Saturday, 16 September 2017

ചാത്തുവിന്റെ ഇച്ഛാശക്തിയും തോറ്റുപോയ മരുന്നും.

ചാത്തുവിന്റെ വീട്ടിൽ അന്നേരം ചാത്തു ഇല്ലായിരുന്നു.  ഭാര്യ ശാരദ ഡൈനിങ് ടേബിളിൽ മുഖം താഴ്ത്തി ഇരിക്കുന്നു.  അടുത്തു, ദുഃഖ ഭാവത്തിൽ മണ്ടോടി, അപ്പുറം ചാപ്പൻ , പിന്നെ ബാലൻ മാഷ്.

ഇത് ഇങ്ങനെ പോയാൽ ശരിയാകില്ല ശാരദേ . നമ്മൾ എല്ലാം തീരുമാനിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്.  അവൻ ഇപ്പോൾ മാഹിയിലാണ് ഉള്ളത്. അവൻ ഇവിടെ എത്തുന്നതിനു മുൻപേ എല്ലാം  തീരുമാനിക്കണം.  അവനെ കെട്ടിയിട്ടു കാറിൽ കയറ്റാൻ നമ്മള് ഗുണ്ടാ രാജനെ ഏൽപ്പിച്ചിട്ടുണ്ട്.  നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.  കുറച്ചു ദിവസം നമ്മൾ ആരെങ്കിലും അവന്റെ കൂടെ കിടന്നു കൊള്ളും.  എല്ലാ ശരിയാകും എന്നാണു അവര് പറഞ്ഞത്.  പിന്നെ ഒരു തുള്ളി വായിൽ ഒഴിക്കാൻ കഴിയില്ല.  അതിനു മുൻപേ ശർദിക്കും എന്ന്.  എന്താ അത് പോരെ.

ശാരദക്കു എതിർത്തൊന്നും പറയാൻ ഇല്ലായിരുന്നു.  ശർദ്ദി എന്നത് അവൾക്കു ഒരു പുതുമ ആയിരുന്നില്ല.  പക്ഷെ കുടിച്ചു ശർദിക്കുന്നതും കുടിക്കാൻ ആവാതെ ശർദിക്കുന്നതും രണ്ടാണ് എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. രണ്ടാമത്തേതിൽ പ്രതീക്ഷ ഉണ്ട് എന്നും.  എങ്ങനെ എങ്കിലും ഇതൊന്നും ശരിയായി കിട്ടിയാൽ മതി എന്ന് മനസ്സിൽ ധാനിച്ച്‌ തുടങ്ങയിട്ടു നാളുകൾ ഏറെ ആയി.  അപ്പോഴാണ് അങ്ങേരുടെ കുടിക്കാത്ത ചില ചങ്ങായിമാറു ഭാഗ്യം കൊണ്ട് ഒത്തു കൂടിയതും ഈ ഗൂഡാലോചന നടത്തിയതും.

പുറത്തു ഇരുട്ടിനു കട്ടി കൂടി വരികയാണ്.  അങ്ങ് ദൂരെ വഴിയുടെ അറ്റത്തു ഒരു നേരിയ വെളിച്ചവും,  അതിനെ അനുഗമിച്ചു കൊണ്ട് കട്ടി കൂടിയ ഇരുട്ടും.  ചാത്തുവും അവന്റെ ടോർച്ചും ആണ് വരുന്നത് എന്ന് എല്ലാവരും അറിഞ്ഞു.  വീട്ടിന്റെ വഴിയിൽ അവനെ  കൊണ്ട് പോകാനുള്ള കാറും,  ചായ്‌വിൽ ഗുണ്ട രാജനും കാത്തു നിന്ന്.  ആടിക്കുഴഞ്ഞു ചാത്തു കോണികയറി മുകളിൽ എത്തിയപാടെ രാജൻ ചാത്തുവിനെ വരിഞ്ഞു മുറുക്കി കാറിൽ കയറ്റി.  ചാത്തുവിന് സംഗതി എന്താണ് എന്ന് അറിയുന്നതിന് മുൻപേ മറ്റുള്ളവരും കാറിൽ ചാടി കയറി.  ഇപ്പോൾ കാറ് കുതിക്കുകയാണ്.  ശേഷം സംഭവങ്ങൾ ചുരുക്കി പറയാം.  എത്തേണ്ട ഇടതു ചാത്തു എത്തുന്നു. ചാത്തുവിനെ ബല പൂർവം മരുന്ന് കുടിപ്പിക്കുന്നു.  അങ്ങനെ ദിവസങ്ങൾ കഴിയുന്നു.  ഒരു ദിവസം മണ്ടോടി ചാത്തുവിന് നേരെ ഒരു പെഗ് നീട്ടുന്നു.  അത് കണ്ടപാടെ ചാത്തു ശർദിക്കുന്നു.  അങ്ങനെ തങ്ങളുടെ ഉദ്യമം ഭയങ്കര വിജയമാണ് എന്ന്  മനസ്സിലായ ഉടൻ , വീണ്ടും ഗുണ്ടാ രാജന്റെ കാറിൽ ചാത്തു വീട്ടിലേക്കു.  അവിടെ ശാരദയും മക്കളും പടക്കം പൊട്ടിച്ചു കൊണ്ട് മണ്ടോടിയുടെയും  പരിവാരങ്ങളുടെയും  വരവിനെ എതിരേറ്റു.  സുഖ സുന്ദരമായ കുടുംബ ജീവിതം തുടരുന്നു.

                                               *****************************

ആറ്  മാസം കഴിഞ്ഞു ഒരു ദിവസം മാഹിയിലൂടെ ബസ്സിൽ പോകുകയായിരുന്ന മണ്ടോടി ,  ഒരു പട്ട ഷാപ്പിന്റെ മുന്നിൽ ആരോ ഒരാളെ മറ്റു രണ്ട് പേര് താങ്ങി പിടിച്ചു പുറത്താക്കുന്നത് കണ്ട്.  നോക്കിയപ്പോൾ നമ്മുടെ ചാത്തുവിന്റെ മുഖ ഛായ ഉള്ള ആൾ.  സൂക്ഷിച്ചു നോക്കിയപ്പോൾ ചാത്തു തന്നെ.  മണ്ടോടി ആകെ ഡെസ്പ് ആയി പോയി.  ഉടനെ ബസ്സിൽ നിന്ന് ചാടി ഇറങ്ങി ചാത്തുവിന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചു.  കഴുവേറി മോനെ, ഇതിനായിരുന്നോ നിന്നെ നമ്മള് ഇത്ര കഷ്ടപ്പെട്ട് ചികില്സിച്ചതു.  എന്ന് പറഞ്ഞപ്പോൾ,  ഷാപ്പുകാരൻ ഇറങ്ങി വന്നു മണ്ടോടിയുടെ കൈ പിടിച്ചു ഇങ്ങനെ പറഞ്ഞു.  അയാൾക്ക് ഇപ്പോൾ നടക്കാൻ പറ്റില്ല.  ഏതായാലും പരിചയക്കാരൻ ആയ നിങ്ങൾ ഉള്ളത് കൊണ്ട്,  നിങ്ങൾ അവനെയും കൂട്ടി കുറച്ചു  നേരം ഇവിടെ ഇരിക്ക്.  എനിക്ക് നിങ്ങളോടു ചില കാര്യങ്ങൾ പറയാനുണ്ട്. ഇയാളെ കൊണ്ടുള്ള വിഷമങ്ങൾ തന്നെ ആണ് പറയാൻ പോകുന്നത്. ഉള്ളിൽ വച്ച് നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം.  അങ്ങനെ ഉള്ളിലെ ഒരു ബെഞ്ചിൽ ചാത്തുവിനെ കിടത്തി മണ്ടോടി ഷാപ്പുകാരന്റെ കൂടെ നടന്നു.  ഷാപ്പുകാരന്റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു.  അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.  ഇനി ഇയാളെ നിങ്ങള് വീട്ടിൽ കെട്ടിയിടുകയോ മറ്റോ ചെയ്യണം.  ഒരു മാസം മുൻപേ ഇങ്ങേരു ഇവിടെ വന്നു ഒരു പെഗ് വേണം എന്ന് പറഞ്ഞു.  അത് കഴിച്ചു കഴിഞ്ഞ ഉടനെ അങ്ങേരു ശർദിച്ചു.  കുഴപ്പം ഒന്നും ഇല്ല.  അങ്ങേരു തന്നെ അതൊക്കെ വൃത്തിയാക്കി ഇറങ്ങി പോയി.  അടുത്ത ദിവസം വൈകുന്നേരം വീണ്ടും അങ്ങേരു എത്തി.  ഒരു പെഗ് കൊടുത്തപ്പോൾ വീണ്ടും ശര്ധി.  പക്ഷെ ഇപ്പ്രാവശ്യം അങ്ങേരു ഒരു തുള്ളി ശർദി പോലും നിലത്തു വീഴാൻ അനുവദിച്ചില്ല.  അതിനു മുൻപേ അവ മുഴുവൻ അയാളുടെ ഗ്ലാസ്സിൽ തന്നെ കളക്ട് ചെയ്തു.  എന്നിട്ടു അത് മുഴുവൻ വീണ്ടും വായിലേക്ക് . വീണ്ടും ശർദി , വീണ്ടും ഗ്ലാസ്സിൽ കളക്ഷൻ വീണ്ടും തിരിച്ചു വായിലേക്ക്.  അങ്ങനെ ഒരു നാലഞ്ചു പ്രാവശ്യത്തെ attempt  നു ശേഷം മദ്യം ഉള്ളിലേക്ക് കടക്കാൻ ശരീരം സമ്മതിച്ചു.  പാവം. ശരീരത്തിന്റെ ക്ഷമക്കും ഒരു അതിരൊക്കെ ഇല്ലേ.  ഇപ്പോൾ എല്ലാ ദിവസവും ഇങ്ങനെ ആണ്.  കുടിക്കും ശർദിക്കും ,  ശർദി അടക്കം വീണ്ടും കുടിക്കും.... ഇങ്ങനെ.   കൃത്യമായി പൈസ തരുന്നു,  ഷാപ്പ് വൃത്തികേടാക്കുന്നില്ല എന്നിങ്ങനെ ആണ് കാര്യങ്ങൾ എന്നത് കൊണ്ട് ഞാൻ ഇതിൽ ഇടപെടേണ്ട കാര്യമില്ല.  പക്ഷെ കഴിഞ്ഞ ആഴ്ച ആണ് സംഗതി പ്രശ്നമായത്.  അപ്പുറത്തു ഇരുന്നു പട്ട അടിക്കുന്ന വേറൊരാള് ഇയാളുടെ ശർദി കണ്ട് ഉച്ചത്തിൽ പറഞ്ഞു.  ഇത് കണ്ട് കൊണ്ട് എനിക്ക് കുടിക്കാൻ പറ്റില്ല.  അറുപ്പാകുന്നു എന്ന്.  അപ്പോൾ നിങ്ങളുടെ ചങ്ങായി പറഞ്ഞു. വിഷം കുടിക്കാൻ അറുപ്പില്ല.  ഒരാള് ശർദിക്കുന്നു കാണുമ്പോൾ ആണ് ഇവന് അറപ്പു എന്ന്.  ആകെ ബഹളം ആയി. രണ്ടാള് പറയുന്നതും ശരിയാണ് എന്ന് ഞാൻ സമ്മതിക്കുന്നു.  പക്ഷെ നമ്മൾക്ക് കച്ചവടം നടക്കണ്ടേ.  അത് കൊണ്ട് ഞാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.  നിങ്ങള് എവിടെ നിന്നെങ്കിലും കുറെ കുപ്പി സംഘടിപ്പിക്കുക.  അത് ഇങ്ങേരുടെ വീട്ടിൽ കൊണ്ട് വെക്കുക. എന്നിട്ടു ദിവസവും വൈകുന്നേരം അത് അങ്ങേരെ കൊണ്ട് കഴിപ്പിക്കുക. ശർദി ഒക്കെ ഉണ്ടാകും.  അത് നിങ്ങൾ അവിടെ സഹിക്കുക.  പക്ഷെ അത് അധിക കാലം സഹിക്കേണ്ടി വരില്ല എന്നാണു എന്റെ വിശ്വാസം.  ഒന്ന് രണ്ട് മാസം കൊണ്ട് ഈ ശർദി സ്വഭാവം ശരീരം മാറ്റിക്കൊള്ളും. ശരീരത്തിന് അതല്ലാതെ വേറെ നിവൃത്തിയില്ലാതെ വരും.  അങ്ങനെ ആയാൽ അയാള് വീണ്ടും ഇങ്ങോട്ടു വന്നോട്ടെ. അത് വരെ നമ്മളെ ഒന്ന് സഹായിക്കണം.

അതായത് പണ്ട് ഇവന്റെ കുടി നിർത്താൻ ഇവനെ തട്ടി കൊണ്ട് പോയി മരുന്ന് കുടിപ്പിച്ചു, ശർദി ഒരു ശീലമാക്കിയ മണ്ടോടി   നാളെ മുതൽ അവനെ വീട്ടിൽ നിന്ന് കുടിപ്പിച്ചു, ശർദിക്കാൻ കഴിയാത്ത പരുവത്തിൽ ആക്കി തീർക്കണം.  ഇതിനാണ് വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറയുന്നത് 

No comments:

Post a Comment