Wednesday, 20 September 2017

എന്നോടൊപ്പം മാത്രം മരിക്കുന്ന ഓർമ്മകൾ

ഈവോ ആൻഡ്രിഷിന്റെ ഡ്രീനാ നദിയിലെ പാലം വിശ്വ സാഹിത്യത്തിലെ ഉജ്വല സൃഷ്ടിയാണ്  എന്ന് വളരെ ചെറിയ കാലത്തു തന്നെ എനിക്ക് അറിയാമായിരുന്നു.  എത്രയോ കാലം തലശേരിയിലെ പല ലൈബ്രറികളിലും ഞാൻ ഈ പുസ്തകത്തിന് വേണ്ടി അലഞ്ഞിട്ടുണ്ട്.  പല പുസ്തക പീടികകളിലും. ഒരിക്കലും അത് എനിക്ക് കിട്ടിയില്ല. അത് കൊണ്ട് വായിച്ചതും ഇല്ല.  നാട്ടിൽ ഇല്ലാത്ത  ചില പുസ്തകങ്ങൾക്ക് വേണ്ടി ഞാൻ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ  വിളിച്ചു ചോദിച്ചിട്ടുണ്ട്.  കാഫ്കയുടെ  ഡയറി വാങ്ങണം എന്ന് തോന്നിയപ്പോൾ ഞാൻ അങ്ങനെ കറന്റ് ബുക്ക്സ് ഹെഡ് ആപ്പീസിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു ഒരു കോപ്പി ഉണ്ട്, തലശേരി കറന്റ് ബുക്സിൽ എത്തിക്കാം എന്ന്.  രണ്ട് ദിവസം കഴിഞ്ഞു ഞാൻ കറന്റ്  ബുക്സിൽ എത്തിയപ്പോൾ രാജൻ  പറഞ്ഞു.  എടോ . തനിക്കല്ലാതെ  മറ്റാർക്കും കൊടുക്കരുത് എന്ന് പറഞ്ഞു ഇവിടെ ഒരു പുസ്തകം വന്നിട്ടുണ്ട് എന്ന്. അക്കാലത്തു ഒരു ദിവസം  പീ എഫ് ലോണിനുള്ള അപേക്ഷയിൽ ഞാൻ കാരണം എഴുതി.  ഫോർ പുരാശേസിംഗ് ബുക്ക്സ്.  അപേക്ഷ പോയത് പോലെ തിരിച്ചു വന്നു.  ആപ്പീസിൽ ചോദിച്ചപ്പോൾ പറഞ്ഞു, പെങ്ങളുടെ കല്യാണം എന്ന് കാരണം  കാണിക്കുക എന്ന്.  അങ്ങനെ എനിക്ക് നൂറു കണക്കിന് പെങ്ങന്മാരുണ്ടായി

പറഞ്ഞു പറഞ്ഞു സംഗതി കാടുകയറി.  പാലത്തിനെ കുറിച്ചായിരുന്നു പറഞ്ഞു തുടങ്ങിയത്.  ഇവിടെ എന്റെ മുന്നിലും ഒരു ചരിത്ര സ്മൃതിയായി ഈ പാലം ഉയർന്നു നിൽക്കുകയാണ്.  അതിന്റെ താഴെ നമ്മുടെ ജീവിതവുമായി ഇഴപിരിയാതെ കിടക്കുന്ന ഈ പുഴയും.  രണ്ട് കൊല്ലം മുൻപേ പാലത്തിനു വിള്ളൽ ഉണ്ടെന്നു പറഞ്ഞു അതിന്റെ പുറം ചട്ടകൾ ആകെയും ഉടച്ചു വാർക്കാൻ വന്നവര് കണ്ടത്,  ആ പുറം ചട്ടക്കു ഉള്ളിൽ ഒരു പോറലും ഏൽക്കാത്ത ഉൾഭാഗങ്ങൾ.  എത്രയോ കാലത്തിനു ശേഷവും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പോലും കാണിക്കാത്ത നമ്മുടെ പാലം.  ഇനി അതിനു ആയുസ്സു അത്ര ഏറെ ഇല്ല എന്ന് എല്ലാവര്ക്കും അറിയാം.  നമ്മുടെ ഏവരെയും അമ്മയെ പോലെയോ അച്ഛനെ പോലെയോ ഈ പാലവും നാളെ കാലയവനികക്കു ഉള്ളിൽ മറഞ്ഞു പോകും.  പിന്നെ അത് നമ്മെ പോലെ ഉള്ള ചില വൃദ്ധരുടെ ഉള്ളിൽ കുറച്ചു കാലം കൂടെ ജീവിക്കും.  പിന്നെ ഒരിക്കൽ അത് ഒരിക്കലും തിരിച്ചു വരാത്ത എന്തോ ഒന്നായി അസ്തമിക്കും.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഒരു ദിവസം, ഞാൻ പാലത്തിനു അടുത്തു നിൽക്കുമ്പോൾ കരുണാട്ടനും എന്റെ കൂടെ ഉണ്ടായിരുന്നു.  അപ്പോൾ അപ്പുറത്തു ഒരാള് പുഴയിലേക്ക് പാളി നോക്കുന്നു .  അപ്പോൾ കരുണാട്ടൻ അവനെ നോക്കി എന്നോട് പറഞ്ഞു.  ഈ നായിൻറ്റ മോൻ പുഴയിൽ തുള്ളേണ്ട പരിപാടിയാണോ .  അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും  അയാള് പുഴയിൽ ചാടി കഴിഞ്ഞിരുന്നു.  പക്ഷെ അയാള് പുഴയിൽ എത്തുന്നതിനു മുൻപ് തന്നെ കരുണാട്ടനും പുഴയിൽ ചാടി   പുഴയിൽ നിന്ന് കണ്ടമാനം തെറികൾ പുറത്തു വരുന്നുണ്ട്.  അങ്ങനെ അവനെ ഒരു വിധം കരക്കടുപ്പിച്ച കരുണാട്ടൻ കരയിൽ എത്തിയ ഉടനെ അവന്റെ മുഖത്ത് നല്ലവണ്ണം ഒന്ന് പൊട്ടിച്ചു ഇങ്ങനെ പറഞ്ഞു. എടാ നായെ . ചാകണം എന്ന് ശരിക്കും ആശയുണ്ടെങ്കിൽ ആള് കാണാത്ത ഇടത്തു പോയി ചാകുക.  എന്റെ മുന്നിൽ അങ്ങനെ ഒരുത്തനെയും ഞാൻ ചാകാൻ വിടില്ല എന്ന്.

ഒരിക്കൽ സുരേന്ദ്രൻ ആടിനെ മേക്കാൻ കൊണ്ട് പോകുന്ന്തു പോലെ കുറെ നായകളെ തെളിച്ചു കൊണ്ട് പോകുന്നു.  നായകൾ വാലാട്ടി കൊണ്ട് സുരേന്ദ്രന്റെ കൂടെ നടക്കുന്നു.  ഞാൻ സംഗതി അറിയാൻ സുരേന്ദ്രന്റെ അടുത്തു ചെന്ന്.  പാലത്തിനു അടുത്തു എത്തിയപ്പോൾ സുരൻ ആദ്യത്തെ നായയെ വിളിച്ചു.  അത് വാലാട്ടി കൊണ്ട് അടുത്തു വന്നപ്പോൾ അതിന്റെ കഴുത്തിൽ കുരുക്കിട്ട്.  അതിനെ വലിച്ചു പാലത്തിന്റെ കൈവരിയിൽ തൂക്കി കൊന്നു.  ഞാൻ വിലപിച്ചപ്പോൾ  സുരൻ പറഞ്ഞു.  കരയേണ്ട.  എല്ലാറ്റിനെയും ഭ്രാന്തൻ നായ കടിച്ചതാ.  ഭ്രാന്തന്റെ ശവം അപ്പുറത്തുണ്ട്.  ഇവയെ കൊന്നില്ലെങ്കിൽ നാളെ നമ്മള് കരയേണ്ടി വരും.  അങ്ങനെ നായകൾ വരിവരിയായി തങ്ങളുടെ മരണം സ്വീകരിച്ചു.  വാലാട്ടി കൊണ്ട്.  ഈ ഭീകര രംഗം ഇന്നും എന്റെ മനസ്സിൽ ഉള്ളത് കൊണ്ടാവാം,  ഇന്ന് എനിക്ക് നായകളോട് തീർത്താൽ തീരാത്ത സ്നേഹവും അനുകമ്പയും ആണ്.

സ്‌കൂളിൽ നിന്ന് വന്നാൽ വൈകുന്നേരം നമ്മൾ പാലത്തിനടുത്തു നിൽക്കും.  ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും.  അവിടെ നിന്ന് നോക്കിയാൽ വലതു ഭാഗത്തു കെ ടീ പീ മുക്ക് വരെയും, ഇടത്തു ഭാഗത്തു ചോനാടം ഇറക്കം വരെയും വ്യക്തമായി കാണാം.  ഇനി നമ്മുടെ മത്സരം തുടങ്ങുകയായി .  കെ ടീ പീ മുക്ക് തിരിഞ്ഞു ഒരു ഓട്ടോ വരുമ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു.  അത് സ്പീഡ് വെയിസ് എന്ന് പേരുള്ള ഓട്ടോ ആണ് എന്ന്. അത് ശരിയെങ്കിൽ എനിക്ക് ഒരു മാർക്.  തെറ്റിയാൽ നെഗറ്റീവ് മാർക്.  അടുത്ത് മോഹന്റെ ഊഴം.  ചോനാടത്തു  നിന്ന് ശാരദ വരുന്നുണ്ട്. അതും ശരി .  അങ്ങനെ അങ്ങനെ ..  ഈ ക്വിസ് പരിപാടിയെ എന്ത് പേര് വിളിക്കണം എന്ന് എനിക്ക് അറിയില്ല.

No comments:

Post a Comment