എന്നാണോ.  അല്ലെങ്കിൽ ഭക്ഷണം വാങ്ങാൻ മാത്രമുള്ള വരുമാനം ഇല്ല എന്നാണോ.  അതുമല്ലെങ്കിൽ ഭക്ഷണത്തിന്റെ വില അവര്ക്ക് കൊടുക്കാൻ പറ്റുന്നതിലും കൂടുതലാണ് എന്നാണോ.  ഒരു തരത്തിൽ നോക്കിയാൽ പട്ടിണിയുടെ കാരണം ഇത് ഏതും ആകാം.  ഒരു ഉദാഹരണത്തിന് വേണ്ടി നാം ഈ മുപ്പതു കോടി ജനങ്ങൾക്കും നമ്മുടെ ഭരണ കൂടം പറയുന്ന ഏറ്റവും കുറഞ്ഞ കൂലി കൊടുക്കാൻ തീരുമാനിച്ചു എന്ന് ധരിക്കുക. അത് 150 രൂപയാണ് എന്ന് ധരിക്കുക. അപ്പോൾ എന്ത് സംഭവിക്കും.  ഈ പട്ടിണി പാവങ്ങൾ ഒക്കെയും ഭക്ഷണം കഴിക്കാൻ തുടങ്ങും.  പക്ഷെ നമ്മുടെ ഭക്ഷണത്തിന്റെ അളവ് പഴയത് പോലെ തന്നെ ആണെങ്കിൽ ശരിക്കും ഭക്ഷണം കഴിച്ചു പോകുന്ന ബാക്കിയുള്ള 90 കോടി ജനങ്ങളിൽ പലർക്കും ശരിയായ രീതിയിൽ ഭക്ഷണം കിട്ടാതെ വരും. ശരിയല്ലേ.  പക്ഷെ ഈ 90 കോടി,  കൂടുതൽ വരുമാനമുള്ള ഒരു വിഭാഗമാണ്‌.  അവൻ ഭക്ഷണത്തിന് കൂടുതൽ പണം കൊടുക്കാൻ തയ്യാരുള്ളവൻ ആണ്.  അപ്പോൾ ഈ ഒരു കാരണം കൊണ്ടു ഭക്ഷണത്തിന്റെ വില കൂടുകയും,  മുൻപ് അത് കഴിക്കാൻ ആവാതവന്, ഇനിയും അത് കഴിക്കാൻ ആവാത്ത നില വന്നു ചേരുകയും ചെയ്യുന്നു.  അപ്പോൾ ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത് മേലെ പറഞ്ഞ ഈ 30 കോടി പട്ടിണി കിടക്കുന്നതിനു കാരണം അതിനു മാത്രം ഭക്ഷണം ഇവിടെ ഇല്ലാത്തത് കൊണ്ടാണ്. അതായത് ഇന്നും നമ്മുടെ നാട്ടിൽ ഭക്ഷണ സ്വയം പര്യാപ്തത വന്നു ചെര്ന്നിട്ടില്ല എന്ന് അർഥം.

ജനങ്ങളുടെ പട്ടിണി മാറ്റാൻ ഒരു വഴി മാത്രമേ ഉള്ളൂ.  അത് ജനങ്ങൾക്ക്‌ ആവശ്യമുള്ള ഭക്ഷ്യ വിഭവങ്ങൾ ഉല്പാദിപ്പിക്കൽ ആണ്.  അതായത് കൃഷി.  പക്ഷെ എന്ത് കൊണ്ടു ഇവിടെ അത് സംഭവിക്കുന്നില്ല.  ഏതോ ഒരു നവീന സാമ്പത്തിക വിദഗ്ദൻ അതിന്റെ ഉത്തരം വ്യക്തമായി പറഞ്ഞിട്ടുണ്ട്.  എല്ലാവരും തിന്നുന്നത് വരെ കാത്തു നിന്നിരുന്നു എങ്കിൽ ഇവിടെ കമ്പ്യൂട്ടർ എന്ന യന്ത്രം വരാൻ താമസിച്ചു പോകുമായിരുന്നു എന്ന്.  അതായത് ഭക്ഷണം ഉണ്ടാക്കാൻ നൂറു പേര് ആവശ്യമായ ഇടത്ത് നിന്ന് നാം അമ്പതു പേരെ പിൻ വലിച്ചു അവരോടു കമ്പ്യൂട്ടർ ഉണ്ടാക്കാൻ പറയുകയാണ്‌.  അങ്ങനെ കൃഷി പണിയിൽ നിന്ന് മോചിതരായി കമ്പ്യൂട്ടർ ഉണ്ടാക്കാൻ അമ്പതു പേര് പോയപ്പോൾ കുറവ് വന്ന ഭക്ഷണമാണ് ആരെയൊക്കെയോ പട്ടിണിക്കാർ ആക്കിയത്.  അതായത് ഭക്ഷണ സ്വയം പര്യാപ്തതക്ക് മുൻപേ നാം പടുത്തുയർത്തുന്ന ഏതൊരു വ്യവസായവും പട്ടിണിക്കാരുടെ സംഖ്യ കൂട്ടും.  വ്യവസായങ്ങൾ ഇവിടെ അനേകർക്ക്‌ തൊഴിലുകൾ തന്നേക്കാം.  പക്ഷെ അതിനു സമാന്തരമായി തിന്നാൻ കിട്ടാതവന്റെ എണ്ണം കൂടി കൊണ്ടെ ഇരിക്കും.

ഇതൊന്നും അല്ലാതെ മറ്റൊരു ആഘാതവും കൂടി ഇനി നമുക്ക് പ്രതീക്ഷിക്കാം.  നമ്മുടെ  കാര്ഷിക വിഭവങ്ങൾക്ക് നമ്മുടെ രാജ്യത്തിന്റെ പുറത്തും ആവശ്യക്കാർ ഉണ്ടായേക്കാം.  ഇതിന്റെ സാമ്പത്തിക ശാസ്ത്രം എന്ത് എന്ന് ഞാൻ എന്റെ കയറ്റുമതി എന്ന ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.  പട്ടിണി കാരുടെ എണ്ണം കൂടാൻ നമുക്ക് ഒരു പുതിയ കാരണം കൂടെ കിട്ടാൻ പോകുന്നു എന്ന് അർഥം.  പക്ഷെ വേണ്ടുവോളം മനുഷ്യാദ്ധ്വാനവും,  വേണ്ടു വോളം കൃഷി ഭൂമിയും ഉള്ള ഇടത്ത്,  എല്ലാ മനുഷ്യാധ്വാനങ്ങളെയും (വെറുതെ കിടക്കുന്ന ) സ്വരൂപിച്ചു പ്രവര്ത്തന ക്ഷമ മാക്കിയാൽ ഇവിടത്തെ പട്ടിണി നമുക്ക് ഇല്ലാതാക്കാൻ ആവില്ലേ.  പറ്റില്ല. കാരണം.  കൃഷിയിൽ നാം നടത്താൻ ഈ ഉദ്ദേശിക്കുന്ന ഈ അത്യുല്പാദനം,  ആത്യന്തികമായി കാര്ഷിക വിളകളുടെ വില കുറയ്ക്കും.  അപ്പോൾ അതിന്റെ ഉത്പാദകന് രണ്ടു വഴികൾ മാത്രമേ ഉള്ളൂ. ഒന്ന് ഉല്പാദനം കുറച്ചു കൊണ്ടു വില കൂടാനുള്ള സാഹചര്യം ഒരുക്കുക.  അല്ലെങ്കിൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറയ്ക്കുക.  ഇതിൽ രണ്ടും നാം പയറ്റി യിട്ടുണ്ട്.  എത്രയോ ഭൂമികൾ തരിശായി നില നിർത്തുകയോ ഭക്ഷ്യ കൃഷിക്ക് വേണ്ടി അല്ലാതെ ഉപയോഗിക്കുകയോ ചെയ്യുക. രണ്ടാമതെത് കൂലി കുറയ്ക്കുക.  രണ്ടിന്റെയും അന്ത്യ ഫലം ഒന്ന് തന്നെ. ഉല്പന്നങ്ങളുടെ വില കൂടുന്നതിനും,  കൂലി കുറയുന്നതിനും പ്രായോഗിക തലത്തിൽ ഒരു ഫലം മാത്രമേ ഉള്ളൂ. പട്ടിണി.

Monday, 17 August 2015

രോഗ നിർണയ ക്യാമ്പുകൾ എന്ന കച്ചവട കേന്ദ്രങ്ങൾ

പ്രിയപ്പെട്ട സുഹൃത്തുക്കളെ. ഒരു പിന്തിരിപ്പന്റെ ഉപദേശമായി ഇതിനെ കണക്കാക്കണം. ഇന്ന് നാടൊട്ടുക്ക് രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് കാണുന്നു. എന്താണ് ഇതിന്റെ ഉദ്ദേശ്യം എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്റെ സുഹൃത്തായ ബാലാട്ടൻ ഇതിനെ കുറിച്ച് പറഞ്ഞ താഴെ കൊടുത്ത കാര്യങ്ങൾ നിങ്ങൾ അൽപ നേരത്തേക്ക് നിങ്ങളുടെ മനസ്സിലിട്ടു ഒന്ന് കശക്കി നോക്കണം. അതിനു ശേഷം യുക്തമായ ഒരു തീരുമാനം എടുക്കണം.
ബാലാട്ടൻ പറഞ്ഞത് ഇതാണ് "
ഇന്നാളു എന്റെ വീട്ടിനു അടുത്തു ഒരു കാൻസർ രോഗ നിർണയ ക്യാമ്പു സംഘടിപ്പിച്ചു. അത് കേട്ട ഉടനെ എന്റെ ഭാര്യ അവിടേക്ക് ചാടി പുറപ്പെട്ടു. ഞാൻ അവളെ അതിൽ നിന്ന് വിലക്കി. ഞാൻ അവളോട്‌ ഇങ്ങനെ പറഞ്ഞു. ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക് നിര്ബാധം തുടരണം എന്ന് ആഗ്രഹിക്കുന്നവരുടെ വേല മാത്രമാണ് ഇത്. ഒരു കുഴപ്പവും ഇല്ലാത്ത നീ പോയി അവിടെ വച്ച് എന്തെങ്കിലും കുഴപ്പം ഉണ്ട് എന്ന് കണ്ടെത്തിയാൽ അതോടെ നിന്റെ യും എന്റെയും ജീവിതം പകുതി അവസാനിച്ചു. പിന്നെ നമ്മുടെ രണ്ടു പേരുടെയും ജീവിതം പരിശോധനാ മുറികളിൽ അവസാനിക്കും. രോഗം കൊണ്ടു നീയും മാനസിക പിരി മുറുക്കം കൊണ്ടു ഞാനും വളരെ വേഗം തീരും. ഇനി അഥവാ ഈ രോഗം നേരത്തെ കണ്ടു പിടിച്ചത് കൊണ്ടു വല്ല ഗുണവും ഉണ്ടോ. നീ നിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ടു സ്വയം തീരുമാനിക്കൂ. അതിനുള്ള ഒരു തെളിവ് നിനക്കോ എനിക്കോ ഈ പരിസര പ്രദേശത്ത് എവിടെ നിന്നെങ്കിലും കിട്ടി എന്ന് നിനക്ക് തോന്നുന്നു എങ്കിൽ നിനക്ക് പോയി പരിശോധിക്കാം.
ബാലാട്ടന്റെ ഭാര്യ പിന്നെ അങ്ങോട്ട്‌ പോയില്ല.

Friday, 14 August 2015

ഒരു കയറ്റുമതി കഥ

ഇനി ഞാൻ പറയാൻ പോകുന്നത് ഒരു ഭീകരമായ, ഹൃദയ ഭേധകമായ ഒരു ഉദാഹരണമാണ്. ഇത് വായിച്ചു ആരെങ്കിലും പേടിച്ചു പോകുകയോ ചിരിക്കുകയോ ചെയ്യരുത്. രണ്ടു രാജ്യങ്ങളും അവിടത്തെ കൂലി പണിക്കാരും ഈ ഉദാഹരണത്തിൽ വരികയാൽ ഈ കരച്ചിലും പേടിയും ഒക്കെ രണ്ടു രാജ്യക്കാരെ പ്രതിലോമമായ രീതിയിൽ ബാധിക്കും എന്ന് ആദ്യമേ പറഞ്ഞു വെക്കുന്നു. അതായത് ഇവിടത്തെ ആള് ചിരിക്കുമ്പോൾ അവിടത്തെ ആള് കരയുന്ന സ്ഥിതി വിശേഷം. ഇത്രയും ആമുഖ മായി പറഞ്ഞു കൊണ്ടു ഞാൻ ഉദാഹരണം ആരംഭിക്കുകയാണ്.
ഇന്ത്യ എന്ന രാജ്യത്തെ ചാത്തു എന്ന ഭൂസ്വാമിക്ക് പത്തു ഏക്കർ സ്ഥലമുണ്ട്. എവിടെ നിന്നോ ചാത്തുവിനു , പറമ്പത്ത് വിതക്കാനുള്ള കുറെ നെൽ വിത്തുകൾ വെറുതെ കിട്ടുന്നു. ചാത്തു തൊഴിലില്ലാതെ തെണ്ടി നടക്കുന്ന പത്തു പിള്ളാരെ സംഘടിപ്പിച്ചു അത് തന്റെ പത്തു ഏക്കർ സ്ഥലത്ത് വിതയ്ക്കാൻ തീരുമാനിക്കുന്നു. ഈ ചാത്തു എന്ന ഭൂസ്വാമിക്ക് മറ്റു അസംഖ്യം വരുമാന മാർഗങ്ങൾ ഉണ്ടാകുകയാൽ, ആരംഭത്തിൽ തന്നെ ചാത്തു തന്റെ തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ പ്രഖ്യാപിക്കുന്നു. 'എന്റെ പറമ്പത്ത്പണി എടുത്തു ഇതിനെ ഒക്കെ അരിയാക്കി എടുക്കുക. നിങ്ങള് കൂലി വാങ്ങിക്കുന്ന പണമല്ലാതെ ഒരു നയാ പൈസ എനിക്ക് വേണ്ട'. ചാത്തു മുതലാളിയുടെ, ഹൃദയം പൊട്ടിക്കുന്ന ഇത്തരം പ്രസ്താവന കേട്ടപ്പോൾ , സ്ഥിരം നോക്ക് കൂലി ടീം ആയ നമ്മുടെ തൊഴിലാളി സുഹൃത്തുക്കളോട് അറിയാതെ പറഞ്ഞു പോയി .' നിങ്ങള് അത്ര ഡീസന്റ് ആണെങ്കിൽ നമ്മള് അതിലും ഡീസന്റ് ആണ്. നമുക്ക് വെറും 400 രൂപ ദിവസ കൂലി മതി. ലോകത്ത് എപ്പോഴും അങ്ങനെയാ. ബൂര്ഷ്വാസി നീതി നടപ്പാക്കിയാൽ തൊഴിലാളിയും അതെ വഴിക്ക് നീങ്ങും.
അങ്ങനെ പണിയോടു പണി തുടങ്ങി. ഒരു മാസം രാവു പകല് പണി എടുത്തപ്പോഴേക്കും മഴ എത്തി. ഇനിയുള്ള പണി മഴയുടെതാണ്. അപ്പോൾ കൂലിയുടെ പ്രശ്നം വന്നു. അപ്പോൾ ചാത്തു മുതലാളി ഇങ്ങനെ പറഞ്ഞു. 'കൂലി നിങ്ങള്ക്ക് ഞാൻ തരുന്നില്ല. നിങ്ങള് തന്നെ ആറ് മാസം കഴിഞ്ഞു അരി വിറ്റു മുഴുവൻ പണവും എടുത്തോ' എന്ന്. എല്ലാവർക്കും അത് വളരെ ബോധിച്ചു. ആറ് മാസം കഴിഞ്ഞപ്പോൾ മൂർച്ചയുടെ (വികാര മൂർച്ചയോ, കത്തിയുടെ മൂർച്ചയോ അല്ല, ഹാർവെസ്റ്റിങ്ങ് എന്ന ഇംഗ്ലീഷ് ന്റെ മലയാളം മാത്രം) സമയം എല്ലാവരും ഒരു പത്തു ദിവസം കൂടെ പണിയെടുത്തു എല്ലാത്തിനെയും അരിയാക്കി എടുത്തു.. എല്ലാം കൂട്ടി ആറ്റി കുറുക്കി നോക്കിയപ്പോൾ 5000 കിലോ അരി കൃത്യം. അപ്പോൾ തൊഴിലാളി നേതാവ് ശങ്കരൻ പെന്നും കടലാസും എടുത്തു കണക്കു കൂട്ടാനിരുന്നു. പത്തു പേര് നാല്പതു ദിനം പണി. ഓരോ ആള്ക്കും 400 രൂപ കൂലി. ആകെ കൂലി മാത്രം 160000. അപ്പോൾ ഈ വിലക്ക് അരി വില്ക്കാം എന്ന് ആദ്യമേ തീരുമാനിച്ചതാണ്. അപ്പോൾ 5000 കിലോ അരി 160000 രൂപയ്ക്കു വില്ക്കാം. അപ്പോൾ കിലോവിനു എത്രയായി. 32 രൂപ.
ഇനി നാം പ്ലെനിൽ കയറി അമേരിക്കയിൽ പോകുകയാണ്. അവിടെ റോബർട്ട് എന്ന മറ്റൊരു ഭൂസ്വാമിയുടെ സ്ഥിതിയും ഇത് പോലെ തന്നെയാണ്. അവിടെയും പത്തു പേരും പത്തു ഏക്കറും നാല്പതു ദിവസത്തെ പണിയും 5000 കിലോ അരിയും ഇവിടത്തെ പോലെ തന്നെ സംഭവിക്കുന്നു. റോബർട്ട് എന്നവനും ചാത്തുവിനെ പോലെ മാന്യനായതിനാൽ ചാത്തു പറഞ്ഞ അതെ വാക്കുകൾ അവിടെ ആവർത്തിക്കപ്പെടുന്നു. 5000 കിലോ അരി വിൽക്കാൻ നേരത്ത് തൊഴിലാളി നേതാവ് റാസ്കൽ ഇങ്ങനെ പറഞ്ഞു. കൂലി നമ്മള് വെറും അമ്പതു ഡോളർ വാങ്ങിയാൽ മതി. അങ്ങേരു ഡീസന്റ് ആയ സ്ഥിതിക്ക് നമ്മളും കുറച്ചു ഡീസന്റ് ആകണ്ടേ എന്ന്. അപ്പോൾ നാല്പതു പേര് പത്തു ദിവസം നാനൂറു. കൂലി 50 ഡോളർ . അപ്പോൾ എത്രയാ കിട്ടിയത് 20000 ഡോളർ. അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ അരി 20000 ഡോളറിനു വിൽക്കാൻ തീരുമാനിച്ചു ഒരു ലോറിയും പിടിച്ചു മാർകറ്റിലെക്കു യാത്രയാകുന്നു. (ഇനി മാർകറ്റിൽ എത്തുന്നത്‌ വരെ ഉള്ള സമയം ഇടവേള)
വാർത്ത തുടരുന്നു
മാർകറ്റിൽ എത്തിയ റോബർട്ടിന്റെ തൊഴിലാളി നേതാവ് മാർകറ്റിന്റെ പടി വാതിൽക്കൽ എത്തിയ പാടെ, അവിടത്തെ മൊത്ത അരി കച്ചോടക്കാരൻ ക്ലൈവ്, രാസ്കലിനോട് ഇങ്ങനെ ചോദിച്ചു.
അരി എത്രക്കു കൊടുക്കും.
ഓ അത്ര വല്യ വിലയൊന്നും വേണ്ട. വെറും 20000 ഡോളർ.
ഒരു ഉത്തരത്തിനു പകരം അപ്പോൾ മാർകറ്റിൽ നിന്ന് കേട്ടത് ഒരു കൂട്ട ചിരി ആയിരുന്നു. റാസ്കൽ ആകെ പകച്ചു പോയി.
ഇതിൽ ചിരിക്കാൻ മാത്രം എന്താ ഉള്ളത് ക്ലൈവേ. നീ എന്താ ആളെ തമാശ ആക്കുകയാണോ.
തമാശയൊന്നും അല്ല മോനെ രാസ്കലെ. നമ്മള് ഇപ്പം 5000 കിലോ അരി 3000 ഡോളർ കൊടുത്തു വാങ്ങിയാതെ ഉള്ളൂ.
3000 ഡോളർ കൊടുത്തു വാങ്ങാനോ. അത് എങ്ങനെ.
അത് ഇന്ത്യയിൽ നിന്ന് ഒരു പൊട്ടൻ ചാത്തു ഇവിടെ വിളിച്ചു ചോദിച്ചു അരി വേണോ എന്ന്. ഞാൻ എത്ര വില വേണം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു 160000 രൂപ എങ്കിലും കിട്ടണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു 190000 തന്നെ പിടിച്ചോ എന്ന് . എത്രയാ ഡോളര് എന്ന് മനസ്സിലായാ. 3000. സംഗതി അടുത്ത ഫ്ലൈറ്റിൽ ഇങ്ങു എത്തി. ഇനി നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ പറഞ്ഞു ഉടൻ സ്ഥലം വിട്
ഇതിനെയാണ് നാം കയറ്റു മതി എന്ന് പറയുന്നത്

Sunday, 9 August 2015

വേർപാട്

ഒരു സിനിമ നല്ലതോ ചീത്തയോ എന്ന് ഞാൻ തീരുമാനിക്കുന്നത് എന്റെ ബുദ്ധിയിലൂടെ അല്ല . മറിച്ച് എന്റെ മനസ്സിലൂടെയാണ്.   സിനിമയിലെ എല്ലാ ഭാഗങ്ങളിലൂടെയും അത് എന്റെ മനസ്സിലേക്ക് പ്രവേശിക്കുകയാണ്.  എനിക്ക് നിർവചിക്കാനാവാത്ത എന്തോ ഒന്ന് അത് അവിടെ തീർത്തു വരികയാണ്. ഇപ്പോൾ എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല.  ഞാൻ ആകെ എന്തിനാലോ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്ന് അനങ്ങാനാവുന്നില്ല. സിനിമ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞാൻ ഇരിക്കുക തന്നെയാണ്.  ഇനിയും കുറച്ചു സമയത്തേക്ക് ഞാൻ എന്റെ ഇരിപ്പ് തുടരും.  ഒരു സിനിമയെ കുറിച്ചുള്ള എന്റെ നിരൂപണം ആരംഭിക്കുന്നത് ഇവിടെയാണ്‌. ഇവിടെ മാത്രമാണ്.  അത് അങ്ങനെ അല്ല എങ്കിൽ ഞാൻ എപ്പഴേ എഴുന്നേറ്റു വീട്ടിലേക്കു പോയിട്ടുണ്ടാവും.

ഒരു സിനിമ നമ്മളെ വല്ലാതെ ആകര്ഷിച്ചു എന്നതിന് അർഥം ആ സിനിമകളിൽ പാളിച്ചകൾ ഒട്ടും ഇല്ല എന്നല്ല.  ജീവിതത്തിലെത് പോലെ അവിടെയും ശ്രധിക്കപെടാത്ത പ്രമാദങ്ങൾ കടന്നു വരുന്നത് സ്വാഭാവികമാണ്.  പക്ഷെ വീണ്ടു വിചാരത്തിന്റെ നേരത്ത് അവ ഓരോന്നും നമ്മുടെ മുന്നില് ഉയര്ന്നു വരുന്നു.  ശവ ശരീരങ്ങളെ അണിയിച്ചൊരുക്കുക എന്ന തന്റെ വിധിയിൽ ഖിന്നനായ കഥാ നായകൻ ഒരു അരുവിക്കരികിൽ നിന്ന് ജല പ്രവാഹത്തിനെതിരെ നീന്തി തുടിച്ചു കൊണ്ടിരിക്കുന്ന സലമൊൻ മത്സ്യങ്ങളെ നോക്കിയിരിക്കെ അവയിലൊന്ന് ജല പ്രവാഹത്തിൽ ചത്ത്‌ പോന്തിയിരിക്കുന്നത് കാണുന്നു.   മുഴച്ചു നില്ക്കുന്ന ഇത്തരം ബിംബങ്ങൾ പലപ്പോഴും സിനിമയുടെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .

now grown cold but restored to beauty for all eternity this was done with a calmness and precision and above all with a gentle affection

ശവ ശരീരത്തെ അണിയിച്ചൊരുക്കുന്നതിനെ കുറിച്ചുള്ള ഈ വർണന മരണത്തെക്കാൾ വേദനാ ജനകമാണ് എന്ന് പറയാതെ നിവൃത്തിയില്ല .  ഭാവ ഗീതം പോലെ ഉള്ള തിരകഥയും അസാമാന്യമായ പാശ്ചാത്തല സംഗീതവും ഒരു പരിധിയിൽ അധികം ഒരു സിനിമയുടെ വിജയത്തിന് കാരണമാകുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  നടന്മാരുടെ ചെറിയ ചെറിയ കഴിവ് കേടുകൾ പോലും അവയ്ക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ദൈഗോ കൊബയാഷിയായി അഭിനയിച്ച മാഷിരോ മോടോകി അസാമാന്യമായ അഭിനയ പാടവം പ്രദർശിപ്പിച്ചു എന്ന് പറയാനേ പറ്റില്ല.  പലപ്പോഴും അദ്ധേഹത്തിന്റെ പ്രകടനങ്ങൾ മെലോഡ്രാമ പോലെ തോന്നുന്നു എങ്കിലും സിനിമയുടെ ആകപ്പാടെ ഉള്ള അന്തരീക്ഷത്തിൽ അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ഒരു സാധാരണ  ജപ്പാൻ കാരന്റെ ദൈനം ദിന ചേഷ്ടകളിൽ പോലും അത്തരം ഒരു അതിഭാവുകത്വം ഇല്ലേ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.  മറ്റുള്ളവരെ വന്ദിക്കാൻ വേണ്ടി അവർ നടത്തുന്ന ചില പ്രകടനങ്ങൾ നമ്മുടെ സംസ്കാരവുമായി ചേർത്ത് വച്ച് വായിക്കുമ്പോൾ അതി പ്രകടനങ്ങൾ അല്ലെ എന്ന് സംശയിച്ചു പോകും.

'ആരാച്ചാരുടെ ഒരു ദിനം' എന്ന സിനിമയ്ക്കു ശേഷമാണ് ഞാൻ യോജിരോ ടാകിതയുടെ 'വേർപാട്' എന്ന സിനിമ കാണാനിരിക്കുന്നത്.  മരണങ്ങളുടെ രണ്ടു വ്യത്യസ്ത മുഖങ്ങൾ എന്ന നിലയിൽ ഒരേ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകൾ ആണ് ഇവ എന്ന് പറയാമെങ്കിലും,  ആരാച്ചാരുടെ ദുർവിധി ജീവിക്കുന്നവന്റെ വേര്പാടിനു അകമ്പടി പോകുകയാണെങ്കിൽ,  കൊബയാഷിയുടെ വിധി അത്രയും ദാരുണമല്ല.  ഷുബെലിന്റെ 'ഗ്ലൂമി സണ്‍‌ഡേ' എന്ന സിനിമയിലെ വാക്കുകളാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്.  അവിടെ സാബൊ എന്ന കടക്കാരൻ, ആന്ദ്രാസ്  എന്ന പിയാനിസ്ടിനോട്‌ പറയുന്നത് ഇതാണ് 'ആരെങ്കിലും നിങ്ങളുടെ പാട്ട് കേട്ട് ആത്മഹത്യ ചെയ്തു എന്നല്ല നിങ്ങൾ ധരിക്കേണ്ടത്, മറിച്ച് ആത്മ ഹത്യചെയ്യാൻ തീരുമാനിച്ചുറച്ച ചിലരുടെ അവസാന കാലം നിങ്ങളുടെ പാട്ട് കുറെ കൂടെ സുന്ദരമാക്കി എന്നാണു' . ഏതാണ്ട് ഇതൊക്കെ തന്നെയാണ് കൊബായാഷി ചെയ്യുന്നതും.  മരിച്ചവന്റെ സ്വർഗത്തിലേക്കുള്ള  യാത്ര സുഗമമാക്കുക . അത് അത്ര ഏറെ ഭീകരമല്ല.  ഏറ്റവും ചുരുങ്ങിയത് ആരാച്ചാരുടെ പ്രവര്ത്തിയുടെ അത്രയെങ്കിലും.

ശവങ്ങളോടുള്ള നമ്മുടെ മനോഭാവം എന്താണ്.  പേടിയാണോ അറുപ്പാണോ ബഹുമാനമാണോ. എന്താണ്.  പണ്ടൊരിക്കൽ എന്റെ അമ്മ എന്നോട് വീടിന്റെ അടുത്തുള്ള ഒരാള് മരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു.  ശവം കാണാൻ പോകുമ്പോൾ നിന്റെ ചെറിയ മകളെ കൂടെ കൂട്ടുക.  ശവത്തിനെ നമസ്കരിക്കുക. മകളെ കൊണ്ടു ശവത്തെ തൊടുവിക്കുക. ഞാൻ അത് പോലെ ചെയ്തു എങ്കിലും, അമ്മ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിക്കുകയോ അമ്മ അത് പറയുകയോ ചെയ്തില്ല.  ഇന്നും ഞാൻ ഈ ഉപദേശം ചിലര്ക്ക് കൊടുക്കാറുണ്ട്. അർഥം അറിയാതെ.  ഒരു കുട്ടി,  മരണം എന്തെന്ന് ചെറിയ കാലത്ത് തന്നെ അറിയണം എന്ന് അമ്മക്ക് നിര്ബന്ധം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.  കുട്ടികളെ കുറിച്ച് സംസാരിക്കുന്നതിനു ഇടയിൽ തത്വ ചിന്തകനായ ഒരു ഐ പീ എസ്സ് കാരൻ പറഞ്ഞു 'നിങ്ങൾ കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങൾ എളുപ്പം പൊട്ടി പോകുന്നതാവണം. അവർ അത് പൊളിച്ചു കൊണ്ടെ ഇരിക്കണം. ജീവിതം ഇങ്ങനെ ഒക്കെ ആണ് എന്ന് അവർ ചെറുപ്പത്തിലെ അറിയണം.  അത് അവരെ ധീരരാക്കും'.

പക്ഷെ കൊബയാഷിയെ പോലെ ഉള്ള ശവ ജോലിക്കാർ അവിടെയും ഇവിടെയും  രണ്ടാം തരം തൊഴിലാളികൾ ആണ്.  ഒരിക്കൽ ഒരു ശവം ദഹിപ്പിക്കുന്ന നേരത്ത് ഇത്തരം ഒരു തൊഴിലാളി എന്നെ വിളിച്ചു ഇങ്ങനെ സ്വകാര്യം പറഞ്ഞു. 'നിനക്ക് ഞാൻ ഒരു സംഗതി കാണിച്ചു തരാം. നീ ഇവിടെ തന്നെ നിന്ന് കത്തുന്ന തീയിലേക്ക് നോക്കുക.  ഇവിടെ മരിച്ച ആളുടെ തലയാണ്.  അത് ചൂട് തട്ടിയാൽ പൊട്ടി തെറിച്ചു തലച്ചോർ പുറത്തേക്കു ഒഴുകുന്നത്‌ കാണാം. സൂക്ഷിച്ചു നോക്കുക' എന്ന്.  പക്ഷെ എനിക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി.  മരണത്തോടുള്ള ഈ നിസ്സംഗത ചിലപ്പോള ശവ തൊഴിലാളികളുടെ മാത്രം പ്രത്യേകത ആയിരിക്കും.  ഒരു ബാങ്ക് ഉദ്യോഗസ്ഥന് പണത്തോട് തോന്നുന്ന അതെ നിസ്സംഗത

ചില നേരങ്ങളിൽ ഞാൻ നമ്മുടെ  സംസ്കാരത്തെ ഓർത്ത് സന്തോഷിക്കുന്നത് അത് കൊണ്ടാണ്.  ഇന്നും ഇവിടെ ശവ ശരീരം ഒരു മര കഷണം മാത്രമായി ചിതയിൽ എരിഞ്ഞു പോകുന്നില്ല.  എന്റെ അച്ഛനെ എന്റെ സുഹൃത്തുക്കളെ മരിച്ചു പോയ എന്റെ എത്രയോ ബന്ധുക്കളെ,  ആ ചിതക്ക്‌ ശേഷവും ഞാൻ അനുധാവനം ചെയ്തു കൊണ്ടിരിക്കുകയാണ്.  അതാണ്‌ എന്റെ സംസ്കാരം  എന്നെ പഠിപ്പിച്ചത്.  എത്രയോ വർഷങ്ങൾ എത്രയോ യുഗങ്ങൾ നാം ആ ശവ ശരീരത്തെ ബഹുമാനിച്ചു കൊണ്ടെ ഇരിക്കുന്നു.  അത് കൊണ്ടാണ് ഇവിടെ ഒന്നും മരിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നത്.  ആ നിത്യതയാണ് നമ്മുടെ ശരീരം മറ്റുള്ളവർക്ക് പകുത്തു നൽകാനുള്ള ഒരു അസാധാരണമായ ഉൾവിളി നമ്മിൽ ഉയർത്തുന്നത്.  നിങ്ങളുടെ കണ്ണുകളിലൂടെ നിങ്ങളുടെ കരളുകളിലൂടെ, നിങ്ങൾ ഇവിടെ ഇട്ടേച്ചു പോയ ഒര്മ്മകളിലൂടെ നിങ്ങൾ എന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു.

വിശാലമായ ഒരു ഭൂവിഭാഗത്തിലെ വയലിലെ കൊച്ചു കുന്നിൽ ഇരുന്നു കൊണ്ടു സെല്ലൊ എന്ന സംഗീത ഉപകരണം വായിച്ചു കൊണ്ടിരിക്കുന്ന കൊബായാഷി എന്ന ചെറുപ്പ കാരൻ പറയുന്നത് മരണത്തിൽ അവസാനിച്ചു പോകുന്ന ജീവിതത്തിന്റെ കഥയല്ല.  തന്റെ സെല്ലോവിന്റെ നാദം പോലെ  പ്രപഞ്ചത്തിൽ മുഴുവനും ഇന്നും ഇന്നലെയും നാളെയുമായി വ്യാപിച്ചു കിടക്കുന്ന മനുഷ്യ ജീവിതം എന്ന തുടർച്ചയെ കുറിച്ച് മാത്രമാണ്.  ജീവിച്ചിരുന്നത് പോലെയോ ചിലപ്പോൾ അതിലും സുന്ദരരോ സുന്ദരികളോ ആയി  മറ്റൊരു ലോകത്തേക്കുള്ള ചുവടു വെക്കാൻ അവരെ ഒരുക്കുന്ന  അവർ മരണത്തെയും ഒപ്പം ജീവിതത്തെയും അതിന്റെ യഥാര്ത രൂപത്തിൽ അംഗീകരിക്കാൻ നമ്മോടു പറയുകയാണ്‌

തന്റെ ഏക പുത്രി ചെറിയ പ്രായത്തിൽ തന്നെ മരിച്ചു പോയ ഒരു സുഹൃത്തുണ്ട് എനിക്ക്.  ആൾകൂട്ടത്തിനിടയിൽ നിന്ന് ഒഴിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ അവനോടു ഞാൻ ചോദിക്കണമെന്ന് വിചാരിച്ചു.  'നീ എങ്ങനെ ഈ വേദനയെ മറി കടന്നു'  എന്ന്.   പക്ഷെ എന്ത് കൊണ്ടോ എനിക്ക് അന്നത് ചോദിക്കാൻ പറ്റിയില്ല.  ഇനി ഒരിക്കലും ഞാൻ അവനോടു അത് ചോദിക്കയില്ല.  കാരണം ഇന്ന് എനിക്ക് അതിന്റെ കാരണം എന്തെന്ന് അറിയാം.

ചരിത്രാതീത കാലത്ത് ഭാഷകൾക്കും മുൻപുള്ള കാലത്ത് മനുഷ്യൻ ആശയ വിനിമയം നടത്തിയത് കല്ലിൻ കഷണങ്ങളിലൂടെ ആയിരുന്നു.  കൈകൾ മാറി മാറി ഉറ്റ വരിലേക്ക് എത്തിയ ഈ കല്ലുകളുടെ മൃദുത്വ തിലൂടെയോ പരു പരുപ്പിലൂടെ ആയിരുന്നു അന്ന് മനുഷ്യര് തങ്ങളുടെ വേണ്ടപ്പെട്ടവരുടെ വ്യഥകളും ആഹ്ലാദങ്ങളും അറിഞ്ഞു വന്നത്.  ഈ വ്യഥകളും ആഹ്ലാദങ്ങളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്നത് പോലെ മനുഷ്യ ജീവിതവും അനാദിയായ കാലത്തിൽ ഒരിക്കലും ഇല്ലാതായി പോകാതെ പടര്ന്നു കൊണ്ടെ ഇരിക്കുന്നു.

ടാകിരയുടെ സിനിമയിൽ മരണം എന്നത് ശവ കുടീരത്തിൽ നിന്ന് വരുന്ന ഉജ്വല പ്രകാശമാണ്.  അത് ആകാശത്ത് സ്വതന്ത്രമായി പറന്നു നടക്കുന്ന പറവകളിൽ അവസാനിക്കുന്നു (അവസാനിക്കുന്നില്ല)

ഇലകൾ കൊഴിയുന്നതും പുതു തളിരുകൾ വിടരുന്നതും നിത്യ സംഭവങ്ങളാണ്. പഴുക്കുന്നതിനു മുൻപേ കൊഴിയുന്ന ഇലകളാണ് നമ്മിൽ വേദന സൃഷ്ടിക്കുന്നത്.  പക്ഷെ അവയും അനന്തമായ കാലത്തിൽ അനിവാര്യങ്ങളായ സംഭവങ്ങൾ ആയിരുന്നെന്നും, ഒന്നും ഇവിടെ അവസാനിച്ചു പോകുന്നില്ല എന്നും എനിക്ക് തോന്നിച്ചു എങ്കിൽ ഇത് ഒരു മഹത്തായ ചിത്രം തന്നെ എന്ന് സംശയമില്ല

( departures (2008) -  yojiro takita  

Saturday, 8 August 2015

നാണയം (ലീഗൽ ടെണ്ടർ)

കോഴിയെ കൊടുത്തു ആടിനെ വാങ്ങുന്നതിന് ഒരു പരിമിതിയുണ്ട്.  ആടിനെ കൊടുക്കാൻ തീരുമാനിച്ചവന് കോഴിയെ വേണം എന്ന് നിര്ബന്ധം ഉണ്ടാകില്ല. മറിച്ചും.  അപ്പോൾ പരസ്പര പൂരകങ്ങളായ ആവശ്യങ്ങൾ ഉള്ളവർക്ക് ഇടയിൽ മാത്രമേ ബാർറ്റർ രീതി നേരിട്ട് നടപ്പാക്കാൻ പറ്റൂ.  അതിനുള്ള പരിഹാരമായി മനുഷ്യൻ കണ്ടെത്തിയവ ആകണം ചന്തകൾ.

നാണയ വ്യവസ്ഥിതി എന്നത് എന്തും വാങ്ങിക്കുന്ന ഒരു ഇട നിലക്കാരനെ പോലെ ആണ്. അയാൾക്ക്‌ വേണ്ടാത്തത് ഒന്നുമില്ല. എല്ലാറ്റിനെയും അത് നാണയവുമായി തുലനപ്പെടുത്തി വില നിശ്ചയിക്കുന്നു എന്ന് മാത്രം. വില ഇല്ലാത്തതിന്  കൂടി അവിടെ വിലയുണ്ട്‌.  അതിന്റെ വില ചിലപ്പോൾ പൂജ്യം ആയി പോകും എന്ന് മാത്രം.  വിനിമയത്തിൽ സ്വര്ണം പ്രാമുഖ്യം  നേടിയതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമതെത് അത് വളരെ വിരളമായി ലഭിക്കുന്ന ലോഹമായിരുന്നു എന്നുള്ളത് തന്നെ .  ആര്ക്കും കിട്ടാവുന്ന ലോഹങ്ങൾ നാണയമാകുമ്പോൾ,  കള്ള നാണയങ്ങൾക്ക് സാധ്യത കൂടും.. ഇന്നത്തെ കള്ള നോട്ടു  അടി പോലെ.  ഈട് നില്ക്കുന്ന ലോഹങ്ങൾ മാത്രം നാണയത്തിനു വേണ്ടി ഉപയോഗിക്കുക എന്നുള്ളത് അന്നത്തെ രീതി ആയിരിക്കണം.  ലോഹങ്ങളിൽ സ്വർണത്തെ പോലെ ഈട് നില്ക്കുന്നതും, സ്വര്ണം പോലെ വിരളമായതും, മറ്റു രാസ പ്രവർത്തികൾക്ക് വിമുഖത കാണിക്കുന്നതും ആയ ലോഹങ്ങൾ ചുരുക്കമാണ്. വിരളമെങ്കിലും അതിനു ലഭ്യതയും ഉണ്ടായിരുന്നു.  ഇത്തരം ഗുണങ്ങൾ കാണിക്കുന്ന അഞ്ചു ലോഹങ്ങൾ മാത്രമേ ഉള്ളൂ.  അവ റോഡിയം, പല്ലേടിയം, പ്ലാറ്റിനം , സിൽവർ, ഗോൾഡ്‌ ഇവയാണ്.  ഇതിൽ തന്നെ സിൽവർ  വളരെ വേഗം കരുവാളിച്ചു തിളക്കം നഷ്ടപ്പെട്ടു പോകുന്ന ലോഹമാണ്.  റോഡിയവും പല്ലെടിയവും കണ്ടു പിടിച്ചത് 1800 ഇൽ മാത്രമാണ്.  പക്ഷെ നാണയ വ്യവസ്ഥിതി അതിനു മുൻപേ ഉണ്ടായിരുന്നു.   പ്ലാറ്റിനം 3000 ഡിഗ്രി ഫാരൻഹീറ്റ് ചൂടിൽ മാത്രമേ ഉരുകുകയുള്ളൂ.  അത് കൊണ്ടു അത്രയും ചൂട് സൃഷ്ടിക്കാൻ കഴിയാതിരുന്ന പ്രാചീന കാലത്ത് അവ  കൊണ്ടു നാണയങ്ങൾ ഉണ്ടാക്കാൻ പ്രയാസമായിരുന്നു. സ്വാഭാവികമായും അത്തരം പരിമിതികളൊന്നും ഇല്ലാതിരുന്ന സ്വര്ണം അനായാസം സിംഹാസനത്തിൽ കയറി ഇരുന്നു.  നാണയം ആയുള്ള സ്വർണത്തിന്റെ പരിണാമത്തിലൂടെ ആകണം, സ്വര്ണം പിൽക്കാലത്ത്‌ രാജ ലോഹം എന്ന പദവി കയ്യടക്കിയത്.

ഒരു വിരള വസ്തു എന്ന നിലയിലും, തിളങ്ങുന്ന ലോഹം എന്ന നിലയിലും വില കല്പ്പിക്കപ്പെട്ട സ്വർണത്തിൽ നിന്ന്, വില ഇല്ലാത്ത കടലാസിലേക്ക് നാണയം പറിച്ചു നടപ്പെട്ടത് സ്വർണത്തിന്റെ വില ഇടിച്ചില്ല എന്നതാണ് സത്യം.

കടലാസ് പണത്തിനുള്ള പ്രത്യേകത എന്തെന്നാൽ , അതിന്റെ വില നാം സ്വയം തീരുമാനിച്ചതാണ് എന്നതത്രേ.  സ്വര്ണം നാണയം ആയിരുന്ന വേളയിൽ അത്തരം ഒരു പ്രശ്നം ഉണ്ടായിരുന്നില്ല.  നാണയം അല്ലാതിരുന്നാൽ കൂടി, വില ഉണ്ടായിരുന്ന ലോഹം ആയിരുന്നല്ലോ അന്നും സ്വര്ണം.  പക്ഷെ കടലാസ് പണത്തിന്റെ വില നിർണയിക്കാൻ ഒരു നിയമം തന്നെ ആവശ്യമായിരുന്നു.  അതായത് ഒരു ജാമ്യം.  അതായത് വിലയില്ലാത്ത ഒരു വസ്തുവാണ് ഞാൻ നിനക്ക് തരുന്നത് എങ്കിലും,  അതിനു പകരം,  എപ്പോൾ  ചോദിച്ചാലും ഞാൻ ഇത്രയും വിലയുള്ള സ്വർണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തന്നു കൊള്ളാം എന്നുള്ള ഉറപ്പു കൊടുക്കുന്ന , എല്ലാവർക്കും വിശ്വസിക്കാവുന്ന ആരെങ്കിലും.  അതാണ്‌ ഭരണ കൂടത്തിന്റെ ഒരു പ്രവർത്തി.  ഒരു ജനാധിപത്യ സംവിധാനത്തിൽ അതിനെ പൊതു ധാരണ എന്ന് പറയുന്നു.  അതിനെയാണ് നാം ലീഗൽ ടെണ്ടർ എന്ന് വിളിക്കുന്നത്‌. 

Monday, 3 August 2015

അങ്ങനെ അതും പോയി

പണ്ടൊരിക്കൽ ഞാൻ ആൽമഡോവരിന്റെ  'ലൈവ് ഫ്ലെഷ്' എന്ന സിനിമ ഒരു സദസ്സിലെ കുറെ മനുഷ്യരുടെ കൂടെ കാണുകയായിരുന്നു.  പെട്ടന്ന് സദസ്സിൽ ഒരാള് എഴുന്നേറ്റു നിന്ന് 'ഈ സിനിമ കാണിക്കാൻ പാടില്ല. ഇത് പോണ്‍ സിനിമയാണ് എന്ന് പറഞ്ഞു എഴുന്നേറ്റു പോയി.  അപ്പോൾ ഞാൻ അധെഹതോട് പറഞ്ഞു 'ഞാൻ പോണ്‍ സിനിമ കണ്ടിട്ടുണ്ട്.  അത് കണ്ടാൽ നിങ്ങള്ക്ക് മനസ്സിലാകും, ഇവിടെ കണ്ടത് അതല്ല എന്ന്.  ഇതിൽ ലൈങ്ങികത ഉണ്ടെന്നു ഞാൻ സമ്മതിക്കുന്നു.  പക്ഷെ ലൈങ്ങികതയെ ആണോ നാം പോണ്‍ എന്ന് വിളിക്കുന്നത്‌. ഇത്രയും ഉദാത്തമായ ഒരു സൃഷ്ടിയെ കുറിച്ച് നിങ്ങള്ക്ക് ഇങ്ങനെ പറയാൻ തോന്നിയത് എന്തെ?. പക്ഷെ അദ്ദേഹം അവിടെ നിന്നില്ല.

നാം ലൈങ്ങികതയെ അത്ര ഏറെ ഭയപ്പെടുന്നുണ്ടോ? എല്ലാവരും ആത്മാര്തമായി മറുപടി പറയണം.  'അയ്യേ വൃത്തികെട്' എന്നുള്ള രീതിയിലുള്ള ഉത്തരമല്ല എനിക്ക് വേണ്ടത്.  അത് നിങ്ങൾ മനസ്സ് കൊണ്ടു വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നാണു.  കുട്ടികള് ഇത് കാണരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞാനും  ആഗ്രഹിക്കുന്നു എന്നുള്ളത് ശരി തന്നെ.  പക്ഷെ വലിയവരായ നാം അതിനു പൂര്ണമായും എതിരാണോ.  നമ്മുടെ ഉള്ളിൽ പോണോ ഗ്രാഫിക് ചിന്ത തീരെ ഇല്ല എന്നാണോ നാം പ്രഖ്യാപിക്കാൻ പോകുന്നത്.  ഏറ്റവും ചുരുങ്ങിയത് എന്റെ കാര്യമെങ്കിലും അങ്ങനെ അല്ല. ഞാൻ മനസ്സില് പോണോ ഗ്രാഫിക് ചിന്തകൾ ഉള്ള മനുഷ്യനാണ്. ഈ വയസ്സ് കാലത്തും.  അത് വൃത്തികേടാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കിൽ , എന്നെ നിങ്ങള്ക്ക് വൃത്തികെട്ടവൻ എന്ന് വിളിക്കാം. അതിൽ എനിക്ക് ഒരു പരാതിയും ഇല്ല.

അമ്പലങ്ങളിലെ രതി ശില്പങ്ങൾ കണ്ടു പരിചയിച്ച ഒരു തലമുറ രതി ചിത്രങ്ങളെ കണ്ടു 'അയ്യോ വൃത്തികെട്' എന്ന് പറയുന്നതിൽ വല്ലാത്ത ഒരു ആത്മവഞ്ചന ഉണ്ട്.  കസാൻ സാക്കീസിന്റെ ഏതോ ഒരു ആഖ്യായികയിൽ, ഒരു വേശ്യ മാനസാന്തരപ്പെട്ടു നല്ല സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഗ്രാമ വാസികൾ ഒക്കെ വല്ലാതെ ഭയപ്പെട്ടു.  അവരൊക്കെ പറയാൻ തുടങ്ങി. ഇത് വരെ കാമ വേറിയന്മാരെ കൊണ്ടു ഒരു പ്രശനവും ഇല്ലായിരുന്നു.  പക്ഷെ ഇനി അങ്ങോട്ട്‌ നമുക്ക് നമ്മുടെ ഭാര്യമാരുടെയും മക്കളുടെയും സുരക്ഷ്ടിതത്വതെ കുറിച്ച് നാം കൂടുതൽ ബോധവാന്മാർ ആവേണ്ടി ഇരിക്കുന്നു.

എല്ലാ നാണയങ്ങൾക്കും രണ്ടു തലങ്ങൾ ഉണ്ട്