ബിഹേവിയർ സയൻസ് ട്രെയിനിങ് ക്ലാസിൽ വച്ചായിരുന്നു ആദ്യമായി ക്ലാസിക്കൽ കണ്ടീഷനിംഗിനെ കുറിച്ച് കേട്ടത്. പാവ്‌ലോവിന്റെ അതി പ്രശസ്തമായ നായ കഥയോടെ ആണ് തുടക്കം. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് പാവ്ലോവ് നായയുടെ ഉദാഹരണം പറഞ്ഞത്, മൃഗങ്ങളിൽ പോലും ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ പ്രാഭവം ഉണ്ട് എന്ന് പറയാൻ വേണ്ടി ആവണം. മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിൽ അതിന്റെ ഉദാഹരണങ്ങൾ സർവത്ര.
പാവ്ലോവിന്റെ സിദ്ധാന്തം ഏകദേശം ഇങ്ങനെ ആണ്. എല്ലാ ദിവസവും നിങ്ങൾ നിങ്ങളുടെ നായക്ക് ഭക്ഷണം കൊടുക്കുന്ന വേളയിൽ ഒരു പാട്ടു പാടുന്നു. ഒരേ പാട്ടു . ആ പാട്ടു നിങ്ങൾ കുറെ ദിവസം തുടരുകയും അതോടൊപ്പം നായയുടെ മുന്നിൽ ഭക്ഷണം വച്ച് കൊടുക്കുകയും ചെയ്യുന്നു. ഇപ്പോൾ നായയുടെ മനസ്സിൽ ഒരു പ്രത്യേക രീതിയിലുള്ള ഒരു ചേർച്ച രൂപം കൊള്ളുകയാണ്. ഭക്ഷണം എന്ന അർത്ഥവത്തായ ഒരു സംഭവവും, ഭക്ഷണവുമായി പുല ബന്ധമില്ലാത്ത പാട്ടു എന്ന ശബ്ദവും കൂടിച്ചേർന്ന വിചിത്രമായ ഒരു ചേർച്ച. ഇനി അങ്ങോട്ട് നിങ്ങൾ പാടിയ പാട്ടു ഒരു പ്രചോദക ബിന്ദുവായി ആയി പ്രവർത്തിക്കുകയാണ്. ആ പാട്ടു കേൾക്കുമ്പോഴേക്കും നായ ഉഷാറാവുകയാണ്. നായയിൽ ചില ശാരീരിക പ്രക്രിയകൾ നടക്കുകയാണ്. അതിന്റെ വായിൽ ഉമിനീർ വരികയാണ്. പാവ്‌ലോവിന്റെ ഈ കണ്ടെത്തൽ അസാമാന്യമാണ് എന്ന് പറയാതെ നിവൃത്തിയില്ല. ഇന്ന് നായയെ ട്രെയിൻ ചെയ്യുന്നവർക്ക് ഈ സിദ്ധാന്തം അറിയാം. അവർ ഇത് തങ്ങളുടെ നായകളിൽ പ്രയോഗിക്കുന്നു.
അന്ന് ക്ലാസിൽ വന്നത് പ്രശസ്തനായ ഒരു മനഃശാസ്ത്ര ഗവേഷകൻ ആയിരുന്നു. അങ്ങേരു പറഞ്ഞ ഒരു കാര്യം ഇന്നും ഞാൻ ഓർക്കുന്നു. ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ ഉദാഹരണങ്ങൾ മനുഷ്യരായ നമ്മുടെ ചുറ്റിലും എത്രയോ. ഒരു ഉദാഹരണം മാത്രം പറഞ്ഞാൽ നിങ്ങള്ക്ക് അതിന്റെ വ്യാപ്തി മനസ്സിലാകും. ഞാൻ ഇവിടെ ഇരിക്കുന്ന മണ്ടോടിയെ പട്ടി എന്ന് വിളിക്കുകയാണ്. എന്താണ് മിസ്റ്റർ മണ്ടോടിയുടെ പ്രതികരണം. ക്രോധം. എന്നെ അടിക്കണം എന്ന തോന്നൽ. ശരിയല്ലേ. എന്ത് കൊണ്ടാണ് നിങ്ങള്ക്ക് ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ നേരെ ക്രോധം ഉല്പാദിപ്പിക്കപ്പെട്ടതു. വ്യക്തമാക്കാൻ പറ്റുമോ. അനർത്ഥങ്ങളായ അനേകം ശബ്‍ദങ്ങളെ ആണ് നാം ഭാഷയായി പരിണമിപ്പിച്ചത്. പല ടോണുകളിൽ ഉള്ള പല പല ശബ്ദങ്ങളുടെ അസോസിയേഷൻ. നമ്മുടെ ചുറ്റുപാടുകളിൽ ചേർത്ത് കൊണ്ടാണ് നാം അവക്ക് അർത്ഥങ്ങൾ പ്രദാനം ചെയ്തത്. ശരിയായ കണ്ടീഷനിംഗ് ആണ് അവിടെ നടന്നത്. ചിത്രങ്ങളും വികാരങ്ങളും ശബ്ദവും ഒക്കെ ഇഴ ചേർന്ന് കിടക്കുന്ന ഈ അസാമാന്യ പ്രക്രിയയെ കുറിച്ചായിരുന്നു ഞാൻ എന്റെ ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ വ്യക്തമാക്കിയത്. ചിലർക്കെങ്കിലും അത് മനസ്സിലായില്ല എന്ന് ഞാൻ വിചാരിക്കുന്നു
ഒരു നിമിഷം നിങ്ങൾ ഓരോരുത്തരും ചിന്തിച്ചു നോക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ ഭാഷകൾക്ക് നേരെ പ്രതികരിക്കുന്നത് എങ്ങനെ ആണ്. ശരിയായ കണ്ടീഷനിംഗ് തന്നെ അല്ലെ അവിടെ നടക്കുന്നത്. ഭാഷ എന്നത് ചിത്രവും ശബ്ദവും ഒരേ ഇടത്തു സമ്മേളിച്ച ഒരു അത്ഭുത പ്രതിഭാസമാണ്. നിങ്ങൾ അതിനെതിരെ പ്രതികരിക്കുന്നതിനു അർഥം, അനര്ഥമായ ഒരു ചിത്രം കണ്ടോ, അനര്ഥമായ ഒരു ശബ്ദം കേട്ടോ നിങ്ങൾ പ്രതികരിക്കുന്നു എന്നാണ്. ആ ശബ്ദങ്ങൾക്കോ ചിത്രങ്ങൾക്കോ അർഥം ഉണ്ടായത് ചിര പരിചയം കൊണ്ട് തന്നെ ആണ്
No comments:
Post a Comment