Sunday, 31 January 2016

വിവാഹം എന്ന പരിപാവനമായ ഈ സ്ഥാപനം തകരുകയാണോ

ആരെങ്കിലും തോറ്റു കൊടുക്കാത്ത ഇടത്ത് ദാമ്പത്യം വിജയിക്കില്ല എന്നുള്ളത് ശരിയാണോ.  എന്റെ അഭിപ്രായം അതല്ല. ഇത് തോൽവിയുടെയും ജയത്തിന്റെയും പ്രശ്നം അല്ല.  സ്ഥിരമായി ഒരാള് മാത്രം തോറ്റു കൊടുക്കുന്നതിലുള്ള പ്രതിഷേധം മാത്രമാണ്.  സ്ത്രീ,  സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനു മുൻപേ ഉള്ള കാലത്ത് സ്ത്രീകള് ഇത്തരം തോറ്റു കൊടുക്കലുകളെ സമ്മതിച്ചു പോന്നിരുന്നു.  പക്ഷെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീ അതിനു നിന്ന് തരുമെന്ന് തോന്നുന്നില്ല.  ഈ ഒരു സംഘര്ഷവും ഈഗോ പ്രശ്നവും ആണ് മിക്ക ദാമ്പത്യ ബന്ധങ്ങളെയും തകര്ക്കുന്നത്.  പോരാത്തതിന് പല സ്ത്രീകളും പുരുഷരും, തങ്ങൾക്കു വിവാഹ ബന്ധത്തിന് പുറത്തും സാധ്യതകൾ ഉണ്ടെന്നു മനസ്സിലാക്കി വരുന്നു.  പെട്ടന്ന് കേൾക്കുമ്പോൾ നമുക്ക് അത് ശരിയാണ് എന്ന് സമ്മതിക്കാൻ വിഷമം തോന്നുമെങ്കിലും,  അത് ഒരു നഗ്ന യാതാര്ത്യമാണ്.  പുരുഷനും സ്ത്രീയും അവരുടെ അപാര സാധ്യതകൾ മെല്ലെ മെല്ലെ മനസ്സിലാക്കി വരുന്നു. പാശ്ചാത്യന്റെ ലൈംഗിക സ്വാതന്ത്ര്യം വലിയ ഒരളവു വരെ നമ്മുടെ സമൂഹത്തെ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു.  അത് അപകടമാണോ അല്ലയോ എന്നതിനേക്കാൾ വലിയ പരമാര്തം, അത് ദാമ്പത്യം എന്ന ഇന്നത്തെ സ്ഥാപനത്തെ പ്രതിലോമകരമായി ബാധിക്കും എന്നുള്ളതാണ്.

മനുഷ്യന്റെ ലൈങ്ങികത ഇന്ന് ഒരു വല്ലാത്ത പ്രതിസന്ധിയിൽ എത്തി നില്ക്കുകയാണ്.  പുന സൃഷ്ടിക്കു വേണ്ടി മാത്രമായി പ്രകൃതി മനുഷ്യനിൽ കനിഞ്ഞു നല്കിയ പ്രവര്ത്തി,  ഇന്ന് അതിന്റെ പ്രാഥമിക ധര്മം നിർവഹിക്കുന്നത് വളരെ ചെറിയ കാല അളവിൽ മാത്രമാണ്.  അതിനു ശേഷം ഈ പ്രവര്ത്തി, സൃഷ്ടി പരതയിൽ നിന്ന് വേര്പെട്ടു  മറ്റൊരു ആർഭാടമായി  പരിണമിക്കുന്നു .  എല്ലാവരും ആസക്തിയോടെ അഭിലഷിക്കുന്ന അപകടകരമായ ഒരു ആർഭാടം.  ജനാധിപത്യത്തിനു മുൻപേ, ശക്തിയുള്ളവന്റെ ഈ ആർഭാടത്തിന് പരിധി ഇല്ലായിരുന്നു.  രാജാക്കളും പ്രഭുക്കളും എങ്ങനെ ജീവിച്ചു എന്ന് നമുക്ക് അറിയാം.  ജനാധിപത്യത്തിലും,  സാമ്പത്തിക സൌഭാഗ്യത്തിന്റെ മേലെ തട്ടിലുള്ളവരും, ശക്തരും   ഇന്നും ഒരു പരിധിവരെ ഈ രീതി പിന്തുടരുന്നു.  നമ്മൾ അവരെ എതിർക്കുന്നു  എങ്കിൽ അത് മനസ്സ് തുറന്നു കൊണ്ടുള്ള എതിര്പ്പ് അല്ല.  നമ്മൾ അത്തരം ഒരു പരിതസ്ഥിതിയിൽ നിന്ന് അകന്നു പോയല്ലോ എന്നുള്ള പരിതാപത്തിൽ നിന്ന് ഉയിര്കൊണ്ട എതിര്പ്പ് മാത്രമാണ് അത്.

ഇന്നത്തെ ദാമ്പത്യ രീതി എന്നത് മനുഷ്യന്റെ ജന്മ വാസനയ്ക്ക് എതിരെ  പുരുഷൻ പടുത്തുയർത്തിയ രീതി ആയിരുന്നു.  തനിക്കു ഉള്ളു കൊണ്ടു താല്പര്യമില്ലാത്ത ഒരു വ്യവസ്ഥിതിയിലേക്ക് പുരുഷൻ എത്തിപ്പെട്ടത് എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു.

ലോകത്തേക്ക് തുറന്നിടപ്പെടുന്ന മനസ്സ് ലോകത്തിൽ നിന്ന് പലതും പഠിക്കും.  അവയൊക്കെ  മെല്ലെ മെല്ലെ സ്വായത്ത മാക്കുകയും ചെയ്യും.  നമ്മൾ പാശ്ചാത്യനിൽ നിന്ന് കടമെടുത്തു കൊണ്ടിരിക്കുന്നത് ഒരു ജീവിത രീതിയാണ്.  അത് ഭാഗികമായ ഒരു പകർത്തൽ അല്ല.  ഇത് മതി അത് വേണ്ട എന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുകൾക്കു അവിടെ വലിയ പ്രസക്തി ഉണ്ട് എന്ന് തോന്നുന്നില്ല.  അവർ ചെയ്യുന്നതൊക്കെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ തന്നെ ആണ്.  വൃദ്ധ മനസ്സുകൾ അതിനു എതിര് നില്ക്കും എന്നുള്ളത് മാത്രമാണ് പ്രശ്നം.  പക്ഷെ ഒരു തലമുറ കഴിയുമ്പോൾ അതൊക്കെ മാറി വരും.  മാറ്റത്തിന്റെ ഈ കഥ അങ്ങനെ തുടർന്ന് കൊണ്ടെ ഇരിക്കും.

Monday, 18 January 2016

ശേഖരൻ

എന്റെ വീടിന്റെ അടുത്തുള്ള സ്റ്റാമ്പ്‌ ശേഖരിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അമ്മ പറയും അവനു വട്ടാണ് എന്ന്.  സ്റ്റാമ്പ്‌ മാത്രമല്ല ജനങ്ങള് പലതും ശേഖരിക്കുന്നുണ്ട്. നാണയം, പഴയ വസ്തുക്കൾ,  പഴയ കാല ചിത്രങ്ങൾ, പുസ്തകങ്ങൾ,  പാട്ടുകൾ,  കലാ ശില്പങ്ങൾ  അങ്ങനെ പലതും. കൂട്ടത്തിൽ വേണമെങ്കിൽ പണത്തെയും പെടുത്താം.  ഇങ്ങനെ വസ്തുക്കൾ ശേഖരിക്കുന്നത് വട്ടാണോ.  പ്രത്യേകിച്ചും ഇവയെ കൊണ്ടു പ്രകടമായ സാമ്പത്തിക ലാഭങ്ങൾ ഒന്നുമില്ല എന്ന് വരുമ്പോൾ.

എന്ത് കൊണ്ടാണ് പല മനുഷ്യരും ഇത്തരത്തിലുള്ള ശേഖരണ വ്യഗ്രത കാണിക്കുന്നത് എന്നതിനെ കുറിച്ച് പല മന ശാസ്ത്രഞ്ജരും പഠനം നടത്തിയിട്ടുണ്ട്.  ഏതോ ഒരു പുരാവസ്തു കച്ചവടക്കാരാൻ പറഞ്ഞത് പോലെ ഇന്ന് കുറഞ്ഞ വിലക്ക് വാങ്ങി നാളെ കൂടിയ വിലക്ക് വിൽക്കാം എന്നുള്ള മനോഭാവം അല്ല തീര്ച്ചയായും അത്തരം ആളുകളെ ഭരിക്കുന്നത്‌ എന്ന് അവരെ പരിചയപ്പെട്ടാൽ നമുക്ക് മനസ്സിലാകും.  അവരെ നിയന്ത്രിക്കുന്നത്‌ സമ്പത്തിനു ബാഹ്യമായ ചില കാരണങ്ങൾ ആണ് എന്ന് ഞാൻ കരുതുന്നു. അവരെ എന്ന് പറഞ്ഞത് പൂര്ണമായും ശരിയും അല്ല.  കാരണം നാമും ചെറിയ തോതിൽ ഇത്തരം ശേഖരണ വ്യഗ്രത കാണിക്കുന്നുണ്ട്.  മറ്റുള്ളവർ അതിനു വേണ്ടി കൂടുതൽ സമയവും അധ്വാനവും ചിലവിടുന്നു എന്ന് മാത്രം.

സുരക്ഷിതത്വത്തിന് വേണ്ടി തന്റെ ചുറ്റുമുള്ള വസ്തുക്കളിൽ അള്ളി പിടിക്കുന്നത്‌ ശിശു സ്വഭാവമാണ്.  അമ്മയുടെ മാറിടം മുതൽ തന്റെ പുതപ്പു വരെ  കുട്ടിയെ സംബന്ദിച്ചു സുരക്ഷിത കവചമാണ്.  കുട്ടിയെ ഉറക്കാൻ മരപ്പാവ മൃഗങ്ങളെ കൊടുക്കുന്ന  അമ്മമാർക്കും  കുട്ടിയുടെ ഈ വാഞ്ചയും സുരക്ഷിത ബോധവും അറിയാം.  ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിലൂടെ ഒരു കുട്ടിക്ക് ഒരു തരം സുരക്ഷിത ബോധം ഉണ്ടാകുന്നു എന്ന് സാരം.

ശേഖരണത്തെ കുറിച്ച് ഫ്രോയിഡ് പറഞ്ഞതു മറ്റൊരു കാര്യമാണ്.  അദ്ദേഹം,  അത് ബാലാവസ്ഥയിൽ ഒരു കുട്ടിക്ക് തന്റെ വിസർജ്യത്തോട്‌ തോന്നുന്ന ഒരു തരം അറുപ്പിൽ നിന്ന് ഉത്ഭവിച്ചതാണ് എന്ന് പറയുന്നു.  അത് കൊണ്ടു അവ പുറത്തേക്കു വമിപ്പിക്കുന്ന പ്രക്രിയയെ പ്രതിരോധിക്കാൻ കുട്ടി ശ്രമിച്ചു കൊണ്ടെ ഇരിക്കുന്നു. ശേഖരണം ജീവിതത്തിൽ ആദ്യമായി മനുഷ്യൻ പ്രയോഗിക്കുന്നത് ബാല്യാവസ്ഥയിൽ ആണ് സാരം.  ഈ ഘട്ടത്തെ തരണം ചെയ്യാനാവാതെ മാനസിക വളര്ച്ചയുടെ ഒരു ഭാഗം ഈ ഘട്ടത്തിൽ തളച്ചിട പ്പെടുന്നവരിൽ വസ്തു പ്രേമം അധികരിചിരിക്കും എന്നും, അവ ശേഖരിച്ചു വെക്കാനുള്ള പ്രവണത വര്ധിചിരിക്കും എന്നും ഫ്രോയിഡ് പറയുന്നു.  അദ്ധേഹത്തിന്റെ കാഴ്ചപ്പാടിൽ ശേഖരിക്കാനുള്ള ഈ പ്രവണത ഒരു മാനസിക അപഭ്രംശം തന്നെയാണ്.  അങ്ങനെ എങ്കിൽ നമ്മുടെ സമൂഹം അപ്പാടെ അത്തരം ഒരു മാനസിക അപഭ്രംശ ത്തിനു അടിപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും.

Sunday, 10 January 2016

പ്രേമ വിവശനായി നില്ക്കുന്ന ഒരു മനുഷ്യന്റെ കുറിപ്പുകൾ

സ്നേഹം എന്നത് ഒരു പ്രവർത്തിയാണ്. കേവലമായ ഒരു വൈകാരിക പ്രക്രിയയല്ല . ഒന്നിച്ചു നിൽക്കലാണ് അല്ലാതെ ഒന്നിലേക്ക് വീഴൽ അല്ല. ഒരു പ്രക്രിയ എന്ന നിലയിലുള്ള സ്നേഹത്തിന്റെ യഥാര്ത നിർവചനം, അത് എന്നിൽ ഉള്ള എന്തോ ഒന്ന് മറ്റൊരാൾക്ക് കൊടുക്കലാണ് അല്ലാതെ മറ്റൊരാളിൽ ഉള്ള എന്തോ എന്ന് സ്വീകരിക്കൽ അല്ല.  (ഈ . ഫ്രം )

സ്നേഹത്തിനെ കുറിച്ചുള്ള നമ്മുടെ ധാരണ പല തലങ്ങളിൽ പല രീതിയിൽ ആണ്.  എനിക്ക് അമ്മയോടും പെങ്ങളോടും സ്നേഹമുണ്ട്.  നിങ്ങൾ പറഞ്ഞത് പോലെ ഉള്ള പരിശുദ്ധമായ സ്നേഹം.  പക്ഷെ മറ്റൊരു സ്ത്രീയുടെ നേർക്ക്‌ തോന്നുന്ന എന്റെ സ്നേഹത്തിനു മറ്റൊരു പേരാണ്.  അതിനെ ആണ് ഞാൻ പ്രേമം എന്ന് വിളിക്കുന്നത്‌.  ഒരേ പ്രക്രിയകൾ ആയ ഇവയെ വേര്തിരിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ് എന്ന് ഞാൻ കരുതുന്നു.  അന്യ സ്ത്രീയോട് എനിക്ക് തോന്നുന്ന സ്നേഹം കാമത്താൽ പങ്കിലമാക്കപ്പെട്ടിരിക്കുന്നു.

സ്നേഹം എന്ന ഈ ഉദാത്ത പ്രക്രിയ എന്നിൽ നിന്ന് ഉത്ഭവിക്കുന്നത് ആണെങ്കിൽ അതിനര്ത്ഥം ലോകത്ത് ഞാൻ ഏകനായി പോയാലും ഈ ഉദാത്ത വികാരം എന്നിൽ നിറഞ്ഞു നില്ക്കുന്നു എന്ന് തന്നെയാണ്.  അതായത് സ്വീകര്താക്കളെ കുറിച്ച് ഞാൻ ഒരിക്കലും ബോധവാൻ ആകുന്നില്ല എന്ന്.  എന്റെ സ്നേഹം സ്വീകരിക്കുന്നവൻ ഭീകരനായാലും വിരൂപൻ ആയാലും നന്മ നിറഞ്ഞവൻ ആയാലും അവയൊന്നും എന്റെ സ്നേഹത്തെ ഒരു തരത്തിലും ബാധിക്കാൻ പാടില്ലാത്തതാണ്. എന്തെന്നാൽ എന്നിലെ സ്നേഹം എന്റെ ഗുണം മാത്രമാണ്. മൂനാമതൊരാളല്ല അത് നിയന്ത്രിക്കുന്നത്‌.  നീയാണ് എന്നിൽ പ്രേമം എന്ന വികാരം ഉണർത്തിയത് എന്ന് നാം ഒരാളോട് പറയുമ്പോൾ, പ്രേമം എന്ന ഈ മഹത്തായ വികാരം വഞ്ചിക്കപ്പെടുന്നു.  മറ്റൊരാളാണ് എന്നെ പ്രേമം നിയന്ത്രിക്കുന്നത്‌ എന്ന് വരുന്നു.  അത് ഒരു അടിമത്ത പ്രക്രിയയാണ്.  തികഞ്ഞ സ്വാതന്ത്ര്യത്തിൽ വർത്തിക്കേണ്ട പ്രേമം എന്ന വികാരത്തിന് വിരുദ്ധമാണ് അത്.  സ്നേഹം ഒരു പകർച്ച വ്യാധി പോലെ ആണ്.  എന്നിലുള്ള സ്നേഹം യതാർതമെങ്കിൽ അത് എന്നെ ചൂഴുന്നവരും മനസ്സിലാക്കുകയും അവർ അത്  സ്വീകരിക്കുകയും ലോകത്ത് മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ദേസ്തോ വിസ്കി എവിടെയോ ഒരിടത്ത് പറഞ്ഞു.  ഈ ലോകത്ത് സ്നേഹം ഇല്ല എന്നതല്ല പ്രശ്നം,   അത് സ്വീകരിക്കാൻ ആളുകള് കുറവാണ് എന്നുള്ളതാണ് എന്ന് .  ശരിക്കും ഫ്രം പറഞ്ഞത് അതിന്റെ തിരിച്ചിട്ട രൂപമാണ്.  എല്ലാവരിലും സ്നേഹം നിറഞ്ഞു നില്ക്കുന്നു. പക്ഷെ ആരും അത് കൊടുക്കാൻ തയാറാകുന്നില്ല.  ഇത്  വസ്തുക്കളുടെ നേരെ നാം ഇന്ന് കാണിക്കുന്ന മനോഭാവം തന്നെ ആണ്.  പലരുടെയും കയ്യിൽ വസ്തുക്കൾ കുമിഞ്ഞു നില്ക്കുന്നു .  പക്ഷെ അവർ അതൊക്കെയും ഒരു വലിയ മതിലിനുള്ളിൽ സുരക്ഷിതമായി  സൂക്ഷിച്ചിരിക്കുന്നു. മറ്റാരെയും കൈ കൊണ്ടു തൊടാൻ അനുവദിക്കാതെ.  കുമിഞ്ഞു കൂടിയ വസ്‌തുക്കൾ ഉപയോഗിക്കപ്പെടാതെ നശിക്കുന്നത് പോലെ നമ്മുടെ ജീവിതകാലത്ത് നമ്മിൽ കുമിഞ്ഞു കൂടി കിടക്കുന്ന അളവറ്റ സ്നേഹവും നാം ഓരോരുത്തരും ഉപയോഗിക്കാതെ നശിക്കാൻ വിടുന്നു.  എന്റെ വസ്തു എന്റെ വീട്ടുകാര് സ്വീകരിച്ചാൽ മതി എന്ന് ഞാൻ ധരിക്കുന്നത് പോലെ എന്റെ സ്നേഹവും ഈ പ്രപഞ്ചവുമായി പങ്കിടാൻ ഞാൻ തയ്യാറാവുന്നില്ല.  അത്  പങ്കിടാതിരിക്കാൻ ഞാൻ പല ന്യായീകരണങ്ങളും കണ്ടെത്തുന്നു.  എന്റെ സ്നേഹം അത് സ്വീകരിക്കാൻ യോഗ്യരായ ചുരുക്കം ചിലര്ക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞത് പോലെ.  മഹത്തായ സ്നേഹത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളും ഒരു സ്വകാര്യ സ്വത്തിനോട്‌ എന്നുള്ളത് പോലെ പങ്കിലമായി പോയിരിക്കുന്നു 

Wednesday, 6 January 2016

അകൽച്ചയുടെ തത്വ ശാസ്ത്രം

മനുഷ്യന്റെ മാനസിക സമനിലയെ കുറിച്ചുള്ള വ്യക്തമായ പഠനങ്ങൾ നടത്തിയ പ്രതിഭകൾ ആയിരുന്നു മാർക്സും ഫ്രോയിഡും.  മാർക്സ് , സമൂഹത്തിലെ ഒരു ബിന്ദു എന്ന നിലയിൽ മനുഷ്യനെ അപ്ഗഗ്രതിച്ചപ്പോൾ,  ഫ്രോയിഡ് അവന്റെ വ്യക്തി പരമായ അസ്വസ്ഥതകളെ കുറിച്ച് പഠനം നടത്തി.  മനുഷ്യൻ അവന്റെ ഈദിപസ് കൊമ്പ്ലക്സിനെ അതിജീവിക്കാൻ പര്യാപ്തനായില്ലെങ്കിൽ അവനിൽ മാനസിക വളര്ച്ച മുട്ടി പോകുന്നു എന്ന് ഫ്രൊഇദ് കണ്ടെത്തി.  മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ അവന്റെ ബാല ചാപല്യങ്ങളിൽ നിന്ന് പുറത്തു കടക്കാത്ത കാലത്തോളം അവനു മാനസിക വളര്ച്ച അപ്രാപ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.  ബാല മനസ്സിലെ ആസക്തികളും ആശങ്കകളും സ്വപ്നങ്ങളും ,  മുതിര്ന്ന മനസ്സിനെ കീഴടക്കുന്ന  വേളയിൽ മനുഷ്യന്റെ സമ നില തെറ്റുന്നു

പക്ഷെ മാർക്സിന്റെ പഠനം മറ്റൊരു രീതിയിൽ ഉള്ളതായിരുന്നു. അദ്ധേഹത്തിന്റെ പഠനം അകൽച്ച എന്ന പ്രതിഭാസത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു.  ശരിക്കും പറഞ്ഞാൽ ഹെഗലിന്റെ സിദ്ധാന്തത്തിന്റെ തുടര്ച്ച മാത്രമായിരുന്നു ഇത്.  ഈ ലോകവും അതിലെ സകല വസ്തുക്കളും, താൻ തന്നെയും തന്നിൽ നിന്ന് അന്യമായി പോകുന്ന അവസ്ഥയെ ആണ് അദ്ദേഹം അകൽച്ച എന്ന ഈ സംജ്ഞ കൊണ്ടു ഉദ്ദേശിച്ചത്.  തന്റെ പ്രവര്ത്തികളുടെ , തന്റെ ചിന്തകളുടെ, തന്റെ വികാരങ്ങളുടെ , ഗുണഭോക്താവ് എന്ന രീതിയിൽ തന്നെ അറിയുന്നതിന് പകരം, തന്റെ ഉണ്മയുടെ ഭാഗങ്ങളായ അവയൊക്കെയും തികച്ചും ബാഹ്യങ്ങളായ സ്ഥാപനങ്ങൾ ആണെന്നത് പോലെ ആണ് അവൻ പ്രതികരിക്കുന്നത്.  തന്റെ സ്വന്തം സൃഷ്ടികളായ അവയ്ക്ക് മുന്നിൽ കീഴടങ്ങി കൊണ്ടാണ് അവൻ അവയുമായി ബന്ധപ്പെടുന്നത്.,

ചരിത്രത്തിന്റെ  സൃഷ്ടിയായ ദൈവം  , മനുഷ്യനിൽ നിന്ന് അന്യം നില്ക്കുന്ന സ്വന്തം സ്വത്വം തന്നെ ആണെന്ന് ഹെഗൽ പറഞ്ഞു.  ചരിത്രത്തിന്റെ ഈ ഒരു ദശാ സന്ധിയിൽ, ദൈവം മനുഷ്യനിൽ നിന്ന് വേര്പെട്ടു മറ്റൊരു അസ്തിത്വമായി രൂപ പെടുന്നു.  ഹെഗലിനെ തലകീഴായി മറിച്ച ഫുയർബാക്ക് അതിനെ ഇപ്രകാരം നിർവചിച്ചു. ദൈവം എന്നത് മനുഷ്യന്റെ സദ്‌ ഗുണങ്ങളുടെയും ശക്തിയുടെയും ആകെ തുകയെ ബാഹ്യമായ ഒരു ബിംബത്തിൽ ആവേശിപ്പിച്ചു കൊണ്ടു സൃഷ്ടിക്കപ്പെട്ടതാണ്.  അങ്ങനെ ബിംബ രൂപത്തിൽ നില കൊള്ളുന്ന ഈ സ്ഥാപനവുമായി മനുഷ്യൻ സായൂജ്യം പ്രാപിക്കുന്നത് അതിന്റെ മുന്നിൽ കുമ്പിട്ടു കൊണ്ടാണ്.  ദൈവത്തിന്റെ ഈ ബാഹ്യ ബിംബം എത്രമാത്രം ശക്തമാകുന്നോ അത്ര മാത്രം മനുഷ്യൻ ദുർബലൻ ആകുന്നു.

മനുഷ്യന്റെ സൃഷ്ടികൾ തന്നെയായ യന്ത്രങ്ങളുടെ നേരെ ഉള്ള  മനുഷ്യന്റെ പെരുമാറ്റവും സമാന രീതിയിൽ ആണെന്ന് കാണുവാൻ വിഷമമില്ല.  യന്ത്രങ്ങൾ മനുഷ്യന്റെ കൂട്ടി ചേർക്ക പ്പെട്ട കൈകൾ മാത്രമാണ് . അവ അവന്റെ സഹായി മാത്രമാണ്.  പക്ഷെ യന്ത്രങ്ങളുടെ വളര്ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, അവ മനുഷ്യനെ സഹായിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ എന്നതിന് ഉപരി മനുഷ്യനെ അടിമപ്പെടുത്തുന്ന ഒരു സ്ഥാപനമായി പരിണമിക്കുന്നു.  മേലെ നിർവചിച്ചത്‌ പോലെ യന്ത്രങ്ങൾ എത്രമാത്രം ശക്തങ്ങളാകുന്നോ അത്രമാത്രം മനുഷ്യൻ ദുർബലൻ ആകുന്നു.  കുറച്ചു കൂടെ വ്യക്തമായ ഒരു ഉദാഹരണമായി നമുക്ക് വര്ത്തമാന കാലത്തെ കമ്പ്യൂട്ടർ എന്ന യന്ത്രത്തെ  വിശകലനം ചെയ്യാം.  മനുഷ്യന്റെ ഓര്മ്മ ശക്തിയും നിർദാരണ ശേഷിയും  ബാഹ്യമായ ഒരു യന്ത്രത്തിൽ ആവെശിപ്പിച്ചതാനല്ലോ കമ്പ്യൂട്ടർ.  കമ്പ്യൂട്ടർ നമ്മുടെ പല ഗുണങ്ങളെയും സ്വായത്തമാക്കിയിരിക്കുന്നു. ഇനി അങ്ങോട്ട്‌ നാം നമ്മുടെ ഭാഗങ്ങൾ ആയിരുന്ന ഇത്തരം ഗുണങ്ങളെ അറിയുന്നത് കമ്പ്യൂട്ടർ എന്ന ഈ യന്ത്രത്തിന് മുന്നിൽ കുമ്പിട്ടു കൊണ്ടാണ്.  മനുഷ്യൻ എന്ന നിലയിൽ ഇനി നമുക്ക് ഓര്മ്മ ശക്തിയോ നിർദാരണ ശേഷിയോ ആവശ്യമില്ല.  ഇനി അങ്ങോട്ട്‌ നാം വളരുന്നത്‌, ഇത്ര നാളും നമ്മുടെ തന്നെ ഭാഗമായിരുന്ന ഇത്തരം ഗുണങ്ങൾ ഇല്ലാതെ ആണ്.   വര്ത്തമാന കാല മനുഷ്യൻ ഓര്മ്മ ശക്തിയും നിർദാരണ ശേഷിയും കുറവുള്ള മനുഷ്യൻ ആണെന്ന് നമുക്കൊക്കെ അറിയാം. ഒന്ന് ഗുണിതം ഒന്ന് എത്രയാണ് എന്ന് അറിയുന്നതിന് പോലും ഇന്നും പലര്ക്കും കമ്പ്യൂട്ടർ ആവശ്യമായി വന്നിരിക്കുന്നു. ദൈവത്തിന്റെ അടിമയായതിനു തുല്യമായ രീതിയിൽ നാം ഇവിടെ ഒരു യന്ത്രത്തിന്റെ അടിമ ആയി തീര്ന്നിരിക്കുന്നു.  വിമാനങ്ങൾ കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ മനുഷ്യൻ ഒരു കാലത്ത് പറക്കുമായിരുന്നു എന്ന് ഞാൻ ഒരിടത്ത് പറഞ്ഞത് അത് കൊണ്ടാണ്.

Monday, 4 January 2016

പിതാവിന്റെ ഗീതം

അതിർത്തി കടന്നു ജെർമനിയിലേക്ക് പോകുന്ന തീവണ്ടി സ്റ്റെഷൻ വിടാറായി.  വോളയും അലക്സാന്ദരും ഓടി കിതച്ചു തീവണ്ടിക്കരികിൽ നിന്നു.  ഇടയ്ക്കു കയറി വന്ന ഒരു സ്വപ്നം അവരുടെ യാത്രാ മോഹങ്ങൾക്ക് കൂച്ച് വിലങ്ങിട്ടു.  അവരില്ലാതെ വണ്ടി ചലിക്കാൻ തുടങ്ങി . അനന്തതയിൽ  ഒരു ചുകന്ന പൊട്ടായി വണ്ടി  അലിഞ്ഞു ചേരുകയാണ്.  പാശ്ചാത്തലത്തിൽ എലിനിയുടെ 'പിതാവിന്റെ ഗീതം' പതിഞ്ഞ സ്വരത്തിൽ തുടങ്ങി ഉച്ചസ്ഥായിൽ എത്തി നിൽക്കുമ്പോൾ സ്ക്രീനിൽ ചിത്രത്തിന്റെ പേര് തെളിയുന്നു. THE LANDSCAPE IN THE MIST   (ഒരു തീവണ്ടിയുടെ ഓട്ടത്തിന് ഇത്രയും സൌന്ദര്യം ഉണ്ടെന്നു ഞാൻ ആദ്യമായി അറിഞ്ഞത് ഈ രംഗം കണ്ടപ്പോഴാണ്)

20 ആം നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്നായ തിയോ ആഞ്ചലോ പൌലോസ് എന്ന പ്രതിഭയുടെ ഈ സിനിമ   ഇങ്ങനെ ആരംഭിക്കുകയാണ്.   ഒരു തീവണ്ടി ആപ്പീസ് എന്നത് വേര്പാടിന്റെ പ്രതീകമാണ്.  അതോടൊപ്പം  എവിടെയോ വച്ചുള്ള ഒത്തു ചേരലിന്റെയും.  ഭീമാകാരമായ ഈ ലോകത്ത് ഒറ്റപ്പെട്ടു പോയ വോളയെയും അലക്സാന്ദരിനെയും സംബന്ദിചെടത്തോളം   തീവണ്ടി ആപ്പീസ് എന്നത് നിസ്സംഗയായ ഈ ലോകത്തിനോടു സംവദിക്കാനുള്ള ഒരു വഴിയും കൂടി ആയിരുന്നു.  കാരണം ഈ തീവണ്ടിയിലൂടെ ആണ് അവർ തങ്ങളെ ഈ ലോകത്തോട്‌ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കണ്ണിയായ തങ്ങളുടെ  അച്ചനിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നത്.    എവിടെയെങ്കിലും ഉണ്ടോ എന്ന് കൂടി അറിയാത്ത ആ അച്ഛനിലൂടെ ആണ് അവർ ഈ ലോകത്തോട്‌ സംസാരിക്കാൻ ശ്രമിക്കുന്നത്.

പൊട്ടിപ്പോയ ടെലെഫോണ്‍ ലൈനുകൾ ആഞ്ചലോ പൌലോസിന്റെ സിനിമകളിൽ ഇടയ്ക്കിടയ്ക്ക് കയറി വരുന്നത് കാണാം.  അദ്ധേഹത്തിന്റെ ഒരു സിനിമ അവസാനിക്കുന്നത് നിര നിരയായുള്ള ടെലെഫോണ്‍ പോസ്റ്റുകളിൽ കയറി ലൈൻ ശരിയാക്കുന്ന അസംഖ്യം അഭായാര്തികളുടെ രംഗത്തോടെ ആണ്.  ഈ ലോകവും മനുഷ്യനും തമ്മിലുള്ള വല്ലാത്ത ഒരു അകൽച്ചയെ കുറിച്ചാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്.  അഭയാര്തിത്വം ആണ് അദ്ധേഹത്തിന്റെ വിഷയം.  കാരണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയ വിനിമയ തകര്ച്ചയുടെ ആത്യന്തിക ഫലം ആണല്ലോ അഭയാര്തിത്വം.

മഞ്ഞിൽ കുളിച്ച ഭൂ വിഭാഗം എന്ന സിനിമയിലെ ഈ കുരുന്നുകളും യഥാർത്ഥത്തിൽ അഭയാര്തിത്വത്തിന്റെ  പ്രതീകങ്ങൾ തന്നെ ആണ്.  ഒരിക്കലും അവരുടെ വേരുകളെ കുറിച്ച് സംവിധായകാൻ വ്യക്തമായി ഒന്നും പറയുന്നില്ല.  ഒരു അമ്മയുള്ളത് ഒരിക്കലും അരങ്ങത്തു വരുന്നില്ല.  അരങ്ങത്തു വന്ന അമ്മാവൻ തീവണ്ടി ആപ്പീസിലെ ഗുമസ്ഥനോട് പറയുന്നതും, 'തനിക്കു ഇവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയില്ല എന്ന് തന്നെയാണ്.  അഭയാര്തിത്വത്തിന്റെ അലച്ചിൽ തന്നെ ആണ് അവരുടെ വിധി. ഈ അലച്ചിലിന് ഒരു അർഥം ഉണ്ടാക്കുന്നത് അച്ഛൻ എന്ന സങ്കൽപം ആണ്.  അദ്ധേഹത്തെ കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങൾ ആണ്.

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവനു ജീവിതത്തിൽ നിന്നു ലഭിക്കുന്നതെന്തും ലാഭമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  അത് പോലെ ജീവിതം നഷ്ടപ്പെടുന്നവന് ദൈവത്തെ ലഭിക്കും എന്നും.   വോള ഒരിക്കൽ പറഞ്ഞത് പോലെ ഈ യാത്രമാണ് സത്യം. മറ്റൊന്നിനും യാതൊരു അര്തവും ഇല്ല.  അത് കൊണ്ടു അവർ അവരുടെ യാത്ര തുടരുകയും അതിന്റെ ആഘാതങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുകയും ആണ്.  പക്ഷെ അതിനിടയിൽ അവർ പലതും അറിയുന്നു.  വഴിയരികിൽ വച്ച് അവിചാരിതമായി കണ്ടു മുട്ടിയ നാടക നടൻ,  കടൽ പുറത്തു വച്ച് വോള ആദ്യമായി പ്രേമം എന്തെന്ന് അറിഞ്ഞു ഓടി കടലിലെ തിരകളോട് സല്ലപിക്കാൻ തുടങ്ങുന്നത് കണ്ടു ഒന്നും മനസ്സിലാകാതെ അവളെ പിന്തുടര്ന്ന അവളുടെ കുഞ്ഞനുജനെ പിടിച്ചു വച്ച് ഇങ്ങനെ പറയുന്നു.  'അവളുടെ പിന്നാലെ ഓടരുത്.   അവൾ ഇന്ന് ജീവിതത്തിലെ ഒരു പ്രധാന സത്യം മനസ്സിലാക്കിയിരിക്കുകയാണ്' എന്ന്.  ഇത്തരത്തിലുള്ള കൊച്ചു കൊച്ചു സംഭവങ്ങളും,  പരിധി ലങ്ഘിച്ചുള്ള പീഡനങ്ങളും തികഞ്ഞ നിസ്സങ്ങതയോടെ ആണ് പൌലോസ് നമ്മോടു പറയുന്നത്.  ഒരിക്കൽ ഒരു ട്രക്കിൽ വച്ച് വോള  പീഡിപ്പിക്കപ്പെട്ട ആ ഒരു രംഗം പോലും ഗ്രാഫിക് ഭീകരതകൾ ഒന്നും ഇല്ലാതെയാണ് അവതരിപ്പിച്ചത്.   അധികമൊന്നും പറയാതിരിക്കുകയാണ് ആഞ്ചലോ പൌലോസിന്റെ രീതി. ശരിയായ സിനിമയുടെ രീതിയും അത് തന്നെ ആണല്ലോ.

കുട്ടികള്ക്ക് ചുറ്റുമുള്ള ലോകം അവര്ക്ക് മനസ്സിലാക്കാൻ പറ്റാത്ത ലോകമാണ്.  ആകാശം മുട്ടെ വളർന്നു നില്ക്കുന്ന മാമാലകൾക്ക് കീഴെ ഒരു പൊട്ടു പോലെ ഉള്ള അവസ്ഥയിലാണ് അവർ.  റെയിൽവേ ട്രാക്കിൽ വച്ച് ഒരിക്കൽ ഒരു ഭീകര യന്ത്രം അവരെ ഭീതി പ്പെടുത്തി. മറ്റൊരിക്കൽ ഒരു കുതിരയുടെ ദാരുണ മരണം അവരെ ചകിതരാക്കി.  മുഖം മൂടി അണിഞ്ഞ മനുഷ്യർ അവര്ക്ക് ചുറ്റും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.  ഒരിക്കൽ അവരെ ഞെട്ടിച്ചു കൊണ്ടു ഒരു കായലിൽ നിന്നു ഭീമാകാരമായ  ഒരു കൈ ഉയർന്നു വന്നു.  ഈ നിർദാക്ഷിന്യതയിൽ നിന്നു രക്ഷപ്പെടുത്താൻ അച്ഛന്റെ ബിംബതിനു മാത്രമേ പറ്റുള്ളൂ എന്നുള്ള അറിവാകണം അവരെ യാത്രികർ ആക്കിയത്.  പക്ഷെ അവർ ഒരിടത്തും എത്തുന്നില്ല.  അവർ പരിചയപ്പെടുന്നവർ ഒക്കെയും  ഈ ലോകത്ത് ഒരു താല്കാലിക സന്ദർശനത്തിനു വന്നവരെ പോലെ ആയിരുന്നു.  ഒരെസ്റെസ് എന്ന നാടക നടൻ പറഞ്ഞത് പോലെ ആകെ കൂടെ എനിക്ക് അറിയാവുന്നത് നാളെ എനിക്ക് പട്ടാളത്തിലേക്ക് പോകണം എന്നുള്ളത് മാത്രമാണ്.  താല്കാലിക പ്രേമം പോലും വോളയെ അവളുടെ അന്തിമ ലക്ഷ്യത്തിൽ നിന്നു അകറ്റി നിർത്തുന്നില്ല.  പക്ഷെ എന്നെന്നും പോലെ ഇന്നും ആ ലക്‌ഷ്യം വെറും ഒരു മിത്യ മാത്രമായിരുന്നു.  യാത്രമാത്രമാണ് സത്യം എന്ന് പറഞ്ഞ വോളക്കും അത് അറിയാമായിരിക്കണം.

തികച്ചും ദുരൂഹമായ രീതിയിൽ ആണ് സിനിമ അവസാനിക്കുന്നത്.  അച്ഛനെ തേടിയുള്ള അവരുടെ യാത്ര ,  അച്ഛൻ ഉണ്ടെന്നു അവർ കരുതുന്ന ജെർമനിയിൽ അവരെ എത്തിക്കുന്നു.  അതിര്തിയിലെ നദി ഒരു ചെറിയ നൌകയിൽ തരണം ചെയ്യാൻ ശ്രമിച്ച അവരെ അതിർത്തി സേന വെടി വെക്കുന്നു.  പിന്നെ നാം കാണുന്നത് മഞ്ഞിൽ കുളിച്ച ഒരു ഭൂ വിഭാഗത്തിൽ വോളയും അലെക്സാന്ദരും നില്കുന്നതാണ്.  വീണ്ടും നമ്മൾ ഉല്പത്തി കഥയുടെ ഒരു ശകലം കേൾക്കുന്നു.  മഞ്ഞിൽ അങ്ങ് വളരെ ദൂരെ ഒരു വന്മരം ഒരു സാന്ത്വനം പോലെ നില കൊള്ളുന്നു.  രണ്ടു പേരും ആ മരത്തിന്റെ ദിശയിലേക്കു ഓടുമ്പോൾ എലിനിയുടെ അച്ഛന്റെ ഗീതം നാം വീണ്ടും പാശ്ചാത്തലത്തിൽ കേൾക്കുന്നു.  അവർ ഓടി ചെന്ന് ആ മരത്തിൽ അലിഞ്ഞു ചേരുന്നു.