Sunday, 24 September 2017

കടൽ കടക്കുന്ന തൊഴിൽ/വിഭവങ്ങൾ

ദുബായിയെ നോക്കുക. എണ്ണയില്ലാതായാൽ അവിടെ ഒന്നുമില്ല.  ഏകദേശം ഇന്നത്തെ അവസ്ഥ.  കാടും മേടും ഒന്നുമില്ല.  അത് ഇന്ന് ഒരു സുഖവാസ  കേന്ദ്രം പോലെ ആണ്.  അത്രയേ ഉളളൂ.  താങ്ങാൻ പ്രകൃതി വിഭവങ്ങൾ ഉള്ള മറ്റൊരിടം വേണം.  അദ്ധ്വാന ശേഷിയും തൊഴിൽ നിപുണതയും കപ്പലിൽ കയറ്റി കൊണ്ട് പോകാൻ കഴിയാത്ത വസ്തുക്കൾ അല്ല.  ഇത്ര കാലവും അത് അങ്ങനെ ആയിരുന്നു.  ഇപ്പോൾ അത്രയും ചിലവിന്റെ ആവശ്യമുണ്ടോ എന്ന് അവര് ചോദിക്കാൻ തുടങ്ങി..  കടൽ കടത്തി കൊണ്ട് വന്നാൽ അവനു ജീവിക്കാൻ വേണ്ട കൂലി കൊടുക്കണം.  നാട്ടിൽ തന്നെ ആയാൽ ആ കൂലി തുച്ഛമായ കൂലി ആണെന്ന് സായിപ്പിന് മനസ്സിലായി.  പോരാത്തതിന് പ്രകൃതി വിഭവങ്ങൾ കപ്പലിൽ കയറ്റി തങ്ങളുടെ നാട്ടിൽ എത്തിക്കേണ്ടതിന്റെ ചിലവും കുറഞ്ഞു കിട്ടി.  പെട്രോൾ ഡീസൽ എന്നിവ അമേരിക്കയിൽ വെറുതെ കിട്ടുന്ന വസ്തുക്കൾ പോലെ ആണെന്ന് ഒരിക്കൽ അവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു.  കാരണം മൂന്നാം ലോകത്തു നിന്ന് അത് ഏകദേശം വെറുതെ കിട്ടും.  അമേരിക്കയിൽ  ൦.70 ഡോളറിനു  കിട്ടുന്ന ഈ വസ്തു ഏതു ദരിദ്രനും തന്റെ വരുമാനത്തിന്റെ ചെറിയ അംശം കൊണ്ട് വാങ്ങാവുന്ന വസ്തു ആണ്.  അത് കൊണ്ട് ആ വസ്തു അവര് റോഡിൽ ഒഴുക്കുന്നു.  ലോകത്തു ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 24 ശതമാനവും അവർ ഉപഭോഗിക്കുന്നു .  ലോക ജന സംഖ്യയുടെ വെറും ആറു ശതമാനം മാത്രം ഉള്ളവർ.  ലോകത്തു ബലം നിശ്‌ചയിച്ചതു എന്നും ആയുധങ്ങൾ തന്നെ ആയിരുന്നു.  അത് കൂടുതൽ ഉള്ളവൻ എന്നും ജേതാവ് തന്നെ ആണ്.  ഒന്നാം ലോകം ഇന്ന് വലിയ തോതിൽ ആയുധങ്ങൾ നിർമിക്കുന്നത് രണ്ട് ഉദ്ദേശത്തോടു കൂടി ആണ് എന്ന് ഞാൻ വിചാരിക്കുന്നു .  ഒന്ന് വിൽപ്പനയിലൂടെ മൂന്നാം ലോകത്തെ വിദേശ നാണയത്തിന്റെ  ആവശ്യക്കാരാക്കി നില നിർത്തുക.   മറ്റൊന്ന്എന്നെങ്കിലും ആവശ്യം വന്നാൽ അവ ഉപയോഗിക്കുക.

നാണയം ലോകത്തെ കീഴടക്കുന്നത് എങ്ങനെ എന്ന് ആഴത്തിൽ പഠിക്കേണ്ട വിഷയം ആണ് എന്ന് ഞാൻ കരുതുന്നു.  ഗുപ്തമായ രീതികളിൽ ആണ് നാണയം പ്രവർത്തിക്കുന്നത്.  പണ്ട് കാലത്തു തോക്കു ചെയ്ത കാര്യം ഇന്ന് അവ അതി വിദഗ്ദമായി നടത്തുന്നു.

അമേരിക്കയിൽ നിന്ന് ഒരു സാധാരണ മനുഷ്യൻ സഞ്ചാരി ആയി ഇവിടെ എത്തിയാൽ അയാൾക്ക് അവിടെ ഒരു മാസം കിട്ടുന്ന കൂലി കൊണ്ട് ഇവിടെ ഒരു വര്ഷം ജീവിക്കാം.  അതാണ് നാണയത്തിന്റെ കളി.  നമ്മൾ അതിനെ വിദേശ വിനിമയ നിരക്കിലെ അന്തരം എന്ന് ഓമന പേര് വിളിച്ചു സത്യം കാണാതെ പോകുന്നു.

ഇന്നാളു എന്റെ ഒരു സുഹൃത്ത് ഒരു തമാശ പറഞ്ഞു.  ഒരു സായിപ്പിനോട്.  നിങ്ങൾ ഇവിടെ ബീഫ് കഴിക്കാൻ വരേണ്ട കാര്യമില്ല.  നാം അത് ചുളു വിലക്ക് അങ്ങോട്ട് അയച്ചു തരുന്നുണ്ടല്ലോ എന്ന്. അവിടെ കിട്ടാത്തത് കഴിക്കാൻ ഇങ്ങോട്ടു വന്നോളൂ  എന്ന്.  കയറ്റുമതി എന്നത് ഒരർത്ഥത്തിൽ നമ്മുടെ വിഭവങ്ങൾ ചുളു വിലക്ക് കടത്തി കൊണ്ട് പോകുന്ന പരിപാടി ആയി പോയിരിക്കുന്നു.

വിഷയത്തിൽ നിന്ന് കുറെ ഏറെ അകന്നു പോയി എന്ന് തോന്നുന്നു.  എന്നാലും ഇവിടെ പറഞ്ഞതുമായി എന്തോ ഒരു വിദൂര ബന്ധം ഉള്ളത് പോലെ തോന്നി.

പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് പ്രാഥമികമായ കാര്യമാണ്.  കാരണം പ്രകൃതി ഇല്ലാതെ നമ്മൾ ഇല്ല.  അതി വ്യാവസായികത,  അത്യത്പാദനം എന്നിവ പ്രകൃതി നാശത്തിന് കൂട്ട് നിൽക്കുന്ന അവസ്ഥകൾ ആണ്.  നിതാന്ത വളർച്ച ലോകത്തിനെ രക്ഷപ്പെടുത്തും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു പ്രകൃതിയെ രക്ഷപ്പെടുത്താൻ ബുദ്ധി മുട്ടാവും.  ഘന വ്യവസായങ്ങൾ ലോകത്തെ നശിപ്പിക്കുക തന്നെ ചെയ്യും എന്ന് യുക്തി യുക്തം സമര്ഥിച്ച ഗവേഷകർ ഉണ്ട്.

Wednesday, 20 September 2017

എന്നോടൊപ്പം മാത്രം മരിക്കുന്ന ഓർമ്മകൾ

ഈവോ ആൻഡ്രിഷിന്റെ ഡ്രീനാ നദിയിലെ പാലം വിശ്വ സാഹിത്യത്തിലെ ഉജ്വല സൃഷ്ടിയാണ്  എന്ന് വളരെ ചെറിയ കാലത്തു തന്നെ എനിക്ക് അറിയാമായിരുന്നു.  എത്രയോ കാലം തലശേരിയിലെ പല ലൈബ്രറികളിലും ഞാൻ ഈ പുസ്തകത്തിന് വേണ്ടി അലഞ്ഞിട്ടുണ്ട്.  പല പുസ്തക പീടികകളിലും. ഒരിക്കലും അത് എനിക്ക് കിട്ടിയില്ല. അത് കൊണ്ട് വായിച്ചതും ഇല്ല.  നാട്ടിൽ ഇല്ലാത്ത  ചില പുസ്തകങ്ങൾക്ക് വേണ്ടി ഞാൻ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ  വിളിച്ചു ചോദിച്ചിട്ടുണ്ട്.  കാഫ്കയുടെ  ഡയറി വാങ്ങണം എന്ന് തോന്നിയപ്പോൾ ഞാൻ അങ്ങനെ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു ഒരു കോപ്പി ഉണ്ട്, തലശേരി കറന്റ് ബുക്സിൽ എത്തിക്കാം എന്ന്.  രണ്ട് ദിവസം കഴിഞ്ഞു ഞാൻ കറന്റ്  ബുക്സിൽ എത്തിയപ്പോൾ രാജൻ  പറഞ്ഞു.  എടോ . തനിക്കല്ലാതെ  മറ്റാർക്കും കൊടുക്കരുത് എന്ന് പറഞ്ഞു ഇവിടെ ഒരു പുസ്തകം വന്നിട്ടുണ്ട് എന്ന്. അക്കാലത്തു ഒരു ദിവസം  പീ എഫ് ലോണിനുള്ള അപേക്ഷയിൽ ഞാൻ കാരണം എഴുതി.  ഫോർ പുരാശേസിംഗ് ബുക്ക്സ്.  അപേക്ഷ പോയത് പോലെ തിരിച്ചു വന്നു.  ആപ്പീസിൽ ചോദിച്ചപ്പോൾ പറഞ്ഞു, പെങ്ങളുടെ കല്യാണം എന്ന് കാരണം  കാണിക്കുക എന്ന്.  അങ്ങനെ എനിക്ക് നൂറു കണക്കിന് പെങ്ങന്മാരുണ്ടായി

പറഞ്ഞു പറഞ്ഞു സംഗതി കാടുകയറി.  പാലത്തിനെ കുറിച്ചായിരുന്നു പറഞ്ഞു തുടങ്ങിയത്.  ഇവിടെ എന്റെ മുന്നിലും ഒരു ചരിത്ര സ്മൃതിയായി ഈ പാലം ഉയർന്നു നിൽക്കുകയാണ്.  അതിന്റെ താഴെ നമ്മുടെ ജീവിതവുമായി ഇഴപിരിയാതെ കിടക്കുന്ന ഈ പുഴയും.  രണ്ട് കൊല്ലം മുൻപേ പാലത്തിനു വിള്ളൽ ഉണ്ടെന്നു പറഞ്ഞു അതിന്റെ പുറം ചട്ടകൾ ആകെയും ഉടച്ചു വാർക്കാൻ വന്നവര് കണ്ടത്,  ആ പുറം ചട്ടക്കു ഉള്ളിൽ ഒരു പോറലും ഏൽക്കാത്ത ഉൾഭാഗങ്ങൾ.  എത്രയോ കാലത്തിനു ശേഷവും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പോലും കാണിക്കാത്ത നമ്മുടെ പാലം.  ഇനി അതിനു ആയുസ്സു അത്ര ഏറെ ഇല്ല എന്ന് എല്ലാവര്ക്കും അറിയാം.  നമ്മുടെ ഏവരെയും അമ്മയെ പോലെയോ അച്ഛനെ പോലെയോ ഈ പാലവും നാളെ കാലയവനികക്കു ഉള്ളിൽ മറഞ്ഞു പോകും.  പിന്നെ അത് നമ്മെ പോലെ ഉള്ള ചില വൃദ്ധരുടെ ഉള്ളിൽ കുറച്ചു കാലം കൂടെ ജീവിക്കും.  പിന്നെ ഒരിക്കൽ അത് ഒരിക്കലും തിരിച്ചു വരാത്ത എന്തോ ഒന്നായി അസ്തമിക്കും.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഒരു ദിവസം, ഞാൻ പാലത്തിനു അടുത്തു നിൽക്കുമ്പോൾ കരുണാട്ടനും എന്റെ കൂടെ ഉണ്ടായിരുന്നു.  അപ്പോൾ അപ്പുറത്തു ഒരാള് പുഴയിലേക്ക് പാളി നോക്കുന്നു .  അപ്പോൾ കരുണാട്ടൻ അവനെ നോക്കി എന്നോട് പറഞ്ഞു.  ഈ നായിൻറ്റ മോൻ പുഴയിൽ തുള്ളേണ്ട പരിപാടിയാണോ .  അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും  അയാള് പുഴയിൽ ചാടി കഴിഞ്ഞിരുന്നു.  പക്ഷെ അയാള് പുഴയിൽ എത്തുന്നതിനു മുൻപ് തന്നെ കരുണാട്ടനും പുഴയിൽ ചാടി   പുഴയിൽ നിന്ന് കണ്ടമാനം തെറികൾ പുറത്തു വരുന്നുണ്ട്.  അങ്ങനെ അവനെ ഒരു വിധം കരക്കടുപ്പിച്ച കരുണാട്ടൻ കരയിൽ എത്തിയ ഉടനെ അവന്റെ മുഖത്ത് നല്ലവണ്ണം ഒന്ന് പൊട്ടിച്ചു ഇങ്ങനെ പറഞ്ഞു. എടാ നായെ . ചാകണം എന്ന് ശരിക്കും ആശയുണ്ടെങ്കിൽ ആള് കാണാത്ത ഇടത്തു പോയി ചാകുക.  എന്റെ മുന്നിൽ അങ്ങനെ ഒരുത്തനെയും ഞാൻ ചാകാൻ വിടില്ല എന്ന്.

ഒരിക്കൽ സുരേന്ദ്രൻ ആടിനെ മേക്കാൻ കൊണ്ട് പോകുന്ന്തു പോലെ കുറെ നായകളെ തെളിച്ചു കൊണ്ട് പോകുന്നു.  നായകൾ വാലാട്ടി കൊണ്ട് സുരേന്ദ്രന്റെ കൂടെ നടക്കുന്നു.  ഞാൻ സംഗതി അറിയാൻ സുരേന്ദ്രന്റെ അടുത്തു ചെന്ന്.  പാലത്തിനു അടുത്തു എത്തിയപ്പോൾ സുരൻ ആദ്യത്തെ നായയെ വിളിച്ചു.  അത് വാലാട്ടി കൊണ്ട് അടുത്തു വന്നപ്പോൾ അതിന്റെ കഴുത്തിൽ കുരുക്കിട്ട്.  അതിനെ വലിച്ചു പാലത്തിന്റെ കൈവരിയിൽ തൂക്കി കൊന്നു.  ഞാൻ വിലപിച്ചപ്പോൾ  സുരൻ പറഞ്ഞു.  കരയേണ്ട.  എല്ലാറ്റിനെയും ഭ്രാന്തൻ നായ കടിച്ചതാ.  ഭ്രാന്തന്റെ ശവം അപ്പുറത്തുണ്ട്.  ഇവയെ കൊന്നില്ലെങ്കിൽ നാളെ നമ്മള് കരയേണ്ടി വരും.  അങ്ങനെ നായകൾ വരിവരിയായി തങ്ങളുടെ മരണം സ്വീകരിച്ചു.  വാലാട്ടി കൊണ്ട്.  ഈ ഭീകര രംഗം ഇന്നും എന്റെ മനസ്സിൽ ഉള്ളത് കൊണ്ടാവാം,  ഇന്ന് എനിക്ക് നായകളോട് തീർത്താൽ തീരാത്ത സ്നേഹവും അനുകമ്പയും ആണ്.

സ്‌കൂളിൽ നിന്ന് വന്നാൽ വൈകുന്നേരം നമ്മൾ പാലത്തിനടുത്തു നിൽക്കും.  ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും.  അവിടെ നിന്ന് നോക്കിയാൽ വലതു ഭാഗത്തു കെ ടീ പീ മുക്ക് വരെയും, ഇടത്തു ഭാഗത്തു ചോനാടം ഇറക്കം വരെയും വ്യക്തമായി കാണാം.  ഇനി നമ്മുടെ മത്സരം തുടങ്ങുകയായി .  കെ ടീ പീ മുക്ക് തിരിഞ്ഞു ഒരു ഓട്ടോ വരുമ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു.  അത് സ്പീഡ് വെയിസ് എന്ന് പേരുള്ള ഓട്ടോ ആണ് എന്ന്. അത് ശരിയെങ്കിൽ എനിക്ക് ഒരു മാർക്.  തെറ്റിയാൽ നെഗറ്റീവ് മാർക്.  അടുത്ത് മോഹന്റെ ഊഴം.  ചോനാടത്തു  നിന്ന് ശാരദ വരുന്നുണ്ട്. അതും ശരി .  അങ്ങനെ അങ്ങനെ ..  ഈ ക്വിസ് പരിപാടിയെ എന്ത് പേര് വിളിക്കണം എന്ന് എനിക്ക് അറിയില്ല.

Saturday, 16 September 2017

ചാത്തുവിന്റെ ഇച്ഛാശക്തിയും തോറ്റുപോയ മരുന്നും.

ചാത്തുവിന്റെ വീട്ടിൽ അന്നേരം ചാത്തു ഇല്ലായിരുന്നു.  ഭാര്യ ശാരദ ഡൈനിങ് ടേബിളിൽ മുഖം താഴ്ത്തി ഇരിക്കുന്നു.  അടുത്തു, ദുഃഖ ഭാവത്തിൽ മണ്ടോടി, അപ്പുറം ചാപ്പൻ , പിന്നെ ബാലൻ മാഷ്.

ഇത് ഇങ്ങനെ പോയാൽ ശരിയാകില്ല ശാരദേ . നമ്മൾ എല്ലാം തീരുമാനിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്.  അവൻ ഇപ്പോൾ മാഹിയിലാണ് ഉള്ളത്. അവൻ ഇവിടെ എത്തുന്നതിനു മുൻപേ എല്ലാം  തീരുമാനിക്കണം.  അവനെ കെട്ടിയിട്ടു കാറിൽ കയറ്റാൻ നമ്മള് ഗുണ്ടാ രാജനെ ഏൽപ്പിച്ചിട്ടുണ്ട്.  നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.  കുറച്ചു ദിവസം നമ്മൾ ആരെങ്കിലും അവന്റെ കൂടെ കിടന്നു കൊള്ളും.  എല്ലാ ശരിയാകും എന്നാണു അവര് പറഞ്ഞത്.  പിന്നെ ഒരു തുള്ളി വായിൽ ഒഴിക്കാൻ കഴിയില്ല.  അതിനു മുൻപേ ശർദിക്കും എന്ന്.  എന്താ അത് പോരെ.

ശാരദക്കു എതിർത്തൊന്നും പറയാൻ ഇല്ലായിരുന്നു.  ശർദ്ദി എന്നത് അവൾക്കു ഒരു പുതുമ ആയിരുന്നില്ല.  പക്ഷെ കുടിച്ചു ശർദിക്കുന്നതും കുടിക്കാൻ ആവാതെ ശർദിക്കുന്നതും രണ്ടാണ് എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. രണ്ടാമത്തേതിൽ പ്രതീക്ഷ ഉണ്ട് എന്നും.  എങ്ങനെ എങ്കിലും ഇതൊന്നും ശരിയായി കിട്ടിയാൽ മതി എന്ന് മനസ്സിൽ ധാനിച്ച്‌ തുടങ്ങയിട്ടു നാളുകൾ ഏറെ ആയി.  അപ്പോഴാണ് അങ്ങേരുടെ കുടിക്കാത്ത ചില ചങ്ങായിമാറു ഭാഗ്യം കൊണ്ട് ഒത്തു കൂടിയതും ഈ ഗൂഡാലോചന നടത്തിയതും.

പുറത്തു ഇരുട്ടിനു കട്ടി കൂടി വരികയാണ്.  അങ്ങ് ദൂരെ വഴിയുടെ അറ്റത്തു ഒരു നേരിയ വെളിച്ചവും,  അതിനെ അനുഗമിച്ചു കൊണ്ട് കട്ടി കൂടിയ ഇരുട്ടും.  ചാത്തുവും അവന്റെ ടോർച്ചും ആണ് വരുന്നത് എന്ന് എല്ലാവരും അറിഞ്ഞു.  വീട്ടിന്റെ വഴിയിൽ അവനെ  കൊണ്ട് പോകാനുള്ള കാറും,  ചായ്‌വിൽ ഗുണ്ട രാജനും കാത്തു നിന്ന്.  ആടിക്കുഴഞ്ഞു ചാത്തു കോണികയറി മുകളിൽ എത്തിയപാടെ രാജൻ ചാത്തുവിനെ വരിഞ്ഞു മുറുക്കി കാറിൽ കയറ്റി.  ചാത്തുവിന് സംഗതി എന്താണ് എന്ന് അറിയുന്നതിന് മുൻപേ മറ്റുള്ളവരും കാറിൽ ചാടി കയറി.  ഇപ്പോൾ കാറ് കുതിക്കുകയാണ്.  ശേഷം സംഭവങ്ങൾ ചുരുക്കി പറയാം.  എത്തേണ്ട ഇടതു ചാത്തു എത്തുന്നു. ചാത്തുവിനെ ബല പൂർവം മരുന്ന് കുടിപ്പിക്കുന്നു.  അങ്ങനെ ദിവസങ്ങൾ കഴിയുന്നു.  ഒരു ദിവസം മണ്ടോടി ചാത്തുവിന് നേരെ ഒരു പെഗ് നീട്ടുന്നു.  അത് കണ്ടപാടെ ചാത്തു ശർദിക്കുന്നു.  അങ്ങനെ തങ്ങളുടെ ഉദ്യമം ഭയങ്കര വിജയമാണ് എന്ന്  മനസ്സിലായ ഉടൻ , വീണ്ടും ഗുണ്ടാ രാജന്റെ കാറിൽ ചാത്തു വീട്ടിലേക്കു.  അവിടെ ശാരദയും മക്കളും പടക്കം പൊട്ടിച്ചു കൊണ്ട് മണ്ടോടിയുടെയും  പരിവാരങ്ങളുടെയും  വരവിനെ എതിരേറ്റു.  സുഖ സുന്ദരമായ കുടുംബ ജീവിതം തുടരുന്നു.

                                               *****************************

ആറ്  മാസം കഴിഞ്ഞു ഒരു ദിവസം മാഹിയിലൂടെ ബസ്സിൽ പോകുകയായിരുന്ന മണ്ടോടി ,  ഒരു പട്ട ഷാപ്പിന്റെ മുന്നിൽ ആരോ ഒരാളെ മറ്റു രണ്ട് പേര് താങ്ങി പിടിച്ചു പുറത്താക്കുന്നത് കണ്ട്.  നോക്കിയപ്പോൾ നമ്മുടെ ചാത്തുവിന്റെ മുഖ ഛായ ഉള്ള ആൾ.  സൂക്ഷിച്ചു നോക്കിയപ്പോൾ ചാത്തു തന്നെ.  മണ്ടോടി ആകെ ഡെസ്പ് ആയി പോയി.  ഉടനെ ബസ്സിൽ നിന്ന് ചാടി ഇറങ്ങി ചാത്തുവിന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചു.  കഴുവേറി മോനെ, ഇതിനായിരുന്നോ നിന്നെ നമ്മള് ഇത്ര കഷ്ടപ്പെട്ട് ചികില്സിച്ചതു.  എന്ന് പറഞ്ഞപ്പോൾ,  ഷാപ്പുകാരൻ ഇറങ്ങി വന്നു മണ്ടോടിയുടെ കൈ പിടിച്ചു ഇങ്ങനെ പറഞ്ഞു.  അയാൾക്ക് ഇപ്പോൾ നടക്കാൻ പറ്റില്ല.  ഏതായാലും പരിചയക്കാരൻ ആയ നിങ്ങൾ ഉള്ളത് കൊണ്ട്,  നിങ്ങൾ അവനെയും കൂട്ടി കുറച്ചു  നേരം ഇവിടെ ഇരിക്ക്.  എനിക്ക് നിങ്ങളോടു ചില കാര്യങ്ങൾ പറയാനുണ്ട്. ഇയാളെ കൊണ്ടുള്ള വിഷമങ്ങൾ തന്നെ ആണ് പറയാൻ പോകുന്നത്. ഉള്ളിൽ വച്ച് നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം.  അങ്ങനെ ഉള്ളിലെ ഒരു ബെഞ്ചിൽ ചാത്തുവിനെ കിടത്തി മണ്ടോടി ഷാപ്പുകാരന്റെ കൂടെ നടന്നു.  ഷാപ്പുകാരന്റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു.  അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.  ഇനി ഇയാളെ നിങ്ങള് വീട്ടിൽ കെട്ടിയിടുകയോ മറ്റോ ചെയ്യണം.  ഒരു മാസം മുൻപേ ഇങ്ങേരു ഇവിടെ വന്നു ഒരു പെഗ് വേണം എന്ന് പറഞ്ഞു.  അത് കഴിച്ചു കഴിഞ്ഞ ഉടനെ അങ്ങേരു ശർദിച്ചു.  കുഴപ്പം ഒന്നും ഇല്ല.  അങ്ങേരു തന്നെ അതൊക്കെ വൃത്തിയാക്കി ഇറങ്ങി പോയി.  അടുത്ത ദിവസം വൈകുന്നേരം വീണ്ടും അങ്ങേരു എത്തി.  ഒരു പെഗ് കൊടുത്തപ്പോൾ വീണ്ടും ശര്ധി.  പക്ഷെ ഇപ്പ്രാവശ്യം അങ്ങേരു ഒരു തുള്ളി ശർദി പോലും നിലത്തു വീഴാൻ അനുവദിച്ചില്ല.  അതിനു മുൻപേ അവ മുഴുവൻ അയാളുടെ ഗ്ലാസ്സിൽ തന്നെ കളക്ട് ചെയ്തു.  എന്നിട്ടു അത് മുഴുവൻ വീണ്ടും വായിലേക്ക് . വീണ്ടും ശർദി , വീണ്ടും ഗ്ലാസ്സിൽ കളക്ഷൻ വീണ്ടും തിരിച്ചു വായിലേക്ക്.  അങ്ങനെ ഒരു നാലഞ്ചു പ്രാവശ്യത്തെ attempt  നു ശേഷം മദ്യം ഉള്ളിലേക്ക് കടക്കാൻ ശരീരം സമ്മതിച്ചു.  പാവം. ശരീരത്തിന്റെ ക്ഷമക്കും ഒരു അതിരൊക്കെ ഇല്ലേ.  ഇപ്പോൾ എല്ലാ ദിവസവും ഇങ്ങനെ ആണ്.  കുടിക്കും ശർദിക്കും ,  ശർദി അടക്കം വീണ്ടും കുടിക്കും.... ഇങ്ങനെ.   കൃത്യമായി പൈസ തരുന്നു,  ഷാപ്പ് വൃത്തികേടാക്കുന്നില്ല എന്നിങ്ങനെ ആണ് കാര്യങ്ങൾ എന്നത് കൊണ്ട് ഞാൻ ഇതിൽ ഇടപെടേണ്ട കാര്യമില്ല.  പക്ഷെ കഴിഞ്ഞ ആഴ്ച ആണ് സംഗതി പ്രശ്നമായത്.  അപ്പുറത്തു ഇരുന്നു പട്ട അടിക്കുന്ന വേറൊരാള് ഇയാളുടെ ശർദി കണ്ട് ഉച്ചത്തിൽ പറഞ്ഞു.  ഇത് കണ്ട് കൊണ്ട് എനിക്ക് കുടിക്കാൻ പറ്റില്ല.  അറുപ്പാകുന്നു എന്ന്.  അപ്പോൾ നിങ്ങളുടെ ചങ്ങായി പറഞ്ഞു. വിഷം കുടിക്കാൻ അറുപ്പില്ല.  ഒരാള് ശർദിക്കുന്നു കാണുമ്പോൾ ആണ് ഇവന് അറപ്പു എന്ന്.  ആകെ ബഹളം ആയി. രണ്ടാള് പറയുന്നതും ശരിയാണ് എന്ന് ഞാൻ സമ്മതിക്കുന്നു.  പക്ഷെ നമ്മൾക്ക് കച്ചവടം നടക്കണ്ടേ.  അത് കൊണ്ട് ഞാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.  നിങ്ങള് എവിടെ നിന്നെങ്കിലും കുറെ കുപ്പി സംഘടിപ്പിക്കുക.  അത് ഇങ്ങേരുടെ വീട്ടിൽ കൊണ്ട് വെക്കുക. എന്നിട്ടു ദിവസവും വൈകുന്നേരം അത് അങ്ങേരെ കൊണ്ട് കഴിപ്പിക്കുക. ശർദി ഒക്കെ ഉണ്ടാകും.  അത് നിങ്ങൾ അവിടെ സഹിക്കുക.  പക്ഷെ അത് അധിക കാലം സഹിക്കേണ്ടി വരില്ല എന്നാണു എന്റെ വിശ്വാസം.  ഒന്ന് രണ്ട് മാസം കൊണ്ട് ഈ ശർദി സ്വഭാവം ശരീരം മാറ്റിക്കൊള്ളും. ശരീരത്തിന് അതല്ലാതെ വേറെ നിവൃത്തിയില്ലാതെ വരും.  അങ്ങനെ ആയാൽ അയാള് വീണ്ടും ഇങ്ങോട്ടു വന്നോട്ടെ. അത് വരെ നമ്മളെ ഒന്ന് സഹായിക്കണം.

അതായത് പണ്ട് ഇവന്റെ കുടി നിർത്താൻ ഇവനെ തട്ടി കൊണ്ട് പോയി മരുന്ന് കുടിപ്പിച്ചു, ശർദി ഒരു ശീലമാക്കിയ മണ്ടോടി   നാളെ മുതൽ അവനെ വീട്ടിൽ നിന്ന് കുടിപ്പിച്ചു, ശർദിക്കാൻ കഴിയാത്ത പരുവത്തിൽ ആക്കി തീർക്കണം.  ഇതിനാണ് വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറയുന്നത് 

Friday, 8 September 2017

കുറെ വിഡ്ഢിത്തങ്ങൾ

പെർവെർഷൻ,  ഹോമോ സെക്ഷുയാലിറ്റി ,  ഫെറ്റിഷിസം എന്നിവയൊക്കെ മൃഗങ്ങളിലും ഉണ്ട് എന്നാണു എനിക്ക് തോന്നുന്നത്.  പക്ഷെ മൃഗങ്ങളിൽ ഇവ ഒരു മാനസിക രോഗത്തിന്റെയോ ഒരു സ്ഥിര സ്വഭാവത്തിന്റെയോ നിലയിൽ എത്തുന്നില്ല എന്നാണു ഞാൻ ധരിക്കുന്നതു.  എന്റെ വീട്ടിലെ  പെൺ നായയും ആൺ നായയും ഒരു പോലെ എന്റെ കാലുകളോട് ഇണ ചേരാറുണ്ട്.  നായയോട് ഏറ്റവും അധികം സഹതാപം തോന്നുന്ന അവസരങ്ങൾ അവയാണ്.  അവയുടെ ലൈംഗികമായ ഒത്തു ചേരൽ നിഷേധിക്കുന്ന ഇടം വരെ എത്തി നമ്മുടെ മൃഗ സ്നേഹം.  മേൽ പറഞ്ഞ പെരുമാറ്റങ്ങൾ ഒക്കെയും അടിച്ചമർത്തലുകളുടെ ഫലമായി ഉണ്ടാവുന്നത് മാത്രമാണോ എന്ന് അന്വേഷിക്കേണ്ടതാണ്.  വീട്ടിലെ നായകളുടെ കാര്യത്തിൽ എങ്കിലും അത് അങ്ങനെ ആണെന്ന് കരുതാം.  അപ്പോൾ മനുഷ്യന്റെ കാര്യവും അത് പോലെ ആകുമോ.  സമൂഹം സാഹചര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മേലെ പറഞ്ഞവയെ ദൂഷ്യങ്ങൾ ആയി കണക്കാക്കുന്നുള്ളൂ.  അവയൊക്കെ സ്ഥായിയായ ദൂഷ്യങ്ങൾ ആയി സമൂഹം കണക്കിലെടുത്തിട്ടില്ല.  ഫ്രോയ്ഡ് തൊട്ടു ഇങ്ങോട്ടുള്ള പലരും ലൈംഗികതയുടെ അടിച്ചമർത്തൽ മനുഷ്യ വർഗത്തെ മറ്റു രീതികളിൽ സൃഷ്ടി പരരാക്കി എന്ന് കരുതുന്നു.  പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് അതിൽ തെല്ലും സത്യം ഇല്ല എന്നാണു.  ലൈംഗികത അടിച്ചമർത്തപ്പെട്ടതു കുറെ ഏറെ കാലങ്ങൾക്കു ശേഷമാണ് എന്ന് ഞാൻ വിചാരിക്കുന്നു.  അതിനു മുൻപുള്ള കാലത്തും മനുഷ്യൻ വളരുക തന്നെ ആണ് ചെയ്തത്.  മരത്തിൽ നിന്ന് താഴെ ഇറങ്ങി തറയിൽ ഇരുകാലിൽ നടക്കാൻ തുടങ്ങിയതാണ് മനുഷ്യ പരിണാമത്തിലെ ഏറ്റവും വലിയ വിപ്ലവം എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  നിലത്തു നിന്ന് കിട്ടിയ കരിങ്കൽ കഷ്ണം ഒരു പണി ആയുധമാണ് എന്ന് കണ്ട് പിടിച്ചത് മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തവും.  ഈ രണ്ട് അത്ഭുതങ്ങളിലും ലൈംഗികത വലിയ സ്വാധീനം ചെലുത്തിയതായി ഞാൻ വിശ്വസിക്കുന്നില്ല.  നിയന്ത്രണ രഹിതമായ ലൈംഗികത,  ലൈംഗിക അരാജകത്വത്തിൽ കലാശിക്കുമോ എന്നുള്ളത് അത് പ്രാബല്യത്തിൽ വന്നാൽ മാത്രമേ മനസ്സിലാകുകയുള്ളൂ.  അത് സൃഷ്ടിപരതയെ ഹനിച്ചു കളയുമോ എന്നുള്ള കാര്യവും.  ഇന്ന് പക്ഷെ അതിനേക്കാൾ കൂടുതൽ നമ്മുടെ സൃഷ്ടിപരതയെ ഹനിച്ചു കളയുന്നത്,  അതി രൂക്ഷമായ അടിച്ചമർത്തലുകൾ ആണ് എന്നതിന് ഒരു സംശയവും ഇല്ല.  യുവാവായി കഴിഞ്ഞാൽ,  പിന്നെ ഒരു പെണ്ണിന് വേണ്ടിയുള്ള ദാഹമാണ് നമ്മെ നയിക്കുന്നത്.  അവിടെ തളച്ചിടപ്പെട്ടാൽ മറ്റു പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള ദാഹം തുടങ്ങുകയായി.  (ആരും എന്നെ തുറിച്ചു നോക്കരുത്.  ഞാൻ എന്റെ ഉള്ളിലേക്ക് നോക്കി കൊണ്ട് വളരെ സത്യസന്ധമായി എഴുതുകയാണ്.  അത് എന്റെ മാത്രം കാര്യം ആണ്  എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ എനിക്ക് അതിനോട് ഒരു എതിർപ്പും ഇല്ല. )  .  ഇന്ന് ലൈംഗികതയ്ക്ക് നാനാവിധ വിരേചന മാര്ഗങ്ങള് ഉണ്ട്.  ഓട്ടവും ചാട്ടവും  കലയും ഒക്കെ അത്തരത്തിലുള്ള വിരേചന മാർഗങ്ങൾ ആണെന്ന് ബുദ്ധി ജീവികൾ പറയുന്നുണ്ട് എങ്കിലും,  ഞാൻ ഉദ്ദേശിച്ചത് അത്തരം വിരേചന മാർഗങ്ങളെ അല്ല.  പോൺ, എ സിനിമ മുതൽ വേശ്യാവൃത്തി വരെ എന്റെ ലിസ്റ്റിൽ വരുന്നു.  ഇവക്കു ഒക്കെയും ജന സമ്മതി കൂടി വരുന്ന കാലമാണ് ഇത്.  അത് നല്ലതോ ചീത്തയോ എന്നുള്ള കാര്യങ്ങൾക്കു ഇവിടെ പ്രസക്തിയില്ല.  പ്രസക്തിയുളളത് ഇവക്കു യഥാർത്ഥ ലൈംഗികതയ്ക്ക് പകരം നില്ക്കാൻ ആവുമോ എന്നുള്ള കാര്യമാണ്.  ഇല്ലെങ്കിൽ മനുഷ്യൻ യഥാർത്ഥ ആസ്വാദന മാര്ഗങ്ങളിലേക്കു നടന്നു എത്തുമോ.  ഇന്നത്തെ ഈ വിലക്കുകൾ ഒക്കെയും അടുത്ത ഭാവിയിൽ പൊട്ടിച്ചെറിയപ്പെടുമോ.  കൃത്യമായ മറുപടി ഈ ചോദ്യത്തിന് ഇല്ല.  ഒരിക്കൽ മിലാൻ കുന്ദേര ഒരു ചോദ്യം ചോദിച്ചിരുന്നു.  നിങ്ങളുടെ കൂടെ പ്രശസ്തയായ ഒരു അതി സുന്ദരി കുറച്ചു ദിവസം ജീവിക്കാൻ തീരുമാനിച്ചാൽ നിങ്ങൾ അവരോടൊപ്പം ഉള്ള ആ ചുരുങ്ങിയ സമയം എങ്ങനെ കഴിഞു കൂട്ടും എന്ന്.  അങ്ങേരു അതിനു പറഞ്ഞ ഉത്തരം ഇങ്ങനെ ആണ്.  ഞങ്ങൾ ഒന്നിച്ചു ഒരു മുറിയിൽ അടച്ചു പൂട്ടി ആ ദിവസങ്ങൾ തള്ളി നീക്കും എന്ന് നിങ്ങള്ക്ക് പറയാൻ തോന്നിയേക്കും എങ്കിലും,  യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യുക മുഴു സമയവും അവരെയും കൂട്ടി നഗര പ്രദേശത്തു കറങ്ങുകയാണ്.  മനുഷ്യൻ തന്റെ സഹജീവിയുടെ നഗ്‌നതയെ അതിയായി ഭയപ്പെടുകയും,  ഒപ്പം അത് ഒളിഞ്ഞു നോക്കാനാഗ്രഹിക്കുകയും ചെയ്യുന്നജീവിയാണ്.  അങ്ങനെ ഉള്ള ജീവി ആത്മ ബന്ധങ്ങളുടെ നേരെ ഞാൻ പറഞ്ഞത് പോലെ പ്രതികരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ല.  നമ്മുടെ ചുറ്റും നോക്കിയാലും നമുക്ക് ഈ കാര്യത്തിൽ സംശയം തോന്നാം.  കാരണം നാം അവിടെ, പടിപടിയായി മജ്ജയും മാംസവും ഉള്ള മനുഷ്യനെ ഒഴിവാക്കുകയാണ് .  അയൽക്കാരനോട് നേരിട്ട് പോയി സംസാരിക്കുന്നതിനു പകരം,  അവന്റെ ശരീരം തന്നിൽ നിന്ന് അകറ്റാൻ,  ഫോൺ എന്ന ജട വസ്തു ഉപയോഗിക്കുന്നു.  അത്തരത്തിൽ പാസീവ് ആയി കൊണ്ടിരിക്കുന്ന സമൂഹത്തിൽ നേരിട്ടുള്ള ലൈംഗികതയുടെ ഭാവി എന്താകും എന്ന് പറയാൻ പറ്റില്ല.

(കംപ്യൂട്ടറിനു മുന്നിൽ ഇരുന്നപ്പോൾ തോന്നിയ ചില തോന്നലുകൾ ആണ് ഇവയൊക്കെ.  ഒരു തരി പോലും ശാസ്ത്രീയത ഈ പറഞ്ഞതിന് ഇല്ല എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ അത് ശരി തന്നെ ആണ്.  അതിന്റെ പേരിൽ എന്നെ ആക്രമിക്കാതിരിക്കുക .  ക്രയാത്മകമായി ഈ പ്രശ്നങ്ങൾക്കുള്ള മറുപടി എഴുതാൻ ശ്രമിക്കുക.  എനിക്കും അക്കാര്യത്തിൽ ഒരു തരത്തിലുള്ള അറിവ് അതിൽ നിന്ന് കിട്ടട്ടെ )