Wednesday, 6 January 2016

അകൽച്ചയുടെ തത്വ ശാസ്ത്രം

മനുഷ്യന്റെ മാനസിക സമനിലയെ കുറിച്ചുള്ള വ്യക്തമായ പഠനങ്ങൾ നടത്തിയ പ്രതിഭകൾ ആയിരുന്നു മാർക്സും ഫ്രോയിഡും.  മാർക്സ് , സമൂഹത്തിലെ ഒരു ബിന്ദു എന്ന നിലയിൽ മനുഷ്യനെ അപ്ഗഗ്രതിച്ചപ്പോൾ,  ഫ്രോയിഡ് അവന്റെ വ്യക്തി പരമായ അസ്വസ്ഥതകളെ കുറിച്ച് പഠനം നടത്തി.  മനുഷ്യൻ അവന്റെ ഈദിപസ് കൊമ്പ്ലക്സിനെ അതിജീവിക്കാൻ പര്യാപ്തനായില്ലെങ്കിൽ അവനിൽ മാനസിക വളര്ച്ച മുട്ടി പോകുന്നു എന്ന് ഫ്രൊഇദ് കണ്ടെത്തി.  മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ അവന്റെ ബാല ചാപല്യങ്ങളിൽ നിന്ന് പുറത്തു കടക്കാത്ത കാലത്തോളം അവനു മാനസിക വളര്ച്ച അപ്രാപ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.  ബാല മനസ്സിലെ ആസക്തികളും ആശങ്കകളും സ്വപ്നങ്ങളും ,  മുതിര്ന്ന മനസ്സിനെ കീഴടക്കുന്ന  വേളയിൽ മനുഷ്യന്റെ സമ നില തെറ്റുന്നു

പക്ഷെ മാർക്സിന്റെ പഠനം മറ്റൊരു രീതിയിൽ ഉള്ളതായിരുന്നു. അദ്ധേഹത്തിന്റെ പഠനം അകൽച്ച എന്ന പ്രതിഭാസത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു.  ശരിക്കും പറഞ്ഞാൽ ഹെഗലിന്റെ സിദ്ധാന്തത്തിന്റെ തുടര്ച്ച മാത്രമായിരുന്നു ഇത്.  ഈ ലോകവും അതിലെ സകല വസ്തുക്കളും, താൻ തന്നെയും തന്നിൽ നിന്ന് അന്യമായി പോകുന്ന അവസ്ഥയെ ആണ് അദ്ദേഹം അകൽച്ച എന്ന ഈ സംജ്ഞ കൊണ്ടു ഉദ്ദേശിച്ചത്.  തന്റെ പ്രവര്ത്തികളുടെ , തന്റെ ചിന്തകളുടെ, തന്റെ വികാരങ്ങളുടെ , ഗുണഭോക്താവ് എന്ന രീതിയിൽ തന്നെ അറിയുന്നതിന് പകരം, തന്റെ ഉണ്മയുടെ ഭാഗങ്ങളായ അവയൊക്കെയും തികച്ചും ബാഹ്യങ്ങളായ സ്ഥാപനങ്ങൾ ആണെന്നത് പോലെ ആണ് അവൻ പ്രതികരിക്കുന്നത്.  തന്റെ സ്വന്തം സൃഷ്ടികളായ അവയ്ക്ക് മുന്നിൽ കീഴടങ്ങി കൊണ്ടാണ് അവൻ അവയുമായി ബന്ധപ്പെടുന്നത്.,

ചരിത്രത്തിന്റെ  സൃഷ്ടിയായ ദൈവം  , മനുഷ്യനിൽ നിന്ന് അന്യം നില്ക്കുന്ന സ്വന്തം സ്വത്വം തന്നെ ആണെന്ന് ഹെഗൽ പറഞ്ഞു.  ചരിത്രത്തിന്റെ ഈ ഒരു ദശാ സന്ധിയിൽ, ദൈവം മനുഷ്യനിൽ നിന്ന് വേര്പെട്ടു മറ്റൊരു അസ്തിത്വമായി രൂപ പെടുന്നു.  ഹെഗലിനെ തലകീഴായി മറിച്ച ഫുയർബാക്ക് അതിനെ ഇപ്രകാരം നിർവചിച്ചു. ദൈവം എന്നത് മനുഷ്യന്റെ സദ്‌ ഗുണങ്ങളുടെയും ശക്തിയുടെയും ആകെ തുകയെ ബാഹ്യമായ ഒരു ബിംബത്തിൽ ആവേശിപ്പിച്ചു കൊണ്ടു സൃഷ്ടിക്കപ്പെട്ടതാണ്.  അങ്ങനെ ബിംബ രൂപത്തിൽ നില കൊള്ളുന്ന ഈ സ്ഥാപനവുമായി മനുഷ്യൻ സായൂജ്യം പ്രാപിക്കുന്നത് അതിന്റെ മുന്നിൽ കുമ്പിട്ടു കൊണ്ടാണ്.  ദൈവത്തിന്റെ ഈ ബാഹ്യ ബിംബം എത്രമാത്രം ശക്തമാകുന്നോ അത്ര മാത്രം മനുഷ്യൻ ദുർബലൻ ആകുന്നു.

മനുഷ്യന്റെ സൃഷ്ടികൾ തന്നെയായ യന്ത്രങ്ങളുടെ നേരെ ഉള്ള  മനുഷ്യന്റെ പെരുമാറ്റവും സമാന രീതിയിൽ ആണെന്ന് കാണുവാൻ വിഷമമില്ല.  യന്ത്രങ്ങൾ മനുഷ്യന്റെ കൂട്ടി ചേർക്ക പ്പെട്ട കൈകൾ മാത്രമാണ് . അവ അവന്റെ സഹായി മാത്രമാണ്.  പക്ഷെ യന്ത്രങ്ങളുടെ വളര്ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, അവ മനുഷ്യനെ സഹായിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ എന്നതിന് ഉപരി മനുഷ്യനെ അടിമപ്പെടുത്തുന്ന ഒരു സ്ഥാപനമായി പരിണമിക്കുന്നു.  മേലെ നിർവചിച്ചത്‌ പോലെ യന്ത്രങ്ങൾ എത്രമാത്രം ശക്തങ്ങളാകുന്നോ അത്രമാത്രം മനുഷ്യൻ ദുർബലൻ ആകുന്നു.  കുറച്ചു കൂടെ വ്യക്തമായ ഒരു ഉദാഹരണമായി നമുക്ക് വര്ത്തമാന കാലത്തെ കമ്പ്യൂട്ടർ എന്ന യന്ത്രത്തെ  വിശകലനം ചെയ്യാം.  മനുഷ്യന്റെ ഓര്മ്മ ശക്തിയും നിർദാരണ ശേഷിയും  ബാഹ്യമായ ഒരു യന്ത്രത്തിൽ ആവെശിപ്പിച്ചതാനല്ലോ കമ്പ്യൂട്ടർ.  കമ്പ്യൂട്ടർ നമ്മുടെ പല ഗുണങ്ങളെയും സ്വായത്തമാക്കിയിരിക്കുന്നു. ഇനി അങ്ങോട്ട്‌ നാം നമ്മുടെ ഭാഗങ്ങൾ ആയിരുന്ന ഇത്തരം ഗുണങ്ങളെ അറിയുന്നത് കമ്പ്യൂട്ടർ എന്ന ഈ യന്ത്രത്തിന് മുന്നിൽ കുമ്പിട്ടു കൊണ്ടാണ്.  മനുഷ്യൻ എന്ന നിലയിൽ ഇനി നമുക്ക് ഓര്മ്മ ശക്തിയോ നിർദാരണ ശേഷിയോ ആവശ്യമില്ല.  ഇനി അങ്ങോട്ട്‌ നാം വളരുന്നത്‌, ഇത്ര നാളും നമ്മുടെ തന്നെ ഭാഗമായിരുന്ന ഇത്തരം ഗുണങ്ങൾ ഇല്ലാതെ ആണ്.   വര്ത്തമാന കാല മനുഷ്യൻ ഓര്മ്മ ശക്തിയും നിർദാരണ ശേഷിയും കുറവുള്ള മനുഷ്യൻ ആണെന്ന് നമുക്കൊക്കെ അറിയാം. ഒന്ന് ഗുണിതം ഒന്ന് എത്രയാണ് എന്ന് അറിയുന്നതിന് പോലും ഇന്നും പലര്ക്കും കമ്പ്യൂട്ടർ ആവശ്യമായി വന്നിരിക്കുന്നു. ദൈവത്തിന്റെ അടിമയായതിനു തുല്യമായ രീതിയിൽ നാം ഇവിടെ ഒരു യന്ത്രത്തിന്റെ അടിമ ആയി തീര്ന്നിരിക്കുന്നു.  വിമാനങ്ങൾ കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ മനുഷ്യൻ ഒരു കാലത്ത് പറക്കുമായിരുന്നു എന്ന് ഞാൻ ഒരിടത്ത് പറഞ്ഞത് അത് കൊണ്ടാണ്.

1 comment: