Sunday, 1 December 2013

എൻ സീ സീ ----

പോക്കര് മാഷ്‌ ക്ലാസിൽ കയറിയ ഉടനെ ചോദിച്ചു...ആരിക്കെല്ലാടാ എൻ സീ സീല് ചെരണ്ടേ. ബൈന്നേരം അന്റെ മുറീല് ബെരുആ.
വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞു പോകുമ്പോൾ, എൻ സീ സീ പിള്ളാർ മുട്ടയും പപ്സും തട്ടുന്നത് സ്ഥിരമായി കണ്ടിരുന്നത്‌ കൊണ്ടു അധികമൊന്നും ആലോചിക്കാതെ കൈ പൊക്കി. 
വൈകുന്നേരം പോക്കര് മാഷിന്റെ മുറിയിൽ പോയപ്പോൾ മാഷ്‌ പറഞ്ഞു 'എല്ലാരേയും യുണി ഫോം അപ്പുറത്തെ മുറീല് ഇണ്ട്. ചേരുന്ന നോക്കി എടുത്തോ. ഓരോ ജോഡി ഷൂസും എടുത്തോ.
മുറീല് കയറി തിരഞ്ഞപ്പോളാ മനസ്സിലായത്‌ ആനക്കുട്ടികൾക്ക്‌ പറ്റിയ കുപ്പായങ്ങളെ അവിടെ ഉള്ളൂ എന്ന്. ഷൂസു മാത്രമേ ഒപ്പിക്കെണ്ടതുള്ളൂ. മറ്റേതു എന്തായാലും കുഴപ്പമില്ല. ഒരു വിധം പറ്റിയതെടുത്തു ധരിച്ചു നോക്കിയപ്പോൾ , കുഞ്ഞിരാമാട്ടന്റെ കണ്ടത്തിൽ കാക്കയെ ആട്ടുന്നതിനു വച്ച കോലം പോലെ തോന്നി. 'പടച്ചോനെ, ഇതും ഇട്ടോണ്ട് നടക്കുന്നത് ഏതെങ്കിലും പെമ്പിള്ളാരോ മറ്റോ കണ്ടാൽ പിന്നെ കോളേജു ജീവിതം പോക്ക് തന്നെ' എന്ന് മനസ്സില് കരുതി നടന്നപ്പോൾ ഒന്നാം കൊല്ല ക്ലാസിലെ സാവിത്രി എന്നെ കാണാത്തത് പോലെ നടന്നു പോയി. 'ഭാഗ്യം, കണ്ടില്ലെന്നു തോന്നുന്നു'. കഴിഞ്ഞ മാസം അരി സഞ്ചിയും പിടിച്ചോണ്ട് റേഷൻ പീടികയിൽ നിൽക്കുമ്പോൾ കോളേജ് ബസ്സു വന്നു റേഷൻ പീടികക്ക് മുൻപിൽ നിർത്തിയപ്പോൾ സഞ്ചി ഒളിപ്പിക്കാൻ വേണ്ടി ഞാൻ പെട്ട പാടു എനിക്ക് മാത്രമേ അറിയാവൂ. റേഷൻ വാങ്ങാൻ വന്ന കോമരം ചന്ദ്രനോട് രണ്ടു വര്ത്തമാനം പറഞ്ഞു, ഞാൻ ഇവിടെ റേഷൻ വാങ്ങാൻ വന്നതൊന്നുമല്ല, ഇവനോട് ഒന്ന് വെറുതെ സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണെന്ന ഭാവം മുഖത്ത് വരുത്തിയാണ് അന്ന് ഒരു വിധം രക്ഷപ്പെട്ടത് . ഇന്നത്തെ സ്ഥിതിയുംഏതാണ്ട് അത് പോലെ തന്നെ ആയിരുന്നു . ചിലപ്പോൾ സാവിത്രി എന്നെ ഡായിവോസ് ചെയ്തതാകാനും മതി. 

പ്രൊഫസർ രാമു -- ഒരു അധ്യാപകന്റെ പേരാണെന്ന് ധരിച്ചു പോകരുത്. വെറും ഒരു വിദ്യാർഥിയുടെ പേര് മാത്രമാണ്. പലകാര്യങ്ങളിലും ആധികാരിത പ്രകടിപ്പിക്കുന്നത് കൊണ്ടു അങ്ങനെ വിളിപ്പേര് ഇട്ടതാണെന്ന് മാത്രം.
1971 ഇൽ ഒരു വൈകുന്നേരം പോക്കര് മാഷും കുട്ടികളായ നമ്മളും അങ്ങനെ നമ്മുടെ എൻ സീ കലാപരിപാടി നടത്തി കൊണ്ടിരിക്കവേ മാഷുടെ ഘര്ജ്ജനം കേട്ടു.'തേസ് ചൽ'. അർഥം പിടി കിട്ടിയില്ല അല്ലെ. കാര്യമായി ഒന്നും ഇല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ വേഗം നടക്കുക. അംഗ്രേസിയിൽ ആണെങ്കിൽ 'മാർച്ച്‌ '. അങ്ങനെ നമ്മൾ പട്ടാളക്കാര് നടക്കുന്നത് പോലെ കയ്യും കാലും പൊക്കി അടിച്ചു നടക്കവേ അത്ബുധ കരമായ ഒരു സംഭവം നടന്നു. നമ്മൾ നടന്നു പോകുന്ന വരിയിൽ നിന്ന് ഉദ്ദേശ്യം 45 ഡിഗ്രീ ചരിവിൽ നമ്മുടെ പ്രൊഫസർ രാമു 'തേസ് ചൽ' നടത്തി കൊണ്ടിരിക്കയാണ്. നമ്മള് ഇങ്ങനെ കുറെ ആള്ക്കാര് ഇപ്പുറത്ത് നേർ വഴിയിൽ നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ശ്രീമാൻ രാമുവിന് ഒരു ചിന്തയും ഇല്ല, അല്ലെങ്കിൽ ശ്രീമാൻ രാമു അത് ശ്രദ്ധിക്കുന്നില്ല . അതാ വീണ്ടും വന്നു പോക്കര് മാഷുടെ അലർച്ച 'തം'. നില്ക്കാൻ പറഞ്ഞതാണ്. പോക്കര് മാഷ്‌ സംസാരിക്കാൻ തുടങ്ങി 'എടാ , മുൻപിൽ പോന്നോന്റെ ചന്തിയും നോക്കി നടക്കാൻ എല്ലാ ഞാൻ പഠിപ്പിച്ചേ . നേരെ നടക്കാനാ. രാമു മാത്രമാ നേരെ നടക്കുന്നത്. ഇങ്ങളെല്ലാം 45 ഡിഗ്രീ ചരിഞ്ഞിട്ടാ നടക്കുന്നത്.

No comments:

Post a Comment