കഥകൾ എന്ന് പേരിട്ടെങ്കിലും ഇവയൊന്നും കഥകൾ അല്ല. യഥാർത്ഥ സംഭവങ്ങൾ തന്നെ ആയിരുന്നു. കാല പഴക്കം കൊണ്ടുള്ള പൊടിപ്പും തൊങ്ങലുകളും ഒരു പരിധി വരെ ഇവയെ കഥയെന്ന പേരിനു അർഹമാക്കുന്നു
1. പാച്ചുവും കോവാലനും :
മണ്ടോടി ചപ്പന്റെ ഇളയ സന്തതികൾ. ടീച്ചറെ ചീത്ത വിളിച്ചതിന്റെ പേരിൽ കൊവാലാൻ അഞ്ചാം ക്ലാസ്സിൽ ഒരു വര്ഷം കൂടുതൽ ഇരിക്കേണ്ടത് വന്നത് കൊണ്ടു മാത്രം, ഒരേ വർഷം എസ് എസ് എൽ സീ പാസ്സായ ഇവർ രണ്ടു പേരും യഥാക്രമം ഡോക്ടർ, എഞ്ചിനീയർ എന്നീ പദവികളിൽ ഏതെങ്കിലും ഒന്ന് വഹിക്കുന്നത് കണ്ടു കൊണ്ടു വഴിയരികിലൂടെ ഗമയിൽ നടക്കണമെന്ന ഒരു ആഗ്രഹം ചാപ്പന്റെ മനസ്സില് എപ്പോഴോ ഉദിച്ചിരുന്നു. പക്ഷെ കുട്ടികളുടെ അഭിരുചിക്കൊത്തു കുട്ടികളെ പഠിക്കാൻ വിടണമെന്ന്, ഒരിക്കൽ രാമൻ മാഷ് പറഞ്ഞതും ചാപ്പന്റെ മനസ്സിൽ ഒരു വേദനയായി നില്ക്കുന്നുണ്ടായിരുന്നു. സന്ദേഹ ഭരിതമായ അത്തരം ചുറ്റുപാടുകളിൽ ഒരു ദിവസം ചാപ്പൻ തന്റെ സന്തതികളെ അരികിൽ വിളിച്ചു താഴെ പറയുന്ന ചില ചോദ്യങ്ങൾ ചോദിച്ചു
ചാപ്പൻ : എടാ മക്കളെ . നിങ്ങളെ ഞാൻ കോളേജ് ഇലേക്ക് പഠിക്കാൻ വിടുകയാണ്. ഏതു ശാസ്ത്രമാണ് നിങ്ങള്ക്ക് പഠിക്കേണ്ടത് ?
പാച്ചു , കൊവാലാൻ (ഒരേ സമയം) : എകനോമിക്സ്
ഇങ്ങനെയും ഒരു പടിപ്പുണ്ടോ എന്ന് ചാപ്പൻ ഞെട്ടലോടെ ചിന്തിച്ചു വീണ്ടും തന്റെ ചോദ്യങ്ങൾ തുടർന്നു
ചാപ്പൻ: അപ്പൊ ഈ പറഞ്ഞത് എന്താടാ.
മക്കൾ : സാമ്പത്തിക ശാസ്ത്രം.
ചാപാൻ: അപ്പൊ നിങ്ങൾക്ക് ഡോക്ടറോ എന്ജിനീരോ ആകേണ്ടേ?
മക്കൾ: അവരൊക്കെ ഇപ്പൊ തന്നെ വേണ്ടുവോളം ഉണ്ട്. സാമ്പത്തിക ശാസ്ത്രഞ്ഞരെ ആണ് ഇന്ന് നമ്മുടെ നാട്ടിന് ആവശ്യം.
മക്കളുടെ ഇത്തരം ഉദാത്തമായ ചിന്താഗതികൾ കേട്ട് ചാപ്പൻ കോരി തരിച്ചു പോയി.
ഫ്ലാഷ് ബാക്ക് : (പാച്ചുവും കോവാലനും , റൌഡി പരമുവും ചിറക്കര കണ്ടിയിലെ മരത്തിൻ കീഴിൽ ഇരുന്നു സംസാരിക്കുന്നു. റൌഡി പരമു ബ്രെണ്ണൻ കോളേജിൽ അഞ്ചു വർഷം പയറ്റി തോറ്റ കഥാപാത്രം.)
പാച്ചു: എടെ പരമു. നമ്മള് കോളേജിൽ പഠിക്കാൻ പോകുകയാ. ഡോക്ടറോ എന്ജിനീരോ. ഏതാ നല്ലത്.
പരമു : ബയോളജിയാ. ക്ലാസ്സ് കട്ട് ചെയ്യാൻ പറ്റില്ല. മാറ്റ്സും അങ്ങനെ തന്നെ.
കൊവാലാൻ : അപ്പൊ നമ്മക്ക് പറ്റിയത് ഏതാ.
പരമു : എകനോമിക്സ് . ക്ലാസ്സിൽ പോയില്ലെങ്കിലും വലിയ കുഴപ്പമില്ല. ആരും ശ്രദ്ധിക്കില്ല. രണ്ടാമത്തെ കൊല്ലം അവസാനം ഒന്ന് എല്ലാം കൂട്ടി കലക്കിയാൽ രണ്ടാമത്തെ ചാൻസിൽ പാസാകാനും പറ്റും.
പാച്ചു : എന്നാ പിന്നെ ആ വഴി തന്നെ നോക്കാം
********************************************************************
അങ്ങനെ പാച്ചുവും കോവാലനും കോളേജിൽ പഠിച്ചു വരവേ, ഉച്ച ഭക്ഷണത്തിന് മീത്തലെ പീടികയിലെ മൂസയുടെ പീടികയിൽ മാസപറ്റിനു ചേർന്ന് മൃഷ്ടാന്നം തട്ടാൻ തുടങ്ങി. വീട്ടിൽ നിന്ന് കൊടുക്കുന്ന മെസ്സ് അലവൻസുകൾ സിനിമ കണ്ടും മറ്റു തരത്തിൽ ജോളി ആക്കിയും തീർക്കും. പറ്റു ആയിരം കടന്നപ്പോൾ അവിടന്ന് മുങ്ങി, ഭക്ഷണം മറ്റൊരിടത്തേക്ക് മാറ്റി. ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കെ, ഒരിക്കൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് മൂസ രണ്ടു പേരയും കയ്യോടെ പിടി കൂടി.
മൂസ: എന്താടാ തിന്നു മുടിച്ചു മുങ്ങി നടക്കുകയാണോ. പണമെടുക്ക്
(കേട്ടപാടെ പാച്ചു ഒറ്റ കരച്ചിൽ)
അപ്പോൾ കോവാലൻ : മൂസ്സക്കാ, വീട്ടില് വെല്ല്യ കഷ്ടമാ. വീട്ടു സാധനങ്ങൾ എടുത്തു വിറ്റിട്ടാ ഇപ്പൊ കഴിഞ്ഞു പോകുന്നത്. ഇനി അവിടെ ഒന്നോ രണ്ടോ നല്ല ബെഞ്ചുകളും കുറച്ചു കസേരകളും മാത്രമേ ബാക്കിയുള്ളൂ. നിങ്ങളുടെ പണം തരണമെന്ന് ഉണ്ട്. പക്ഷെ ബെഞ്ച് ആയിട്ട് തരാൻ പറ്റില്ലല്ലോ.
മൂസ്സ : ബെഞ്ച് ആയാലും സാരമില്ല മക്കളെ. അങ്ങനെ എങ്കിലും കിട്ടിയാൽ മതി.
പാച്ചു. : ഉവ്വോ, എങ്കിൽ നാളെ രാവിലെ ഏഴു മണിക്ക് നമ്മൾ സാധനം കൊണ്ടു ഇവിടെ എത്തും
അന്ന് വൈകുന്നേരം തലശ്ശേരി ടൌണിൽ എത്തിയ പാച്ചുവും കോവാലനും, കമ്മത്തിന്റെ പീടികയിൽ നിന്ന് ഒരു പൂഴി കടലാസ് വാങ്ങി പിറ്റേന്ന് രാവിലെ ആറു മണിക്കുള്ള ആദ്യത്തെ ബസ്സിൽ കോളേജിൽ എത്തി. ചിറക്കര കണ്ടി ശ്മശാനത്തിന്റെ ശാന്തതയാണ് അന്നേരം അവിടെ കടന്നു ചെന്നപ്പോൾ പാച്ചുവും കോവാലനും ഓർത്തത്. ആ മൂകതയിൽ കെമിസ്ട്രി ക്ലാസിന്റെ കവാടങ്ങൾ തങ്ങൾക്കു വേണ്ടി തുറന്നു വച്ചതായി അവർ അറിഞ്ഞു. നേരെ കേറി അവസാനത്തെ വരിയിലുള്ള ഒരു മുഴു മുഴുപ്പൻ ബഞ്ചിന്റെ മാറിടത്തിൽ ഒരു പേനിനെ പോലെ ഒട്ടി പിടിച്ചിരിക്കുന്ന കോളേജിന്റെ പേരുകൾ കയ്യിൽ കരുതി വച്ച പൂഴി കടലാസ് കൊണ്ടു ഉരച്ചു മാറ്റി , ഒരിക്കൽ ഈ കലാലയത്തിലെ സുന്ദരികളുടെയും സുന്ദരന്മ്മരുടെയും ചന്തികൾ ഉറപ്പിച്ചിരുന്ന ശരീരമാണ് തന്റേതു എന്നുള്ള ഓർമ്മകൾ പോലും ബെഞ്ചിന്റെ മനസ്സിൽ നിന്ന് കഴുകി കളഞ്ഞു, പ്രസ്തുത ബെഞ്ചിനെ അകാല ചരമം പ്രാപിച്ച ഒരു മനുഷ്യന്റെ ശവം പോലെ ചുമന്നു രാവിലെ കൃത്യം ഏഴു മണിക്ക് മൂസ്സക്കയുടെ കടയിൽ എത്തിക്കുകയും മൂസ്സക്കയുടെ പീടികയിലെ പുസ്തകത്തിൽ തങ്ങളുടെ പേരിനു നേരെ ഉള്ള ആയിരം അവർ ഒരു വൃത്തം വരച്ചു ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെ യാതൊരു വിധ കടവും ഇല്ലാത്ത മനുഷ്യരായി അവർ അവിടെ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. പോകുന്ന പോക്കിൽ പാച്ചു മൂസ്സക്കയോട് ഇത്രയും പറഞ്ഞു
മൂസ്സക്കാ, ഒരു ബെഞ്ച് കൂടെ വീട്ടില് വില്ക്കാതെ വച്ചിട്ടുണ്ട്.