ഇത് രണ്ട് കാലഘട്ടങ്ങളെ താരത്യപ്പെടുത്താൻ വേണ്ടി എഴുതുന്ന ലേഖനം അല്ല. നാം സഹകരണ കാലഘട്ടത്തിലൂടെ കടന്നു മാത്സര്യ കാലഘട്ടത്തിൽ കാലെടുത്തു കുത്തിയ തലമുറയാണ്. എന്നെ പോലെ ഉള്ള ആളുകൾ ഇതിൽ ഒന്നാമത്തേതിൽ ജീവിച്ചു രണ്ടാമത്തേതിൽ എത്തി. ഇനിയുള്ളവർ രണ്ടാമത്തേതിൽ ജീവിക്കേണ്ടി വരും. ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് പണ്ട് ജോലിയിൽ ഇരിക്കുന്ന കാലത്തു, നമ്മുടെ സ്വഭാവം പരുവപ്പെടുത്തി എടുക്കാൻ വേണ്ടി, നമ്മളെ പഠിപ്പിച്ച ഒരു കളിയെ കുറിച്ചാണ്. ബിഹേവിയർ സയൻസിന്റെ ഭാഗമായി വരുന്ന കൊച്ചു കളിയാണ് ഇത്. നമ്മൾ എങ്ങനെ എന്ന് നമ്മളെ മനസ്സിലാക്കി തരാനും, ഇനി നമ്മൾ അങ്ങനെ ആയിക്കൂടാ എന്ന് ഉത്ബോധിപ്പിക്കാനും വേണ്ടിയാണു അന്ന് അത്തരം കളികൾ ആസൂത്രണം ചെയ്തത്. ആദ്യമായി ഈ കളി എങ്ങനെ നടത്തുന്നു എന്ന് കാണാം.
ആദ്യം ട്രെയിനിംഗ് ക്‌ളാസിലെ കുട്ടികളെ ഏതാനും ഗ്രൂപ്പുകൾ ആയി തരം തിരിക്കും. ഓരോ ടീമിനും ഒരു ലീഡറെ അവർ തന്നെ തിരഞ്ഞെടുക്കും. കളി ആരംഭിക്കുമ്പോൾ, നാല് ഗ്രൂപ്പുകൾ ഉണ്ട് എന്ന് വിചാരിക്കുക. അവരുടെ മുന്നിൽ പല ഷേപ്പിലും ഉള്ള മരക്കട്ടകൾ ചേർത്ത് ഉണ്ടാക്കിയ നാല് സമചതുരങ്ങൾ അദ്ദേഹം പ്രദർശിപ്പിക്കും. ഇവ പൊട്ടിച്ചിട്ടാൽ നമുക്ക് വേണമെങ്കിൽ വീണ്ടും അവ കൂട്ടി ചേർത്ത് അതെ സമചതുരം ഉണ്ടാക്കാം. പക്ഷെ ഇവിടെ ചെയ്യുന്നത് അതല്ല. ഈ നാല് സമചതുരങ്ങളും പൊട്ടിച്ചു ഇട്ടു, അതിലെ കട്ടകൾ കൂട്ടി കലർത്തുന്നു. എന്നിട്ടു അതിൽ കുറച്ചു ഒരാൾക്ക് എന്നതരത്തിൽ നാലുപേർക്കും വീതിക്കുന്നു. ഇനി ഇവിടെ ഉള്ള ഓരോ ഗ്രൂപ്പും അവരുടെ സമചതുരം പൂർത്തീകരിക്കണം. തീർച്ചയായും അത് പറ്റില്ല. കാരണം അവരുടെ സമചതുരത്തിന്റെ ചില ഭാഗങ്ങൾ മറ്റേ ഗ്രൂപ്പിൽ ആയിരിക്കും. പക്ഷെ ഈ ഗേമിൽ ഒരു നിബന്ധന ഉണ്ട്. എന്തെങ്കിലും ഒരു ഗ്രൂപ്പിലെ ആർക്കെങ്കിലും തങ്ങളുടെ കയ്യിലുള്ള കട്ടകളിൽ ഒന്ന് തങ്ങളുടെ സമചതുരത്തിനു ചേരില്ല എന്ന് തോന്നിയാൽ, അത് ആവശ്യമുള്ള ഗ്രൂപ്പുകൾക്ക് അങ്ങോട്ട് കൊടുക്കാം. അവർ ഇങ്ങോട്ടു ചോദിച്ചാൽ ഫൗൾ ആണ്. അങ്ങോട്ട് കൊടുക്കൽ മാത്രം. ചോദിച്ചു വാങ്ങൽ ഇല്ല.
കളി ആരംഭിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ കളി മരവിച്ചു. ആർക്കും തങ്ങളുടെ സമ ചതുരം പൂർത്തീകരിക്കാൻ ആവുന്നില്ല. ബാക്കിയുള്ള കഷണങ്ങൾ കയ്യിൽ വച്ച് ഓരോരുത്തരും വീണ്ടും വീണ്ടും മാറ്റിയും മറിച്ചും സമ ചതുരം വീണ്ടും ഉണ്ടാക്കി കൊണ്ട് ഇരുന്നു. പക്ഷെ അതിനിടയിൽ ഒരു അത്ഭുതം ഉണ്ടായി. ആ ഗ്രൂപുകളിൽ ഒന്നിലെ പയ്യൻ, തന്റെ സമചതുരത്തിനു ആവശ്യമില്ല എന്ന് കണ്ട നാല് കട്ടകൾ എടുത്തു മറ്റുള്ളവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്നിട്ടു അവൻ തന്നെ അതിനു അപ്പുറത്തുള്ള ഗ്രൂപ്പിലെ ചതുരത്തിൽ വിട്ടു പോയ ഭാഗത്തു തന്റെ കയ്യിലുള്ള കട്ട ചേരുമോ എന്ന് നോക്കി. ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ കയ്യിലുള്ള നാലു കട്ടകളും, മറ്റുളള ഇടങ്ങളിൽ യോചിപ്പിച്ചു. അത് കണ്ടപ്പോൾ മറ്റുള്ളവരും ഉഷാർ ആയി . അവരും തങ്ങളുടെ കയ്യിൽ ബാക്കിയുള്ള കട്ടകൾ എടുത്തു നടക്കാൻ തുടങ്ങി. അങ്ങനെ പരിപാടി വിജയകരമായി അവസാനിച്ചു. അപ്പോൾ അധ്യാപകൻ കൈ മുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ആസമയത്തു സംസാരിച്ചത് ഇതായിരുന്നു. കുട്ടികളെ എത്രയോ തവണ ഈ കളി ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഇന്നുവരെ ആരും ഈ കളി മുഴുമിപ്പിച്ചിട്ടില്ല. പക്ഷെ ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഒരാളിൽ നിന്നുള്ള പ്രോചോദനം ഉൾക്കൊണ്ടു കൊണ്ട് നിങ്ങൾ സഹകാരികൾ ആയി തീർന്നിരിക്കുന്നു. നമ്മുടെ സമൂഹത്തിനു ഈ രീതിയിൽ മാത്രമേ രക്ഷപെടാൻ പറ്റൂ. അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനു മുൻപേ, നമ്മൾ ആവശനു വേണ്ടത് അവൻ ചോദിക്കാതെ തന്നെ കൊടുക്കാൻ പഠിക്കണം
No comments:
Post a Comment