തറവാട്ടിൽ അന്ന് ജാനു അമ്മ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നും രാവിലെ ഒരു പാത്രം വെള്ളവുമായി ജാനു അമ്മ പ്ലാവിൻ ചോട്ടിൽ ഇരിക്കും. വേരിൽ വെള്ളമൊഴിച്ച് കൊണ്ടു ജാനു അമ്മ പ്ലാവിനോട് സംസാരിക്കും. തന്റെ ആയിരം ചില്ലകളിലൂടെ, പച്ച പല്ലുകൾ പോലുള്ള ഇലകളിലൂടെ പ്ലാവ് ചിരിച്ചു കൊണ്ടെ ഇരിക്കും. ആ തലോടലുകൾ പ്ലാവിനെ പുഷ്പിണി ആക്കുകയും ഗര്ഭിണി ആക്കുകയും അങ്ങനെ ആയിരം ചക്കകൾ വളരുന്ന മഹാ മരമാക്കുകയും ചെയ്തു വരവേ ഒരിക്കൽ മണ്ടോടി മന്നി അമ്മ അവരോടു വീട് ഒഴിയാൻ പറഞ്ഞു. ഒന്നും പറയാതെ ആരോടും കയർക്കാതെ കയ്യിൽ ഇരിപ്പുള്ള ഒരു ജോഡി മുണ്ടും തന്റെ ഒരു ചെറിയ പെട്ടിയുമായി ജാനു അമ്മ വീട് വിട്ടിറങ്ങി. പോകുന്ന നേരം മുറ്റത്തെ പ്ലാവിനെ ഒന്ന് വലം വച്ച് , അതിനെ കെട്ടി പിടിച്ചു കരഞ്ഞു ജാനു അമ്മ ഇത്രയും പറഞ്ഞു 'പോട്ടെ മോളെ'. അവർ എങ്ങു പോയെന്നു പിന്നെ ആരും അന്വേഷിക്കുകയോ, പിന്നെ ആരെങ്കിലും അവരെ കണ്ടതായി പറയുകയോ ചെയ്തില്ല. മുറ്റത്തെ പ്ലാവ് പിന്നെ ഒരിക്കലും കായ്ച്ചില്ല . വർഷങ്ങൾക്ക് ശേഷം പ്ലാവിന് താഴെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മണ്ടോടി രമേശൻ തന്റെ അമ്മയോട് ചോദിച്ചു. 'എന്താ അമ്മെ ഈ പ്ലാവിൽ ചക്ക ഇല്ലാത്തത്'. പക്ഷെ അമ്മ അതിനു ഉത്തരം പറഞ്ഞില്ല
No comments:
Post a Comment