Sunday, 11 December 2016

മരിച്ചു കഴിഞ്ഞാൽ ആത്മാവിന്റെ യാത്ര

ദേഹി ദേഹത്തിൽ നിന്ന് വിട്ടു കഴിഞ്ഞാൽ  അതിനു എന്ത് സംഭവിക്കും എന്നതിനെ  കുറിച്ച് പലരും പഠനങ്ങൾ നടത്തിയിട്ടുണ്ട്.  പണ്ട് പുഴയിൽ മുങ്ങി മരിച്ച ആളുടെ ആത്മാവ് കുമിളകൾ ആയി ആകാശത്തേക്ക് പറന്നു പോയി എന്ന് ആരോ എഴുതിയിട്ടുണ്ട്.  പക്ഷെ ആ പ്രസ്താവനയിൽ വലിയ ശാസ്ത്രീയത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.  മറ്റൊരു ദേഹത്തെ കിട്ടുന്നത് വരെ ആത്‌മാവ്‌ ഇവിടെ തന്നെ ചുറ്റി നടക്കാനാണ് സാധ്യത.   ഒരാള് മരിച്ചു അയാളുടെ ആത്‌മാവ്‌ അയാളിൽ നിന്ന് വേർപെട്ടാൽ കുറച്ചു നേരം ആത്മാവ് ആ ശരീരത്തെ ചുറ്റി പറ്റി തന്നെ നിൽക്കും.  അതിനു ശേഷം ശ്മാശാനത്തു നിന്ന് ആളുകൾ പിരിഞ്ഞു പോകുമ്പോൾ,   ആത്‌മാവ്‌,  മരിച്ച ആളുടെ, അടുത്ത ബന്ധുക്കൾ ആരുടെയെങ്കിലും വസ്ത്രത്തിൽ തൂങ്ങി പിടിച്ചു വീട്ടിലേക്കു തിരിച്ചെത്തും.  സ്ഥിരമായ താമസിച്ച കൂട്ടിൽ തിരിച്ചെത്താൻ മനുഷ്യർക്കും മൃഗങ്ങൾക്കും ആഗ്രഹം ഉള്ളത് പോലെ ആത്മാവിനും അത്തരം ആഗ്രഹങ്ങൾ ഉണ്ടാകും.  പരേതന്റെ വസ്ത്രങ്ങളിൽ ഒട്ടി പിടിച്ചു ആത്മാവ് അവിടെ വസിക്കും.  തിന്നാൻ ഒന്നും വേണ്ടാത്തത് കൊണ്ട് ആത്മാവ് എത്ര കാലവും അവിടെ കിടക്കാനും  തയ്യാറാവുമായിരുന്നു.  പക്ഷെ ഒരു നാൾ ഏതോ ഒരാള് വന്നു പഴയ തുണി എടുക്കും എന്ന് വീട്ടിന്റെ ഉമ്മറത്ത് വച്ച് പറയുന്നത് കേട്ടപ്പോൾ തന്നെ ആത്മാവിനു മനസ്സിലാകുന്നു, തന്റെ ഈ വീട്ടിലെ ജീവിതം ഇതോടു കൂടി അവസാനിക്കുകയാണ് എന്ന്.  തന്റെ സ്വന്തം വസ്ത്രത്തിൽ അല്ലാതെ മറ്റാരുടേതിൽ കയറി കിടക്കാനാണ്.  പിന്നെ അലച്ചിലാണ്.  മറ്റൊരു ശരീരം തേടിയുള്ള അലച്ചിൽ.  മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയാൽ ആണ് ആത്‌മാവ്‌ അറിയുക,  അവിടെ മുന്നേ സ്ഥലം പിടിച്ച ആത്മാക്കൾ കുറെ ഏറെ ഉണ്ട്.  ക്യു തെറ്റിച്ചു അങ്ങോട്ട് കടന്നാൽ അടി ഉറപ്പു.  അപ്പോൾ ഇനി എന്താ ചെയ്യുക.  ജസ്റ്റ് മാരീഡ് മിഥുനങ്ങളെ അന്വേഷിച്ചു നടക്കുക തന്നെ.  അവിടെയും മുൻപ് ബുക്ക് ചെയ്തവർ വേണ്ടുവോളം.  അപ്പോഴാണ് മുൻപേ മരിച്ച ബാലാട്ടന്റെ ആത്മാവ് ചിരിച്ചു കൊണ്ട് നടന്നു വരുന്നത് ആത്മാവ് കാണുന്നത് .

എന്താ ചാത്തുവാത്മാവേ   ആകെ ഒരു ദുഃഖം പോലെ

ഓ ഒന്നുമില്ല. ഇത് വരെ ഒരു  ബോഡി തരപ്പെട്ടു  കിട്ടിയില്ല.

ആശുപത്രിയിൽ ഒക്കെ നോക്കിയോ.

ഹോ. അവിടെ ഒക്കെ ക്യു ആണ്. ഈ അടുത്ത കാലത്തൊന്നും ഒരു സ്‌കോപ്പും ഇല്ല.  ബാലാട്ടൻ എന്താണ് ചെയ്തത്.

ഓ. എന്റെ കാര്യം ഒന്നും പറയേണ്ട.  ഞാൻ പെറാൻ പോകുന്നവരെ നോക്കി നടന്നു  തളർന്നു.  ഇപ്പോൾ ഞാൻ ഒരു കല്യാണ ബ്രോക്കറുടെ വീട്ടിൽ തങ്ങുകയാണ്.  ഒന്നിനെ അവിടെ ബുക്ക് ചെയ്തു വച്ചിട്ടുണ്ട്.  പക്ഷെ മോതിരം മാറൽ ഇന്നലെ കഴിഞ്ഞതേ ഉള്ളൂ. കല്യാണം ആറ്‌ മാസം കഴിഞ്ഞു.  അത് കഴിഞ്ഞു എത്ര കാത്തിരിക്കണം എന്നുള്ളത് അവരുടെ തീരുമാനം പോലെ ഇരിക്കും.

സാരമില്ല . ഒന്നിനെ കിട്ടിയില്ലേ .  എനിക്കും അങ്ങോട്ട് വന്നാൽ വല്ല രക്ഷയും ഉണ്ടോ.

അവിടെ സാധ്യത കുറവാണ്.  ഞാൻ വേറെ ഒരു വഴി പറഞ്ഞു തരാം.  ബാങ്കളൂരിലേക്കു  വിട്ടോ.  അവിടെ ഏതെങ്കിലും വലിയ ആപ്പീസിൽ കയറി ഏതെങ്കിലും ഒന്നിനെ കയറി അങ്ങ് ബുക്ക് ചെയ്‌തോ. ഇന്നല്ലെങ്കിൽ നാളെ കല്യാണം ഉറപ്പാണ്.  അഥവാ പാളി പോയാലും അവിടെ വേറെ ചാടി പിടിക്കാൻ വേണ്ടുവോളം ഉണ്ടാകും.. അത് കൊണ്ട് ഒരു ഗുണം എന്താണ് എന്ന് വച്ചാൽ നല്ല നിലവാരം ഉള്ള ബോഡി കിട്ടും. അധികവും ഇന്റർ കാസ്റ്.  അപ്പോൾ വിത്തിനു ഗുണം കൂടും.  ഏതായാലും ഒരു പത്തു അമ്പതു കൊല്ലം നിരങ്ങാനുള്ളതല്ലേ. കുറച്ചു നിലവാരമുള്ളതിനെ തന്നെ കിട്ടുന്നതല്ലേ നല്ലതു.

ചാത്തുവാത്മാവ്‌  ,  അന്ന് രാത്രിയിലുള്ള ബാഗ്ലൂർ ബസ്സിൽ കയറി സ്ഥലം വിട്ടു.

1 comment:

  1. നല്ല ചിന്ത. എന്റെ ചിന്തകൾ മറ്റൊന്നാണ്. ആത്മാവ് അവിഭാജ്യവും അവിനാശിയുമാണല്ലോ? അതിന്റ ജീവഭാവമാണ് നമ്മിൽ ലോലമായ് വസിക്കുന്നത്. ആ ആത്മാവിനെ യാതൊരു തരത്തിലും നമുക്ക് അനുഭവിക്കാനാകില്ല. അത് അരൂപിയും അണുവിന്നണുവുമാണ്. അത് കാലത്തിനധീതമാണ്. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ധാരണം ചെയ്യാൻ സമയം വേണ്ട. മരണമാണെങ്കിൽ ജന്മം, അഥവാ പുനർധാരണം. അല്ല എങ്കിൽ ശുദ്ധമായ ജീവാത്മാവിന് മോക്ഷം അഥവാ ലയനം അഥവാ ജീവാത്മാവ് പരമാത്മാവ് ആയി ലയിക്കുന്നു മാറുന്നു, പൂർണ്ണരുപത്തിലേക്ക് തിരിച്ചെത്തുന്നു, പൂർവ്വരൂപത്തിലേക്കെത്തുന്നു. യോഗം. ഇതാണ് ശരിയായ പഥം.

    പൂജ്യം മുതൽ ഒൻപത് വരെയുള്ള അക്കങ്ങൾ എണ്ണ സംഖ്യയുടെ ആത്മഭാവങ്ങളാണെങ്കിൽ അവയാലുണ്ടാകുന്ന സംഖ്യകൾ ജീവഭാവങ്ങളാണെങ്കിൽ.....

    ഹോ കഠിനം തന്നെ പരമാത്മാവിനെ പറ്റി പറയാൻ...

    ReplyDelete