Sunday, 9 August 2015

വേർപാട്

ഒരു സിനിമ നല്ലതോ ചീത്തയോ എന്ന് ഞാൻ തീരുമാനിക്കുന്നത് എന്റെ ബുദ്ധിയിലൂടെ അല്ല . മറിച്ച് എന്റെ മനസ്സിലൂടെയാണ്.   സിനിമയിലെ എല്ലാ ഭാഗങ്ങളിലൂടെയും അത് എന്റെ മനസ്സിലേക്ക് പ്രവേശിക്കുകയാണ്.  എനിക്ക് നിർവചിക്കാനാവാത്ത എന്തോ ഒന്ന് അത് അവിടെ തീർത്തു വരികയാണ്. ഇപ്പോൾ എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല.  ഞാൻ ആകെ എന്തിനാലോ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്ന് അനങ്ങാനാവുന്നില്ല. സിനിമ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞാൻ ഇരിക്കുക തന്നെയാണ്.  ഇനിയും കുറച്ചു സമയത്തേക്ക് ഞാൻ എന്റെ ഇരിപ്പ് തുടരും.  ഒരു സിനിമയെ കുറിച്ചുള്ള എന്റെ നിരൂപണം ആരംഭിക്കുന്നത് ഇവിടെയാണ്‌. ഇവിടെ മാത്രമാണ്.  അത് അങ്ങനെ അല്ല എങ്കിൽ ഞാൻ എപ്പഴേ എഴുന്നേറ്റു വീട്ടിലേക്കു പോയിട്ടുണ്ടാവും.

ഒരു സിനിമ നമ്മളെ വല്ലാതെ ആകര്ഷിച്ചു എന്നതിന് അർഥം ആ സിനിമകളിൽ പാളിച്ചകൾ ഒട്ടും ഇല്ല എന്നല്ല.  ജീവിതത്തിലെത് പോലെ അവിടെയും ശ്രധിക്കപെടാത്ത പ്രമാദങ്ങൾ കടന്നു വരുന്നത് സ്വാഭാവികമാണ്.  പക്ഷെ വീണ്ടു വിചാരത്തിന്റെ നേരത്ത് അവ ഓരോന്നും നമ്മുടെ മുന്നില് ഉയര്ന്നു വരുന്നു.  ശവ ശരീരങ്ങളെ അണിയിച്ചൊരുക്കുക എന്ന തന്റെ വിധിയിൽ ഖിന്നനായ കഥാ നായകൻ ഒരു അരുവിക്കരികിൽ നിന്ന് ജല പ്രവാഹത്തിനെതിരെ നീന്തി തുടിച്ചു കൊണ്ടിരിക്കുന്ന സലമൊൻ മത്സ്യങ്ങളെ നോക്കിയിരിക്കെ അവയിലൊന്ന് ജല പ്രവാഹത്തിൽ ചത്ത്‌ പോന്തിയിരിക്കുന്നത് കാണുന്നു.   മുഴച്ചു നില്ക്കുന്ന ഇത്തരം ബിംബങ്ങൾ പലപ്പോഴും സിനിമയുടെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .

now grown cold but restored to beauty for all eternity this was done with a calmness and precision and above all with a gentle affection

ശവ ശരീരത്തെ അണിയിച്ചൊരുക്കുന്നതിനെ കുറിച്ചുള്ള ഈ വർണന മരണത്തെക്കാൾ വേദനാ ജനകമാണ് എന്ന് പറയാതെ നിവൃത്തിയില്ല .  ഭാവ ഗീതം പോലെ ഉള്ള തിരകഥയും അസാമാന്യമായ പാശ്ചാത്തല സംഗീതവും ഒരു പരിധിയിൽ അധികം ഒരു സിനിമയുടെ വിജയത്തിന് കാരണമാകുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  നടന്മാരുടെ ചെറിയ ചെറിയ കഴിവ് കേടുകൾ പോലും അവയ്ക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ദൈഗോ കൊബയാഷിയായി അഭിനയിച്ച മാഷിരോ മോടോകി അസാമാന്യമായ അഭിനയ പാടവം പ്രദർശിപ്പിച്ചു എന്ന് പറയാനേ പറ്റില്ല.  പലപ്പോഴും അദ്ധേഹത്തിന്റെ പ്രകടനങ്ങൾ മെലോഡ്രാമ പോലെ തോന്നുന്നു എങ്കിലും സിനിമയുടെ ആകപ്പാടെ ഉള്ള അന്തരീക്ഷത്തിൽ അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ഒരു സാധാരണ  ജപ്പാൻ കാരന്റെ ദൈനം ദിന ചേഷ്ടകളിൽ പോലും അത്തരം ഒരു അതിഭാവുകത്വം ഇല്ലേ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.  മറ്റുള്ളവരെ വന്ദിക്കാൻ വേണ്ടി അവർ നടത്തുന്ന ചില പ്രകടനങ്ങൾ നമ്മുടെ സംസ്കാരവുമായി ചേർത്ത് വച്ച് വായിക്കുമ്പോൾ അതി പ്രകടനങ്ങൾ അല്ലെ എന്ന് സംശയിച്ചു പോകും.

'ആരാച്ചാരുടെ ഒരു ദിനം' എന്ന സിനിമയ്ക്കു ശേഷമാണ് ഞാൻ യോജിരോ ടാകിതയുടെ 'വേർപാട്' എന്ന സിനിമ കാണാനിരിക്കുന്നത്.  മരണങ്ങളുടെ രണ്ടു വ്യത്യസ്ത മുഖങ്ങൾ എന്ന നിലയിൽ ഒരേ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകൾ ആണ് ഇവ എന്ന് പറയാമെങ്കിലും,  ആരാച്ചാരുടെ ദുർവിധി ജീവിക്കുന്നവന്റെ വേര്പാടിനു അകമ്പടി പോകുകയാണെങ്കിൽ,  കൊബയാഷിയുടെ വിധി അത്രയും ദാരുണമല്ല.  ഷുബെലിന്റെ 'ഗ്ലൂമി സണ്‍‌ഡേ' എന്ന സിനിമയിലെ വാക്കുകളാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്.  അവിടെ സാബൊ എന്ന കടക്കാരൻ, ആന്ദ്രാസ്  എന്ന പിയാനിസ്ടിനോട്‌ പറയുന്നത് ഇതാണ് 'ആരെങ്കിലും നിങ്ങളുടെ പാട്ട് കേട്ട് ആത്മഹത്യ ചെയ്തു എന്നല്ല നിങ്ങൾ ധരിക്കേണ്ടത്, മറിച്ച് ആത്മ ഹത്യചെയ്യാൻ തീരുമാനിച്ചുറച്ച ചിലരുടെ അവസാന കാലം നിങ്ങളുടെ പാട്ട് കുറെ കൂടെ സുന്ദരമാക്കി എന്നാണു' . ഏതാണ്ട് ഇതൊക്കെ തന്നെയാണ് കൊബായാഷി ചെയ്യുന്നതും.  മരിച്ചവന്റെ സ്വർഗത്തിലേക്കുള്ള  യാത്ര സുഗമമാക്കുക . അത് അത്ര ഏറെ ഭീകരമല്ല.  ഏറ്റവും ചുരുങ്ങിയത് ആരാച്ചാരുടെ പ്രവര്ത്തിയുടെ അത്രയെങ്കിലും.

ശവങ്ങളോടുള്ള നമ്മുടെ മനോഭാവം എന്താണ്.  പേടിയാണോ അറുപ്പാണോ ബഹുമാനമാണോ. എന്താണ്.  പണ്ടൊരിക്കൽ എന്റെ അമ്മ എന്നോട് വീടിന്റെ അടുത്തുള്ള ഒരാള് മരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു.  ശവം കാണാൻ പോകുമ്പോൾ നിന്റെ ചെറിയ മകളെ കൂടെ കൂട്ടുക.  ശവത്തിനെ നമസ്കരിക്കുക. മകളെ കൊണ്ടു ശവത്തെ തൊടുവിക്കുക. ഞാൻ അത് പോലെ ചെയ്തു എങ്കിലും, അമ്മ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിക്കുകയോ അമ്മ അത് പറയുകയോ ചെയ്തില്ല.  ഇന്നും ഞാൻ ഈ ഉപദേശം ചിലര്ക്ക് കൊടുക്കാറുണ്ട്. അർഥം അറിയാതെ.  ഒരു കുട്ടി,  മരണം എന്തെന്ന് ചെറിയ കാലത്ത് തന്നെ അറിയണം എന്ന് അമ്മക്ക് നിര്ബന്ധം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.  കുട്ടികളെ കുറിച്ച് സംസാരിക്കുന്നതിനു ഇടയിൽ തത്വ ചിന്തകനായ ഒരു ഐ പീ എസ്സ് കാരൻ പറഞ്ഞു 'നിങ്ങൾ കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങൾ എളുപ്പം പൊട്ടി പോകുന്നതാവണം. അവർ അത് പൊളിച്ചു കൊണ്ടെ ഇരിക്കണം. ജീവിതം ഇങ്ങനെ ഒക്കെ ആണ് എന്ന് അവർ ചെറുപ്പത്തിലെ അറിയണം.  അത് അവരെ ധീരരാക്കും'.

പക്ഷെ കൊബയാഷിയെ പോലെ ഉള്ള ശവ ജോലിക്കാർ അവിടെയും ഇവിടെയും  രണ്ടാം തരം തൊഴിലാളികൾ ആണ്.  ഒരിക്കൽ ഒരു ശവം ദഹിപ്പിക്കുന്ന നേരത്ത് ഇത്തരം ഒരു തൊഴിലാളി എന്നെ വിളിച്ചു ഇങ്ങനെ സ്വകാര്യം പറഞ്ഞു. 'നിനക്ക് ഞാൻ ഒരു സംഗതി കാണിച്ചു തരാം. നീ ഇവിടെ തന്നെ നിന്ന് കത്തുന്ന തീയിലേക്ക് നോക്കുക.  ഇവിടെ മരിച്ച ആളുടെ തലയാണ്.  അത് ചൂട് തട്ടിയാൽ പൊട്ടി തെറിച്ചു തലച്ചോർ പുറത്തേക്കു ഒഴുകുന്നത്‌ കാണാം. സൂക്ഷിച്ചു നോക്കുക' എന്ന്.  പക്ഷെ എനിക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി.  മരണത്തോടുള്ള ഈ നിസ്സംഗത ചിലപ്പോള ശവ തൊഴിലാളികളുടെ മാത്രം പ്രത്യേകത ആയിരിക്കും.  ഒരു ബാങ്ക് ഉദ്യോഗസ്ഥന് പണത്തോട് തോന്നുന്ന അതെ നിസ്സംഗത

ചില നേരങ്ങളിൽ ഞാൻ നമ്മുടെ  സംസ്കാരത്തെ ഓർത്ത് സന്തോഷിക്കുന്നത് അത് കൊണ്ടാണ്.  ഇന്നും ഇവിടെ ശവ ശരീരം ഒരു മര കഷണം മാത്രമായി ചിതയിൽ എരിഞ്ഞു പോകുന്നില്ല.  എന്റെ അച്ഛനെ എന്റെ സുഹൃത്തുക്കളെ മരിച്ചു പോയ എന്റെ എത്രയോ ബന്ധുക്കളെ,  ആ ചിതക്ക്‌ ശേഷവും ഞാൻ അനുധാവനം ചെയ്തു കൊണ്ടിരിക്കുകയാണ്.  അതാണ്‌ എന്റെ സംസ്കാരം  എന്നെ പഠിപ്പിച്ചത്.  എത്രയോ വർഷങ്ങൾ എത്രയോ യുഗങ്ങൾ നാം ആ ശവ ശരീരത്തെ ബഹുമാനിച്ചു കൊണ്ടെ ഇരിക്കുന്നു.  അത് കൊണ്ടാണ് ഇവിടെ ഒന്നും മരിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നത്.  ആ നിത്യതയാണ് നമ്മുടെ ശരീരം മറ്റുള്ളവർക്ക് പകുത്തു നൽകാനുള്ള ഒരു അസാധാരണമായ ഉൾവിളി നമ്മിൽ ഉയർത്തുന്നത്.  നിങ്ങളുടെ കണ്ണുകളിലൂടെ നിങ്ങളുടെ കരളുകളിലൂടെ, നിങ്ങൾ ഇവിടെ ഇട്ടേച്ചു പോയ ഒര്മ്മകളിലൂടെ നിങ്ങൾ എന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു.

വിശാലമായ ഒരു ഭൂവിഭാഗത്തിലെ വയലിലെ കൊച്ചു കുന്നിൽ ഇരുന്നു കൊണ്ടു സെല്ലൊ എന്ന സംഗീത ഉപകരണം വായിച്ചു കൊണ്ടിരിക്കുന്ന കൊബായാഷി എന്ന ചെറുപ്പ കാരൻ പറയുന്നത് മരണത്തിൽ അവസാനിച്ചു പോകുന്ന ജീവിതത്തിന്റെ കഥയല്ല.  തന്റെ സെല്ലോവിന്റെ നാദം പോലെ  പ്രപഞ്ചത്തിൽ മുഴുവനും ഇന്നും ഇന്നലെയും നാളെയുമായി വ്യാപിച്ചു കിടക്കുന്ന മനുഷ്യ ജീവിതം എന്ന തുടർച്ചയെ കുറിച്ച് മാത്രമാണ്.  ജീവിച്ചിരുന്നത് പോലെയോ ചിലപ്പോൾ അതിലും സുന്ദരരോ സുന്ദരികളോ ആയി  മറ്റൊരു ലോകത്തേക്കുള്ള ചുവടു വെക്കാൻ അവരെ ഒരുക്കുന്ന  അവർ മരണത്തെയും ഒപ്പം ജീവിതത്തെയും അതിന്റെ യഥാര്ത രൂപത്തിൽ അംഗീകരിക്കാൻ നമ്മോടു പറയുകയാണ്‌

തന്റെ ഏക പുത്രി ചെറിയ പ്രായത്തിൽ തന്നെ മരിച്ചു പോയ ഒരു സുഹൃത്തുണ്ട് എനിക്ക്.  ആൾകൂട്ടത്തിനിടയിൽ നിന്ന് ഒഴിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ അവനോടു ഞാൻ ചോദിക്കണമെന്ന് വിചാരിച്ചു.  'നീ എങ്ങനെ ഈ വേദനയെ മറി കടന്നു'  എന്ന്.   പക്ഷെ എന്ത് കൊണ്ടോ എനിക്ക് അന്നത് ചോദിക്കാൻ പറ്റിയില്ല.  ഇനി ഒരിക്കലും ഞാൻ അവനോടു അത് ചോദിക്കയില്ല.  കാരണം ഇന്ന് എനിക്ക് അതിന്റെ കാരണം എന്തെന്ന് അറിയാം.

ചരിത്രാതീത കാലത്ത് ഭാഷകൾക്കും മുൻപുള്ള കാലത്ത് മനുഷ്യൻ ആശയ വിനിമയം നടത്തിയത് കല്ലിൻ കഷണങ്ങളിലൂടെ ആയിരുന്നു.  കൈകൾ മാറി മാറി ഉറ്റ വരിലേക്ക് എത്തിയ ഈ കല്ലുകളുടെ മൃദുത്വ തിലൂടെയോ പരു പരുപ്പിലൂടെ ആയിരുന്നു അന്ന് മനുഷ്യര് തങ്ങളുടെ വേണ്ടപ്പെട്ടവരുടെ വ്യഥകളും ആഹ്ലാദങ്ങളും അറിഞ്ഞു വന്നത്.  ഈ വ്യഥകളും ആഹ്ലാദങ്ങളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്നത് പോലെ മനുഷ്യ ജീവിതവും അനാദിയായ കാലത്തിൽ ഒരിക്കലും ഇല്ലാതായി പോകാതെ പടര്ന്നു കൊണ്ടെ ഇരിക്കുന്നു.

ടാകിരയുടെ സിനിമയിൽ മരണം എന്നത് ശവ കുടീരത്തിൽ നിന്ന് വരുന്ന ഉജ്വല പ്രകാശമാണ്.  അത് ആകാശത്ത് സ്വതന്ത്രമായി പറന്നു നടക്കുന്ന പറവകളിൽ അവസാനിക്കുന്നു (അവസാനിക്കുന്നില്ല)

ഇലകൾ കൊഴിയുന്നതും പുതു തളിരുകൾ വിടരുന്നതും നിത്യ സംഭവങ്ങളാണ്. പഴുക്കുന്നതിനു മുൻപേ കൊഴിയുന്ന ഇലകളാണ് നമ്മിൽ വേദന സൃഷ്ടിക്കുന്നത്.  പക്ഷെ അവയും അനന്തമായ കാലത്തിൽ അനിവാര്യങ്ങളായ സംഭവങ്ങൾ ആയിരുന്നെന്നും, ഒന്നും ഇവിടെ അവസാനിച്ചു പോകുന്നില്ല എന്നും എനിക്ക് തോന്നിച്ചു എങ്കിൽ ഇത് ഒരു മഹത്തായ ചിത്രം തന്നെ എന്ന് സംശയമില്ല

( departures (2008) -  yojiro takita  

No comments:

Post a Comment